ഖദ്ദാഫി: മരണത്തിലും വിവാദം ലിബിയയുടെ ഭാവി അനിശ്ചിതത്വത്തില്‍
ആഗസ്റ്റ് 21-ന് ലിബിയന്‍ പോരാളികള്‍ ട്രിപളി പിടിച്ചടക്കിയത് മുതല്‍ രണ്ട് മാസം ഒളിവില്‍ കഴിഞ്ഞ മുഅമ്മര്‍ ഖദ്ദാഫി ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 20-ന് പോരാളികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടതോടെ ജീവിതകാലത്ത് അറബ്, അന്താരാഷ്ട്ര വേദികളില്‍ വിവാദം സൃഷ്ടിച്ച ഖദ്ദാഫി മരണത്തിലും വിവാദം ബാക്കിവെച്ചാണ് വിടപറഞ്ഞത്. ജീവന് വേണ്ടി കേഴുന്നതും ജീവനോടെ വലിച്ചിഴക്കപ്പെടുന്നതും രക്തം പുരണ്ട മുഖത്തോടെയുള്ള ദൃശ്യങ്ങളും ഖദ്ദാഫിക്ക് സഹതാപം നേടിക്കൊടുക്കാന്‍ കാരണമായിട്ടുണ്ട്. 'നിഷിദ്ധമാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്' എന്ന് അവസാനമായി പറഞ്ഞ ഖദ്ദാഫിയോട് 'നിനക്ക് നിഷിദ്ധമെന്തെന്ന് അറിയില്ല' എന്നാണ് പോരളികളില്‍ ഒരാള്‍ തിരിച്ചടിച്ചത്. അന്താരാഷ്ട്ര സഭകള്‍ പ്രശ്‌നം ഏറ്റെടുത്തതോടെ ഖദ്ദാഫിയുടെ അന്ത്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കാന്‍ മുസ്ത്വഫ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലും നാഷ്‌നല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ (എന്‍.ടി.സി) നിര്‍ബന്ധിതമായിരിക്കയാണ്.
അതേസമയം ഭാവി ലിബിയയുടെ സുരക്ഷയും സുസ്ഥിരതയുമാണ് എന്‍.ടി.സിയെ കുഴക്കുന്ന മര്‍മപ്രധാനമായ പ്രശ്‌നം. ആയുധമേന്തിയ വിഘടിത പോരാളികള്‍ ഒരു വശത്ത്, ഖദ്ദാഫിയുടെ ശേഖരത്തില്‍ നിന്ന് ആയുധം നേടി പോരിനിറങ്ങിയ വിഭാഗം മറ്റൊരു വശത്ത്, പിതാവിന് വേണ്ടി പ്രതികാരം ചോദിക്കുമെന്ന് പോര്‍വിളി നടത്തിക്കൊണ്ടിരിക്കുന്ന സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി മറ്റൊരു ഭാഗത്തും. അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി സുരക്ഷ പോലും വിപ്ലവാനന്തര ലിബിയക്ക് ഉറപ്പുവരുത്താനാവുന്നില്ല. തെക്കന്‍ അതിര്‍ത്തി പങ്കുവെക്കുന്ന നൈജറാണ് ഇക്കാര്യത്തില്‍ ഏറെ പ്രശ്‌നം. ഖദ്ദാഫി പക്ഷത്തെ വന്‍ സംഘത്തോട് ചേരാന്‍ സൈഫുല്‍ ഇസ്‌ലാമും നൈജറിലെത്തിയതാണ് അവസാന വിവരം. ഖദ്ദാഫിയെ സഹായിച്ച ആഫ്രിക്കന്‍ ചോറ്റുപട്ടാളമായ 'തവാരിഖു'കള്‍ സൈഫുല്‍ ഇസ്‌ലാമിനെയും ഇതേ താല്‍പര്യത്തിന്റെ പേരില്‍ പിന്തുണക്കും.
ഖത്തറുമായി സഹകരിച്ച് അറബ് ലീഗിന്റെ പിന്തുണയോടെ താല്‍ക്കാലിക സുരക്ഷാ സംവിധാനം ഉണ്ടാക്കാനാണ് മുസ്ത്വഫ അബ്ദുല്‍ ജലീല്‍ ശ്രമം നടത്തുന്നത്. വര്‍ഷാവസാനം വരെയെങ്കിലും നാറ്റോ സേന ലിബിയയില്‍ തുടരുകയെന്നതാണ് ഇപ്പോള്‍ എന്‍.ടി.സി മേധാവിയുടെ മുമ്പിലുള്ള ഏക പോംവഴി. എന്നാല്‍ ഇസ്‌ലാമിന് വിരുദ്ധമായതെല്ലാം എടുത്തുമാറ്റപ്പെടുമെന്ന് മുസ്ത്വഫ അബ്ദുല്‍ ജലീല്‍ ലിബിയയുടെ മോചനം പ്രഖ്യാപിച്ചുകൊണ്ട് വെളിപ്പെടുത്തിയത് ലിബിയക്കാര്‍ക്ക് സ്വീകാര്യമാണെങ്കിലും വിദേശ ശക്തികള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. അറബ് വസന്തത്തിന് ശേഷം പ്രഥമ തെരഞ്ഞെടുപ്പ് നടന്ന തുനീഷ്യ പോലും തുര്‍ക്കി മോഡല്‍ ജനാധിപത്യത്തെ മാതൃകയാക്കിയ സാഹചര്യത്തിലാണ് മുസ്ത്വഫ അബ്ദുല്‍ ജലീലിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ചത്.
നാറ്റോയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര പ്രതിനിധികളുടെ വേദി രൂപവത്കരിച്ച് ഭരണസ്ഥിരതക്ക് സംവിധാനമുണ്ടാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഖത്തര്‍ പ്രതിനിധി ഹമദ് ബിന്‍ അലി അല്‍ അതിയ്യ വ്യക്തമാക്കുകയുണ്ടായി. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ വന്‍ രാഷ്ട്രങ്ങളുള്‍പ്പെടെ 13 രാജ്യങ്ങളുടെ പ്രതിനിധകളാണ് ലിബിയയെ സഹായിക്കാനുള്ള കൂട്ടായ്മയില്‍ ഒത്തുചേരുക. വിപ്ലവകാരികളും വിഘടിത വിഭാഗവും ഉള്‍പ്പെടുന്ന പോരാളികളില്‍ നിന്ന് ആയുധം തിരിച്ചു വാങ്ങുക, ഭരണ തലത്തില്‍ ആവശ്യമായ പരിശീലനം നല്‍കുക, രാജ്യത്തിന്റെ പ്രതിരോധനിര ശക്തിപ്പെടുത്തുക, അയല്‍ രാജ്യങ്ങളിലേക്കുള്ള ആയുധച്ചോര്‍ച്ചക്ക് അറുതി വരുത്തുക എന്നിവയാണ് കൂട്ടായ്മയില്‍ നിന്ന് ലിബിയ പ്രതീക്ഷിക്കുന്നതെന്ന് ഖത്തറില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ത്വഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു.
അസ്ഹര്‍
Comments