ചോരയുടെ വഴിയില്‍ ചിതറിവീഴുന്ന ധാരണകള്‍
2003 ഫെബ്രുവരി. ഇറാഖിനു മേല്‍ അധിനിവേശം നടക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പാണ് ദോഹയില്‍ 57 അംഗ ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി സമ്മേളനം ചേര്‍ന്നത്. ആസന്നമായ ഇറാഖ് അധിനിവേശം ഒഴിവാക്കാന്‍ എല്ലുറപ്പുള്ള ഒരു നല്ല നീക്കം ഉണ്ടാകുമെന്നു പലരും കരുതി. എന്നാല്‍ കുവൈത്ത് പ്രതിനിധികളുടെ ഉള്ളിലെ സദ്ദാമിനോടുള്ള അടങ്ങാത്ത സങ്കടവും കലിയും അപ്പടി കടം കൊള്ളുകയായിരുന്നു മറ്റുള്ളവരും. ഏതെങ്കിലും ഒരു അറബ് രാജ്യത്ത് സദ്ദാമിന് അഭയം നല്‍കാമെന്നല്ലാതെ മറ്റൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉച്ചകോടി വ്യക്തമാക്കി. തോല്‍ക്കുന്ന യുദ്ധം മുന്‍കൂട്ടി അംഗീകരിച്ചുകൊണ്ടായിരുന്നു ഇറാഖ് വിദേശകാര്യ മന്ത്രി നാജി അല്‍ സ്വബ്‌രി സംസാരിച്ചത്. വാക്കുകളുടെ മൂര്‍ച്ചക്കിടയിലും ഇടര്‍ച്ച പ്രകടമായിരുന്നു. ആ സംസാരം മുഴുമിപ്പിക്കാന്‍ പോലും മറ്റുള്ളവര്‍ അനുവദിച്ചില്ല. ആരവങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും ഇടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി: ''ഇത് ഇറാഖിന്റെ മാത്രം ഭാവി കൊണ്ടുള്ള കളിയല്ല. ഇപ്പോള്‍ സ്വാസ്ഥ്യം കൊള്ളുകയാണ് നിങ്ങള്‍. പക്ഷേ, ഓര്‍ത്തോളൂ, നിങ്ങളില്‍ ഓരോരുത്തര്‍ക്കു മേലും അവര്‍ പിടിമുറുക്കും. നിങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കും. രാജ്യം ആരു ഭരിക്കണമെന്നും അവര്‍ നിശ്ചയിക്കും.''
പുഛംകലര്‍ന്ന നോട്ടമായിരുന്നു അതിനുള്ള പ്രതികരണം. അന്ന് കസേരയില്‍ അമര്‍ന്നിരുന്ന ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് മുതല്‍ ലിബിയന്‍ പ്രസിഡന്റ് ഖദ്ദാഫി വരെ ഇന്ന് ചരിത്രത്തിന്റെ ഭാഗം. മൗനമാണ് ചില ഘട്ടങ്ങളില്‍ തടിക്കു നല്ലതെന്ന് ലിബിയന്‍ സിംഹം മുമ്പെ തിരിച്ചറിഞ്ഞിരുന്നു. അടുത്തും അകന്നും സ്വന്തം അധികാരം 42 കൊല്ലം ഖദ്ദാഫി കാത്തു.
ഒറ്റക്കു നിന്ന് പൊരുതുന്നവന്റെ നിസ്സഹായതയോടെയാണ് ഇറാഖ് മന്ത്രി അന്നു വേദി വിട്ടത്. പുറത്തിറങ്ങി മാധ്യമ പ്രവര്‍ത്തകര്‍ മുന്നില്‍ അദ്ദേഹം ഇത്രകൂടി പറഞ്ഞു:‘''ഇവര്‍ അധികം വൈകാതെ തിരിച്ചറിയും. ഈ മൗനത്തിന് വലിയ വില തന്നെ അവര്‍ ഒടുക്കേണ്ടിവരും.''
2003 മാര്‍ച്ച് 19-ന്റെ ആ രാത്രി മറക്കാന്‍ കഴിയില്ല. ഇറാഖ്-കുവൈത്ത് അതിര്‍ത്തിയിലൂടെ ഇരച്ചുകയറി വന്ന യു.എസ് പോര്‍വിമാനങ്ങളുടെ ഹുങ്കാരം. ബഗ്ദാദിനെ തകര്‍ത്തെറിഞ്ഞ മിസൈല്‍ ആക്രമണങ്ങളുടെ മാരക പ്രഹരങ്ങള്‍. ഒടുവില്‍ അതിര്‍ത്തിയിലൂടെ ആര്‍ത്തലച്ചൊഴുകിയ യു.എസ് സൈനിക നിരകള്‍. നിലവിളികളുടെ നിലക്കാത്ത പശ്ചാത്തലത്തില്‍ കണ്ട ദാരുണ രംഗങ്ങളുടെ നടുക്കങ്ങള്‍.
ബസറക്കും നാസരിയ്യക്കുമിടയിലെ വേവലാതി പിടിച്ച യാത്രക്കിടയില്‍ തകര്‍ന്ന കൂരക്കു പുറത്തിരുന്ന് വാവിട്ടു നിലവിളിക്കുന്ന ഇറാഖി സ്ത്രീക്ക് ഒന്നു മാത്രമേ അറിയേണ്ടതുള്ളൂ-‘സദ്ദാമിനെ അവര്‍ കൊല്ലുമോ? അര്‍ധവിരാമത്തിനു ശേഷം മറുചോദ്യം, ഖദ്ദാഫിയും അവര്‍ക്കൊപ്പം ചേര്‍ന്നോ?
നിരക്ഷര അറബ് സമൂഹത്തെ പോലും സദ്ദാമും ഖദ്ദാഫിയും ഇത്രമാത്രം സ്വാധീനിച്ചതിന്റെ കാര്യകാരണങ്ങള്‍ തെരയേണ്ട സന്ദര്‍ഭമായിരുന്നില്ല അത്. എങ്കിലും ഈ മനഃശാസ്ത്രം ഇപ്പോഴും പിടികിട്ടാതെ ഉള്ളിലുണ്ട്. ശത്രുനിരയുമായി ചേര്‍ന്നുനില്‍ക്കുകയും ഒടുവില്‍ എപ്പോഴോ അവരുടെ അമര്‍ഷം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ഈ സ്വേഛാധിപതികള്‍ എങ്ങനെ സ്വന്തം ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ ഹൃദയങ്ങളിലേക്ക് നടന്നടുത്തു എന്നത് മറ്റൊരു വൈരുധ്യം. പേടിയും അനുരാഗവും കലര്‍ന്ന ജനാഭിമുഖ്യത്തിന്റെ പുറത്തായിരുന്നു പകല്‍കൊള്ള.
ഭരിക്കുന്നവരായിരുന്നില്ല പക്ഷേ, വിലയൊടുക്കിയത്. ബഗ്ദാദിലും ബസറയിലും തിക്‌രിതിലും നടന്ന യു.എസ് സൈനിക ക്രൂരതകളുടെ നേര്‍ചിത്രങ്ങള്‍ അതപ്പടി ശരിവെക്കുന്നു. ബഅ്‌സ് സൈനികരേക്കാള്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാര്‍. അവരില്‍ തന്നെ കുട്ടികളും സ്ത്രീകളും വൃദ്ധരുമായിരുന്നു കൂടുതല്‍.
എണ്ണ വിഭവങ്ങളുടെ കൊള്ളയും രാഷ്ട്രീയ ഇടപെടലും- ഇതു മാത്രമായിരുന്നു അമേരിക്കയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു നിദാനം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അടുപ്പവും കലഹവും എന്തിനെന്ന് തിരിച്ചറിയാന്‍ സദ്ദാം പോലും ഏറെ വൈകി. അതേ വിവേകരാഹിത്യം തന്നെയാണ് ഖദ്ദാഫിയിലും കണ്ടത്്.
സൈനിക മുറകളിലെ പ്രാവീണ്യവും നിറഞ്ഞ ധാര്‍ഷ്ട്യവും അമിതാധികാര പ്രമത്തതയും സദ്ദാമിനെ പോലെ ഖദ്ദാഫിയിലും നിറഞ്ഞ അളവില്‍ കണ്ടു. അതിനെ സ്വന്തം രാജ്യത്തിന്റെ അഭിമാനബോധത്തോടും അറബ്-ആഫ്രിക്കന്‍ ദേശീയതയോടും ചേര്‍ത്തുനിര്‍ത്താനായിരുന്നു ശ്രമം. ആജ്ഞാനുവര്‍ത്തികള്‍ അധികാരം പ്രയോഗിച്ചു. വിയോജിപ്പിന്റെ നേരിയ സ്വരം പോലും പൊറുപ്പിച്ചില്ല. രാഷ്ട്രീയ ഉന്മൂലനം വലിയൊരു കലയാണെന്ന് പ്രയോഗത്തില്‍ തെളിഞ്ഞു.
പതിറ്റാണ്ടുകള്‍ നീണ്ട പൗരാവകാശ ധ്വംസനങ്ങളുടെ ലിബിയന്‍ ഇരകളെ ഓര്‍ത്ത് ഇപ്പോള്‍ സങ്കടം കൊള്ളുന്നത് പടിഞ്ഞാറും നാറ്റോയുമാണ്.
ഇറാഖില്‍ സദ്ദാമിനെയും തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും ഈജിപ്തില്‍ ഹുസ്‌നി മുബാറകിനെയും ലിബിയയയില്‍ കേണല്‍ ഖദ്ദാഫിയെയും മുന്‍നിര്‍ത്തി പതിറ്റാണ്ടുകളുടെ മര്‍ദക ഭരണത്തിന് അവസരം കൊടുത്തതും ഇതേ വര്‍ഗം. കഴിഞ്ഞ വര്‍ഷമാണ് 55 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടുകള്‍ ബ്രിട്ടന്‍ ലിബിയയുമായി നടത്തിയത്. പോര്‍വിമാനങ്ങള്‍, ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍, ജനക്കൂട്ടത്തെ നേരിടാനുള്ള നവീന ഉപകരണങ്ങള്‍ എന്നിവയെല്ലാം അതില്‍ ഉണ്ടായിരുന്നു.
ലിബിയന്‍ എണ്ണ ഊറ്റിയെടുക്കാന്‍ അമേരിക്കയിലെയും മറ്റും ബഹുരാഷ്ട്ര കമ്പനികള്‍ ഖദ്ദാഫിയുമായി ധാരണ രൂപപ്പെടുത്തിയതും മറക്കാറായിട്ടില്ല. 'മുല്ലപ്പൂ വിപ്ലവ'ത്തിന്റെ മറവില്‍ നടക്കുന്ന എണ്ണക്കൊള്ളക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ താല്‍പര്യം നാറ്റോ സൈനിക ചുരമാന്തലിനു പിന്നില്‍ പ്രകടം.
ഭരണമാറ്റം’ (Regime Change) എന്ന മനോഹര പദമാണ് പടിഞ്ഞാറന്‍ നേതൃത്വം ഉരുവിടുന്നത്. തങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന കൂടുതല്‍ നല്ല വിധേയര്‍ മാത്രമാണ് ലക്ഷ്യം. പടിഞ്ഞാറിനോട് വിധേയത്വം പുലര്‍ത്തുക മാത്രമാണ് നിലനില്‍പ്പിന്റെ വഴിയെന്നു നിനച്ചാല്‍ ലിബിയയിലെ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നേതൃത്വത്തില്‍ പ്രതീക്ഷ വേണ്ട.
അറബ് ഉയിര്‍ത്തെഴുന്നേല്‍പിന്റെ തുടര്‍ച്ചകളെ എങ്ങനെ തങ്ങളുടേതാക്കി മാറ്റിയെടുക്കാം- ഇതാണ് പടിഞ്ഞാറന്‍ കണക്കുകൂട്ടല്‍. എണ്ണയുടെ രാഷ്ട്രീയം അവര്‍ക്കു നന്നായറിയാം. ഇറാനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള പുതിയ പടയൊരുക്കങ്ങളും അതിന്റെ തെളിവാണ്.
പക്ഷേ, പടനയിച്ച അമേരിക്കയും സഖ്യകക്ഷികളും അവരുടെ പാവഭരണകൂടങ്ങളുമല്ല, ഇറാഖിലും അറബ്‌ലോകത്തും മറ്റും ഏറ്റവും വലിയ സ്വീകാര്യത നേടുന്നതെന്നു കണ്ടുകഴിഞ്ഞു. സൈനിക യൂനിഫോമില്‍ തോക്കേന്തിയ ഭരണാധികാരികളുടെ വീരചിത്രങ്ങളോടുള്ള ആഭിമുഖ്യകാലവും കഴിഞ്ഞു. സാമൂഹിക ബോധവും ആത്മാര്‍ഥതയും നിഴലിടുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവയുമായാണ് മാറുന്ന അറബ്-ആഫ്രിക്കന്‍ ലോകം താദാത്മ്യം കൊള്ളുന്നത്.
ബഗ്ദാദിലെ വിടവാങ്ങല്‍ പ്രസംഗത്തിനെത്തിയ യു.എസ് പ്രസിഡന്റ് ബുഷിനു നേര്‍ക്ക് ഷൂ വലിച്ചെറിഞ്ഞ, ആരാലും അറിയപ്പെടാത്ത, ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തളിര്‍ സെയ്ദി ഒരു പ്രതീകമാകുന്നത് ഇവിടെയാണ്. തോക്കിനേക്കാള്‍, എണ്ണരാഷ്ട്രീയത്തിന്റെ കാണാചരടുകളേക്കാള്‍ ഒരു ജനതയുടെ ആത്മാംശവുമായി ചേര്‍ന്നു നില്‍ക്കാന്‍ ഭാഗ്യം ലഭിച്ചത് അവന്റെ ആ പഴയ പാദുകത്തിനും അതു പ്രയോഗിച്ച ആ മെലിഞ്ഞ കരങ്ങള്‍ക്കുമായിരുന്നു.
പരിവര്‍ത്തന’ ഭരണകൂടങ്ങള്‍ ഇതോര്‍ത്തെങ്കില്‍...
[email protected]
Comments