Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

പശുവില്‍ നിന്ന് ബീഫിലേക്ക് 'വികസി'ച്ച മോദി ഭാരതം

ഇഹ്‌സാന്‍

         2014-ല്‍ നടന്ന ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പു കാലത്ത് ഇന്ത്യ സാക്ഷിയായ അതേ നാടകമാണ് ബി.ജെ.പി വീണ്ടും അവതരിപ്പിക്കുന്നത്. ലൗ ജിഹാദ്, സന്താനങ്ങളുടെ എണ്ണം, ഗോഡ്‌സെ പ്രകീര്‍ത്തനം മുതലായ 'ദേശീയ പ്രാധാന്യ'മുള്ള വിഷയങ്ങളില്‍ അന്തരീക്ഷ മലിനീകരണം നടത്തിക്കൊണ്ടിരുന്ന ഉന്നാവ് എം.പി സാക്ഷി മഹാരാജിനെ വിളിച്ചു വരുത്തി ബി.ജെ.പി അധ്യക്ഷന്‍ 'താക്കീത്' ചെയ്തു. പ്രധാനമന്ത്രി അസംതൃപ്തി പ്രകടിപ്പിച്ചതിനു ശേഷമാണ് അമിത് ഷാ ഇടപെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗി ആദിത്യനാഥിനെയും ഇതേ മട്ടില്‍ ശാസിച്ചുവെന്ന് മാധ്യമങ്ങള്‍ അറിയിച്ചു, തൊട്ടു പിറ്റേ ആഴ്ചയില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രചാരണ ചുമതല അതേ വായ കൊണ്ട് നിര്‍വഹിക്കാന്‍ ഇങ്ങേരെ ഏല്‍പ്പിക്കുകയും ചെയ്തു. സംഘ്പരിവാരത്തിലെ ചില നേതാക്കളെ ആര്‍.എസ്.എസ് അതൃപ്തി അറിയിച്ചുവെന്നും വി.എച്ച്.പി സന്യാസിനിയായ സാധ്വി പ്രാചിയുടെ വാമൊഴികള്‍ക്കു പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നു. അപ്പപ്പോഴത്തെ പൊതുജനക്ഷോഭം അടപ്പിക്കുക എന്നതിലപ്പുറം മറ്റൊന്നും ഈ 'ഷോര്‍ട്ട് ബ്രേക്കി'നിടയില്‍ ഉണ്ടായിട്ടില്ല. മുഴുവന്‍ ടെലിവിഷന്‍ കാമറകളുടെയും മുമ്പിലൂടെ ഈ നേതാക്കള്‍ അശോകാ റോഡിലെ ഓഫീസിലേക്ക് കയറിപ്പോയതിനു ശേഷം യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചിട്ടുണ്ടാവുക അതുതന്നെ ആയിരുന്നോ എന്ന് ഇപ്പോള്‍ സംശയമുയരുന്നു. ആയിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ ചരിത്രം കണ്ട ഏറ്റവും കര്‍ക്കശനായ പ്രസിഡന്റിനെ കാല്‍ക്കാശിനു വകവെക്കാതെ ഇവര്‍ പില്‍ക്കാലത്ത് അതേ പരിപാടിയും പ്രസ്താവനകളുമായി മുന്നോട്ടു പോകുമായിരുന്നോ? അകത്തിരുന്ന് ഷായും സാക്ഷിയും ആദിത്യനാഥും ചായയും സമൂസയും കഴിക്കുക മാത്രമല്ല അവരെയൊക്കെ അമിത് ഷാ ഓരോ പൊന്നാട പുതപ്പിക്കുകയും കൂടി ചെയ്തിരുന്നോ എന്നാണ് ഇപ്പോള്‍ സംശയിക്കേണ്ടത്.

പറയണമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസ്സും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വിളിച്ചു കൂവാനുള്ള ചുമതല ഒരുപക്ഷേ ശിവസേനയുടേതും വി.എച്ച്.പിയുടേതുമാണ്. ഇതില്‍, കൂടുതല്‍ കെട്ട കാര്യങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ആവുകയാണ് ശിവസേന. മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവനയും ഗുലാം അലി, ഖസൂരി, ക്രിക്കറ്റ് സംഭവങ്ങളും ഉദാഹരണം. ഇവയൊന്നും നയതന്ത്രപരമായും അല്ലാതെയും ഭരണത്തിലിരിക്കവെ ബി.ജെ.പിക്കു ഏറ്റു പിടിക്കാന്‍ കഴിയുമായിരുന്നില്ല. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും 'എണ്ണം പെരുകുന്ന'തില്‍ പഴയ ആശങ്കകള്‍ അധികാരത്തിലുള്ള ബി.ജെ.പിക്ക് പങ്കുവെക്കാന്‍ ധൈര്യമില്ല. അന്താരാഷ്ട്ര സമൂഹം നോക്കിയിരിക്കുന്നുണ്ടല്ലോ എന്ന ഭയം കൊണ്ടായിരിക്കണം സാക്ഷി മഹാരാജിനെയും പ്രാചിയെയുമൊക്കെ അറിഞ്ഞു കൊണ്ട് അഴിഞ്ഞാടാന്‍ വിട്ടത്. ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് സംഘ്പരിവാര്‍ വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദിയാകട്ടെ ഈ വക വിഷയങ്ങളില്‍ വായ തുറക്കുന്നതേ കാണാനില്ല.

പ്രധാനമന്ത്രി ഈ നാടകത്തിലെ മറ്റൊരു അഭിനേതാവായാണ് മാറുന്നത്. 600-ലേറെ ചെറുതും വലുതുമായ കലാപങ്ങള്‍ അദ്ദേഹം സ്ഥാനമറ്റേതിനു ശേഷം യു.പിയില്‍ മാത്രമുണ്ടായി. ഇവയെ കുറിച്ചൊന്നും ഒരിക്കല്‍ പോലും, ചെയ്യുന്നവര്‍ക്ക് താക്കീത് നല്‍കുന്ന രീതിയില്‍ മോദി പ്രതികരിച്ചിട്ടില്ല. മുസഫര്‍ നഗര്‍ കലാപങ്ങളുടെ ആസൂത്രകരെ മന്ത്രി പദവിയില്‍ വരെ കുടിയിരുത്തിയ മോദി വിമര്‍ശനങ്ങളെ കണ്ടില്ലെന്നു നടിച്ചു. കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജനയുടെ 'ഹറാംസാദ' പ്രയോഗത്തിന് നേര്‍ക്കും പ്രധാനമന്ത്രി കണ്ണുചിമ്മി. സഹാരന്‍പൂരില്‍ നടന്ന കലാപത്തിന് നേതൃത്വം കൊടുത്തുവെന്ന് സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ യുവനേതാവ് ബി.ജെ.പിയില്‍ പുതിയ താരോദയമാണ് സൃഷ്ടിക്കുന്നത്. ഇതിനിടയിലാണ് രാഷ്ട്രപതിയും മാധ്യമങ്ങളും അന്താരാഷ്ട്ര സമൂഹവും സൃഷ്ടിച്ച നിര്‍ബന്ധിതാവസ്ഥയില്‍ 'ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് ദാരിദ്ര്യത്തിനെതിരെ പോരാടുകയാണ് വേണ്ടതെന്ന്' പ്രസ്താവനയിറക്കാന്‍ മോദി നിര്‍ബന്ധിതനായത്. ദാരിദ്ര്യത്തില്‍ നിന്നും ദാദ്രിയുടെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും എന്നല്ലാതെ പശുവിന്റെ പേരില്‍ നുണ പറഞ്ഞ് മനുഷ്യനെ അടിച്ചു കൊന്ന സംസ്‌കാരശൂന്യതയെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്.

യു.പിയിലും ഹിമാചല്‍ പ്രദേശിലും മുംബെയിലും ദല്‍ഹിയിലുമൊക്കെ ഉരുണ്ടുകൂടുന്ന പുതിയ സംഘര്‍ഷങ്ങള്‍ ഇന്ത്യയെ ഒന്നുകില്‍ ചുട്ടെരിക്കുകയോ അല്ലെങ്കില്‍ ആഗോളതലത്തില്‍ നാണംകെടുത്തുകയോ ചെയ്യുമെന്ന് ഏതാണ്ട് തീര്‍ച്ചയായിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും ഉരുവിട്ടു കൂടായ്കയില്ല. ബിഹാറിലെ അവസാനഘട്ടം തെരഞ്ഞെടുപ്പു കഴിയുന്നതു വരെ നോക്കിയിരിക്കുമോ അതോ അതിനു മുമ്പേ പ്രതികരിക്കുമോ എന്നേ അറിയാനുള്ളൂ. വര്‍ഗീയതയുടെ ഈ ആറാട്ടില്‍ മുലായം പോലും ഒടുവില്‍ ബി.ജെ.പിയുടെ പക്ഷം ചേരുന്ന ചിത്രമാണ് യു.പിയിലുള്ളത്. മുസ്‌ലിംകളുടെ ജനസംഖ്യയില്‍ നിന്നു തുടങ്ങി മതംമറ്റത്തിലൂടെയും പശുവിന്റെ പുണ്യത്തിലൂടെയും പോയി സിവില്‍ കോഡും സംവരണവും കടന്ന് ഏറ്റവുമൊടുവില്‍ വിഷയം മദ്‌റസകളിലേക്ക് കൊണ്ടുപോകാനുള്ള ആഹ്വാനം നാഗ്പൂരില്‍ നിന്ന് വന്നു കഴിഞ്ഞു. പശുവിനെ കൊല്ലുന്നത് മദ്‌റസാ പഠനം നേടിയവരാണെന്നും ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് അത്തരം പ്രേരണ നേടിയിരിക്കാന്‍ ഇടയുണ്ടെന്നും പാഞ്ചജന്യത്തില്‍ വന്ന ലേഖനം ഉദാഹരണം. മസ്ജിദുകളില്‍ നിന്നുള്ള പ്രേരണയാണെന്ന് പറയാത്തത് ഭാഗ്യം! യു.പി തെരഞ്ഞെടുപ്പില്‍ ഈ സംഘര്‍ഷങ്ങള്‍ മദ്‌റസകളിലേക്കും മസ്ജിദുകളിലേക്കുമൊക്കെ പടരാതിരിക്കട്ടെയെന്ന് ആശിക്കാനേ നിവൃത്തിയുള്ളൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍