Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

സംഹാരമല്ല സമരം

പൊതുമുതല്‍ രാജ്യത്തിന്റെ മുതലാണ്. ജനങ്ങളുടെ സ്വത്താണ്. അതിന്റെ അപഹരണവും നശീകരണവും രാജ്യത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ഹാനികരമാകുന്നു. ഓരോ പൌരന്റെയും കടമയാണ് പൊതുമുതലിന്റെ സംരക്ഷണം. ഈ കാഴ്ചപ്പാടോടെയാണ് ജനാധിപത്യ സമൂഹത്തിലെ പൌരന്‍ പൊതുമുതലിനെ സമീപിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ശത്രുക്കളുടെ മുതലിനെയെന്നോണമാണ് ആളുകള്‍ പൊതുമുതലിനെ സമീപിക്കുന്നത്. തക്കം കിട്ടിയാല്‍ അത് മോഷ്ടിക്കാം. വിശേഷിച്ച് നേട്ടമൊന്നുമില്ലെങ്കിലും ഒരു രസത്തിനു വേണ്ടിപ്പോലും നശിപ്പിക്കുകയുമാവാം. നമ്മുടെ പാര്‍ക്കുകളിലും മറ്റും സ്ഥാപിക്കുന്ന ഇഷ്ടികകളും ബള്‍ബുകളും മുതല്‍ വന്‍കിട സ്ഥാപനങ്ങളിലെ വില പിടിച്ച യന്ത്രസാമഗ്രികളുടെ വരെ നാശനഷ്ടങ്ങള്‍ ഇതിനുദാഹരണമാണ്. അയല്‍ക്കാരന്റെയോ സഹോദരന്റെയോ മുതല്‍ നശിപ്പിക്കുന്നത് നീചമായി കാണുന്നവര്‍ തന്നെ രാജ്യത്തെ മുഴുവന്‍ സഹോദരന്മാരുടെയും മുതലുകള്‍ നശിപ്പിക്കുകയോ അപഹരിക്കുകയോ ചെയ്യുന്നതില്‍ ഒരപാകതയും കാണുന്നില്ല.
'സമര'ത്തിന്റെ പേരില്‍ പൊതുമുതലുകള്‍ പരസ്യമായി നശിപ്പിക്കാനും ആളുകള്‍ ധൃഷ്ടരായിക്കൊണ്ടിരിക്കുന്നു. എന്താവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നവരുടെയും മുഖ്യ ശത്രു പൊതുമുതലുകളാണെന്ന മട്ടിലാണ് മുന്നേറ്റം. സര്‍ക്കാര്‍ വാഹനങ്ങളും ജനകീയ വാഹനങ്ങളായ ട്രാസ്പോര്‍ട്ട് ബസ്സുകളും നിസ്സങ്കോചം അഗ്നിക്കിരയാക്കുന്നു. ഓഫീസുകളില്‍ കയറി ഫര്‍ണിച്ചറുകളും വിലപ്പെട്ട റെക്കോര്‍ഡുകളും നശിപ്പിക്കുന്നു. കോടിക്കണക്കില്‍ രൂപയുടെ നാശനഷ്ടങ്ങളാണ് ഇതുവഴി രാജ്യത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കില്‍ ആളുകള്‍ അനുഭവിക്കേണ്ടിവരുന്ന പലവക ബുദ്ധിമുട്ടുകള്‍ വേറെയും. സര്‍ക്കാറിനോ ഉദ്യോഗസ്ഥന്മാര്‍ക്കോ ഇതുകൊണ്ട് ഒരു നഷ്ടവുമില്ല. കത്തിച്ച വാഹനങ്ങള്‍ക്ക് പകരം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങിച്ചുകൊടുക്കും. അതിനുള്ള പണം അവര്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുകയും ചെയ്യും. വലിയ നേട്ടങ്ങള്‍ക്കു വേണ്ടി ചെറിയ നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുമെന്നാണ് ഈ ജനദ്രോഹത്തിന് കക്ഷിനേതാക്കള്‍ നല്‍കുന്ന വിശദീകരണം. വന്‍ സ്ഫോടനങ്ങള്‍ നടത്തി നിരപരാധികളെ കൊല്ലുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ന്യായം ഇതുതന്നെയാണെന്നോര്‍ക്കുക.
ജനാധിപത്യ സമൂഹത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും അസാധാരണമല്ല. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മാത്രമല്ല, ചിലപ്പോള്‍ സര്‍ക്കാറേതര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും ജനങ്ങള്‍ക്ക് സമരം ചെയ്യേണ്ടിവരും. ജനവികാരം പ്രകടിപ്പിക്കാനും അവകാശങ്ങള്‍ തേടാനുമുള്ള ഒരംഗീകൃത രീതിയാണത്. പക്ഷേ, ജനാധിപത്യ വ്യവസ്ഥക്കകത്തു നടക്കുന്ന ബഹുജനസമരങ്ങള്‍ ശിക്ഷ വിധിക്കലോ അത് നടപ്പിലാക്കലോ ആയിക്കൂടാ. സമരമെന്നത് സംഹാരമവുമല്ല; സഹനമാണ്. അഹിംസയും നിരാഹാരവുമാണ് അതിന്റെ ഏറ്റവും ശക്തമായ ആയുധം. അതായിരുന്നു ഗാന്ധിജി വിദേശ ശക്തികള്‍ക്കെതിരെ പോലും ഉപയോഗിച്ചത്. ഈയര്‍ഥത്തിലെടുത്താല്‍ സമരക്കാര്‍ വല്ലതും അഗ്നിക്കിരയാക്കുകയാണെങ്കില്‍ അഗ്നിക്കിരയാക്കേണ്ടത് സ്വന്തം വാഹനങ്ങളും തകര്‍ക്കേണ്ടത് സ്വന്തം വീടുകളുമാണ്. ഏതെങ്കിലും സമരഭടന്‍ അതിനു തയാറാകുമോ?
സദുദ്ദേശ്യത്തോടെ ആവിഷ്കരിക്കപ്പെടുന്ന സമരങ്ങള്‍ അക്രമാസക്തവും സംഹാരാത്മകവുമായിത്തീരുന്നത് അവ നിക്ഷിപ്തവും സങ്കുചിതവുമായ താല്‍പര്യങ്ങളാല്‍ മലീസമാകുമ്പോഴാണ്. സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടുന്നത് വാര്‍ത്താമൂല്യവും ജനശ്രദ്ധയും നേടാനുള്ള തന്ത്രമായി കാണുന്നു. അക്രമങ്ങളിലേര്‍പ്പെട്ടാലാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടാവുക. സമരം അക്രമാസക്തമായാലേ അതിനാധാരമായ പ്രശ്നം സര്‍ക്കാര്‍ ഗൌരവത്തില്‍ പരിഗണിക്കൂ എന്ന ഒരു മറുവശവുമുണ്ട്. നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിയുടെ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന സമരം ഒരുദാഹരണം. ഗവണ്‍മെന്റ് ഒടുവില്‍ സ്വീകരിച്ച നടപടി ആദ്യമേ സ്വീകരിച്ചിരുന്നുവെങ്കില്‍ ആ സമരം ഇത്രത്തോളം വഷളാകുമായിരുന്നില്ല. പോലീസുകാരെ പ്രകോപിപ്പിച്ച് അടിവാങ്ങി ചോരയൊലിപ്പിക്കുന്നതും ആശുപത്രിയില്‍ കിടക്കുന്നതും സമരനായകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി പട്ടം കിട്ടാനും പാര്‍ട്ടിയുടെ ഉയര്‍ന്ന പദവികളിലെത്താനുമുള്ള യോഗ്യതയായി പരിഗണിക്കപ്പെടുന്ന അവസ്ഥയുണ്ട്. വാസ്തവത്തില്‍ ഒരു സമരം അക്രമാസക്തമാകുന്നത് അതിനു നേതൃത്വം നല്‍കുന്നവരുടെ അയോഗ്യതയായാണ് കാണേണ്ടത്. ഇല്ലെങ്കില്‍ അക്രമോത്സുക സമരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ഈ സാഹചര്യത്തില്‍ പൊതുമുതല്‍ നശീകരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഈയിടെ പുറപ്പെടുവിച്ച വിധികള്‍ സ്വാഗതാര്‍ഹമാകുന്നു. പൊതുമുതല്‍ നശിപ്പിച്ച പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ നശിപ്പിക്കപ്പെട്ട മുതലിന് തുല്യമായ സംഖ്യ കെട്ടിവെക്കണമെന്ന മുന്‍ ഉത്തരവ് സ്ഥിരപ്പെടുത്തിയിരിക്കുകയാണ് ഒടുവിലത്തെ വിധി. കുറ്റക്കാരല്ലെന്നു കണ്ടാല്‍ തുക തിരിച്ചുകൊടുക്കാം. 1984 മുതല്‍ സംസ്ഥാനത്ത് നിലവിലുള്ള, പൊതുമുതല്‍ നശീകരണം സംബന്ധിച്ച നിയമം ഫലപ്രദമായി പ്രയോഗിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്ന് കോടതി സര്‍ക്കാറിനെ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. അതിന്റെ ഫലമായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ് ട്രാക്ക് കോടതികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമാണത്രെ ആദ്യ കോടതികള്‍ നിലവില്‍ വരുക. ഈ ഫാസ്റ് ട്രാക്ക് കോടതികളുടെ പ്രവര്‍ത്തനം പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയാനും രാജ്യത്ത് ആരോഗ്യകരമായ സമരസംസ്കാരം വളര്‍ത്തിയെടുക്കാനും സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം