തന്റേതല്ലാത്ത കാരണങ്ങളാല്‍
ബസ്സിനകത്തെ എയര്‍കണ്ടീഷന്റെ കുളിരില്‍ ഉറക്കത്തിന്റെ ആലസ്യം കണ്ണുകളെ തലോടാന്‍ തുടങ്ങി. ഹൃദയത്തില്‍ പുളകം പൂത്തിരി കത്തിച്ചു കൊണ്ടിരുന്നു. വിശാലമായ പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ ജാനാല ചില്ലുകള്‍ മറച്ച നേര്‍ത്ത വിരി പകുത്തു മാറ്റി പുറത്തേക്കു മിഴിനട്ടു. പതുപതുത്ത ഇരിപ്പിടത്തില്‍ ചാരിയിരുന്നു.
ബസ്സ് ഇപ്പോള്‍ ഒരു കയറ്റം കയറുകയാണ്. വിശാലമായ റോഡിനിരുവശങ്ങളിലും മാനത്തോളം തലയുര്‍ത്തിനില്‍ക്കുന്ന കെട്ടിടങ്ങളുടെ വെള്ളിവെളിച്ചം. അങ്ങകലെ നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന മറ്റൊരു കെട്ടിടവും അതിന്റെ നെറുകയിലെ ഭീമാകാരമായ ഘടികാരവും വളരെ ദൂരെ നിന്ന് തന്നെ ദൃശ്യമായിരുന്നു. ക്ലോക്കിന്റെ പച്ച വെളിച്ചത്തില്‍ അതിന്റെ സൂചികള്‍ രണ്ടും തൊട്ടുരുമ്മി നില്‍ക്കുന്നു. സമയം ഇപ്പോള്‍ രാത്രി പന്ത്രണ്ടു മണി! നട്ടപാതിര നേരത്തും നട്ടുച്ചയുടെ പ്രതീതി!
കൈയിലെ വാച്ചില്‍ നോക്കി ഇപ്പോള്‍ നാട്ടില്‍ രാത്രി രണ്ടര മണി. ഇതൊരു പാതിരാ സ്വപ്നമാണോ ഞാനീ കാണുന്നത്!! എന്റെ റബ്ബേ!
കിനാവുകള്‍ ഒരുപാട് കണ്ടിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു സ്വപ്നമെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഒരാളുമുണ്ടാവില്ല.
അവിസ്മരണീയമായ ഈ മുഹൂര്‍ത്തം, വര്‍ണാഭമായ കിനാവില്‍ എന്റെ ഉള്ളില്‍ കുളിര്‍മഴ പെയ്തു, വരണ്ടുണങ്ങിയ മരുഭൂമിയിലെ ആദ്യമഴ പോലെ. കുളിരിന്റെ പൂമഴ. ഒരു വലിയ കെട്ടിടത്തിനു മുന്നില്‍ ബസ്സ് നിന്നു. ആളുകളൊക്കെ ഇറങ്ങാന്‍ തിരക്ക് കൂട്ടുന്നു. വളരെ പതുക്കെ ബസില്‍ നിന്നിറങ്ങി. എന്റെ വലതുകാല്‍ പുണ്യഭൂമിയില്‍ സ്പര്‍ശിച്ചു. ഹൃദയം പെരുമ്പറകൊട്ടി, നെഞ്ചിടിപ്പു കൂടിക്കൊണ്ടിരുന്നു. കണ്ണുകള്‍ ആകാശങ്ങളിലേക്ക് ഉയര്‍ത്തി വിതുമ്പി. അല്ലാഹുവേ, ഞാനിതാ നിന്റെ പുണ്യഭൂമിയില്‍. എന്റെ ജീവിതാഭിലാഷം സഫലമായിയിരിക്കുന്നു. നാഥാ, നീ എന്റെ പ്രാര്‍ഥനകള്‍ കേട്ടിരിക്കുന്നു.
ഈ വിശുദ്ധ ഭൂമിയിലെ മണല്‍ത്തരികള്‍ കാല്‍ക്കീഴിലമരുമ്പോള്‍ ഞാന്‍ കോരിത്തരിച്ചു. ചുറ്റുവട്ടത്തെ പൊന്നുരുക്കിയൊലിക്കുന്ന വെളിച്ചത്തിന്റെ തിളക്കം കൊണ്ടെന്റെ കണ്ണുകള്‍ പുളിച്ചു. ദേഹമാസകലം വിറപൂണ്ടു. ഉള്‍കിടിലംകൊണ്ടെന്റെ ഉള്ളില്‍ വൈദ്യുത പ്രവാഹം നിറഞ്ഞുതു പോലെ. മിഴികളില്‍ നിന്ന് ബാഷ്പകണങ്ങള്‍ പളുങ്ക് മണികള്‍ പോലെ പൊട്ടിച്ചിതറി. മുഖമക്കനകൊണ്ടു കവിള്‍ത്തടം ഒപ്പി. കണ്ണുകള്‍ വീണ്ടും സജലങ്ങളായി. എങ്ങും ദീപപ്രഭയാല്‍ മുങ്ങിനില്‍ക്കുന്ന കെട്ടിടങ്ങളുടെ കാടുകള്‍. കൂടെയുള്ളവരൊടൊപ്പം പതുക്കെ നീങ്ങി. എല്ലാ കണ്ണുകളിലും അമ്പരപ്പും ഉത്കണ്ഠയും.
''എളുപ്പം ഒരുങ്ങി ഇറങ്ങൂ, സുബ്ഹിക്ക് മുമ്പായി ഉംറ കഴിയണം.'' നാട്ടില്‍ നിന്നു കൂടെയുള്ള ഉസ്താദിന്റെ നിര്‍ദേശം. ഹോട്ടലിന്റെ കവാടം കയറിയപ്പോള്‍ മുറി ആറാം നിലയിലാണെന്നു പറഞ്ഞു. താഴെ നിന്നു മുകളിലേക്ക് കയറാനുള്ള ലിഫ്റ്റില്‍ കയറിവാതിലടഞ്ഞു, ആദ്യമായിട്ടായിരുന്നു അതില്‍ കയറുന്നത്. നീലാകാശത്തില്‍ പക്ഷികളെ പോലെ പറന്നു പോകുന്ന വിമാനം. ഇന്നലെവരെ വിസ്മയത്തോടെയല്ലേ നോക്കിക്കണ്ടിരുന്നത്.
ആകാശങ്ങളുടെ അനന്ത വിശാലതയിലേക്ക് പറന്നു പോകുന്ന വിമാനം ചൂണ്ടിക്കാട്ടി, ഒക്കത്തിരിക്കുന്ന സല്‍വ മോളോട് പലവട്ടം പറഞ്ഞിരുന്നു: ''ബാപ്പ ഈ വിമാനത്തിലാണ് വരിക.''
മാനത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോഴെല്ലാം സല്‍വയും സഫയും ചോദിക്കും: ''എന്നാ ഉമ്മാ ബാപ്പ വരിക.'' കുട്ടികള്‍ക്കു ബാപ്പാനെ കാണാന്‍ തിടുക്കം. ഇളയ മകള്‍ ബാപ്പായെ കണ്ടിട്ടേയില്ല! ഇപ്പൊ നാല് വര്‍ഷം കഴിഞ്ഞു വന്നുപോയിട്ട്.
വിളിക്കുമ്പോഴെല്ലാം ഓരോ കാരണങ്ങള്‍, കടയില്‍ ആളില്ല... ആദ്യമൊക്കെ എല്ലാ വര്‍ഷവും വരുമായിരുന്നു. കാത്തിരിപ്പിനൊടുവില്‍ പതിനഞ്ചു ദിവസത്തേക്ക് ഉംറക്കു വരാന്‍ ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞു. മക്കയും മദീനയും മുത്ത് റസൂല്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫും കാണാനുള്ള അവസരം. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. അല്‍ഹംദുലില്ലാഹ്... പിന്നെ മുജീബ്ക്കാനെയും കാണാമല്ലോ. ''അല്ലാഹുവേ നീ വലിയവനാണ്.'' കുട്ടികളെ തനിച്ചാക്കി. വരുന്നതിലുള്ള വിഷമം ഉള്ളം പൊള്ളിക്കുന്നതായിരുന്നു. പതിനഞ്ചു ദിവസമല്ലേ എന്ന് സമാധാനിച്ചു...
ഇന്ന് രാവിലെ ഉംറക്കുവേണ്ടി വീട്ടില്‍ നിന്നു പുറപ്പെട്ടപ്പോള്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു. ഇതുവരെ വാനില്‍ പറന്നുയരുന്ന വലിയൊരു പക്ഷിയെപ്പോലെ കണ്ട വിമാനത്തിലെ യാത്ര. എല്ലാം പുതുമയുള്ള അനുഭവങ്ങള്‍. പുറപ്പെടുന്നതിനു മുമ്പ് ഓരോ സമയത്തും മുജീബ്ക്ക വിളിച്ചുകൊണ്ടിരുന്നു. ഓരോന്നും വിശദമായി പറഞ്ഞു തന്നതുകൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായി.
ഇരുപത്തഞ്ചു വര്‍ഷത്തെ ജിദ്ദാ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇവിടേക്ക് എന്നെ കൊണ്ടുവരാന്‍ മുജീബ്ക്കാക്ക് കഴിഞ്ഞില്ല, അവരോടുള്ള അതിന്റെ കെറുവൊക്കെ ഇപ്പോള്‍ അലിഞ്ഞുപോയി. എല്ലാം മുജീബ്ക്കയോട് പറയണം, ആ നെഞ്ചില്‍ മുഖം ചേര്‍ത്ത് കരയണം, എന്നാലും എന്നെക്കാണാന്‍ അവര്‍ എയര്‍പോര്‍ട്ടില്‍ വന്നില്ലല്ലോ?
നിമിഷങ്ങള്‍ക്കകം ആറാം നിലയില്‍ ഞങ്ങള്‍ ആറു പെണ്ണുങ്ങള്‍ എത്തി. എല്ലാവരും ഒരുമുറിയില്‍. ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം പുതുമയുള്ളതായിരുന്നു.
ഭക്ഷണം കഴിച്ചെന്നു വരുത്തി. വുദൂവെടുത്ത് ഒരുമയോടെ ഒന്നിച്ചിറങ്ങി. ഒപ്പം നടന്നു, വഴി തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചു. എങ്ങും പകല്‍ പോലെ വെളിച്ചം.
ഹറമിന്റെ കാവാടത്തില്‍ കുളിര്‍മയുള്ള മാര്‍ബിളില്‍ കാലുറ ധരിച്ച പാദം പതിഞ്ഞ അനുഭൂതിയില്‍ ഒരു മിന്നല്‍പിണര്‍ ശരീരത്തിലൂടെ കടന്നുപോയതു പോലെ. പൊട്ടിക്കരഞ്ഞു പോയി. എന്റെ ഉള്ളം വിറപൂണ്ടു. റബ്ബേ, നീ എനിക്കു നല്‍കിയ അനുഗ്രഹം എത്ര വലുതാണ്! ഒടുവില്‍ ഞാനിതാ എത്തിയിരിക്കുന്നു, നിന്റെ വിശുദ്ധ ഭൂമിയില്‍.
എന്റെ പ്രാര്‍ഥനകള്‍ക്കു നീ ഉത്തരം നല്‍കിയിരിക്കുന്നു. എന്റെ നാഥാ, നീ എന്നോട് കാണിച്ച ഔദാര്യം, ഞാന്‍ എങ്ങനെ ഇതിനു നന്ദി കാണിക്കും? വിടര്‍ന്നു നിറഞ്ഞ എന്റെ കണ്ണുകള്‍ക്കു മുന്നില്‍! കലണ്ടര്‍ ചിത്രങ്ങളിലും ടി.വിയിലും മാത്രം കണ്ട ആ കഅ്ബ” ഇതാ ഇവിടെ കറുത്ത മേലങ്കിയില്‍ പൊന്നരഞ്ഞാണം ചാര്‍ത്തി നില്‍ക്കുന്നു. ഇതൊരു സ്വപ്നമാണോ, യാഥാര്‍ഥ്യമാണോ? സ്വപ്നം ആണെങ്കില്‍ തന്നെ എന്ത് മധുരതരമായ സ്വപനം! കഅ്ബ കിനാവ് കാണുകതന്നെ ഭാഗ്യമല്ലേ? സ്ഥലകാല ബോധം നഷ്ടമായ ഞാന്‍ ഒരു സ്വപ്നാടകയെപ്പോലെ ചുറ്റും വലയം വെച്ചു. എനിക്കു ചുറ്റും വെളുപ്പിന്റെ മാസ്മരിക വലയം! ''റബ്ബനാ ആത്തിനാ ഫിദ്ദുന്‍യാ...'' ആരൊക്കെയോ ഉച്ചത്തില്‍ ഉരുവിടുന്നു. എങ്ങും കടലലകള്‍ പോലെ. ശബ്ദമുഖരിതമായ ആ മാന്ത്രിക സ്പര്‍ശത്താല്‍ ഞാന്‍ സ്വബോധം നഷ്ടപ്പെട്ട് ഒഴുക്കിനൊത്ത് നീങ്ങി. മിഴികളില്‍ നിന്നൊഴുകിയ ബാഷ്പധാരയില്‍ ഞാനെന്റെ മുഖം കഴുകി തോര്‍ത്തി.
ആകാശത്തേക്ക് മിഴികളും കൈകളുമുയര്‍ത്തി ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു... അപ്പോഴെല്ലാം ഹറമിന് മേലാപ്പ് പാകിയ ഇരുണ്ട, ഒറ്റ നക്ഷത്രങ്ങളുമില്ലാത്ത ആകാശം എന്നെ അതിശയിപ്പിച്ചു. വിണ്ണിലെ മുഴുവന്‍ നക്ഷത്രങ്ങളും കഅ്ബയുടെ മണ്ണില്‍ പൂത്തുനിക്കുമ്പോള്‍ മാനത്തെവിടെ നക്ഷത്രങ്ങള്‍!! നാഥാ, നിനക്ക് മാത്രമാണ് എല്ലാ സ്തുതിയും, അതിനര്‍ഹന്‍ നീ മാത്രമാണ് റബ്ബേ.... ത്വവാഫും സഅ്‌യും കഴിഞ്ഞു. ഹറമിലെ ബാങ്കൊലിയുടെ സ്വരമാധുരിയില്‍ പുളകിതയായി. എല്ലാം കഴിഞ്ഞിട്ടും മതിവരാതെ സുബ്ഹി നമസ്‌കാരത്തോടെ ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ ആകെ അവശയായിരുന്നു.
അപ്പോള്‍ മാത്രമാണ് മുജീബ്ക്കയെ കുറിച്ച് വീണ്ടും വിഷമത്തോടെ ഓര്‍മവരുന്നത്. മക്കയിലും അവര്‍ വന്നില്ലല്ലോ, ഞാന്‍ ഇത്ര അരികത്തു വന്നിട്ടും!
എന്ത് പറ്റി, വല്ല അസുഖവും? എന്റെ ഉള്ളു പിടഞ്ഞു. ബാഗില്‍ നിന്ന് മൊബൈല്‍ എടുത്തു, അവര്‍ മുന്‍കൂട്ടി അയച്ചു തന്ന സുഊദിയിലെ മൊബൈല്‍ ചിപ്പ്, കൈയില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണില്‍ വിമാനം ഇറങ്ങുമ്പോള്‍ ഇട്ടിരുന്നു. അതിലേക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ മുജീബ്ക്ക വിളിച്ചിരുന്നു.
അപ്പോഴും നിങ്ങളെന്താ എന്നെ കാണാന്‍ വരാഞ്ഞത് എന്ന് ചോദിച്ചിരുന്നു. ''എനിക്ക് വരാന്‍ പറ്റില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ? മക്കയില്‍ എത്തി ഉംറ കഴിഞ്ഞ ഉടനെ വിളിക്ക്! നിന്നെ ജിദ്ദയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ബക്കര്‍ക്കയും സൂറാത്തയും വരും!!'' എന്ന മറുപടിയില്‍ സമാധാനം കൊണ്ടു. എന്നാലും അവര്‍ക്ക് വന്നൂടെ, ഞാന്‍ ഇത്രയുമടുത്ത് വന്നിട്ടും..
ബാഗില്‍ നിന്ന് ഫോണെടുത്തപ്പോള്‍ മുജീബ്ക്കയുടെ മിസ്സ് കോളുകള്‍.
തിരിച്ചു വിളിക്കാന്‍ ശ്രമിച്ചപ്പോ ഇങ്ങോട്ട് വിളിച്ചു. ഞാന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു: ''എനിക്ക് മതിയായി. എല്ലാം കണ്ടു എന്റെ ഉള്ളം നിറഞ്ഞു. എനിക്ക് ഇനി നിങ്ങളെ കണ്ടാല്‍ മതി.''
''നൂറാ, നീ ഒരു രണ്ടു മണിക്കൂര്‍ ക്ഷമിക്ക്, സൂറാത്തയും ബക്കര്‍ക്കയും ഇപ്പൊ അവിടെ എത്തും.'' ''എന്നാലും ഞാന്‍ ഇത്രടം വരേ എത്തീട്ട് നിങ്ങളെന്റെ കൂടെ മക്കയില്‍ വന്നില്ലല്ലോ...''
മുജീബ്ക്ക തന്നെ നിര്‍ബന്ധിച്ചു പാസ്‌പോര്‍ട്ട് എടുപ്പിച്ചു. പതിനഞ്ചു ദിവസത്തെ ഉംറ യാത്രക്കായി ഗ്രൂപ്പില്‍ അദ്ദേഹം പറഞ്ഞപോലെ കൊടുത്തു. യാത്രാ തീയതി കിട്ടിയത് മുതല്‍ ഒരു പോള കണ്ണടച്ചിട്ടില്ല. യാത്ര പറയാനായി ബന്ധു വീടുകളിലേക്കുള്ള യത്രകള്‍. ''എന്നാലും മുജീബിനൊന്നു നാട്ടില്‍ വന്നൂടെ?'' ചിലരുടെ അഭിപ്രായങ്ങള്‍ മനസ്സു വേദനിപ്പിച്ചെങ്കിലും ഇങ്ങനെ തിരിച്ചു പറഞ്ഞു:
''അവിടെ പീടികയില്‍ ആളില്ല, അതുകൊണ്ടാ വരാത്തത്.''
ചിലരൊക്കെ ആശ്വസിപ്പിച്ചു, എന്നാലും ഇപ്പോഴെങ്കിലും നിന്നെ അങ്ങോട്ട് കൂട്ടാന്‍ തോന്നിയല്ലോ.
യാത്ര പുറപ്പെടുന്നതു വരെ കണ്ണിമ ചിമ്മീട്ടില്ല. വല്ലാത്തൊരു അസ്വസ്ഥതയും ഉറക്കമില്ലായ്മയും ദിവസങ്ങളോളം പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ക്ഷീണത്താല്‍ ഒന്നു മയങ്ങി എന്ന് തോന്നുന്നു. മൊബൈല്‍ അടിച്ചപ്പോള്‍ ഞെട്ടിയെണീറ്റു. ''നൂറാ, ഇത് ഞാനാ സുഹറ. ഞാന്‍ റൂമിന് മുന്നിലുണ്ട്, വാതില്‍ തുറക്ക്.''
ചാടിയെണീറ്റു വാതില്‍ തുറന്നു. ചിരിച്ചുനില്‍ക്കുന്ന സൂറാത്തയുടെ തെളിഞ്ഞ മുഖം. കൂടെ ഭര്‍ത്താവ് ബക്കര്‍ക്കയും.
കുട്ടികള്‍ക്കുള്ള ഉടുപ്പുകളുമായി പലവട്ടം വീട്ടില്‍ വന്ന അവരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. ''വേഗം ഇറങ്ങൂ. ഇപ്പൊ തന്നെ ജിദ്ദയിലേക്ക് പോകാം.. ഒരാളവിടെ കാണാന്‍ കാത്തിരിക്കുകയാണ്.''
മുറിയിലുള്ളവരെല്ലാം നല്ല ഉറക്കം. നാട്ടില്‍ നിന്ന് ഇവിടംവരെ കൂടെ ഉണ്ടായിരുന്ന ഒരാളെ മാത്രം വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞു. പെട്ടെന്നിറങ്ങി. ഉസ്താദിനോടും നേരത്തെ എല്ലാം ബക്കര്‍ക്കയും മുജീബ്ക്ക ഫോണിലും പറഞ്ഞത് കൊണ്ട് എളുപ്പം പുറപ്പെടാന്‍ കഴിഞ്ഞു.
നേരം വെളുത്തുവരുന്ന തേയുള്ളൂ. ഹറമിന്റെ മിനാരങ്ങള്‍ ഇപ്പോഴും പൊന്‍പ്രഭയോടെ തെളിഞ്ഞുനില്‍ക്കുന്നു.
ഹറം മുറ്റത്ത് ഒരായിരം പ്രാവുകള്‍ വട്ടമിട്ടു പറക്കുന്നത് കാണാന്‍ എന്തു ചന്തം!!
ഒരു നിമിഷം എല്ലാം മറന്നു നോക്കി നിന്നു. എങ്ങും കോണ്‍ക്രീറ്റ് കാടുകള്‍!
കണ്ണില്‍ നിന്ന് മറയുന്നതു വരെ മിനാരങ്ങള്‍ നോക്കി നെടുവീര്‍പ്പിട്ടു. ഇനിയും മുജീബ്ക്കയോടൊപ്പം ഒരുപാട് ഉംറകള്‍ ചെയ്യണം.
ഇന്നലത്തേത് ആദ്യമായത് കൊണ്ട് എന്തോ ഒരു കുറവുള്ളതു പോലെ. ക്ഷീണവും മുമ്പെങ്ങുമില്ലാത്ത വല്ലാത്ത ഉത്കണ്ഠയും കാരണം എല്ലാം ശരിയായോ എന്ന സംശയം ബാക്കി.
വണ്ടിയോടിക്കുന്ന ബക്കര്‍ക്കാക്ക് തൊട്ടടുത്ത് സൂറാത്തയും, പിറകിലെ സീറ്റില്‍ ഞാനും.
ബക്കര്‍ക്കയോട് ഞാന്‍ ചോദിച്ചു: ''എന്തേ ഞാന്‍ ഇത്ര അടുത്ത് എത്തീട്ടും മുജീബ്ക്ക വന്നില്ല, എയര്‍പോര്‍ട്ടില്‍ പോലും...?''
''അതിനെന്താ, ഇപ്പോള്‍ നിങ്ങള്‍ കാണാന്‍ പോവുകയല്ലേ. ഇനിയേതായാലും പതിനഞ്ചു ദിവസം ഒപ്പം നിന്നൂടെ.''
''എന്നാലും, ഈ നാലുകൊല്ലം എന്തേ അവര്‍ നാട്ടില്‍ വരുന്നില്ല.''
''അതുകൊണ്ടല്ലേ നിന്നെ ഉംറ ക്കെങ്കിലും ഇങ്ങോട്ടേക്കു വരുത്തിയത്.'' വണ്ടി നല്ല സ്പീഡിലായിരുന്നു. അപ്പോഴും മനസ്സ് നിറയെ മുജീബ്ക്കയായിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഞാനിങ്ങു എത്തിയല്ലോ. ഫോണില്‍ മാത്രം കേള്‍ക്കുന്ന ശബ്ദം, ഇനിയും നേരിട്ട് കേള്‍ക്കാനും കാണാനും കഴിയുമല്ലോ.
ഞാന്‍ ആശ്വാസം കൊണ്ടു. മക്കയെ പിറകിലാക്കിക്കൊണ്ട് കാര്‍ ജിദ്ദക്കു നേരെ അതിവേഗം പിന്നിടുമ്പോഴും മുജീബ്ക്ക കൂടെ വരാത്തതില്‍ എനിക്ക് വല്ലാത്ത വിഷമം. ഇല്ല ഞാനൊന്നും മിണ്ടില്ല, കാണട്ടെ.
വരണ്ട മൊട്ടക്കുന്നുകളും മലകളും പുറകിലാക്കി അതിവിശാലമായ റോഡിലൂടെ കാര്‍ അതിവേഗം ജിദ്ദ ലക്ഷ്യമാക്കി പാഞ്ഞു. വലിയ കെട്ടിടങ്ങള്‍ കണ്ടുതുടങ്ങി. എന്തുമാത്രം നല്ല റോഡുകള്‍! ഇപ്പോള്‍ കാര്‍ ഒരു പാലത്തിനു മുകളില്‍ കയറി. പാലം ഇറങ്ങി.
അപ്പോള്‍ എന്റെ മനസ്സ് വല്ലാതെ ഭീതിയിലായിരുന്നു, വല്ലാത്തൊരു പൊറുതികേട്.
''എന്നാലും സൂറാത്ത,”നിങ്ങള്‍ തന്നെ പറ, ഞാന്‍ ഇവിടം വരെ എത്തീട്ട് മുജീബ്ക്ക എയര്‍ പോര്‍ട്ടിലും വന്നില്ല; മക്കയിലും വന്നില്ല!!'' ചോദിച്ച ചോദ്യങ്ങള്‍ തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ബക്കര്‍ക്ക കാര്‍ ഓടിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരുന്നു. എന്റെ സംശയം വീണ്ടും നുരഞ്ഞു പൊന്തി.
എന്താ മുജീബ്ക്കാക്ക് വല്ല സൂക്കേടും, എന്തെങ്കിലും പറ്റിയിരിക്കുമോ?
ബക്കര്‍ക്ക ഉറക്കെ പറഞ്ഞു: ''നൂറ അറിഞ്ഞില്ലേ? ഇപ്പൊ സുഊദിയില്‍ ചിലര്‍ക്കൊക്കെ ഈ സുഖക്കേടാണ്.''
ഞാന്‍ ആകെ ബേജാറായി. ''നിങ്ങള്‍ ഒന്നു തെളിച്ചു പറ. എന്താ മുജീബ്ക്കാക്ക്?'' ഞാന്‍ കരച്ചിലിന്റെ വക്കത്തോളം എത്തി.
അപ്പോഴേക്കും ഒരു കെട്ടിടത്തിനു മുന്നില്‍ കാര്‍ നിന്നു. താഴത്തെ നിലയിലെ വാതിലിനടുത്ത് തന്നെ മുജീബ്ക്കയുടെ ചിരിച്ച മുഖം കണ്ടപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടി. കഴിഞ്ഞ നാലു വര്‍ഷത്തോളം ശബ്ദം മാത്രം കേട്ടിരുന്ന മുജീബ്ക്ക ഇതാ എന്റെ മുന്നില്‍, ഒരസുഖവുമില്ലാതെ പൂര്‍ണ ആരോഗ്യവാനായി.
ഞങ്ങളൊന്നിച്ചു റൂമില്‍ കയറി. ''മുജീബ്ക്കാ, മക്കയില്‍ നിന്ന് ഇവിടെ വരെ നൂറാക്കു ഒരേ സംശയമായിരുന്നു. എന്തേ എയര്‍ പോര്‍ട്ടിലും മക്കയില്‍ പോലും വരാഞ്ഞത് എന്നൊക്കെ. ഒടുവില്‍ എന്തെങ്കിലും സൂക്കേട് ഉണ്ടോ എന്നായി. ഇപ്പൊ നൂറാക്കു മനസ്സിലായോ, ഒരു സൂക്കേടുമില്ലാന്ന്? എന്നാലോ, ആളിപ്പോ വലിയൊരു രോഗിയാ, പുറത്തിറങ്ങാന്‍ പറ്റാത്ത രോഗം. ഇതിപ്പോ സുഊദിയില്‍ പലര്‍ക്കും ഈ രോഗം പിടി കൂടീട്ടുണ്ട്. ഇതിന്റെ പേരാണ് 'ഹുറൂബ്' രോഗം''- സൂറാത്ത ചിരിച്ചു കൊണ്ടു പറഞ്ഞു.
ബക്കര്‍ക്ക കൂട്ടി ചേര്‍ത്തു: ''രണ്ടാം കെട്ടുകാരുടെ വിവാഹ പരസ്യത്തിലെ വാക്ക് പോലെ, തന്റേതല്ലാത്ത കാരണം കൊണ്ട് പിടിപെടുന്ന ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.'' എനിക്കൊന്നും മനസ്സിലായില്ല. മുജീബ്ക്ക എന്റെ കൈ പിടിച്ചു മറ്റൊരു മുറിയിലേക്ക് നടത്തി.
Comments