Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

മാതാപിതാക്കള്‍ സ്വാധീനിക്കുന്ന വിധം

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ എന്റെ കൂട്ടുകാരോടും ബന്ധുജനങ്ങളോടും ഒരിക്കല്‍ ചോദിച്ചു: ''നിങ്ങളുടെ വിശ്വാസവും മതനിഷ്ഠയും ഈവിധം വളരാനും വര്‍ധിക്കാനും എന്താണ് കാരണം? നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളില്‍ ദീനീനിഷ്ഠയും നന്മയും ഉണ്ടാക്കാനും നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാനും ചെയ്തുകൊണ്ടിരുന്നതെന്താണ്?'' മറുപടികള്‍ നിരവധി കിട്ടി. ഓരോന്നു പറയാം:

* ഞങ്ങളുടെ ഉമ്മ ദിനേന പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലും. മക്കളായ ഞങ്ങളും അവ അവരോടൊപ്പം ഉരുവിടും. ഞങ്ങള്‍ സ്‌കൂളിലേക്ക് ഒരുങ്ങി പുറപ്പെടുമ്പോള്‍ ശിരസ്സില്‍ കൈവെച്ച് അവര്‍ പ്രാര്‍ഥിക്കും: ''മക്കളേ, അല്ലാഹു കാത്തുരക്ഷിക്കട്ടെ. വിജയം നല്‍കട്ടെ.'' പിതാവാണെങ്കില്‍ സദാ ഒരു പ്രാര്‍ഥന ഉരുവിടുന്നത് ഞങ്ങള്‍ കേള്‍ക്കും: ''അല്ലാഹുവേ, എന്റെ മക്കളെ നീ സദ്‌വൃത്തരാക്കേണമേ! തങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവരായിത്തീരേണമേ അവര്‍.'' പ്രഭാത നമസ്‌കാരം കഴിഞ്ഞ് പിതാവ് വീട്ടിലേക്ക് വരുന്ന കാലൊച്ചയും വാതില്‍ തുറക്കുന്ന ശബ്ദവുമൊക്കെ ഞങ്ങള്‍ എന്നും കേള്‍ക്കുകയല്ലേ! ഉമ്മ സൂറത്തുല്‍ മുഅവ്വദത്തൈന്‍ ഓതി ഞങ്ങളുടെ തലതടവും. ഇതെല്ലാം സ്വാധീനിച്ചിരിക്കും.

* ഉമ്മ ചെയ്യുന്ന പ്രവൃത്തികളാലാണ് ഞങ്ങള്‍ വെള്ളിയാഴ്ച ദിവസം തിരിച്ചറിയുന്നത്. വീട് സുഗന്ധപൂരിതമാകും. ഹറമിലെ ജുമുഅ പ്രഭാഷണം ടെലിവിഷനില്‍ അങ്ങനെ ഉച്ചത്തില്‍ കേള്‍ക്കാം. പിതാവും ഞങ്ങളും ഒരുമിച്ചിരുന്ന് സൂറത്തുല്‍ കഹ്ഫ് ഓതും. ഒന്നിച്ച് കുടുംബ സന്ദര്‍ശനം നടത്തും. ബന്ധുവീടുകളില്‍ പോകും. വെള്ളിയാഴ്ച ദിവസത്തിന് എന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഇന്ന് എന്റെ മക്കളിലേക്കും ഞാന്‍ ഈ പതിവുകള്‍ പകര്‍ന്നുനല്‍കുന്നു.

* എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചത് എന്റെ പിതാവിന്റെ പതിവുകളാണ്. റമദാനിലാണ് പിതാവ് സകാത്ത് നല്‍കുക. മക്കളായ ഞങ്ങളെയെല്ലാം തന്നോടൊപ്പം ഒരുമിച്ചിരുത്തി പിതാവ് ഓരോരുത്തര്‍ക്കും ഓരോ ചുമതല നല്‍കും. സകാത്ത് നല്‍കേണ്ട ആസ്തിയും ധനവും കണക്കാക്കാന്‍ ഞങ്ങളോടാവശ്യപ്പെടും. പിന്നെ ഞങ്ങള്‍ ചെയ്യേണ്ടത് തുക ഓരോ കവറിലാക്കി അര്‍ഹരായ വ്യക്തികളുടെ പേര് കവറിനു പുറത്ത് എഴുതുകയാണ്. ഇത് എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിതാവ് വുദൂ എടുക്കുമ്പോള്‍ വെള്ളം വീഴുന്ന ശബ്ദവും വുദൂവിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രാര്‍ഥനയും ഇന്നും എന്റെ കാതിലുണ്ട്. ഞങ്ങളുടെ പിതാവും ചിലപ്പോള്‍ ഉമ്മയും ഞങ്ങളെ ഒരുമിച്ചുകൂട്ടി വീട്ടില്‍ ജമാഅത്തായി നമസ്‌കരിക്കും. ഞങ്ങള്‍ അവരുടെ അരികത്തിരുന്ന് കളിക്കും. അവര്‍ ദിക്‌റിലും ദുആഇലും മുഴുകുന്നത് ഞങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കും. വിരലുകളില്‍ എണ്ണം പിടിച്ച് ദിക്‌റുകള്‍ ചൊല്ലുന്ന ശീലം അവരില്‍നിന്ന് കിട്ടിയതാണ്.

* നിര്‍ബന്ധിത സാഹചര്യത്തില്‍ എടുക്കാന്‍ കഴിയാതെ വന്ന നോമ്പുകള്‍ റമദാന്‍ കഴിഞ്ഞ ഉടനെത്തന്നെ നോറ്റുവീട്ടാന്‍ ഉമ്മ നിര്‍ബന്ധിക്കുമായിരുന്നു. എനിക്ക് പ്രോത്സാഹനം നല്‍കാന്‍ ഉമ്മയും എന്നോടൊപ്പം നോമ്പ് നോല്‍ക്കും. എന്നോടൊപ്പം താമസിച്ച വല്യുമ്മയും എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവര്‍ പതിവായി ഖുര്‍ആന്‍ പാരായണം ചെയ്യും. മാസത്തില്‍ ഒരാവൃത്തി ഖുര്‍ആന്‍ ഓതിത്തീര്‍ക്കും. പിതാവിന്റെ കാര്‍ എടുക്കേണ്ടിവന്നാല്‍, കാര്‍ സ്റ്റാര്‍ട്ടാക്കിയ ഉടനെ കേള്‍ക്കുക മനോഹരമായ ഖുര്‍ആന്‍ പാരായണമായിരിക്കും.

* വെള്ളിയാഴ്ച വീട്ടിലെ പ്രത്യേക സുഗന്ധവും ഭക്തി മുറ്റുന്ന അന്തരീക്ഷവുമാണ് എന്നെ ഏറെ സ്വാധീനിച്ചത്. ചുമരില്‍ തൂക്കിയിട്ട മസ്ജിദുല്‍ അഖ്‌സ്വായുടെ ചിത്രം കാണുമ്പോള്‍ ഉമ്മ പറയും: ''പടച്ചവനേ, ആ പള്ളിയില്‍ ഒരു നേരത്തെ നമസ്‌കാരത്തിന് വിധി കൂട്ടേണമേ!'' ഉമ്മയും ഉപ്പയും വുദൂ എടുക്കുമ്പോള്‍ വാഷ് റൂമിന്റെ വാതില്‍ അടക്കുമായിരുന്നില്ല. അതുമൂലം അവര്‍ വുദൂ എടുക്കുന്ന രീതി ഞങ്ങള്‍ പഠിച്ചു. വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ഥന, വീട്ടില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ഥന-ഇവയൊക്കെ അവര്‍ ഉറക്കെ ചൊല്ലും. കുഞ്ഞുങ്ങളായ ഞങ്ങള്‍ കേട്ടു പഠിക്കാനായിരുന്നു അത്. ഭക്ഷണം കഴിക്കുമ്പോള്‍ വലതു കൈകൊണ്ട് തിന്നാന്‍ നിര്‍ബന്ധിച്ചു. ഭക്ഷണം അനാവശ്യമായി എറിഞ്ഞുകളയാന്‍ വല്യുമ്മ ഞങ്ങളെ സമ്മതിക്കുമായിരുന്നില്ല. അവയെല്ലാം എടുത്തു പൊതിഞ്ഞ് പാക്കറ്റുകളിലാക്കി സാധുക്കള്‍ക്ക് നല്‍കാനും വളര്‍ത്തു മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ കൊടുക്കാനും ഞങ്ങളെ പ്രേരിപ്പിക്കും. അവര്‍ എപ്പോഴും പറയും: ''ഏത് പച്ച കരളിലുമുണ്ട് പ്രതിഫലം.'' അന്ന് എനിക്ക് അതിന്റെ അര്‍ഥം തിരിയുമായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ അതൊരു നബിവചനമാണെന്ന് മനസ്സിലായി. ജീവികള്‍ക്കും ജന്തുക്കള്‍ക്കും ആഹാരം നല്‍കുന്നതിലുമുണ്ട് പ്രതിഫലം.

ഇവയെല്ലാം മക്കള്‍ക്ക് ലഭിക്കുന്ന പ്രത്യക്ഷ ശിക്ഷണമാണ്. ഇവക്കെല്ലാം വലിയ സ്വാധീനമുണ്ട്, ജീവിതവും ജീവിത വീക്ഷണവും രൂപപ്പെടുത്തുന്നതില്‍. ഇവിടെ ശിക്ഷണത്തില്‍ വടിയും അടിയും പങ്കുവഹിക്കുന്നില്ല; നല്ല മാതൃകകള്‍ മാത്രം. വീട്ടില്‍ എന്നും ഇടപഴകുന്ന ഉമ്മ, ഉപ്പ, വല്യുമ്മ, വല്യുപ്പ എന്നിവരിലൂടെ പകര്‍ന്നുകിട്ടുന്ന സദ്ഗുണങ്ങള്‍ മരണം വരെയും പിന്നീട് അവരുടെ തലമുറകളിലൂടെയും നിലനില്‍ക്കും. 'മുറിഞ്ഞുപോകാത്ത പ്രതിഫലം' എന്നു പറഞ്ഞത് ഇതിനെക്കുറിച്ച് കൂടിയല്ലേ? 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌