Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

തുനീഷ്യ വഴി കാണിക്കുന്നു

അസ്ഹര്‍ പുള്ളിയില്‍

2011 ജനുവരിയില്‍ അറബ്‌വസന്ത വിജയത്തിന് ആരംഭം കുറിച്ചത് തുനീഷ്യയില്‍ നിന്നാണ്. വടക്കന്‍ ആഫ്രിക്കന്‍ അറബ് രാജ്യമായ വിപ്ലവാനന്തര തുനീഷ്യ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ ഇക്കഴിഞ്ഞ ദിവസം ലോകത്തിന് തന്നെ ഉദാത്ത മാതൃക സമര്‍പ്പിച്ച് ഒരടി കൂടി മുന്നോട്ട് വെച്ചു. ഒക്‌ടോബര്‍ 23-ന് നടന്ന, കൃത്രിമമില്ലാത്തതും സംശുദ്ധവുമായ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദ വന്‍ വിജയം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. 500ലധികം വിദേശ നിരീക്ഷകര്‍ ഉള്‍പ്പെടെ 13,000 വരുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പിനെ ആദ്യമായി അനുമോദിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമയാണ്. ചരിത്രത്തിന്റെ ഒഴുക്ക് തിരുത്തിക്കുറിച്ച ദശലക്ഷക്കണക്കിന് തുനീഷ്യന്‍ ജനതയെ താന്‍ അനുമോദിക്കുന്നു എന്നാണ് ഒബാമ പറഞ്ഞത്. ലോക ജനതക്ക് മാതൃക കാണിക്കാന്‍ തുനീഷ്യക്ക് കഴിഞ്ഞു എന്ന് ഹിലരി ക്ലിന്റണും വ്യക്തമാക്കുകയുണ്ടായി.
217 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിംഗ് നടന്നത് തന്നെ ലോകത്തെ അമ്പരപ്പിച്ചിരുന്നു. 40 ശതമാനത്തിലധികം വോട്ടുകള്‍ നേടി 90 സീറ്റുകള്‍ കരസ്ഥമാക്കിയ അന്നഹ്ദയുടെ ബഹുസ്വര ജനാധിപത്യ നിലപാടിന് തുനീഷ്യന്‍ ജനത നല്‍കിയ അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വിപ്ലവാനന്തരം ജീവനുംകൊണ്ട് ഒളിച്ചോടിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കാലത്ത് ഡമ്മി പ്രതിപക്ഷമായിരുന്ന, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അന്നഹ്ദയുടെ മുഖ്യ എതിരാളിയായിരുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതെങ്കിലും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പാര്‍ട്ടിയുടെ തോല്‍വി സമ്മതിക്കുന്നുവെന്നാണ് അതിന്റെ സ്ഥാപകനായ അഹ്മദ് നജീബ് അശ്ശാബി പറഞ്ഞത്. അതേസമയം 'തുനീഷ്യക്കാര്‍ ഇസ്‌ലാം തെരഞ്ഞെടുത്തു'വെന്ന് തുറന്ന് സമ്മതിക്കാന്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ മിയ അല്‍ജിറൈബിയും നിര്‍ബന്ധിതയായി.
പ്രവാസികളായ തുനീഷ്യക്കാര്‍ക്ക് നീക്കിവെച്ച 18 സീറ്റുകളിലേക്ക് പൊതു തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് പോളിംഗ് അനുവദിച്ചിരുന്നു. ഇതില്‍ 50 ശതമാനം വിജയം നേടി 9 സീറ്റുകള്‍ അന്നഹ്ദ കരസ്ഥമാക്കുകയുണ്ടായി. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അധിനിവേശം നടത്തിയിരുന്ന, ആ രാജ്യങ്ങളിലെ ഇസ്‌ലാമിക ചായ്‌വിനെ ഏറ്റവും കൂടുല്‍ എതിര്‍ക്കുന്ന ഫ്രാന്‍സിലെ പ്രവാസികളില്‍ നിന്നാണ് അന്നഹ്ദക്ക് 37 ശതമാനം വോട്ടുകള്‍ ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. പതിറ്റാണ്ടിലേറെക്കാലം നിരോധിക്കപ്പെടുകയും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത പാര്‍ട്ടിയാണ് അനുകൂല സാഹചര്യം ലഭിച്ച ആദ്യഘട്ടത്തില്‍ പൊതുജന പിന്തുണയോടെ രാജ്യത്തിന്റെ അമരത്തേക്ക് ഉയര്‍ന്ന് വന്നത് എന്ന് വിലയിരുത്തുമ്പോഴാണ് 'അന്നഹ്ദ'’എന്ന 'നവോത്ഥാന' നാമം അര്‍ഥവത്താകുന്നത്.
ബഹസ്വര ജനാധിപത്യം കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു നല്‍കുമെന്നും അന്നഹ്ദ എക്‌സിക്യൂട്ടീവ് അംഗം നൂറുദ്ദീന്‍ അല്‍ബുഹൈരി ഉറപ്പു നല്‍കിയിട്ടുണ്ട്. വിദേശ മുതല്‍മുടക്ക് ആകര്‍ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറുകള്‍ പാലിക്കുമെന്ന് വിജയം സുനിശ്ചിതമായ സന്ദര്‍ഭത്തില്‍ അന്നഹ്ദ വക്താവ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ബിന്‍ അലിയുടെ കിരാത ഭരണത്തില്‍ 22 വര്‍ഷം പ്രവാസ ജീവിതം നയിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന റാശിദുല്‍ ഗനൂശിയാണ് അന്നഹ്ദക്ക് ഊര്‍ജം നല്‍കുന്നതെങ്കിലും ഭരണത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഒരു വര്‍ഷക്കാലാവധിയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് അന്നഹ്ദ കരുനീക്കം നടത്തുന്നത്. മുന്‍സിഫ് മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കും മുസ്ത്വഫ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള 'തകത്തുലും' ഇതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് ശുഭസൂചനയാണ്. ദീര്‍ഘകാലം ബിന്‍ അലിയുടെ തടവറയില്‍ കഴിഞ്ഞ ഹമ്മാദി ജിബാലിയാണ് അന്നഹ്ദയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കിന്റെയോ 'തകത്തുലി'ന്റെയോ നേതാവിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അന്നഹ്ദ പരിഗണിക്കുക എന്നറിയുന്നു. അതേസമയം ഭരണഘടനാ രൂപവത്കരണ അസംബ്ലിയിലേക്ക് ആവശ്യമായത്ര ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മുന്നണി രൂപവത്കരണത്തിലൂടെ നിലവില്‍ വരുന്ന ഇടക്കാല സര്‍ക്കാറിന് ഘടകകക്ഷികളുടെ ഭീഷണി പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും ആശങ്കിക്കണം. 1959 മുതല്‍ രാജ്യത്ത് നിലവിലുള്ള ഭരണഘടന പുതുക്കിപ്പണിയലും ഭാവി സര്‍ക്കാറിനെ തെരഞ്ഞെടുക്കലുമാണ് ഇടക്കാല സര്‍ക്കാറിന്റെ ഭാരിച്ച ഉത്തരവാദിത്വം.
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പിന് അറബ് ലോകം എത്രത്തോളം കൊതിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു തുനീഷ്യയില്‍ കണ്ട ദൃശ്യം. രാവിലെ ആറ് മണിക്ക് പോളിംഗ് ആരംഭിച്ച ബൂത്തുകളില്‍ വൈകീട്ട് ആറ് മണിക്കും നീണ്ട നിര ബാക്കിയായതിനാല്‍ നിശ്ചയിച്ച സമയത്തിലും ഒരു മണിക്കൂര്‍ പോളിംഗ് സമയം നീട്ടേണ്ടിവന്നു. ബിന്‍ അലിയുടെ കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലം മുന്‍കൂട്ടി അറിയാമെന്നതിനാല്‍ ജനപങ്കാളിത്തം വളരെ കുറവായിരുന്നു. മുന്‍കൂട്ടി ഫലം അറിയാതെയുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തുന്നതെന്ന് പറഞ്ഞ് സന്തോഷക്കണ്ണീരോടെ വയോവൃദ്ധരും കൗമാരക്കാരും ഒരു പോലെ പങ്കെടുത്ത തെരഞ്ഞെടുപ്പാണ് 90 ശതമാനം പോളിംഗിലൂടെ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
അറബ് വസന്തത്തിന്റെ വിജയക്കൊടി പാറിക്കുന്നതില്‍ തുനീഷ്യക്ക് തൊട്ടുടനെ സ്ഥാനം നേടിയ ഈജിപ്തില്‍ ഉടനെ നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനും തുനീഷ്യയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം ആവേശം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം