Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

ദലിത്-മുസ്‌ലിം ഐക്യം യാഥാര്‍ഥ്യമാകുമോ?

നമ്മുടെ രാജ്യം സവിശേഷമായ ഒരു ചരിത്ര സന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ജനഹിതം തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ വരെ അവര്‍ക്ക് സാധിക്കുന്നു. ത്രിപുരയിലും മറ്റും കണ്ടത് അതാണ്. ഈ തേരോട്ടത്തില്‍ ഏറ്റവുമധികം ക്ഷതമേല്‍ക്കുക മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ പോലെയുള്ള അധഃസ്ഥിത വിഭാഗങ്ങള്‍ക്കുമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ നാലു വര്‍ഷത്തെ അനുഭവങ്ങള്‍ അതിന് സാക്ഷിയാണ്. സ്ഥാപനവത്കൃത വിവേചനത്തിന് ഏറ്റവുമധികം ഇരകളാകുന്നത് മുസ്‌ലിംകളും ദലിതുകളുമാണ് എന്നതാണ് വസ്തുത. ഇതിനെതിരെ ഇരു വിഭാഗങ്ങളും ഒറ്റക്കൊറ്റക്കായി പോരാടുന്നതിനു പകരം സംയുക്തമായി ഒരു സമരമുഖം തുറക്കുകയാണെങ്കില്‍ അതാവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറ്റവും ഫലപ്രദം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ ഈ ദിശയിലുള്ള ചര്‍ച്ചകളും സംവാദങ്ങളും കൂടുതലായി നടക്കുന്നുണ്ട്.

അത്തരമൊരു ചര്‍ച്ചയായിരുന്നു കഴിഞ്ഞ മാസം അവസാനത്തില്‍ ജംഇയ്യത്ത് ഉലമായേ ഹിന്ദ് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ചത്. ബുഹസ്വരത നിലനിര്‍ത്താനും ഭരണഘടന സംരക്ഷിക്കാനുമുള്ള വഴികള്‍ ആരായുകയായിരുന്നു ലക്ഷ്യം. 'രാജ്യം വഴിത്തിരിവില്‍- മുന്നോട്ടുള്ള വഴി' എന്ന തലക്കെട്ടിലായിരുന്നു ചര്‍ച്ച. സംഗമത്തില്‍ പ്രഫസര്‍ രാം പുനിയാനി താക്കീതായി പറഞ്ഞ ഒരു കാര്യമുണ്ട്. തുടക്കം മുതലേ ഹിന്ദുരാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് ആര്‍.എസ്.എസ്. അതിനാല്‍ നിലവിലെ കേന്ദ്രഭരണം അടുത്ത തെരഞ്ഞെടുപ്പിലും തിരിച്ചുവന്നാല്‍ നമ്മുടെ ഭരണഘടനയെ നമുക്ക് സംരക്ഷിക്കാന്‍ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് വിശാലമായ ഐക്യമുന്നണി രൂപപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. സാംസ്‌കാരിക കൈമാറ്റത്തിലൂടെ വര്‍ഗീയ ശക്തികളുടെ നീക്കങ്ങളെ നിര്‍വീര്യമാക്കണമെന്നാണ് അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്തത്. ദലിത്-മുസ്‌ലിം ഐക്യത്തിന് അടിവരയിടുന്ന പ്രസ്താവനയാണിത്. സ്വാമി അഗ്നിവേശ്, പ്രഫ. കാഞ്ച ഐലയ്യ, അശോക് ഭാരതി, ഹര്‍ഷ് മന്ദര്‍, ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ശദ് മദനി, ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനി, ഖാരി മഹ്മൂദ് ഉസ്മാന്‍, കമാല്‍ ഫാറൂഖി തുടങ്ങിയ ഇരുനൂറോളം പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അവരില്‍ സിഖ്-ബുദ്ധിസ്റ്റ് പ്രതിനിധികളും ഉണ്ടായിരുന്നു.

ദലിത്-മുസ്‌ലിം ഐക്യത്തിനു വേണ്ടി ആഹ്വാനമുയരുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. തൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തില്‍ തന്നെ ഇത്തരം ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു. പരേതനായ ഡോ. അബ്ദുല്‍ ജലീല്‍ ഫരീദിയുടെ മുസ്‌ലിം മജ്‌ലിസ് എന്ന സംഘടന ദലിത് വിഭാഗങ്ങളെ ഒപ്പം കൂട്ടാന്‍ ഒട്ടനവധി നീക്കങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഒരു പരിധിക്കപ്പുറം അതൊന്നും മുമ്പോട്ട് പോയില്ല. ഇത്തരമൊരു ഐക്യത്തിന്റെ പ്രാധാന്യം മുസ്‌ലിം ജനസാമാന്യത്തെ കുറേയൊക്കെ ബോധ്യപ്പെടുത്താനായെങ്കിലും ദലിത് തൃണമൂല തലങ്ങളില്‍ ഇത്തരമൊരു ബോധമുണ്ടാക്കിയെടുക്കുക ദുഷ്‌കരമായിരുന്നു. അത്തരം ശ്രമങ്ങളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അട്ടിമറിക്കാന്‍ ബി.ജെ.പിക്കും മറ്റു മുഖ്യധാരാ പാര്‍ട്ടികള്‍ക്കും എളുപ്പത്തില്‍ സാധിക്കുകയും ചെയ്തിരുന്നു. അതിനാല്‍ പ്രായോഗികമായി ഈ ഐക്യം എങ്ങനെ സാധ്യമാകും എന്നാണ് ആലോചിക്കേണ്ടത്. എല്ലാ മതേതര ശക്തികളെയും അതില്‍ കണ്ണിചേര്‍ക്കാനും സാധിക്കണം. ഉദാഹരണത്തിന് യു.പിയില്‍ അത്തരമൊരു സഖ്യം വിജയിക്കണമെങ്കില്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസുമൊക്കെ ഒറ്റക്കെട്ടായി നിന്ന് അതിന്റെ പശ്ചാത്തല ശക്തികളായി വര്‍ത്തിക്കണം. അല്ലാത്ത പക്ഷം ദലിത്-മുസ്‌ലിം ഐക്യം കേവലം അക്കാദമിക ചര്‍ച്ചയായി തന്നെ തുടരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌