Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

കശ്മീരില്‍ സമാധാനം തിരിച്ചെത്തുമോ?

ഇഹ്‌സാന്‍

കശ്മീര്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു. 2002-ലും 2005-ലും താഴ്‌വര സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങളല്ല ഇത്തവണ. ലാല്‍ചൗക്കില്‍ മണല്‍ചാക്കുകളുടെ കൂനകള്‍ക്കിടയില്‍ നിന്ന് ബുള്ളറ്റ്പ്രൂഫ് തൊപ്പികള്‍ ധരിച്ച സൈനികര്‍ പ്രഭാതസവാരിക്കിറങ്ങിയവരെ തുറിച്ചുനോക്കുന്നതിന്റെ തീക്ഷ്ണത ഇപ്പോള്‍ കാണാനില്ല. കശ്മീരികളല്ലാത്ത ധാരാളം പേര്‍ ഭാര്യമാരെയും മക്കളെയും കൊണ്ട് നഗരത്തിലൂടെ നിര്‍ഭയം ചുറ്റിക്കറങ്ങുന്നു. ശ്രീനഗറിന്റെ പോയകാലങ്ങളെ ഒരു നിമിഷം ഓര്‍മിപ്പിക്കുന്ന വെടിയൊച്ചകള്‍ക്കു പകരം ഇത്തവണ നഗരത്തിലുടനീളം ദീപാവലിയുടെ ഗുണ്ടുകള്‍ പൊട്ടുന്നതിന്റെ ചെകിടടപ്പിക്കുന്ന ശബ്ദമായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. സോനാമാര്‍ഗിലും ഗുല്‍മര്‍ഗിലും മഞ്ഞു വീഴാന്‍ തുടങ്ങിയിട്ടും ആയിരക്കണക്കിന് ഇന്ത്യന്‍ സഞ്ചാരികളാണ് ഉല്ലാസയാത്രക്കെത്തിയത്. മുമ്പൊക്കെ വൈകുന്നേരം ആറു മണിയാവുന്നതോടെ ഭീതിയുടെ കമ്പളം പുതച്ച് ഉറക്കം പിടിക്കാറുണ്ടായിരുന്ന ശ്രീനഗറില്‍ ഇപ്പോള്‍ എട്ടു മണിവരെയെങ്കിലും കടകള്‍ തുറന്നു വെക്കുന്നുണ്ട്. തണുപ്പു മാത്രമാണ് വ്യാപാരികള്‍ക്കും സഞ്ചാരികള്‍ക്കും തടസ്സം. ഹോട്ടലുകളും ഓട്ടോറിക്ഷകളും ഉന്തുവണ്ടിക്കാരുമൊക്കെ രാത്രിജീവിതത്തെ സജീവമാക്കാനായി രംഗത്തുണ്ട്. ഒരുഭാഗത്ത് സയ്യിദ് അലിഷാ ഗീലാനിയും കൂട്ടരും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഉണ്ടായിരിക്കവെ തന്നെ എമ്പാടും വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും കാണാനുണ്ടായിരുന്നു.
എല്ലായിടത്തും പ്രതീക്ഷയും ഉത്സാഹവുമാണ് കാണാനുള്ളത്. കശ്മീര്‍ സ്വയംഭരണ പ്രദേശമാകുമെന്ന വിശ്വാസം എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട്. അതേസമയം 2008-ലും 2010-ലും കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാവുന്നതിന്റെ വക്കത്തോളം എത്തിയിരുന്നു. വെടിവെപ്പുകളും കസ്റ്റഡി മരണങ്ങളും  ജനങ്ങളെ വല്ലാതെ പ്രക്ഷുബ്ധമാക്കിയ കാലഘട്ടമായിരുന്നു ഇത്. നൂറിലേറെ യുവാക്കള്‍ തെരുവില്‍ കൊല്ലപ്പെട്ടു. കശ്മീരിന്റെ ചരിത്രത്തിലെ എടുത്തു പറയാവുന്ന ഈ പ്രതിസന്ധി കാലഘട്ടം പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെയാണ് കടന്നുപോയത്. ജനക്കൂട്ടത്തെ കൈയിലെടുക്കാനറിയുന്നവര്‍ ഇതാദ്യമായി പടക്കോപ്പുകള്‍ ഒഴിഞ്ഞ ആവനാഴികളുമായി പരസ്പരം പോരടിക്കുന്ന ചിത്രമായിരുന്നു മറുഭാഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ കൈയില്‍ തന്നെയായിരുന്നു അപ്പോഴും കടിഞ്ഞാണ്‍. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കശ്മീരിനെ കുറിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം സംഘത്തലവന്‍ ദിലീപ് പട്‌ഗോയങ്കര്‍ ഒരുപടി കൂടി മുന്നോട്ടുപോയി  വിഘടനവാദി നേതാക്കളെ പരസ്യമായി വിമര്‍ശിക്കാന്‍ പോലും ധൈര്യം കാണിച്ചു. 'വിഘടനവാദികള്‍ക്ക് അവസാനത്തെ  ബസ്സും നഷ്ടപ്പെട്ടു' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ചിദംബരം തൊട്ടുപിന്നാലെ അത് തിരുത്തിയെങ്കിലും. ചര്‍ച്ചയില്‍ അവരെയും ഉള്‍പ്പെടുത്തുമെന്നു തന്നെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. തെരുവില്‍ ഇപ്പോഴും ശല്യം ചെയ്യാനാവുമെന്ന് ഒക്‌ടോബര്‍ അവസാനവാരം തീവ്രാദികള്‍ തെളിയിക്കുകയും ചെയ്തു. ശ്രീനഗറില്‍ മൂന്നിടത്താണ് അവര്‍ പട്ടാപ്പകല്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
ഗീലാനിയടക്കമുള്ളവരുടെ നിലപാടുകളില്‍ കാതലായ മാറ്റമാണ് ഇപ്പോഴുള്ളത്. അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് താന്‍ എതിരല്ലെന്ന് അദ്ദേഹം ശ്രീനഗറില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമെന്ന, അതായത് ഹിതപരിശോധന വേണമെന്ന, നിലപാടിലാണ് ഗീലാനി ഉറച്ചു നില്‍ക്കുന്നത്. കശ്മീര്‍ പാകിസ്താന്റെ ഭാഗമാവണമെന്ന പഴയ കടുംപിടുത്തം ഇപ്പോള്‍ അദ്ദേഹത്തിനില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമയബന്ധിതമായ ചര്‍ച്ചകളാണ് വേണ്ടതെന്നാണ് യാസീന്‍ മലിക് അഭിപ്രായപ്പെടുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന, ഒരു തീരുമാനത്തിലും എത്താനാവാതെ പിരിയുന്ന പതിവ്പ്രഹസനങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നും മലിക് പറയുന്നു. മിര്‍വായിസും തന്റേതായ ഒരു ഫോര്‍മുല മുന്നോട്ടു വെച്ചുകൊണ്ട് ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗീലാനിയുടെയും മലികിന്റെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാറും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായിട്ടുണ്ട്. യാസീന്‍ മലികിന്  ഇത്തവണ ഹജ്ജിന് പോവാന്‍ പാസ്‌പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മറുഭാഗത്ത് ഗുരുതരമായ രോഗാവസ്ഥയില്‍ സുഊദി അറേബ്യയിലുള്ള മകളെ സന്ദര്‍ശിക്കാന്‍ ഗീലാനി കുടുംബത്തിനും അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഒരേസമയം സര്‍ക്കാര്‍ തലത്തിലും മറുഭാഗത്ത് അനൗദ്യോഗിക തലത്തിലും നടക്കുന്ന കശ്മീര്‍ ചര്‍ച്ചകള്‍ വലിയൊരളവോളം പ്രതീക്ഷയുണര്‍ത്തുന്നുണ്ടെന്നാണ് അനുഭവപ്പെടുന്നത്. അമേരിക്കയിലെ വിവാദ കശ്മീര്‍ മധ്യസ്ഥന്‍ ഗുലാം നബി ഫായിയുടെ ചര്‍ച്ചയില്‍ ഇന്ത്യന്‍ ഔദ്യോഗിക സംഘത്തിലെ ഒരു അംഗം ഉള്‍പ്പടെ ഇരുപക്ഷത്തു നിന്നുമുള്ള നിരവധി കശ്മീര്‍ നേതാക്കള്‍ പങ്കെടുത്തു. പാകിസ്താനിലും പ്രശ്‌നപരിഹാരത്തിന് സഹായകരമായ നിലപാടുകളാണ് പൊതുവെ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. പാക്കധീന കശ്മീരിലെ മുന്‍ പ്രധാനമന്ത്രി ബാരിസ്റ്റര്‍ സുല്‍ത്താന്‍ മഹ്മൂദ് അടക്കമുള്ള ചില നേതാക്കള്‍ ഇന്ത്യയെ തങ്ങള്‍ ഏറ്റവും മികച്ച സൗഹൃദരാജ്യമായി കാണുമെന്നു പോലും പറയുകയുണ്ടായി.
മേഖലയില്‍ നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കയുടെ നീക്കങ്ങളാണ് ഒരുപക്ഷേ ഈ സമാധാന സംരംഭങ്ങളുടെയെല്ലാം കാതല്‍. ലോകത്തുടനീളം യുദ്ധം സൃഷ്ടിച്ച് ഒടുവില്‍ സ്വന്തം സാമ്പത്തികനില അപായപ്പെടുത്തിയ അമേരിക്കന്‍ വിദേശനയം അന്തിമമായ തിരിച്ചടി ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെ കശ്മീര്‍ ജനത അതിന്റെ ഗുണഭോക്താക്കളാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ സംരംഭങ്ങള്‍ക്കു നല്‍കിയ പേരു പോലും അര്‍ഥവത്തായി മാറുന്നുണ്ട്. ട്രൂത്ത് ആന്റ് റീ കണ്‍സിലിയേഷന്‍ കമീഷന്‍, അതായത് സത്യവും പൊരുത്തപ്പെടലും (ടി.ആര്‍.സി). കൂട്ടക്കുഴിമാടങ്ങള്‍ അടക്കമുള്ള യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് കശ്മീരി ആണെന്നു മാത്രം. കേന്ദ്രസര്‍ക്കാര്‍ സത്യം സമ്മതിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനകളും കാണാനുണ്ട്. യൂനിയന്‍ കാബിനറ്റ് സെക്രട്ടറി അജിത്ത് കുമാര്‍ സേത്ത് കശ്മീര്‍ ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ കശ്മീരിന്റെ സ്വയംഭരണവും 370-ാം വകുപ്പിന്റെ ശക്തിപ്പെടുത്തലുമായിരുന്നു പ്രധാന അജണ്ട. സൈനികര്‍ക്ക് വിശേഷ അധികാരങ്ങള്‍ നല്‍കിപ്പോന്ന സ്‌പെഷ്യല്‍ ആക്ട് ചില മേഖലകളില്‍ നിന്നെങ്കിലും എടുത്തു കളയുന്നതായി ഉമര്‍ അബ്ദുല്ല കഴിഞ്ഞ വാരം പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെയാണ്.  കശ്മീരില്‍ സമാധാനത്തിന്റെ ചെറിയ കിരണങ്ങളെങ്കിലും കാണാനുണ്ട് എന്നതാണ് ഒടുവിലത്തെ നില.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം