Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

ലിബിയയില്‍ സാമ്രാജ്യത്വം വിതച്ചത് കൊയ്യുമോ?

സി. ദാവൂദ്

2011 ഫെബ്രുവരി 24. കിഴക്കന്‍ ലിബിയന്‍ നഗരമായ ബെയ്ദയിലെ ഒരു ഹാളില്‍ ചെറിയൊരു യോഗം നടക്കുകയാണ്. പുതിയ ലിബിയന്‍ സര്‍ക്കാറിന്റെ തലവനായ മുസ്ത്വഫാ അബ്ദുല്‍ ജലീലാണ് യോഗാധ്യക്ഷന്‍. മുഅമ്മര്‍ ഖദ്ദാഫി ഭരണകൂടത്തിലെ നീതിന്യായ മന്ത്രിയായിരുന്ന ജലീല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആ സ്ഥാനം രാജിവെച്ചതും ഖദ്ദാഫിവിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടതും. ഹാളിലെ പ്രസംഗപീഠം ഒരു പതാക കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുകളില്‍ ചുവപ്പും നടുവില്‍ കറുപ്പും താഴെ പച്ചയും നിറമുള്ള, നക്ഷത്രാങ്കിത ചന്ദ്രിക ആലേഖനം ചെയ്ത ആ പതാകക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്. 1951 ഡിസംബര്‍ 24-ന് സാമ്രാജ്യത്വശക്തികളില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഇദ്‌രീസ് മഹ്ദി അസ്സനൂസിയുടെ (ഇദ്‌രീസ് ഒന്നാമന്‍) നേതൃത്വത്തിലുള്ള ലിബിയന്‍ ഭരണകൂടം ഉയര്‍ത്തിയ പതാകയായിരുന്നു അത്. പിന്നീട് സൈനിക അട്ടിമറിയിലൂടെ ഖദ്ദാഫി അധികാരമേല്‍ക്കുന്നത് വരെയും ഇത് തന്നെയായിരുന്നു ലിബിയയുടെ ദേശീയ പതാക. ഖദ്ദാഫി 42 വര്‍ഷത്തെ തന്റെ ഭ്രാന്തന്‍ ഭരണത്തിനിടയില്‍ രണ്ട് തവണ ദേശീയപതാക മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 24-ലെ ആ യോഗത്തില്‍ വെച്ചാണ് ലിബിയന്‍ വിപ്ലവത്തിന് നായകത്വം വഹിച്ച ലിബിയന്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ (എന്‍.ടി.സി) ഔദ്യോഗികമായി ആരംഭിക്കുന്നത്. അന്ന് ആ ചെറു യോഗത്തില്‍ നിന്ന് തുടങ്ങിയ മുന്നേറ്റം പല ഘട്ടങ്ങള്‍ പിന്നിട്ട് ഇന്ന് പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്.
ആധുനിക ലോകത്ത് സമാനതകളില്ലാത്തവിധം, 42 വര്‍ഷം തുടര്‍ച്ചയായി, എണ്ണസമ്പന്നമായ ആ രാജ്യത്തെ ഖദ്ദാഫി പൂര്‍ണാര്‍ഥത്തില്‍ അടക്കി ഭരിച്ചു. ഖദ്ദാഫിക്കെതിരെ ഉച്ചയുറക്കത്തില്‍ സ്വപ്നം കാണുന്ന ചെറുപ്പക്കാര്‍ പോലും അബൂസലീം ജയിലില്‍ അകപ്പെടുന്ന തരത്തില്‍ നാടുനീളെ വ്യാപിച്ച ഇന്റലിജന്‍സ് സംവിധാനത്തിലൂടെയും സൈനിക വിന്യാസത്തിലൂടെയും ഒരു ജനതയെ കൈവെള്ളയില്‍ വെച്ച് അമ്മാനമാടുകായിരുന്നു ഖദ്ദാഫി. 1996-ല്‍ ലിബിയന്‍ ഇസ്‌ലാമിക് ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തുന്ന 1200 തടവുകാരെ ഖദ്ദാഫി ഭരണകൂടം കുപ്രസിദ്ധമായ അബൂസലീം ജയിലില്‍ വെച്ച് വെറും മൂന്ന് മണിക്കൂര്‍ നേരം കൊണ്ട് കൊന്നൊടുക്കിയതിനെക്കുറിച്ച് ഗ്രൂപ്പിന്റെ തലവന്‍ അബ്ദുല്‍ ഹകീം ബെല്‍ഹാജ് ഗാര്‍ഡിയന്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട് (2011 സെപ്തംബര്‍ 27). ഖദ്ദാഫിയുടെ ഉരുക്കുമുഷ്ടി എത്രത്തോളമുണ്ടെന്നറിയാന്‍ ഈ സംഭവം മാത്രം മതി. തന്റെ നിഷ്ഠുരമായ ചെയ്തികള്‍ക്ക് മറയിടാന്‍ ആഗോളതലത്തില്‍ ഒരുതരം ഇസ്‌ലാമിക് ഹീറോയിസം സൃഷ്ടിച്ചെടുക്കുകയായിരുന്ന അയാള്‍. അമേരിക്കക്കും സാമ്രാജ്യത്വത്തിനുമെതിരെ വാക് താണ്ഡവം നടത്തിക്കൊണ്ടാണ് മുസ്‌ലിം ലോകത്ത് ഹീറോ ആകാന്‍ അദ്ദേഹം ശ്രമിച്ചത്. അതേ സമയം, മേശക്കടിയിലൂടെ അമേരിക്കന്‍, ബ്രിട്ടീഷ് ഭരണകൂടങ്ങളുമായി പല രഹസ്യ ഇടപാടുകളും അദ്ദേഹം നടത്തി.
അബ്ദുല്‍ ഹകീം ബെല്‍ഹാജിന്റെ കഥ ശ്രദ്ധിക്കുക. ഖദ്ദാഫിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ലിബിയന്‍ ഇസ്‌ലാമിക് ഫൈറ്റിംഗ് ഗ്രൂപ്പ് എന്ന സംഘടന രൂപവത്കരിച്ചത് ഈ ചെറുപ്പക്കാരനായിരുന്നു. ഖദ്ദാഫി ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് 1998-ല്‍ അദ്ദേഹം നാടുവിട്ടു. പലനാടുകളില്‍ അലഞ്ഞ ബെല്‍ഹാജ് 2004-ല്‍ തായ്‌ലന്റില്‍ വെച്ച് സി.ഐ.എയുടെ പിടിയിലായി. സി.ഐ.എ അദ്ദേഹത്തെ ഖദ്ദാഫി ഭരണകൂടത്തിന് കൈമാറി. ഖദ്ദാഫിയുടെ തടവറയില്‍ മരണത്തെ മുഖാമുഖം കണ്ട പീഡനങ്ങള്‍ക്ക് ബെല്‍ഹാജ് വിധേയനായി. 2010-ല്‍ സെയ്ഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുടെ മുഖംമിനുക്കല്‍ നടപടികളുടെ ഭാഗമായി ബെല്‍ഹാജ് മോചിക്കപ്പെട്ടെങ്കിലും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. പുതിയ ലിബിയന്‍ വിപ്ലവത്തില്‍ സൈനിക രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബെല്‍ഹാജായിരുന്നുവെന്ന് ഏവരും സമ്മതിക്കും. ട്രിപളി കീഴടക്കുന്നതില്‍ അദ്ദേഹത്തിന്റെ സൈനികദളം നിര്‍ണായകമായ പങ്കാണ് വഹിച്ചത്. വിപ്ലവാനന്തര ഭരണസംവിധാനത്തില്‍ ട്രിപളിയുടെ സൈനിക സുരക്ഷാ ചുമതല ബെല്‍ഹാജിനാണ്. ട്രിപളി മുന്നേറ്റത്തിനിടെ ഖദ്ദാഫിയുടെ ആഭ്യന്തര മന്ത്രാലയം കീഴടക്കിയ പോരാളികള്‍ അവിടെയുള്ള നിരവധി ഫയലുകള്‍ കൈക്കലാക്കിയിരുന്നു. 9/11-ന് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള 'ഭീകരതാ വിരുദ്ധ യുദ്ധ'ത്തില്‍ ഖദ്ദാഫി ഭരണകൂടം എത്രത്തോളം സഹകരിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ അവര്‍ പുറത്തുകൊണ്ടുവന്നു. ബെല്‍ഹാജിനെ പിടികൂടുന്നതും ലിബിയക്ക് കൈമാറുന്നതുമെല്ലാം ഈ സഹകരണത്തിന്റെ ഭാഗമായിരുന്നു. ഖദ്ദാഫിയുടെ അമേരിക്കന്‍വിരുദ്ധ വാക് താണ്ഡവങ്ങള്‍ ആളെപ്പറ്റിക്കാനുള്ള ഉപായങ്ങള്‍ മാത്രമായിരുന്നു എന്നര്‍ഥം.
തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തത്തിന്റെ തുടര്‍ച്ചയായാണ് ലിബിയയിലും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ മറ്റു അറബ് പ്രക്ഷോഭങ്ങളില്‍നിന്ന് ലിബിയന്‍ അനുഭവത്തിന് ചില വ്യത്യാസങ്ങളുണ്ട്. ലിബിയയില്‍ വിപ്ലവം ജനകീയമാണ് എന്നതോടൊപ്പം തന്നെ സൈനികവുമായിരുന്നു. പ്രക്ഷോഭം നയിക്കുന്ന ജനങ്ങള്‍ക്കെതിരെ വ്യോമാക്രമണം വരെ നടത്തിയ ഖദ്ദാഫിയുടെ ഭ്രാന്തന്‍ നടപടിയാണ് വിപ്ലവകാരികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു അറബ് വിപ്ലവങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുറം ശക്തികളുടെ പ്രത്യക്ഷമായ ഇടപെടലുണ്ടായി എന്നതാണ് ലിബിയന്‍ വിപ്ലവത്തിന്റെ മറ്റൊരു പ്രത്യേകത. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പ്രത്യക്ഷമായി തന്നെ ഖദ്ദാഫിവിരുദ്ധ നീക്കത്തില്‍ പങ്കുവഹിച്ചു. അമേരിക്ക ഉള്‍പ്പെടുന്ന 'നാറ്റോ' മൊത്തം 6,500 വ്യോമാക്രമണങ്ങളാണ് ഖദ്ദാഫി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയത്. വിപ്ലവകാരികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് ശേഷമാണ് നാറ്റോ ഇടപെടലുണ്ടായത് എന്നതിനാല്‍ അതിന് വ്യക്തമായും നിയമപ്രാബല്യമുണ്ടെന്നത് ശരിയാണ്. അതേസമയം, എണ്ണ സമ്പന്നമായ ലിബിയയില്‍ തങ്ങളുടെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ട് സാമ്രാജ്യത്വം നടത്തിയ മുന്‍കൂര്‍ നിക്ഷേപമായിരുന്നു ഈ ഇടപെടല്‍ എന്നതും സത്യമാണ്. ഖദ്ദാഫി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒക്‌ടോബര്‍ 23-ന് ബെന്‍ഗാസിയില്‍ ചേര്‍ന്ന 'വിമോചന പ്രഖ്യാപന റാലി'യില്‍ താല്‍ക്കാലിക ഭരണ സംവിധാനത്തിന്റെ തലവന്‍ മുസ്ത്വഫാ അബ്ദുല്‍ ജലീല്‍ നടത്തിയ പ്രഭാഷണത്തില്‍ പുതിയ ഭരണകൂടം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചായിരിക്കും മുന്നോട്ട് പോവുക എന്ന് പ്രഖ്യാപിച്ചിരുന്നു. ശരീഅത്ത് വിരുദ്ധമായ ഖദ്ദാഫിയുടെ നിയമങ്ങള്‍ മാറ്റിയെഴുതുമെന്നും പലിശരഹിത സാമ്പത്തിക വ്യവസ്ഥക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ റാലി തത്സമയം റിപ്പോര്‍ട്ട് ചെയ്ത സി.എന്‍.എന്‍ ലേഖകന്‍ ബ്രയാന്‍ ടോഡ് അബ്ദുല്‍ ജലീലിന്റെ പ്രഭാഷണത്തെ ആശങ്കയോടെയാണ് കണ്ടത്. ലിബിയയിലെ 'വെസ്റ്റേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്' (ലേഖകന്‍ ഉപയോഗിച്ച പദം) വെറുതെയായിപ്പോവുമോ എന്ന ആശങ്ക അദ്ദേഹം ഇടക്കിടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതായത്, നാറ്റോവിന്റെ ലിബിയന്‍ ഇടപെടല്‍ മനുഷ്യാവകാശവും ജനാധിപത്യവും സംരക്ഷിക്കാനായിരുന്നില്ല, ഭാവി ലിബിയയില്‍ മണ്ണൊരുക്കാന്‍ (എണ്ണയൊരുക്കാന്‍?!) വേണ്ടിയായിരുന്നുവെന്ന് സ്പഷ്ടം.
തുനീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലാതെ പോയതിന്റെ വൈക്ലബ്യം പടിഞ്ഞാറന്‍ ശക്തികള്‍ക്കുണ്ട്. ആ അബദ്ധം ലിബിയയില്‍ ആവര്‍ത്തിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് നാറ്റോവിന്റെ പ്രത്യക്ഷമായ ഇടപെടല്‍ അവിടെ നടക്കുന്നത്. ലിബിയന്‍ വിപ്ലവത്തിന്റെ ആകര്‍ഷകത്വം നഷ്ടപ്പെടുന്നതും ഇവിടെയാണ്. ലിബിയയിലെ പടിഞ്ഞാറന്‍ സാന്നിധ്യം എങ്ങനെയെല്ലാമാണ് രാജ്യത്തിന്റെ ഭാവിയെ ബാധിക്കാന്‍ പോവുന്നതെന്നത് നിര്‍ണായകമായ വിഷയമാണ്. ലിബിയന്‍ വിപ്ലവത്തെ പൂര്‍ണതയിലെത്തിക്കാതെ അതിനെ സ്ഥിരമായി പാതിവഴിയില്‍ കിടത്തുക എന്നൊരു അജണ്ട നാറ്റോവിനുണ്ടായിരുന്നുവെന്ന നിരീക്ഷണം പലരും പങ്കുവെച്ചിട്ടുണ്ട്. ബെന്‍ഗാസി കേന്ദ്രീകരിച്ച് വിമതരുടെ ഒരു ലിബിയയും ട്രിപളി കേന്ദ്രീകരിച്ച് ഖദ്ദാഫിയുടെ ലിബിയയുമായിരുന്നുവത്രെ അവരുടെ ഉന്നം. എണ്ണസമ്പുഷ്ടമായ ഒരു മുസ്‌ലിം രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിലൂടെ സാമ്രാജ്യത്വത്തിന്റെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയും. പക്ഷേ പോരാളികള്‍ ട്രിപളി കീഴടക്കിയതോടെ പടിഞ്ഞാറന്‍ ശക്തികള്‍ ശരിക്കും അമ്പരന്നു പോയി. ട്രിപളിയെ വീഴ്ത്തുന്നതില്‍ ഇസ്‌ലാമിസ്റ്റ് സൈനിക കമാണ്ടറായ അബ്ദുല്‍ ഹകീം ബെല്‍ഹാജ് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
വിപ്ലവകാരികളുടെ ഭരണ സമിതിയായി എന്‍.ടി.സിയില്‍ ലിബിയയിലെ എല്ലാ രാഷ്ട്രീയ ധാരകള്‍ക്കും പ്രാതിനിധ്യമുണ്ടെന്നത് ശുഭകരമായ സൂചനയാണ്. സെക്യുലറിസ്റ്റുകള്‍, ഇസ്‌ലാമിസ്റ്റുകള്‍, പ്രമുഖ ഗോത്രങ്ങളുടെ പ്രതിനിധികള്‍, വിവിധ നഗരങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും വംശീയവുമായ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് എന്‍.ടി.സി. വിപ്ലവനാന്തരം ആഭ്യന്തര യുദ്ധത്തിലേക്ക് ലിബിയ നീങ്ങുമോ എന്ന ആശങ്കയെ ജാഗ്രതയോടെയുള്ള നടപടികളിലൂടെ എന്‍.ടി.സി മറികടന്നിരിക്കുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവ് അമീന്‍ ബെല്‍ഹാജും എന്‍.ടി.സി പരമോന്നത സമിതിയില്‍ അംഗമാണ്. ഖദ്ദാഫിയുടെ പീഡനങ്ങളെത്തുടര്‍ന്ന് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയ അമീന്‍ ബെല്‍ഹാജ് ബ്രിട്ടനില്‍ ഇഖ്‌വാന്‍ അനുകൂല സംഘടനയായ എം.എ.ബി (മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍) കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ നിന്നയാളാണ്.
നാറ്റോ ലിബിയയില്‍ ഇറങ്ങിക്കളിച്ചുവെങ്കിലും മുസ്‌ലിം രാജ്യങ്ങള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല എന്നതും ലിബിയയുടെ കാര്യത്തില്‍ ആശാവഹമായ കാര്യമാണ്. അറബ് ലീഗ് പ്രത്യക്ഷമായി തന്നെ വിപ്ലവകാരികളോടൊപ്പം നിന്നു. ബെന്‍ഗാസി കേന്ദ്രീകരിച്ച് എന്‍.ടി.സിയുടെ താല്‍ക്കാലിക ഭരണകൂടം നിലവില്‍ വന്നപ്പോള്‍ അതിന് ഔദ്യോഗിക അംഗീകാരം നല്‍കിയ ആദ്യ രാജ്യം ഖത്തര്‍ ആയിരുന്നു. വിപ്ലവകാരികളെ സായുധമായും സാമ്പത്തികമായും ഖത്തര്‍ ഏറെ സഹായിച്ചിട്ടുണ്ട്. ബെന്‍ഗാസിയിലേക്ക് നിരന്തരം ഭക്ഷണമെത്തിക്കുന്നതില്‍ പോലും ഖത്തര്‍ ഏറെ ഉത്സാഹിച്ചു. മൊത്തം 400 മില്യന്‍ ഡോളറിന്റെ സഹായമാണത്രെ ഖത്തര്‍ വിപ്ലവകാരികള്‍ക്ക് നല്‍കിയത്. നൂറുകണക്കിന് ഖത്തര്‍ സൈനികര്‍ ലിബിയയില്‍ ചെന്ന് വിപ്ലവകാരികളോടൊപ്പം പോരാടിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഖദ്ദാഫിയുടെ പതനത്തിന് ശേഷം ഖത്തര്‍ സൈനികത്തലവനായ ഹമദ് ബിന്‍ അലി അല്‍ അത്വിയ്യ നടത്തുകയുണ്ടായി. ബെന്‍ഗാസി കേന്ദ്രീകരിച്ച് താല്‍ക്കാലിക ഭരണകൂടം രൂപവത്കരിക്കപ്പെട്ട ഉടനെത്തന്നെ തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലു അവിടെ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പടിഞ്ഞാറന്‍ ശക്തികള്‍ മുസ്‌ലിം രാജ്യങ്ങളില്‍ ഇഷ്ടം പോലെ മേയുകയും മുസ്‌ലിം രാജ്യങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്യുന്ന പഴയ അവസ്ഥ മാറുന്നുവെന്നതിന്റെ സാക്ഷ്യമാണ് ലിബിയ. നാറ്റോ ഇടപെടല്‍ വിപ്ലവകാരികള്‍ക്ക് ഗുണകരമാവുമ്പോള്‍ തന്നെ അതിന്റെ പേരില്‍ വിപ്ലവാനന്തര ലിബിയയെ ഹൈജാക്ക് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ജാഗ്രത്തായ പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും അറബ്, മുസ്‌ലിം പ്രദേശങ്ങളില്‍ ഇന്ന് സജീവമാണ്. സി.എന്‍.എന്നിന്റെ ബ്രയാന്‍ ടോഡ് ആശങ്കിച്ചത് പോലെ, നാറ്റോവിന്റെ ലിബിയയിലെ 'നിക്ഷേപം' സമ്പൂര്‍ണമായി വെറുതെയാവില്ലെങ്കിലും അത് അവര്‍ ഉദ്ദേശിച്ച ഗൂഢലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉപകരിക്കുകയില്ല എന്നുറപ്പിക്കാം.
[email protected]
(തുടരും

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം