Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

ഗോത്വ: ബശ്ശാറിന്റെ പുതിയ കശാപ്പുശാല

റഹീം ഓമശ്ശേരി

കഴിഞ്ഞ വര്‍ഷമാണ് അലപ്പോയെന്ന സിറിയയിലെ ഏറ്റവും സുപ്രധാനമായ നഗരിയെ ബശ്ശാറുല്‍ അസദിന്റെ സൈന്യം രാസായുധം ഉപയോഗിച്ച് ചതച്ചരച്ചത്. ഈ പ്രദേശം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്നായി മാറിയിരിക്കുന്നു. അലപ്പോയില്‍ നാലര മില്യന്‍ ജനങ്ങളാണ് ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണിത്. വിമതരുടെ കേന്ദ്രമാണെന്ന് മുദ്രകുത്തി രാസായുധങ്ങള്‍ പ്രയോഗിച്ച് നഗരത്തെ തകര്‍ക്കുകയായിരുന്നു. ജീവനില്ലാത്ത കെട്ടിടങ്ങള്‍ മാത്രമല്ല ജീവനുള്ള സര്‍വവും നശിപ്പിക്കപ്പെടുകയായിരുന്നു. ജീവിച്ചിരിക്കുന്നവര്‍ ഒന്ന് മരിച്ചുകിട്ടിയെങ്കില്‍ എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. അന്നപാനീയങ്ങള്‍ പോലും ലഭ്യമല്ല. ഒരു നേരത്തെ റൊട്ടിക്കഷ്ണത്തിന് മണിക്കൂറുകളോളം റൊട്ടിക്കടക്ക് മുന്നില്‍ കാത്തിരിക്കണം. അതിനു പോലും കഴിയാതെ മരണപ്പെടുന്നവര്‍ നിരവധി. 

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2016 ഡിസംബറില്‍ അലപ്പോയില്‍ നടന്നത്. മനുഷ്യന്‍ അധികാരത്തിനു വേണ്ടി പിശാചിനേക്കാള്‍ അധഃപതിക്കുന്ന കാഴ്ച. എന്നാല്‍ അലപ്പോയില്‍ കണ്ടതിനേക്കാള്‍ ക്രൂരവും പൈശാചികവുമായ നരമേധമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കന്‍ ഗോത്വ നഗരത്തില്‍ നടക്കുന്നത്. പേനയെടുത്ത് ഒരാള്‍ക്കും പകര്‍ത്താന്‍ കഴിയാത്ത, വാക്കുകളില്‍ ഒരാള്‍ക്കും വിവരിക്കാന്‍ കഴിയാത്ത, ഒരു ക്യാമറാമാനും കണ്ണുനീരോടെയല്ലാതെ പകര്‍ത്താന്‍ കഴിയാത്ത ചിത്രങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സ്വര്‍ഗത്തിലെ പവിഴമുത്തുകളായി ഖുര്‍ആന്‍ വിശേഷിപ്പിച്ച പിഞ്ചു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക് ഒരു തുള്ളി വെള്ളമെങ്കിലും തരുമോയെന്ന് യാചിച്ച് നടക്കുന്നു. ഇക്കഴിഞ്ഞ ദിവസം പന്ത്രണ്ടു വയസ്സ് മാത്രം പ്രായമായ ഒരു പെണ്‍കുട്ടിയുടേതായി വന്ന കരളലിയിക്കുന്ന കദന കഥ ഇവിടെ എഴുതാന്‍ കഴിയുന്നതല്ല. ആ പെണ്‍കുട്ടിയടെ ചില വാക്കുകള്‍ ഇവിടെ പകര്‍ത്തുക മാത്രം ചെയ്യുന്നു: 'ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ എന്തെങ്കിലും എത്തിച്ചുതരുമോ നിങ്ങള്‍? ഞങ്ങള്‍ ഇവിടെ ഏതോ ഒരു ഗര്‍ത്തത്തില്‍ ഒളിച്ചിരിക്കുകയാണ്. എവിടെയും ബോംബുകളുടെ പേമാരിയാണ്. പുറത്തേക്കുവരാന്‍ ഞങ്ങള്‍ക്ക് പേടിയാണ്. എത്രയാണ് ഞങ്ങള്‍ അനുഭവിക്കേണ്ടത്. താങ്ങാവുന്നതിനപ്പുറം അനുഭവിച്ചു. ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. മണ്ണിലും കല്ലിലും കിടന്ന് ഞങ്ങള്‍ക്ക് ശരീരം വേദനിക്കുന്നു. അവശ്യസാധനങ്ങളെടുക്കാന്‍ ഒന്ന് പുറത്തു പോയാല്‍ ബോംബ് ഞങ്ങളെ ഛിന്നഭിന്നമാക്കും. വിശന്ന് മരിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് ഇവിടെ ഏറെയും. ഇനിയും ഞങ്ങളില്‍നിന്ന് എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അറബ്-അനറബ് ലോകമേ, ഞങ്ങളുടെ വിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ? എല്ലാവരും എന്താ ഞങ്ങളെ അവഗണിക്കുന്നത്? ശപിക്കപ്പെട്ട ബശ്ശാറിന് ഞങ്ങളെ എറിഞ്ഞുകൊടുക്കുന്നത് എന്തിനാണ്? റഷ്യക്കെന്ത് കിട്ടും ഞങ്ങളെ കൊന്നിട്ട്? എന്തിന് ഞങ്ങളോട് ഇത്രയും ക്രൂരത കാട്ടുന്നു? ഞങ്ങള്‍ അല്ലാഹുവിനെ കൈവിടില്ല. അവന്‍ ഞങ്ങളോടൊപ്പമുണ്ട്.' ഈ കുട്ടിയുടെ രോദനം ലോകജനതയെ കണ്ണ് തുറപ്പിക്കുമോ? ഒന്നും ഉറപ്പിച്ചു പറയാനാകില്ല. അത്രമേല്‍ മനുഷ്യത്വം മരവിച്ച ഒരു ലോകമാണ് നമ്മുടെ മുന്നില്‍.

കിഴക്കന്‍ ഗോത്വ ദുന്‍യാവിലെ സ്വര്‍ഗമെന്ന് വിഷേശിപ്പിക്കപ്പെട്ട നഗരമാണ്. പൂങ്കാവനങ്ങളുടെ നഗരിയെന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. അത്രയധികം തോട്ടങ്ങളും ഉദ്യാനങ്ങളും നിറഞ്ഞതാണ് ഈ നഗരി. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയാണിതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ജല ലഭ്യത ഏറെയുള്ളിനാല്‍ നിരവധി പഴവര്‍ഗങ്ങളും കൃഷിയിടങ്ങളും ഇവിടെയുണ്ട്. പതിനെട്ട് മൈല്‍ ചുറ്റളവിലുള്ള ഈ നഗരി തോട്ടങ്ങളുടെ പറുദീസ തന്നെയാണ്. നാല് ഭാഗവും മാമലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നിരവധി നദികളാണ് ഗോത്വയെ വലയം വെച്ച് ഒഴുകുന്നത്. ഇസ്‌ലാമിക ചരിത്രത്തിലും സുപ്രധാന ഇടമുണ്ട് ഗോത്വക്ക്. നബി(സ)യുടെ പ്രിയ പുത്രി സൈനബ് (റ) അവസാന കാലത്ത് ഇവിടെയാണ് കഴിച്ചുകൂട്ടിയത്. അവരുടെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെ. പ്രമുഖ സ്വഹാബി വര്യന്മാരായ സഅ്ദുബ്‌നു ഉബാദ, മുദ്‌രികു ബ്‌നു സിയാദ് അല്‍ഫറാസി, അബ്ദുല്ലാഹിബ്‌നു സലാം എന്നിവരുടെ ഖബ്‌റുകളും ഇവിടെ തന്നെയാണ്. ഈ നഗരമാണ് ഇന്ന് ബശ്ശാറുല്‍ അസദിന്റെ സൈന്യം തുണ്ടം തുണ്ടമാക്കുന്നത്. കുട്ടികളും വൃദ്ധന്മാരും സ്ത്രീകളുമെല്ലാം ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടവരെ കെട്ടിപ്പിടിച്ച് അലമുറയിടുന്ന കരളലയിപ്പിക്കുന്ന രംഗമാണ് എവിടെയും. 

ഇവിടെ നിന്ന് കഴിഞ്ഞ ദിവസം അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ നമ്മള്‍ മലയാളികള്‍ക്ക് കേള്‍ക്കാനോ കാണാനോ കഴിയാത്തതാണ്. എണ്‍പത് കഴിഞ്ഞ പടുവൃദ്ധനായ ഒരു മനുഷ്യന്‍ തന്റെ ഏക ആശ്രയമായ മകന്റെയും ചെറുമകന്റെയും ചേതനയറ്റ ശരീരം മടിയില്‍ വെച്ച് നടത്തുന്ന ഒരു പ്രാര്‍ഥന കഴിഞ്ഞ ദിവസം അല്‍ജസീറ പുറത്തുവിട്ടിരുന്നു; 'നാഥാ, എനിക്കുള്ള എല്ലാ സഹായവും ഇതാ നിലച്ചിരിക്കുന്നു. ഇവര്‍ക്ക് പകരമായി എന്നെ എടുക്കാമായിരുന്നില്ലേ? എനിക്കിനി ആരാണുള്ളത്? എന്നെ ഇനിയും ഇങ്ങനെ വിട്ടേച്ചതെന്തിന്.' ആ വന്ദ്യ പിതാവിന്റെ രോദനം കണ്ടവര്‍ക്ക് കണ്ണുനീര്‍ തുടക്കാതിരിക്കാന്‍ കഴിയില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌