Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

ഭരണഘടന അംഗീകരിക്കുന്നില്ല?

 ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്ത സംഘടനയാണെന്നും അത്തരമൊരു സംഘടന രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജമാഅത്തും പുതുതായി നിലവില്‍ വന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലേ?
മുഹമ്മദ് കുട്ടി മുക്കം
ഭരണഘടന അംഗീകരിക്കാത്ത ഒരു സംഘടനക്കും പാര്‍ട്ടിക്കും രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കാനാവില്ല എന്ന പ്രാഥമിക സത്യം അറിയാത്ത ആളല്ല കെ.പി.എ മജീദ്. ജമാഅത്തുമായി നിരവധി കൂട്ടായ്മകളില്‍ സഹകരിക്കുകയും വേദികള്‍ പങ്കിടുകയും ചെയ്തപ്പോഴൊന്നും മുസ്ലിം ലീഗിന് ഇക്കാര്യത്തില്‍ സംശയവും ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി അതിന്റെ ഭരണഘടന പുതുതായി മാറ്റിയെഴുതിയിട്ടില്ലതാനും. നരസിംഹറാവു സര്‍ക്കാര്‍ ബാബരിമസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ഏതാനും ഹൈന്ദവ സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചിരുന്നു. അതിനെതിരെ ജമാഅത്ത് സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച വിധിയില്‍ ജമാഅത്ത് ഭരണഘടനാനുസൃതമായും നിയമവിധേയമായും പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് വിലയിരുത്തി നിരോധം റദ്ദാക്കുകയാണുണ്ടായത്.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാവട്ടെ, ഇലക്ഷന്‍ കമീഷന്റെ അംഗീകാരം നേടിയെടുത്ത ശേഷമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും സെക്യുലരിസവും സോഷ്യലിസവും അംഗീകരിക്കാത്ത ഒരു പാര്‍ട്ടിക്കും ഇലക്ഷന്‍ കമീഷന്റെ അംഗീകാരം ലഭിക്കുകയില്ലെന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോലും അറിയാവുന്ന വസ്തുത മാത്രം. ഏതു പാര്‍ട്ടിയെക്കുറിച്ചായാലും അതിന്റെ ലക്ഷ്യവും സ്വഭാവവും നയപരിപാടികളും സാമാന്യമായി മനസ്സിലാക്കിയ ശേഷമാണ് അഭിപ്രായ പ്രകടനം നടത്തേണ്ടത്. മുന്‍വിധിയോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആശങ്കയുടെയും അങ്കലാപ്പിന്റെയും ലക്ഷണമായാണ് വിലയിരുത്തപ്പെടുക.

ആരാണ് അമേരിക്കന്‍ ചാരന്മാര്‍?
 താന്‍ ഒരിക്കലും അമേരിക്ക സന്ദര്‍ശിച്ചിട്ടില്ലെന്നും സാമ്രാജ്യത്വവിരുദ്ധനാണെന്നും, യു.എസ് കോണ്‍സുലേറ്റിന്റെ ഒത്താശകളോടെ അമേരിക്ക സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമിക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും മന്ത്രി എം.കെ മുനീര്‍. എന്താണ് വസ്തുത?
ടി.എ ഹമീദ് കോഴിക്കോട്
അമേരിക്ക സന്ദര്‍ശിച്ചത് കൊണ്ടോ ആ രാജ്യത്ത് ജോലി ചെയ്യുന്നതുകൊണ്ടോ ഒരാളും അമേരിക്കന്‍ ചാരനാവുന്നില്ല. അതിന്റെ പേരിലല്ല ഇപ്പോഴുണ്ടായ വിവാദം. മന്ത്രി മുനീര്‍ പുകമറ സൃഷ്ടിക്കുകയാണ്. പ്രശ്നം, വിക്കിലീക്സിലൂടെ ചോര്‍ന്ന ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങളുടെ റിപ്പോര്‍ട്ടുകളാണ്. അതിലൊന്നില്‍, ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്മാര്‍ എം.കെ മുനീറുമായി സംവദിച്ചുവെന്നും, അദ്ദേഹം തന്റെ പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തീവ്രവാദികളെ സഹായിക്കുകയാണെന്നാരോപിച്ചുകൊണ്ട് അവര്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറുകയാണെന്നും താനാണതിനെ പ്രതിരോധിക്കുന്നതെന്നും അവകാശപ്പെട്ടതായി വിവരിക്കുന്നുണ്ട്. സംഭവം നിഷേധിച്ച മുനീര്‍ പക്ഷേ, അമേരിക്കന്‍ കോണ്‍സുലേറ്റില്‍ തനിക്ക് സുഹൃത്തുക്കളുണ്ടെന്ന് സമ്മതിച്ചു. മുസ്ലിം ലീഗിനോട് അമേരിക്കക്കോ ആ രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഒരുവിധ വിരോധവും ഉണ്ടാവാന്‍ കാരണമില്ലെന്നിരിക്കെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളെ അവിശ്വസിക്കേണ്ട സാഹചര്യമില്ല. പി.കെ കുഞ്ഞാലിക്കുട്ടി ഈ രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞിട്ടുമില്ല. അതിനാലാണ് മുനീറിന്റെ നിലപാട് സംശയാസ്പദമായിത്തീരുന്നത്.

വിവാദമാവുന്ന
'വീരപുത്രന്‍'
 വീരപുത്രന്‍ എന്ന എന്‍.പി മുഹമ്മദിന്റെ നോവലിനെ ആധാരമാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രം വന്‍വിവാദത്തിന് വഴിവെച്ചതായി കാണുന്നു. ചിത്രത്തില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അന്ത്യരംഗം ചിത്രീകരിച്ചതിനെതിരെ 'മതേതര മുസ്ലിം' ആയ ഹമീദ് ചേന്ദമംഗല്ലൂര്‍ രംഗത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്. 1945-ല്‍ മണാശ്ശേരി അംശം അധികാരിയായിരുന്ന എ.എം അബ്ദുസ്സലാമിന്റെ വീട്ടിലാണ് സാഹിബ് അവസാനമായി അത്താഴം കഴിച്ചത്. അവിടന്ന് മടങ്ങവെ ചേന്ദമംഗല്ലൂരിന്റെ അതിര്‍ത്തിയായ പൊറ്റശ്ശേരിയില്‍ വെച്ചാണ് അവിചാരിതമായി അന്ത്യം സംഭവിക്കുന്നത്. ഈ രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ വിഷം ചേര്‍ത്ത ഭക്ഷണം കൊടുത്തു അദ്ദേഹത്തെ കൊല്ലുകയായിരുന്നുവെന്ന സൂചന നല്‍കിയത് ചരിത്രപരമായി വ്യാജമാണെന്നും തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അതിനാല്‍ കുഞ്ഞുമുഹമ്മദ് കേരളത്തോട് മാപ്പ് പറഞ്ഞ് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്നുമാണ് അബ്ദുസ്സലാമിന്റെ മകനായ ഹമീദിന്റെ ആവശ്യം. ആരോപണത്തില്‍ ശരിയുണ്ടോ, ആവശ്യം ന്യായമാണോ?
ഒരു സംഘം ചോദ്യകര്‍ത്താക്കള്‍
ചേന്ദമംഗല്ലൂര്‍
തന്റെ ചിത്രം ചരിത്രത്തിന്റെ പുനര്‍വായനയല്ല, എന്‍.പി മുഹമ്മദ്, അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് അതിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കിയിരിക്കെ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ വിവാദത്തിന് പ്രസക്തിയില്ല. ഹമീദ് ചേന്ദമംഗല്ലൂരിന്റെ പിതൃഭവനത്തില്‍ വെച്ചാണ് സാഹിബ് ഒടുവില്‍ അത്താഴം കഴിച്ചതെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. എന്നാല്‍ ആതിഥേയന്‍ വിഷം കലര്‍ന്ന ഭക്ഷണമാണ് സാഹിബിന് നല്‍കിയതെന്ന ഒരു സൂചനയും തന്റെ ചിത്രത്തിലില്ലെന്ന് പി.ടി തറപ്പിച്ചുപറയുന്നു. 'അബ്ദുര്‍റഹ്മാന്‍ സാഹിബിനെ സദാ പിന്തുടര്‍ന്ന അദ്ദേഹത്തിന്റെ ശത്രുവായ ഒരു ദുഷ്ടകഥാപാത്രം അത്താഴവിരുന്നിലും അദ്ദേഹത്തോടൊപ്പമുണ്ട്, അയാള്‍ പഴംപൊരി തിന്നാന്‍ സാഹിബിനെ പ്രേരിപ്പിക്കുന്നുമുണ്ട്. ആ പഴംപൊരിയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് വേണമെങ്കില്‍ വായിച്ചെടുക്കാം. എന്നാല്‍, ഇത് അബ്ദുസ്സലാം അധികാരിയെക്കുറിച്ച് ഒരു ദുസ്സൂചനയും നല്‍കുന്നില്ല' എന്നാണ് ചിത്രം കണ്ട ഏറെ പേരുടെ പ്രതികരണം.
എന്നാല്‍ സംഭവത്തിന്റെ തൊട്ടുടനെത്തന്നെ അബ്ദുര്‍റഹ്മാന്‍ സാഹിബ് വിഷപ്രയോഗത്തിനിരയായതാണെന്ന സംസാരം നാട്ടിലുണ്ടായിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ചരിത്രകാരന്മാരായ ഡോ. എം.ജി.എസ് നാരായണനും എം. ഗാഗാധരനും അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഭക്തനും പ്രമുഖ കോണ്‍ഗ്രസ്സുകാരനുമായിരുന്ന എ.ആര്‍ നഗറിലെ വി.എ ആസാദ്, സാഹിബിന്റെ അന്ത്യം വിഷബാധയിലൂടെയായിരുന്നുവെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായി പേരമക്കളില്‍ ചിലര്‍ അനുസ്മരിക്കുന്നു. സത്യാവസ്ഥ ദൈവത്തിനേ അറിയൂ. ഈ ധാരണകളാണ് എന്‍.പി മുഹമ്മദിന്റെ നോവലിലും സ്ഥലം പിടിച്ചത്. അതിനെതിരെ ഇത്രയും കാലം മൌനം പാലിച്ച ഹമീദ് ഇപ്പോള്‍ കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തിനെതിരെ ഇളകിവശായതില്‍ യുക്തിഭംഗമുണ്ട്. അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യ്രത്തിന് വേണ്ടി വാദിക്കുന്നവര്‍ തങ്ങള്‍ക്ക് അഹിതകരമായ ഒരു ചിത്രം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നതിലുമുണ്ട് പ്രകടമായ വൈരുധ്യം. ഹമീദിന്റെ പിതാമഹന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കണ്ണടച്ചു പിന്താങ്ങുകയും അവര്‍ നല്‍കിയ അധികാരം നിഷ്ഠുരമായി ജനങ്ങളുടെ മേല്‍ പ്രയോഗിക്കുകയും ചെയ്ത കുട്ടിഹസ്സന്‍ അധികാരിയായിരുന്നു. ബ്രിട്ടീഷുകാരുടെ മര്‍ദനോപകരണമായിരുന്ന പോലീസ് സൂപ്രണ്ട് ആമു, അധികാരിയുടെ സ്ഥിരം അതിഥിയും അയാളുടെ ശക്തിസ്രോതസ്സും ആയിരുന്നു എന്നതും നാട്ടുകാര്‍ക്കറിയാവുന്ന സത്യമാണ്. ഈ കുടുബപശ്ചാത്തലമാവാം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആജന്മശത്രുവായ മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ അവസാനത്തെ അത്താഴത്തിനു ശേഷമുള്ള അന്ത്യയാത്ര സ്വാഭാവികമായിരുന്നില്ലെന്ന് വിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.

ആഘോഷ
വേളകളിലെ ആശംസ കൈമാറ്റം
 ഓണം, ക്രിസ്മസ് പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ ആശംസ കൈമാറുകയോ ചെയ്യുന്നത് അനിസ്ലാമികമായി കാണുന്നതിനെ സങ്കുചിതത്വമായും മതതീവ്രവാദമായും മുജീബ് വിലയിരുത്തിയത് കണ്ടു (പ്രബോധനം ലക്കം 18). അതിനോട് യോജിക്കുന്നു. എന്നാല്‍ ഏതൊരു കാര്യത്തിന്റെയും ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടത് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആവേണ്ടതുണ്ട്. അത് എന്താണെന്ന് ചൂണ്ടിക്കാണിക്കാമോ?
കെ.സി മുഹമ്മദ് അലി
കക്കാടംപുറം
എല്ലാ കാര്യങ്ങളും അനുവദനീയമാണ്, നിരോധിക്കപ്പെട്ടതൊഴികെ എന്നതാണ് ശരീഅത്തിന്റെ മൌലിക കാഴ്ചപ്പാട്. അതായത് ഒരു സംഗതി പാടില്ല എന്ന് പ്രഖ്യാപിക്കണമെങ്കില്‍ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ തെളിവുകള്‍ വേണം. പാടുണ്ട് എന്നതിന് തെളിവുകള്‍ ആവശ്യമില്ല.
അതുപോലെ ഏത് കാര്യത്തിലും തിന്മയേക്കാള്‍ നന്മയാണ് കൂടുതലെങ്കില്‍ അത് ശരിയും നന്മയേക്കാള്‍ തിന്മയാണ് അധികമെങ്കില്‍ അത് തെറ്റും എന്നതാണ് രണ്ടാമത്തെ അടിസ്ഥാനം. മദ്യവും ചൂതാട്ടവും വിലക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തത്തില്‍ രണ്ടിന്റെയും ദോഷമാണ് പ്രയോജനത്തേക്കാള്‍ വലുത് എന്നതാണ് കാരണമായി പറഞ്ഞിട്ടുള്ളത്.
മൂന്നാമത്, ദീനിന്റെ പൊതുവായ മസ്ലഹത്ത് (താല്‍പര്യം) കൂടി കണക്കിലെടുത്ത് വേണം ഖണ്ഡിത പ്രമാണങ്ങളില്ലാത്ത ആചാരസമ്പ്രദായങ്ങളില്‍ തെറ്റും ശരിയും തീരുമാനിക്കാന്‍. അമുസ്ലിം ആഘോഷവേളകളിലെ നിര്‍ദോഷമായ പങ്കാളിത്തവും ആശംസകളര്‍പ്പിക്കലും വിലക്കുന്ന ഖണ്ഡിതമായ രേഖകളില്ല. ബഹുസ്വര സമൂഹത്തില്‍ അതുകൊണ്ട് ദോഷങ്ങളേക്കാള്‍ എത്രയോ കൂടുതല്‍ നന്മയാണുള്ളതും. വിശിഷ്യാ, പ്രബോധനപരമായ കാഴ്ചപ്പാടില്‍. ഇതാണ് മുന്‍ മറുപടികള്‍ക്ക് നിദാനമായ കാഴ്ചപ്പാട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം