വിഷന്‍ 2016 പാവപ്പെട്ടവരില്‍ പ്രത്യാശ ഉണര്‍ത്തിയ പദ്ധതി:
കുവൈത്ത് സിറ്റി: ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടി ദേശീയ തലത്തില്‍ ആവിഷ്‌കരിച്ച വിഷന്‍ 2016 പദ്ധതി രാജ്യത്തെ പാവപ്പെട്ടവരില്‍ വമ്പിച്ച പ്രത്യാശ ഉണര്‍ത്തിയിരിക്കുന്നുവെന്ന് വിഷന്‍ 2016-ന്റെ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമായ പ്രഫ. സിദ്ദീഖ് ഹസന്‍ പ്രസ്താവിച്ചു. കുവൈത്ത് സന്ദര്‍ശനത്തോടനുബന്ധിച്ച് കെ.ഐ.ജിയും ഐ.എം.എയും ഒരുക്കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവല ജീവകാരുണ്യ പ്രവര്‍ത്തനം എന്നതിലുപരി മര്‍ദിതരും അശരണരുമായ ജനതയുടെ സമഗ്രമായ വികസനമാണ് വിഷന്‍ 2016-ലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, ദുരിതാശ്വാസം, പൗരാവകാശ സംരക്ഷണം, മൈക്രോ ഫിനാന്‍സിംഗ്, വനിതാ ശാക്തീകരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പദ്ധതി ശ്രദ്ധയൂന്നുന്നു. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ടാണ് വിഷന്‍ 2016 മുന്നോട്ട് പോകുന്നത്. നൂറോളം ഏജന്‍സികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് - സിദ്ദീഖ് ഹസന്‍ പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വിഷന്‍ 2016-നു കീഴില്‍ നിലവില്‍ രാജ്യത്തുടനീളം ഇരുനൂറോളം പദ്ധതികള്‍ വിവിധ മേഖലകളിലായി നടന്നുവരുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, മൈക്രോ ഫിനാന്‍സിംഗ് എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍. ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങള്‍, ഒരു കഷ്ണം റൊട്ടിക്കു വേണ്ടി മാനം വില്‍ക്കേണ്ടിവരുന്ന സഹോദരിമാര്‍, അന്യായമായി തടങ്കലിലകപ്പെട്ട് പീഡനമേറ്റ് കഴിയുന്ന നിരപരാധികള്‍, അവര്‍ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഗതിയില്ലാതെ വിഷമിക്കുന്ന രക്ഷിതാക്കള്‍, വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് കുട്ടികള്‍ ഇവരെല്ലാം വളരെ പ്രതീക്ഷയോടെയാണ് വിഷന്‍ 2016 പദ്ധതിയെ നോക്കിക്കാണുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
1.4 കോടി രൂപ ചെലവഴിച്ച് 1319 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു, 55 ലക്ഷം രൂപ ചെലവിട്ട് 11000 സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. 77 ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നല്‍കി. 27 െ്രെപമറി സ്‌കൂളുകള്‍ സ്ഥാപിച്ചു. 7 പുതിയ തൊഴിലധിഷ്ഠിത വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. 4438 വിവാഹങ്ങള്‍ക്ക് സഹായം നല്‍കി. 4.15 കോടി ചെലവില്‍ 1418 വീടുകള്‍ നിര്‍മിച്ചു നല്‍കി. കുടിവെള്ള സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 80 ഹാന്റ് പമ്പുകളും 15 കുഴല്‍ കിണറുകളും നല്‍കി. 360 സൈക്കിള്‍ റിക്ഷകളും 84 തയ്യല്‍യന്ത്രങ്ങളും വിതരണം ചെയ്തു. 50 ലക്ഷം രൂപ ചെലവഴിച്ച് യു.പിയിലെ 500 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതടക്കം മൊത്തം 1750 വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. ന്യൂദല്‍ഹിയില്‍ 13 കോടി രൂപ ചെലവില്‍ അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യല്‍ ആശുപത്രി നിര്‍മിച്ചു. വിവിധ കേസുകളില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ആയിരങ്ങള്‍ക്ക് നിയമ സഹായം നല്‍കി. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വിചാരണ കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികള്‍ ഫയല്‍ ചെയ്തു. അഞ്ചു വര്‍ഷം കൊണ്ട് വിഷന്‍ 2016 നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിവരിച്ചു.
സമീപഭാവിയില്‍ തന്നെ ഹരിയാനയില്‍ ഒരു സര്‍വകലാശാലയും ദല്‍ഹി, ഗുവാഹത്തി, ഹൗറ, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍ 27 കോടി രൂപ ചെലവില്‍ സ്‌കോളര്‍ സ്‌കൂളുകളും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി സിദ്ദീഖ് ഹസന്‍ അറിയിച്ചു. വിഷന്‍ 2016 ലൂടെ രാജ്യത്തുടനീളം 500 പലിശ രഹിത വായ്പാ സംഘങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ വിഷന്‍ 2016 പ്രതിനിധി റിസ്‌വാന്‍, ഐ.എം.എ പ്രസിഡന്റ് അസ്‌ലം, കെ.ഐ.ജി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി, ടി.കെ ഇബ്‌റാഹീം, എസ്.എ.പി അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു. ഐ.എം.എ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും കെ.ഐ.ജി പ്രസ് സെക്രട്ടറി അഷ്‌റഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments