Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

ജനപ്രിയ വ്യക്തിത്വം

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

''ജനങ്ങള്‍ എന്നെ സ്‌നേഹിക്കാനും ഇഷ്ടപ്പെടാനും ഞാനെന്ത് വേണം?'' അയാള്‍ ചോദിച്ചു. 

''ജനങ്ങളുടെ സ്‌നേഹമാര്‍ജ്ജിക്കുക എന്നത് മഹത്തായ അനുഗ്രഹമാണ്. അത് രണ്ടു വഴികളിലൂടെ വരാം. നിന്റെ പ്രവൃത്തിയും സംസാരവും കാരണം ജനങ്ങള്‍ നിന്നെ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് ഒരു രൂപം. അല്ലാഹു ഭൂമിയില്‍ നിനക്ക് സ്വീകാര്യത നല്‍കലും അങ്ങനെ ജനങ്ങള്‍ക്ക് നിങ്ങള്‍ പ്രിയങ്കരനാകലുമാണ് രണ്ടാമത്തെ വഴി.'' എന്റെ മറുപടി. 

''ഞാനിപ്പോള്‍ ജനങ്ങളുടെ സ്‌നേഹത്തിന് ഏറെ ആവശ്യമുള്ളവനാണെന്ന് തോന്നുന്നു.'' അയാള്‍.

''മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നാണ് സ്‌നേഹം. അത് നിങ്ങള്‍ക്ക് സ്വാസ്ഥ്യം പകരും. നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും. ഒന്നുണ്ട്. ജനങ്ങളുടെ സ്‌നേഹമെന്നതും ജനങ്ങളുടെ തൃപ്തിയെന്നതും രണ്ടാണെന്ന് ധരിക്കണം. ജനങ്ങളുടെ തൃപ്തി നേടാനാവാത്ത ലക്ഷ്യമാണ്. ജനങ്ങളുടെ സ്‌നേഹം നിങ്ങള്‍ക്ക് നേടിയെടുക്കാനാവും.'' ഞാന്‍ വിശദീകരിച്ചു. 

''ജനങ്ങള്‍ എന്നെ സ്‌നേഹിച്ചുതുടങ്ങാന്‍ ഞാനെന്ത് വേണം?'' അയാള്‍ തിരക്കി. 

ഞാന്‍ പറഞ്ഞു: ''ആറ് വഴികള്‍ ഞാന്‍ നിങ്ങള്‍ക്ക് നിര്‍ദേശിച്ചുതരാം. അവ പ്രാവര്‍ത്തികമാക്കിയാല്‍ ആളുകള്‍ക്ക് നിങ്ങള്‍ പ്രിയങ്കരവ്യക്തിത്വമായിത്തീരും.''

ഒന്ന്: നിങ്ങള്‍ എന്നും ഒരടി മുന്നിലാവണം. എന്നുവെച്ചാല്‍ ഒരാവശ്യക്കാരനെ നിങ്ങള്‍ കണ്ടുമുട്ടിയെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഒരാള്‍ നിങ്ങളോടു സഹായം അഭ്യര്‍ഥിച്ചെന്ന് വരട്ടെ. സേവന സന്നദ്ധനായി നിങ്ങള്‍ മുന്നിട്ടിറങ്ങണം. വാക്കാല്‍ സഹായാഭ്യര്‍ഥന അയാളില്‍ നിന്ന് വന്നില്ലെങ്കിലും കണ്ടറിഞ്ഞ് ചെയ്യാനുള്ള മനസ്സ് നിങ്ങള്‍ക്ക് വേണം. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ നിങ്ങളെ ഇഷ്ടപ്പെടാനും സ്‌നേഹിക്കാനുമുള്ള ഒരു വഴി അതാണ്. നിങ്ങളുടെ സാമൂഹിക ബോധമാണ് അവര്‍ക്ക് സേവനമര്‍പ്പിക്കാന്‍ നിങ്ങളെ മുന്നോട്ട് പിടിച്ചുതള്ളുന്നത്. 

രണ്ട്: ചുറ്റിലും ഉള്ളവര്‍ക്ക് ക്രിയാത്മക ഊര്‍ജ്ജം (പോസിറ്റീവ് എനര്‍ജി) പകരാന്‍ നിങ്ങള്‍ക്ക് കഴിയണം. വേവലാതിയുമായി നിങ്ങളെ സമീപിക്കുന്ന വ്യക്തിയോടു നിങ്ങള്‍ക്ക് പറയാന്‍ കഴിയണം. 'അല്ലാഹു തന്റെ അദൃശ്യമായ അറിവില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിച്ച വിപത്തിന് പകരം ഏറെ ഗുണകരമായത് കരുതി വെച്ചിട്ടുണ്ടാവും.' ഇങ്ങനെ സാന്ത്വനവും ആശ്വാസവും പകരുന്ന വാക്കുകള്‍ പറഞ്ഞു നോക്കൂ. ഉള്ളിലുള്ള ആവലാതിയുടെയും വേവലാതികളുടെയും ഉപ്പുപാറകള്‍ അലിഞ്ഞില്ലാതാവും നിങ്ങളുടെ സമാശ്വാസ വചനത്തിലൂടെ. അയാള്‍ നിങ്ങളെ ഇഷ്ടപ്പെടും. തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും മറ്റുള്ളവരുടെ തന്നോടുള്ള ഇടപെടലിനെ കുറിച്ചും പരാതിയുമായി വരുന്നവനോട് 'നിങ്ങളിപ്പോള്‍ പറഞ്ഞതിലെ തിളങ്ങുന്ന വശമാണ് കാണേണ്ടത്' എന്ന് പറയൂ. തിളങ്ങുന്ന മുഖവുമായി നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്ന അയാളും നിങ്ങളെ സ്‌നേഹിക്കും. 

മൂന്ന്: നിങ്ങള്‍ക്ക് അപരനോടുള്ള സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുക. ഉദാഹരണമായി, നിങ്ങള്‍ കൂട്ടുകാരനെ കണ്ടുമുട്ടിയാല്‍ 'ഞാന്‍ നിങ്ങളെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു', പണ്ട് ഒരുനാള്‍ പഠിപ്പിച്ച ഗുരുനാഥനെ കണ്ടാല്‍ 'എന്റെ ജീവിതം മാറ്റിമറിക്കുന്നതില്‍ പങ്ക് വഹിച്ച വ്യക്തിയാണ് അങ്ങ്', ഒരു വ്യക്തിയുടെ-നിങ്ങള്‍ക്ക് അയാളെ പരിചയമില്ലെങ്കില്‍ പോലും-ഉചിതമായ ഇടപെടല്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നിരിക്കട്ടെ, അയാളോട് 'നിങ്ങള്‍ ആ പ്രശ്‌നത്തില്‍ ഇടപെട്ടു കൈകാര്യം ചെയ്ത രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ' എന്നൊക്കെ പറയുമ്പോള്‍ ജനങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടാതിരിക്കില്ല. അവര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിത്തീരും നിങ്ങള്‍. 

നാല്: മുഖപ്രസാദത്തോടെ പുഞ്ചിരി തൂകി വേണം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. സംസാരത്തില്‍ അല്‍പം നര്‍മം കലര്‍ത്തുന്ന രീതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇരട്ടിമധുരമായി. അവരുടെ ഹൃദയം നിങ്ങള്‍ കീഴ്‌പെടുത്തും. ഇറ്റലിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ നബി(സ)യുടെ പത്ത് നര്‍മ സന്ദര്‍ഭങ്ങള്‍ ഞാന്‍ വിവരിച്ചപ്പോഴുണ്ടായ അനുഭവം ഓര്‍ക്കുന്നു. പൊതുജനങ്ങളുമായും കുടുംബവുമായും സുഹൃത്തുക്കളുമായും ഇടപെട്ട വേളകളില്‍ നബി(സ)യുടെ ഭാഗത്തു നിന്നുണ്ടായ തമാശകളും നര്‍മങ്ങളുമായിരുന്നു ഞാന്‍ സൂചിപ്പിച്ചത്. പ്രഭാഷണാനന്തരം ഇതര മതസ്ഥനായ ഒരാളുടെ കമന്റ് ഇങ്ങനെ: 'എനിക്ക് മുഹമ്മദിനെ ഇഷ്ടമായിരുന്നില്ല. പക്ഷെ നിങ്ങളുടെ ഈ മുഹമ്മദ് നര്‍മ ഭാവമുള്ള വ്യക്തിയായാണ് പ്രഭാഷണത്തില്‍ എനിക്ക് മനസ്സിലായത്. പെരുമാറ്റത്തിലെ നര്‍മരസം കണ്ട് ഞാന്‍ ആ മുഹമ്മദിനെ, ആ പ്രവാചകനെ സ്‌നേഹിച്ചുപോയി.' 

അഞ്ച്: വേഷത്തിലും രൂപത്തിലും ഭാവത്തിലും കോലത്തിലും നല്ല ശ്രദ്ധ വേണം. നിങ്ങളുടെ എടുപ്പും നടപ്പും ജനമധ്യത്തില്‍ നിങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയും നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രവും അവയുടെ വെടിപ്പും വൃത്തിയും-ഇവക്കൊക്കെ ജനഹൃദയങ്ങളിലേക്ക് കടന്ന് ചെല്ലാനുള്ള മാന്ത്രിക ശക്തിയുണ്ട്.  

ആറ്: ജനങ്ങളെ പരിഗണിക്കണം. അവര്‍ സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളിലേക്ക് നോക്കണം. അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കണം. 

ആറ് ശീലങ്ങളും നിങ്ങള്‍ സ്വായത്തമാക്കിയാല്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവനായിത്തീരും. പ്രസാദാത്മക മുഖഭാവത്തോടെ പുഞ്ചിരിയുടെ പൂത്താലവുമായി വേണം ജനങ്ങളെ സമീപിക്കുന്നത്. ജനങ്ങള്‍ക്ക് നിങ്ങളെ കാണുന്നത് ഹൃദ്യമായ അനുഭവമാകും.''

''അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയില്‍ സ്വീകാര്യത ഉണ്ടാക്കുമെന്നും അപ്പോള്‍ ജനങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുമെന്നും പറഞ്ഞല്ലോ.'' അയാള്‍.

''എന്നുവെച്ചാല്‍ അല്ലാഹുവിന്റെ സ്‌നേഹം, അതൊരു പ്രധാന വിഷയമാണ്. ഒരു നബിവചനം കേള്‍ക്കുക: 'അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ ജിബ്‌രീലിനെ വിളിച്ച് പറയും: അല്ലാഹു ഈ വ്യക്തിയെ സ്‌നേഹിക്കുന്നു. അതിനാല്‍ താങ്കളും അയാളെ സ്‌നേഹിക്കണം. അപ്പോള്‍ ജിബ്‌രീല്‍ ഈ വ്യക്തിയെ സ്‌നേഹിച്ചു തുടങ്ങും. തുടര്‍ന്ന് ജിബ്‌രീലിന്റെ വിളംബരം ആകാശത്തില്‍ മുഴങ്ങും: ഇന്ന വ്യക്തിയെ അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു. സ്‌നേഹിച്ചിരിക്കുന്നു. അതിനാല്‍ അയാളെ നിങ്ങളും ഇഷ്ടപ്പെടണം, സ്‌നേഹിക്കണം. അതോടെ അയാള്‍ക്ക് ഭൂമിയില്‍ സ്വീകാര്യത കൈവരും.''

അയാള്‍ എന്റെ സംസാരത്തില്‍ ഇടക്ക് കയറി: ''ഭൂമിയില്‍ സ്വീകാര്യത കൈവരും എന്ന വാക്ക് എന്നെ പിടിച്ചിരുത്തി.'' 

ഞാന്‍: ''അതാണ് നിങ്ങള്‍ അന്വേഷിച്ചു നടന്നതും ഇവിടെ വന്നതും. നിങ്ങള്‍ അല്ലാഹുവിന്റെ സ്‌നേഹമാര്‍ജിക്കാന്‍ പരിശ്രമിച്ചു തുടങ്ങണം. അപ്പോള്‍ അല്ലാഹുവും ആകാശ ലോകവും ഭൂമിയിലുള്ളവരും നിങ്ങളെ സ്‌നേഹിക്കും. ജനഹൃദയങ്ങളെ നിങ്ങളെ സ്‌നേഹിക്കാന്‍ പാകത്തില്‍ ആക്കി മാറ്റും അവന്‍.'' 

''ഞാന്‍ ഈ ആറ് നിര്‍ദേശങ്ങളും അക്ഷരം പ്രതി പാലിക്കും.'' അയാള്‍.

''ഇനി ഞാന്‍ ഒന്നുകൂടി പറയാം. ഒരാള്‍ക്ക് നിങ്ങളോട് ഇഷ്ടമില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയെന്നിരിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ അയാള്‍ക്ക് ഒരു ഉപഹാരം കൊടുത്തയച്ചേക്കണം. ഉപഹാരം ഹൃദയത്തിലേക്കുള്ള സ്‌നേഹ ദൂതനാണ്. നബി (സ) പറഞ്ഞല്ലോ. ''നിങ്ങള്‍ അന്യോന്യം ഉപഹാരങ്ങള്‍ കൈമാറൂ. എങ്കില്‍ നിങ്ങള്‍ അന്യോന്യം സ്‌നേഹിച്ചു തുടങ്ങും.'' നിങ്ങള്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അര്‍പ്പിക്കുകയും ഉപകാരങ്ങള്‍ ചെയ്യുകയും ചെയ്താല്‍ തീര്‍ച്ചയായും അവര്‍ നിങ്ങളെ ഇഷ്ടപ്പെടും, സ്‌നേഹിക്കും. സംശയമില്ല. ഒരാള്‍ പ്രവാചകനോട്: 'അല്ലാഹുവും ജനങ്ങളും ഒരുപോലെ എന്നെ ഇഷ്ടപ്പെടാന്‍ ഉതകുന്ന കര്‍മം അറിയിച്ചു തന്നാലും.'

'ഇഹലോകത്ത് പരിവ്രാജകനായി ജീവിക്കുക. എങ്കില്‍ അല്ലാഹു നിന്നെ സ്‌നേഹിക്കും. ജനങ്ങളുടെ കൈവശമുള്ള വസ്തുക്കളില്‍ വിരക്തനായി ജീവിക്കുക. എങ്കില്‍ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും, സ്‌നേഹിക്കും.'' പ്രവാചകന്‍ മറുപടി പറഞ്ഞു. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍