Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

ഇമാം അശ്അരിയുടെ വിശ്വാസ പ്രമാണങ്ങള്‍

ഇ.എന്‍ ഇബ്‌റാഹീം

'അല്‍ ഇബാന'യിലും 'മഖാലാതുല്‍ ഇസ്‌ലാമിയ്യീനി'ലും ശൈഖ് അബുല്‍ ഹസന്‍ അശ്അരി വിവരിച്ച അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങള്‍ ഏറക്കുറേ ഒന്നുതന്നെയാണ്. അവ നമുക്ക് ഇങ്ങനെ ചുരുക്കിയെഴുതാം:

1. അല്ലാഹുവിനെയും മലക്കുകളെയും ഗ്രന്ഥങ്ങളെയും ദൂതന്മാരെയും അംഗീകരിക്കുകയും അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യുക.

2. അല്ലാഹുവില്‍നിന്ന് പ്രവാചകന്മാര്‍ കൊണ്ടുവന്നതും അവരില്‍നിന്ന് വിശ്വസ്തര്‍ വഴി ഉദ്ധരിച്ചുവന്നതുമായ ഒന്നിനെയും തള്ളിപ്പറയാതിരിക്കുക. അഥവാ അവയത്രയും സര്‍വാത്മനാ അംഗീകരിക്കുക.

3. അല്ലാഹു ഏകനും ഏകനായിത്തന്നെ നിലനില്‍ക്കുന്നവനും ആരെയും ആശ്രയിക്കാത്തവനും സര്‍വരുടെയും ആശ്രയമായിട്ടുള്ളവനുമാണെന്നും അവന് ഭാര്യയോ സന്താനങ്ങളോ ഇല്ലെന്നും അംഗീകരിക്കുക.

4. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും അല്ലാഹു അദ്ദേഹത്തെ സത്യദീനും സന്മാര്‍ഗവുമായി നിയോഗിച്ചിരിക്കുന്നുവെന്നും സമ്മതിക്കുക.

5. സ്വര്‍ഗം സത്യമാണ്, നരകം സത്യമാണ്, അന്ത്യനാള്‍ നിസ്സംശയം സംഭവിക്കാനുള്ളതാണ്, ഖബ്‌റിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും എന്നീ കാര്യങ്ങള്‍ അംഗീകരിക്കുക.

6. 'റഹ്മാന്‍ അര്‍ശില്‍ ഉപവിഷ്ഠനായിരിക്കുന്നു' (20:5) എന്ന് അവന്‍തന്നെ പ്രസ്താവിച്ചതുപോലെ അല്ലാഹു അര്‍ശിലാണെന്നും 'എന്റെ രണ്ട് കൈകൊ് ഞാന്‍ സൃഷ്ടിച്ചു' (38:75) എന്നും 'അല്ല, അവന്റെ രണ്ട് കൈയും നിവര്‍ത്തിപ്പിടിച്ചതാണ്' (5:64) എന്നും അവന്‍ തന്നെ പറഞ്ഞതുപോലെ എങ്ങനെ എന്നു പറയാതെ അവന് രണ്ടു കൈയുണ്ടെന്നും 'നമ്മുടെ കണ്‍മുന്നില്‍ സഞ്ചരിക്കുന്ന' (54:14) എന്ന് അവന്‍ തന്നെ പറഞ്ഞതുപോലെ എങ്ങനെയെന്ന് പറയാതെ അവന് ര് കണ്ണുകളുന്നെും 'നിന്റെ നാഥന്റെ ഗാംഭീര്യവും ആദരവുമുള്ള മുഖം മാത്രം ശേഷിക്കും' (55:27) എന്ന് അവന്‍തന്നെ പറഞ്ഞതുപോലെ അവന് മുഖമുണ്ടെന്നും അംഗീകരിക്കുക.

7. അല്ലാഹുവിന്റെ നാമങ്ങള്‍ അവനല്ലാത്ത മറ്റൊന്നാണെന്ന് പറയാവതല്ല. 'അവന്റെ അറിവിനെ അവന്‍ തന്നെയാണ് അത് അവതരിപ്പിച്ചിരിക്കുന്നത്' (4:166) എന്നും അവന്‍ അറിഞ്ഞുകൊണ്ടല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ലെന്നും (35:11) അവന്‍ തന്നെ പറഞ്ഞതുപോലെ അവന് അറിവുണ്ടെന്നും അംഗീകരിക്കുക. 

8. അല്ലാഹുവിന് കേള്‍വിയും കാഴ്ചയും ഉണ്ടെന്ന് അംഗീകരിക്കുക. അത് രണ്ടും നിഷേധിക്കാതിരിക്കുക.

9. 'തങ്ങളെ സൃഷ്ടിച്ച അല്ലാഹു, അവനാണ് തങ്ങളേക്കാള്‍ ശക്തനെന്ന് അവര്‍ കാണുന്നില്ലേ' (41:15) എന്ന്, അവന്‍ തന്നെ പറഞ്ഞതുപോലെ അല്ലാഹുവിന് ശക്തിയുണ്ടെന്ന് അംഗീകരിക്കുക.

10. അല്ലാഹുവിന്റെ ഭാഷണം സൃഷ്ടിയല്ല, അവന്‍ സൃഷ്ടിച്ച ഏത് വസ്തുവിനോടും ഉണ്ടാവുക എന്ന് അവന്‍ പറഞ്ഞു. അങ്ങനെ അതുണ്ടായി. 'നാം സൃഷ്ടിക്കാനുദ്ദേശിക്കുന്ന എന്തിനോടും ഉണ്ടാവുക എന്ന് പറയാത്ത താമസം അപ്പോഴേക്കും അതുണ്ടായിക്കഴിഞ്ഞിരിക്കും' (16:40) എന്ന് അവന്‍ പറഞ്ഞിരിക്കുന്നു.

11. നന്മയാവട്ടെ, തിന്മയാവട്ടെ സംഭവിക്കുന്ന എന്തും അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് സംഭവിക്കുന്നത്. 'അല്ലാഹു നിശ്ചയിച്ചല്ലാതെ നിങ്ങള്‍ നിശ്ചയിക്കുന്നില്ല'' (81:29) എന്ന് അവന്‍ പറഞ്ഞിരിക്കുന്നു. അല്ലാഹു തീരുമാനിക്കുന്നത് സംഭവിക്കുന്നു. അവന്‍ തീരുമാനിച്ചിട്ടില്ലാത്തതൊന്നും സംഭവിക്കുന്നില്ല എന്ന് മുസ്‌ലിംകള്‍ പറയാറുണ്ടല്ലോ.

12. ഒരാള്‍ക്കും ഒരു കാര്യവും അയാള്‍ അത് ചെയ്യാനൊരുങ്ങും മുമ്പ് ചെയ്യാനാവുകയില്ല. അല്ലാഹുവിന്റെ അറിവിനതീതമായി കഴിയാനും ആര്‍ക്കുമാവുകയില്ല. ഒരാള്‍ക്ക് ചെയ്യാനാവുകയില്ലെന്ന് അല്ലാഹു നിശ്ചയിച്ച ഒരു കാര്യവും ഒരാള്‍ക്കും ചെയ്യാനാവുകയില്ല. അല്ലാഹുവിനെ വിട്ട് സ്വയം പര്യാപ്തനാവാനും ആര്‍ക്കും സാധ്യമല്ല.

13. അല്ലാഹുവല്ലാത്ത സ്രഷ്ടാവില്ല. പാപങ്ങളടക്കം മനുഷ്യന്റെ ഏത് കര്‍മവും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് മാത്രം സംഭവിക്കുന്നതും. 'നിങ്ങളെയും നിങ്ങള്‍ ചെയ്യുന്നതും അവനല്ലോ സൃഷ്ടിച്ചിരിക്കുന്നത്' (37:96) എന്നാണ് അവന്‍ പറഞ്ഞിരിക്കുന്നത്. 'അവര്‍ ഒന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടരാണ്' (16:20), 'അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ' (35:3). 'സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവനെപ്പോലെയോ?' (16:17), 'ഒന്നില്‍നിന്നുമല്ലാതെയോ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതോ അവര്‍ തന്നെയും സ്രഷ്ടാക്കളോ?' (52:35) എന്നിങ്ങനെ അല്ലാഹു ചോദിക്കുന്നുമുണ്ട്.

14. അല്ലാഹു തന്നെ അനുസരിക്കാന്‍ വിശ്വാസികള്‍ക്ക് ഉതവി നല്‍കി. നിഷേധികളെ അവന്‍ കൈവെടിഞ്ഞു. അവന്‍ വിശ്വാസികളോട് ദയ കാണിച്ചു. അവന്‍ അവര്‍ക്ക് സാവകാശം നല്‍കി. അവരുടെ കാര്യങ്ങള്‍ നന്നാക്കിക്കൊടുത്തു. അവര്‍ക്ക് സന്മാര്‍ഗം നല്‍കി. നിഷേധികളോട് അവന്‍ ദയ കാണിച്ചില്ല. അവരുടെ കാര്യങ്ങള്‍ നന്നാക്കിയുമില്ല. അവരെ സന്മാര്‍ഗത്തിലെത്തിച്ചില്ല. അവന്‍ അവരെ നന്നാക്കിയിരുന്നുവെങ്കില്‍ അവര്‍ സജ്ജനങ്ങളായിട്ടുണ്ടാകുമായിരുന്നു. അവന്‍ അവര്‍ക്ക് സന്മാര്‍ഗം പ്രാപിക്കാന്‍ ഉതവി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ സന്മാര്‍ഗചാരികളായിട്ടുണ്ടാകുമായിരുന്നു.

15. വിശ്വാസികളാവാന്‍ തയാറുള്ള നിഷേധികളോട് ദയ കാണിക്കാനും അവരെ നന്നാക്കിയെടുക്കാനും കഴിവുള്ളവനാണ് അല്ലാഹു. എന്നാല്‍ നിഷേധത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്നവരെ വിശ്വാസികളാവാന്‍ പാകത്തില്‍ അവരെ നന്നാക്കിയെടുക്കണമെന്നോ അവരോട് ദയ കാണിക്കണമെന്നോ അവന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ നിഷേധികളായിതന്നെ കഴിയട്ടെ എന്നാവും അവന്റെ തീരുമാനം. അതിനാല്‍തന്നെ അവരെ അവന്‍ കൈവെടിഞ്ഞു. അവരെ ദുര്‍മാര്‍ഗത്തില്‍ അലയാന്‍ വിടുകയും ചെയ്തു. അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്രയടിച്ചു.

16. എല്ലാം, നല്ലതും ചീത്തയും മധുരമുള്ളതും കയ്പുറ്റതും സംഭവിക്കുന്നത് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാവും. സ്വന്തത്തിനു പോലും ഉപകാരം ചെയ്യാനോ ഉപദ്രവമേല്‍പിക്കാനോ ആര്‍ക്കുമാവുകയില്ല. അല്ലാഹു തീരുമാനിച്ചതു മാത്രം സംഭവിക്കും. അങ്ങനെയാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. അവര്‍ കാര്യങ്ങളത്രയും അല്ലാഹുവിനെയാവും ഏല്‍പിക്കുക. അവര്‍ ഏതാവശ്യവും ഏതു നേരത്തും സമര്‍പ്പിക്കുന്നത് അല്ലാഹുവിങ്കലാകും. എപ്പോഴും അവര്‍ ആഗ്രഹിക്കുന്നതും അല്ലാഹുവിനെയാവും.

17. ഖുര്‍ആന്‍ അല്ലാഹുവിന്റെ ഭാഷണമാണ്. അത് സൃഷ്ടമല്ല.

18. പൗര്‍ണമി നാളിലെ പൂര്‍ണ ചന്ദ്രനെയെന്ന പോലെ ഒടുവുനാളില്‍ അവര്‍ അല്ലാഹുവിനെ കണ്ണാല്‍ കാണും. വിശ്വാസികള്‍ അവനെ കാണും. നിഷേധികള്‍ അവനില്‍നിന്ന് മറയത്തായിരിക്കും. 'ഇല്ല, നിശ്ചയം അവര്‍ അവരുടെ നാഥനില്‍നിന്നും മറയ്ക്കപ്പെട്ടിരിക്കും' (83:15) എന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു.

19. ഇഹത്തില്‍ വെച്ച് തന്നെ കാണണമെന്ന് മൂസാ(അ) അല്ലാഹുവിനോടാവശ്യപ്പെട്ടു. അല്ലാഹുവാകട്ടെ, ആ പര്‍വതത്തില്‍ പ്രോജ്ജ്വലിച്ചു. പര്‍വതം തവിടുപൊടിയായി. ഇഹത്തില്‍ വെച്ച് തന്നെ കാണാനാവുകയില്ലെന്ന് അതുവഴി അല്ലാഹു മൂസാ(അ)യെ അറിയിച്ചു. പരലോകത്ത് കാണാമെന്നും.

20. വ്യഭിചാരം, മോഷണം പോലെയുള്ള മഹാ പാപം ചെയ്‌തെന്ന കാരണത്താല്‍ മാത്രം പാപം ചെയ്യുന്നവരെ നിഷേധികളായി പ്രഖ്യാപിക്കാവതല്ല. പാപം ചെയ്തവരെങ്കിലും അംഗീകരിച്ച വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി അവരെയും വിശ്വാസികളായി പരിഗണിക്കും. എന്നാല്‍ പാപം നിഷിദ്ധമാണെന്ന് അംഗീകരിക്കാതിരിക്കുകയോ അനുവദനീയമാണെന്ന് വിശ്വസിക്കുകയോ ചെയ്താല്‍ അത്തരക്കാര്‍ നിഷേധികളായിരിക്കും.

21. ഇസ്‌ലാം എന്നത് ഈമാനിനേക്കാള്‍ വിശാലാശയമുള്ള ഒന്നാണ്. എല്ലാ ഇസ്‌ലാമും ഈമാനല്ല. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും നന്മ തിന്മയിലും മധുരിതമായതും കൈപുറ്റതുമെല്ലാം ഉള്‍ക്കൊള്ളുന്ന വിധിയിലും വിശ്വസിക്കലും വഴിമാറിപ്പോയതൊന്നും തന്നെ ബാധിക്കാനുള്ളതായിരുന്നില്ലെന്നും ബാധിച്ചതൊന്നും വഴിമാറിപ്പോവാനുള്ളതായിരുന്നില്ലെന്നും അംഗീകരിക്കലുമാണ് ഈമാന്‍. ഹദീസില്‍ ഉദ്ധരിച്ചുവന്ന പോലെ അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തലാണ് ഇസ്‌ലാം.

22. അല്ലാഹു അവന്റെ രണ്ട് വിരലുകള്‍ക്കിടയിലിട്ട് മനുഷ്യഹൃദയങ്ങളെ മറിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ ദൂതരില്‍നിന്നുദ്ധരിച്ചുവന്നതുപോലെ അല്ലാഹു ആകാശങ്ങളെ അവന്റെ ഒരു വിരല്‍തുമ്പിലും ഭൂമിയെ ഒരു വിരല്‍തുമ്പിലും നിര്‍ത്തുന്നു.

23. സ്വര്‍ഗം ലഭിക്കുമെന്ന് അല്ലാഹുവിന്റെ ദൂതര്‍ സാക്ഷ്യപ്പെടുത്തിയ ആളുകളുടെ കാര്യത്തിലല്ലാതെ, തൗഹീദ് അംഗീകരിച്ചവരുടെ കാര്യത്തിലായാലും സ്വര്‍ഗമോ നരകമോ വിധിക്കാവതല്ല. അല്ലാഹു, അവനുദ്ദേശിച്ചിടത്ത് അവരെ എത്തിച്ചിരിക്കും. അവന്‍ അവരെ ശിക്ഷിച്ചെന്നു വരാം. അല്ലെങ്കില്‍ അവര്‍ക്ക് മാപ്പരുളുകയും രക്ഷിക്കുകയും ചെയ്‌തെന്നു വരാം. വിശ്വാസികളായ എല്ലാവര്‍ക്കും അവര്‍ കുറ്റവാളികളെങ്കില്‍ പോലും നാം സ്വര്‍ഗം പ്രതീക്ഷിക്കുന്നു. അവരെ നരകത്തിലിട്ട് അവന്‍ ശിക്ഷിച്ചേക്കുമോ എന്ന് ആശങ്കിക്കുകയും ചെയ്യുന്നു.

24. അല്ലാഹുവിന്റെ ദൂതരില്‍നിന്ന് ഉദ്ധരിച്ചു വന്നതുപോലെ ദീര്‍ഘകാലം നരകത്തില്‍ കിടന്ന് കത്തിക്കരിഞ്ഞ ശേഷവും അദ്ദേഹത്തിന്റെ ശിപാര്‍ശയുടെ ഫലമായി വിശ്വാസികളെ അല്ലാഹു നരകത്തില്‍നിന്ന് രക്ഷിക്കുന്നതായിരിക്കും.  തിരുദൂതരുടെ ആ ശിപാര്‍ശ തന്റെ സമൂഹത്തിലെ മഹാപാപികള്‍ക്കുള്ളതായിരിക്കും.

25. ഖബ്‌റിലെ ശിക്ഷ, ഹൗള് -മഹ്ശറില്‍ നബി(സ)യുടെ സ്വാധീനത്തില്‍ വരുന്ന ജലസംഭരണി- സ്വര്‍ഗ-നരകങ്ങളിലേക്ക് എത്തിപ്പെടാനായി സ്ഥാപിച്ച പാലം (സ്വിറാത്ത്), മരണാനന്തരമുള്ള ഉയിര്‍പ്പ്, വിചാരണ, അല്ലാഹുവിന്റെ മുന്നില്‍ ചെന്നുള്ള നിര്‍ത്തം, നന്മ-തിന്മകളെ തൂക്കുന്ന ത്രാസ് എന്നിവയൊക്കെയും സത്യമാണ്.

26. വാക്കും പ്രവൃത്തിയും അടങ്ങിയതാണ് ഈമാന്‍. അത് കുറയുകയും കൂടുകയും ചെയ്യും.

27. അല്ലാഹുവിന്റെ നാമങ്ങള്‍ എന്നത് അവന്‍ തന്നെയാണ്.

28. ദീനിന്റെ അടിസ്ഥാന കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവിതര്‍ക്കങ്ങളത്രയും നാം തള്ളിക്കളയുന്നു. വിധി(ഖദ്ര്‍) സംബന്ധിച്ചുള്ള തര്‍ക്കവും നാം നിരാകരിക്കുന്നു. താര്‍ക്കികന്മാര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. വാഗ്വാദക്കാര്‍ വാഗ്വാദം നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ നബി(സ)യില്‍നിന്ന് വിശ്വസ്തര്‍ വഴി ഉദ്ധരിച്ചുവന്നതുമായ എല്ലാ കാര്യവും നാം അംഗീകരിക്കുന്നു. അത്തരം സംഗതികളെക്കുറിച്ച് എങ്ങനെ, എന്തുകൊണ്ട് എന്നിങ്ങനെ നാം അന്വേഷിക്കുകയില്ല.

29. അല്ലാഹു തിന്മ നിര്‍ദേശിക്കുന്നില്ല. അത് നിരോധിക്കുകയാണ് ചെയ്യുന്നത്. അവന്‍ നന്മ കല്‍പിക്കുന്നു. തിന്മ അവന്റെ തീരുമാനമനുസരിച്ചാണ് സംഭവിക്കുന്നതെങ്കിലും അവന്‍ അത് ഇഷ്ടപ്പെടുന്നില്ല.

30. നബി(സ)യോടൊപ്പം സഹവര്‍ത്തിച്ച് പ്രവര്‍ത്തിക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത ഈ സമൂഹത്തിലെ ആദ്യ തലമുറയുടെ (സ്വഹാബിമാരുടെ) സ്ഥാനമഹത്വങ്ങള്‍ നാം  അംഗീകരിക്കുന്നു. അല്ലാഹു അവരെ പ്രശംസിച്ചിരിക്കുന്നു. നാമും അവരെ പ്രശംസിക്കുന്നു. അവര്‍ക്കിടയില്‍ ഉടലെടുത്ത ചെറുതും വലുതുമായ അസ്വാരസ്യങ്ങളില്‍ നാം പക്ഷം ചേരുന്നില്ല.

31. നബി(സ)യെ കഴിച്ചാല്‍ മനുഷ്യരില്‍ വെച്ച് തന്നെയും ശ്രേഷ്ഠരും സന്മാര്‍ഗചാരികളുമായിരുന്നു നാലു ഖലീഫമാര്‍. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍. അവരില്‍ അബൂബക്ര്‍ വഴി അല്ലാഹു ഈ ദീനിന് നിര്‍ണായക ഘട്ടത്തില്‍ പ്രതാപം നല്‍കി. ഇസ്‌ലാമിനെ പരിത്യജിച്ച ആളുകള്‍ക്കു മേല്‍ അല്ലാഹു അദ്ദേഹത്തിന് വിജയം നല്‍കി. നേതൃസ്ഥാനത്ത് മുസ്‌ലിംകള്‍ അദ്ദേഹത്തിന് പ്രാഥമ്യം നല്‍കി. നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ നബി(സ) അദ്ദേഹത്തെ ചുമതലപ്പെടുത്തിയതനുസരിച്ചായിരുന്നു അത്. അല്ലാഹുവിന്റെ ദൂതരുടെ ഉത്തരാധികാരി (ഖലീഫത്തുര്‍റസൂല്‍) എന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചുപോന്നു. പിന്നെ അവര്‍ യഥാക്രമം ഉമറിനെയും ഉസ്മാനെയും അലിയെയും തെരഞ്ഞെടുത്തു. അല്ലാഹുവിന്റെ ദൂതര്‍ക്കു ശേഷമുള്ള നായകന്മാരും ഭരണാധികാരികളുമായിരുന്നു അവര്‍. അവരുടെ ഭരണം പ്രവാചക മാര്‍ഗത്തിനൊത്തുള്ളതായിരുന്നു.

32. ആര്‍ക്കൊക്കെ സ്വര്‍ഗം ലഭിക്കുമെന്ന് അല്ലാഹുവിന്റെ ദൂതര്‍ സാക്ഷ്യപ്പെടുത്തിയോ നാമും അപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.

നബി(സ)യുടെ മറ്റു സ്വഹാബിമാരുമായും നാം സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നാല് ഖലീഫമാര്‍ക്ക് തുല്യം മറ്റു സ്വഹാബിമാരെയോ സ്വഹാബിമാര്‍ക്ക് തുല്യം ശേഷം വന്നവരെയോ നാം പരിഗണിക്കുന്നില്ല.

33. അല്ലാഹു ഭൂമിയോടടുത്ത് സ്ഥിതിചെയ്യുന്ന ആകാശത്തേക്കിറങ്ങിവരുമെന്നും തുടര്‍ന്ന് പാപമോചനം തേടാന്‍ തയാറുള്ളവരുണ്ടോ എന്ന് ചോദിക്കുമെന്നും ഹദീസില്‍ ഉദ്ധരിച്ചുവന്നത് നാമും അംഗീകരിക്കുന്നു. മറ്റു പ്രബല ഹദീസുകളും നാം അംഗീകരിക്കുന്നു. അക്കാര്യത്തില്‍ വ്യതിചലിച്ചുപോയ വിഭാഗങ്ങളില്‍നിന്ന് തീര്‍ത്തും ഭിന്നമായ രീതിയായിരിക്കും നമ്മുടേത്. ഭിന്നതയുള്ള പ്രശ്‌നങ്ങളില്‍ അല്ലാഹുവിന്റെ ഗ്രന്ഥം, പ്രവാചകചര്യ, ഇജ്മാഅ് എന്നിവയാണ് നമ്മുടെ അവലംബം. 'നിങ്ങള്‍ വല്ല കാര്യത്തിലും ഭിന്നിച്ചാല്‍ അത് അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുക' (4:59) എന്ന ഖുര്‍ആനിക നിര്‍ദേശമനുസരിച്ചാണത്. ദീനിന്റെ ഇമാമുമാരെ പിന്തുടരുക എന്നതാവും നമ്മുടെ രീതി.

34. അല്ലാഹു അനുവദിച്ചിട്ടില്ലാത്ത യാതൊന്നും നാം ദീനിന്റെ ഭാഗമായി ആവിഷ്‌കരിക്കുകയില്ല. അല്ലാഹുവിനെക്കുറിച്ച് അറിയാത്തതൊന്നും പറയുകയുമില്ല.

35. 'അല്ലാഹുവും അണിയണിയായി മലക്കുകളും വന്നു' (89:22) എന്ന് അല്ലാഹു തന്നെ പറഞ്ഞതനുസരിച്ച് ഒടുവു നാളില്‍ അവന്‍ സന്നിഹിതനാവും. 'കണ്ഠനാഡിയേക്കാള്‍ നാം അവനുമായി അടുത്തുനില്‍ക്കുന്നു' (50:16) എന്ന് പറഞ്ഞതനുസരിച്ച് അല്ലാഹു അവനുദ്ദേശിച്ച രീതിയില്‍ മനുഷ്യനുമായി അടുത്തുനില്‍ക്കുന്നു.

36. ശിഷ്ടനോ ദുഷ്ടനോ എന്ന് നോക്കാതെ ഏത് മുസ്‌ലിമിന്റെ പിന്നിലും ജുമുഅ, പെരുന്നാള്‍, ഇതര നമസ്‌കാരങ്ങളും നിര്‍വഹിക്കുക ദീനിന്റെ ഭാഗമാണ്. അബ്ദുല്ലാഹിബ്‌നു ഉമര്‍ ഹജ്ജാജുബ്‌നു യൂസുഫിന്റെ പിന്നില്‍ തുടര്‍ന്ന് നമസ്‌കരിച്ചിരുന്നതായി ഉദ്ധരിച്ചു വന്നിട്ടുണ്ട്.

37. നാട്ടിലായാലും യാത്രയിലായാലും കാലുറ തടവുന്നത് പ്രവാചകചര്യയായി നാം അംഗീകരിക്കുന്നു.

38. അവസാന സംഘം ദജ്ജാലുമായി ഏറ്റുമുട്ടുംവരെ ഇസ്‌ലാമിന്റെ ശത്രുക്കളുമായി ജിഹാദ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

39. മുസ്‌ലിം രാഷ്ട്രനായകന്മാരുടെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കാവുന്നതാണ്. അവരില്‍നിന്ന് സംഭവിക്കുന്ന നിസ്സാര വ്യതിയാനങ്ങളുടെ പേരില്‍ അവരോട് യുദ്ധം ചെയ്യാവതല്ല.

40. റസൂലില്‍നിന്ന് ഉദ്ധിച്ചുവന്നതുപോലെ ദജ്ജാല്‍ രംഗപ്രവേശം ചെയ്യുകയും ഈസാ(അ) അവനെ വധിക്കുകയും ചെയ്യും.

41. ഖബ്‌റില്‍ വെച്ച് മുന്‍കര്‍, നകീര്‍ എന്നീ മലക്കുകള്‍ ഖബ്‌റാളിയെ ചോദ്യം ചെയ്യുന്നതായിരിക്കും.

42. മിഅ്‌റാജ് സംഭവം വാസ്തവമാണ്. സ്വപ്‌നദര്‍ശനം ഒരു വസ്തുതയാണ്. സ്വപ്‌നത്തിന് വ്യാഖ്യാനവുമുണ്ട്. 

43. മുസ്‌ലിംകളില്‍നിന്ന് മരണപ്പെട്ടുപോയവര്‍ക്ക് വേണ്ടി ദാനം നല്‍കിയാലും പ്രാര്‍ഥിച്ചാലും അതിന്റെ ഫലം അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.

44. മാരണം ഒരു വസ്തുതയാണ്. മാരണം ചെയ്യുന്നവന്‍ കാഫിറാണ്. 

45. ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുന്നവര്‍ ശിഷ്ടരായാലും ദുഷ്ടരായാലും അവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കണം. അവരുടെ സ്വത്ത് അനന്തരാവകാശമായി എടുക്കാവുന്നതാണ്.

46. സ്വര്‍ഗ-നരകങ്ങള്‍ നിലവിലുണ്ട്.

47. അനുവദനീയ മാര്‍ഗത്തിലൂടെയായാലും നിഷിദ്ധ മാര്‍ഗത്തിലൂടെയായാലും ഭക്ഷണം നല്‍കുന്നത് അല്ലാഹുവാണ്.

48. പിശാച് മനുഷ്യമനസ്സില്‍ സംശയം ജനിപ്പിക്കുകയും അവനെ വഴിതെറ്റിക്കുകയും ചെയ്യും.

49. സജ്ജനത്തെ അസാധാരണ സംഭവങ്ങള്‍ (കറാമത്ത്) വഴി അല്ലാഹു ആദരിച്ചെന്നുവരാം.

50. ഖുര്‍ആന്‍ സുന്നത്തിനെ ദുര്‍ബലപ്പെടുത്തുകയില്ല.

51. കുട്ടികള്‍ മരിച്ചാല്‍ അവരെ സംബന്ധിച്ചുള്ള തീരുമാനം അല്ലാഹുവിങ്കലാണ്.

52. മനുഷ്യന്‍ എന്താവും ചെയ്യുക എന്ന് അല്ലാഹുവിന് നേരത്തേ അറിയാം. അത് അങ്ങനെ തന്നെ സംഭവിക്കുമെന്നും അവന്‍ നിശ്ചയിച്ചിരിക്കുന്നു. കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ കൈകളിലാണ്.

53. അല്ലാഹുവിന്റെ തീരുമാനത്തില്‍ ക്ഷമ കൈക്കൊള്ളുക. അവന്റെ കല്‍പന പാലിക്കുക. അവന്‍ നിരോധിച്ച കാര്യങ്ങള്‍ വെടിയണം. ഏതു പ്രവൃത്തിയും അല്ലാഹുവിനു വേണ്ടി നിര്‍വഹിക്കുന്നത് കളങ്കമറ്റാവണം. 

54. മുസ്‌ലിംകളോട് ഗുണകാംക്ഷാപൂര്‍വം വേണം വര്‍ത്തിക്കുന്നത്. അല്ലാഹുവിന് വഴിപ്പെടുന്നവര്‍ക്കൊപ്പം അവന് വഴിപ്പെട്ടുകഴിയണം. മുസ്‌ലിം സംഘത്തോടും ഗുണകാംക്ഷ കൈക്കൊള്ളണം.

55. വ്യഭിചാരം, കള്ളപ്രസ്താവം, പക്ഷപാതിത്വം, താന്‍പോരിമ, അഹങ്കാരം, മനുഷ്യനെ നിസ്സാരനായി ഗണിക്കല്‍, നാട്യം എന്നിത്യാദി മഹാ പാപങ്ങള്‍ തീര്‍ത്ത്ും വര്‍ജിച്ചിരിക്കണം. 

56. ബിദ്അത്തിലേക്ക് ക്ഷണിക്കുന്നവരുമായി അകലം പാലിക്കണം.

57. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പഠനത്തില്‍ ശ്രദ്ധയൂന്നണം.

58. വിനയം, താഴ്മ, സല്‍സ്വഭാവം, നന്മയുടെ പ്രചാരണം, ദ്രോഹവര്‍ജനം, പരദൂഷണം ഏഷണി എന്നിവ വെടിയല്‍, ജീവിത സന്ധാരണത്തിനായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കണം.

ഇവയത്രയും മൊത്തം കല്‍പനകളാണ്. വിശ്വാസവും പ്രവര്‍ത്തനുമായി കൈക്കൊള്ളേണ്ട കാര്യങ്ങള്‍. ഈ കാര്യങ്ങളത്രയും നാമും ഏറ്റുപറയുകയും പ്രവര്‍ത്തനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്യുന്നു. അല്ലാഹുവാണ് ഉതവി നല്‍കുന്നവന്‍. നമുക്ക് അവന്‍ മതി. അവനാണ് ഏറ്റവും നല്ല വക്കീല്‍. അവനോടാണ് നമ്മുടെ സഹായതേട്ടം. എല്ലാം നാം അവനെ ഏല്‍പിക്കുന്നു. അവങ്കലേക്കല്ലോ മടക്കം.

ഇത്രയുമാണ് 'അല്‍ ഇബാന', 'മഖാലാതുല്‍ ഇസ്‌ലാമിയ്യീന്‍' എന്നീ ഗ്രന്ഥങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ മൗലികതത്ത്വങ്ങളായി ശൈഖ് അബുല്‍ ഹസന്‍ അല്‍ അശ്അരി പറഞ്ഞിട്ടുള്ളത്. അതില്‍ സിംഹഭാഗവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നത് ശരിതന്നെ. എന്നാല്‍ കര്‍മശാസ്ത്രപരമായ കാര്യങ്ങളും അതിലുള്‍പ്പെടുത്തിയതായി കാണാവുന്നതാണ്. അതിനാല്‍തന്നെ അഹ്‌ലുസ്സുന്ന എന്നതിലെ സുന്നത്ത് കൊണ്ട് വിവക്ഷിക്കുന്നത് വിശ്വാസ കാര്യങ്ങള്‍ മാത്രമാണെന്ന വാദം പൂര്‍ണമായും ശരിയല്ലെന്നു വന്നു. മാത്രമല്ല, ആ വാദം ചില പില്‍ക്കാല പണ്ഡിതന്മാരുടേതാണ്. സലഫിന് (പൂര്‍വകാല പണ്ഡിതന്മാര്‍ക്ക്) അങ്ങനെ ഒരു വാദമില്ല. അവര്‍ സുന്നത്ത് കൊ് വിവക്ഷിക്കുന്നത് വിശ്വാസവും കര്‍മവും അടങ്ങുന്നതാണ്. അതുകൊണ്ടത്രെ ഫുദൈല്‍ ഇപ്രകാരം പറഞ്ഞത്:

'കര്‍മം കളങ്കമറ്റതായി, പക്ഷേ അത് ശരിയായില്ല എങ്കില്‍ അത് സ്വീകാര്യമാവുകയില്ല. കര്‍മം ശരിയായതാണ്, നിഷ്‌കളങ്കമായില്ല എന്നാലും സ്വീകാര്യമാവുകയില്ല. കളങ്കമറ്റതും ശരിയുമാവണം, എങ്കിലേ കര്‍മം അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനു വേണ്ടിയുള്ളതാവുമ്പോള്‍ മാത്രമാണ് കര്‍മം കളങ്കമറ്റതാവുന്നത്. പ്രവാചക ചര്യക്കൊത്താവുമ്പോഴാണ് കര്‍മം ശരിയാവുന്നത്' (ജാമിഉല്‍ ഉലൂം വല്‍ ഹികം. ഇബ്‌നു റജബ് ഒന്നാം നമ്പര്‍ ഹദീസിന്റെ വിശദീകരണം. 1/72).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌