ഖാജാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിദല്‍ഹിയിലെ പ്രബോധകന്‍
ഖാജാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകി ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖലീഫയും പിന്‍ഗാമിയുമാണ്. ചിശ്തി ത്വരീഖത്തിനെ രാജപുത്താനയില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് വ്യാപിപിച്ചത് ബഖ്തിയാര്‍ കാകിയാണ്. ദല്‍ഹിയായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ക്രി. 1206-ല്‍ ദല്‍ഹി സല്‍ത്തനത്ത് നിലവില്‍ വന്നതോടെ ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന്റെ തലസ്ഥാനം അജ്മീറില്‍നിന്ന് ദല്‍ഹിയിലേക്ക് മാറി. ഇതോടെയാണ് ബക്തിയാര്‍ കാകിയെ മുഈനുദ്ദീന്‍ ചിശ്തി ദല്‍ഹിലേക്ക് നിയോഗിക്കുന്നത്. മുസ്‌ലിം രാഷ്ട്രീയവും ആത്മീയ പ്രബോധന പ്രവര്‍ത്തനവും അക്കാലത്ത് എത്രമേല്‍ പരസ്പരപൂരകമായിട്ടാണ് വര്‍ത്തിച്ചിരുന്നതെന്ന് ബഖ്തിയാര്‍ കാകിയുടെ ഈ നിയമനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരോക്ഷമായിട്ടെങ്കിലും തന്റെ മത സംസ്‌കരണ പ്രവര്‍ത്തനം മുസ്‌ലിം ഭരണത്തെ സ്വാധീനിക്കണമെന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഉദ്ദേശ്യമാണ് ഈ നിയമനത്തിലൂടെ വ്യക്തമാകുന്നതെന്ന് അബുല്‍ഹസന്‍ അലി നദ്‌വി നിരീക്ഷിക്കുന്നുണ്ട്.1 ചിശ്തി ആഗ്രഹിച്ചതുപോലെ തന്നെ ദല്‍ഹി സുല്‍ത്താനായിരുന്ന ശംസുദ്ദീന്‍ ഇല്‍തുമിഷ്, ബഖ്തിയാര്‍ കാകിയുടെ മുരീദ് ആയി. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ അവസരം കിട്ടുമ്പോഴൊക്കെ ഇല്‍തുമിഷ് പങ്കെടുക്കുകയും ചെയ്തിരുന്നു.
ശൈഖ് ബഖ്തിയാര്‍ കാകി മാവറാ അന്നഹ്‌റിലെ ഊശിലാണ് ജനിച്ചത്. രണ്ടര വയസ്സായപ്പോഴേക്ക് പിതാവ് മരണപ്പെട്ടു. മതഭക്തയായിരുന്ന മാതാവിന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. അഞ്ചാമത്തെ വയസ്സില്‍ മക്തബയില്‍ പ്രവേശനം നേടി. മൗലാനാ അബൂഹഫ്‌സ്വ ഊശിയായിരുന്നു അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥന്‍. ഉപരിപഠനം ബഗ്ദാദിലായിരുന്നു. പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സൂഫിയുമായിരുന്ന അബുല്ലൈസ് സമര്‍ഖന്ദിയായിരുന്നു അവിടെ പ്രധാന ഗുരുനാഥന്‍. ത്വരീഖത്തില്‍ പ്രവേശിച്ചതും അദ്ദേഹത്തിന്റെ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) വഴിയാണ്. ത്വരീഖത്തിന്റെ ഇജാസ നല്‍കുന്ന ചടങ്ങില്‍ വേറെയും ധാരാളം സൂഫികള്‍ പങ്കെടുത്തിരുന്നു. ബഗ്ദാദിലെ പ്രധാന പള്ളിയിലായിരുന്നു ചടങ്ങ്. അതിനു ശേഷം ഏറെ വൈകാതെ ഗുരുവിന്റെ നിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം ദല്‍ഹിയിലെത്തിയതോടെ അജ്മീറിലായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി അദ്ദേഹത്തെ അവിടെ തന്റെ ഖലീഫയാക്കുകയായിരുന്നു.
ദല്‍ഹി സുല്‍ത്താന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്ന ശംസുദ്ദീന്‍ ഇല്‍തുമിഷിന്റെ കാലത്താണ് അദ്ദേഹം ദല്‍ഹിയിലെത്തുന്നത്. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖലീഫയെന്ന നിലയില്‍ ഭൂമിയും താമസസ്ഥലവുമെല്ലാം നല്‍കാന്‍ മതഭക്തനായ സുല്‍ത്താന്‍ തയാറായിരുന്നു. നേരിട്ടു വന്ന് തന്റെ ഓഫര്‍ സ്വീകരിക്കണമെന്ന് സുല്‍ത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ കൊട്ടാരം ഏര്‍പ്പെടുത്തിക്കൊടുക്കുന്ന എന്തെങ്കിലും സൗകര്യം സ്വീകരിക്കാനോ കൊട്ടാരത്തില്‍ ചെന്ന് സുല്‍ത്താനെ മുഖം കാണിക്കാനോ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇത് സുല്‍ത്താന് യാതൊരു നീരസവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹത്തിന്റെ അടുക്കല്‍ പോയി ക്ലാസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തു. ദല്‍ഹിയുടെ പ്രാന്തഭാഗത്തുള്ള ഇസ്സുദ്ദീന്‍ മസ്ജീദിന് സമീപമാണ് അദ്ദേഹം താമസിച്ചിരുന്നത്.2 നഗരത്തിലെ എല്ലാ തലത്തിലും പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി. അവരുടെയെല്ലാം മനഃസംസ്‌കരണത്തിന് ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുകയും ചെയ്തു.
ബഖ്തിയാര്‍ കാകിക്ക് പൊടുന്നനെ ലഭിച്ച ഈ പ്രസിദ്ധിയും അംഗീകാരവും നിലവിലുള്ള ശൈഖുല്‍ ഇസ്‌ലാമായ ശൈഖ് നജ്മുദ്ദീന്‍ സുഗ്‌റയില്‍ നീരസമുണ്ടാക്കി. ബഖ്തിയാര്‍ കാകിയുടെ ഗുരുവായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഒരു പഴയ സുഹൃത്തായിരുന്നു ഈ ശൈഖുല്‍ ഇസ്‌ലാം. ചിശ്തി തന്റെ ഖലീഫയെ കാണാന്‍ ദല്‍ഹിയില്‍ വന്നപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം, ബക്തിയാര്‍ കാകിക്ക് ലഭിച്ച ഈ പ്രസിദ്ധിയെയും അംഗീകാരത്തെയും കുറിച്ച് ചിശ്തിയോട് പരാതിപ്പെട്ടു. തന്റെ ശിഷ്യന്‍ പ്രശസ്തിയില്‍ വീണു പോകുന്നുണ്ടോ എന്ന കാര്യം പരീക്ഷിച്ചറിയാന്‍ ഇത് നല്ലൊരവസരമായി കണ്ട ഖാജാ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: 'ബാബാ ബഖ്തിയാര്‍, ആളുകള്‍ക്ക് പരാതിയുണ്ടാകാന്‍ മാത്രം താങ്കള്‍ ഇത്ര പെട്ടെന്ന് പ്രസിദ്ധിയാര്‍ജിച്ചോ? അതിനാല്‍ താങ്കള്‍ ഇവിടെ വിട്ട് എന്റെ കൂടെ അജ്മീറിലേക്ക് പോരൂ. അവിടെ ഞാന്‍ താങ്കളുടെ സേവകനായിക്കൊള്ളാം.' 3 അതിന് ശിഷ്യന്റെ മറുപടി: 'മഖ്ദൂമി, ഞാന്‍ താങ്കളുടെ മുന്നില്‍ ഇരിക്കണമെന്നോ; താങ്കളുടെ മുന്നില്‍ നില്‍ക്കാനുള്ള യോഗ്യതപോലും എനിക്കില്ല.' എന്നാലും യാതൊരു അനിഷ്ടവും പ്രകടിപ്പിക്കാതെ ശിഷ്യന്‍ ഗുരുവിന്റെ കൂടെ പോകാന്‍ തയാറായി. പക്ഷേ നഗരത്തിന് വെളിയില്‍ കാലെടുത്ത വെച്ചപ്പോഴേ ശൈഖിന് ബോധ്യമായി തന്റെ മുരീദ് നേടിയ പ്രശസ്തിയിലും അംഗീകാരത്തിലും താന്‍പോരിമക്കും ലോകമാന്യത്തിനും യാതൊരു പങ്കുമില്ലെന്നും തന്റെ മുരീദ് അക്ഷരാര്‍ഥത്തില്‍ ദല്‍ഹിക്കാരെ ഒന്നടങ്കം തന്നെ സ്‌നേഹിക്കുന്നവരാക്കി മാറ്റിയിരിക്കുന്നുവെന്നും. കാരണം അദ്ദേഹം നഗരം വിട്ടുപോകുന്നതില്‍ ദുഃഖിതരായി വന്‍ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുായിരുന്നു. സുല്‍ത്താന്‍ അടക്കമുണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. ദല്‍ഹി നിവാസികളെ അങ്ങനെ അനാഥമാക്കാന്‍ ഖാജാ മുഈനുദ്ദീന്‍ ഉദ്ദേശിച്ചിരുന്നുന്നില്ല. തന്റെ ഖലീഫയുടെ ആത്മാര്‍ഥത പരീക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട് അദ്ദേഹത്തെ അവിടെ നിന്ന് ഒഴിവാക്കാന്‍ തുനിഞ്ഞ ശൈഖുല്‍ ഇസ്‌ലാമിനെ കാര്യം ബോധ്യപ്പെടുത്തുകയും മാത്രമേ ഖാജക്ക് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. ഈ രണ്ട് ലക്ഷ്യവും നിറവേറിയതോടെ തന്നോടൊപ്പം അജ്മീറിലേക്ക് വരുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''ബാബാ, താങ്കള്‍ ഇവിടെ തന്നെ നിന്നാല്‍ മതി. കാരണം താങ്കള്‍ ഇവിടെനിന്ന് പുറത്തുപോകുന്നതില്‍ ദുഃഖിക്കുന്ന ആളുകള്‍ എത്രയാണെന്നോ? അവരെ അങ്ങനെ ദുഃഖിക്കാന്‍ വിട്ടുകൊടുക്കുന്നത് ഒരിക്കലും ശരിയല്ല. പോകൂ, ഞാന്‍ ഈ നഗരത്തെ താങ്കളുടെ സംരക്ഷണത്തില്‍ വിടുകയാണ്.''4
സുല്‍ത്താന്‍ ശംസുദ്ദീന്‍ ഇല്‍തുമിഷ് ഈ തീരുമാനത്തിന് ഖാജാ മുഊനുദ്ദീന്‍ ചിശ്തിയോട് നന്ദി പറഞ്ഞു. അനന്തരം ഖാജാ മുഊനുദ്ദീന്‍ അജ്മീറിലേക്കും ബഖ്തിയാര്‍ കാകി ദല്‍ഹിയിലേക്കും മടങ്ങി.പഴയ താമസസ്ഥലത്തുചെന്ന് വീണ്ടും തന്റെ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനം പുനരാരംഭിച്ചു. കൊട്ടാരവുമായി യാതൊരു ബന്ധവും സ്ഥാപിക്കുകയില്ല എന്നത് ഒരു തത്ത്വമായി തന്നെ അവസാന കാലം വരെ അദ്ദേഹം മുറുകെ പിടിച്ചു. എങ്കിലും സുല്‍ത്താന്‍ ഇല്‍തുമിഷ് ആഴ്ചയില്‍ രണ്ടു തവണ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ പങ്കെടുത്തിരുന്നത് മുടക്കം വരുത്തിയില്ല. കൊട്ടാരത്തിലെ മറ്റു ഉദ്യോഗസ്ഥരും സൈനിക പ്രമുഖരും ഇപ്രകാരം ക്ലാസില്‍ പങ്കെടുത്തു. കൊട്ടാരത്തിലേക്ക് പോയില്ലെങ്കിലും ഇതിലൂടെ ഭരണത്തെ ഗുണപരമായി സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദല്‍ഹിയിലെ അടിമ വംശ സുല്‍ത്താന്മാരില്‍ ജീവിതത്തില്‍ ഏറ്റവും മതബോധം ഉയര്‍ത്തിപ്പിടിച്ചതും സല്‍ഭരണം കാഴ്ച വെച്ചതും ഇല്‍തുമിഷാണെന്ന് എല്ലാ ചരിത്രകാരന്മാരും അംഗീകരിച്ചിട്ടുണ്ട്. അതില്‍ തീര്‍ച്ചയായും ബാബാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിയെന്ന ഈ ദര്‍വീശിന്റെ സ്വാധീനമുണ്ട്.
തന്റെ ഗുരുവായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി മരണപ്പെട്ട് നാലോ അഞ്ചോ വര്‍ഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. എങ്കിലും ആ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ ഹൃദയഭാഗത്ത് ചിശ്തിയ്യാ ത്വരീഖത്തിന്റെ അടിത്തറയുറപ്പിക്കാനും ഏതൊരു ദൗത്യത്തിന് വേണ്ടിയാണോ അദ്ദേഹത്തിന്റെ ഗുരു ഇന്ത്യയില്‍ വന്നത് ആ ദൗത്യം പൂര്‍വാധികം ശക്തിയോടെ തുടരാനും ഒരു തലമുറയെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആയിരത്തലധികം ഖലീഫമാര്‍ ഇന്ത്യയിലുടനീളം അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. എങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയായതും മുഈനുദ്ദീന്‍ ചിശ്തിയുടെ യഥാര്‍ഥ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതും ഖാജാ ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റാണ്.
ഹിജ്‌റ 633-ല്‍ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകി മരണപ്പെട്ടു.
കുറിപ്പുകള്‍
1. അബുല്‍ ഹസന്‍ അലി നദ്‌വി- താരീഖു ദഅ്‌വത്ത് വഅസീമത്ത് 3/32)
2. അബുല്‍ ഖാസിം ഫിരിസ്ത-താരീഖ് ഫിരിസ്ത 12/73)
3. സിയറുല്‍ ഔലിയാഅ് 2/3
4. സിയറുല്‍ ഔലിയാഅ് 55 ഉദ്ധരണം: താരീഖ് ദഅ്‌വത്ത് വഅസീമത്ത് 3/31
Comments