Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

ഹായികും ഹക്‌വാത്തിയും അള്‍ജീരിയയില്‍ തിരിച്ചെത്തുമ്പോള്‍

അബൂസ്വാലിഹ

അള്‍ജീരിയന്‍ സ്ത്രീകളുടെ ഒരു പരമ്പരാഗത വസ്ത്രധാരണ രീതിയാണ് ഹായിക്. ആധുനികതയുടെയും ഉത്തരാധുനികതയുടെയുമൊക്കെ തള്ളിക്കയറ്റത്തില്‍ അന്യം നിന്നുപോയ ഈ വസ്ത്രം പതുക്കെ പതുക്കെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. നമ്മുടെ തട്ടം പോലെ ഒരു വസ്ത്രമാണിത്. നിറം പൊതുവെ വെള്ളയായിരിക്കും. തലയും മുഖവും ശരീരം മുഴുവനും മറയ്ക്കാന്‍ ആ തട്ടം മതിയാവും. അള്‍ജീരിയയില്‍ മാത്രമല്ല, അറേബ്യന്‍ മഗ്‌രിബ് എന്ന് വിളിക്കപ്പെടുന്ന വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം ചില്ലറ മാറ്റങ്ങളോടെ ഈ വസ്ത്രധാരണ രീതി നിലനില്‍ക്കുന്നുണ്ടായിരുന്നു. കസാ, മുല്‍ഹിഫ, സഫ്‌സാരി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മണവാട്ടി വേഷമായും ഹായിക് തിരിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്.

മുസ്‌ലിം സ്‌പെയിനിലെ നാടോടി ഗാനങ്ങളില്‍ ഹായിക് ധരിച്ച സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ച് എമ്പാടും വര്‍ണനകളുണ്ട്. അവിടെ നിന്നാണ് ഈ വസ്ത്രധാരണ രീതി പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഗ്‌രിബ് രാജ്യങ്ങളില്‍ പ്രചാരം നേടിയത്. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് പോരാളികള്‍ക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്താന്‍ ഹായിക് പ്രയോജനപ്പെട്ടിരുന്നു. വളരെ കൂടുതല്‍ നീളവും വീതിയുമുള്ള ഈ 'തട്ട'ത്തില്‍ ഒരു വിധം ആയുധങ്ങളൊക്കെ ഒളിച്ചുവെക്കാന്‍ പറ്റും. ഫ്രഞ്ച് സാംസ്‌കാരിക കടന്നാക്രമണത്തില്‍ ഹായിക് എന്ന പൈതൃകവും വിസ്മൃതിയിലാവുകയായിരുന്നു.

ഹായിക് പോലെ അള്‍ജീരിയന്‍ പൊതുജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ഹക്‌വാത്തിയും. നമ്മുടെ ചാക്യാര്‍കൂത്തും തെരുവു നാടകവുമെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു കലാരൂപമാണിത്. ഹക്‌വാത്തി എന്നാല്‍ കഥ പറച്ചില്‍ എന്നാണ് അര്‍ഥം. മുന്‍കാലങ്ങളില്‍, പ്രത്യേകിച്ച് ഫ്രഞ്ച് അധിനിവേശക്കാലത്ത് (1830-1962) ഓരോ ദിവസവും ചന്തകള്‍ നടക്കാറുണ്ടായിരുന്നു അള്‍ജീരിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും. ചന്ത നടക്കുന്ന ദിവസത്തിന്റെ പേരിലാണ് അത് അറിയപ്പെടുക. വെള്ളിയാഴ്ച ചന്ത, ഞായാറാഴ്ച ചന്ത പോലെ. ഈ ചന്തകളില്‍ വെച്ചാണ് കഥ പറച്ചില്‍. പറയുന്നത് ഒരു നാടോടിക്കഥയോ മറ്റോ ആയിരിക്കും. പക്ഷേ, കൃത്യമായ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ അതില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവും. സാംസ്‌കാരിക പ്രബുദ്ധതയുള്ള പൊതുജനത്തിന് അത് എളുപ്പം പിടികിട്ടുകയും ചെയ്യും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അല്ലാലു, മുഹ്‌യിദ്ദീന്‍ ബാഷ് ത്വാര്‍സി, റസീദ് ഖുസന്‍ത്വീനി, വുല്‍ദ് അബ്ദുര്‍റഹ്മാന്‍ കാകി തുടങ്ങിയവര്‍ തനത് അള്‍ജീരിയന്‍ തിയേറ്ററിന് രൂപം നല്‍കിയത് ഹക്‌വാത്തി എന്ന ജനകീയ കലാരൂപത്തെ ഉപജീവിച്ചാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പറയുന്ന കഥ ചിലപ്പോള്‍ അന്‍തറതുബ്‌നു ശദ്ദാദിന്റേതായിരിക്കും. ജാഹിലീ കവികളില്‍ പ്രമുഖനാണല്ലോ അന്‍തറ. തന്റെ പ്രേമഭാജനത്തെ സ്വന്തമാക്കാന്‍ അന്‍തറ എന്ന കവിയും പോരാളിയും നടത്തുന്ന നിരവധി സാഹസിക കൃത്യങ്ങളുണ്ട്. എത്യോപ്യക്കാരിയായ അടിമസ്ത്രീക്ക് പിറന്നു എന്നതായിരുന്നു അന്‍തറ സാമൂഹികമായി അകറ്റിനിര്‍ത്തപ്പെടാന്‍ കാരണം. അന്‍തറയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അത് തങ്ങളുടെ അടിമത്തത്തെപ്പറ്റിയാണെന്ന് അള്‍ജീരിയക്കാര്‍ക്ക് മനസ്സിലാവും. അതുകൊണ്ടുതന്നെ ഫ്രഞ്ച് അധിനിവേശകര്‍ ഹക്‌വാത്തിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തെരുവു നാടകത്തിന്റെ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ രൂപത്തിലാണ് ഹക്‌വാത്തിയുടെ അവതരണം. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി അള്‍ജീരിയയില്‍ തുടര്‍ക്കഥയായ ഭീകരാക്രമണങ്ങളും ഹക്‌വാത്തി കലാകാരന്മാരെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. കലാകാരന്മാരെയും ഭീകരവാദികള്‍ ഉന്നം വെച്ചിരുന്നു. 

 

 

 

ഫലസ്ത്വീനിലെ ക്രൈസ്തവ സഭകള്‍ ഒറ്റക്കെട്ടായി ചെറുത്തപ്പോള്‍

കിഴക്കന്‍ ജറൂസലമിലെ 'ഉയിര്‍ത്തെഴുന്നേല്‍പ് പള്ളി' ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചു. യേശു ക്രൂശിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്ഥലത്താണ് ഈ ചര്‍ച്ച് നിലകൊള്ളുന്നത് എന്നാണ് വിശ്വാസം. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ക്രൈസ്തവ വിശ്വാസികള്‍ ഈ പുരാതന ദേവാലയത്തിലേക്ക് തീര്‍ഥാടനം നടത്തുന്നതും സ്വാഭാവികം. വിവിധ ക്രൈസ്തവ സഭകള്‍, അറബിയില്‍ കനീസത്തുല്‍ ഖിയാമ എന്നും ഇംഗ്ലീഷില്‍ ഇവൗൃരവ ീള ഒീഹ്യ ടലുൗഹരവൃല എന്നും അറിയപ്പെടുന്ന ഈ പള്ളിയുടെ നടത്തിപ്പില്‍ പങ്കാളികളാണ്. അവരില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചുണ്ട്, റോമന്‍ കത്തോലിക്കാ സഭയുണ്ട്, കോപ്റ്റിക്-സിറിയാക് ഓര്‍ത്തഡോക്‌സ് സഭകളുണ്ട്. ആംഗ്ലിക്കന്‍ ചര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് പള്ളിയുടെ നടത്തിപ്പില്‍ കാര്യമായ റോളൊന്നും ഇല്ലാത്തതിനാല്‍, പ്രൊട്ടസ്റ്റന്റുകാര്‍ പൊതുവെ ജറൂസലമില്‍ തന്നെയുള്ള മറ്റൊരു സ്ഥലത്ത് വെച്ചാണ് യേശു കുരിശിലേറ്റപ്പെട്ടതും ഉയിര്‍ത്തെഴുന്നേറ്റതും എന്ന് വിശ്വസിക്കുന്നു. പൊതുവെ ക്രൈസ്തവ ലോകം ഏറ്റവും പവിത്രമായി കരുതുന്ന ഈ പള്ളിക്ക് നികുതി ചുമത്താനും ചര്‍ച്ച് വില്‍പ്പന നടത്തിയ ഭൂമികള്‍ കണ്ടുകെട്ടാനുമുള്ള ഇസ്രയേലീ ഗവണ്‍മെന്റിന്റെ തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതില്‍ പ്രതിഷേധിച്ച് ചര്‍ച്ചിന്റെ കവാടങ്ങള്‍ മൂന്ന് ദിവസം അടഞ്ഞുകിടന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും, പ്രത്യേകിച്ച് വത്തിക്കാനില്‍നിന്ന് കടുത്ത സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് വിവാദ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സയണിസ്റ്റ് ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.

'ജറൂസലമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ദുര്‍ബലപ്പെടുത്താനുള്ള നീക്കം' എന്നാണ് ചര്‍ച്ച് മേധാവികള്‍ ഇതിനെ വിശേഷിപ്പിച്ചത്. നിയമം തീര്‍ത്തും വിവേചനപരമാണെന്നും ഇരുണ്ട യുഗത്തിലെ യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരെ കൊണ്ടുവന്ന ചില കരിനിയമങ്ങളെ ഇത് ഓര്‍മിപ്പിക്കുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. നികുതി ചുമത്തുന്ന പക്ഷം, ചര്‍ച്ചും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സമുച്ചയങ്ങളും മറ്റും മില്യന്‍ കണക്കിന് ഡോളര്‍ ഗവണ്‍മെന്റിന് നല്‍കേണ്ടിവരും. അറബ് മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല, അറബ് ക്രൈസ്തവര്‍ക്കെതിരെയും വളരെ വിവേചനപരമായ നടപടികളാണ് സയണിസ്റ്റ് ഭരണകൂടം പിന്തുടരുന്നത്. ഇസ്രയേലിനെ തനി ജൂതരാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ചര്‍ച്ച് മേധാവികളും രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നു. പലതരത്തിലുമുള്ള വിവേചന നടപടികളിലൂടെ ഇതര ജനവിഭാഗങ്ങളെ തുരത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫലസ്ത്വീനിലെ ക്രൈസ്തവ ജനസംഖ്യയില്‍ വന്ന വലിയ കുറവ് ഇതിന് തെളിവാണ്. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം രൂപവത്കരിക്കപ്പെടുമ്പോള്‍ ഫലസ്ത്വീനികളില്‍ 20 ശതമാനം ക്രിസ്ത്യാനികളായിരുന്നു. ഇന്ന് പടിഞ്ഞാറേ കരയിലും കിഴക്കന്‍ ഖുദ്‌സിലും ഗസ്സയിലുമായി അവരുടെ ജനസംഖ്യ അര ലക്ഷം മാത്രമാണ്. അതായത് രണ്ട് ശതമാനത്തില്‍ താഴെ. ക്രൈസ്തവ ലോകത്തിന്റെ പുണ്യകേന്ദ്രമായ കിഴക്കന്‍ ജറൂസലമില്‍ പോലും അവരുടെ എണ്ണം അയ്യായിരത്തില്‍ കവിയില്ല. ക്രൈസ്തവ സമൂഹവും അവരുടെ മതസ്ഥാപനങ്ങളും സയണിസ്റ്റ് അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നു എന്നതു തന്നെയാണ് നികുതി ചുമത്തല്‍ പോലുള്ള കടുത്ത നടപടികളിലേക്ക് നെതന്യാഹു ഭരണകൂടം നീങ്ങാന്‍ കാരണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌