Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

പേര്‍ഷ്യന്‍ കോളനികള്‍ (ഉമാന്‍)

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-48

അറേബ്യയുടെ കിഴക്കന്‍ കടല്‍തീരത്ത് അങ്ങേയറ്റം തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉമാന്‍ (ഒമാന്‍) ഇക്കാലത്തെ മക്കന്‍ വ്യാപാരികളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ ദീനവാരി (ഹി. മൂന്നാം നൂറ്റാണ്ട്) പലപ്പോഴും ഈ മേഖലയില്‍ കാണപ്പെടുന്ന സസ്യങ്ങളെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കാലത്ത് ഇവിടെയുള്ള ബുറൈമിയില്‍ പെട്രോള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് ജയ്ഫര്‍ എന്നും അബ്ദ് എന്നും പേരുള്ള രണ്ട് സഹോദരന്മാരുടെ സംയുക്ത ഭരണത്തിലായിരുന്നു ഈ പ്രദേശം.1 ജുലന്‍ദയുടെ പുത്രന്മാരായിരുന്നു രണ്ടു പേരും. ഇവരുടെ പിതാവിനെ ഭരണാധികാരിയായി അംഗീകരിച്ചത് (നാമനിര്‍ദേശം ചെയ്തത്?) പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു. അറേബ്യയിലെ രണ്ട് പ്രധാന ചന്തകള്‍ ഈ മേഖലയിലെ ദബാ, സ്വുഹാര്‍ എന്നീ രണ്ട് തുറമുഖങ്ങളിലായിരുന്നു നടക്കാറുണ്ടായിരുന്നത്. ഇബ്‌നു കല്‍ബി2 എഴുതുന്നു: 'പേര്‍ഷ്യന്‍ രാജാക്കന്മാര്‍ ഉമാനിലെ മുഖ്യന്മാരെ നാമനിര്‍ദേശം ചെയ്തിരുന്നത് ബനുല്‍ മുസ്തക്ബിര്‍ കുടുംബത്തില്‍നിന്നായിരുന്നു. ഇവര്‍ (ചന്തകളില്‍) അധികാരം നടത്തിയിരുന്നതും പെരുമാറിയിരുന്നതും ദൂമതുല്‍ ജന്‍ദലിലെ രാജാക്കന്മാരെപ്പോലെ തന്നെയായിരുന്നു. ചരക്കുകള്‍ക്ക് മേല്‍ നികുതിയായി പത്തിലൊന്ന് അവര്‍ പിരിച്ചെടുത്തിരുന്നു.... മുശഖറിലെ (ബഹ്‌റൈന്‍/ഇന്നത്തെ അല്‍ അഹ്‌സാ) ചന്ത റജബ് ഒന്നിനാണ്. അത് കഴിഞ്ഞാണ് ജനങ്ങള്‍ അതേ മാസം 20-ന് ഉമാനിലെ സ്വുഹാറില്‍ സംഘടിപ്പിക്കപ്പെടുന്ന ചന്തയില്‍ എത്തിച്ചേരാറുള്ളത്. ഇവിടെ ചന്ത അഞ്ചു ദിവസം നീണ്ടുനില്‍ക്കും. അല്‍ മുസ്തക്ബിറിന്റെ മകന്‍ ജുലന്‍ദ ഇവിടെ പത്തിലൊന്ന് നികുതി ചുമത്തിയിരുന്നു. പിന്നെയാണ്, അറേബ്യയിലെ തന്നെ രണ്ട് വന്‍ തുറമുഖങ്ങളിലൊന്നായ ദബായില്‍ വെച്ചുള്ള ചന്ത. സിന്ധ്, ഇന്ത്യ, ചൈന, പാശ്ചാത്യ-പൗരസ്ത്യ നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ അതില്‍ പങ്കെടുക്കും. റജബ് അവസാന ദിവസമാണ് ചന്ത ആരംഭിക്കുക. കച്ചവടക്കാരന്‍ വില പറയുക, വാങ്ങുന്നവന്‍ അത് അംഗീകരിക്കുക എന്ന വളരെ ലളിതമായ കച്ചവട രീതിയാണ് ഉണ്ടായിരുന്നത്. ജുലന്‍ദ ബ്‌നു മുസ്തക്ബിര്‍ പത്തിലൊന്ന് നികുതി സ്വുഹാര്‍ ചന്തയില്‍ വരെ ചുമത്തിയിരുന്നു. മറ്റു പ്രദേശങ്ങളിലെ രാജാക്കന്മാരെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റം.'

അറബ് ചരിത്രകാരന്മാരെ കൗതുകപ്പെടുത്തുന്ന ഒരു കഥയുണ്ട്. അല്‍ജുലന്‍ദയുടെ മകളായ രാജകുമാരിയെക്കുറിച്ചാണ് കഥ. രാജകുമാരിക്ക് ഒരു കടലാമ ഉണ്ടായിരുന്നു. അവര്‍ എപ്പോഴും സ്‌നേഹത്തോടെ അതിനെ കളിപ്പിച്ചുകൊണ്ടിരിക്കും. ഒരു ദിവസം അവള്‍ തന്റെ ആഭരണങ്ങളെല്ലാം ആ കടലാമയെ അണിയിച്ചു. എന്നിട്ട് കളിക്കാനായി അതിനെയുമെടുത്ത് കടല്‍തീരത്തേക്ക് പോയി. പെട്ടെന്ന് കടലാമ കടലിലേക്ക് ഊളിയിട്ടു പോയി. അത് തിരിച്ചു വന്നതേയില്ല. ആകെ അസ്വസ്ഥയായ രാജകുമാരി കടല്‍തീരത്ത് ഓടി നടന്നു. തന്റെ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കടല്‍വെള്ളം വറ്റിക്കാനും തുടങ്ങിയത്രെ. തന്റെ പരിചാരകന്മാരെ വിളിച്ച് സഹായിക്കാനും ആവശ്യപ്പെട്ടു. ഒടുവില്‍ കടലില്‍ ബാക്കിയായത് ഏതാനും കൈക്കുമ്പിള്‍ വെള്ളം മാത്രം.3

ഉമാനിലെ സമുദ്ര വ്യാപാരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, അവിടത്തെ അദുല നഗരത്തില്‍ ഒരു കപ്പല്‍ നിര്‍മാണ കേന്ദ്രം ഉയര്‍ന്നുവന്നതില്‍ അതിശയിക്കാനില്ല. അവിടെ നിര്‍മിക്കുന്ന നൗകകള്‍ക്ക് അദൂലി4 എന്നാണ് പറഞ്ഞിരുന്നത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ അര്‍ദശീര്‍ ബാബകാന്‍, അസ്ദ് ഗോത്രത്തില്‍നിന്നായിരുന്നു കപ്പല്‍ ജീവനക്കാരെ തെരഞ്ഞെടുത്തിരുന്നത്. അസ്ദ് ഗോത്രക്കാര്‍ താമസിച്ചിരുന്നത് ഉമാനിലെ ശിഹ്ര്‍ നഗരത്തിലായിരുന്നു. ഇതെല്ലാം പ്രവാചകന്റെ ആഗമനത്തിന് ആറ് നൂറ്റാണ്ട്/ഒരുപക്ഷേ നാലു നൂറ്റാണ്ട് മുമ്പാണ്. ഉമാനിലെ മസൂന്‍ നഗരത്തില്‍ ജൂതന്മാരാണ് അധിവസിച്ചിരുന്നത്. ഇവിടെ കപ്പല്‍ ജീവനക്കാര്‍ ജൂതന്മാര്‍ മാത്രമായിരുന്നു.5

നിനിവയില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ബൈസാന്റിയന്‍ സൈന്യം പേര്‍ഷ്യക്കാരെ നിലംപരിശാക്കിയപ്പോള്‍ ഉമാന്‍ ഫലത്തില്‍ പേര്‍ഷ്യന്‍ തലസ്ഥാനമായ ടെസിഫണി(മദാഇന്‍)ന്റെ പിടിത്തത്തില്‍നിന്ന് സ്വതന്ത്രമായി. മറ്റു അറബ് ആശ്രിത മേഖലകളെപ്പോലെ തന്നെയായിരുന്നു സാസാനികളുടെ കണ്ണില്‍ ഉമാന്‍ മേഖലയും. ഇറാനുമായി ബന്ധം വേര്‍പ്പെടുത്തി മദീനയുമായി ബന്ധം സ്ഥാപിച്ച രീതിയില്‍നിന്ന് ഇത് വ്യക്തമാവുന്നുണ്ട്. അടുത്തുള്ള ഭരണാധികാരികള്‍ക്ക് കത്തെഴുതിയ കൂട്ടത്തില്‍ പ്രവാചകന്‍ ഹിജ്‌റ ഏഴാം വര്‍ഷം അംറുബ്‌നുല്‍ ആസ്വിന്റെ കൈയില്‍ ഉമാനിലേക്കും ഒരു കത്ത് കൊടുത്തയച്ചു. പ്രഗത്ഭനായ കച്ചവടക്കാരനെന്ന നിലക്ക് പ്രവാചകന്റെ ആഗമനത്തിനു മുമ്പ് ഈജിപ്തിലേക്കും അബ്‌സീനിയയിലേക്കും ഇടക്കിടെ പോകാറുണ്ടായിരുന്നു അംറ്. ഉമാനിലെ ചന്തകളിലും ഇദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നിരിക്കണം. അങ്ങനെ ഉമാനില്‍ ഭരണം കൈയാളുന്നവരെ വ്യക്തിപരമായി അദ്ദേഹത്തിന് നല്ല പരിചയമുണ്ടായിരിക്കണം (അബ്‌സീനിയയിലെ നേഗസുമായും അംറിന് വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നല്ലോ). ഇതൊക്കെ കാരണമായിട്ടാവാം അംറിനെ ഉമാനിലേക്കുള്ള പ്രതിനിധിയായി പ്രവാചകന്‍ തെരഞ്ഞെടുത്തത്. പ്രവാചകന്‍ നല്‍കിയ കത്താണ് താഴെ ചേര്‍ക്കുന്നത് (അതിന്റെ ഒറിജിനല്‍ ടെക്സ്റ്റ് ഈയിടെ കണ്ടെത്തുകയുണ്ടായി):

'കാരുണ്യവാനും കരുണാവാരിധിയുമായ ദൈവത്തിന്റെ നാമത്തില്‍. ദൈവദൂതന്‍ മുഹമ്മദില്‍നിന്ന് അല്‍ ജുലന്‍ദയുടെ മക്കളായ ജെയ്ഫറിനും അബ്ദിനും -

സത്യപാത പിന്തുടര്‍ന്നവര്‍ക്ക് സമാധാനമുണ്ടാവട്ടെ. ഞാന്‍ ഇരുവരെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്. ക്ഷണം സ്വീകരിക്കുന്ന പക്ഷം നിങ്ങള്‍ക്കത് രക്ഷാമാര്‍ഗമൊരുക്കും. കാരണം മുഴുവന്‍ മനുഷ്യരിലേക്കുമുള്ള ദൈവദൂതനാണ് ഞാന്‍. ജീവിച്ചിരിക്കുന്നവരെ താക്കീത് ചെയ്യുക എന്നതാണ് എന്റെ ദൗത്യം. ദിവ്യവചനം അവിശ്വാസികള്‍ക്കെതിരെ പുലരാനിരിക്കുന്നു. നിങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിക്കുന്ന പക്ഷം നിങ്ങളുടെ അധികാരവും അംഗീകരിക്കപ്പെടും. നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അധികാരം നിങ്ങളുടെ കൈകളില്‍നിന്ന് എടുത്തുമാറ്റപ്പെട്ടേക്കാം. നിങ്ങളുടെ അതിര്‍ത്തിയില്‍ എന്റെ സൈനികര്‍ നിലയുറപ്പിക്കും. നിങ്ങളുടെ അധികാര മേഖലകളിലും എന്റെ പ്രവാചകത്വമായിരിക്കും വിജയം നേടുക.'

കത്തെഴുതിയത് ഉബയ്യുബ്‌നു കഅ്ബ്

(സീല്‍) മുഹമ്മദുന്‍ റസൂലുല്ലാഹ്6

കത്തുമായി പോയ അംറുബ്‌നുല്‍ ആസ്വിന് ഉമാനിലെ മുസ്‌ലിംകളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ നീതി നടപ്പാക്കാനും അവരില്‍നിന്ന് സകാത്ത് പിരിക്കാനുമുള്ള അധികാരം നല്‍കപ്പെട്ടു. മുസ്‌ലിംകളല്ലാത്ത പ്രജകളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അവിടെയുള്ള മേഖലാ ഭരണകൂടങ്ങളെ ഏല്‍പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.7

ഈ കത്തിലെ പ്രയോഗങ്ങള്‍ അല്‍പം രൂക്ഷമാണ്; ഭീഷണിയുടെ സ്വരവും അതില്‍ കാണാം. പക്ഷേ, ഇരു സഹോദരന്മാരുടെയും സംയുക്ത ഭരണത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ആ കത്ത് എഴുതിയിരിക്കുന്നത്. അറേബ്യയില്‍ മൊത്തം കാണപ്പെടുന്ന അരാജകമായ സ്ഥിതിവിശേഷങ്ങള്‍ കണക്കിലെടുത്ത് ഒരുതരം ഫെഡറല്‍ ഭരണഘടന നടപ്പാക്കാനാണ് പ്രവാചകന്‍ ശ്രമിച്ചതെന്ന് തോന്നുന്നു. അതായത് ഓരോ മേഖലയിലെയും നിലവിലുള്ള ഭരണാധികാരികള്‍ അവരുടെ ചില അധികാരങ്ങള്‍ മദീനയിലെ കേന്ദ്രഭരണത്തിന് വകവെച്ചു നല്‍കണം. മറ്റു അധികാരങ്ങള്‍ മുമ്പത്തെപ്പോലെ ആ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിലനിര്‍ത്തുകയും ചെയ്യാം.

ഇതിന് ഉമാനില്‍നിന്ന് ഒരു മറുപടി കത്ത് ലഭിച്ചോ എന്ന് നമുക്കറിഞ്ഞുകൂടാ. പക്ഷേ, സംയുക്ത ഭരണം നടത്തുന്ന ഈ രണ്ട് സഹോദരന്മാരും ഇസ്‌ലാം സ്വീകരിച്ചതായി നമുക്കറിയാം. അങ്ങനെ പ്രവാചക പ്രതിനിധിയായി എത്തിയ അംറുബ്‌നുല്‍ ആസ്വിന് ഇസ്‌ലാം പ്രബോധനം ചെയ്യാനുള്ള സൗകര്യങ്ങളെല്ലാം നല്‍കപ്പെട്ടു. ഇരു ഭരണാധികാരികളുടെയും ഇസ്‌ലാം സ്വീകരണം വളരെ ആത്മാര്‍ഥമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞതിന് തൊട്ടുടനെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പലഭാഗത്തും മതപരിത്യാഗവും കലാപങ്ങളും അന്തരീക്ഷം കലുഷമാക്കിയപ്പോള്‍ ഈ രണ്ട് സഹോദരന്മാരും വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിന്നു. രാഷ്ട്രീയ സുസ്ഥിതിയും സമാധാനവും തിരിച്ചുകൊണ്ടുവരാന്‍ അവര്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു.8

ഉമാനിലേക്ക് അയച്ച കത്തില്‍ 'ദൈവത്തിന്റെ അടിമകളായ അസ്ബത്വികള്‍, ഉമാനിലെ രാജകുമാരന്മാര്‍, ഉമാന്‍ അസ്ബത്വി' എന്നൊക്കെ കാണാം. നികുതി സംബന്ധമായ കാര്യങ്ങളാണ് അതില്‍ പറയുന്നത്. അബൂഉബൈദിന്റെ9 അഭിപ്രായത്തില്‍, അസ്ബത്വികള്‍ പേര്‍ഷ്യന്‍ വംശജരാണ്. 'ആസ്പ്' എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് ഈ പേര് വന്നിരിക്കുന്നത്. ആസ്പ് എന്നാല്‍ കുതിര എന്നര്‍ഥം. ഇവര്‍ കുതിരയെ ആരാധിക്കുന്നവരായിരിക്കാം. 'ദൈവത്തിന്റെ അടിമകള്‍' (ഇബാദുല്ലാഹ്) എന്ന് കത്തില്‍ പ്രയോഗിച്ചത് ബനൂ അബ്ദുല്ലാഹിബ്‌നു ദാരിം വിഭാഗത്തെ ഉദ്ദേശിച്ചായിരിക്കാം. അപ്പോള്‍ 'ഉമാനിലെ അസ്ബത്വ്' എന്ന പ്രയോഗമായിരിക്കില്ല ശരി; ഉമാനിലെ അസ്ദ് (അസ്ദ് ഗോത്രം) എന്നായിരിക്കാം ഉദ്ദേശിച്ചിട്ടുണ്ടാവുക. അവര്‍ ഈ മേഖലയില്‍ ജീവിച്ചവരായിരുന്നല്ലോ. അവരെക്കുറിച്ചും അധികമായൊന്നും അറിഞ്ഞുകൂടാ.

'കിരീടത്തിന്റെ ഉടമ' (ദൂതാജ്) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരാളുണ്ടായിരുന്നു. യഥാര്‍ഥ പേര് ലഖീത്വു ബ്‌നു മാലിക്. ത്വബരി10 പറയുന്നത്, ഇയാളും പ്രവാചകന്റെ മരണശേഷം സ്വയം പ്രവാചകനായി അവകാശപ്പെട്ട് രംഗത്തു വന്നിരുന്നു എന്നാണ്. ഇത്രമാത്രമേ ഇയാളെക്കുറിച്ചും വിവരമുള്ളൂ.

 

സമാവഃ

അറേബ്യയുടെ വളരെ വടക്കേ അറ്റത്ത്, യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍ കരയിലാണ് സമാവഃ എന്ന ഭൂപ്രദേശം. അവിടെ താമസിച്ചിരുന്ന ഗോത്രത്തിന് നിരവധി ഉച്ചാരണ ഭേദങ്ങളുണ്ട്. ദിഅ്ല്‍, ദുഅല്‍, ദുഈല്‍ എന്ന പേരിലൊക്കെ ഇവര്‍ അറിയപ്പെടുന്നു. അറബി ഭാഷയിലെ ആദ്യ വൈയാകരണനായി അറിയപ്പെടുന്ന അബുല്‍ അസ്‌വദ് ഈ ഗോത്രക്കാരനാണ്.

ഇബ്‌നു സഅ്ദ്11 റിപ്പോര്‍ട്ട് ചെയ്യുന്നത്, സമാവഃ രാജാവായ നുഫാഥഃ ബ്‌നു ഫര്‍വ അദ്ദുഇലിക്ക് പ്രവാചകന്‍ ഒരു കത്തയച്ചിട്ടുണ്ടെന്നാണ്. പക്ഷേ, കത്തിന്റെ ഉള്ളടക്കമോ മറ്റു വിശദാംശങ്ങളോ അദ്ദേഹം നല്‍കുന്നില്ല. മറ്റൊരു സ്രോതസ്സില്‍നിന്നും ഇതു സംബന്ധമായ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നുമില്ല. മിക്കവാറും, നുഫാഥഃ എന്ന ഈ ഭരണാധികാരി, ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രവാചകന്റെ കത്തിന് മറുപടിയെഴുതാനൊന്നും മെനക്കെട്ടിട്ടുണ്ടാവില്ല.

 

യമന്‍

പേര്‍ഷ്യന്‍ സ്വാധീനമുണ്ടായിരുന്ന അറേബ്യയിലെ ഏറ്റവുമൊടുവിലത്തെ മേഖല യമനാണ്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കു പടിഞ്ഞാറായാണ് അതിന്റെ കിടപ്പ്. നാം പലപ്പോഴും സൂചിപ്പിച്ചതുപോലെ, ഈ മേഖലയെ അറേബ്യ ഫെലിക്‌സ് (സന്തുഷ്ടയായ അറേബ്യ) എന്നാണ് വിളിക്കാറുണ്ടായിരുന്നത്. ചരിത്രത്തില്‍ പല ശക്തികളുടെയും അധിനിവേശത്തിനും കീഴടക്കലിനും ഇരയായ പ്രദേശം. പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ സമ്പന്ന പാരമ്പര്യം12 അവകാശപ്പെടുന്ന ഈ പ്രദേശത്ത്, അധികാരവും സ്വന്തമായ സംസ്‌കാരവുമുള്ള നിരവധി സ്വതന്ത്ര തദ്ദേശീയ രാജവംശങ്ങള്‍ നിലനിന്നിരുന്നു. വിദേശ ആധിപത്യത്തിന് യമനികള്‍ ഒരിക്കലും വഴങ്ങിയിരുന്നില്ല.13 അബ്‌സീനിയക്കാര്‍ യമന്‍ കൈയേറിയതിനെക്കുറിച്ച് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ബാബുല്‍ മന്‍ദിബിന്റെ മറുപുറത്തുനിന്നു വരുന്ന ഈ 'കറുത്ത പടയാളികളെ' ഒറ്റക്ക് നേരിടാനാവില്ലെന്നു കണ്ട്, 'കാക്കകളെ' ചെറുക്കാന്‍ (പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖൊസ്‌റുവിനയച്ച കത്തില്‍ അബ്‌സീനിയക്കാരെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്) തങ്ങള്‍ക്ക് സൈനിക സഹായം വേണമെന്ന് ആവശ്യപ്പെട്ട് യമനികള്‍ പേര്‍ഷ്യന്‍ രാജാവിന്റെ അടുത്തേക്ക് പ്രതിനിധി സംഘത്തെ വിട്ടു. പേര്‍ഷ്യക്കാര്‍ക്ക് മാത്രമേ തങ്ങളുടെ ആവശ്യം അംഗീകരിക്കാനാവൂ എന്ന് യമനികള്‍ക്ക് തോന്നിയിട്ടുണ്ടാവും. പക്ഷേ, ഖൊസ്‌റു ഇടപെടാന്‍ മടിച്ചുനില്‍ക്കുകയാണുണ്ടായത്. ഈയവസരത്തില്‍ ഖൊസ്‌റു, രാഷ്ട്രീയവും മതപരവും മറ്റുമായ കാരണങ്ങളാല്‍ തന്റെ തടവറയില്‍ കഴിയുന്ന തടവുപുള്ളികളുടെ മുമ്പില്‍ ഒരു നിര്‍ദേശം വെച്ചു: നിങ്ങള്‍ യമനിലേക്ക് യുദ്ധത്തിന് പോകുമെങ്കില്‍ നിങ്ങളെ സ്വതന്ത്രരാക്കാം! അവരത് അംഗീകരിച്ചു. വിറീസ് എന്നൊരാളെ ഈ സൈന്യത്തിന്റെ തലവനായും നിശ്ചയിച്ചു. യമനിലെ അബ്‌റഹത്തിന്റെ പിന്‍ഗാമി(അബ്‌സീനിയക്കാരന്‍)ക്ക്, ഒരു ഭാഗത്ത് യമനിലെ കലാപകാരികളെയും മറുഭാഗത്ത് പേര്‍ഷ്യയില്‍നിന്ന് കടല്‍മാര്‍ഗം എത്തിയ സൈന്യത്തെയും ഒന്നിച്ച് നേരിടാനുള്ള കരുത്തുണ്ടായിരുന്നില്ല. യമനിലെ അബ്‌സീനിയന്‍ സൈന്യം എളുപ്പത്തില്‍ കീഴടങ്ങി. യമന്റെ അധികാരം കൈയില്‍ വന്നപ്പോള്‍ പേര്‍ഷ്യയില്‍നിന്നെത്തിയ സൈന്യം അത് യമനിലെ സൈഫുബ്‌നു ദില്‍ യസിന്‍ എന്ന ഗോത്രമുഖ്യന് തിരിച്ചുനല്‍കാനൊന്നും തയാറായില്ല. ആ സൈന്യം പേര്‍ഷ്യയിലേക്ക് തിരിച്ചുപോവുകയും ചെയ്തില്ല. ഈ പേര്‍ഷ്യന്‍ കുടിയേറ്റക്കാരെ ഇസ്‌ലാമിക ചരിത്രകാരന്മാര്‍ അബ്‌നാഅ് (ആണ്‍മക്കള്‍) എന്നാണ് വിളിക്കുന്നത്.

സ്വന്‍ആ(യമന്‍ തലസ്ഥാനം)യും ടെസിഫണും(പേര്‍ഷ്യന്‍ തലസ്ഥാനം) തമ്മിലുള്ള ബന്ധത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ കലുഷമാക്കിക്കൊണ്ടിരുന്നു. ഹിജ്‌റ ഏഴാം വര്‍ഷം യമനിലുണ്ടായിരുന്നത് ബാസാന്‍ (ബാദാം എന്നും അറിയപ്പെടുന്നു) എന്നു പേരുള്ള പേര്‍ഷ്യന്‍ ഗവര്‍ണറായിരുന്നു. ബാസാന്‍ ഇസ്‌ലാം സ്വീകരിച്ച സംഭവം നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. തന്നെ സന്ദര്‍ശിക്കാന്‍ മദീനയിലെത്തിയ ബാസാനോട് പ്രവാചകന്‍ അമ്പരപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു- പേര്‍ഷ്യയുടെ ചക്രവര്‍ത്തി സ്വന്തം മകനാല്‍ കഴിഞ്ഞ രാത്രി വധിക്കപ്പെട്ടിരിക്കുന്നു. ഈ വിവരം പേര്‍ഷ്യന്‍ ഗവര്‍ണറായ ബാസാന്‍ പോലും അറിഞ്ഞിരുന്നില്ല. ഇതാണ് ബാസാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ നിമിത്തമായി പറയുന്ന സംഭവം. ഇതൊരു 'ഐതിഹ്യം' ആയി കാണേണ്ട കാര്യമില്ല. കാരണം ചരിത്രപരമായ പല വസ്തുതകളും അതിനെ ശരിവെക്കുകയാണ് ചെയ്യുന്നത്. ബാസാന്‍ എന്ന വ്യക്തി ചരിത്രപുരുഷന്‍ തന്നെയാണല്ലോ. ബാസാന്‍ അറബ് വംശജനല്ലായിരുന്നു. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ യമനിലെ ഗവര്‍ണറായി സ്ഥിരപ്പെടുത്തുകയാണ് പ്രവാചകന്‍ ചെയ്തത്. അല്‍പ്പം കഴിഞ്ഞ് ബാസാന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ സഹ്‌റു ബ്‌നു ബാസാനെ പിന്‍ഗാമിയായി ഗവര്‍ണര്‍ സ്ഥാനത്ത് നിശ്ചയിക്കുകയും ചെയ്തു പ്രവാചകന്‍. പ്രവാചകന്റെ വിയോഗത്തിനു ശേഷം മതപരിത്യാഗികളും കലാപകാരികളും യമനില്‍ സഹ്‌റിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ തോല്‍പ്പിക്കുകയുണ്ടായി. ആ യുദ്ധത്തില്‍ സഹ്‌റിന് തന്റെ ജീവന്‍ പോലും നഷ്ടമായി.

നമുക്ക് മുഖ്യസംഭവത്തിലേക്ക് തിരിച്ചുവരാം. ബാസാന്‍ യമനില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ പ്രവാചകനെ കാണാനായി സുപ്രധാനമായ നയതന്ത്രദൗത്യവുമായി രണ്ടു പേരെ മദീനയിലേക്ക് അയച്ചിരുന്നു. യമനില്‍ നടന്നുകൊണ്ടിരിക്കുന്ന പേര്‍ഷ്യന്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സഹായം തേടലായിരുന്നു ആ ദൗത്യം. പേര്‍ഷ്യക്കാര്‍ നിനിവയില്‍ വെച്ച് അതിദയനീയമായ വിധം പരാജയപ്പെട്ടതിനാല്‍ പേര്‍ഷ്യന്‍ തലസ്ഥാനമായ ടെസിഫണില്‍നിന്ന് സഹായം ലഭിക്കാന്‍ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. യമനില്‍ സ്ഥിരതാമസമാക്കിക്കഴിഞ്ഞ പേര്‍ഷ്യക്കാര്‍ക്കാകട്ടെ പ്രവാചകനോട് സഹായം തേടുകയല്ലാതെ വേറെ നിവൃത്തിയുമുണ്ടായിരുന്നില്ല. ആ സഹായം ഉറപ്പിക്കാനുള്ള മാര്‍ഗം കൂടിയായിരുന്നു അവരുടെ ഇസ്‌ലാം സ്വീകരണം. ഇങ്ങനെ ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരുന്നത് പേര്‍ഷ്യന്‍ വംശജര്‍ മാത്രമായിരുന്നില്ല. കൂട്ട മതംമാറ്റങ്ങള്‍ മറ്റു പ്രദേശങ്ങളിലും നടന്നുകൊണ്ടിരുന്നു. ഇതിന്റെ പേരില്‍ പ്രവാചകനെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍:

'അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍; നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.'14

യമനില്‍ സത്യമായും ഒരു 'ദേശീയ' പേര്‍ഷ്യന്‍ വിരുദ്ധ പ്രസ്ഥാനം ഉടലെടുത്തിരുന്നു. പ്രവാചകന്റെ വിയോഗ ശേഷം യമനില്‍ കലാപത്തിനിറങ്ങിയ ഒരാള്‍ എഴുതിയ കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. ഏതു പക്ഷത്തു നില്‍ക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞിട്ടില്ലാത്ത ഗോത്രവിഭാഗങ്ങളെ അഭിസംബോധന ചെയ്ത കത്തില്‍ ഇങ്ങനെ ചില വരികളുണ്ട്: 'ഈ അബ്‌നാഅ് (യമനിലെ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ക്ക് പറയുന്ന പേര്) നമ്മുടെ നാട് കൈയേറിയവരാണ്. അതിനാല്‍ നമ്മുടെ പിതൃരാജ്യത്തുനിന്ന് അവരെ തുരത്താന്‍ ഒന്നിക്കുക15.'

യമന്‍ ജനതയെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന നയം തന്നെയാണ് പ്രവാചകന്‍ പിന്തുടര്‍ന്നത്. അതിന് വിപുലമായ സംവിധാനങ്ങളും ഒരുക്കി. യമനി ജനതയിലേക്ക് ഇസ്‌ലാം ആഴ്ന്നിറങ്ങാന്‍ അതാണ് മാര്‍ഗമെന്നും കരുതി. യമനികളെക്കുറിച്ച് പ്രവാചകന് നല്ല മതിപ്പായിരുന്നു ('വിവേകം യമനിയാണ്, വിശ്വാസം യമനിയാണ്' പോലുള്ള പ്രവാചക വചനങ്ങള്‍ ഉദാഹരണം. ബുഖാരി 61/1, 64/74, 68/25 റിപ്പോര്‍ട്ട് ചെയ്തത്). ഇതിലേക്ക് നാം പിന്നീട് വരുന്നുണ്ട്.

ഇക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച പേര്‍ഷ്യക്കാരെക്കുറിച്ച് ചില വിശദാംശങ്ങള്‍ ഇവിടെ നല്‍കേണ്ടതുണ്ട്. മദീനയില്‍ ഒരു പേര്‍ഷ്യക്കാരനുണ്ടായിരുന്നു. പേര് സല്‍മാന്‍. പ്രവാചകാഗമനത്തിനു മുമ്പ്, ഒരു സാഹസിക യാത്രക്കിടെ ഇദ്ദേഹത്തെ ഒരു അറബ്‌ഗോത്രം തടവുകാരനാക്കുകയും മദീനയിലെ ഒരു ജൂതന് അടിമയാക്കി വില്‍ക്കുകയുമായിരുന്നു. ഹി. 4-ാം വര്‍ഷം ഈ പേര്‍ഷ്യക്കാരന്‍ പ്രവാചകനെ കാണാനായി വന്നു.16 ഇസ്‌ലാം സ്വീകരിച്ച ശേഷം അദ്ദേഹം പ്രവാചകനോട് അഭ്യര്‍ഥിച്ചു- തന്നെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാന്‍ സഹായിക്കണം. സല്‍മാനെ മോചിപ്പിക്കണമെങ്കില്‍ തന്റെ ഉപാധികള്‍ അംഗീകരിക്കണമെന്ന് യജമാനനായ ജൂതന്‍ വ്യവസ്ഥ വെച്ചു. താന്‍ പറയുന്നത്ര സ്വര്‍ണം തനിക്ക് നല്‍കണം. പിന്നെ ചെറുപ്രായത്തിലുള്ള കുറച്ചധികം ഈത്തപ്പന മരങ്ങളും നല്‍കണം. ഈത്തപ്പന മരങ്ങള്‍ കായ്ച്ചു തുടങ്ങിയാലേ സല്‍മാന്‍ മോചിതനാകൂ എന്നൊരു വ്യവസ്ഥ കൂടി ഉണ്ടായിരുന്നു. ബനൂ സുലൈമിന്റെ സ്വര്‍ണഖനിയില്‍നിന്ന് ലഭിച്ച സകാത്ത് വിഹിതം പ്രവാചകന്‍ ഇതിനു വേണ്ടി നീക്കിവെച്ചു. ചെറുപ്രായത്തിലുള്ള ഈത്തപ്പന മരങ്ങള്‍ ഒരു വര്‍ഷത്തിനകം തന്നെ പഴങ്ങള്‍ നല്‍കിത്തുടങ്ങി എന്ന അത്ഭുതവും സംഭവിച്ചു. അങ്ങനെ സല്‍മാന്‍ വീണ്ടും സ്വതന്ത്രനായി; പ്രവാചകന്റെ ഏറ്റവുമടുത്ത അനുചരന്മാരിലൊരാളും. ഹിജ്‌റ അഞ്ചാം വര്‍ഷം അഹ്‌സാബ് യുദ്ധവേളയില്‍, സല്‍മാന്റെ നിര്‍ദേശപ്രകാരമായിരുന്നല്ലോ ചുറ്റും വലിയ കിടങ്ങുകള്‍ (ഖന്‍ദഖ്) കുഴിക്കാന്‍ മുസ്‌ലിം സൈന്യം തീരുമാനിച്ചത്. ആ സമയത്ത് പ്രവാചകന്‍ ഒരു പ്രഖ്യാപനം നടത്തുന്നുണ്ട്: 'സല്‍മാന്‍ നമ്മില്‍പെട്ടവനാണ്, നമ്മുടെ കുടുംബത്തില്‍പെട്ടവനാണ്' (ഇബ്‌നു ഹിശാം, പേ: 677). സല്‍മാനെക്കുറിച്ചുള്ള നിയമജ്ഞന്‍ സറഖ്ശി17യുടെ ഒരു വിവരണം കൂടുതല്‍ താല്‍പര്യജനകമാണ്. അതിങ്ങനെ: 'സല്‍മാന്റെ സ്വന്തം ആളുകളായ പേര്‍ഷ്യക്കാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഒരു ആവശ്യം ഉണര്‍ത്തി. നമസ്‌കാരത്തില്‍ പാരായണം ചെയ്യേണ്ടതാണല്ലോ ഖുര്‍ആനിലെ അല്‍ഫാതിഹ അധ്യായം. അത് പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുതരണം. അറബി അറിയാത്ത തങ്ങള്‍ക്ക് അത് പാരായണം ചെയ്യാമല്ലോ. പറഞ്ഞതുപ്രകാരം സല്‍മാന്‍ ഫാതിഹ അധ്യായം വിവര്‍ത്തനം ചെയ്തുകൊടുത്തയച്ചു. അറബി ടെക്സ്റ്റ് പഠിക്കുന്നതുവരെ അവര്‍ ഈ വിവര്‍ത്തന പാഠമാണ് ഉപയോഗിച്ചിരുന്നത്.' മറ്റൊരു റിപ്പോര്‍ട്ട്18 പ്രകാരം, വിവര്‍ത്തനം ചെയ്ത ഫാതിഹ അധ്യായം സല്‍മാന്‍ ആദ്യം പ്രവാചകനെ കാണിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ എതിരൊന്നും പറയാതിരുന്നതിനാല്‍ വിവര്‍ത്തനം ചെയ്ത ഭാഗം തന്റെ പേര്‍ഷ്യന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇത് അയച്ചുകൊടുത്തത് യമനിലെ അബ്‌നാഅ് എന്ന പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ക്കാണോ, ബഹ്‌റൈനിലെ (അഹ്‌സാ)യോ ഉമാനിലെയോ പേര്‍ഷ്യന്‍ വംശജര്‍ക്കാണോ എന്ന കാര്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, ഒരുകാര്യം ഉറപ്പാണ്. അറബി അക്ഷരങ്ങള്‍ പഠിക്കുന്നതു വരെ അനറബി വിശ്വാസികള്‍ക്ക് താല്‍ക്കാലികമായി വിവര്‍ത്തിത ഭാഗങ്ങള്‍ നമസ്‌കാരത്തില്‍ ചൊല്ലാന്‍ അനുവാദം ലഭിച്ചിരുന്നു.

പ്രവാചക ജീവിതത്തിന്റെ അവസാന കാലത്ത്, അദ്ദേഹത്തിന് അനിഷ്ടകരമായ ചില സംഭവങ്ങളുമുണ്ടായി. പ്രവാചകത്വവുമായി അവിടെയുമിവിടെയും ചിലര്‍ തലപൊക്കിയതാണ് അതിനു കാരണം. അത്തരം പ്രവാചകത്വവാദികളില്‍ ഒരാളായിരുന്നു അല്‍ അസ്‌വദ് (അയാളുടെ യഥാര്‍ഥ പേര് അബ്‌ലഹതു ബ്‌നു കഅ്ബ് ദുല്‍ഹിമാര്‍).19

മദ്ഹിജ് ഗോത്രത്തിന്റെ അംഗീകാരവും അയാള്‍ക്ക് ഉണ്ടായിരുന്നു. നജ്‌റാന്‍ നിവാസികളും അയാള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇയാള്‍ സ്വന്‍ആ നഗരം കീഴടക്കുക വരെ ചെയ്തു. അതിനിടക്കാണ് അല്‍ അസ്‌വദ് ഒരു പേര്‍ഷ്യക്കാരനെ കൊലപ്പെടുത്തുകയും അയാളുടെ അസാദ് എന്ന പേരുള്ള ഭാര്യയെ സ്വന്തമാക്കുകയും ചെയ്തത്. ഈയവസരത്തില്‍ പ്രവാചകന്‍ തമീം, ഖൈസ് പോലുള്ള നിരവധി ഗോത്രങ്ങളിലെ മുഖ്യന്മാര്‍ക്ക് യമനിലെ മുസ്‌ലിംകളെ സഹായിക്കണമെന്ന ആവശ്യവുമായി കത്തെഴുതുകയുണ്ടായി. 'നജ്‌റാനില്‍ താമസിക്കുന്ന അറബികള്‍ക്കും അനറബികള്‍ക്കും' എന്നായിരുന്നു കത്തിലെ അഭിസംബോധന. അസാദ് വിശ്വാസദാര്‍ഢ്യമുള്ള മുസ്‌ലിം യുവതിയായിരുന്നു. തന്നെ ബലാല്‍ക്കാരം പിടിച്ചുകൊണ്ടു വന്ന അല്‍ അസ്‌വദിനെ വധിക്കുന്നതിനായി എല്ലാവിധ സഹായവും അവര്‍ അന്നാട്ടിലെ മുസ്‌ലിംകള്‍ക്ക് നല്‍കുകയുണ്ടായി. അല്‍ അസ്‌വദ് വധിക്കപ്പെട്ട വിവരം മദീനയില്‍ എത്തുമ്പോള്‍ പ്രവാചകന്‍ മരണക്കിടക്കയിലായിരുന്നു. അദ്ദേഹത്തിന്റെ അവസാന സന്തോഷങ്ങളിലൊന്നായിരുന്നു ഈ വാര്‍ത്ത. അല്‍ അസ്‌വദിനെതിരെ അണിനിരന്ന പേര്‍ഷ്യന്‍ വ്യക്തിത്വങ്ങളില്‍ ആമിറുബ്‌നു സഹ്ര്‍, ഫിറൂസ്, ദാസൂഹ് തുടങ്ങിയ പ്രമുഖരെ നാം കാണുന്നുണ്ട്. ഈ വിശ്വാസി സമൂഹത്തെയെല്ലാം മദീനയില്‍നിന്നുള്ള നിര്‍ദേശപ്രകാരം തന്റെ പിന്നില്‍ അണിനിരത്താന്‍ പിന്നീട് യമന്‍ ഗവര്‍ണറായി നിയോഗിക്കപ്പെട്ട മുആദുബ്‌നു ജബലിന് സാധിക്കുകയുണ്ടായി.20  

(തുടരും)

 

 

കുറിപ്പുകള്‍

1. Le regne- conjoint (1953)എന്ന എന്റെ ലേഖനം

2. ഇബ്‌നു ഹബീബ് മുഹബ്ബറില്‍ ഉദ്ധരിച്ചത്, പേ: 265-266

3. ഇബ്‌നു സിദാഹ് - മുഖസ്സ്വസ് 9/140

4. ലിസാനുല്‍ അറബ്

5. അതേ കൃതി

6. എന്റെ വസാഇഖ്, No: 76

7. ഇബ്‌നു സഅ്ദ് I/ii, പേ: 18

8. താരീഖ് ത്വബരി, I, 197778

9. അബൂഉബൈദ് - കിതാബുല്‍ അംവാല്‍ No: 54

10. താരീഖ് ത്വബരി I, 1977

11. വസാഇഖ് No: 55

12. ഇസ്തംബൂളിലെ എക്‌സി സര്‍ക്ക് മുസേസി (മ്യൂസിയം)യത്തില്‍ 7515-ാം നമ്പര്‍ ലിഖിതത്തില്‍ ഗതറത്തും (അബ്‌സീനിയന്‍ രാജാവ്) യദാദും (ഹദര്‍ മൗത്ത് രാജാവ്) തമ്മിലുള്ള കരാറിനെക്കുറിച്ച ഒരു സാബിയന്‍ രേഖ കാണാം.

13. അബ്‌സീനിയക്കാര്‍ ആദ്യം യമന്‍ കൈയടക്കിയത്, ജാക്വിസ് റെയ്കമന്‍സിന്റെ അഭിപ്രായത്തില്‍, ക്രി. 370-ല്‍ ആണ്. രണ്ടാമത്തേത് ക്രി. 525-ലും.

14. ഖുര്‍ആന്‍ 110/1-3

15. ത്വബരി I, 19778

16. സല്‍മാന് അറബി അറിയുമായിരുന്നില്ല. അദ്ദേഹം പ്രവാചകന്റെ അടുത്ത് വന്നപ്പോള്‍ പരിഭാഷകനായി ജൂതനും ഒപ്പമുണ്ടായിരുന്നു. താന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയാറാണെന്ന് സല്‍മാന്‍ അറിയിച്ചപ്പോള്‍ ജൂതന്‍ അത് തെറ്റായി പരിഭാഷപ്പെടുത്തി വഞ്ചിക്കുകയാണ് ചെയ്തത്. സത്യസ്ഥിതി അറിയിച്ചുകൊണ്ട് അപ്പോള്‍ തന്നെ പ്രവാചകന് ദിവ്യബോധനം ലഭിക്കുകയും ചെയ്തു (സറഖ്ശി- മബ്‌സൂത്വ്, XVI, 89)

17. മബ്‌സൂത്വ്, I, 37

18. ഫരീദ് വജ്ദിയുടെ പുസ്തകം - അല്‍ അദില്ലതുശ്ശറഇയ്യ അലാ ജവാസി തര്‍ജുമതി മആനില്‍ ഖുര്‍ആന്‍ ഇലല്ലുഗത്തില്‍ അജ്‌നബിയ്യ.

19. ദുല്‍ഹിമാര്‍ എന്ന പേര് ('കഴുതയുടെ യജമാനന്‍' എന്നര്‍ഥം) വീഴാന്‍ കാരണമുണ്ട്. ഇയാള്‍ക്ക് ഒരു കഴുതയുണ്ടായിരുന്നു. പലതരം ചെപ്പടിവിദ്യകളും അയാള്‍ ആ കഴുതയെ അഭ്യസിപ്പിച്ചിരുന്നു. ഇക്കാര്യം മസ്ഊദി (തന്‍ബീഹ്, പേ: 277) വ്യക്തമാക്കുന്നുണ്ട്.

20. ത്വബരി, താരീഖ് I, 1852

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌