Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

മിനയില്‍ നിന്ന് ഹജ്ജ് സേവനത്തിലെ മലയാളി സ്പര്‍ശം

അനീസുദ്ദീന്‍ ചെറുകുളമ്പ് /കുറിപ്പ്

         ഹജ്ജ് വേളകളില്‍ കര്‍മനിരതരായി നിസ്വാര്‍ഥ സേവനം ചെയ്ത് തീര്‍ഥാടക സേവനത്തിന്റെ ഉജ്ജ്വല മാതൃകകള്‍ കാഴ്ചവെക്കുന്ന ഒരു വിഭാഗം എല്ലാ ഹാജിമാരുടെയും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അവരാണ് ത്യാഗ സന്നദ്ധരായ ഹജ്ജ് വളണ്ടിയര്‍മാര്‍. പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ വേണ്ടി സുഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തുന്നവരാണ് അവരില്‍ വലിയൊരു വിഭാഗം. ജീവിതത്തില്‍ സേവനപാതയില്‍ ആത്മസായൂജ്യം ലഭിക്കാനും ആത്മനിര്‍വൃതിയടയാനും കിട്ടുന്ന അപൂര്‍വ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിച്ച് മാത്രമാണ് പരസ്‌നേഹത്തിന്റെ മഹിതമായ മാതൃക കാണിച്ച് ഇവരെത്തുന്നത്. ഹജ്ജ് വേളയില്‍ പുണ്യനഗരികളില്‍ എത്തുന്ന ഹാജിമാര്‍ക്ക് മനുഷ്യ സാധ്യമായ സേവനങ്ങള്‍ ചെയ്യാന്‍ കര്‍മവീഥിയില്‍ സര്‍വം ത്യജിക്കാന്‍ സന്നദ്ധരാണവര്‍. ഈ ഹജ്ജ് വേളയില്‍ മസ്ജിദുല്‍ ഹറാമില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഭാഗത്ത് രണ്ട് ക്രെയിനുകള്‍ തകര്‍ന്നുണ്ടായ അപകടത്തിനും, മിനയിലെ ജംറയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെ തമ്പു നഗരിയില്‍ ഉണ്ടായ, ലോകജനതയെ ഞെട്ടിച്ച ഹൃദയഭേദകമായ ദുരന്തത്തിനും സാക്ഷ്യം വഹിച്ചവര്‍ കൂടിയാണ് ഈ വര്‍ഷത്തെ വളണ്ടിയര്‍മാരില്‍ പലരും. ദുരന്ത വേളകളിലും മറ്റും അതിരുകളില്ലാത്ത നിസ്സീമമായ സേവനങ്ങള്‍ കാഴ്ച വെച്ച മലയാളി വളണ്ടിയര്‍മാര്‍ പ്രത്യേകം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വിശുദ്ധ മിനായിലെ അപകടത്തിന് ശേഷം കാണാതായവരെ തിരക്കി എത്തുന്ന ബന്ധുക്കളുടെ രോദനങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു. ഭര്‍ത്താക്കന്‍മാരെ കാണാതായ ഭാര്യമാരുടെയും, മക്കളെയും സ്വന്തക്കാരെയും നഷ്ടപ്പെട്ട ഉറ്റവരുടെയും ദയനീയ സ്ഥിതി കാണുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോകും. മരണക്കയത്തില്‍ നിന്ന് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രം കഷ്ടിച്ച് രക്ഷപ്പെട്ട പല സഹോദരങ്ങളുടെയും വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മളെത്ര നിസ്സഹായരാണ് എന്ന് ബോധ്യമാകും. സ്വന്തക്കാര്‍ തിരക്കുകളില്‍ പെട്ട് മുഖം കുത്തി വീഴുകയും പിന്നില്‍ ഒരു പ്രവാഹം കണക്കെ വന്ന സംഘങ്ങള്‍ അവര്‍ക്ക് മീതെ വീഴുകയും ചെയ്തതാണ് വലിയ അത്യാഹിതത്തിന് വഴിവെച്ചതെന്നാണ് വ്യക്തമാകുന്നത്. ഇരു പാതകള്‍ സംഗമിക്കുന്നിടത്ത് രണ്ട് റോഡുകളില്‍ നിന്നും സാര്‍ഥവാഹക സംഘങ്ങള്‍ നിയന്ത്രണങ്ങള്‍ക്കതീതമായി പ്രവേശിച്ചു. ഇതിനിടയില്‍ ക്ഷീണം ബാധിച്ചവരും പ്രായാധിക്യമുള്ളവരും സ്ത്രീകളുമടക്കമുള്ള ഒരു പറ്റം ഹാജിമാര്‍ വഴിയരികില്‍ വിശ്രമിച്ചത് വഴിതടസ്സം സൃഷ്ടിച്ചു. മുന്നോട്ട് നീങ്ങിയ ഹാജിമാരെ സേനാ വിഭാഗം താല്‍ക്കാലികമായി തടഞ്ഞതോടെ ചിലര്‍ ബഹളം വെച്ചത് ആളുകള്‍ക്കിടയില്‍ കൂടുതല്‍ ഭീതി ഉളവാക്കി. പരിഭ്രാന്തരായ തീര്‍ഥാടകര്‍ നാലുപാടും പരക്കം പാഞ്ഞതോടെ ആളുകള്‍ മേല്‍ക്കുമേല്‍ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റവരില്‍ പലരും ആശുപത്രികളില്‍ തന്നെയാണ്. 2006-ല്‍ മിനായില്‍ നാനൂറോളം പേര്‍ മരിച്ച ദുരന്തത്തിന് ശേഷം അത്യാഹിതങ്ങള്‍ വരാതിരിക്കാന്‍ സുഊദി ഭരണകൂടം വളരെ ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുമ്പൊക്കെ ജംറകളില്‍ തിരക്ക് മൂലം പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. കല്ലെറിയാന്‍ ഇന്ന് അവിടെയെത്താന്‍ അഞ്ചു പാലങ്ങള്‍ വിശാലമായ രീതിയില്‍ സംവിധാനിച്ചിട്ടുണ്ട്. രാപ്പകല്‍ ഭേദമില്ലാതെ പതിനായിരക്കണക്കിന് സുരക്ഷാ ഭടന്മാരും ആയിരക്കണക്കിന് വളണ്ടിയര്‍മാരും സേവന സന്നദ്ധരാണ്. ഹാജിമാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളും ബോധവല്‍കരണങ്ങളും കൃത്യമായി പാലിക്കുന്നതില്‍ പലരും അലംഭാവം കാണിക്കുന്നതാണ് പലപ്പോഴും ഇവിടെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത്. കാരുണ്യത്തിന്റെ ഒരായിരം കൈകള്‍ നീട്ടി തീര്‍ഥാടക സേവനത്തിനിറങ്ങുന്ന പ്രവാസി വളണ്ടിയര്‍മാരുടെ ത്യാഗപൂര്‍ണമായ യത്‌നങ്ങള്‍ ഹജ്ജ് വേളയില്‍ ഏതു സന്ദര്‍ഭത്തിലും വിലമതിക്കുന്നത് തന്നെ. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ വിവിധ പേരുകളില്‍ പ്രത്യേകം വളണ്ടിയര്‍ ജാക്കറ്റുകളണിഞ്ഞ് മക്കയില്‍ സേവനം നടത്തുന്നത് ഏറെ സന്തോഷം പകരുന്നു. ദേശവും ഭാഷയും വേഷവും മറന്ന് പ്രയാസപ്പെടുന്നവര്‍ക്ക് സമാശ്വാസം നല്‍കാന്‍ അതിരുകളില്ലാത്ത സേവനവഴി വെട്ടിത്തെളിക്കാന്‍ വിശേഷിച്ച് മലയാളികള്‍ കാണിക്കുന്ന ത്യാഗസന്നദ്ധതക്ക് വേറെയധികം ഉദാഹരണങ്ങളില്ല. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സുഊദി ഘടകമായ 'തനിമ' ഹജ്ജ് വളണ്ടിയര്‍ വിംഗ് സേവനത്തിന്റെ ഭാഗമായി പതിനായിരത്തോളം കഞ്ഞി പാക്കറ്റുകള്‍ വിതരണം ചെയ്തത് ഹാജിമാര്‍ക്ക് ഏറെ പ്രയോജനകരമായി. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് ട്രോളികളിലും കവറുകളിലും ബോക്‌സുകളിലുമായി കഞ്ഞി കൊണ്ടുവരാന്‍ വളരെ പ്രയാസപ്പെടേണ്ടിവന്നു വളണ്ടിയര്‍മാര്‍ക്ക്. ഹറം പരിസരം, അറഫ, മുസ്ദലിഫ, മിന, അസീസിയ എന്നിവിടങ്ങളിലും മിന റെയില്‍വേ സ്റ്റേഷനിലും സദാ സമയം സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു വളണ്ടിയര്‍മാര്‍. വൃദ്ധരും രോഗികളുമായ ഹാജിമാരെ വീല്‍ചെയറുകളിലും വാഹനത്തിലും അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഹജ്ജ് ദിവസങ്ങളില്‍ വഴിതെറ്റി പോകുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മിനായില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളടങ്ങിയ 'മാപ്' തനിമ വളണ്ടിയര്‍ വിംഗ് തയാറാക്കിയിരുന്നു. മറ്റു ഗ്രൂപ്പുകളിലുള്ള വളണ്ടിയര്‍മാര്‍ക്ക് കൂടി ഏറെ പ്രയോജനകരമായിരുന്നു ഇത്. ഹജ്ജ് സേവനത്തിനിറങ്ങുന്ന ഓരോരുത്തരും ഹാജിമാരുടെ പ്രാര്‍ഥനകളില്‍ ഇടം പിടിക്കുക കൂടി ചെയ്യുമ്പോള്‍ ഹൃദയബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞറിയിക്കാന്‍ കഴിയില്ല. മറ്റൊരു ഭരണകൂടത്തിനും ചെയ്യാന്‍ കഴിയാത്ത വിധമുള്ള മികവുറ്റ സംവിധാനങ്ങളാണ് ഹജ്ജിന് ആതിഥ്യമരുളുന്ന സുഊദി ഭരണകൂടം ഹാജിമാര്‍ക്കായി ഒരുക്കുന്നത്. ചിലര്‍ നിയമലംഘനം നടത്തുന്നത് തന്നെയാണ് പലപ്പോഴും ഹാജിമാരുടെ ജീവന്‍ അപകടത്തിലാക്കുന്നത്. ഹജ്ജിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, നിയമ വ്യവസ്ഥകള്‍ പാലിച്ച് ഈ പാവന കര്‍മം നിര്‍വഹിക്കാന്‍ മുസ്‌ലിം ലോകം തയാറായാല്‍ തന്നെ പല ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കാനാകും. ഹജ്ജ് ചെയ്യുന്നവര്‍ ദുരന്തങ്ങള്‍ക്കിരകളാകും എന്ന ഭീതി തീര്‍ഥാടകരില്‍ ഉണ്ടാകാതിരിക്കാന്‍ എന്തുവേണമെന്ന ഗൗരവമായ ചിന്ത ഉണ്ടാവണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍