Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

അവര്‍ക്കത് നോക്കി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല

അന്‍വര്‍ ഷാജി കുവൈത്ത്

അവര്‍ ഒരുകൂട്ടം യുവാക്കളായിരുന്നു. എണ്ണത്തില്‍ കുറവും കര്‍മത്തില്‍ മുന്‍നിരയിലും. മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് അവര്‍ ഈ സാഹസത്തിനു മുതിരുക തന്നെയായിരുന്നു. ഉദ്ദേശിച്ച കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വേണമെങ്കില്‍ അവര്‍ക്ക് കഴിയുമായിരുന്നു, മറ്റെല്ലാവരെപോലെയും ഒരു നെടുവീര്‍പ്പില്‍ എല്ലാം അവസാനിപ്പിക്കാന്‍.
സോമാലിയ, ആത്മാവുള്ള മനസ്സുകളെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. അവിടത്തെ രാഷ്ട്രീയവും കൊള്ളയും ചൂണ്ടിക്കാട്ടി നമുക്ക് പല ന്യായങ്ങളും ചമക്കാനാവും. എന്നാല്‍ അവിടെ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങളെ, അമ്മമാരെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവുമോ? മൂന്നു മാസത്തിനിടയില്‍ 29,000 കുട്ടികള്‍ മരണപ്പെട്ടു എന്നാണ് യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഇപ്പോള്‍ അത് എത്രയോ വര്‍ധിച്ചിരിക്കും. സോമാലിയയില്‍ ദിവസവും മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ അവസരത്തിലാണ് യൂത്ത് ഇന്ത്യ കുവൈത്ത് ഈ വിഷയത്തില്‍ ശ്രദ്ധയൂന്നുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അവരെ വല്ലാതെ അസ്വസ്ഥരാക്കി. വടക്കേ ഇന്ത്യയില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടി വിഷന്‍ 2016 പദ്ധതി വഴി ഇഫ്ത്വാര്‍ ഫണ്ട് ശേഖരിച്ചുകൊണ്ടിരിക്കെയാണ് ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ സോമാലിയയിലെ സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് തീരുമാനിച്ചു. തങ്ങളുടെ ആഗ്രഹം ഉടന്‍ തന്നെ യൂത്ത് ഇന്ത്യ രക്ഷാധികാരിയുടെ മുന്നില്‍ അവതരിപ്പിച്ചു. ''വേണം മക്കളെ, ഇപ്പോള്‍ തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ ആ മക്കളുടെ മുഖമാണ് ഓര്‍വരുന്നത്. കഴിക്കുന്ന ഭക്ഷണം തൊണ്ടയില്‍ ഇടറുകയാണ്.'' ആ വാക്കുകള്‍ ആ യുവതക്കൊരു കൊടുങ്കാറ്റായിരുന്നു. ശേഖരിക്കുന്ന പണവും സാധനങ്ങളും എങ്ങനെ സോമാലിയന്‍ ജനതക്ക് എത്തിക്കും എന്നതിനെക്കുറിച്ചായി പിന്നീട് അന്വേഷണം. കുവൈത്തില്‍ അറിയപ്പെടുന്ന എല്ലാ സന്നദ്ധ സംഘടനകളുമായും കൂടിയാലോചിച്ചു. അങ്ങനെയാണ് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷനു(ഐ.ഐ.സി.ഒ)മായി ബന്ധപ്പെടുന്നത്. ജി.സി.സി രാജ്യങ്ങളില്‍ നിന്ന്, വിശിഷ്യാ കുവൈത്തില്‍ നിന്ന് ഭക്ഷണ പദാര്‍ഥങ്ങളും മരുന്നും ശേഖരിച്ച് സോമാലിയയില്‍ നേരിട്ട് വിതരണം ചെയ്തുവരികയാണ് അവര്‍. തങ്ങളുടെ ഇംഗിതം അവരെ അറിയിച്ചപ്പോള്‍ അവര്‍ അത്യാഹ്ലാദപൂര്‍വം ഈ സംരംഭത്തെ സ്വാഗതം ചെയ്തു. അവര്‍ക്കത് ഒരു പുതിയ അനുഭവമായിരുന്നു. അന്യനാട്ടില്‍ നിന്ന് തൊഴില്‍തേടി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ മറ്റൊരു രാജ്യത്തിലെ പട്ടിണി പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരിക! അതുകൊണ്ടുതന്നെ ആ യുവാക്കള്‍ക്ക് എല്ലാ സഹകരണവുമായി അവര്‍ മുന്നോട്ടുവന്നു.
അതൊരു ആവേശമായിരുന്നു. കച്ചമുറുക്കിക്കെട്ടി കര്‍മഭൂമിയിലേക്ക് അവര്‍ ഒരുങ്ങിയിറങ്ങി. തങ്ങളുടെ പരിപാടികള്‍ മാധ്യമങ്ങള്‍ വഴി മാലോകരെ അറിയിച്ചു. ഭക്ഷണ സാധനങ്ങളും പുതിയതും പഴയതുമായ വസ്ത്രങ്ങളും ശേഖരിക്കാന്‍ തീരുമാനിച്ചു. കിട്ടുന്ന സാധനങ്ങള്‍ ശേഖരിച്ച് വെക്കുന്നതിനായി അബ്ബാസിയ മേഖലയില്‍ പ്രവാസി ഓഡിറ്റോറിയവും ഫഹാഹീല്‍ മേഖലയില്‍ ദാറുസ്സലാം ഓഡിറ്റോറിയവും സജ്ജമാക്കി. സമൂഹത്തിന്റെ നാനാ തുറകളിലെ ആളുകളില്‍ നിന്ന് വളരെ നല്ല പ്രതികണമായിരുന്നു ലഭിച്ചത്. ഇങ്ങനെ ഒരു സംരംഭത്തിന് വേണ്ടി ദാഹിച്ചു നില്‍ക്കുന്നത് പോലെ തോന്നി ആളുകളുടെ പ്രതികരണം. അരി, പഞ്ചസാര, പരിപ്പ്, പാല്‍, ടിന്‍ഫിഷ് തുടങ്ങി, പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ ആളുകള്‍ എത്തിച്ചുകൊണ്ടിരുന്നു. യൂത്ത് ഇന്ത്യയുടെ കര്‍മധീരരായ പ്രവര്‍ത്തകര്‍, ശേഖരിച്ച സാധനങ്ങള്‍ പ്രത്യേകം തരംതിരിച്ച് പാക്ക് ചെയ്തു. പഴയ വസ്ത്രങ്ങള്‍ യൂത്ത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ആളുകള്‍ വളരെ വൃത്തിയായി തേച്ചു മടക്കിയാണ് എത്തിച്ചുതന്നത്. പ്രയാസം അനുഭവിക്കുന്ന ഒരു ജനതക്കുള്ള സാന്ത്വനസ്പര്‍ശമായിരുന്നു അത്. ആദ്യഘട്ടം ഒന്നര ടണ്‍ ഭക്ഷണപദാര്‍ഥങ്ങളും അറുപതോളം കാര്‍ട്ടണ്‍ വസ്ത്രങ്ങളും ഐ.ഐ.സി.ഒക്ക് കൈമാറി.
സോമാലിയയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ നിന്ന്, അവിടെയുള്ളവര്‍ക്ക് വളരെ അത്യാവശ്യമായി വേണ്ടത് ഭക്ഷണ സാധനങ്ങളാണെന്ന വിവരം ലഭിച്ചപ്പോള്‍ രണ്ടാം ഘട്ടം പൂര്‍ണമായും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കാനായി നീക്കിവെച്ചു. പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം ഉപയോഗിച്ച് പഞ്ചസാര, മൈദ, എണ്ണ തുടങ്ങി ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന കണക്കില്‍ സാധനങ്ങള്‍ പ്രത്യേകം തയാറാക്കി. രണ്ടാം ഘട്ടം പതിനാറ് ടണ്‍ സാധനങ്ങള്‍ കൈമാറി. മുമ്പ് നിശ്ചയിച്ച ദിവസത്തില്‍ നിന്ന് രണ്ടാഴ്ച കൂടി കളക്ഷന്‍ തുടരാന്‍ തീരുമാനിച്ചു. വസ്തുക്കളുടെ ശേഖരണം, പാക്കിംഗ്, ലോഡിംഗ്, അണ്‍ലോഡിംഗ് എല്ലാം തന്നെ യൂത്ത് ഇന്ത്യ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചപ്പോള്‍ ശരീരവും മനസ്സും ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
വാര്‍ധക്യം ബാധിച്ച യുവത്വത്തില്‍ നിന്ന് കാലം ആഗ്രഹിച്ച യുവതയിലേക്കുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ഈ സ്‌നേഹകാരുണ്യ പ്രവര്‍ത്തനം. നാടും വീടും ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ടവര്‍ക്കായി വെന്തുരുകാന്‍ സ്വയം മുന്നോട്ടുവന്ന ഈ പ്രവാസി യുവാക്കള്‍ അങ്ങകലെ പട്ടിണി കൊണ്ട് മരിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി ഈ കൊടും ചൂടില്‍ സേവനത്തിന്റെ പുതിയ കാല്‍വെപ്പുകള്‍ തീര്‍ക്കുകയായിരുന്നു. ഗള്‍ഫിലെ തന്നെ സമാന്തര സംഘങ്ങള്‍ ഇതേറ്റെടുത്ത് നടത്താന്‍ മുന്നോട്ടുവരിക കൂടി ചെയ്തതോടെ ഈ യുവാക്കളുടെ കര്‍മം ധന്യമാവുകയായിരുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം