Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

സിറിയന്‍ പ്രശ്‌നവും ഇടതുപക്ഷ മിഥ്യകളും

ലുബ്‌ന മരി

ദമസ്‌കസിന്റെ പ്രാന്തത്തിലുള്ള കിഴക്കന്‍ ഗൂത്വയില്‍ രണ്ടാഴ്ചക്കം മരണ സംഖ്യ 700 പിന്നിടുമ്പോഴും (ഇപ്പോഴുമത് കൂടിക്കൊണ്ടിരിക്കുന്നു) പുരോഗമനക്കാരെന്ന് സ്വയം നടിക്കുന്ന പലരും ആ കൂട്ടക്കുരുതിയെ ന്യായീകരിക്കുകയാണ്. കിഴക്കന്‍ ഗൂത്വയില്‍ ബശ്ശാറുല്‍ അസദ് പോരാടുന്നത് അല്‍ഖാഇദയോടാണ് എന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് സംശയമേ ഇല്ല. ഈ ഭീകര സംഘടന സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അവര്‍ പറയുന്നു. അതിനാല്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുന്നത് ബശ്ശാര്‍ ഭരണകൂടത്തിന്റെ കുഴപ്പം കൊണ്ടല്ല!

കിഴക്കും പടിഞ്ഞാറുമുള്ള വലിയൊരു വിഭാഗം ഇടതുപക്ഷക്കാര്‍ വര്‍ഷങ്ങളായി ബശ്ശാര്‍ ഗവണ്‍മെന്റിന്റെ ഇത്തരം പ്രോപഗണ്ടകളെ അതേപടി ഏറ്റെടുക്കുകയാണ്. ആസ്‌ത്രേലിയക്കാരന്‍ അക്കാദമീഷ്യന്‍ ടിം ആന്‍ഡേഴ്‌സണിന്റെ കാര്യമെടുക്കാം. അദ്ദേഹം പറയുന്നത് ബശ്ശാറുല്‍ അസദ് സിവിലിയന്‍ കൂട്ടക്കുരുതിക്ക് ഉത്തരവാദിയല്ലെന്നും പാശ്ചാത്യര്‍ ബശ്ശാറിനെ പിശാചുവത്കരിക്കുകയാണെന്നുമാണ്. ബ്രിട്ടീഷുകാരനായ റോബര്‍ട്ട് ഫിസ്‌കും അമേരിക്കക്കാരനായ സെയ്മര്‍ ഹര്‍ഷും അവകാശപ്പെടുന്നത്, സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ബശ്ശാര്‍ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടേ ഇല്ലെന്നാണ്. ഇങ്ങനെ ഇടതുപക്ഷക്കാരായി അറിയപ്പെടുന്ന പ്രശസ്തരായ രാഷ്ട്രീയ നിരീക്ഷകര്‍ ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യത്തെ സാമ്രാജ്യത്വവിരുദ്ധതയുടെ കോട്ടകൊത്തളമായാണ് കാണുന്നത്. അതിനാല്‍ ആ ഭരണകൂടത്തെ സംരക്ഷിക്കാനും അവര്‍ ആഹ്വാനം ചെയ്യുന്നു.

ഇടതുപക്ഷം ചമയുന്ന ഇക്കൂട്ടര്‍, സിറിയന്‍ യുദ്ധത്തില്‍ ഇതുവരെയായി അഞ്ചു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരില്‍ ബഹുഭൂരിപക്ഷത്തെയും കൊന്നൊടുക്കിയത് ബശ്ശാര്‍ ഭരണകൂടമാണെന്നുമുള്ള സത്യം അംഗീകരിക്കാന്‍ തയാറല്ല. സായുധ ഗ്രൂപ്പുകളുടെ ആക്രമണത്തിലും ആളുകള്‍ കൊല്ലപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് വ്യോമശക്തിയില്ലല്ലോ. ബശ്ശാര്‍ ഭരണകൂടം തങ്ങളുടെ വ്യോമശക്തി നിര്‍ദയം പ്രയോഗിക്കുകയാണ്. ഹെലിക്കോപ്ടറില്‍നിന്ന് താഴേക്കെറിയുന്ന വളരെ വിനാശകരമായ ബാരല്‍ ബോംബുകള്‍ ഉദാഹരണം. വലിയൊരു വിഭാഗം ഇടതുപക്ഷക്കാര്‍ ഇങ്ങനെ വഴിതെറ്റിക്കപ്പെടാന്‍ ചരിത്രപരമായ കാരണങ്ങളുണ്ട്. പക്ഷേ, സിറിയയില്‍ അതിഭീകരമായ കൂട്ടക്കുരുതികള്‍ തുടര്‍ക്കഥയാവുമ്പോള്‍ അതൊന്നും ന്യായങ്ങളായി എഴുന്നള്ളിക്കാന്‍ കൊള്ളില്ലല്ലോ.

എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ലോകത്തുടനീളം മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഈയാളുകള്‍ക്ക്, തന്റെ ജനതയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും അവരെ അതിഭീകരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്യുന്ന ഒരു ഏകാധിപതിയെ എങ്ങനെ പിന്തുണക്കാന്‍ കഴിയുന്നു? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ യുദ്ധ പ്രോപഗണ്ട വെച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക്, അതിനോട് കിടപിടിക്കുന്ന റഷ്യന്‍ പ്രോപഗണ്ട എന്തുകൊണ്ട് തിരിച്ചറിയാനാവുന്നില്ല? 2014-ല്‍ ഞാന്‍ സിറിയ വിട്ട ശേഷം എന്റെ നാട്ടില്‍ ചുറ്റിക്കറങ്ങുന്ന രണ്ട് ഇടതുപക്ഷ മിത്തുകളെക്കുറിച്ച് കേള്‍ക്കാന്‍ ഇടവന്നു. അവ രണ്ടിനെയും അഭിമുഖീകരിക്കുകയാണ് ഈ ലേഖനത്തില്‍.

 

നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കം?

ഇതാണ് ഇടതുപക്ഷ പ്രചാരണങ്ങളിലൊന്ന്. ഒരു നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സിറിയയില്‍ നടക്കുന്നത്. 2011-2012 മുതല്‍ക്കുള്ള സംഭവങ്ങളെ കൃത്യമായി പിന്തുടരാത്തവരെ സംബന്ധിച്ചേടത്തോളം, നിലവിലുള്ള പോരാട്ടം തുടങ്ങിയത് ഒരു യഥാര്‍ഥ ജനകീയ പ്രക്ഷോഭത്തിന്റെ രൂപത്തിലായിരുന്നു എന്ന കാര്യം അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. 2011-ല്‍ ഞാന്‍ ഉള്‍പ്പെടെയുള്ള സിറിയക്കാര്‍ അറബ് വസന്ത പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി. ഞങ്ങള്‍ക്കതിന് ന്യായമായ കാരണങ്ങളുമുണ്ടായിരുന്നു.

ഞങ്ങള്‍ സ്വപ്‌നം കണ്ടത് ഒരു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മാറ്റം തന്നെയായിരുന്നു. തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രമായി നടക്കുമെന്നും ഞങ്ങളെയും ഞങ്ങളുടെ അവകാശങ്ങളെയും ഭരണകൂടം മാനിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. 'സ്വതന്ത്ര ലോക'ത്ത് കഴിയുന്ന ഒരാള്‍ക്കും ഞങ്ങളോട് പറയാന്‍ കഴിയുമായിരുന്നില്ല, നിങ്ങളുടെ പ്രക്ഷോഭം നീതീകരിക്കാനാവുകയില്ലെന്ന്.

ഇപ്പോഴത്തെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അധികാരത്തിലെത്തുന്നത് 2000-ല്‍ ആണ്. തെരഞ്ഞെടുപ്പ് പോയിട്ട്, മറ്റു കക്ഷികളോട് ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ ദേശീയ നേതാക്കളുടെയും മതനേതാക്കളുടെയും സമവായമുണ്ടാക്കുകയോ ഒന്നും ചെയ്തിരുന്നില്ല. പിതാവായ ഹാഫിസുല്‍ അസദിന്റെ മരണശേഷം ബശ്ശാറിന് 'കിരീടം അനന്തരമായി' കിട്ടുകയായിരുന്നു. ഹാഫിസും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരുന്നില്ല. സൈനിക അട്ടിമറി നടത്തിയാണ് 1970-ല്‍ അയാള്‍ അധികാരത്തിലേറിയത്.

എന്റെ ഗ്രാമത്തിലുള്ള സിറിയക്കാരും, അതിന് മുമ്പുള്ള മൂന്നു തലമുറകളും അവരുടെ ജീവിതത്തിലൊരിക്കലും വോട്ട് ചെയ്തിട്ടില്ല. ഞാന്‍ ജീവിതത്തിലാദ്യമായി വോട്ട് ചെയ്തത് Arab Idol-നെ (ഗാനമത്സരത്തിലെ വിജയി) തെരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നു!

എന്റെ കുട്ടിക്കാലത്തെ സിറിയ ഭീകരമായ അടിച്ചമര്‍ത്തലുകള്‍ നടന്നുകൊണ്ടിരുന്ന ഒരു പോലീസ് സ്റ്റേറ്റായിരുന്നു. ചുമരുകള്‍ക്ക് കാതുകളുണ്ട് എന്ന് നിരന്തരം കേട്ടുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നുവന്നത്. അതിനാല്‍ സ്വന്തം വീട്ടില്‍ വെച്ച് പോലും നിങ്ങള്‍ നിങ്ങളുടെ ഭരണകൂടത്തെ വിമര്‍ശിച്ചുകൂടാ. സ്‌കൂളുകളില്‍ വെച്ച് ഞങ്ങള്‍ നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാകും. ബഅ്‌സ് പാര്‍ട്ടിക്കാര്‍ നടത്തുന്ന സ്‌കൂളുകളിലാണ് ഞാന്‍ പഠിച്ചത്. അവിടെ സകല ചുമരുകളിലും പ്രസിഡന്റിന്റെ ഛായാപടങ്ങളായിരിക്കും. ഹാഫിസുല്‍ അസദിന് മരണമില്ല എന്ന് ഉച്ചത്തില്‍ ദേശീയ പതാകക്ക് സല്യൂട്ടടിച്ചാണ് ഓരോ രാവിലെയും ഞങ്ങള്‍ ക്ലാസ്സിലേക്ക് കയറുക. ഹാഫിസിനെയും അയാളുടെ ബഅ്‌സ് പാര്‍ട്ടിയെയും സ്തുതികീര്‍ത്തനം ചെയ്യുന്ന പാട്ടുകള്‍ ഞങ്ങള്‍ക്ക് മനഃപാഠമായിരുന്നു. ഹാഫിസിന്റെ പ്രഭാഷണങ്ങള്‍ ഞങ്ങളും അതേപടി ഏറ്റുചൊല്ലും. അയാള്‍ ഞങ്ങളുടെ നേതാവും പിതാവുമൊക്കെയായിരുന്നു. 2000-ല്‍ ഹാഫിസ് മരിക്കുമ്പോള്‍ എനിക്ക് ഒമ്പത് വയസ്സ് പ്രായം. ഞാന്‍ കരഞ്ഞു. കാരണം, അനശ്വരനെന്ന് നിരന്തരം പാടിപ്പുകഴ്ത്തപ്പെട്ടയാള്‍ ഇതാ ഒരു സാധാരണ മനുഷ്യനെപ്പോലെ മരിച്ചുകിടക്കുന്നു.

ഈ നാട് അസദ് കുടുംബത്തിന്റേതാണ്. ഇവരിലൂടെയല്ലാതെ നിങ്ങള്‍ക്ക് ഈ നാട്ടില്‍ ഒരു കച്ചവട വ്യവഹാരവും നടത്താന്‍ കഴിയില്ല. കാരണം അസദിന്റെ കുടുംബക്കാരും സ്വന്തക്കാരും കൈയടക്കിവെച്ചിരിക്കുകയാണ് ഇറക്കുമതിക്കുള്ള ലൈസന്‍സുകളും ഗവണ്‍മെന്റ് കോണ്‍ട്രാക്ടുകളുമൊക്കെ. ബശ്ശാറിന്റെ അമ്മാവന്റെ മകന്‍ റാമി മഖ്‌ലൂഫ് സിറിയയിലെ ഏറ്റവും വലിയ സമ്പന്നനാണ്. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയും പ്രധാന ടി.വി ചാലനുകളും ഗവണ്‍മെന്റ് അനുകൂല പത്രങ്ങളും ഇയാളുടെ ഉടമസ്ഥതയിലാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പ് തന്നെ എണ്ണ-പ്രകൃതി വാതക വ്യവസായത്തിന്റെ നിയന്ത്രണവും റാമി കൈക്കലാക്കിയിട്ടുണ്ട്.

2011-നു മുമ്പ് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും അനുവദിച്ചിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ സംഗമത്തില്‍ പങ്കെടുത്തു എന്നറിഞ്ഞാല്‍ വര്‍ഷങ്ങളോളം തടവറയില്‍ പീഡിപ്പിക്കപ്പെടാന്‍ അതുമതി. 2000 തുടക്കത്തില്‍ ഒരു 'ദമസ്‌കസ് വസന്തം' വരുന്നു എന്നൊരു പ്രതീതിയുണ്ടായിരുന്നു കുറച്ച് സമയത്തേക്ക്. ബശ്ശാറിനു കീഴില്‍ കാര്യങ്ങള്‍ മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, പിന്നീടുണ്ടായ അടിച്ചമര്‍ത്തല്‍, പിതാവായ ഹാഫിസിനെപ്പോലെ തന്നെയാണ് ബശ്ശാറും എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി. എന്നല്ല ഹാഫിസിനേക്കാള്‍ മോശക്കാരനാവുകയായിരുന്നു ബശ്ശാര്‍.

2011 മാര്‍ച്ചില്‍ തുനീഷ്യക്കാരും ഈജിപ്തുകാരും തെരുവിലിറങ്ങുകയും ഏകാധിപതികളെ കടപുഴക്കിയെറിയുകയും ചെയ്തപ്പോള്‍, ഞങ്ങളും കരുതി അതുപോലൊരു മാറ്റത്തിന് ഞങ്ങള്‍ക്കും കളത്തിലിറങ്ങാമെന്ന്. ഭരണകൂട സ്ഥാപനങ്ങളുടെ സകലവിധ അടിച്ചമര്‍ത്തലുകളെയും പ്രോപഗണ്ടയെയും അതിജീവിച്ചുകൊണ്ട് സിറിയക്കാര്‍ തെരുവിലിറങ്ങുക തന്നെ ചെയ്തു. എല്ലാതരം ആളുകളും പ്രതിഷേധത്തില്‍ പങ്കാളികളായി. ക്രിസ്ത്യാനികളും ഡ്രൂസുകളും സുന്നികളും അലവികളും ഇസ്മാഈലികളും ഫലസ്ത്വീനികളും സിര്‍കാസിയന്മാരുമെല്ലാം. യുവാക്കളും വൃദ്ധരും സ്ത്രീകളും ഒരുമിച്ച് മാറ്റം ആവശ്യപ്പെട്ടു.

ഞങ്ങള്‍ക്കറിയാമായിരുന്നു മാറ്റത്തിന്റെ വില വളരെ വലുതായിരിക്കുമെന്ന്. പക്ഷേ, അതിത്രത്തോളം ഭീമമായിരിക്കുമെന്ന് കരുതിയില്ല. പ്രതിഷേധിക്കുന്നവരെ നിരത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. എന്റെ എത്രയോ സുഹൃത്തുക്കളെ എനിക്ക് നഷ്ടമായി. എനിക്കും വെടികൊണ്ടിട്ടുണ്ട്. പോലീസും പരിശീലനം കിട്ടിയ ഉന്നം വെപ്പുകാരും (Snipers)  ആളുകളെ പിറകില്‍നിന്ന് വെടിവെച്ച് വീഴ്ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷരാവാന്‍ തുടങ്ങി. അവരാരും പിന്നീട് തിരിച്ചുവരികയുായില്ല. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അവരില്‍ ചിലരെ മരിച്ച നിലയില്‍ കണ്ടെത്തി. നിയമാനുസൃതത്വം അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുകൂടി ബശ്ശാര്‍ ഈ നിലയില്‍ കളഞ്ഞുകുളിച്ചു.

അതിനാല്‍ സിറിയന്‍ ഭരണകൂടം മാറണമെന്നത് ഒരു പാശ്ചാത്യ അജണ്ടയല്ല. യാതൊരു നിയമാനുസൃതത്വവും ഇല്ലാത്ത ഒരു സ്വേഛാധിപതിക്കെതിരെയുള്ള ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്. ഭരണകൂടം മാറണമെന്ന് പറയാനുള്ള എല്ലാവിധ ന്യായങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്.

ഈ പോരാട്ടത്തില്‍ അമേരിക്ക എവിടെ നില്‍ക്കുന്നു എന്നത് ഞങ്ങളൊരിക്കലും പ്രശ്‌നമാക്കിയിട്ടില്ല. ഭരണം മാറണം. സ്വേഛാധിപത്യത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങുന്ന ഒരു ജനസമൂഹത്തിന്റെ ആവശ്യമാണത്. ആ പോരാട്ടം തികച്ചും നിയമാനുസൃതമാണ്. അമേരിക്കയും ഗള്‍ഫ് രാഷ്ട്രങ്ങളും തുര്‍ക്കിയും ഈ സംഘര്‍ഷത്തില്‍ ഇടപെട്ടു എന്നത് (പോരാട്ടം സായുധവത്കരിക്കപ്പെടാന്‍ അത് കാരണമായിട്ടുണ്ട്) ഞങ്ങളുടെ പോരാട്ടത്തെ ഒരിക്കലും നിയമവിരുദ്ധമാക്കുന്നില്ല. അന്താരാഷ്ട്ര ഇടതുപക്ഷ സംഘടനകള്‍ ഞങ്ങളെ പിന്തുണക്കുകയാണ് വേണ്ടത്; അല്ലാതെ ഞങ്ങളെ അവഗണിക്കുകയോ പരിഹസിക്കുകയോ അല്ല.

 

സിറിയന്‍ ഭരണകൂടം ഗൂത്വയിലെ ഭീകരന്മാര്‍ക്കെതിരെയാണോ പോരാടുന്നത്?

സിറിയയിലേത് പോലുള്ള അതിസങ്കീര്‍ണവും അപ്രവചനീയവുമായ ഒരു സംഘര്‍ഷം തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണൊരുക്കുമെന്നത് തീര്‍ച്ചയാണ്. അതിഭീകരമായ അനീതികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇരകളാകുന്ന ജനങ്ങളില്‍ ചിലരെങ്കിലും തീവ്രവാദത്തിന്റെ വഴി തെരഞ്ഞെടുക്കാതിരിക്കില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തെ പോരാട്ടത്തിനിടയില്‍ അത്തരം വഴികള്‍ സ്വീകരിച്ചവര്‍ സിറിയയിലുണ്ട്. അതിനര്‍ഥം ബശ്ശാറിനെതിരെ പോരാടുന്നവരെല്ലാം ഭീകരന്മാരാണ് എന്നാണോ?

സിറിയയില്‍, പ്രത്യേകിച്ച് ഗൂത്വയില്‍ ജയ്ശുല്‍ ഇസ്‌ലാം, ഫൈലഖുര്‍റഹ്മാന്‍, അഹ്‌റാറുശ്ശാം, ഹയ്അതു തഹ്‌രീറിശ്ശാം (അവസാനം പറഞ്ഞ വിഭാഗത്തിന്റെ വളരെ കുറഞ്ഞ സാന്നിധ്യമേയുള്ളൂ; അങ്ങനെയല്ലെന്ന് ബശ്ശാര്‍ ഭരണകൂടം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും) തുടങ്ങിയ സായുധ സംഘങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. ഇവയെല്ലാം തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇതിനര്‍ഥം ഗൂത്വയിലുള്ളവരൊക്കെ ഭീകരന്മാരാണ് എന്നാണോ? ഗൂത്വയില്‍ മാത്രമല്ല റിബലുകള്‍ കൈവശം വെച്ചിട്ടുള്ള മറ്റു മേഖലകളിലും ഭീകരതയെയും അതിക്രമങ്ങളെയും ചോദ്യം ചെയ്യുന്ന നിരവധി സിറിയക്കാരെ കാണാം. റസാന്‍ സൈത്തൂന, സമീറ ഖലീല്‍ തുടങ്ങിയ ആക്ടിവിസ്റ്റുകളെ ഉദാഹരണമായി എടുക്കാം. കിഴക്കന്‍ ഗൂത്വയില്‍ നടക്കുന്ന സകല അതിക്രമങ്ങളും - ഭരണകൂടം ചെയ്യുന്നതും സായുധ സംഘങ്ങള്‍ ചെയ്യുന്നതും - അവര്‍ ഡോക്യുമെന്റ് ചെയ്ത് പുറംലോകത്ത് എത്തിച്ചു. ഇത്തരക്കാരെ ഭരണകൂടവും സായുധ ഗ്രൂപ്പുകളും ഒരുപോലെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഈ രണ്ട് പേരെയും 2013 ഡിസംബറില്‍ ആരോ തട്ടിക്കൊണ്ടുപോയി. ഇപ്പോഴും അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇതിനുത്തരവാദികള്‍ ജയ്ശുല്‍ ഇസ്‌ലാമാണെന്ന് അവരുടെ കുടുംബങ്ങള്‍ ആരോപിക്കുന്നു.

പറഞ്ഞുവരുന്നത്, അതേ, സായുധ ഗ്രൂപ്പുകള്‍ അതിക്രമങ്ങള്‍ നടത്തുന്നുണ്ട്. ദമസ്‌കസിലെ സിവിലിയന്‍ മേഖലകളില്‍ അവര്‍ ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. പക്ഷേ, ഒരു ഭാഗത്തെ അതിക്രമങ്ങള്‍ മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂവെങ്കില്‍ യഥാര്‍ഥ ചിത്രം നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഒന്നാമതായി മനസ്സിലാക്കേണ്ടത്, കിഴക്കന്‍ ഗൂത്വയിലെ പൊതു ജനം-അവരാണല്ലോ ഏറ്റവുമധികം കെടുതികള്‍ അനുഭവിക്കുന്നത്- പോരാട്ടം നടത്തുന്നില്ല എന്നതാണ്. രണ്ടാമത്തെ കാര്യം: ഭരണകൂടം വന്‍തോതില്‍ കൂട്ടക്കൊലകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയ മുഴുക്കെ സായുധ ഗ്രൂപ്പുകളുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത് 64 സിവിലിയന്മാരാണ്. അതേസമയം ഭരണകൂടം ബോംബെറിഞ്ഞ് കൊന്നത് 852 പേരെ. മാത്രവുമല്ല ഈ ഏകാധിപത്യ ഭരണകൂടം പതിനായിരക്കണക്കിനാളുകളെ പിടികൂടി മര്‍ദിക്കുന്നു; പലരെയും കൊലപ്പെടുത്തുന്നു; ചിലര്‍ എന്നന്നേക്കുമായി അപ്രത്യക്ഷരാവുന്നു.

സായുധ ഗ്രൂപ്പുകള്‍ സിവിലിയന്മാരെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുകയാണ് എന്ന റഷ്യന്‍ ആരോപണം പതിവ് പല്ലവി മാത്രം. ഗസ്സയെ ആക്രമിക്കുമ്പോഴെല്ലാം ഇസ്രയേല്‍ ഭരണകൂടത്തില്‍നിന്ന് നാം ഇതേ വായ്ത്താരി കേള്‍ക്കാറുണ്ട്. 2014 വേനല്‍ക്കാലത്ത് ഗസ്സയില്‍ 1,500 സിവിലിയന്മാരെ കൊന്നു തള്ളിയപ്പോള്‍ ഇസ്രയേലിന്റെ ഭാഷയില്‍ അവര്‍ 'മനുഷ്യ കവച ഇരകള്‍' ആയിരുന്നല്ലോ. റഖയില്‍ ആയിരത്തോളം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അമേരിക്ക പറഞ്ഞതും ഇതുതന്നെയായിരുന്നു.

പല വിദേശ രാഷ്ട്രങ്ങളും ഈ സംഘര്‍ഷത്തില്‍ പങ്കാളികളാണ്. സായുധ ഗ്രൂപ്പുകള്‍ സിവിലിയന്മാരെ കൊല്ലുന്നുണ്ട്, അതിനേക്കാള്‍ എത്രയോ ഭീമമായ തോതില്‍ അവിടത്തെ ഭരണകൂടവും ജനങ്ങളെ കൊല്ലുന്നുണ്ട്. ഏത് വിഭാഗം ചെയ്യുന്ന അതിക്രമങ്ങളെയും അപലപിക്കാന്‍ നിങ്ങള്‍ തയാറാവണം. അല്ലാതെ, നീതിക്കു വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നതില്‍ എന്തര്‍ഥം!

 

 

സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ലുബ്‌ന മരി. ലതാകിയക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു അലവി കുടുംബത്തില്‍ 1991-ലാണ് ജനനം. സിറിയയുടെ സമസ്ത മേഖലകളും കൈയടക്കിയ അലവി കുടുംബത്തില്‍ പെടുന്നയാളാണ് അവിടത്തെ സ്വേഛാധിപതിയായ പ്രസിഡന്റ് ബശ്ശാറുല്‍ അസദും. അലവികള്‍ പൊതുവെ ബശ്ശാറിന്റെ കടുത്ത അനുകൂലികളാണ്. ലുബ്‌നയുടെ പിതാവ് സിറിയന്‍ എയര്‍ഫോഴ്‌സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. പക്ഷേ, ലുബ്‌നയാകട്ടെ ബശ്ശാറിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു. ക്രുദ്ധനായ പിതാവ് ലുബ്‌നയെ 'രാജ്യദ്രോഹി' എന്ന് മുദ്രകുത്തി. ഫ്രീ സിറിയന്‍ ആര്‍മിയില്‍ അംഗമായിരുന്നു ലുബ്‌ന. ജീവന്‍ അപകടത്തിലാണെന്നു കണ്ട് അവര്‍ 2012-ല്‍ തുര്‍ക്കിയില്‍ അഭയം തേടി. അതേ വര്‍ഷം ലുബ്‌നയുടെ മാതാവിനെ ആരോ തട്ടിക്കൊണ്ടുപോയി. പിതാവ് തന്നെയാണ് അതിന്റെ പിന്നിലെന്ന് ലുബ്‌ന തിരിച്ചറിഞ്ഞു. മാതാവ് കൊല്ലപ്പെട്ട വിവരമാണ് പിന്നെ ലുബ്‌നയെ തേടിയെത്തുന്നത്. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലുബ്‌ന പറഞ്ഞു: ''എന്നെയും അതുപോലെ ചെയ്യാന്‍ പിതാവ് ആഗ്രഹിക്കുന്നുണ്ട്.'' ഇപ്പോള്‍ റോയിട്ടേഴ്‌സിനു വേണ്ടി അലപ്പോ കേന്ദ്രീകരിച്ച് ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌