സുഖലോലുപത
''ആത്മാവിനെ നിര്‍മലമാക്കി വെച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (അശ്ശംസ് 9,10).
അന്ത്യനാളിലെ ഭീതിദമായ അവസ്ഥകളെക്കുറിച്ചും വിഹ്വലതകളെക്കുറിച്ചുമുള്ള അശ്രദ്ധ ഒരുവനില്‍ ദുര്‍വ്യയശീലം വളരാനിടവരുത്തിയേക്കും. ആ ബോധമുണ്ടായിരുന്ന മുന്‍ഗാമികള്‍ എത്ര കരുതലോടെയാണ് ജീവിച്ചതെന്ന് ചരിത്രം പറഞ്ഞുതരും. സുഖലോലുപതയുടെ അംശലേശമില്ലാതെ ജീവിച്ച നബി(സ)യെ ഭരിച്ചത് പരാലോകത്തെ കുറിച്ച പേടിയായിരുന്നു. ഓരോ നിമിഷവും നബി(സ) ആ പേടിയോടെ ജീവിച്ചു: ''ഞാന്‍ അറിയുന്നതെല്ലാം നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു'' (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍ ''നിങ്ങള്‍ മണിയറയില്‍ സ്ത്രീകളുമൊത്ത് രമിക്കുകയും ചെയ്യുമായിരുന്നില്ല'' (തിര്‍മിദി) എന്നുമുണ്ട്.
മനുഷ്യവര്‍ഗം പൊതുവിലും മുസ്‌ലിം സമൂഹം പ്രത്യേകിച്ചും കടന്നു പോകന്ന ദുര്‍ഘട സന്ധികളെ കുറിച്ച അശ്രദ്ധയും ദുര്‍വ്യയത്തിലേക്കും ധൂര്‍ത്തിലേക്കും വഴിവെക്കും.
ധൂര്‍ത്തും ദുര്‍വ്യയവും ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ ഉളവാക്കുന്ന ദുഷ്ഫലങ്ങള്‍ പലതാണ്. ശരീരം രോഗാതുരമാവും. ആരാധനാ കര്‍മങ്ങളും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങളും യഥാവിധി നിറവേറ്റുന്നതിന് അത് അയാളെ അശക്തനാക്കും. ഹൃദയ കാഠിന്യമാണ് മറ്റൊന്ന്. പരുപരുത്ത ജീവിതാവസ്ഥകളാണ് മനുഷ്യഹൃദയങ്ങളെ തരളിതമാക്കുന്നത്. ആര്‍ഭാടത്തോടെ ജീവിച്ചു വിലസുന്നവര്‍ക്ക് അതുണ്ടാവുകയില്ല. ''ദൈവ സ്മരണ കൈവിട്ടു ഹൃദയം കടുത്തു പോയവര്‍ക്ക് നാശം'' (അസ്സുമര്‍ 22).
തിന്ന് കൊഴുത്ത് ദുര്‍മേദസ്സ് വന്നാല്‍ ചിന്താ ശക്തി കുറയും. 'വയറ് നിറഞ്ഞാല്‍ ബുദ്ധി ഉറങ്ങും' എന്നൊരു ചൊല്ലുണ്ട്. ശരീരത്തില്‍ മറഞ്ഞിരിക്കുന്ന ചോദനകളെയും മനസ്സിലെ മോഹങ്ങളെയും ഉദ്ധീപിപ്പിച്ച് അധര്‍മത്തിലേക്കും പാപത്തിലേക്കും നയിക്കും. പരീക്ഷണങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറിപ്പോകും. അത്തരക്കാര്‍ക്ക് ദൈവിക സഹായം നിഷേധിക്കപ്പെടും. പരീക്ഷണങ്ങളെ അതിജീവിക്കാന്‍ ശരീരത്തെയും മനസ്സിനെയും മെരുക്കിയെടുത്ത സ്വഹാബിമാരെ കുറിച്ച ഖുര്‍ആന്റെ പരാമര്‍ശം ശ്രദ്ധിക്കുക: ''ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് അവന്‍ മനസ്സമാധാനം ഇറക്കി കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു'' (അല്‍ ഫത്ഹ്:18). അടിമകള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് അല്ലാഹു ചോദ്യം ചെയ്യും. ''കര്‍ക്കശ വിചാരണ ചെയ്യപ്പെടുന്നവന്‍ ശിക്ഷിക്കപ്പെട്ടത് തന്നെ'' (ബുഖാരി). ധൂര്‍ത്തും ദുര്‍വ്യയവും അവിഹിത ധന സമ്പാദനത്തിലേക്ക് വഴിവെക്കും. ഭാരിച്ച ജീവിത ചെലവുകളും ആര്‍ഭാടജീവിതവുമാണ് പലരെയും പാപക്കറ പുരണ്ട സമ്പത്ത് കൈയടക്കാന്‍ പ്രേരിപ്പിക്കുന്നത്. ധൂര്‍ത്തന്മാരെ പിശാചിന്റെ കൂടപ്പിറപ്പുകളായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്: ''തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരന്മാരാകുന്നു. പിശാചാകട്ടെ, തന്റെ രക്ഷിതാവിനോട് ഏറെ നന്ദി കെട്ടവനും'' (അല്‍ ഇസ്‌റാഅ് 27). ദൈവ കോപം ക്ഷണിച്ചുവരുത്തും. ''അവന്‍ ദുര്‍വ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ല'' (അല്‍ അന്‍ആം: 141).
ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് ഈ ദുഷിച്ച ജീവിത ശൈലി ഏല്‍പ്പിക്കുന്ന പരിക്ക് ഗുരുതരമായിരിക്കും. ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസികളുടെ ശക്തമായ ആയുധമായി വിലയിരുത്തപ്പെടുന്ന വിശ്വാസത്തിന്ന് അത് മങ്ങലേല്‍പ്പിക്കും. മിതവ്യയ ശീലം ജീവിത സ്വഭാവവും സംസ്‌കാരവുമാക്കി മാറ്റുകയാണ് പ്രതിവിധി. മിതമായ ആഹാര രീതിയായിരിക്കണം വിശ്വാസി തെരഞ്ഞെടുക്കേണ്ടത്. നബി (സ) പറഞ്ഞു: ''സത്യവിശ്വാസി ഒരു ആമാശയത്തിലേക്കാണ് തിന്നുന്നത്, അവിശ്വാസിയാവട്ടെ ഏഴ് ആമാശയങ്ങളിലേക്കും.'' (ബുഖാരി). ''വിശ്വാസി ഒരാമാശയത്തിലേക്കാണ് കുടിക്കുന്നത്. അവിശ്വാസിയാകട്ടെ ഏഴ് ആമാശയങ്ങളിലേക്കും'' (ബുഖാരി).
നബി (സ) പറഞ്ഞു: ''വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന് നിറയ്ക്കാനില്ല. നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ കുറഞ്ഞ ആഹാരം മതി. ഇനി കൂടിയേ കഴിയൂ എന്നാണെങ്കില്‍ മൂന്നിലൊന്ന് ഭക്ഷണത്തിന്, മൂന്നിലൊന്ന് വെള്ളത്തിന്, ബാക്കി തനിക്കും.''
നബി(സ)യോടൊത്ത് കഴിഞ്ഞ കാര്യം സഹോദരി പുത്രന്‍ സുബൈറുബ്‌നുല്‍ അവാമിന്ന് ആഇശ(റ) പറഞ്ഞു കൊടുക്കുന്നു: ''ഞങ്ങള്‍ മാസപ്പിറവി നോക്കിയിരിക്കും.. രണ്ട് മാസങ്ങളില്‍ ഒരു പിറവി. റസൂലിന്റെ വീടുകളിലൊന്നിലും തീ പുകഞ്ഞിട്ടുണ്ടാവില്ല.'' ഉര്‍വ: ''നിങ്ങളെങ്ങനെയാണ് പിന്നെ ജീവിച്ചത്?'' ആഇശ: ''കാരക്കയും വെള്ളവും കൊണ്ട്!'' നബി(സ)ക്ക് അന്‍സ്വാരികളായ ചില അയല്‍ക്കാരുണ്ടായിരുന്നു. അവര്‍ക്ക് പാല്‍ ചുരത്തുന്ന ആടുകളും പശുക്കളും ഉണ്ടായിരുന്നു. അതിന്റെ പാലും മോരുമൊക്കെ റസൂലിന്ന് നല്‍കും. അത് നബി(സ) ഞങ്ങള്‍ക്ക് കുടിക്കാന്‍ തരും'' (ബുഖാരി).
സച്ചരിതരായ മുന്‍ഗാമികളുടെ ജീവിത രീതികള്‍ വായിച്ചു മനസ്സിലാക്കണം. ലളിതമായിരുന്നു അവരുടെ ജീവിതം. ഉമര്‍(റ) തന്റെ മകന്‍ അബ്ദുല്ല(റ)യുടെ വീട്ടില്‍ കയറിച്ചെന്നപ്പോള്‍ കുറച്ചു മാംസം കാണാനിടയായി.
''ഇതെന്താണ്?''
''അല്‍പം മാംസം, എനിക്ക് കൊതി തോന്നിയിട്ട് വാങ്ങിയതാണ്.''
''തിന്നാന്‍ കൊതി തോന്നുന്നതൊക്കെ നീ വാങ്ങുമോ? തോന്നുന്നതെന്തും തിന്നുന്നത് മതി ഒരാള്‍ അമിതവ്യയം ചെയ്യുന്നവനായി വിലയിരുത്തപ്പെടാന്‍.'' (ഹയാത്തുസ്സ്വഹാബ).
സല്‍മാനുല്‍ ഫാരിസി(റ) അബൂബക്ര്‍ സിദ്ദീഖി(റ)നെ മരണ ശയ്യയില്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സല്‍മാനോട്: ''അല്ലാഹു നിങ്ങള്‍ക്ക് നാടുകള്‍ നേടിത്തരും. ആരും ആവശ്യത്തിനല്ലാതെ എടുക്കരുത്.''
ഗവര്‍ണറായ സഅദുബ്‌നു അബീവഖ്ഖാസ് ഭവനം പണിയാന്‍ അനുവാദം തേടി ഉമറിന് എഴുതി. അതിന്ന് ഉമര്‍ നല്‍കിയ മറുപടി: ''സൂര്യനില്‍ നിന്ന് നിന്നെ മറയ്ക്കുന്ന, മഴയില്‍ നിന്ന് നിന്നെ കാക്കുന്ന ഭവനം മതി. ഇഹലോകം നശ്വരമാണ്.''
ആശയ സംഗ്രഹം: ജെ.എം ഹുസൈന്‍
ഉമര്‍ സ്മൃതികള്‍
സ്ഥാനാരോഹണ പ്രസംഗം
ഭരണഭാരമേറ്റെടുത്ത ഉമര്‍ (റ) ആദ്യ ദിവസം സദസ്യരെ അഭിമൂഖീകരിച്ച്: ''ഞാനിപ്പോള്‍ മൂന്ന് പ്രാര്‍ഥനകള്‍ നടത്തും. നിങ്ങള്‍ അതിന് 'ആമീന്‍' പറയണം.
''അല്ലാഹുവേ! ദുര്‍ബലനാണ് ഞാന്‍. എനിക്ക് നീ ശക്തി നല്‍കേണമേ!
''അല്ലാഹുവേ! പരുക്കനാണ് ഞാന്‍. എനിക്ക് നീ സൗമ്യത നല്‍കേണമേ!
''അല്ലാഹുവേ! പിശുക്കനാണ് ഞാന്‍. എന്നെ നീ ഉദാരനാക്കേണമേ!
''ഈ ഉത്തരവാദിത്തമേല്‍ക്കാന്‍ എന്നെക്കാള്‍ കഴിവും കരുത്തുമുള്ളവര്‍ വേറെയുണ്ടെന്ന് നീ അറിയുന്നുവെങ്കില്‍ ഈ ഭരണഭാരത്തെക്കാള്‍ എനിക്ക് പ്രിയങ്കരം എന്റെ ശിരച്ഛേദമാണ്.
''ഞാന്‍ മൂലം അല്ലാഹു നിങ്ങളെ പരീക്ഷിച്ചിരിക്കുകയാണ്. എന്റെ കൂട്ടുകാരന്റെ വിയോഗാനന്തരം നിങ്ങള്‍ മൂലം അല്ലാഹു എന്നെയും പരീക്ഷിച്ചിരിക്കുന്നു. എന്റെ അടുത്ത് നേരിട്ടെത്തുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ തന്നെയാണ് പരിഹരിക്കുക. അല്ലാത്തവ വിശ്വസ്തരും യോഗ്യരുമായ ആളുകളെ ചുമതലപ്പെടുത്തി പരിഹരിക്കുന്നതില്‍ ഞാന്‍ വീഴ്ച വരുത്തില്ല. നല്ല നിലക്ക് നന്മയോടെ ഇടപെട്ടാല്‍ ഞാനും അതേവിധം പെരുമാറും. മറിച്ചാണെങ്കില്‍ കഠിനമായി ശിക്ഷിക്കാന്‍ ഞാന്‍ മടിക്കില്ല.''
പ്രസംഗ പീഠത്തില്‍ കയറിയ ഉമര്‍: ''അബൂബക്‌റിന്റെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ യോഗ്യനാണ് ഞാന്‍ എന്ന് ധരിച്ചതായി അല്ലാഹുവിന്ന് എന്നെക്കുറിച്ച് തോന്നരുത്.''
തുടര്‍ന്ന് ഒരു പടിയിറങ്ങി നിന്ന് സംസാരം തുടര്‍ന്നു ഉമര്‍: ''നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അതിലൂടെയാവണം നിങ്ങള്‍ അറിയപ്പെടേണ്ടത്. ഖുര്‍ആന്‍ അനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കണം. നിങ്ങള്‍ ഖുര്‍ആനിന്റെ ആളുകളായിത്തീരും. നാളെ നിങ്ങളുടെ കര്‍മങ്ങള്‍ തൂക്കിനോക്കപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ കര്‍മങ്ങള്‍ ഇന്ന് നിങ്ങള്‍ തന്നെ തൂക്കിനോക്കുക. ഒന്നും മറച്ചുവെക്കാന്‍ സാധിക്കാത്ത ഒരു മഹാ ദിനം വരാനുണ്ടെന്നോര്‍മിച്ച് ആ ദിവസത്തിന് വേണ്ടി അണിഞ്ഞൊരുങ്ങുക. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടുള്ള ഒരു അനുസരണത്തിനും ആര്‍ക്കും അര്‍ഹതയില്ല. പൊതുമുതലില്‍ എന്റെ സ്ഥാനം അനാഥയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന രക്ഷാകര്‍ത്താവിന്റേതാണ്. എനിക്ക് ജീവിക്കാനുള്ള വിഭവം എന്റെ കൈയില്‍ ഉണ്ടെങ്കില്‍ ഞാന്‍ ആ മുതല്‍ തൊടില്ല. ഇനി എന്റെ കൈയില്‍ ഒന്നുമില്ലെങ്കില്‍ മാന്യമായ വിധത്തില്‍ സൂക്ഷ്മത പാലിച്ച് ഞാന്‍ അതില്‍ നിന്ന് ആഹാരത്തിനുള്ള വകയെടുക്കും.'' (ത്വബഖാത്ത് ഇബ്‌നുസഅദ്).
Comments