Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ഒന്നാം ഘട്ടത്തിന് നവംബറില്‍ തുടക്കം

ജിദ്ദ: ഗള്‍ഫിലുടനീളം മലയാളി കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന മലര്‍വാടി ജി.സി.സി മെഗാ ക്വിസ് പരിപാടികള്‍ക്ക് ജിദ്ദയില്‍ തുടക്കമായി. രിയാദില്‍ പ്രശസ്ത ടെലിവിഷന്‍ അവതാരകനും റിവേഴ്‌സ് ക്വിസ് ഫെയിമുമായ ഡോ. ജി.എസ് പ്രദീപ് ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ടാണ് മെഗാ ക്വിസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അദ്ദേഹം തന്നെയായിരിക്കും മെഗാ ക്വിസിന്റെ ക്വിസ് മാസ്റ്ററും.
'പാഠങ്ങള്‍ക്കപ്പുറം' (Beyond the Lessons) എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന മെഗാ ക്വിസ് പ്രവാസി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പുതിയ ഒരനുഭവമായിരിക്കും. വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്ത് നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന അറിവുകള്‍ക്കപ്പുറം പ്രകൃതി, മനുഷ്യന്‍, സമൂഹം ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന പുതിയൊരു സാമൂഹിക സാംസ്‌കാരിക വീക്ഷണം രൂപപ്പെടുത്താന്‍ സഹായകമായിരിക്കും ഈ പരിപാടി.
കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. ആദ്യഘട്ട മത്സരം ഓണ്‍ലൈന്‍ വഴിയായതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പങ്കെടുക്കാമെന്ന പ്രത്യേകതയുണ്ട്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കാലയളവില്‍ www.malarvadionline.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാണ് ഒന്നാംഘട്ട മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒന്നാംഘട്ട പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഡിസംബര്‍ 9-ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാം. ഇതിനായി രാജ്യങ്ങളുടെ വലുപ്പം അനുസരിച്ച് കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. മത്സരം സംബന്ധിച്ച നിയമാവലികള്‍ സൈറ്റില്‍ ലഭ്യമാണ്. ഓരോ മേഖലയില്‍ നിന്നും വിജയികളാവുന്ന രണ്ട് പേരടങ്ങുന്ന ടീമിനാണ് ഓരോ വിഭാഗത്തില്‍നിന്നും ജി.സി.സി തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുക. സുഊദിക്കു പുറമെ ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 10 ടീമുകള്‍ അവസാന ഘട്ടത്തില്‍ മാറ്റുരക്കും. വിജയികള്‍ക്ക് 100000, 75000, 50000 രൂപ വീതം സമ്മാനം ലഭിക്കും. മേഖലാതല വിജയികള്‍ക്ക് 1000, 750, 500 രിയാല്‍ വീതം സമ്മാനമായി ലഭിക്കും.
സുഊദിയില്‍ മാത്രം ജിദ്ദ, ദമ്മാം, രിയാദ് എന്നീ മൂന്ന് മേഖലകളുണ്ട്. വെസ്റ്റേണ്‍ റീജിയന്‍ ഉള്‍ക്കൊള്ളുന്ന ജിദ്ദ മേഖയില്‍ ജിദ്ദ, യാമ്പു, മക്ക, മദീന, തബൂക്ക്, ഖമീസ്, മുഷൈത്ത് എന്നിവിടങ്ങളിലായി 7 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പ്രഫ. പി. റൈനോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ സി.കെ മുഹമ്മദ് നജീബ്, കോ-ഓര്‍ഡിനേറ്റര്‍ എ. നജ്മുദ്ദീന്‍, പി.ആര്‍.ഒ  അബ്ദുല്‍ കരീം കെ.എം എന്നിവര്‍ പങ്കെടുത്തു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം