അലക്കിപെരുന്നാളില്‍നിന്ന് ഫേസ്ബുക്ക് പെരുന്നാളിലേക്ക്
പതിനൊന്നിലേക്കായുന്ന നനുത്ത ബാല്യം. വലിയ പെരുന്നാള്‍ കൂടാന്‍ മഹല്ലുപള്ളിയിലേക്ക്. പരുപരുത്ത് ചോന്ന കിണ്ടന്‍ തുണി. അരയില്‍ കെട്ടിയ ചരടില്‍ അത് കോര്‍ത്തുടുത്തിരിക്കുന്നു. ചരടില്‍ പിണഞ്ഞ ഉടുതുണിയുടെ ഒരായത്തിലൂടെ വെളിച്ചം കാണുന്ന പ്രമാണി ഏലസ്സ്. കരിനീലം മുക്കിയ മേല്‍മുണ്ട് ചുമലില്‍ ഞാന്നു കിടക്കുന്നു. പതിവുപോലെ തലമുടി തീര്‍ത്തും വടിച്ചു കളഞ്ഞിരിക്കുന്നു. ഇപ്പോള്‍ കുളിച്ചാലും തല തടവിയാലും നല്ല വെടിപ്പുണ്ടാകും. ശുദ്ധം വരുത്തി പുറം പള്ളിയിലേക്ക്. ഒരു ചേലും കാണാത്ത ഓടു കെട്ടിടം. കരി മെഴുകിയ അകത്തളം. അറക്കൂട്ടിനകത്തുള്ള ഒറ്റമുറി. അത് അകംപള്ളി. അതിനകത്തുനിന്ന് അകിലിന്റെ നേര്‍ത്ത ഗന്ധം. ചുറ്റും ഓല മേഞ്ഞ ചായ്പുകള്‍. കൗതുകത്തോടെയും അതിലേറെ ഉദ്വേഗത്തോടെയും അവനാ പ്രത്യക്ഷം നിരീക്ഷിച്ചു. പുറംപള്ളിയുടെ തുറസ്സില്‍ നാട്ടുകാരണവന്മാര്‍ വട്ടമിരിക്കുന്നു. മൂട്ടിയ വെള്ളത്തുണിയില്‍ കരിനീലത്തിന്റെ ഗാഢഛവി. തോളില്‍ മേല്‍മുണ്ടിന്റെ നിവീതവും. ഏതോ രണ്ടുപേര്‍ക്കു അയഞ്ഞ മേല്‍ക്കുപ്പായം. അതിന്റെ മൊഞ്ചുള്ള കുടുക്കുകള്‍ ആരെയോ നോക്കി ചിരിക്കുന്നു. അവര്‍ മുറുക്കിച്ചോന്ന ചുണ്ടുകള്‍ കോട്ടി വെപ്രാളത്തോടെ സംസാരിക്കുന്നു. അവര്‍ക്കു മുന്നില്‍ പിച്ചളത്താമ്പാളം. അതില്‍ വെള്ളി നാണയങ്ങള്‍ വീണു ചിരിക്കുന്നു. അത്യപൂര്‍വമായ ഒറ്റ നോട്ടുകള്‍, മൂകപ്പൂങ്കുയിലുകളെപ്പോലെ. അവനറിയണം അതില്‍ വന്നു വീഴുന്ന നാണയത്തുട്ടുകള്‍ എത്രയെന്ന്. കാശും അണയും ഓട്ടമുക്കാലുമായി, വരുന്ന ചെറിയ പെരുന്നാള്‍ വരെ തന്റെ കുടുംബത്തില്‍ അന്ന വസ്ത്രാദി, മുട്ടാതെ, ദാരിദ്ര്യത്തിന്റെ അതലങ്ങളിലേക്കു വീഴാതെ കാത്തു രക്ഷിക്കേണ്ടത് ഇന്ന് ഈ താമ്പാളത്തില്‍ വീഴുന്ന ദമ്പടിത്തുട്ടുകളാണ്. അവന്റെ വാപ്പ ദേശത്തിന്റെ മഹല്ല് ഖാദിയും ഇമാമുമാണ്. രണ്ടു പെരുന്നാളിനു പിരിഞ്ഞു കിട്ടുന്ന പള്ളിപ്പണത്തിന്റെ പകുതിയും പിന്നെ വഖ്ഫായി ലഭിക്കുന്ന നാല്‍പതു പറ നെല്ലുമാണ് ഖാദിക്കുള്ള വാര്‍ഷിക ശമ്പളം. ഏറെയേറെ വീട്ടാവശ്യങ്ങള്‍ കാര്‍ക്കശ്യങ്ങളായി മുന്നിലെത്തുമ്പോഴൊക്കെ പെരുന്നാള്‍പ്പണത്തിന്റെ പ്രതീക്ഷയില്‍ ഗൃഹാന്തര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുന്നത് അവന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നല്ല കുട്ടികളായാല്‍ പെരുന്നാള്‍ പണം കിട്ടുമ്പോള്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങളുടെ എണ്ണം കുഞ്ഞു ഖല്‍ബില്‍ ബാക്കിയുണ്ട്. നൈരാശ്യത്തിലും അവന്‍ പ്രത്യാശയുടെ നാളങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അപ്പോള്‍ കണ്ണുകള്‍ പൊത്തുന്ന വിരലുകള്‍ക്കിടയിലേക്ക് ഊര്‍ന്നു വീഴുന്ന നക്ഷത്രം പോലെ ഒരു തുട്ടു നാണയവും പിച്ചളത്താമ്പാളത്തിലേക്ക് വീണു ചിരിച്ചു. പട്ടിണിയും വറുതിയും പാളയമിറങ്ങിയ കാലം. ഒന്നാം ലോക യുദ്ധവും മലബാര്‍ കലാപവും സൃഷ്ടിച്ച അസന്തുലിതവും അശാന്തവുമായ ദുരിത കാലം. അന്നത്തെ പെരുന്നാളുകള്‍ അങ്ങനെയേ ആവൂ. പങ്കപ്പാടിന്റെയും ആതങ്കത്തിന്റെയും ഇരുണ്ട മാനത്ത് ഹജ്ജ് പെരുന്നാളിന്റെ പാലട ചന്ദ്രിക. പുത്തനുടുപ്പുകളില്ല. ഇഹ്‌റാമിനെപ്പോലെ ഒറ്റത്തുണിയും മല്ലിന്‍ തോര്‍ത്തും. മേല്‍ കുപ്പായം പതിവേയില്ല. ഉടുമുണ്ട് പോലും മോഹമാണ്. അത് സര്‍ക്കാര്‍ റേഷന്‍ കടകളിലേ ലഭ്യമാവൂ. അതാകട്ടെ പരുപരുത്ത ചണനാരുകള്‍ കോര്‍ത്ത് നെയ്തത് പോലെ. പെരുന്നാള്‍ കൊണ്ടു വരുന്നത് ഭക്ഷണത്തിന്റെ സമൃദ്ധിയാണ്. കപ്പയും പപ്പായയും പനമ്പൊടിക്കറിയും കൂവയും ചക്കയും ചക്കക്കുരുവും മുഖ്യാഹാരമായി ജീവിച്ച ദൈന്യതക്കൊടുവില്‍ വന്നെത്തുന്ന രുചിയുടെ പെരുന്നാള്‍.
പുലര്‍ച്ചക്കു മുമ്പേ വീടുകള്‍ ഉണരുകയായി. കെട്ടിമേഞ്ഞ ഓലക്കുടിലുകളില്‍ മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിന്റെ മാണിക്യനാളങ്ങള്‍ക്കന്ന് പൂര്‍വാധികം വെട്ടം. അടുക്കളയില്‍ മണ്‍കലങ്ങളും താമ്പാളങ്ങളും ചിരിച്ചുണരുന്നു. അവര്‍ക്കും അന്ന് പെരുന്നാളാണ്. ഭക്ഷണ രുചികളെ ഈറ്റെടുക്കാന്‍ ഇന്നവര്‍ക്കും ഭാഗ്യം വന്നു. കഴുകി ഉണക്കാനുള്ള വിഴുപ്പുകെട്ടുകളുമായി സ്ത്രീ ജനങ്ങള്‍ പുഴക്കടവുകളിലേക്ക്. അവരുടെ കാച്ചി കോന്തലയില്‍ തൂങ്ങി കുട്ടികളും... ആഞ്ഞുവീശുന്ന ഓലച്ചൂട്ടുകള്‍ നാട്ടുവഴികളിലെ വിഘ്‌നം ചൂണ്ടി. അസമയത്തുണര്‍ന്ന നാട്ടിന്‍പുറം. ഉറക്കിലേക്കു വഴുതിയ നിശാചര ജീവികള്‍ പരിഭ്രമത്തോടെ പരക്കം പാഞ്ഞു. കുസൃതികള്‍ കല്ലുകൊണ്ടവയില്‍ തങ്ങളുടെ ലക്ഷ്യ സാമര്‍ഥ്യം പരിശോധിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെ കുളിക്കടവുകള്‍. ഏതോ മാളിക വീട്ടില്‍ നിന്നെത്തിയ സുന്ദരികളാവും ഈ ശരറാന്തല്‍ കൊണ്ടുവന്നത്. മണവാട്ടിപ്പാറയില്‍ നിന്നത് തെളിഞ്ഞു കത്തുന്നു. അതിന്റെ വെളിച്ചത്തിനെന്തൊരു വെളിച്ചം. ആര്‍പ്പും കുരവയും നാട്ടുവര്‍ത്തമാനങ്ങളും. ഗ്രാമം മൊത്തമായവര്‍ അലക്കി വെളുപ്പിക്കുകയാണ്. അല്ലെങ്കിലും പെരുന്നാള്‍ 'കുളിച്ചു കഴിക്കുകയാണ്'. അന്ന് വീടുകളില്‍ കുളിമുറികളില്ല. കിണറുകള്‍ പോലും. പുഴകളോ സ്വഛവും ശുദ്ധവും. പശ്ചിമഘട്ടത്തിന്റെ നിഗൂഢ മലമേടുകളില്‍ നിന്ന് ഔഷധച്ചെടികളുടെ ചാറും കറന്നെത്തുന്ന പുഴകളന്ന് സഞ്ജീവനികളാണ്. അതില്‍ തുടിച്ചു കുളിച്ചാല്‍ ആരോഗ്യ സിദ്ധിയായി. കുളിച്ചു പോരുമ്പോള്‍ മണ്‍കുടങ്ങളില്‍ വെള്ളം കോരും. ചോറും കറിയും വെയ്ക്കാന്‍. ചെരകിപ്പിഴിഞ്ഞ നാളികേരപ്പാല്‍ കുറുക്കിയ വെന്ത വെളിച്ചെണ്ണ. ആണും പെണ്ണും കുഴമ്പുപോലെ മേലാകെ തേച്ചു പിടിപ്പിച്ചിരിക്കും. എണ്ണക്കട്ടിയില്‍ കുഴഞ്ഞ കുട്ടികള്‍ സമയം തെറ്റിയ ദിനചര്യയില്‍ ചിണുങ്ങി പ്രതിഷേധിക്കുന്നു. മുങ്ങാംകുഴിയിട്ടു നിവര്‍ന്നവര്‍ കരയില്‍ കയറി. ഇഞ്ചയും ചെമ്പരത്തിയും കുരുമുളക് വള്ളിയും ചതച്ചു പിഴിഞ്ഞ താളി തേച്ചു. തേപ്പെണ്ണയുടെ വാടയും താളിയുടെ മട്ടിയും പുഴകളുടെ കല്ലോലങ്ങളില്‍ ആലോലമാടി. പെണ്‍കുട്ടികള്‍ തലേന്ന് രാത്രി ചുട്ടി കുത്തിയ ചക്കപ്പശയുടെ കണ്ണുകള്‍ കൈവെള്ളയില്‍ നിന്നു മാന്തിപ്പറിച്ചു. അപ്പോള്‍ വീടിറമ്പില്‍ ഞാന്നു കിടന്ന മൈലാഞ്ചിച്ചെടി ഇലകളില്ലാതെ നാണിച്ചുനിന്നു. പശക്കുക്കുന്നുകള്‍ പൊളിഞ്ഞുപോയപ്പോള്‍ ഓമനക്കൈകളില്‍ ആകാശഗംഗയിലെ നക്ഷത്രമാലകള്‍ അറ്റുവീണു. ചിലര്‍ ഉണര്‍ന്നു വരുന്ന മണല്‍ത്തിട്ടകളില്‍ പൂത്താംകീരികളിച്ചു. വെളിച്ചം പൂത്തിറങ്ങുന്നതുവരെ. അന്നാര്‍ക്കും തിരക്കുകളേയില്ല. ആര്‍ത്തു ചിരിച്ച് കന്മഷം കഴുകിയ മനസ്സ്. താളിയില്‍ സ്ഫുടം ചെയ്ത ശരീരവും. ഒപ്പം തെങ്ങോല മടല്‍ കത്തിച്ച ചാരത്തില്‍ കഴുകിയ വസ്ത്രങ്ങളും....
പ്രഭാത ഭക്ഷണം മലബാറില്‍ അന്ന് കഞ്ഞിയും ചമ്മന്തിയും. സ്വന്തം ഗ്രാമത്തിലെ കണ്ടങ്ങളില്‍ വിളഞ്ഞ നെല്ലരിയും വീട്ടിറമ്പിലെ ജീരക മുളക് നാളികേരക്കൊത്തില്‍ ചാലിച്ച ചമ്മന്തിയും. പെരുന്നാള്‍ രാവില്‍ പക്ഷേ നെയ്യപ്പമാണ് പതിവ്. അപ്പത്തിനു സൂക്ഷിച്ച ഇത്തിരി നെല്ല് തലേന്നു തന്നെ കുഞ്ഞുരലുകളില്‍ താളത്തില്‍ കുത്തിയെടുക്കുന്നു. തവിടു കളയാത്ത അരിമണികള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വീണ്ടും ഉരലുകളിലേക്ക്. കരിവളകള്‍ കിലുങ്ങുന്ന കൊലുന്നു കൈകളില്‍ ഉലക്കക്കോലുകള്‍ കടുംതുടി കൊട്ടുമ്പോള്‍ അരിമണികള്‍ പാല്‍പതകളായി ഉരലുകളില്‍ പൊലിക്കുന്നു. നനുത്ത അരിപ്പൊടി ശര്‍ക്കരപ്പാവുകളില്‍ കലങ്ങി വെന്ത വെളിച്ചെണ്ണയില്‍ കുളിച്ചു കയറുമ്പോള്‍ പെരുന്നാള്‍ 'മായിദ'കള്‍ അവതരിക്കുകയായി. എനി അപ്പം അടുത്ത പെരുന്നാളിന്. വയറു നിറച്ചില്ല. തിട്ടപ്പെടുത്തുന്ന എണ്ണം മാത്രം. വേണമെങ്കില്‍ ഇനി ചെറുപഴം. ഒരു വാഴക്കുല പെരുന്നാളിന് വേണ്ടി കരുതി വെക്കും.
പെരുന്നാള്‍ നമസ്‌കാരം ഉച്ചക്ക് പതിനൊന്നു മണിക്ക്. പള്ളിമുറ്റത്ത് നാട്ടി യ മരഘടികാരത്തില്‍ നിഴലളന്നു കാരണവന്‍മാര്‍ സമയം നിശ്ചയിക്കും. മറ്റുള്ളവര്‍ മാനത്തു നോക്കിയും. നമസ്‌കാരത്തിനു പോവും മുമ്പെ പെരുന്നാള്‍ ചോറ്. നഗര വിദൂരതകളില്‍ നിന്നു ആറ്റുവഞ്ചികളില്‍ അത്യപൂര്‍വമായെത്തുന്ന അരിവട്ടികള്‍. മറ്റുള്ളവര്‍ ഗ്രാമത്തിലെ നെല്ലു കച്ചവടക്കാരില്‍ നിന്ന് നെല്ലു വാങ്ങുന്നു. അരികൊണ്ടുള്ള ഊറ്റു ചോറ്. പരിപ്പും ചക്കക്കുരുവും ചേര്‍ത്ത നാളികേരക്കറി. മേമ്പൊടിയായി കുമ്പളക്കഷ്ണങ്ങള്‍ സമം ചേര്‍ത്ത കാളയിറച്ചി. ഇതത്രയും ജമുക്കാളിയില്‍ വന്നു നിറയുന്നു. തങ്കാരം വെച്ച നാടന്‍കോഴികള്‍ രാത്രിയെത്തുന്ന പുതിയാപ്ലമാരെ കാത്ത് അപ്പോഴും കൂടുകളില്‍. പത്തു മണിയോടെ കാരണവന്മാര്‍ പള്ളിയിലേക്ക്. നെരിയാണിയോടു കലഹിക്കുന്ന ഒറ്റത്തുണി. ചുമലില്‍ ഒറ്റമുണ്ടിന്റെ നിവീതം. കാലിലെ മെതിയടിയുടെ കടപട ശബ്ദം നാട്ടുവഴിയുടെ സാന്ദ്രമൗനങ്ങളെ അലോസരപ്പെടുത്തി. ഹൗളിലേക്ക് പള്ളിക്കിണറില്‍ നിന്ന് ഏത്തത്തണ്ടുകള്‍ വലിക്കുന്ന മുക്രി. അയാളുടെ നെഞ്ചിന്‍കൂട്ടില്‍ നിന്ന് വിയര്‍പ്പു കണങ്ങള്‍ കിണറ്റിലേക്ക് ഇറ്റുവീണു. ഹൗളില്‍ കറുത്ത തൊണ്ണന്‍ മീനുകള്‍ നീന്തി നടക്കും; നീറ്റിലെ നിശ്ശബ്ദ സംഗീതമായി. പുതു വസ്ത്രങ്ങള്‍ അപൂര്‍വം, ചിലര്‍ക്കു മേല്‍മുണ്ട് മാത്രം പുത്തന്‍, ചിലര്‍ക്ക് തുണി. ഭൂരിപക്ഷവും ഉള്ളതില്‍ നല്ലത് അലക്കി ഉണക്കി ഉടുക്കുന്നു. രാവിലെ അലക്കിയാല്‍ നമസ്‌കാര സമയത്തേക്ക് തോര്‍ന്നുണങ്ങും. ഇതിന് 'അലക്കിപ്പെരുന്നാള്‍' എന്നു പറയും. മിക്കവരും അന്ന് അലക്കിപ്പെരുന്നാളുകാര്‍.
സ്ത്രീകള്‍ക്ക് പള്ളി ഹറാം. അവരുടെ പെരുന്നാള്‍ മണ്‍കലങ്ങളിലും കറിച്ചട്ടികളിലും കുട്ടികളുടെ മൂക്കൊലിപ്പുകളിലും നിറം കെട്ടു നിന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ആളുകളുടെ എണ്ണമെത്തണം. അങ്ങനെ ഒത്താല്‍ ഖാദിയെത്തേടി കാരണവന്മാര്‍ ഇറങ്ങുകയായി. ഇത് 'തേട്ടം'. അതുവരെയവര്‍ പള്ളിത്തളത്തില്‍ ഇരുന്നു മുറുക്കും. പള്ളിയിലെത്തുന്ന ഓരോ മഹല്ല് നിവാസിയും വാര്‍ഷിക പള്ളിപ്പണം ഒടുക്കണം. വിദൂര മലമേടുകളിലേക്ക് കൂപ്പു പണിക്കു പോയ നാട്ടുകാരിലെ 'പരദേശികള്‍' നാടു പിടിക്കുന്ന സമയം. മഴക്കാലത്തെ പെരുന്നാള്‍ കാലം. അന്നു പള്ളിയിലെത്തുന്നതു ഓലക്കുടകള്‍ ചൂടി. പള്ളിയിറമ്പില്‍ അട്ടിക്കിടുന്ന ഓലക്കുടയുടെ ജീര്‍ണ്ണിപ്പുകളില്‍ നിന്ന് തേരട്ടകള്‍ അടര്‍ന്നു വീണു. ഈറന്‍ ഉണക്കുന്നത് ചകിരിക്കൂനകള്‍ എരിയുന്ന ചൂടില്‍. ഈര്‍പ്പം ആവാഹിക്കുന്ന പുകച്ചുരുളുകള്‍ കാരണം ഉടുപ്പുകള്‍ക്ക് ദുര്‍ഗന്ധം.
ഖാദിയെ തേടാന്‍ അധികാരമുള്ളത് മഹല്ല് അതിര്‍ത്തിയിലെ സ്ഥാനികള്‍ക്ക്. അവര്‍ തക്ബീര്‍ വിളികളോടെ നിരയായി ഖാദിയുടെ വീട്ടിലേക്ക്. തക്ബീര്‍ വിളികള്‍ക്കകമ്പടിയായി മെതിയടിയുടെ ഇടക്ക മേളം. വന്നവര്‍ക്കൊക്കെ അപ്പവും പൂണ്ടെടുക്കുന്ന നാളികേരക്കൊത്തും പതിവ് ഉപഹാരം. ഇത് പെരുന്നാള്‍ 'ചീരിണി'. കറുത്ത അംഗവസ്ത്രവും തലപ്പാവും ഉടുത്തു നില്‍ക്കുന്ന ഖാദിയെ മുന്നില്‍ നടത്തി പരികര്‍മികള്‍ യാത്രയാകുന്നു. മുടുക്കുടിയന്‍ പാടത്തിന്റെ ഒറ്റവരമ്പിലൂടെ ആസ്ഥാന വാഴ്ചക്കാര്‍ നടന്നു വരുന്നത് കുട്ടികള്‍ കൗതുകത്തോടെ വയലിറമ്പില്‍ നോക്കി നിന്നു. നാട്ടുമൂപ്പന്മാരിലൊരാള്‍ ഖാദിക്ക് അരുമയായി കുടപിടിച്ചു. ഖാദിയെത്തിയാലുടന്‍ നമസ്‌കാരം. പിന്നെ തരംപോലെ നബാത്തിയാ ഖുത്വുബയുടെ ഏടുകള്‍. അതില്‍ പക്ഷേ പെരുന്നാളും ഇബ്‌റാഹീമും ഹാജറയുമൊന്നും കണ്ടേക്കില്ല. അതൊക്കെ മാസങ്ങള്‍ക്കു മുമ്പേ വട്ടമെത്തിക്കഴിഞ്ഞിരിക്കും. പള്ളി പിരിഞ്ഞാല്‍ നേരത്തെ സമാഹരിച്ച ഓട്ടമുക്കാലുമായി കുട്ടികള്‍ കുത്തി മറച്ച ഒറ്റമുറി പീടികയിലേക്ക്. അവിടെ അവരെ കാത്തിരിക്കുന്നത് പുട്ടും പപ്പടവും പിന്നെ പനനാരുകളില്‍ കോര്‍ത്തു തൂക്കിയ അരിമുറുക്കും. പിന്നീട് കളിയുടെ കോലാഹലം. ചപ്പും വൈക്കോലും തെരുത്ത് വാഴനാരുകൊണ്ട് കെട്ടിവരിഞ്ഞ തലപ്പന്തുമായി കളിക്കണ്ടത്തിലേക്ക്. കാച്ചിയും അരക്കുപ്പായവും സാറഹാന്‍ തട്ടവുമിട്ട പെണ്‍കുട്ടികള്‍ ഒരുത്തി, ഇരുത്തി, മുത്തി, പട്ട ഏഴുകല്ലുകളുമായി കൊത്താന്‍കല്ലു കളിച്ചു. അതിനായി രൂപഗുണമൊത്ത കുഞ്ഞുകല്ലുകള്‍ ആറ്റു മണലില്‍ നിന്നവര്‍ നേരത്തെ സമാഹരിച്ചു വെച്ചുകാണും. മുതിര്‍ന്നവര്‍ പെരുന്നാള്‍ രാത്രികളില്‍ പുലരുവോളം കെസ്സ് പാടി. ബദ്‌റും ഉഹുദും വിരുത്തവും സര്‍ക്കീട്ട് മാലകളും.
ഉദ്ഹിയത്ത് അത്യപൂര്‍വം. മഹല്ലില്‍ ഒന്നോ കൂടിയാല്‍ രണ്ടോ. ഏറനാട്ടിലും വള്ളുവനാട്ടിലും മുസ്‌ലിംകള്‍ക്ക് അന്നിതൊന്നും പരിചിതമല്ല. പുരോഹിത പ്രസംഗങ്ങള്‍ ബദരീങ്ങളുടെ പോരിശകളിലും ഔലിയാക്കളുടെ കറാമത്തിലും കുരുങ്ങിക്കിടന്നു. ഏതോ ഒറ്റപ്പെട്ട നാട്ടുപ്രമാണി ബലി അറുപ്പിച്ച മാംസക്കഷ്ണങ്ങള്‍ക്കു മുന്നില്‍ ഇലക്കുമ്പിളുമായി കുട്ടികളും വൃദ്ധജനങ്ങളും ഇരമ്പിക്കയറി. അതു മണ്‍കലങ്ങളില്‍ വേവിച്ചു വേണം അവര്‍ക്ക് തങ്ങളുടെ രസമുകുളങ്ങളെ ത്രസിപ്പിക്കാന്‍. കിട്ടിയവര്‍ ശുജായിമാരായി, ഇല്ലാത്തവര്‍ മറ്റുള്ളവരെ പ്രാകി പിരിഞ്ഞു. ഖുര്‍ബാനി ചെയ്തവര്‍ അവരുടെ വന്‍ ഓഹരിയുമായി മാളികയിലേക്ക് മടങ്ങി.
കുപ്പായം തുന്നുന്നത് സ്ത്രീകള്‍. ഇത് കുലത്തൊഴിലായി ജീവനം ചെയ്തവര്‍. വിരലും മുഴവും അളന്ന് ചീട്ടിത്തുണിയില്‍ നിന്ന് ചീന്തിക്കീറിയ ഉടപ്പിറപ്പ്. പാന്തനൂലുകള്‍ കൊണ്ട് ചെണ്ടും ചേവടിയും ഒപ്പിച്ച് അരക്കുപ്പായം തുന്നുന്ന കരവിരുതുകാര്‍ക്കന്നു പെരുന്നാള്‍ക്കാലങ്ങളില്‍ തിരക്കായി. സൗകര്യമുള്ളവര്‍ തുന്നുകാരെ വീട്ടില്‍ വിളിച്ചു മക്കളുടെ കുപ്പായം തുന്നിച്ചു. പുരുഷ പ്രജകള്‍ക്കാകട്ടേ തുന്നു വസ്ത്രമേയില്ല. രണ്ടു കീറത്തുണികൊണ്ടവര്‍ ജീവിതം തീര്‍ത്തു. മൂന്നാമത്തെ ഒരെണ്ണം ലഭിക്കണമെങ്കില്‍ അവര്‍ക്ക് മരിക്കേണ്ടി വന്നു.
ദാരിദ്ര്യത്തിന്റെ കരിമേഘക്കാളിമക്കപ്പുറം ജീവിത സൗകര്യങ്ങളുടെ സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു. യുദ്ധാനന്തര മലബാര്‍ വേഗത്തില്‍ മാറുകയായിരുന്നു. ഉടുവസ്ത്ര സാമഗ്രികള്‍ ഗ്രാമങ്ങളില്‍ ലഭ്യമായിത്തുടങ്ങി. കൈത്തുന്നുകാര്‍ക്കു പകരം യന്ത്രത്തുന്നുകള്‍ വന്നു. ഗ്രാമത്തിലെ ഒരേയൊരു തുണിപ്പീടികക്കു മുന്നില്‍ നഗരത്തില്‍ നിന്നൊരു യന്ത്രത്തുന്നുകാരന്‍. നാട്ടുകൂട്ടം അതിന്നു മുന്നില്‍ കൗതുകത്തോടെ നോക്കിനിന്നു. അവരതിനെ 'തന്നാലെ തുന്നലെ'ന്ന് പേരു വിളിച്ചു. ''യന്ത്രം തുന്നിയ കുപ്പായമിട്ട് നമസ്‌കരിച്ചാല്‍ ഖബൂലാകുമോ?'' ഫത്‌വക്കു വേണ്ടി വീട്ടുകാരികള്‍ മുസ്‌ലിയാക്കളെ തേടി. പതിയെ പെരുന്നാള്‍ തുന്ന് തീര്‍ത്തും യന്ത്രമേറ്റെടുത്തു. 'തന്നാലെ തുന്നലു വന്നീലേ എനി എങ്ങനെ ജീവിക്കും മോളേ' എന്നു മഹല്ലിലെ പ്രമാണിയായ തുന്നുകാരി മകളോടു സങ്കടപ്പെട്ടു. അപ്പോഴും നാട്ടുകാരുടെ പെങ്കുപ്പായങ്ങള്‍ യന്ത്രങ്ങള്‍ തുന്നിക്കൊണ്ടിരുന്നു. ഗ്രാമങ്ങളില്‍ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങളുണ്ടായി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മതത്തിലെ ജീര്‍ണ്ണിപ്പുകളില്‍ ലേപനം പൂശി. അതു പെരുന്നാള്‍ പെരുക്കത്തെയും നവീകരിച്ചു. പയ്യേ കൈവന്ന സാമ്പത്തിക സുസ്ഥിതി നിലനിന്ന ജീവിത സാക്ഷ്യത്തെ അട്ടിമറിച്ചു. പാനീസു വിളക്കിന്റെ മങ്ങിയ നാളത്തില്‍ ഒളിച്ചു കഴിഞ്ഞ പെരുന്നാള്‍ വൈദ്യുതിയുടെ നറും വെളിച്ചത്തില്‍ കുളിച്ചു നിന്നു. ഉച്ച നമസ്‌കാരത്തിന്റെ ചേലുകേടില്‍ നിന്നു പെരുന്നാള്‍ പ്രഭാത പ്രാര്‍ത്ഥനയുടെ പ്രവാചക മാതൃകയിലേക്കു കയറി നിന്നു. കാളയിറച്ചിയില്‍ നിന്നും ഊറ്റു ചോറില്‍ നിന്നും എപ്പോഴാണ് നമ്മുടെ പെരുന്നാള്‍ ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമിറങ്ങുന്ന പോത്തു മാംസത്തിലേക്കും ഗന്ധകശാലയുടെ മാദക സുഗന്ധത്തിലേക്കും വഴുതിയത്. ജൗളിക്കടയില്‍ തിരക്കുകള്‍ ഇരമ്പി. പാതിരാത്രിയും തുന്നക്കടകള്‍ സജീവം. കുട്ടികള്‍ അവരുടെ ഉടുപ്പു തയ്‌ച്ചോയെന്നു ഉദ്വേഗത്തോടെ പരതി നോക്കും. തയ്യല്‍ക്കാരനോടു ചോദിച്ചാല്‍ ശുണ്ഠിയെടുക്കും. തയ്പു കഴിഞ്ഞോയെന്ന് തൂക്കിയിടുന്ന അയലുകളില്‍ നോക്കി കണ്ണുകള്‍ കണ്ടുപിടിക്കും. ഉണ്ടെങ്കില്‍ കൂട്ടുകാരെ കാണിച്ചു ശുജായിയാവും. ഗ്രാമങ്ങളില്‍ എങ്ങനെയോ തേപ്പു പെട്ടികള്‍ വന്നു. കരിപ്പെട്ടികള്‍. അതുകൊണ്ടു കുട്ടികള്‍ അവരുടെ പെരുന്നാള്‍ കുപ്പായങ്ങളില്‍ മിനുപ്പിന്റെ പോരിശ കൂട്ടി. പുത്തനില്ലാത്ത അലക്കിപ്പെരുന്നാളുകാര്‍ തേപ്പുപെട്ടിയുടെ ഉഷ്ണം കൊണ്ട് ഉടുപ്പിന്റെ ഈര്‍പ്പം മാറ്റി. ചെറിയ പെരുന്നാളിനു പുത്തനുണ്ടെങ്കില്‍ വലിയ പെരുന്നാള്‍ അലക്കിപ്പെരുന്നാളാണ്. കമ്പോളങ്ങളില്‍ ഉല്‍പന്നങ്ങളില്‍ വൈവിധ്യത്തിന്റെ എണ്ണം കൂടി. അതില്‍ വനസ്പതിയും ഗന്ധകശാലയും പ്രത്യക്ഷമായി. അതോടെ വീടുകളില്‍ പെരുന്നാള്‍ വിഭവം നെയ്‌ച്ചോറും പോത്തു വരട്ടിയുമായി. രണ്ടു പെരുന്നാളിനു മാത്രം കിട്ടുന്ന അപൂര്‍വ്വ വിഭവമായി നെയ്‌ച്ചോര്‍. കല്യാണത്തിനുപോലും ഊറ്റുചോറു വിളമ്പിയ ഗ്രാമങ്ങളില്‍ അങ്ങനെ പെരുന്നാളിനു നെയ്‌ച്ചോര്‍ സാര്‍വത്രികമായി.
പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പ്രഭാഷണം ശ്രദ്ധിക്കാതെ ഓടുന്ന കുട്ടികളെ കാത്തിരിക്കുന്നതു മിഠായിപ്പൊതികളും ഓലപീപ്പിയും പാമ്പു ബലൂണും. മരമെതിയടിയുടെ അസ്‌ക്യത റബ്ബര്‍ ചെരുപ്പുകള്‍ പരിഹരിച്ചു. പളുങ്കുപിടികള്‍ മിന്നുന്ന ശീലക്കുടകള്‍ ഓലക്കുടകളുടെ അസൗകര്യം തീര്‍ത്തു. റബര്‍ ചെരിപ്പും ശീലക്കുടകളും പത്രാസിന്റെ കൊടിയടയാളമായി. കാറ്റു കയറുന്ന റഷ്യന്‍ പന്തുകള്‍ പെരുന്നാള്‍ കേളി ആഹ്ലാദകരമാക്കി. പതിയെ ഗ്രാമം മൊത്തമെത്തുന്ന സ്വനഗ്രാഹി യന്ത്രങ്ങള്‍ പള്ളികളും സ്വന്തമാക്കി. പെരുന്നാള്‍ കഴിഞ്ഞ ഗൃഹനാഥന്മാര്‍ ബന്ധുവീടുകളില്‍ കയറി ഇറങ്ങി. സ്ത്രീകളും പെരുന്നാള്‍ നമസ്‌കാരത്തില്‍ ഉല്‍സാഹത്തോടെ പങ്കെടുത്തു. പെരുന്നാള്‍ ചോറ് നമസ്‌കാരത്തിനു ശേഷത്തേക്കു മാറി. അപ്പോഴും സ്ത്രീകള്‍ക്കു നടു നിവര്‍ത്താന്‍ നേരമില്ല. രാത്രി മരുമക്കള്‍ വിരുന്നു വരും. അവരെ തേടി ആളു പോണം. മുസ്‌ലിം വീടുകളില്‍ തേട്ടക്കാര്‍ ആണ്‍കുട്ടികളാണ്. അവര്‍ പുതുപെണ്ണിനെയുമായി നേരത്തെ പോരും. ഭര്‍ത്താവും സംഘവും രാത്രിയില്‍. തേട്ടക്കാര്‍ പ്രത്യേകം അന്വേഷിച്ചു പോരേണ്ട ഒരു വിവരമുണ്ട്. എത്ര പേര്‍ കാണും പുത്യാപ്പിളയുടെ കൂടെ, ഇതറിയണം സദ്യവട്ടമൊരുക്കാന്‍. അന്നു ടെലിഫോണ്‍ സൗകര്യമൊന്നുമില്ല. എണ്ണം തെറ്റിയാല്‍ ഭക്ഷണം പാളും. അതു കുടുംബ കലഹങ്ങള്‍ കൊണ്ടുവരും.
കാലത്തിന്റെ മറ്റൊരറ്റത്തുനിന്നു നോക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷം പരിണാമഗുപ്തിയിലെ പുതിയ ഒരേട്് കാട്ടുന്നു. ചാനലുകള്‍ നമുക്കുവേണ്ടി പെരുന്നാള്‍ ആഘോഷിക്കുന്ന കാലം. ഉത്സവങ്ങള്‍ മൊത്തമായി വിപണി റാഞ്ചിക്കൊണ്ടുപോയ കെട്ട കാലത്തെ പെരുന്നാള്‍. ആവശ്യങ്ങള്‍ക്കല്ലാതെ ഉപഭോഗത്തിന് നിര്‍ബന്ധിക്കപ്പെടുന്ന ലോകം. മധ്യേഷ്യന്‍ പട്ടാളക്കുശിനികളില്‍ നിന്ന് വഴിതെറ്റിയെത്തിയ ബിരിയാണി. ഹോര്‍മോണുകള്‍ കൊണ്ടു ജനിതക വ്യതിയാനം വരുത്തിയ ഇറച്ചിക്കോഴികള്‍. ഇണ ചേരാത്ത, പരിസരം വൃത്തികേടാക്കാത്ത, ഭക്ഷണം ചികയാത്ത യന്ത്രക്കോഴികള്‍. സുഗന്ധലേപനം ചെയ്ത വനസ്പതിയില്‍ കുളിച്ചു നില്‍ക്കുന്ന ഭക്ഷണ സമൃദ്ധികള്‍. അദ്ധ്വാനരഹിതമായ അപരാഹ്നങ്ങള്‍. നിസ്സംഗവും നിര്‍വികാരവുമായ പെരുന്നാളുകള്‍. പുതു തലമുറയുടേതു ഫേസ്ബുക്ക് പെരുന്നാള്‍. രാവേറെ ചെല്ലുവോളം നെറ്റിലും ഫേസ്ബുക്കിലും അന്തിയുറങ്ങി, ചടച്ച കണ്ണുകളുമായി വൈകി ഉണരുന്ന കാലം. ഏതു ഇട്ടുടുക്കണമെന്നറിയാതെ വസ്ത്രക്കൂമ്പാരത്തിനു മുന്നില്‍ അന്തിച്ചു നില്‍ക്കുന്ന പെരുന്നാള്‍കാലം. അതിവേഗ വാഹനങ്ങള്‍ ആളോഹരി ഉണ്ടായിട്ടും സമയം തെറ്റി, പിന്നിലെ സ്വഫ്ഫില്‍നിന്ന് കിതക്കും കാലം. അടുത്തു നില്‍ക്കുന്നവര്‍ ദൂരെയാവും കാലം. ദൂരെയുള്ളവര്‍ ചെവിയില്‍ കയറി തോറ്റം പാടുന്ന കാലം. സ്വയം സംസാരിച്ചു നടക്കുന്ന ഉന്മാദ കാലം. അരിമുറുക്കിന്റെ ഞെരിപ്പില്‍ നിന്ന് ഐസ്‌ക്രീമിന്റെ ശൈത്യസാനുവില്‍ കുളിരുകോരുന്ന പെരുന്നാള്‍കാലം. കാല്‍പാദത്തിന്റെ സാധ്യതകള്‍ തിരസ്‌കരിക്കും കാലം. ഭക്ഷണത്തിനു രുചിയില്ലാത്ത കാലം. രുചി സംവര്‍ധനികള്‍ ആമാശയങ്ങള്‍ തുളക്കും കാലം. സ്വപ്നത്തിന്റെ അവിശ്വസനീയമായ പരാജയം പോലെ തിരസ്‌കാരത്തിന്റെ ചതുപ്പില്‍ കിളിര്‍ക്കാന്‍ മടിക്കുന്ന മൈലാഞ്ചിക്കാലം. ലാഭാധിഷ്ഠിതമായ ശുഷ്‌ക്കാന്തി ശോഭിക്കുന്ന കാലം. വിരല്‍തുമ്പില്‍ വിനോദം വിളമ്പുന്ന കാലം. അശാന്തി നിറഞ്ഞ പ്രബുദ്ധ കാലം. നിമിഷത്തിരകള്‍ ഒഴുകി മറയുന്ന ജീവിതമാത്രകളില്‍ മനസ്സ് തടാകം പോലെ പ്രശാന്തമാകുന്നത് ഇനിഏത് പെരുന്നാള്‍ ശുഭത്തിലാണ്?
[email protected]
Comments