Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

സിറിയ കൂട്ടക്കൊലകള്‍ അവസാനിക്കുന്നില്ല

പി.കെ നിയാസ്

സിറിയ ഒരു ആഗോള ദുരന്തമാണ്, അന്താരാഷ്ട്ര സമൂഹത്തിനും മുസ്‌ലിം ലോകത്തിനും മുന്നിലെ ചോദ്യചിഹ്നവും. ഹിംസ്വും ഹമായും അലപ്പോയുമൊക്കെ പിന്നിട്ട് ബശ്ശാറുല്‍ അസദ് എന്ന യുദ്ധക്കുറ്റവാളി നടത്തുന്ന കൂട്ടക്കൊലകള്‍ ഇപ്പോള്‍ ഗൂത്വയില്‍ എത്തിനില്‍ക്കുന്നു. പോരാളികള്‍ കിഴക്കന്‍ ഗൂത്വയുടെ നിയന്ത്രണം ഏറ്റെടുത്ത 2013 മുതല്‍ ഗവണ്‍മെന്റ് സൈന്യത്തിന്റെ ഉപരോധത്തിനു കീഴിലായിരുന്നു നഗരം. അലപ്പോ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വീണ്ടെടുത്തതോടെ റഷ്യന്‍, ഇറാന്‍ സൈനിക പിന്തുണയോടെ കിഴക്കന്‍ ഗൂത്വ തിരിച്ചുപിടിക്കാനുള്ള നീക്കം ജനുവരിയില്‍ തുടങ്ങിയെങ്കിലും ഫെബ്രുവരിയിലാണ് സിവിലിയന്‍ കൂട്ടക്കൊലയിലേക്ക് അത് നീങ്ങാന്‍ തുടങ്ങിയത്. ഭ്രാന്തമായ യുദ്ധമാണ് അസദിന്റെ പട്ടാളം ഗൂത്വയിലും പ്രാന്തപ്രദേശങ്ങളിലും അഴിച്ചുവിട്ടിരിക്കുന്നത്. നൂറിലേറെ കുട്ടികള്‍ ഉള്‍പ്പെടെ 600-ലേറെ സിവിലിയന്മാര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. സിറിയയിലുടനീളം 30 ദിവസത്തെ വെടിനിര്‍ത്തലിന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി പ്രമേയം പാസ്സാക്കിയിട്ടും നിഷ്ഠുരമായ ബോംബിംഗും കൂട്ടക്കൊലയും തുടരുകയാണ്. മാനുഷിക പരിഗണനയെന്ന നിലയില്‍ ഗൂത്വയില്‍ ദിവസവും അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തല്‍ മാത്രമേ ആവശ്യമുള്ളൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തുറന്നു പറയുകയും ചെയ്തു. സൈനിക നടപടികള്‍ ശക്തിപ്പെടുത്താനുള്ള പരസ്യമായ ആഹ്വാനമാണിത്. 

സിറിയയിലെ ആഭ്യന്തര യുദ്ധം മാര്‍ച്ച് മധ്യത്തോടെ എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഏഴു വര്‍ഷത്തെ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. രാജ്യത്തിനകത്ത് ചിതറിക്കിടക്കുന്നവരും അഭയാര്‍ഥികളായി പുറന്തള്ളപ്പെട്ടവരും 61 ലക്ഷം വരുമെന്നാണ് യു.എന്‍ കണക്ക്. യുദ്ധത്തിനു മുമ്പ് സിറിയന്‍ ജനസംഖ്യ രണ്ട് കോടി ഇരുപത് ലക്ഷമായിരുന്നു. ഏതാണ്ട് പകുതി ജനതയും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ അഭയാര്‍ഥികളായി കഴിയുകയോ ചെയ്യുന്നു. 

തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങി അറബ് രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷം തന്നെയാണ് സിറിയയിലും ഉണ്ടായത്. എല്ലായിടങ്ങളിലും സംഭവിച്ചതുപോലെ നിരായുധരായ ജനങ്ങള്‍ അവിടെയും പ്രക്ഷോഭ രംഗത്തിറങ്ങി. എന്നാല്‍ ജനകീയ മുന്നേറ്റത്തെ സൈനികമായി അടിച്ചമര്‍ത്താന്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് തുനിഞ്ഞതോടെ സിറിയന്‍ വിപ്ലവം ചോരയില്‍ മുങ്ങി. മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 2011 ജനുവരി 26-നാണ് സിറിയയില്‍ പ്രഥമ പ്രതിഷേധ സമരം നടന്നത്. തുനീഷ്യയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്ത മുഹമ്മദ് ബൂ അസീസിക്ക് സമാനമായി ഹസന്‍ അലി അക്‌ലഹ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് സമരത്തിന് ഊര്‍ജം പകര്‍ന്നത് സ്വാഭാവികം. ചുവരുകളില്‍ ജനാധിപത്യ അനുകൂല മുദ്രാവാക്യം എഴുതിയതിന് 15 സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത് സിറിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍ മാര്‍ച്ച് 15-ന് വിവിധ നഗരങ്ങളില്‍ ഒരേസമയം ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. 1980-കള്‍ക്കുശേഷം ആദ്യമായി തലസ്ഥാനമായ ദമസ്‌കസ് നഗരം പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അന്നാണ്. ദര്‍ആ നഗരമായിരുന്നു പ്രതിഷേധ സമരങ്ങളുടെ പ്രധാന വേദിയായതെങ്കിലും തുറമുഖ നഗരമായ ലതാകിയ, ഹിംസ്വ്, ഹമാ, ബാനിയാസ്, താര്‍തസ്, ദമസ്‌കസിന്റെ പ്രാന്ത്രപ്രദേശമായ ഹറാസ്ത എന്നിവിടങ്ങളിലും ദിനേന ജനങ്ങള്‍ തെരുവിലിറങ്ങി. 

1982-ല്‍ ഹമായില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തതുള്‍പ്പെടെ എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കി അടിമച്ചമര്‍ത്തി ക്രൂരതയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച പിതാവിന്റെ മകന്‍ അതേ പാത പിന്തുടര്‍ന്നില്ലെങ്കിലേ അത് വാര്‍ത്തയാകൂ. ഹാഫിസുല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തിയെന്ന കുറ്റം ചുമത്തി ഹമാ നഗരം 27 ദിവസം ഉപരോധിച്ച് മുപ്പതിനായിരത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തത്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിക്കുകയും പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു. അധികാരത്തില്‍ 18 വര്‍ഷം പിന്നിടുമ്പോള്‍ ബശ്ശാര്‍ ക്രൂരതയില്‍ പിതാവിനെ കവച്ചുവെച്ചിരിക്കുന്നു.

സിറിയയില്‍ ഓരോ കൂട്ടക്കുരുതി കഴിയുമ്പോഴും ലോകം ഞെട്ടിയുണരുന്നത് കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരം കാഴ്ചയാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലപ്പോ വീണ്ടെടുക്കാനുള്ള സൈനിക നടപടിയില്‍ അറുനൂറിലേറെ പേര്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ നിഷ്ഠുരമായ ബോംബിംഗില്‍ കൊല്ലപ്പെട്ടപ്പോഴും അന്താരാഷ്ട്ര സമൂഹം സടകുടഞ്ഞെഴുന്നേറ്റിരുന്നു. എന്നാല്‍, വാഷിംഗ്ടണും മോസ്‌കോയും മുന്‍കൈയെടുത്ത് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് അസദിന്റെ സൈന്യം നടത്തിവന്ന താണ്ഡവം ആശുപത്രികളെപ്പോലും വെറുതെ വിട്ടില്ല. അപ്പോഴും കുഞ്ഞുങ്ങളായിരുന്നു പ്രധാന ഇരകള്‍. 

2015-ല്‍ സിറിയന്‍ പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി മുറിവേറ്റിരുന്ന റഷ്യയുടെ യുദ്ധനായകന്‍ ബ്രിഗേഡിയര്‍ ജനറല്‍ സുഹൈല്‍ അല്‍ ഹസ്സനാണ് ഗൂത്വയിലെ മനുഷ്യക്കുരുതിയില്‍ നേര്‍ക്കുനേര്‍ പങ്കുവഹിക്കുന്നത്. അസദിന്റെ ഏറ്റവും അടുത്തയാളായ സുഹൈലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രത്യേക മെഡലും ലഭിച്ചിട്ടുണ്ട്. സുഹൈലിന്റെ വ്യക്തിഗത സുരക്ഷക്ക് പുടിന്‍ നേരിട്ടു തന്നെ പ്രത്യേക ഗാര്‍ഡുകളെ അയച്ചുകൊടുത്തിട്ടുണ്ട്. സുഹൈല്‍ നേതൃത്വം നല്‍കുന്ന ഗൂത്വയിലെ ടൈഗര്‍ ഫോഴ്‌സിനെ ആയുധമണിയിക്കുന്നത് റഷ്യ നേരിട്ടാണ്. ടി 90 ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും നിര്‍ബാധം വിതരണം ചെയ്യുന്നു. സുഹൈലിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുണ്ടെന്ന് പടിഞ്ഞാറന്‍ സിറിയയിലെ റഷ്യന്‍ താവളമായ ഹെമെയ്മിലെ സൈനിക വക്താവ് അലക്‌സാണ്ടര്‍ ഇവാനോവ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ കുറിച്ചിട്ടിരിക്കുന്നു. കിഴക്കന്‍ ഗൂത്വയിലെ കമാണ്ട് സെന്ററില്‍ സുഹൈല്‍ ഹസ്സനോടൊപ്പം നിരവധി റഷ്യന്‍ സൈനിക ജനറല്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസദ് ഭരണകൂടത്തെ അനുകൂലിക്കുന്ന ഒരു വെബ്‌സൈറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇറാന്റെ സൈനിക വിംഗുകളായ റെവല്യൂഷനറി ഗാര്‍ഡ്, ബാസിജ് മിലീഷ്യ എന്നിവ നേരിട്ട് സിറിയയില്‍ യുദ്ധം ചെയ്യുന്നുണ്ട്. ഇതിനു പുറമെ തങ്ങളുടെ പ്രോക്‌സികളായ ഹിസ്ബുല്ല, ലിവാഅ് ഫാത്വിമിയ്യൂന്‍, ഹര്‍കത്തുന്നുജാബാഅ് എന്നീ മിലീഷ്യകള്‍ക്കും ഇറാന്‍ സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കിവരുന്നു. മൂന്നു ലക്ഷ്യങ്ങളാണ് സിറിയയില്‍ അസദിനെ നിലനിര്‍ത്തുക വഴി ഇറാന്റെ മുന്നിലുള്ളത്. അതില്‍ ഒന്നാമത്തേത് ശീഈസത്തിന്റെ വ്യാപനമാണ്. അറബ് ലോകത്ത് നുഴഞ്ഞുകയറാന്‍ ഇറാന്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പതനത്തോടെ അവര്‍ ആദ്യ വിജയം നേടി. യമനില്‍ ഹൂതികളുടെ സമാന്തര ഭരണം സ്ഥാപിച്ച തെഹ്‌റാന്‍, ഹിസ്ബുല്ലയെന്ന മിലീഷ്യ വഴി നേരത്തേതന്നെ ലബനാനില്‍ പിടിമുറുക്കിയിരുന്നു. ഭൂരിപക്ഷം സുന്നികളായ സിറിയയില്‍ അവര്‍ക്ക് മേധാവിത്വമുള്ള ഭരണം ഒരു നിലക്കും അംഗീകരിക്കാന്‍ ഇറാന്‍ തയാറല്ല. ശീഈസത്തിലെ ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍പെട്ട ബശ്ശാറുല്‍ അസദിനെ ഏതു വിധേനയും നിലനിര്‍ത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. അസദിനെ നിലനിര്‍ത്തിയാലേ ഗള്‍ഫിലെ സുന്നി അധികാരികള്‍ക്കെതിരെ കൗണ്ടര്‍ ബാലന്‍സിംഗ് ഉണ്ടാകൂവെന്ന് ഇറാന്‍ മനസ്സിലാക്കുന്നു. ബഹ്‌റൈനില്‍ ശീഈ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഇറാന് സിറിയയിലെ ഏകാധിപത്യ ഭരണകൂടം നടത്തിവരുന്ന മനുഷ്യവേട്ടയെക്കുറിച്ച് മിണ്ടാട്ടമില്ല. 73 ശതമാനം വരുന്ന സുന്നികളെ 12 ശതമാനം മാത്രം വരുന്ന ശീഈകള്‍ കൂട്ടക്കൊല ചെയ്യുകയാണ് സിറിയയില്‍.

രണ്ടാമതായി, ഇസ്രയേലിനെ നേരിടാന്‍ കരുത്തുള്ള ഹിസ്ബുല്ലക്ക് ആയുധമെത്തിക്കാന്‍ സിറിയയില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള ഭരണകൂടം അനിവാര്യമാണെന്ന് ഇറാന് അറിയാം. ലബനാന്റെ നിലനില്‍പ് പോലും ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണെന്നത് രഹസ്യമല്ല. രാഷ്ട്രത്തിന്റെ ഔദ്യോഗിക സൈന്യത്തെ വെല്ലുന്ന ഹിസ്ബുല്ല മിലീഷ്യയാണ് ഇസ്രയേലിന്റെ പുതിയ അധിനിവേശങ്ങളെ തടഞ്ഞുനിര്‍ത്തുന്നത്. ദക്ഷിണ ലബനാനില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ കെട്ടുകെട്ടിച്ചതും ഹിസ്ബുല്ലയായിരുന്നല്ലോ.

ഇതിന്റെയൊക്കെ ഫലമായി മിഡിലീസ്റ്റിലെ ഏറ്റവും വലിയ സൈനിക ശക്തിയായി മാറുകയെന്നതാണ് ആത്യന്തികമായി ഇറാന്‍ ലക്ഷ്യമിടുന്നത്. റഷ്യയും ചൈനയുമായുള്ള ഊഷ്മള ബന്ധവും വിവിധ അറബ് ഭരണകൂടങ്ങളുടെ മേലുള്ള നിയന്ത്രണവും ഒരു പരിധിവരെ ഇറാന് മേല്‍ക്കൈ നല്‍കിയിട്ടുണ്ട്. യമനിലെ ഹൂതി മിലീഷ്യകളെ ആയുധമണിയിക്കുന്നതിന്റെ പേരില്‍ ഇറാനെ അപലപിക്കുന്ന യു.എന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി തെഹ്‌റാനെതിരെ യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തത് ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ്.

പോരാളി സംഘടനകള്‍ക്കിടയിലെ ഐക്യമില്ലായ്മയാണ് അസദിനെതിരായ പോരാട്ടങ്ങള്‍ സമ്പൂര്‍ണ ലക്ഷ്യം കാണാതെ പോയതിന് പ്രധാന കാരണം. അമേരിക്ക നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് മുതല്‍ ഇസ്‌ലാമിക പോരാളി സംഘടനകള്‍ വരെ പരസ്പരം പോരടിക്കുന്നതില്‍ മുന്നിലായിരുന്നു. മൂന്നു വര്‍ഷത്തോളം സമാന്തര ഭരണം നടത്തിയ ശേഷം റഖയില്‍നിന്ന് പിഴുതെറിയപ്പെട്ടെങ്കിലും, ഐ.എസ്  ചില പോക്കറ്റുകളില്‍ ഇന്നും ആധിപത്യം പുലര്‍ത്തുന്നു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന അഫ്‌റിന്‍ ഉള്‍പ്പെടെ വലിയൊരു മേഖല കൈയടക്കി വെച്ചിരിക്കുന്നത് അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് വൈ.പി.ജി മിലീഷ്യകളാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളായി തുര്‍ക്കിയില്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ)യുടെ നിയന്ത്രണത്തിലുള്ളതാണ് വൈ.പി.ജിയെന്ന് അങ്കാറ ആരോപിക്കുന്നു. സിറിയക്കകത്തെ വൈ.പി.ജി കേന്ദ്രങ്ങള്‍ക്കുനേരെ തുര്‍ക്കി സൈനിക നടപടികള്‍ തുടരുകയാണ്. കൗതുകകരമെന്നു പറയട്ടെ. കുര്‍ദുകള്‍ മറ്റിടങ്ങളില്‍ അസദിന്റെ സൈന്യത്തിന് ശത്രുക്കളാണങ്കില്‍ അഫ്‌റിനില്‍ തുര്‍ക്കിക്കെതിരെ കുര്‍ദുകളോടൊപ്പം യുദ്ധം ചെയ്യുന്നത് അവരാണ്. ചുരുക്കത്തില്‍ പല യുദ്ധ മുന്നണികളാണ് സിറിയയില്‍ തുറന്നിട്ടിരിക്കുന്നത്.

ലണ്ടനിലെ ഇന്റിപെന്റന്റ് പത്രത്തിന്റെ മിഡിലീസ്റ്റ് റിപ്പോര്‍ട്ടറായി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള റോബര്‍ട്ട് ഫിസ്‌ക്, യുദ്ധഭൂമിയില്‍നിന്ന് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനാണ്. ബശ്ശാറിന്റെ പിതാവ് ഹാഫിസുല്‍ അസദിന്റെ ഭരണത്തില്‍ സിറിയന്‍ ജനത അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ പലതും പുറത്തുകൊണ്ടുവന്നിരുന്ന ഫിസ്‌ക്, ഇപ്പോള്‍ അസദിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരുന്ന, പക്ഷം ചേരാത്ത ഒരു പത്രപ്രവര്‍ത്തകനേക്കാള്‍ റഷ്യന്‍ പ്രോപഗണ്ടയുടെ പ്രചാരകനായാണ് അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്. മറ്റു പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജീവന്‍ വെടിഞ്ഞും അസദിന്റെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വരച്ചുകാട്ടിയപ്പോള്‍ റോബര്‍ട്ട് ഫിസ്‌ക് എല്ലാ കുറ്റവും റിബലുകളുടെ മേല്‍ ചാരുകയാണ്. റിബല്‍ ഗ്രൂപ്പുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നില്ലെന്നല്ല. എന്നാല്‍ ഭരണകൂട ഭീകരതയെയും അതിനെതിരായ ചെറുത്തുനില്‍പിനെയും സമീകരിക്കുന്നതാണ് പ്രശ്‌നം. ലണ്ടനിലെ സണ്‍ഡേ ടൈംസിന്റെ മേരി കോള്‍വിന്‍ സത്യം തുറന്നെഴുതിയതിന് അസദിന്റെ പട്ടാളം ജീവനെടുത്തത് മറക്കാറായിട്ടില്ല.

സിറിയയില്‍ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ആവര്‍ത്തിക്കുന്ന ലോകശക്തികള്‍ പക്ഷേ അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ രണ്ടു തട്ടിലാണ്. അസദിനെ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പരിഹാര ഫോര്‍മുലയെ മാത്രമേ റഷ്യയും ഇറാനും പിന്തുണക്കൂ. ഇക്കാര്യത്തില്‍ ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും ഈ പക്ഷത്തിനൊപ്പമാണ്. അസദിനെ പടിയിറക്കി സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ സിറിയന്‍ ജനത ആഗ്രഹിക്കുന്ന ഭരണകൂടത്തെ ആ നാട്ടില്‍ പ്രതിഷ്ഠിക്കുക എന്നതാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാട്. അസദിനെതിരായ ഏതു നീക്കവും റഷ്യയും ചൈനയും ചേര്‍ന്ന് യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്യുന്നുവെന്നത് ശരി തന്നെ. ഇസ്രയേലിന്റെ സകല കൊള്ളരുതായ്മകളെയും വീറ്റോ എന്ന ആയുധം കൊണ്ട് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ന്യായീകരിക്കുന്ന അമേരിക്കക്ക് ഇക്കാര്യത്തില്‍ റഷ്യയെ വിമര്‍ശിക്കാന്‍ അവകാശമില്ല എന്നതിലും വസ്തുതയുണ്ട്.

ലക്ഷങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുളള സൈനിക നടപടികള്‍ക്ക് എല്ലാ അര്‍ഥത്തിലും ന്യായമുണ്ടായിരുന്നു. എന്നാല്‍ സിറിയക്കെതിരായ പ്രമേയങ്ങള്‍ റഷ്യ വീറ്റോ ചെയ്യുന്നുവെന്ന വാദമുയര്‍ത്തി മിണ്ടാതിരിക്കുകയായിരുന്നു ലോക രാജ്യങ്ങള്‍. ഇറാഖിലും ലിബിയയിലുമൊക്കെ യു.എന്‍ ഇടപെട്ടത് ഇത്തരം ന്യായാന്യായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നോ? മാത്രമല്ല, അസദ് ഭരണകൂടം ഏറ്റവും ശക്തമായ തിരിച്ചടി നേരിട്ട ഘട്ടത്തിലാണ് ആ ഏകാധിപതിക്ക് റഷ്യ സൈനിക പിന്തുണ നല്‍കുന്നത്. അതാകട്ടെ 2015-ലും. അപ്പോഴേക്കും സിറിയന്‍ പ്രശ്‌നം നാലു വര്‍ഷം പിന്നിട്ടിരുന്നു. ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇടപെടുന്നതിനു പകരം അസദിനെതിരെ പട നയിക്കാന്‍ വിവിധ റിബല്‍ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നല്‍കിയതാണ് പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത്. 

രാസായുധം സൂക്ഷിക്കുന്നതും പ്രയോഗിക്കുന്നതും സൈനിക നടപടിക്ക് ന്യായീകരണമായി പറയാറുള്ള അമേരിക്കയും സഖ്യകക്ഷികളും, സ്വന്തം ജനതക്കുനേരെ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞപ്പോള്‍ നിലപാട് മാറ്റുന്നതാണ് കണ്ടത്. രാസായുധം നിര്‍വീര്യമാക്കാനുള്ള പഴുതുകള്‍ നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ അമേരിക്ക തന്നെയാണ് മുന്‍കൈ എടുത്തത്. അസദ് സ്വന്തം ജനതക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന 2013 ആഗസ്റ്റില്‍ സൈനിക നടപടിക്കൊരുങ്ങിയ ഒബാമ, പിന്നീട് കോണ്‍ഗ്രസിന്റെ അനുവാദം കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍, രാസായുധം സിറിയക്ക് പുറത്തേക്ക് മാറ്റാന്‍ അവസരം നല്‍കി യുദ്ധത്തില്‍നിന്ന് അസദിനെ അവര്‍ രക്ഷിച്ചു. 2014-ന്റെ തുടക്കത്തില്‍ ഐ.എസ് തീവ്രവാദികളെ അലപ്പോയില്‍നിന്ന് തുരത്തിയ സന്ദര്‍ഭം അസദിനെതിരെ സൈനിക നടപടിക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചിരുന്നു. അതും കളഞ്ഞുകുളിച്ചു.

നിരപരാധികളായ ജനങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ വന്‍ ശക്തി രാജ്യങ്ങള്‍ പക്ഷം പിടിക്കുന്നതും ഐക്യരാഷ്ട്ര സഭ പോലും നോക്കുകുത്തിയായി മാറുന്നതുമാണ് ഏറ്റവും വലിയ ദുരന്തം. ബോസ്‌നിയയില്‍ സെര്‍ബ് വംശീയ ഭ്രാന്ത് കൊടികുത്തി വാഴുകയും സെബ്രനിക്ക ഉള്‍പ്പെടെ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ നിസ്സംഗരായി നില്‍ക്കുകയും ചെയ്ത അന്താരാഷ്ട്ര സമൂഹം വംശീയ ഉന്മൂലനം ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് ഇടപെട്ടത്. സിറിയയുടെ കാര്യത്തിലും കുറേ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ജനങ്ങളെ കൊല്ലുന്ന ഏകാധിപതിയെ തളയ്ക്കാന്‍ കഴിയാതെ വിയര്‍ക്കുകയാണ് രാഷ്ട്ര നേതൃത്വങ്ങള്‍. റഷ്യയും അമേരിക്കയും ഒരേ ചേരിയില്‍ എത്തുവോളം സിറിയയിലെ കൂട്ടക്കൊലകളും കൂട്ട പലായനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുമെന്നാണോ കരുതേണ്ടത്? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌