ആര്‍ക്കും വഴങ്ങാത്ത ഖദ്ദാഫി
1969 സെപ്റ്റംബറിലെ വിപ്ലവാനന്തര ലിബിയന്‍ ഭരണകൂടത്തില്‍ ഖദ്ദാഫിയുടെ വലംകൈയായിരുന്ന മേജര്‍ അബ്ദുസ്സലാം ജലൂദ് ഇതാദ്യമായി മനസ്സ് തുറക്കുന്നു. 1972-'77 കാലത്ത് പ്രധാനമന്ത്രിയായിരുന്ന ജലൂദ് വിപ്ലവ സഖാവായിരുന്ന മുഅമ്മറുല്‍ ഖദ്ദാഫിയുമായുള്ള അഭിപ്രായ ഭിന്നതയുടെ ഫലമായി അധികാര സിരാകേന്ദ്രങ്ങളില്‍ നിന്ന് ക്രമത്തില്‍ അകറ്റപ്പെടുകയായിരുന്നു. ഭരണപരിഷ്‌കരണങ്ങള്‍ക്കായുള്ള തന്റെ നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ കഥ വിവരിക്കുകയാണ് അദ്ദേഹം.
നിയമാനുസൃത വഴിയിലൂടെ ലിബിയ വിട്ടുപോകാന്‍ മൂന്ന് തവണ ശ്രമിക്കുകയുണ്ടായെങ്കിലും ഭരണകൂടം തടയുകയായിരുന്നുവെന്ന് ജലൂദ് വെളിപ്പെടുത്തുന്നു. അവസാനം ഭരണകൂടത്തിന്റെ കണ്ണ് വെട്ടിച്ച് ഒളിച്ചോടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലിബിയന്‍ പ്രക്ഷോഭകാരികള്‍ സന്‍തമന്‍ കീഴടക്കിയപ്പോള്‍ അങ്ങോട്ട് നീങ്ങി. അവിടെ നിന്ന് പ്രക്ഷോഭകാരികളുടെ സഹായത്തോടെ ദഹീബ ട്രാന്‍സീറ്റ് വഴി തുനീഷ്യന്‍ അതിര്‍ത്തി കടന്ന് ജര്‍ബ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് റോമിലേക്ക് പറന്നു. ഇപ്പോള്‍ റോമിലാണ് താമസം. ലിബിയന്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന തുനീഷ്യന്‍ ജനതയുടെ നിലപാടിനെ ജലൂദ് അഭിനന്ദിക്കുകയുണ്ടായി. കഴിഞ്ഞ കാലത്തെ തന്റെ ആത്മസംഘര്‍ഷങ്ങളെയും തിരശ്ശീലക്ക് പിന്നില്‍ തനിക്കും ഖദ്ദാഫിക്കുമിടയില്‍ നടന്ന ഏറ്റുമുട്ടലുകളെയും ഈ അഭിമുഖത്തില്‍ ജലൂദ് അനാവരണം ചെയ്യുന്നു. ഇക്കാലമത്രയും വീട്ടുതടങ്കലിലെന്നോണമാണ് ലിബിയയില്‍ അദ്ദേഹം കഴിഞ്ഞുപോന്നിരുന്നത്.
എപ്പോഴായിരുന്നു ഖദ്ദാഫിയുമായുള്ള അഭിപ്രായ ഭിന്നതയുടെ തുടക്കം?
1969-ല്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ ആരംഭിച്ചിരുന്നു. 'ലിബിയന്‍ വിപ്ലവം ഏകപക്ഷമല്ല, ദ്വിപക്ഷമാണെ'ന്ന് ഞങ്ങളുടെ സഹയാത്രികനായ ഒരു അറബ് ചിന്തകന്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, 1980-'81 കാലത്ത് വിദേശരാജ്യങ്ങളില്‍ ലിബിയക്കാര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ ആരംഭിച്ചതോടെയാണ് ഭിന്നത മൂര്‍ഛിച്ചത്. അക്കാലത്ത് ആറു മാസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയുണ്ടായില്ല. വിപ്ലവം സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് തിന്നുന്നതോടെ രാഷ്ട്രീയമായും ധൈഷണികമായും ധാര്‍മികമായും അത് ചരമം പ്രാപിക്കുമെന്ന്, വീട്ടില്‍ വിശ്രമം തേടും മുമ്പേ ഞാന്‍ ഖദ്ദാഫിയോട് പറഞ്ഞതായി ഓര്‍ക്കുന്നു.
ആറ് മാസം കഴിഞ്ഞപ്പോള്‍ ഖദ്ദാഫി എന്നെ സംഭാഷണത്തിനായി ക്ഷണിച്ചു. കൂടിക്കാഴ്ച നടക്കും മുമ്പ് ബുശ്‌റായില്‍ നിന്നുള്ള ഒരാളെ ഞാനവിടെ കണ്ടു.രക്തപ്പാടുകളുള്ള അയാളുടെ മുഖവും ശരീരവും അവിടവിടെ തിണര്‍ത്ത് വീര്‍ത്തിട്ടുണ്ട്. 'അസ്സഹ്ഫുല്‍ അഖ്ദര്‍' (ഹരിത മുന്നേറ്റം) എന്ന പത്രത്തിന്റെ അധിപര്‍ ഹാമിദ് ഹുദൈരിയായിരുന്നു അത്. അക്കാലത്തെ ആഭ്യന്തര സുരക്ഷാ തലവന്‍ അബ്ദുസ്സലാം സാമിദ (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല)യെ വിമര്‍ശിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടുവത്രെ. ലേഖനം വെളിച്ചം കണ്ടതോടെ സാമിദയും കുടുംബക്കാരും ഇളകിവന്ന് ഹുദൈരിയെ പൊതിരെ തല്ലി. ഈ കഥകേട്ട ഞാന്‍ ഉടനെ സാമിദയെ ഹാജരാക്കാന്‍ കല്‍പിച്ചു. സാമിദ വന്നപ്പോള്‍ ഹുദൈരിയെ പ്രഹരിച്ചതായ ആരോപണം സത്യമാണോ എന്ന് ചോദിച്ചു. കൈയേറ്റം നടത്തിയത് ശരിയാണെന്ന് സാമിദ സമ്മതിച്ചു. പിന്നെ എനിക്ക് ക്ഷമയുണ്ടായില്ല. ഞാന്‍ സാമിദയുടെ കരണത്തിട്ട് കൊടുത്തു. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഇങ്ങനെ പെരുമാറുന്നത്. സാമിദയെ തടവിലിടാനും ഞാന്‍ ഉത്തരവിട്ടു. അതിനു ശേഷമാണ് ഖദ്ദാഫിയുമായി സംഭാഷണം നടക്കുന്നത്. പരിഹാസ സ്വരത്തില്‍ ഖദ്ദാഫി എന്നോട് ചോദിച്ചു: ''അബ്ദുസ്സലാം, താങ്കള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? അവസാനം അലിഹുദൈറല്ലാതെ ആരും താങ്കളുടെ കൂടെ ഉണ്ടാകില്ലെന്നാണ് എന്റെ ആശങ്ക.'' ഉടനെ ഞാന്‍ മറുപടി പറഞ്ഞു: ''എനിക്കാണ് ആശങ്ക. അഹ്മദ് ഇബ്‌റാഹീം (വിപ്ലവത്തിന് മുമ്പത്തെ പാര്‍ലമെന്റായ ജനറല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് സെക്രട്ടറി) അല്ലാതെ ഒരാളും താങ്കള്‍ക്കൊപ്പമില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ന്യായമായും എനിക്ക് ആശങ്കയുണ്ട്.''
ഇത്രയും പറഞ്ഞ ശേഷം ഞങ്ങള്‍ തമ്പിലേക്ക് നീങ്ങി. അവിടെ അബ്ദുല്ല സനൂസി (രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി പിന്നീട് നിയമിക്കപ്പെട്ട ആള്‍), സഈദ് റാഷിദ്, അഹ്മദ് ഖദ്ദാഫുദ്ദം, മുഹമ്മദ് മജ്ദുബ് തുടങ്ങിയവരുമുണ്ടായിരുന്നു. അവരെ അഭിമുഖീകരിച്ച് ഖദ്ദാഫി പറഞ്ഞു: ''ഇനി മുതല്‍ ഉന്മൂലന പദ്ധതി ഉണ്ടാവില്ല.'' ആ പ്രതിജ്ഞയുടെ അടിസ്ഥാനത്തില്‍ ഞാന്‍ വീണ്ടും സര്‍ക്കാറില്‍ സജീവമായി.
പിന്നീട് വീണ്ടും വീട്ടില്‍ വിശ്രമത്തിലേക്ക് മടങ്ങിയോ?
അതെ. 1986-ലായിരുന്നു അത്. അപ്പോഴും സംഭാഷണത്തിനായി ഖദ്ദാഫിയുടെ ക്ഷണമുണ്ടായി. സിര്‍തില്‍ വെച്ചായിരുന്നു ആ സംഭാഷണം. നഗരത്തിന് പുറത്ത് ഒരു താഴ്‌വരയില്‍ സ്ഥാപിച്ച തമ്പില്‍ വെച്ച്. ഖദ്ദാഫിയുമായി തനിച്ചായിരുന്നു സംഭാഷണം. പിന്നീട് ഖലീഫ ഹനീഷ്, സയ്യിദ് ഖദ്ദാഫുദ്ദം, അഹ്മദ് ഖദ്ദാഫുദ്ദം, അബ്ദുല്ല സനൂസി, മസ്ഊദ് അബ്ദുല്‍ ഹഫീസ്, അഹ്മദ് സനൂസി, അബ്ദുസ്സലാം സാദിമ എന്നിവരും സംഭാഷണത്തില്‍ ഭാഗഭാക്കായി. 'ലിബിയയെ സംബന്ധിച്ചേടത്തോളം അനുഗൃഹീതമായ പതിനൊന്ന് ദിനങ്ങള്‍' എന്ന് ഈ സംഭാഷണത്തെക്കുറിച്ച് ഹനീഷും ഹഫീസും അഭിപ്രായപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. അതൊരു ആത്മപരിശോധനയായിരുന്നു. സമഗ്രമായൊരു മാറ്റത്തിനായി ഞങ്ങള്‍ യോജിപ്പിലെത്തുകയും ചെയ്തു.
വിദേശ സേനകള്‍ ലിബിയയില്‍ നിന്ന് പുറത്തുപോയതിന്റെ വാര്‍ഷിക അനുസ്മരണ ദിനമായ ജൂണ്‍ 11-നായിരുന്നു ഈ സംഭവം. സംഭാഷണാനന്തരം ഞങ്ങള്‍ ഒന്നിച്ച് റഅ്‌സുല്‍ അനൂഫ് നഗരത്തില്‍ നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി. ഞങ്ങള്‍ സഞ്ചരിച്ച ഓഡി കാര്‍ ഖദ്ദാഫി തന്നെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചടങ്ങ് നടക്കുന്നിടത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രക്ക് ശുഷ്‌കമായിരുന്നു സദസ്സ്. മഹ്മൂദ് ജിബ്‌രീലും അബൂ മൂസയും മറ്റും സന്നിഹിതരായിരുന്നു. ചടങ്ങിനു ശേഷം ഞങ്ങള്‍ ബന്‍ഗാസിയിലേക്ക് തിരിച്ചു. അവിടത്തെ ചടങ്ങില്‍ സംബന്ധിച്ച യുവാക്കളും സ്ത്രീകളും ഞങ്ങളെ ആഘോഷപൂര്‍വം സ്വാഗതം ചെയ്തു. അവരോടൊപ്പം ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. 'ലിബിയന്‍ ജനതയില്‍ 10 ശതമാനം നിങ്ങളോടൊപ്പമുണ്ടെന്ന് പറയുകയാണെങ്കില്‍ ഞങ്ങള്‍ ഒരു കള്ളം പറയുകയാണെന്ന്' സദസ്യരിലൊരാള്‍ അന്ന് ഖദ്ദാഫിയോട് പറയുകയുണ്ടായി. 1986-ലാണ് ഇതെന്ന് ഓര്‍ക്കണം. അപ്പോള്‍ 1996-ലെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ ഊഹിച്ചുകൊള്ളുക. ഞങ്ങള്‍ ബൈദാ പട്ടണത്തിലേക്ക് തിരിച്ചു. വഴിമധ്യേ നിര്‍ദിഷ്ട പരിവര്‍ത്തന പദ്ധതിയെക്കുറിച്ച് അവലോകനം നടത്തി. ഖദ്ദാഫി ബൈദായിലേക്കും ഞാന്‍ ബന്‍ഗാസിയിലേക്കും മടങ്ങി.
പരിഷ്‌കരണ പദ്ധതിയുടെ ഉള്ളടക്കത്തില്‍ നിങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായോ?
പരിഷ്‌കരണ പരിപാടികളുടെ പേപ്പറുകള്‍ ഞാന്‍ തയാറാക്കുകയും തുടര്‍ന്ന് വിപ്ലവ സമിതികളുടെ പത്താം കോണ്‍ഗ്രസ്സിന്റെ പരിഗണനക്ക് വെക്കുകയും ചെയ്യുക എന്ന വിഷയത്തില്‍ യോജിപ്പിലെത്തിയിരുന്നു. അക്കാലത്ത് ഫലസ്ത്വീന്‍ പോപ്പുലര്‍ ഫ്രന്റിന്റെ നേതാവ് ജോര്‍ജ് ഹബശ് ലിബിയയിലുണ്ടായിരുന്നു. പേപ്പറുകള്‍ അദ്ദേഹത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവ വായിച്ച ശേഷം അദ്ദേഹം പറഞ്ഞു: ''ഇങ്ങനെയൊരു പേപ്പര്‍ തയാറാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു. ഞങ്ങളും ഒരുപാട് അബദ്ധങ്ങള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്. ഞങ്ങളും ആത്മപരിശോധന നടത്തുകയുണ്ടായി. എന്നാല്‍ അതൊന്നും ഈയൊരു നിലവാരത്തിലെത്തുകയുണ്ടായില്ല.'' ലിബിയയിലെ റഷ്യന്‍ സ്ഥാനപതിയും ഈ പേപ്പറുകള്‍ കാണുകയുണ്ടായി. സോവിയറ്റ് നേതൃത്വത്തിന് വേണ്ടി അതിന്റെയൊരു പകര്‍പ്പെടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അല്‍ ഫാതിഹ് യൂനിവേഴ്‌സിറ്റിയില്‍ പത്താം കോണ്‍ഗ്രസ് ചേര്‍ന്നു. മുവ്വായിരത്തോളം പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. പക്ഷേ, ഖദ്ദാഫി എത്തിയതും ഒരു പ്രസംഗം കാച്ചി. പ്രസംഗത്തിലെ പ്രധാന മര്‍മം ഇതായിരുന്നു: ''നമ്മള്‍ ഒരു മാതൃക മുന്നോട്ടുവെച്ചു. നമ്മള്‍ നമ്മളെ തന്നെ തകര്‍ത്തു. എന്നാല്‍ ഇനിയതില്‍ നിന്ന് പിന്തിരിയാന്‍ നമ്മള്‍ക്ക് സാധ്യമല്ല.'' സദസ് കൈയടിച്ചു. അദ്ദേഹത്തിന്റെ അരികെ ചെന്ന് തെറ്റായൊരു പ്രവൃത്തി മാതൃകയാകില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. എന്തു ഫലം?
1986-ല്‍ മൂന്നാമതൊരു ശ്രമം കൂടി നടന്നു. സിര്‍തില്‍ സംഭാഷണം പുനരാരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനത്തിലെത്തി. നഗരത്തിന് വെളിയില്‍ 'അത്അതി'ല്‍ ഞങ്ങള്‍ ഒത്തുകൂടി. അബ്ദുസ്സലാം സാദിമ ഡ്രൈവ് ചെയ്തിരുന്ന കാറില്‍ ഞങ്ങള്‍ മടങ്ങി. ഖദ്ദാഫിയോട് സാദിമ പറഞ്ഞു: ''നേതാവേ, സഹോദരാ, ഇത്തവണ ഞാന്‍ നിങ്ങളിരുവരുടെയും ശ്രോതാവ് മാത്രമാണ്; സാക്ഷി മാത്രം.'' അന്നും സമഗ്രമായ പരിഷ്‌കരണ വിഷയത്തില്‍ ഞങ്ങള്‍ യോജിപ്പിലെത്തുകയുണ്ടായി. കാര്യങ്ങളുടെ സുഗമമായ നിര്‍വഹണത്തിന് ഞാനൊരു നിര്‍ദേശം വെച്ചു. ''താങ്കള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ പേപ്പറുകള്‍ ഞാന്‍ തയാറാക്കാം. ആത്മാര്‍ഥതയുള്ള അമ്പതോ അറുപതോ ആളുകളെ തെരഞ്ഞെടുത്ത് അവരുമായി ഞാന്‍ ചര്‍ച്ച ചെയ്യാം. അബ്ദുര്‍റഹ്മാന്‍ ശല്‍ക്കം, വിജ്ദുല്ല അസൂസ് ത്വല്‍ഗി, അബൂ സൈദ് ദൗറദ, അബ്ദുല്ല സഊദി തുടങ്ങിയ സാമ്പത്തിക വിദഗ്ധരും ബുദ്ധിജീവികളുമായിരുന്നു എന്റെ പരിഗണനയിലുണ്ടായിരുന്നത്. പക്ഷേ, പരിഷ്‌കരണ പദ്ധതി തല്‍ക്കാലം നീട്ടിവെക്കാന്‍ ഖദ്ദാഫി എന്നോട് ഫോണ്‍ ചെയ്ത് പറഞ്ഞു. അങ്ങനെ ആ ശ്രമവും നിശ്ചലമായി.
അതായിരുന്നോ ഒടുവിലത്തെ ശ്രമം?
അല്ല. 1991-ല്‍ മുസ്ത്വഫ ഖറൂബി, ഖുവൈലിദി ഹുമൈദി, അബൂബക്കര്‍ യൂനുസ് ജാബിര്‍ എന്നിവരോടൊപ്പം ഹുസ്‌നീ മുബാറക് പ്രസിഡന്റ് പദവിയിലെത്തിയതിന്റെ പത്താം വാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ ഖദ്ദാഫി സലൂമിലേക്ക് യാത്രയായി. അനുഗമിക്കാന്‍ എന്നെയും ക്ഷണിച്ചു. ഞാനതില്‍ താല്‍പര്യം കാണിച്ചില്ല. ആ വര്‍ഷം നാലാമതൊരു പരിഷ്‌കരണ സംരംഭത്തിന് കൂടി ഞാന്‍ മുന്നിട്ടിറങ്ങി. ശരിക്കും പറഞ്ഞാല്‍ ഖദ്ദാഫിയെ കുരുക്കിലകപ്പെടുത്താനുള്ള ശ്രമായിരുന്നു അത്. മന്‍സൂര്‍ ശുഐബ് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല), മുസ്ത്വഫ തീര്‍, അമീന്‍ മാസിന്‍, അലി ഫഹ്മി ഖശീം (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) തുടങ്ങി ഏതാനും ബുദ്ധിജീവികളെ ഞാനൊരു സംവാദത്തിന് ക്ഷണിച്ചു. 'വിപ്ലവത്തിന്റെയും അധികാരത്തിന്റെയും സ്വത്വ നിര്‍ണയം' എന്നതായിരുന്നു വിഷയം. ഉമര്‍ ഹാമിദിയാണ് മോഡറേറ്റര്‍. സംവാദത്തിന്റെ തല്‍ക്ഷണ പ്രക്ഷേപണത്തിന് ഒരുക്കം ചെയ്യാന്‍ അലി കീലാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംസാരത്തിന് പരിധിയുണ്ടോ എന്ന് സംവാദത്തില്‍ പങ്കാളിയായവര്‍ ചോദിച്ചപ്പോള്‍ ഒരു പരിധിയുമില്ലെന്ന് ഞാന്‍ വ്യക്തമാക്കി. മനസ്സാക്ഷിക്കനുസരിച്ച്, ലിബിയന്‍ സമൂഹത്തിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ച് സ്വതന്ത്രമായി തുറന്ന് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. ആദ്യ ദിവസം ഗൗരവമുള്ള തുറന്ന ചര്‍ച്ച നടന്നു. പിറ്റേന്ന് രാത്രി, ഖദ്ദാഫി കടന്നുവന്നു. ''ഇത് അമേരിക്കന്‍ ഉപജാപമാണ്.'' ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവരുടെ മുഖത്ത് നോക്കി ഖദ്ദാഫി അട്ടഹസിച്ചു. അതോടെ സംവാദവും നിലച്ചു. മാത്രമല്ല, പങ്കെടുത്തവര്‍ക്കെതിരെ പോലീസന്വേഷണവുമുണ്ടായി. ഞാന്‍ ഖദ്ദാഫിയെ ഫോണ്‍ ചെയ്ത് ചോദിച്ചു: ''മൂന്ന് ദിവസത്തെ ചര്‍ച്ചക്കിടയില്‍ പ്രകടിപ്പിക്കുന്ന ഒരു എതിരഭിപ്രായം പോലും പൊറുപ്പിക്കാന്‍ കഴിയാത്തത്ര ദുര്‍ബലരാണോ നമ്മള്‍?''
എന്നിട്ടും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഒരു പരിപാടി ഞങ്ങള്‍ എഴുതി തയാറാക്കി. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഞാന്‍ ക്ഷണിക്കപ്പെട്ടു. ഖദ്ദാഫിയുടെ കൂടാരത്തിലേക്ക് ഞാന്‍ പോയി. അദ്ദേഹം എത്തുന്നതിന് മുമ്പേ ഞാനവിടെ എത്തി. അദ്ദേഹം നടന്ന് വരികയാണ്. പിന്നില്‍ അബൂബക്കര്‍ യൂനുസ് ജാബിറുമുണ്ട്. അതിന്റെ പിന്നാമ്പുറം അപ്പോള്‍ തന്നെ എനിക്ക് മണത്തു. അടുത്തെത്തിയ അബൂബക്കര്‍ പറഞ്ഞു തുടങ്ങി: ''ഈ പരിപാടി വിദേശത്തു നിന്ന് അടിച്ചേല്‍പിക്കുന്നതാണ്.'' ഞാന്‍ തിരിച്ചടിച്ചു: ''താങ്കളുടെ റോള്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം.'' അബൂബക്കറിന്റെ പ്രതികരണം ഒറ്റ വാചകത്തിലൊതുങ്ങി. ''നിങ്ങള്‍ പരസ്പരം കുത്തുകൂടുന്ന മുട്ടനാടുകള്‍. അതില്‍ എനിക്കെന്ത് കാര്യം!'' അതും പറഞ്ഞ് അബൂബക്കര്‍ സ്ഥലം വിട്ടു. ഇതിനു ശേഷം മറ്റൊരു ശ്രമം കൂടി നടന്നു.
യു.എസ് ഉപരോധത്തിന്റെ തുടക്കത്തില്‍, അല്ലേ?
ഉപരോധമൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. അതുകൊണ്ടൊന്നും ഒരു ബുദ്ധിമുട്ടുണ്ടായിട്ടുമില്ല. പെട്രോള്‍ കുത്തിയൊഴുകുന്നുണ്ടായിരുന്നു. പണത്തിന് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. വ്യോമ ഉപരോധം മാത്രമായിരുന്നു ഒരു പ്രശ്‌നം. ചില രാജ്യങ്ങളില്‍ നയതന്ത്രപ്രാതിനിധ്യത്തിന്റെ അളവില്‍ അല്‍പം കുറവും ഉണ്ടായി. ഇതല്ലാതെ മറ്റൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അഞ്ചാമത് നടന്ന ശ്രമത്തിനിടയിലും ചില കരട് പത്രികകള്‍ ഞങ്ങള്‍ തയാറാക്കിയിരുന്നു. ഖദ്ദാഫിയുടെ സ്വന്തം സംഘത്തില്‍ പെട്ട അഹ്മദ് ഇബ്‌റാഹീമിനെ പോലുള്ള ചിലരെ അത് കാണിക്കുകയും ചെയ്തിരുന്നു. 'ലിബിയയെ രക്ഷിക്കാനുള്ള ദേശീയ പദ്ധതി' എന്നാണ് അഹ്മദ് ഇബ്‌റാഹീം ഇതിനെ വിശേഷിപ്പിച്ചത്. പരേതനായ ലിബിയന്‍ ചിന്തകന്‍ സാദിഖ് നയ്ഹും ഇക്കാലത്ത് എന്നെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു: ''സഹോദരാ, അബ്ദുസ്സലാം, ഈ പദ്ധതി നടപ്പിലാവുകയാണെങ്കില്‍ നാളെ തന്നെ സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് ലിബിയയില്‍ സ്ഥിരതാമസമാക്കാന്‍ ഞാന്‍ മടങ്ങും.'' പദ്ധതി ആഘോഷിക്കാനായി സുഹൃത്ത് യൂസുഫ് ദബ്‌രിക്ക് അദ്ദേഹം എഴുത്തയക്കുകയും ചെയ്തിരുന്നു. പക്ഷേ, ഖദ്ദാഫി അത് അപ്പാടെ തള്ളിക്കളഞ്ഞു. ഇത് സമ്മതിച്ചാല്‍ പിന്നെ തനിക്കെന്താണ് പണി എന്നായിരുന്നു ഖദ്ദാഫിയുടെ ചോദ്യം. പരിഷ്‌കരണങ്ങള്‍ സ്വന്തം അധികാരങ്ങളെ നിയന്ത്രിക്കുമെന്നായിരുന്നു ആ വാക്കുകളുടെ ധ്വനി.
അപ്പോള്‍ എന്തായിരുന്നു താങ്കളുടെ പ്രതികരണം?
ഞാന്‍ വീണ്ടും വീട്ടില്‍ വിശ്രമ ജീവിതത്തിലേക്ക് മടങ്ങി. സൈനിക ഓഫീസര്‍മാര്‍ വീട്ടിലെത്തി. എന്തിനാണ് താങ്കള്‍ അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു അവരുടെ പരാതി. ''താങ്കള്‍ അദ്ദേഹത്തിന് മേല്‍ പരിഷ്‌കരണ പദ്ധതികള്‍ അടിച്ചേല്‍പിക്കുകയാണ്.'' അവര്‍ ആവലാതി പറഞ്ഞു. എന്റെ ആലോചന പോയത് വേറെ വഴിക്കാണ്. തന്റെ സ്വന്തം പരിപാടിയായി അദ്ദേഹം ഇത് അവതരിപ്പിച്ചുകൊള്ളട്ടെ എന്നൊരു നിര്‍ദേശം ഞാനവരുടെ മുമ്പില്‍ സമര്‍പ്പിച്ചു. പിന്നീടതില്‍ നിന്ന് പിന്മാറാതിരിക്കാനും അതാണ് നല്ലത്. പക്ഷേ, അതും ഖദ്ദാഫിക്ക് സമ്മതമായില്ല. പഴയ ആക്ഷേപം തന്നെ സൈനിക ഓഫീസര്‍മാര്‍ പിന്നെയും ആവര്‍ത്തിച്ചു. വീട്ടില്‍ വന്ന ഓഫീസര്‍മാരോട് ഞാന്‍ പറഞ്ഞു: ''ഇതിനപ്പുറം ഇനി എനിക്കൊന്നും ചെയ്യാനില്ല. എന്നെ അടിവാരാന്‍ ഞാനും സമ്മതിക്കുകയില്ല.''
എങ്കിലും ഒടുവിലത്തെ പോംവഴിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. പരിഷ്‌കരണ പദ്ധതിക്കായി ഞാനൊരു മുഖവുര എഴുതി തയാറാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ലിബിയയും അറബ് ദേശവും കെട്ടിപ്പെടുക്കുന്നതില്‍ സാമ്പത്തിക വിദഗ്ധരും ബുദ്ധിജീവികളുമായി ചേര്‍ന്ന് ഇങ്ങനെ ഒരു പരിപാടി ആവിഷ്‌കരിക്കാന്‍ മുഅമ്മര്‍ ഖദ്ദാഫിയാണ് എന്നെ ചുമതലപ്പെടുത്തിയതെന്ന് മുഖവുരയില്‍ ഞാന്‍ എഴുതിച്ചേര്‍ത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. ആ ആശയം അദ്ദേഹത്തിന് കൊള്ളാമെന്ന് തോന്നി. പക്ഷേ, വിഷയം ചര്‍ച്ച ചെയ്യാന്‍ സമ്മേളിച്ചപ്പോള്‍ ലിബിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലെന്നും പതിനാലാം നൂറ്റാണ്ടിലാണെന്നും പറഞ്ഞ് അദ്ദേഹം ഞങ്ങളെ അമ്പരപ്പിച്ചു. എന്നെ ഉന്നം വെച്ച്, 'ജനങ്ങളേക്കാള്‍ ഗ്രാഹ്യതയുള്ളവനാണോ ഇയാള്‍' എന്ന് ചോദിച്ചു. പരിപാടിയില്‍ ലിബിയയെക്കുറിച്ചുള്ള ഭാഗം അദ്ദേഹം നിരാകരിച്ചു. അറബ് ലോകത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഭാഗികമായി അംഗീകരിച്ച ഖദ്ദാഫി അത് ചര്‍ച്ച ചെയ്യാന്‍ കിഴക്കന്‍ അറബ് ദേശങ്ങളിലേക്ക് അബൂബക്കര്‍ ജാബിറിനെയും പശ്ചിമ ദേശങ്ങളിലേക്ക് ഖുവൈലിദി ഹുമൈദിയെയും അയച്ചു. എങ്കിലും സൈന്യം സംഭാഷണം തുടരണമെന്ന് നിര്‍ബന്ധം പിടിച്ചു: ''മതി... എല്ലാം കഴിഞ്ഞു.'' ഞാന്‍ അവരോട് പറഞ്ഞു: ''ഒന്നും ഗൗരവത്തിലെടുക്കുന്ന ആളല്ല ഈ മനുഷ്യന്‍. ഇയാളുടെ പൊളിപ്പന്‍ പരിപാടിക്ക് ഇനി എന്നെ കിട്ടില്ല.'' എന്താണ് പരിഹാരമെന്നായി അവര്‍. ലിബിയ നാശത്തിന്റെ നെല്ലപ്പടിയിലെത്തിക്കഴിഞ്ഞു എന്നായിരുന്നു എന്റെ മറുപടി. ഫ്രീ ഓഫീസര്‍മാരും വിപ്ലവ സമിതി അംഗങ്ങളും എന്റെ വീട്ടില്‍ ഒത്തുകൂടി. മാറ്റത്തിനു വേണ്ടി ഖദ്ദാഫിയില്‍ സമ്മര്‍ദം ചെലുത്താമെന്നൊരു നിര്‍ദേശം ഞാന്‍ മുന്നോട്ടു വെച്ചു. ''അദ്ദേഹത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ താങ്കള്‍ക്കേ കഴിയൂ. ഞങ്ങളുടെ കാര്യത്തില്‍ സുരക്ഷിതത്വത്തിന് ഒരു ഉറപ്പുമില്ല.'' ഇതായിരുന്നു അവരുടെ പ്രതികരണം.
ഏറെ സമ്മര്‍ദമുണ്ടായെങ്കിലും ഖദ്ദാഫിയെ കാണാന്‍ പിന്നെ ഞാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ അദ്ദേഹം എന്റെ സഹോദരന്‍ സാലിമിനെ വിളിപ്പിച്ചു. ഒന്നിച്ചു അത്താഴം കഴിക്കാമെന്നൊരു നിര്‍ദേശം ഖദ്ദാഫി സാലിം വഴി അറിയിച്ചു. അതും ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ മകന്‍ ഹുസാമിനെ കാണാന്‍ ഖദ്ദാഫി ആഗ്രഹം പ്രകടിപ്പിച്ചു. എന്തു വേണമെന്ന് മകന്‍ എന്നോട് അഭിപ്രായമാരാഞ്ഞു. ചെന്ന് നോക്കെന്ന് ഞാന്‍ പറഞ്ഞു. ഉപയോഗിക്കുന്ന കാര്‍ ഏത് മോഡലാണെന്നായിരുന്നു അവനോടുള്ള ഖദ്ദാഫിയുടെ ആദ്യ ചോദ്യം. പഴയ മോഡലാണെന്ന് അവന്‍ പറഞ്ഞു. പുതുതായൊരു ഗോള്‍ഫ് മോഡല്‍ വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അബ്ദുസ്സലാമിന്റെ മക്കളെക്കുറിച്ച് മോശമായതൊന്നും തനിക്ക് കേള്‍ക്കേണ്ടിവന്നിട്ടില്ലെന്ന് അപ്പോള്‍ ഖദ്ദാഫി പറഞ്ഞു: ''ഞാനൊരു ഏകാധിപതിയാണെന്നാണ് നിന്റെ പിതാവ് പറയുന്നത്. അങ്ങനെ തന്നെയാണെന്നിരിക്കട്ടെ. എന്നാല്‍ എന്താണതിനൊരു പരിഹാരം?'' ഖദ്ദാഫി തുടര്‍ന്നു ചോദിച്ചു.
1995-ല്‍ ഫാതിഹ് വിപ്ലവത്തിന്റെ വാര്‍ഷിക അനുസ്മരണത്തില്‍ കൂടിക്കാഴ്ചക്ക് വേണ്ടി ഖദ്ദാഫി വീണ്ടും എന്നെ ക്ഷണിച്ചു. അന്ന് വെള്ളിയാഴ്ചയായിരുന്നു. ഞാന്‍ റസീവര്‍ പൊക്കിയപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാനും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍, എന്താണ് മിണ്ടാത്തതെന്ന് ഖദ്ദാഫി ചോദിച്ചു. താങ്കള്‍ ഇങ്ങോട്ട് വിളിച്ചതല്ലേ എന്നായി ഞാന്‍. അപ്പോള്‍ വിപ്ലവ വാര്‍ഷികമായിട്ടു എന്താണഭിനന്ദിക്കാത്തതെന്ന് ഖദ്ദാഫി ചോദിച്ചു. ലിബിയന്‍ ജനതയെ സംബന്ധിച്ചേടത്തോളം വിപ്ലവം ഒന്നുമല്ലാതായി കഴിഞ്ഞുവെന്ന് ഞാന്‍ മറുപടി പറഞ്ഞു. അന്ന് വൈകുന്നേരം സിര്‍ത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: ''ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെക്കുന്നവര്‍ മൂന്നാം ലോകത്ത് വധിക്കപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ആണ് പതിവ്. എന്നാല്‍ റോമക്കാര്‍ സ്വന്തം മക്കളോട് പെരുമാറുന്ന പോലെ ബഹുമാനപൂര്‍വമാണ് നാം അവരോട് പെരുമാറുന്നത്.''
പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ഖദ്ദാഫി താങ്കളുമായി ബന്ധപ്പെടുകയുണ്ടായോ?
ഉവ്വ്. കൂടിക്കാഴ്ചക്ക് അദ്ദേഹം ക്ഷണിക്കുകയുണ്ടായി. ഭരണകൂടത്തെ വെള്ളപൂശാന്‍ അത് ദുരുപയോഗപ്പെടുത്തുമെന്ന് ആശങ്കിച്ച് ആവശ്യം ഞാന്‍ നിരസിച്ചു. ടെലിവിഷനിലൂടെ ഭരണകൂടത്തോടൊപ്പം നില്‍ക്കുന്നതിന് ജനങ്ങളോടാഹ്വാനം ചെയ്യാനും യുവാക്കളുടെ മനോവീര്യം ഉയര്‍ത്തുന്നതിന് നാറ്റോ ആക്രമണത്തെ അപലപിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിനും ഞാന്‍ വിസമ്മതിച്ചു. സമ്മര്‍ദത്തിന് വിധേയനാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് എന്റെ നിലപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ അറിയിക്കുകയും ചെയ്തു.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് ലിബിയയെ മോചിപ്പിക്കാന്‍ എന്താണ് വഴി?
ഒന്നാമതായി, ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ദേശീയ ശക്തികളെ ആശ്രയിച്ച് നില്‍ക്കുന്നതാണ് ഈ ഘട്ടം. ചുമതലാബോധമുള്ളവരായിരിക്കണം അവര്‍. നിസ്വാര്‍ഥതയാണ് അവരുടെ ഏക ആയുധം. രണ്ടാമതായി, ഓരോ പാര്‍ട്ടിയുണ്ടാക്കി ലിബിയയെ പരസ്പരം വീതം വെക്കാന്‍ കാത്തിരിക്കുന്നവരായിരിക്കരുത് അവര്‍. ഏറ്റവും വലിയ ഓഹരിക്കായി കടിപിടികൂടുന്ന കക്ഷികളായി അവര്‍ പരിണമിക്കരുത്. അങ്ങനെയായിത്തീര്‍ന്നാല്‍ ഇരകളുടെ ആത്മാവുകള്‍ ഒരിക്കലും അത് പൊറുക്കുകയില്ല. ഈ മാര്‍ഗത്തില്‍ രക്തസാക്ഷികളായവരെ അപമാനിക്കുകയായിരിക്കും അപ്പോള്‍ നാം. ലിബിയയില്‍ ഫാതിഹ് വിപ്ലവം നടക്കുന്നതിനു മുമ്പ് വരെ രണ്ട് പാര്‍ട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. 'അല്‍ മുഅ്തമറും' 'അല്‍ കത്‌ല'യും. ഇംഗ്ലീഷുകാരുടെ ഉപജാപ ഫലമായി ഇരു പാര്‍ട്ടികളിലെയും ദേശീയ നേതൃത്വങ്ങള്‍ നാടുകടത്തപ്പെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭവങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യം പ്രാപിച്ച ഘട്ടത്തില്‍ പാര്‍ട്ടികള്‍ നിരോധിക്കപ്പെടുകയും ചെയ്തു. അതിനാല്‍ ജനാധിപത്യപരമായ അനുഭവങ്ങളുടെ അനുഗ്രഹം ആസ്വദിക്കാന്‍ നമുക്ക് സാധിച്ചില്ല. തൊഴിലാളി പ്രസ്ഥാനം മാത്രമായിരുന്നു നമ്മുടെ ഏക അനുഭവ സമ്പത്ത്. തെരഞ്ഞെടുപ്പുകളുടെയും ജനപ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ബഹുസ്വര സിവില്‍ ഭരണകൂടമാണ് ലിബിയക്ക് ഇന്ന് ആവശ്യമായിട്ടുള്ളത്. ഇവിടെ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യം ജനാധിപത്യത്തെ നാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നാണ്. നമുക്ക് അതൊരു കച്ചവടച്ചരക്കാണോ, അതോ പെരുമാറ്റ രീതിയോ? പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ജനാധിപത്യത്തിന്റെ അനുഭവ ഫലങ്ങള്‍ സങ്കീര്‍ണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഉറച്ച ജനാധിപത്യ പാരമ്പര്യമുണ്ടായിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് പലപ്പോഴും അവിടെ തര്‍ക്കങ്ങളുണ്ടാകുന്നു. അറബ് ലോകത്ത് ഇപ്പോള്‍ നടന്ന വിപ്ലവങ്ങള്‍ തങ്ങള്‍ക്കനുയോജ്യമായ ഒരു മോഡലിന്റെ അന്വേഷണത്തിലാണ്. ജനാധിപത്യത്തിന്റെ ആള്‍ക്കൂട്ടവശമായിരിക്കരുത് നമ്മുടെ മാതൃക. ഭദ്രമായ വ്യക്തിയുടെയും കെട്ടുറപ്പുള്ള സമൂഹത്തിന്റെയും നിര്‍മാണമാണ് ജനാധിപത്യത്തിന്റെ മൗലിക സത്ത. മാധ്യമങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രമായ ജുഡീഷ്യറിയും വഴി രാജ്യത്തിന്റെ സ്തംഭങ്ങള്‍ ശക്തിപ്പെടുത്തണം. ഈ സ്തംഭങ്ങള്‍ ശക്തമാണെങ്കില്‍ ആ ശക്തി ഭരണത്തിലും പ്രതിഫലിക്കും. ലിബിയയില്‍ നമുക്കൊരു ദീര്‍ഘപഥം തന്നെ താണ്ടേണ്ടിവരും. കാരണം, ഖദ്ദാഫി സാമ്പത്തിക വ്യവസ്ഥ മാത്രമല്ല തകര്‍ത്തത്. മൂല്യങ്ങളും ധര്‍മങ്ങളും മതവും യുവാക്കളെയുമൊക്കെ ഖദ്ദാഫി നശിപ്പിച്ചുകളഞ്ഞു. ദശകങ്ങളോളം ലിബിയയെ പിറകോട്ട് കൊണ്ടുപോയി.
നിലവിലെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?
ചെറിയ ജിഹാദില്‍ നിന്ന് വലിയ ജിഹാദിലേക്ക് നീങ്ങിയ ഒരു ഘട്ടത്തിലാണ് നമ്മളിപ്പോള്‍. ബുദ്ധിജീവികളും സമൂഹത്തിലെ നേതൃവിഭാഗങ്ങളും ഇപ്പോള്‍ ജിഹാദ് നടത്തേണ്ടത് തങ്ങളോടു തന്നെയാണ്. സ്വന്തം അഹന്തയെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ പരിപാടികളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം. ചുമതലാ ഭാരത്തിന്റെ ബോധത്താല്‍ പദവികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മാനസികാവസ്ഥ സംജാതമാകണം. അങ്ങനെ പദവികള്‍ക്ക് പിന്നാലെ പായുന്നതിന് പകരം പദവികളേറ്റെടുക്കാന്‍ ക്ഷണിക്കപ്പെടുന്ന ഒരു അവസ്ഥ നിലവില്‍ വരണം. ഗോത്രാഭിമുഖ്യവും പ്രാദേശികാഭിമുഖ്യവുമുള്ള പാര്‍ട്ടികളല്ല നമുക്കാവശ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഈ വശത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. നമ്മുടെ പ്രശ്‌നങ്ങളിലൊന്നാണിത്. ദേശീയ ശക്തികള്‍ക്കും സമൂഹ നേതൃത്വത്തിനും ബുദ്ധിജീവികള്‍ക്കും ഉദ്ദേശ്യശുദ്ധിയും അധികാര വിരക്തിയും ഐക്യബോധവുമുണ്ടെങ്കില്‍ ലിബിയയെ നമുക്ക് നേര്‍വഴിക്ക് നയിക്കാനാകും. അഭിപ്രായ ഭേദങ്ങളുണ്ടെങ്കില്‍ തന്നെ അത് സങ്കുചിത കക്ഷിത്വത്തിലേക്ക് പരിണമിക്കരുത്. രക്തസാക്ഷികളുടെ ചിത്രം സദാ നമ്മുടെ കണ്‍മുന്നിലുണ്ടായിരിക്കണം. അവരെ നാം ചതിക്കരുത്. എങ്കില്‍ നമുക്ക് സ്വാതന്ത്ര്യത്തിന്റെയും നാഗരികതയുടെയും പുരോഗതിയുടെയും പാതയില്‍ മുന്നേറാന്‍ കഴിയും; നാളത്തെ ലിബിയയെ, മനോഹരമായൊരു ലിബിയയെ കെട്ടിപ്പടുക്കാന്‍ കഴിയും.
ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് താങ്കളെന്ന് കേള്‍ക്കുന്നുണ്ടല്ലോ?
ഹിസ്ബുല്‍ വത്വന്‍ ലില്‍ ഹുര്‍രിയ്യ വല്‍ അദാല (നാഷ്‌നല്‍ ഫ്രീഡം ആന്റ് ജസ്റ്റിസ്) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങളുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ലിബിയയുടെ ഏത് മേഖലയിലുള്ളവര്‍ക്കും പാര്‍ട്ടിയില്‍ അംഗങ്ങളാകാം. പടിഞ്ഞാറും തെക്കും മേഖലകളില്‍ ഈ നീക്കത്തിന് ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ സമ്പര്‍ക്ക ഫലങ്ങള്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. 25-50 വയസ്സിന് മധ്യേയുള്ള യുവാക്കള്‍ക്കായിരിക്കും നേതൃത്വം എന്നതാണ് ഈ പാര്‍ട്ടിയുടെ സവിശേഷത. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ പുതിയ ഭരണനേതൃത്വവും ഈ പ്രായത്തിലുള്ളവരുടെ കരങ്ങളിലായിരിക്കും. ഞങ്ങളെ സംബന്ധിച്ചേടത്തോളം സ്ത്രീകള്‍ സമൂഹത്തിന്റെ അര്‍ധ വിഭാഗം മാത്രമല്ല, സമൂഹത്തിന്റെ മുന്‍നിര എഞ്ചിന്‍ തന്നെയാണെന്നും മനസ്സിലാക്കുക. ഉഭയ വിഭാഗങ്ങളില്‍ നിന്നുള്ള യുവകരങ്ങളിലായിരിക്കും ഭാവി ഭരണകൂടത്തിന്റെ നേതൃത്വം.
(കടപ്പാട്: ശഫാഫ്)
വിവ: വി.എ.കെ
Comments