അഞ്ച് മണിക്കൂറിന്റെ ഇടവേള
കെമിക്കല്‍ ഷെല്ലുകള്‍
ചോരപ്പാട് വീഴ്ത്തിയ മുഖം
ശ്വാസമെടുക്കാനാവാതെ
ആഞ്ഞുവലിക്കുന്നതിനൊപ്പം
ഒരു തേങ്ങല്‍
പശ്ചാത്തലസംഗീതം പോലെ
ഫ്രെയിമിനകത്തേക്ക് ഇരച്ചുകയറി.
ഭീകരതയവതരിപ്പിക്കാന്‍
പശ്ചാത്തലസംഗീതം എഡിറ്റ് ചെയ്ത്
ഫ്രെയിമുകള്‍ക്കൊപ്പം
ലയിപ്പിക്കേണ്ടിവന്നില്ല.
ഏങ്ങലടികളുടെ വിരസതയില്ലാത്ത
ആവര്‍ത്തനങ്ങള്‍.
ചിലപ്പോഴൊക്കെയത്
വേദന കൊണ്ടാവും.
ചിലപ്പോള്‍ അന്തരീക്ഷത്തില്‍ പടര്‍ന്ന
രാസവായുവിനെ വകഞ്ഞുമാറ്റി
ശ്വാസമെടുക്കാനാവാതെ,
ചിലപ്പോഴൊക്കെ വിശന്നിട്ടും.
പാര്‍ലമെന്റ് മന്ദിരമുള്ള തെരുവില്‍
ചിതറിത്തെറിച്ച് കിടക്കുന്ന
മനുഷ്യമാസം
ഇനിയും ആരുടേയും കണ്ണില്‍ പെട്ടിട്ടില്ല.
ഉമ്മ നഷ്ടപ്പെട്ടുവെന്നറിഞ്ഞതും
പൊതിച്ചോറ് കൈയില്‍ കിട്ടിയതുമൊരുമിച്ചാണ്.
ഇപ്പോള്‍ പൊതിച്ചോറിനോടാണ്
പ്രണയം
ഒരു ചെറു പുഞ്ചിരിയെറിഞ്ഞു കൊടുത്ത്
അറബിയില്‍ നന്ദി പറഞ്ഞ്
പൊതിച്ചോറും വാങ്ങി
തിരിഞ്ഞു നടക്കുമ്പോള്‍
അടുത്ത മരണമഴക്കായി
അഞ്ച് മണിക്കൂറിന്റെ ഇടവേളയില്‍
ഡ്രോണ്‍ വിമാനങ്ങള്‍
ആകാശത്ത് തയാറെടുക്കുകയായിരുന്നു.
Comments