Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

അലസിപ്പോയ മറ്റൊരു ഐക്യനീക്കം

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

മുജാഹിദും ജമാഅത്തും: വിരോധത്തിലെ വൈരുധ്യങ്ങള്‍-3

മുജാഹിദ് പണ്ഡിത നേതാവും കേരള ജംഇയ്യത്തുല്‍ ഉലമാ മുന്‍ പ്രസിഡന്റുമായ മര്‍ഹൂം കെ. ഉമര്‍ മൌലവിയും ജമാഅത്തെ ഇസ്ലാമി കേരള പ്രതിനിധികളും തമ്മില്‍ രണ്ട് അറബ് ശൈഖുമാരുടെ മഹനീയ സാന്നിധ്യത്തില്‍ അംഗീകരിച്ച് ഒപ്പിട്ട ഐക്യകരാറിന്റെ ദാരുണമായ അന്ത്യം നമ്മള്‍ പറഞ്ഞുവല്ലോ. കേരള നദ്വത്തുല്‍ മുജാഹിദീന്‍(കെ.എന്‍.എം) സ്വയം മുന്‍കൈയെടുത്ത മറ്റൊരു ഐക്യനീക്കം ജനിക്കും മുമ്പേ അലസിപ്പോയ ദുഃഖകഥയാണു ഇനി പറയാന്‍ പോകുന്നത്. അകാലത്തില്‍ അപമൃത്യു വരിച്ച മുസ്ലിം ഐക്യശ്രമങ്ങളുടെ ശ്മശാന ഭൂമിയില്‍ ഇതും ഗതികിട്ടാപ്രേതമായി നീണ്ടനാള്‍ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി ജനാബ് എ.പി അബ്ദുല്‍ ഖാദിര്‍ മൌലവിയും സുഹൃത്തുക്കള്‍ എ.വി അബ്ദുര്‍റഹ്മാന്‍ ഹാജിഎം.എല്‍.എയും പ്രഫ. ടി. അബ്ദുല്ലാ സാഹിബും ഒപ്പിട്ട്, 1998 ജൂലൈ 17ന് അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെയും സഹപ്രവര്‍ത്തകരെയും മുസ്ലിം സംഘടനകളുടെ ഐക്യവേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉള്ളില്‍ തട്ടുന്ന ഭാഷയില്‍ ഒരു ക്ഷണക്കത്ത് അയക്കുകയുണ്ടായി. ചരിത്ര പ്രാധാന്യമുള്ള കത്തിലെ ഓരോ വരിയും ഐക്യവികാരം തുടിച്ചുനില്‍ക്കുന്നതും ലക്ഷ്യസാഫല്യത്തില്‍ തികഞ്ഞ ശുഭപ്രതീക്ഷ പുലര്‍ത്തുന്നതുമാണ്. ക്ഷണക്കത്ത് ഇങ്ങനെ വായിക്കുക:
"ബഹുമാന്യരെ,
അസ്സലാമു അലൈക്കും.
ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു. ഇന്ത്യയിലെ സമകാലീന സാഹചര്യവും മുസ്ലിംകളുടെ പ്രശ്നങ്ങളും താങ്കളെ ഞങ്ങള്‍ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കേരളത്തിലെ മുസ്ലിംകളും മുസ്ലിം സംഘടനകളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സുശക്തവുമാണ്.
എല്ലാവര്‍ക്കും അവരുടേതായ നയങ്ങളും വീക്ഷണങ്ങളും ഉണ്ടാകാം. ആശയാദര്‍ശങ്ങള്‍ ഭിന്നവുമായേക്കാം. എന്നിരുന്നാലും എല്ലാവരും മുസ്ലിംകളുടെ പ്രശ്നങ്ങളില്‍ ഗുണകാംക്ഷയുള്ളവരാണ് എന്ന വസ്തുത നമുക്ക് പ്രത്യാശക്ക് വക നല്‍കുന്നു.
എല്ലാ പ്രശ്നങ്ങളിലും എല്ലാവര്‍ക്കും ഒരേ നിലപാട് സ്വീകരിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. എങ്കിലും മുസ്ലിംകളുടെ പൊതുപ്രശ്നങ്ങളില്‍ നമുക്ക് യോജിക്കാവുന്ന പോയിന്റുകള്‍ കണ്ടെത്താനാവുമെന്ന് പ്രതീക്ഷയുണ്ട്.
1998 ജൂലൈ 25 ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30ന് കോഴിക്കോട് ആര്‍.എം റോഡിലുള്ള മര്‍കസുദ്ദഅ്വയില്‍(ഐ.എസ്.എം ഓഫീസ്) ഒരു പൊതുവേദി ഒരുക്കുകയാണ്. താങ്കളെയും സഹപ്രവര്‍ത്തകരെയും ക്ഷണിക്കുകയാണ്. ഈ ക്ഷണം സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ. അല്ലാഹു അനുഗ്രഹിക്കട്ടെ.''
ഈ ക്ഷണക്കത്തിലെ ഹൃദയസ്പൃക്കായ ഐക്യവികാരം ഉള്‍ക്കൊണ്ട് മര്‍കസുദ്ദഅ്വയില്‍ '98 ജൂലൈ 25ന് ചേര്‍ന്ന യോഗത്തില്‍ ജമാഅത്ത് -മുജാഹിദ് പ്രതിനിധികള്‍ക്ക് പുറമെ മുസ്ലിംലീഗ്, എം.ഇ.എസ്, എം.എസ്.എസ് പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റു പ്രമുഖ മുസ്ലിം വ്യക്തിത്വങ്ങളും സംബന്ധിക്കുകയുണ്ടായി. തികച്ചും സൌഹൃദപൂര്‍വമായ അന്തരീക്ഷത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, വേദിയുടെ അടുത്ത സംഗമത്തിനു ജമാഅത്ത് ആതിഥ്യം അരുളണമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്.
അതുപ്രകാരം അടുത്ത യോഗം '98 ഒക്ടോബര്‍ 19ന് കോഴിക്കോട് വെള്ളിമാട്കുന്ന് ഐ.എസ്.ടി ബില്‍ഡിംഗില്‍ ചേരാന്‍ നിശ്ചയിച്ചതായി അറിയിച്ചുകൊണ്ട് '98 സെപ്റ്റംബര്‍ 29ന് അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബ് ബന്ധപ്പെട്ട എല്ലാവര്‍ക്കും കത്തയക്കുകയുണ്ടായി. ഇതിന് ഒക്ടോബര്‍ 18ാം തീയതി, യോഗത്തലേന്നാള്‍, കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ഖാദിര്‍ മൌലവി അയച്ച മറുപടിക്കത്ത് തീര്‍ത്തും അപ്രതീക്ഷിതം മാത്രമല്ല, ദുരൂഹവും അവിശ്വസനീയവും ആയിരുന്നു. "കഴിഞ്ഞ യോഗത്തിനു ശേഷം നിങ്ങളുടെ(ജമാഅത്തിന്റെ) ഉത്തരവാദപ്പെട്ട പ്രവര്‍ത്തകരും നിങ്ങളുടെ പത്രപ്രസിദ്ധീകരണങ്ങളും ആദ്യയോഗത്തിന്റെ ധാരണക്ക് തീര്‍ത്തും വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്'' എന്ന് കുറ്റപ്പെടുത്തുന്ന കത്ത് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നദ്വത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. "ഈ സാഹചര്യത്തിലുള്ള ഒത്തുചേരല്‍ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ നാം പരസ്പരം കലഹിക്കാന്‍ ഇടവരും'' എന്നതാണ് പങ്കെടുക്കാതിരിക്കാന്‍ കാരണമായി എടുത്തുപറഞ്ഞിരുന്നത്.
ഇതൊരു ബലപ്പെട്ട കാരണമായി ഒട്ടും തോന്നിയില്ല. ക്ഷണിക്കപ്പെട്ട മാന്യന്മാരുടെ ഒരു ചെറിയ സദസ്സില്‍ ജമാഅത്ത്-മുജാഹിദ് പ്രതിനിധികള്‍ തികച്ചും മാന്യോചിതമായി വര്‍ത്തമാനം പറയാനേ സാധ്യത ഉണ്ടായിരുന്നുള്ളൂ. മറിച്ചുള്ള ആശങ്ക തീര്‍ത്തും അസ്ഥാനത്തായിരുന്നു. അഥവാ, വല്ല പിശകും സംഭവിച്ചുപോയെങ്കില്‍ മാന്യന്മാര്‍ ഇടപെട്ട് വേണ്ടവിധം പരിഹരിച്ചു കൊള്ളുമായിരുന്നു.
ആദ്യയോഗ ധാരണക്ക് വിരുദ്ധമായി ജമാഅത്ത് പക്ഷത്ത് 'അബദ്ധങ്ങള്‍' സംഭവിച്ചതാകട്ടെ വ്യാഖ്യാനവിധേയങ്ങളായിരിക്കാം. സാമാന്യമായ ഐക്യധാരണക്കപ്പുറം, ആദ്യയോഗത്തില്‍ ഏതെങ്കിലും കരാര്‍ ഒപ്പിടുകയോ പെരുമാറ്റച്ചട്ടം അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ആ സ്ഥിതിക്ക് സാധാരണ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വീഴ്ചയോ നോട്ടപ്പിശകോ വല്ലതും സംഭവിച്ചുപോയെങ്കില്‍ തന്നെ പരസ്പരം ശ്രദ്ധയില്‍പെടുത്തി പറഞ്ഞുതീര്‍ക്കാനേ ഉണ്ടായിരുന്നുള്ളൂ. പൊതുവേദി എന്ന മൌലികലക്ഷ്യം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മാത്രം ഗൌരവം അതിനു നല്‍കേണ്ടിയിരുന്നില്ല. ഹജ്ജിനു പുറപ്പെട്ട വല്ല ആദാമിന്റെ പുത്രനും റോഡിലെ കുണ്ടും കുഴിയും കണ്ട് മടങ്ങിപ്പോയാലത്തെ സ്ഥിതി സംഭവിക്കരുതായിരുന്നു. ഇവിടെയാണ് മുജാഹിദ് നിലപാട്മാറ്റത്തിലെ ദുരൂഹതയും അവിശ്വസനീയതയും.
ദുരൂഹത ഒട്ടൊക്കെ നീങ്ങണമെന്നുണ്ടെങ്കില്‍ ചിത്രത്തിന്റെ മറുപുറം കൂടി കാണേണ്ടിവരും. മുസ്ലിംസംഘടനകളുടെ 'ഗുണകാംക്ഷ'യില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടും വിജയത്തില്‍ 'പ്രതീക്ഷ'യും 'പ്രത്യാശ'യും പുലര്‍ത്തിക്കൊണ്ടും ഐക്യശ്രമങ്ങള്‍ മുന്നേറിക്കൊണ്ടിരുന്ന അതേ നാളുകളില്‍ മുജാഹിദ് പക്ഷത്ത് നിന്ന് ഒരു ബദല്‍ ഇടപെടലും നടന്നു വരുന്നുണ്ടായിരുന്നു. വളരുന്ന ഐക്യരേഖയെ വെട്ടി ഈ ഉശിരന്‍ ബദലുക്ക് ബദലും മുന്നേറിക്കൊണ്ടിരുന്നു. "ജമാഅത്തിനോടൊപ്പം മതേതരകൂട്ടായ്മ അപ്രസക്തം'' എന്ന തലക്കെട്ടില്‍ മുജാഹിദ് സ്റുഡന്റ്സ് മൂവ്മെന്റ്(എം.എസ്.എം) സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനരൂപത്തിലാണ് അത് കാണാന്‍ പോകുന്നത്. 1998 സെപ്റ്റംബര്‍ 21ലെ ചന്ദ്രികയില്‍ അതിങ്ങനെ വായിക്കാം:
"മതേതരത്വത്തെയും ജനാധിപത്യത്തെയും തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിയുമൊന്നിച്ച് മതേതര കൂട്ടായ്മക്കുള്ള പുറപ്പാട് അപ്രസക്തമാണെന്ന് മുജാഹിദ് സ്റുഡന്റ്സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മതേതരത്വവും ജനാധിപത്യവും ഇസ്ലാമിക വിരുദ്ധമാണെന്ന മൌദൂദിയുടെ മതരാഷ്ട്രവാദത്തെ തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്ലാമി ഇന്നും തയാറല്ലെന്നിരിക്കെ ജമാഅത്തുമായി ഒത്തുചേര്‍ന്നുള്ള മതേതര കൂട്ടായ്മ അര്‍ഥശൂന്യമാണ്.
വിശുദ്ധ ഖുര്‍ആനിലെ ജിഹാദിനെ വികലമായി ചിത്രീകരിച്ച് മതതീവ്രവാദത്തിന് ദാര്‍ശനിക അടിത്തറ പാകിയ മൌദൂദിയുടെ ആശയഗതികളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പങ്കാളിത്തത്തോടെയുള്ള മതേതരകൂട്ടായ്മക്ക് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ മതേതര വിശ്വാസികളുടെ വിശ്വാസ്യത ആര്‍ജിക്കുക സാധ്യമല്ല.''
ജമാഅത്തെ ഇസ്ലാമിക്കൊപ്പം മതേതര കൂട്ടായ്മക്ക് ശ്രമിക്കുന്നവര്‍ക്കും ജമാഅത്തിനോട് മൃദുസമീപനം സ്വീകരിക്കുന്ന മുസ്ലിംലീഗിനും ശക്തിയായി മുന്നറിയിപ്പ് നല്‍കികൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്.
മുജാഹിദ് നേതാക്കളുടെ ക്ഷണക്കത്ത് മുസ്ലിം സംഘടനകളുടെ ഐക്യവേദിയിലേക്കാണെങ്കില്‍ വിദ്യാര്‍ഥി പ്രമേയം വാചാലമാകുന്നത് മതേതര കൂട്ടായ്മയെക്കുറിച്ചാണ്. പ്രമേയം ആരോപിക്കുന്ന തരത്തിലുള്ള ഹലാക്കിയ്യത്തുകള്‍ ജമാഅത്തില്‍ ഉള്ളതാണെങ്കില്‍ പണ്ടേക്കും പണ്ടേ ഉള്ളതാണ്. പണ്ടെങ്ങാന്‍ മരിച്ചുപോയ മൌദൂദി ഐക്യകൂട്ടായ്മയെ തകര്‍ക്കാന്‍ പുതിയ കിതാബുമായി ഹയാത്തായിട്ടൊന്നുമില്ല. ഇതൊക്കെ മനഃപാഠമുള്ള മുജാഹിദ് നേതൃത്വമാണ്, എല്ലാം അറിഞ്ഞുകൊണ്ടുതന്നെ, ഐക്യകൂട്ടായ്മയിലേക്ക് ജമാഅത്തിനെ ക്ഷണിക്കുന്നതും. എന്നിട്ട്, നിസ്സാര കാരണം കണ്ടെത്തി, ഐക്യനീക്കം വഴിയില്‍ തള്ളി പിന്തിരിഞ്ഞുപോയതിന്റെ 'സിര്‍റും ഹഖീഖത്തും' അവര്‍ക്കു തന്നെയേ വിശദീകരിക്കാനാകൂ. എല്ലാം കൂട്ടിവായിക്കുമ്പോള്‍, ജമാഅത്ത് പ്രശ്നത്തില്‍ ഏതോ വലിയ ഒരു ആഭ്യന്തര വൈരുധ്യം മുജാഹിദ് പ്രസ്ഥാനത്തെ വേട്ടയാടുന്നതായി പുറത്തുള്ളവര്‍ക്ക് തോന്നാം. തോന്നുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.
പിന്നെ, തീവ്രവാദത്തിന്റെയും മറ്റും പ്രശ്നം. അതൊന്നും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതല്ല. 'ആ വഹാബിസമല്ല ഈ വഹാബിസ'മെന്നും 'ആ മൌദൂദിസമല്ല ഈ മൌദൂദിസ'മെന്നു'മൊക്കെയുള്ള വാദഗതികളുണ്ട്. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം