അറബ് വിപ്ലവത്തിന്റെ അലയൊലിയായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭം
കഴിഞ്ഞ വര്‍ഷാന്ത്യം അറേബ്യന്‍ മണല്‍ക്കാടുകളില്‍ ഏകാധിപത്യ ഭരണത്തെ വേരോടെ പിഴുതെറിയാന്‍ നാന്ദികുറിച്ച മുല്ലപ്പൂ വിപ്ലവമെന്ന കൊടുങ്കാറ്റ് മറ്റൊരു വേഷത്തില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ അവതരിക്കുകയാണ്. വടക്കെ അമേരിക്കയുടെ സാമ്പത്തിക തലസ്ഥാന നഗരിയെന്ന അപരനാമത്തില്‍ പ്രശസ്തമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ സെപ്റ്റംബര്‍ 17-ന്, ഉയര്‍ന്നുനില്‍ക്കുന്ന വമ്പന്‍ കോര്‍പറേറ്റ് കുത്തകകളെ തകര്‍ത്തെറിയണമെന്ന് ആവശ്യപ്പെട്ട് യുവ വിദ്യാര്‍ഥി സമൂഹം നടത്തിയ ശാന്തമായ പ്രകടനം മുതലാളിത്ത രാജാക്കന്മാര്‍ക്ക് ഒരു മുന്നറിയിപ്പാണെന്നത് തര്‍ക്കമറ്റ കാര്യം.
നൂറോളം യൂനിയനുകളുടെയും വിദ്യാര്‍ഥി-അധ്യാപക സമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണയോടെ 'മുതലാളിത്തവത്കരണത്തെ തൂത്തെറിയുക' എന്ന ലക്ഷ്യത്തിന് വേണ്ടി പോരാടുകയാണിവര്‍. ന്യൂയോര്‍ക്കില്‍ നിന്ന് അമ്പതിലേറെ നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചിരിക്കുകയാണ്. 15-ലേറെ രാജ്യങ്ങളിലായി മറ്റു നഗരങ്ങളും സമരപാതയിലാണ്. 54 രാജ്യങ്ങളിലായി ഫേസ്ബുക്ക് 'കുത്തിയിരിപ്പ്' പേജുകള്‍ ഉണ്ടാക്കിയതിനാല്‍ അനുയായികള്‍ അതിവേഗം വര്‍ധിച്ചുവരുന്നുണ്ട്. ദിനംപ്രതി മാധ്യമങ്ങളിലൂടെ ഈ വാര്‍ത്തയറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്ന് പ്രക്ഷോഭത്തിലെ കണ്ണിയാവാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പ്രവാഹം വാള്‍സ്ട്രീറ്റിലെത്തുകയാണ്. ആസ്‌ത്രേലിയ, ബ്രിട്ടന്‍,ഗ്രീസ്, സ്‌പെയിന്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലെ തൊഴിലാളി യൂനിയനുകളും മനുഷ്യാവകാശ സംഘടനകളും ആര്‍ത്തിപിടിച്ച വരേണ്യവര്‍ഗത്തിന്റെ ചൂഷണത്തിനെതിരെ പ്രതിഷേധസമരവുമായി രംഗത്തുണ്ട്.
സെപ്റ്റംബര്‍ 17ന് രാജ്യത്തിന്റെ സാമ്പത്തികനില നിയന്ത്രിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കൊട്ടാരങ്ങളുടെ വിളനിലമായ വാള്‍സ്ട്രീറ്റിന്റെ തിരുമുറ്റത്ത് സാമൂഹിക അസമത്വത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ഇവരെ പോലീസ് തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്കില്‍ തമ്പടിക്കാനുള്ള അനുമതി നിര്‍ദാക്ഷിണ്യം നിഷേധിക്കപ്പെട്ടപ്പോള്‍, പതറാതെ മുന്നോട്ടുനീങ്ങിയ പ്രക്ഷോഭകര്‍ തൊട്ടടുത്ത സുക്കോട്ടി പാര്‍ക്കിലേക്ക് നീങ്ങുകയും തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ കനത്ത മഴയും കടുത്ത മഞ്ഞു വീഴ്ചയും സഹിച്ച് പ്രക്ഷോഭം വ്യാപിപ്പിക്കുകയായിരുന്നു.
ഏതന്‍സിലും മാഡ്രിഡിലും കോപന്‍ഹേഗനിലും ലിസ്ബണിലും ഈയിടെ ഉയര്‍ന്നുവന്ന തൊഴിലില്ലായ്മക്കെതിരെയുള്ള വ്യാവസായിക തൊഴിലാളികളുടെ സമരങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെയാണ് അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്. മെക്‌സിക്കോ കടലിടുക്കിലെ വാതക ചോര്‍ച്ചക്കെതിരെയുള്ള പോരാട്ടം ഡമോക്രാറ്റുകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. വീണ്ടും ഒരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബറാക് ഒബാമക്ക് ഇതൊരു കനത്ത തിരിച്ചടിയാവും. അമേരിക്കന്‍ ജനത നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒബാമ അവതരിപ്പിച്ച പാക്കേജ് അമ്പേ പരാജയപ്പെടുകയാണുണ്ടായത്. പദ്ധതിയാവിഷ്‌കരണത്തിന് പാര്‍ലമെന്റ് അംഗങ്ങളുടെ 60 ശതമാനം വോട്ട് വേണമെന്നിരിക്കെ 48 ശതമാനം വോട്ട് മാത്രമാണ് ഒബാമ സഖ്യത്തിന് ലഭിച്ചത്. മുഴുവന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒബാമയുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ രണ്ട് ശതമാനം ഡമോക്രാറ്റുകളും അവരോട് സഹകരിക്കുകയാണ് ചെയ്തത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രതിഛായക്ക് കരിനിഴല്‍ വീണതോടെ പേടിയിലാണ് ഭരണകക്ഷിയും അനുകൂല വൃത്തങ്ങളും. അസമത്വത്തിനെതിരെയുള്ള ഈ പോരാട്ടത്തെ ഭരണപക്ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.
ഫൈസല്‍ തളങ്കര
സവര്‍ണത
പുറത്തുള്ളതുപോലെ അകത്തുമുണ്ട്
'സമകാലിക മുസ്‌ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍' എന്ന സമദ് കുന്നക്കാവിന്റെ ലേഖന പരമ്പര സംസ്‌കാര പഠനത്തില്‍ ഒരു പുതിയ വഴിത്തിരിവ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ നിന്ന് വഴിമാറി നടന്നിട്ടുള്ള പ്രബോധനം വാരികയില്‍ തന്നെ ഇത്തരം പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നത് ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാകാം. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ സാമൂഹികശേഷിയെ പുതിയ കാലത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കൊളുത്തിവെക്കാനുള്ള ലേഖകന്റെ ശ്രമം ഓരോ ലക്കത്തിലും തെളിഞ്ഞു കാണുന്നുണ്ട്. പരമ്പരയുടെ തുടക്കഭാഗം ചരിത്രത്തിന്റെ കണ്ണിചേര്‍ക്കല്‍ കൊണ്ടാണ് മികച്ചുനില്‍ക്കുന്നതെങ്കില്‍, തുടര്‍ന്നുവന്ന സാഹിത്യഭാഗം വിശകലനങ്ങള്‍ കൊണ്ടാണ് വ്യത്യസ്തമാകുന്നത്. പുതിയ സംസ്‌കാരപഠന മേഖലയില്‍ അത്യുക്തികള്‍ കൊണ്ടും ഉപരിപ്ലവത കൊണ്ടും വിശകലനങ്ങള്‍ പാളിപ്പോകാറുണ്ട്. ഒരു മുസ്‌ലിം കഥാപാത്രത്തിന് ഒരിക്കലും വില്ലനാവാന്‍ സാധ്യമല്ലെന്ന രീതിയില്‍ പലപ്പോഴും സിനിമയിലെയും സാഹിത്യത്തിലെയും വര്‍ഗീയതക്കെതിരായ ആവിഷ്‌കാരങ്ങളെ മുന്‍നിര്‍ത്തി ചിലര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ തെളിവുകളുടെയും ഉദ്ധരണികളുടെയും പിന്‍ബലത്തില്‍ പഠനത്തിന് പൂര്‍ണത നല്‍കാന്‍ ലേഖകന് കഴിഞ്ഞു. എങ്കിലും സവര്‍ണതക്കെതിരെ ലേഖകന്‍ ഉന്നയിച്ച പല വിമര്‍ശനങ്ങളും ഇസ്‌ലാമിനകത്തേക്കുള്ള വെടിയായും മാറുന്നുണ്ട്. വള്ളത്തോള്‍ കാവ്യങ്ങളെക്കുറിച്ചുള്ള ഭാഗം ഇതിന്റെ ഉദാഹരണമാണ്. 'കൊളോണിയല്‍ ആധുനികതയെ അഭിമുഖീകരിക്കാന്‍ തയാറായ വള്ളത്തോളിന് അര്‍ഥശാസ്ത്രങ്ങളിലും കാമസൂത്രങ്ങളിലും പാര്‍പ്പുറപ്പിച്ച ഭാരതസ്ത്രീയെ കൈയൊഴിഞ്ഞ് ആധുനികതയുടെ ഗാര്‍ഹികതളങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീസങ്കല്‍പത്തെ കണ്ടെടുക്കേണ്ടതുണ്ടായിരുന്നു'വെന്ന് ലേഖകന്‍ വിമര്‍ശിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ ഇതേ സമീപനം തന്നെയല്ലേ മുസ്‌ലിംകളിലെ പൗരോഹിത്യം സ്ത്രീയോട് സ്വീകരിച്ചതും?
പൊതുയിടങ്ങളില്‍ സ്ത്രീക്ക് ഭ്രഷ്ട് കല്‍പിച്ച് അവളെ സുറുമ എഴുതിച്ച് മൊഞ്ചത്തിയാക്കി വീട്ടില്‍ തളച്ചിടുകയല്ലേ പൗരോഹിത്യം ചെയ്തുപോന്നിട്ടുള്ളത്? സവര്‍ണത എന്നത് അപ്പുറത്ത് മാത്രമുള്ള ഒരു പ്രതിഭാസമല്ലെന്നും എല്ലാ സമുദായങ്ങളിലും കണ്ടുവരുന്ന ഒന്നാണെന്നുമല്ലേ ഇത് തെളിയിക്കുന്നത്?
സലീന പള്ളിപ്പടി, മഞ്ചേരി
ഏകലവ്യന്റെ പെരുവിരല്‍
പട്ടിണിമാറ്റാന്‍ പദ്ധതികള്‍ പോരാ' എന്ന മുഖക്കുറിപ്പ് (ലക്കം 19) സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളുടെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടുന്നതായി. സര്‍ക്കാറിന്റെ പല ക്ഷേമപദ്ധതികളും താഴെത്തട്ടിലെത്തുന്നില്ല. ചില വിരുതന്മാര്‍ അവ വെട്ടിവിഴുങ്ങുകയാണ്. അഴിമതിവീരന്മാരുടെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പേരിന് ചിലര്‍ ഇരുമ്പഴിക്കുള്ളിലായെങ്കിലും അഴിമതിയുടെ വന്‍മലയുടെ ചെറുതരി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വമ്പന്മാര്‍ക്ക് പല സാമ്പത്തിക ഇളവുകളും സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ പട്ടിണിപ്പാവങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ദ്രോഹിക്കുന്നതിലും ആട്ടിപ്പായിക്കുന്നതിലും ഭരണാധികാരികള്‍ക്ക് ദയയുടെ കണിക പോലുമുണ്ടാകാറില്ല.
വികസനത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് തികച്ചും നീതിയുക്തവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമാണ്. യൂഫ്രട്ടീസ് നദിക്കരയില്‍ ഒരാട്ടിന്‍കുട്ടി ചത്തൊടുങ്ങിയാല്‍ നാളെ ഞാന്‍ ദൈവത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്ന ഖലീഫാ ഉമറിന്റെ വേദനമുറ്റിയ വാക്കുകള്‍ സ്മരണീയമാണ്. തന്റെ ജനങ്ങളുടെയും ജീവജാലങ്ങളുടെയും ക്ഷേമത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഭരണാധികാരി എത്രമാത്രം ഉത്കണ്ഠയുള്ളവനായിരിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നുണ്ട് ഈ വാക്കുകള്‍.
മുഹമ്മദ് നബിയുടെ ഒരു വചനം ഏറെ പ്രസക്തവും ചിന്തനീയവുമാണ്. ''ദുര്‍ബല വിഭാഗങ്ങളുടെ അവകാശം നിഷേധിക്കുന്ന ഒരു ജനതക്കും ദൈവം വിശുദ്ധി നല്‍കില്ല.''
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
Comments