സാമൂഹിക നീതി സാമ്പത്തിക പുനര്‍വിന്യാസത്തിലൂടെ
ലോകമെമ്പാടും ഇസ്‌ലാമിക ജാഗരണം നടുകൊണ്ടിരിക്കുന്ന സവിശേഷ സന്ദര്‍ഭമാണിത്. യൂറോപ്പിലും അമേരിക്കന്‍ നാടുകളിലും ആളുകള്‍ ഇസ്‌ലാമിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ലോകമെമ്പാടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'ദാഇ'കള്‍ക്ക് അഭിമാനിക്കാം. പാശ്ചാത്യര്‍ക്ക് നഷ്ടപ്പെട്ടുപോയതോ, അവര്‍ തള്ളിക്കളഞ്ഞതോ ആയ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം ഇസ്‌ലാമിനെ അവതരിപ്പിക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. യുക്തിക്ക് നിരക്കാത്ത, തങ്ങളുടെ ആത്മീയദാഹം തീര്‍ക്കാത്ത വിശ്വാസസംഹിതകളെ തള്ളിക്കളഞ്ഞുകൊണ്ടവര്‍ ഇസ്‌ലാമിനെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. ലോകത്തുടനീളം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം തന്നെ ഇന്ന് നമ്മുടെ കേരളത്തിലും 'ഇസ്‌ലാംപേടി' മാറിവരുന്ന കാഴ്ച നാം ആഹ്ലാദത്തോടെ കാണുന്നു. ഇസ്‌ലാമിക് ബാങ്കിംഗ് ആരംഭിക്കാന്‍ ഇടതും വലതും പക്ഷങ്ങള്‍ ഒരുപോലെ താല്‍പര്യം കാണിക്കുന്നത് അതിന്റെ ജന്മസിദ്ധ അതിജീവനശക്തി ഒന്നുകൊണ്ട് മാത്രമാണ്.
എന്നാല്‍, ഈ നവജാഗരണത്തിന് ദിശാബോധം പകര്‍ന്നുകൊടുത്തുകൊണ്ട് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സമ്പൂര്‍ണമായ മാറ്റത്തിലേക്ക് അനുയായികളെ നയിക്കുന്നതില്‍ ഇസ്‌ലാമിക നേതൃത്വങ്ങള്‍ ലോകാടിസ്ഥാനത്തിലോ പ്രാദേശികാടിസ്ഥാനത്തിലോ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടോ?
ആത്മീയ ശൂന്യത നികത്തുന്ന കേവലം ഒരു 'മതം' മാത്രമല്ലല്ലോ ഇസ്‌ലാം. അതിന്റെ സമഗ്രതയും ചാലകശക്തിയും നിലവിലുള്ള മനുഷ്യ നിര്‍മിത സംഹിതകളെ നിഷ്‌കാസനം ചെയ്ത് സമ്പൂര്‍ണ വിപ്ലവം സാധ്യമാക്കാന്‍ പോന്നവിധം ശക്തവും ദൈവിക ദിശാബോധത്താല്‍ ബന്ധിതവുമാണല്ലോ (ഖുര്‍ആന്‍ 61:9). കേവല മതത്തിനുപകരം മറ്റൊരു കേവല മതമായി ഇസ്‌ലാം തരംതാഴ്ത്തപ്പെട്ടുകൂടായെന്ന് അല്‍പമെങ്കിലും ഇസ്‌ലാമിക ആദര്‍ശബോധമുള്ളവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.
മനുഷ്യ ജീവിതം
ഇസ്‌ലാമിക വീക്ഷണത്തില്‍ മനുഷ്യ ജീവിതമെന്നത് ഒരു കച്ചവട മുതല്‍ മാത്രമാണ്. സ്വര്‍ഗത്തിനും ദൈവികതൃപ്തിക്കും പകരമായി തങ്ങളുടെ പ്രിയപ്പെട്ട സമ്പത്തും ശരീരവും അവര്‍ ദൈവത്തിന് കച്ചവടം ചെയ്തിരിക്കുന്നു (ഖുര്‍ആന്‍ 9:111) എന്നു പറഞ്ഞാല്‍ സകലതും ദൈവത്തിന് അടിമപ്പെടുത്തിയിരിക്കുന്നുവെന്നര്‍ഥം. അപ്രകാരം സകലതും ദൈവത്തിന് സമര്‍പ്പിച്ചവനാണ് യഥാര്‍ഥ മുസ്‌ലിം.
മനുഷ്യജീവിതം മൂന്നായി ഭാഗിച്ചാല്‍ ഒന്നവന്റെ വ്യക്തി ജീവിതവും മറ്റൊന്ന് സാമൂഹിക ജീവിതവും പിന്നെ അവന്റെ സാമ്പത്തിക ജീവിതവുമാണെന്ന് കാണാം. അതില്‍ തന്നെ വ്യക്തിജീവിതത്തിന്റെ പകുതിയും സാമൂഹിക ജീവിതത്തിലൊരു ഭാഗവും സമ്പത്തുമായി ബന്ധപ്പെട്ടതാണ്.
മനുഷ്യനും സമ്പത്തും
മനുഷ്യന്റെയും സമ്പത്തിന്റെയും ഉടമാവകാശം ദൈവത്തിന് മാത്രമുള്ളതാണ്. അതംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഒരു മനസ്സ് ദൈവം മനുഷ്യന് നല്‍കി, മനുഷ്യനെ പരീക്ഷിക്കുന്നതിന്. മനുഷ്യന്റെ ജീവിതം ചിട്ടപ്പെടുത്തുന്നതിനും ദൈവബോധം ഊട്ടിയുറപ്പിക്കുന്നതിനും അവനെ ശുദ്ധീകരിക്കുന്നതിനുമായി ദൈവം നമുക്ക് ആരാധനാകര്‍മങ്ങള്‍ നിശ്ചയിച്ചു തന്നു. ശരീരം കൊണ്ടും സമ്പത്തുകൊണ്ടും മനുഷ്യന്‍ ആരാധന നടത്തേണ്ടതുണ്ട്. ദൈവ നിര്‍ദേശാനുസരണം സമ്പത്ത് ചെലവഴിക്കുന്നതാണ് സാമ്പത്തികമായ ആരാധന.
ശാരീരിക പ്രധാനമായ കര്‍മങ്ങള്‍ ആചാരപ്രധാനമായതിനാല്‍ മനുഷ്യര്‍ ആവേശത്തോടെ ആചരിച്ചു വരുന്നു. ഏറെ കഷ്ടതയനുഭവിച്ചുകൊണ്ട് നിരന്തരമായി ഹജ്ജ് ചെയ്യുന്നതിനും ഉംറ നിര്‍വഹിക്കുന്നതിനും വിശ്വാസിക്ക് യാതൊരു മടിയുമില്ല. എന്നാല്‍ അവന്റെ സമ്പത്തോ? മനുഷ്യന്റെ സമ്പത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു ആയതിനാല്‍ സാമ്പത്തിക മേഖലയിലും ദൈവത്തെ അനുസരിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ടാണ് സാമ്പത്തിക വിഷയങ്ങള്‍ ഖുര്‍ആനില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കപ്പെട്ടത്.
ഖുര്‍ആനില്‍ നമസ്‌കാരത്തെപ്പറ്റി പറയുന്ന മിക്കവാറും സ്ഥലങ്ങളിലെല്ലാം സകാത്തിനെക്കുറിച്ചും പറയുന്നുണ്ട്. സകാത്ത് എന്നത് വിശ്വാസിയുടെ സാമ്പത്തിക ആരാധനാകര്‍മങ്ങളില്‍ ഒന്നു മാത്രമാണ്. തന്റെ കൈവശമുള്ള, താന്‍ കഷ്ടപ്പെട്ട് നേടിയ. താനേറെ ഇഷ്ടപ്പെടുന്ന സമ്പത്ത് വേണ്ട സന്ദര്‍ഭങ്ങളില്‍ ആവശ്യക്കാര്‍ക്കും ചോദിച്ചു വരുന്നവര്‍ക്കും സ്വന്തക്കാര്‍ക്കുമെല്ലാം ദൈവപ്രീതിക്കായി ചെലവഴിക്കണമെന്ന് ഖുര്‍ആന്‍ നിരന്തരം ഉണര്‍ത്തുണ്ട് (ഖുര്‍ആന്‍ 3:92, 2:215). ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടുന്ന മനോവിഷമം അഥവാ പിശുക്ക് പൈശാചികമായ ഒന്നാണ്. പലപ്പോഴും ഇത്തരം പിശുക്ക് മിതവ്യയം എന്ന വ്യാജേന ന്യായീകരിക്കപ്പെടുന്നു എന്നതാണ് സത്യം.
സമ്പത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിന് മാത്രമുള്ളതാണെന്ന് പറഞ്ഞ ഖുര്‍ആന്‍ സമ്പത്ത് സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ കുന്നുകൂടുന്നതിനെ വിലക്കുന്നു. സമ്പത്തുള്ളവന്‍ അതിന്റെ ഗുണഫലം സമൂഹത്തിന് കൂടി ലഭ്യമാക്കുന്ന വിധം നിക്ഷേപിക്കണം (ഖുര്‍ആന്‍ 59:7). നിക്ഷേപത്തിന്റെ ലാഭം മുതല്‍മുടക്കുന്നവന് ലഭിക്കുന്നതോടൊപ്പം സമൂഹത്തിനും അതിന്റെ ഗുണം ലഭിക്കുന്നു. ദാരിദ്ര്യം ഇല്ലാതാകുന്നു. ഐശ്വര്യവും ക്ഷേമവും കൈവരുന്നു.
സാമൂഹിക നീതി
സാമൂഹികനീതി (Social Justice) സ്ഥാപിക്കുകയെന്നത് ഒരു സമ്പൂര്‍ണ ജീവിതസംഹിതയെന്ന നിലയില്‍ ഇസ്‌ലാമിന്റെ പരമപ്രധാനമായ ധര്‍മമാണ്. സാമൂഹികക്ഷേമവും (Social Welfare) സാമൂഹികസുരക്ഷയും (Social Security/Social Insurance Scheme) സാമൂഹിക നീതിയുടെ രണ്ടു പ്രധാന ഭാഗങ്ങളാണ്. കൃത്യമായ നിക്ഷേപങ്ങളിലൂടെ, സമ്പത്തിന്റെ ചംക്രമണത്തിലൂടെ സമൂഹത്തിന് കൈവരുന്നതാണ് സാമൂഹികക്ഷേമം, സകാത്ത് സംവിധാനത്തിലൂടെ സ്ഥാപിക്കപ്പെടുന്നത് സാമൂഹിക സുരക്ഷയും (Social Security Scheme). എന്നാല്‍ ഇന്ന് സകാത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഒരു സംവിധാനമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. 2.5 ശതമാനം കഴിച്ചുള്ള തന്റെ സമ്പത്തിന്റെ ഉടമാവകാശം തനിക്കു തന്നെയാണെന്ന തെറ്റിദ്ധാരണയിലാണ് ഇന്ന് മൊത്തത്തില്‍ മുസ്‌ലിം സമൂഹം. അതുകൊണ്ടാണ് കോടീശ്വരന്മാര്‍ ധാരാളമായുള്ള നമ്മുടെ സമൂഹങ്ങളിലും പരമദരിദ്രരെ ധാരാളമായി കാണുന്നത്.
യഥാര്‍ഥത്തില്‍ സമ്പത്തിനുടമ അല്ലാഹു മാത്രമാണ്, മനുഷ്യന്‍ കേവലം സൂക്ഷിപ്പുകാരന്‍ മാത്രം. സമ്പത്ത് നല്‍കപ്പെട്ടവന് അത് യഥാര്‍ഥത്തില്‍ പരീക്ഷണവസ്തു മാത്രമാണ് (ഖുര്‍ആന്‍ 2:155). എന്നാല്‍ ഏതോ മിഥ്യാ ബോധത്തില്‍ അടിപ്പെട്ട സത്യവിശ്വാസിയായ മനുഷ്യന്‍ സമ്പത്തിന്റെ കാര്യത്തില്‍ അപകടകരമായ തെറ്റിദ്ധാരണയിലാണ്.
സമ്പദ്പൂജ
ഏകദൈവത്തെ ആരാധിക്കുന്ന മുസ്‌ലിംകള്‍ അറിഞ്ഞും അറിയാതെയും വന്നുപെട്ടു പോകുന്ന ശിര്‍ക്കിന്റെ ഒരു മേഖലയാണ് സമ്പദ്പൂജ; അഥവാ സമ്പത്ത് വളര്‍ത്താനും അത് കെട്ടിപ്പൂട്ടി വെക്കാനുമുള്ള പ്രവണത. പിശുക്കാണ് സമ്പദ്പൂജാരിയുടെ മന്ത്രവും തന്ത്രവും. എങ്ങനെ ചെലവഴിക്കണം എന്നാണ് ഖുര്‍ആന്റെ പ്രതിപാദനം; എന്നാല്‍ എങ്ങനെ ചെലവഴിക്കാതിരിക്കാം എന്നാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. 'മിതവ്യയ'മെന്നാല്‍ 'പിശുക്ക്' എന്നല്ലല്ലോ അര്‍ഥം. എന്നിട്ട് അതിന് ന്യായീകരണം കണ്ടെത്താന്‍ അതേ ഖുര്‍ആനെ തന്നെ അവലംബിക്കുന്നവരെയും നമുക്ക് കാണാം (ഖുര്‍ആന്‍ 47:38, 2:195).
ധൂര്‍ത്തിനെ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ടെന്നതാണ് ന്യായം. എന്നാല്‍ എന്താണ് ധൂര്‍ത്ത് എന്ന് നാം തീരുമാനിക്കുന്നേടത്താണ് പ്രശ്‌നമുള്ളത്. ഒരു സാമൂഹികാവശ്യത്തിന് സമ്പത്ത് ചെലവ് ചെയ്യുമ്പോള്‍ മാത്രം ഉണ്ടാവുന്നതല്ല ധൂര്‍ത്ത്. സമ്പന്നനായ ഒരു വ്യക്തി തന്റെ വീട്ടിലെ ഒരു കാര്യത്തിന് (കല്ല്യാണമോ പാര്‍ട്ടിയോ) വാരിക്കോരി ചെലവഴിക്കുമ്പോള്‍ കാണാത്ത ധൂര്‍ത്ത് ഒരു പൊതുകാര്യത്തിനായി ചെലവഴിക്കുമ്പോള്‍ കാണുന്നത് ഭൂഷണമല്ല. വ്യക്തികള്‍ സ്വന്തം കാര്യത്തിന് യഥേഷ്ടം ചെലവഴിക്കുകയും എന്നാല്‍ സാമൂഹികാവശ്യങ്ങള്‍ക്ക് വേണ്ടത്ര ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നേടത്താണ് പ്രധാന പ്രശ്‌നമുള്ളത്. പൊതുകാര്യങ്ങള്‍ക്ക് 'രാവും പകലും', 'രഹസ്യമായും പരസ്യമായും', 'ഐശ്വര്യത്തിലും ദാരിദ്ര്യത്തിലൂം' ചെലവു ചെയ്യാന്‍ സത്യവിശ്വാസി കടപ്പെട്ടവനാണല്ലോ? (ഖുര്‍ആന്‍ 2:274, 13:22, 3:134).
സാമൂഹികമായ അവശ്യസന്ദര്‍ഭങ്ങളില്‍ തന്റെ കൈയില്‍ പണമുണ്ടായിട്ടും, അത് ആവശ്യത്തിന് നല്‍കാതെ മറ്റുള്ളവരെ നല്‍കാന്‍ പ്രേരിപ്പിച്ചിട്ട് തൃപ്തിയടയുന്ന വിശ്വാസികളെയും നമുക്ക് കാണാനാവും. അങ്ങനെ പ്രേരിപ്പിച്ചാലും മതി എന്നാണ് അവര്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ പണം കൈയിലില്ലാത്തവനാണല്ലോ മറ്റൊരുവനെ പ്രേരിപ്പിക്കേണ്ടത്. ഉള്ളവന്‍ അത് കൊടുക്കുകയല്ലേ വേണ്ടത്. തന്റെ സമ്പത്ത് മുഴുവന്‍ ഇസ്‌ലാമിന് വേണ്ടി നല്‍കിയ അബൂബക്കറും (റ) പകുതി നല്‍കിയ ഉമറും (റ) പോകേണ്ട അതേ സ്വര്‍ഗത്തില്‍ പോകാന്‍ ഉംറയും ഹജ്ജും ചെയ്ത് കാത്തിരിക്കുന്ന വിശ്വാസികള്‍ ഒരിക്കല്‍ കൂടി ചിന്തിക്കേണ്ടതുണ്ട്, തങ്ങളുടെ ഉംറയുടെയും ഹജ്ജിന്റെയും പുണ്യം ഒരു ഭാഗത്തും, കെട്ടിപ്പൂട്ടി വെച്ച് വിട്ടേച്ചുവന്ന സമ്പത്തിന്റെ പാപഭാരം മറുഭാഗത്തും വെച്ചാല്‍ ഏതാകും കനം തൂങ്ങുകയെന്ന്.
പുരോഹിതവര്‍ഗത്തിന്റെ പതനം
മനുഷ്യന്റെ ദൈനംദിന സാമ്പത്തിക ജീവിതത്തെക്കുറിച്ച കൃത്യമായ അവബോധം നല്‍കുന്നതില്‍ പുരോഹിതരും പണ്ഡിതവര്‍ഗവും അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. നമ്മുടെ പണ്ഡിതവര്‍ഗം രണ്ടു വിഭാഗങ്ങളിലായി അണിചേര്‍ന്നിരിക്കുന്നു. സമ്പന്നവര്‍ഗത്തിന്റെ താല്‍പര്യത്തിന് വേണ്ടി തത്ത്വജ്ഞാനങ്ങള്‍ ചമയ്ക്കുന്ന, അവന്റെ തെറ്റുകള്‍ക്ക് ആത്മീയ പിന്തുണ നല്‍കുന്ന, ശക്തമായ പുരോഹിത വര്‍ഗവും അവയെ എതിര്‍ക്കുന്ന ഉല്‍പതിഷ്ണുക്കളായ എന്നാല്‍ ഏറെ ദുര്‍ബലമായ മറ്റൊരു നിരയും (ഖുര്‍ആന്‍ 9:34).
രണ്ടുകൂട്ടരും ഖുര്‍ആന്റെ സാമ്പത്തിക അധ്യാപനങ്ങളെ കൃത്യമായി അണികളോട് പറയുന്നില്ല. പുരോഹിത വര്‍ഗം സാമ്പത്തിക ശിര്‍ക്കിന് ശക്തിയേകുമ്പോള്‍ ഉല്‍പതിഷ്ണുവര്‍ഗം കേവലം 2.5 ശതമാനം സകാത്തില്‍ തങ്ങളുടെ ചിന്തയെ തളച്ചിട്ടിരിക്കുന്നു. ബാക്കിയുള്ള 97.5 ശതമാനവും അതിന്റെ സൂക്ഷിപ്പുകാരന് തോന്നിയപോലെ ചെയ്യാന്‍ ഇതവസരം നല്‍കുന്നു. അവന്‍ അതുകൊണ്ട് സ്വര്‍ണം വാങ്ങി അട്ടിയാക്കി വെക്കുന്നു. ഭൂമിയെ കച്ചവടവസ്തുവാക്കി (ചരക്കാക്കി) മാറ്റിക്കൊണ്ട് കൃഷിചെയ്യാതെ ലാഭമുണ്ടാക്കുന്നു. ഒട്ടും സൃഷ്ടിപരമല്ലാത്ത മേഖലകളിലാണ് ലാഭക്കണ്ണോടെയുള്ള അവന്റെ നോട്ടം.
ഉല്‍പാദനക്ഷമമല്ലാത്തതും സമൂഹത്തിന് ഗുണകരമല്ലാത്തതുമായ സാമ്പത്തിക വിനിയോഗങ്ങളെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍ഥ്യംപോലും വിസ്മൃതമായിരിക്കുന്നു. സമ്പത്ത് കൃത്യമായ ഉല്‍പാദനക്ഷമമായ നിക്ഷേപങ്ങളിലൂടെ സമൂഹത്തില്‍ ഒഴുകി നടക്കുമ്പോഴാണ് സമൂഹം പുരോഗമിക്കുന്നതും ദാരിദ്ര്യം ഇല്ലാതാകുന്നതും ഐശ്വര്യം കൈവരുന്നതും (ഖുര്‍ആന്‍ 59:7). സ്വര്‍ണം വാങ്ങിവെച്ചാല്‍ നിക്ഷേപകന് ലാഭം കിട്ടുമെങ്കിലും സമൂഹത്തില്‍ സമ്പത്ത് ഒഴുകിയെത്തുന്നില്ല. അതുപോലെ തന്നെയാണ് ഭൂമിയെ കച്ചവടചരക്കാക്കി, അതിനെ തരിശിട്ട് നശിപ്പിക്കുന്നതും. ഭൂമി തരിശിടുന്നതും സ്വര്‍ണം അട്ടിയട്ടിയാക്കി കൂട്ടിവെക്കുന്നതും മനുഷ്യകുലത്തോട് ചെയ്യുന്ന കുറ്റകൃത്യമായി മാറുന്നു (ഖുര്‍ആന്‍ 9:34). സമൂഹത്തില്‍ അശരണരുടെയും ആവശ്യക്കാരുടെയും ദരിദ്രരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍, വഞ്ചന, അഴിമതി തൂടങ്ങിയ സാമൂഹികതിന്മകള്‍ പെരുകുന്നതിനും സമ്പത്തിന്റെ അശാസ്ത്രീയവും അധാര്‍മികവുമായ കേന്ദ്രീകരണം കാരണമാകുന്നു (ഖുര്‍ആന്‍ 104:1-3). ഇക്കാര്യം കൃത്യമായി നിര്‍വചിക്കേണ്ട പണ്ഡിതന്മാര്‍ സമ്പന്നവര്‍ഗത്തിന്റെ സ്വാര്‍ഥതക്ക് കൂട്ടുനില്‍ക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്.
ലോകം ഒരു രക്ഷാമാര്‍ഗം തേടുകയാണ്. അമേരിക്കയും യൂറോപ്പും അവരുടെ ആശ്രിതരായ ഏഷ്യന്‍ രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. വിലക്കയറ്റം, ജീവന്‍ രക്ഷാമരുന്നുകളുടെ ദൗര്‍ലഭ്യതയും അമിത വിലയും, ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തില്‍ വന്നിരിക്കുന്ന കുറവ് തുടങ്ങിയവയെല്ലാം എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വിഷമസന്ധികളാണ്. ഇത്തരുണത്തില്‍ ഇസ്‌ലാമിന്റെ ഉന്നതമായ സാമ്പത്തിക വീക്ഷണങ്ങള്‍ പ്രശ്‌നപരിഹാരമായി അവതരിപ്പിക്കേണ്ടത് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് പണ്ഡിതരുടെ ബാധ്യതയാണ്.
ഇസ്‌ലാമിക ആദര്‍ശത്തിനും മുസ്‌ലിംകള്‍ക്കും ലോകത്താകമാനം സ്വീകാര്യത ലഭിക്കുന്നതിന് അത് വഴിയൊരുക്കുക തന്നെ ചെയ്യും. 21ാം നൂറ്റാണ്ട് ഇസ്‌ലാമിന്റേതാവണമെങ്കില്‍ നമ്മുടെ സാമ്പത്തിക മേഖലയെ നാം പരിപൂര്‍ണമായി ഇസ്‌ലാമികവത്കരിച്ചേ മതിയാവൂ. വിജയത്തിലേക്ക് എളുപ്പവഴികളില്ല. ഗിരിമാര്‍ഗങ്ങള്‍ താണ്ടിയെത്തുന്നവര്‍ക്കാണ് വിജയമുള്ളത്. ഇസ്‌ലാമിന്റെ വിജയം സ്വപ്നം കാണുന്നവര്‍ ഇറങ്ങിപ്പുറപ്പെടേണ്ട സമയമാണിത്.
[email protected]
Comments