Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

ശൈഖ് ഹംസ യൂസുഫ് പടിഞ്ഞാറ് നിന്ന് ഇസ്‌ലാമിന് ഒരു പോരാളി കൂടി

മുനീര്‍ മുഹമ്മദ് റഫീഖ് /വ്യക്തിചിത്രം

         ''ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിക്കുക വഴി, ഈജിപ്ഷ്യന്‍ പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദാത്ത് പടിഞ്ഞാറിന് പ്രിയപ്പെട്ടവനായി മാറിക്കൊണ്ടിരിക്കുന്ന കാലം. പടിഞ്ഞാറുമായുള്ള നയതന്ത്ര സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, എഴുപതുകളില്‍ ശൈഖുല്‍ അസ്ഹറായിരുന്ന ഡോ. അബ്ദുല്‍ ഹലിം മഹ്മൂദിന്റെ നേതൃത്വത്തില്‍ പണ്ഡിതരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘത്തെ സാദാത്ത് യു എസിലേക്ക് അയക്കുകയുണ്ടായി. ലോസ് എയ്‌ഞ്ചെല്‍സിലെ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വെച്ചു നടത്തപ്പെട്ട ഒരു പൊതു പരിപാടിയില്‍ തദ്ദേശീയരും കുടിയേറ്റക്കാരുമായ നിരവധി മുസ്‌ലിംകള്‍ സംബന്ധിച്ചു. ശൈഖുല്‍ അസ്ഹറിന്റെയും പ്രസിദ്ധ ഈജിപ്ഷ്യന്‍ ഖാരിഅ് ശൈഖ് മുഹമ്മദ് ഖലീലിന്റെയും സന്ദര്‍ശനത്തില്‍ ആവേശഭരിതരായിരുന്നു അമേരിക്കന്‍ മുസ്‌ലിംകള്‍. അമേരിക്കയില്‍ മുസ്‌ലിംകള്‍ക്ക് ശോഭനമായ ഭാവിയുണ്ടെന്ന സന്ദേശം കൈമാറിയ ശൈഖുല്‍ അസ്ഹറിന്റെ പ്രഭാഷണത്തിനും പൊതുപരിപാടിക്കും ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അല്‍പം അതിശയോക്തിയോടെ ശൈഖുല്‍ അസ്ഹറിനോടു ചോദിച്ചു:  ''അമേരിക്ക ഒരു മുസ്‌ലിം രാജ്യമായി മാറുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?'' പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. ''എന്തുകൊണ്ടില്ല? അമേരിക്കന്‍ ജനത ദൈവത്തില്‍ വിശ്വസിക്കുന്നു, ഇസ്‌ലാമാകട്ടെ ദൈവത്തിന്റെ മതമാണ്. അതിനാല്‍ അമേരിക്ക മുസ്‌ലിം രാജ്യമാകുന്നത് അസംഭ്യവ്യമല്ല.'' പള്ളിക്കു പുറത്തു വന്ന അദ്ദേഹം എന്നെയും ഊഷ്മളമായി അഭിവാദ്യം ചെയ്തു. മൂന്നുപേര്‍കൂടി എന്നോടൊപ്പം ഇസ്‌ലാം സ്വീകരിച്ച കാര്യം തെല്ലൊരഭിമാനത്തോടെ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ചെറുപുഞ്ചിരിയോടെ അദ്ദേഹം എന്നോടു ചോദിച്ചു: ''എന്തുകൊണ്ട് മുന്നൂറ് പേരില്ല?'' (എന്തു കൊണ്ടത് മൂന്നു പേരില്‍ ഒതുങ്ങി?) അദ്ദേഹത്തിന്റെ മറുചോദ്യം എന്നില്‍ ജാള്യത ഉണര്‍ത്തി. അങ്ങനെ ചോദിക്കുക വഴി അദ്ദേഹം എന്നെ വിനയം പഠിപ്പിക്കുകയായിരുന്നോ? ഇത്തരം ചെറിയ ഒരു സംഘത്തെ ഇസ്‌ലാമിലേക്കു കൊണ്ടുവന്നതില്‍ തൃപ്തിയായി ഇരിക്കാതെ കൂടുതല്‍ പേരെ ഇസ്‌ലാമിലേക്കു കൊണ്ടുവരൂ എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് ? പുറത്തു തട്ടി അഭിനന്ദിക്കുമെന്നു പ്രതീക്ഷിച്ച ആ വലിയ മനുഷ്യന്റെ മുമ്പില്‍ ഞാന്‍ ചെറുതായിപ്പോയതായി എനിക്കു തോന്നി. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. അന്ന് എന്നോടൊപ്പം ഇസ്‌ലാം സ്വീകരിച്ച മൂന്നുപേരില്‍ ഒരാള്‍ ഇന്ന് ലോകത്ത് അറിയപ്പെടുന്ന മുസ്‌ലിം പണ്ഡിതനും പടിഞ്ഞാറ് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന മുസ്‌ലിം വ്യക്തിത്വവുമാണ്. പാശ്ചാത്യലോകത്ത് ഇസ്‌ലാമിന്റെ ആധികാരിക സ്രോതസ്സുകളില്‍ ഒരാള്‍. അദ്ദേഹമാണ് ശൈഖ് ഹംസ യൂസുഫ്. മൂന്നു പേരെയല്ല, ആയിരക്കണക്കിനാളുകള്‍ക്ക് ഇസ്‌ലാമിന്റെ പ്രകാശം അദ്ദേഹത്തിലൂടെ എത്തിക്കൊണ്ടിരിക്കുന്നു. അന്ന് ശൈഖുല്‍ അസ്ഹര്‍ ചോദിച്ചത് മുന്നൂറു പേരെങ്കിലും എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചില്ല എന്നാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷം വരുന്ന ഈ മാറ്റം മുന്നില്‍ കണ്ടാവണം, ദീര്‍ഘദൃഷ്ടിയോടെ അദ്ദേഹം അന്നങ്ങനെ ചോദിച്ചത്'' (മൈക്കിള്‍ സൂഗിച്ചി*ന്റെ അനുഭവക്കുറിപ്പ്).

ശൈഖ് ഹംസ യൂസുഫ്; ആഗോള ഇസ്‌ലാമിക ചലനങ്ങളെ ശ്രദ്ധിക്കുന്നവര്‍ക്ക് ഇന്ന് അപരിചിതമല്ല ഈ നാമം. പാശ്ചാത്യര്‍ക്കു മുമ്പില്‍ ഇസ്‌ലാമിനെ കാലികമായും മനോഹരമായും അവതരിപ്പിച്ചും ഇസ്‌ലാമിനെതിരിലുള്ള ആരോപണങ്ങളെ വസ്തുനിഷ്ഠമായി പ്രതിരോധിച്ചും സമകാലിക മുസ്‌ലിം പണ്ഡിതനിരയില്‍ ഇന്ന് ഹംസ യൂസുഫ് മുന്നിലുണ്ട്്. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാം സ്വീകരിച്ച പടിഞ്ഞാറുകാരില്‍ വേറിട്ട മുഖമാണ് ശൈഖ് ഹംസ യൂസുഫിന്റേത്. ഇസ്‌ലാം ആശ്ലേഷിച്ചശേഷം, വൈജ്ഞാനിക പ്രബോധന രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തവര്‍ പടിഞ്ഞാറു നിന്നു നിരവധി ഉണ്ടായിട്ടുണ്ട്. മെര്‍മഡ്യുക് പിക്താള്‍, മുഹമ്മദ് അസദ്, മര്‍യം ജമീല, മുറാദ് ഹോഫ്മാന്‍, യൂസുഫ് എസ്റ്റസ് അങ്ങനെ നീളുന്നു ആ പട്ടിക. ഇക്കൂട്ടത്തില്‍ എണ്ണപ്പെടേണ്ട സമകാലിക പണ്ഡിതനാണ് ശൈഖ് ഹംസ യൂസുഫ്്. ഇസ്‌ലാമിനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കുകയും മനുഷ്യനിര്‍മ്മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ നിരര്‍ത്ഥകത തുറന്നു കാട്ടുകയുമായിരുന്നു നടേ പറഞ്ഞ പ്രബോധകര്‍ എങ്കില്‍, ശൈഖ് ഹംസ യൂസുഫിന്റെ 'ഇസ്‌ലാം എക്‌സ്‌പോസിഷന്‍സ്' ആ മേഖലകളില്‍ പരിമിതപ്പെടാതെ, ഇസ്‌ലാമിന്റെ ക്ലാസ്സിക്കല്‍ സുവര്‍ണ്ണകാലഘട്ടങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതു കൂടിയാണ്. രചനകളിലൂടെയായിരുന്നു മുന്‍കാല ചിന്തകരില്‍ അധികവും ഇസ്‌ലാമിനെ പടിഞ്ഞാറിനു മുമ്പില്‍ തുറന്നു വെച്ചതെങ്കില്‍, ആകര്‍ഷകമായ പ്രഭാഷണങ്ങളിലൂടെയാണ് ശൈഖ് ഹംസ യൂസുഫ് പാശ്ചാത്യ-പൗരസ്ത്യ ഭേദമന്യേ അഭ്യസ്തവിദ്യരായ ആധുനിക തലമുറക്ക് മുമ്പില്‍ ഇസ്‌ലാമിനെ അനാവരണം ചെയ്യുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു കാര്യം ജനപ്രിയമായി മാറുന്നതിന്റെ ഏറ്റവും പ്രകടമായ ലക്ഷണം ഇന്റര്‍നെറ്റില്‍ അതിന്റെ ലഭ്യതയാണ്. ശൈഖ് ഹംസ യൂസുഫിനെ ലോകം കൂടുതല്‍ അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും യൂട്യൂബിലൂടെ ആയിരിക്കും. തന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sandala.org നേക്കാള്‍, ശൈഖിന്റെ വിവിധ വിഷയങ്ങളിലുള്ള നിരവധി പ്രഭാഷണങ്ങള്‍ യൂട്യൂബിലാണ് നിറഞ്ഞു നില്‍ക്കുന്നത്. സുന്ദരമായ അമേരിക്കന്‍ ആക്‌സെന്റില്‍ സുസ്‌മേരവദനനായി ശ്രോതാക്കളെ അഭിസംബോധന ചെയ്യുന്ന ഹംസ യൂസുഫിനെ കേള്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കും. യുക്തിബദ്ധമായ സമര്‍ത്ഥനങ്ങള്‍ക്കൊപ്പം ഇസ്‌ലാമിന്റെ സുവര്‍ണ ചരിത്രപൈതൃകങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതാണ് ശൈഖ് ഹംസ യൂസുഫിന്റെ പ്രഭാഷണങ്ങള്‍. ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദ ഗാര്‍ഡിയന്‍ ദിനപ്പത്രവും യു എസ് മാഗസിനായ ദ ന്യൂയോര്‍ക്കറും, പാശ്ചാത്യര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിം പണ്ഡിതനായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജോര്‍ദാന്‍ ഭരണകൂടം വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കുന്ന The 500 Most Influential Muslims (ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ മുസ്‌ലിം വ്യക്തികള്‍) 2009-ല്‍ 38-ാം സ്ഥാനത്താണ് ഹംസ യൂസുഫിനെ പുസ്തകം പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിന്റെ ക്ലാസ്സിക്കല്‍ കൃതികളില്‍ ഏറ്റവും അവഗാഹമുള്ള പാശ്ചാത്യപണ്ഡിതനായാണ് പുസ്തകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 

അമേരിക്ക പോലൊരു ബഹുമത-വംശ-സാംസ്‌കാരങ്ങളുടെ സംഗമഭൂമിയില്‍, ഇസ്‌ലാമിന്റെ പരസ്പരാശ്രിതത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ക്ലുസീവ് ഇസ്‌ലാമിന്റെ വക്താവാണ് ശൈഖ് ഹംസ യൂസുഫ്. അത്തരമൊരു അന്തരീക്ഷത്തിന് ഏറെ അനുയോജ്യമായ ഫിഖ്ഹി സങ്കല്‍പ്പങ്ങളും മതവിധികളുമാണ് ശൈഖ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്‌ലാമിനെ അകലെ നിന്നുമാത്രം കണ്ടും കേട്ടുമറിഞ്ഞ, അതും പലപ്പോഴും തെറ്റായിതന്നെ മനസ്സിലാക്കുന്ന ഒരു സമൂഹത്തിനു മുമ്പില്‍, ഉപരിപ്ലവമായ ഇസ്‌ലാമിന്റെ വാര്‍പ്പുമാതൃകകളല്ല; ഇസ്‌ലാമിന്റെ ആഴത്തിലുള്ള അര്‍ത്ഥതലങ്ങളെ സ്പര്‍ശിക്കുന്ന, വ്യത്യസ്ത സ്ഥലകാലങ്ങള്‍ക്കിണങ്ങും വിധം പ്രായോഗികവും ഫെഌക്‌സിബിളുമായ ഇസ്‌ലാമിന്റെ വൈവിധ്യപൂര്‍ണമായ മാനിഫസ്‌റ്റേഷനുകളാണ് ഏറ്റവും അനുയോജ്യമായ പ്രബോധനരീതിയെന്നാണ് ഹംസ യൂസുഫിന്റെ പക്ഷം. ഇസ്‌ലാമിന്റെ വൈവിധ്യമുഖം തന്റെ വസ്ത്രധാരണത്തില്‍ വരെ പ്രതിഫലിപ്പിക്കുന്നു ശൈഖ്. പല വേദികളിലും പലതരം വസ്ത്രധാരണ രീതിയാണ് അദ്ദേഹം സ്വീകരിക്കുക. പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞും വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രധാരണ രീതി സ്വീകരിച്ചും അദ്ദേഹം വേദികളില്‍ പ്രത്യക്ഷപ്പെടുന്നു. മുസ്‌ലിംകളിലും അമുസ്‌ലിംകളിലുംപെട്ട തീവ്രവാദികളുടെ കടുത്ത എതിര്‍പ്പുകളാണ് അതിനാല്‍ തന്നെ ശൈഖ് ഹംസ യൂസുഫിന് നേരിടേണ്ടി വരുന്നത്.

ബാല്യവും ഇസ്‌ലാമാശ്ലേഷണവും

വിദ്യാസമ്പന്നരായ ഗ്രീക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ദമ്പതികളുടെ ആദ്യസന്താനമായി വാഷിംഗ്ടണില്‍ 1959 ലാണ് മാര്‍ക് ഹാന്‍സണ്‍ (പഴയ പേര്) ജനിക്കുന്നത്. യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന പിതാവില്‍ നിന്ന് കവിതകളും ഫിലോസഫിയും പഠിച്ച്് മാര്‍ക് ഹാന്‍സണ്‍ ബാല്യം പിന്നിട്ടത് നോര്‍ത്ത് കാലിഫോര്‍ണിയയിലായിരുന്നു. ക്രിസ്ത്യന്‍ തിയോളജിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കെ, 1977ല്‍ തന്റെ പതിനേഴാം വയസ്സിലാണ് ഇസ്‌ലാമാശ്ലേഷം. ഇസ്‌ലാം സ്വീകരിച്ച ശേഷം, ഇസ്‌ലാം പഠനത്തിനു വേണ്ടി മാത്രം പത്തുവര്‍ഷമാണ് ശൈഖ് മാറ്റിവച്ചത്. തുടക്കത്തിലേ സ്വൂഫിസത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിനെ കുറിച്ച് പഠിക്കാന്‍ രണ്ടു വര്‍ഷം ഇംഗ്ലണ്ടില്‍ തങ്ങി. പിന്നീട് യു എ ഇ യിലെ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇസ്‌ലാമിക് സയന്‍സിലും ശരീഅത്തിലും പഠനം നടത്തി. ഇക്കാലത്ത് താന്‍ യു.എ.ഇ യില്‍ ഒരു പള്ളിയില്‍ മുഅദ്ദിനായി ജോലി നോക്കിയിരുന്നതായി അദ്ദേഹം ബി.ബി.സി യുമായുള്ള അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. നാലു വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അദ്ദേഹം സാമാന്യപരിജ്ഞാനം നേടി. പിന്നീട് ആറു വര്‍ഷം നീണ്ട ഹംസ യൂസുഫിന്റെ വിദ്യാഭ്യാസം മറ്റൊരു പാശ്ചാത്യ പണ്ഡിതനും അവകാശപ്പെടാന്‍ കഴിയാത്തവിധം വ്യത്യസ്തവും സംഭവബഹുലവുമായിരുന്നു. യു.എ.ഇയിലെ പഠനകാലത്ത് പരിചയപ്പെട്ട മൗറിത്താനിയന്‍ പ്രബോധകര്‍ വഴി, അള്‍ജീരിയ, മൊറോക്കോ, മൗറിത്താനിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഹംസ യൂസുഫിന്റെ ഇസ്‌ലാം പഠനം. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കൈമാറ്റം പുസ്തകത്തില്‍ നിന്നല്ല, ഗുരുമുഖത്തുനിന്നാണെന്നാണ് ഹംസ യൂസുഫ് തന്റെ ജീവിതത്തിലൂടെ കാണിച്ചത്. ആധുനിക ലോകത്ത് നിന്ന് ഏറെ അകലം പാലിച്ച്, തികച്ചും ഭൗതികവിരക്തരായി ജീവിക്കുന്ന സ്വൂഫിശൈഖുമാര്‍ക്കു കീഴിലായിരുന്നു മൗറിത്താനിയയില്‍ നീണ്ടകാലം അദ്ദേഹം ഇസ്‌ലാമിനെ പഠിച്ചതും അനുഭവിച്ചതും. മുറാബിതുല്‍ ഹജ്ജ് എന്ന പേരിലറിയപ്പെടുന്ന മൗറിത്താനിയന്‍ പണ്ഡിതന്‍ സിദി മുഹമ്മദ് അല്‍ഫൗദ് ഫഹ്ഫുല്‍ മഹ്ഫൂദിയുടെ ശിഷ്യനായിരുന്നു ഹംസ യൂസുഫ്. 

2001 ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിനു തൊട്ടുടനെ അത്തരമൊരു ആക്രമണം നടത്തിയവര്‍ ആരാണെങ്കിലും ഇസ്‌ലാമിന് അതുമായി ഒരു ബന്ധവുമില്ലെന്നുളള ശൈഖിന്റെ പ്രതികരണം അമേരിക്കന്‍ പൊതു സമൂഹത്തില്‍ അദ്ദേഹത്തിന്റെ ജനസമ്മിതി ഉയര്‍ത്തി. ആ സംഭവത്തിനു ശേഷം, അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിന്റെ ഉപദേശക സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അമേരിക്കന്‍ വിദേശനയത്തിന്റെ ശക്തമായ വിമര്‍ശകനുമായിരുന്നു ശൈഖ് ഹംസ യൂസുഫ്. ഇസ്‌ലാമുമായി ബന്ധപ്പെട്ടു അക്കാലത്ത് നടന്ന മാധ്യമ ചര്‍ച്ചകളില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സംസാരിച്ചത് പലപ്പോഴും ശൈഖ് ഹംസ യൂസുഫായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് പോലുള്ള വിശ്വോത്തര സര്‍വ്വകലാശാലകളില്‍ ഇസ്‌ലാമിനെ സംബന്ധിക്കുന്ന അക്കാദമിക ചര്‍ച്ചകളില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുന്ന സ്ഥിരം മുഖങ്ങളില്‍ ഒന്നാണ് ശൈഖ് ഹംസ യൂസുഫ്.    

സൈതൂന കോളേജ്

അമേരിക്കന്‍ ഭരണകൂടത്തിന്റെ അംഗീകാരമുള്ള ഏക മുസ്‌ലിം കോളേജാണ് ശൈഖ് ഹംസ യൂസുഫ് സ്ഥാപിച്ച സൈതൂന കോളേജ്. കാലിഫോര്‍ണിയയിലെ ബെര്‍കിലിയില്‍ സൈതൂന ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ 1996-ല്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യയൊടൊപ്പം തുടങ്ങിയ സ്ഥാപനത്തിന് അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത് 2008 ലാണ്. പ്രധാനമായും അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തിലുള്ള വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ട് പാരമ്പര്യ മുസ്‌ലിം പാഠ്യവിഷയങ്ങളും രീതികളും കാലികമായി പരിഷ്‌ക്കരിച്ചുകൊണ്ടുള്ളതാണ് സൈതൂനയിലെ കരിക്കുലം. അറബി ഭാഷാ പഠനത്തിനു പുറമേ, ക്ലാസ്സിക്കല്‍ ടെക്‌സ്റ്റുകള്‍ അവലംബിച്ചുകൊണ്ടുള്ള ശരീഅത്ത്, ഫിഖ്ഹ്, തിയോളജി പോലുള്ള വിഷയങ്ങളും അമേരിക്കന്‍ ചരിത്രവും സാഹിത്യവും ഉള്‍പ്പെടുന്ന വൈവിധ്യപൂര്‍ണ്ണമായ വിഷയങ്ങളാണ് സൈതൂനാ കോളേജിലെ പാഠ്യപദ്ധതിയില്‍. 

ഇസ്‌ലാമിക ലോകത്തിന്റെ പൈതൃകത്തെയും മുന്‍കാലപണ്ഡിതരുടെ വൈജ്ഞാനികപാരമ്പര്യത്തെയും മുന്‍നിര്‍ത്തിയുള്ള ശൈഖിന്റെ പ്രഭാഷണങ്ങള്‍, ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു മുസ്‌ലിം എങ്ങനെയായിരിക്കണമെന്നു കൂടി വരച്ചുകാണിക്കുന്നതാണ്. ഇസ്‌ലാമിക ലോകത്ത് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന ചിന്താ വൈജ്ഞാനിക വൈവിധ്യങ്ങളെ ഇസ്‌ലാമിന്റെ സവിശേഷ അനുഗ്രഹമായി പരിചയപ്പെടുത്തുന്നതാണവ. എന്നാല്‍ അഭിനവ ലോകത്തെ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിനോ അതിന് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനോ ഈ ട്രെഡീഷനല്‍ ഇന്‍ക്ലിനേഷന്‍ ഒട്ടും തടസ്സമാവുന്നില്ല. 

തുണീഷ്യയിലെ സൈതൂന ഇസ് ലാമിക് യൂണിവേഴ്‌സിറ്റി ഓണററി ഡി. ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുള്ള ഹംസ യൂസുഫ് നിരവധി യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഫാകല്‍റ്റി മെമ്പറായും ഉപദേശക സമിതിയംഗമായും പ്രവര്‍ത്തിച്ചു വരുന്നു. ഏതാനും അകാദമിക പ്രബന്ധങ്ങള്‍ക്കു പുറമേ, ഹംസ യൂസുഫ് Burda (2003), Purification of the Heart (2004), The counter of the Charecter (2004), The Creed of Imam al-Tahawi (2007), Agenda to Change our Condition (2007), Walk on Water (2010), The Prayer of the Opressed (2010) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

* അമേരിക്കന്‍ എഴുത്തുകാരനായ മൈക്കിള്‍ സുഗിച്ച് 1972-ല്‍ ഇസ്‌ലാം സ്വീകരിച്ചു. 23 വര്‍ഷം മക്കയില്‍ ജീവിച്ച അദ്ദേഹം മുസ്‌ലിം ലോകത്ത് അത്രയൊന്നും അറിയപ്പെടാത്ത പണ്ഡിതന്‍മാരെയും സൂഫികളെയും നേരില്‍ കണ്ട് അവരെ കുറിച്ച് എഴുതിയ Signs of Horizons: Meetings with Men of Knowledge and Illumination എന്ന പുസ്തകം നിരൂപക ശ്രദ്ധ നേടിയ കൃതിയാണ്. ഇസ്‌ലാം സ്വീകരിച്ച് ഹാറൂണ്‍ എന്ന പേര് സ്വീകരിച്ചെങ്കിലും മൈക്കിള്‍ സുഗിച്ച് എന്ന തൂലികാ നാമത്തില്‍ തന്നെ എഴുതുന്ന അദ്ദേഹം പാശ്ചാത്യര്‍ക്കിടയില്‍ പേരെടുത്ത എഴുത്തുകാരനാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍