Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക് വേണ്ടി

ശൈഖ് മുഹമ്മദ് കാരകുന്ന് /ലേഖനം

          പ്രവാചകന്മാര്‍ മനുഷ്യരായിരുന്നു. സഹജമായ മാനുഷിക വികാരമുള്ളവര്‍. മറ്റുള്ളവരെപ്പോലെ അവരും വിശപ്പും ദാഹവും അനുഭവിച്ചു. തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്തു. സന്തോഷിക്കുകയും ദുഃഖിക്കുകയും സുഖിക്കുകയും വേദനിക്കുകയും ചെയ്തു. പ്രവാചകന്മാരുടെ ഈ മനുഷ്യാവസ്ഥയില്‍ പ്രതിയോഗികള്‍ വിസ്മയം പ്രകടിപ്പിച്ചു. തങ്ങളുടെ അവിശ്വാസത്തിനുള്ള കാരണമായി അതെടുത്തു കാണിച്ചു. 

ഖുര്‍ആന്‍ അതിന് നല്‍കിയ മറുപടിയുടെ സംഗ്രഹം അവര്‍ മനുഷ്യരിലേക്കാണ് നിയോഗിക്കപ്പെട്ടത് എന്നാണ്. അവര്‍ ആള്‍ക്കൂട്ടത്തില്‍ ജീവിച്ചു. അങ്ങാടിയിലൂടെ ജനങ്ങളോടൊപ്പം സഞ്ചരിച്ചു. അവരുടെ കൂടെ തിന്നുകയും കുടിക്കുകയും ചെയ്തു. അവരിലൊരുവനായി അവരെ ദൈവിക സന്ദേശമഭ്യസിപ്പിച്ചു. അവര്‍ക്ക് നേതൃത്വം നല്‍കി നേര്‍വഴിയില്‍ നയിച്ചു. അവരെ വേദം പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്തു. 

പ്രവാചകന്മാര്‍ക്ക് പ്രത്യേക വേഷമോ ഭാഷയോ ഉണ്ടായിരുന്നില്ല. അവര്‍ സാമാന്യജനത്തിന്റെ ഭാഷയില്‍ സംസാരിച്ചു. അവരുടെ വികാര വിചാരങ്ങള്‍ ഉള്‍ക്കൊണ്ടു. അവരുടെ സന്തോഷ സന്താപങ്ങളില്‍ പങ്കുചേര്‍ന്നു. മുഴുവന്‍ മനുഷ്യരോടും ഗുണകാംക്ഷ പുലര്‍ത്തി. അവരെ ആത്മാര്‍ഥമായി സ്‌നേഹിച്ചു. മുഹമ്മദ് നബി ദൂരെ നിന്നു വരുന്ന അപരിചിതര്‍ക്ക് തിരച്ചറിയാനാവാത്ത വിധം അനുയായികള്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ചു. ഇങ്ങനെ ആള്‍ക്കൂട്ടത്തില്‍ ലയിച്ചു ചേര്‍ന്ന് അവരോടൊപ്പം കഴിയുന്നത് തന്റെ മഹിത പദവിക്ക് ചേര്‍ന്നതല്ലെന്ന് അവിടുന്ന് കരുതിയില്ല. 

നബിയും അനുചരന്മാരും യാത്രയിലായിരിക്കെ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് തമ്പടിച്ചു. കൂടിയാലോചനക്കുശേഷം അവര്‍ ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. ''അറവ് ഞാന്‍ നടത്തിക്കൊള്ളാം.'' ''തൊലിയുരിക്കുന്നത് ഞാന്‍.'' മറ്റൊരാള്‍ പറഞ്ഞു. ''പാകം ചെയ്യുന്നത് ഞാനാകട്ടെ.'' മൂന്നാമന്‍ അറിയിച്ചു. ഉടനെ നബി(സ) പറഞ്ഞു: ''വിറക് ഞാന്‍ കൊണ്ടുവരാം.'' ''വേണ്ട, അതും ഞങ്ങള്‍ ചെയ്തുകൊള്ളാം.'' അനുചരന്മാര്‍ അറിയിച്ചു. പക്ഷെ, പ്രവാചകന്‍ അതംഗീകരിച്ചില്ല. അവിടുന്ന് അരുള്‍ ചെയ്തു: ''നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്നും നിങ്ങളത് നിഷ്പ്രയാസം ചെയ്യുമെന്നും എനിക്കറിയാം. എന്നാല്‍ ഞാന്‍ എന്നെ നിങ്ങളെക്കാള്‍ ഉയര്‍ന്നവനായി കാണുന്നില്ല. നിങ്ങളങ്ങനെ കാണുന്നത് എനിക്കിഷ്ടവുമല്ല. തന്റെ കൂട്ടുകാരനെക്കാള്‍ തന്നെ ഉന്നതനായി ഗണിക്കുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' തുടര്‍ന്ന് ഭക്ഷണം പാകം ചെയ്യാനാവശ്യമായ വിറക് നബി(സ) തന്നെ ശേഖരിച്ചു കൊണ്ടുവരികയും ചെയ്തു. 

പ്രവാചകന്‍ ജനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനോ ഉയര്‍ന്നു നില്‍ക്കാനോ ഇഷ്ടപ്പെട്ടില്ല. അവിടുന്ന് അവരോടൊപ്പം പണിയായുധങ്ങളെടുത്ത് കിടങ്ങ് കുഴിച്ചു. ഹിജ്‌റാബ്ദം അഞ്ചിലുണ്ടായ അഹ്‌സാബ് യുദ്ധവേളയിലായിരുന്നു അത്.  മദീനയുടെ സംരക്ഷണത്തിനായി മുവ്വായിരം അനുയായികളോടൊപ്പം കിടങ്ങു കുഴിക്കുന്നതില്‍ നബി(സ)യും വ്യാപൃതനാവുകയുണ്ടായി. 

പട്ടിണിയും പേടിയുമില്ലാത്ത സമൂഹം

ഏതൊരു വിശ്വാസിയുടെയും പരമമായ ലക്ഷ്യം പടച്ചവന്റെ പ്രീതിയും പ്രതിഫലവും നേടലാണ്. പട്ടിണിയും പേടിയുമില്ലാത്ത സമൂഹത്തിനു വേണ്ടി പണിയെടുത്തുകൊണ്ടാണ് അത് നേടേണ്ടത്. ഇബ്‌റാഹീം നബി മക്കാ താഴ്‌വരയില്‍ തന്റെ കുടുംബത്തെ പാര്‍പ്പിച്ചപ്പോള്‍ പ്രാര്‍ഥിച്ചത് ആ പ്രദേശത്തെ പട്ടിണിയും പേടിയുമില്ലാത്തതാക്കണേ എന്നാണ് (ഖുര്‍ആന്‍ 2: 126). അല്ലാഹു ആ പ്രാര്‍ഥന സാക്ഷാത്കരിച്ചതായി ഖുര്‍ആന്‍ അറിയിക്കുന്നു (106: 3,4).

അഞ്ചുനേരത്തെ നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് അഗതികളുടെ സംരക്ഷണത്തിനും അനാഥകളുടെ ആദരണീയമായ അവസ്ഥക്കും അടിമകളുടെ മോചനത്തിനുമായി യത്‌നിക്കാന്‍ അല്ലാഹു ആജ്ഞാപിച്ചത് പട്ടിണിയില്ലാത്ത, സുരക്ഷിതവും സ്വതന്ത്രവുമായ സമൂഹത്തിന്റെ നിര്‍മിതിക്കുവേണ്ടിയാണ്. അങ്ങനെ ചെയ്യാത്തവര്‍ മതനിഷേധികളും കഠിനമായ ശിക്ഷക്ക് അര്‍ഹരുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു (69:34, 89:18, 107:3-4, 90:16). 

മാതാപിതാക്കളുടെയു മക്കളുടെയും സ്ത്രീകളുടെയുമെല്ലാം സംരക്ഷണവും സുരക്ഷിതത്വവും ഇസ്‌ലാം ഉറപ്പ് വരുത്തുന്നു (17:23, 31:14-15, 81:8-9, 17:31-33, 4:34). 

ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ധനം ചെലവഴിക്കലാണ് പുണ്യമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (2:177). 

ഇങ്ങനെ എല്ലാവരുടെയും പട്ടിണിയകറ്റാനാവശ്യമായത് ചെയ്യാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതോടൊപ്പം തന്റെ നിയോഗ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ പേടിയില്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 

ഹസ്രത്ത് ഖബ്ബാബില്‍ നിന്ന് നിവേദനം: നബി(സ) വിശുദ്ധ കഅ്ബയുടെ തണലില്‍ പുതപ്പ് തലയണയായി ഉപയോഗിച്ച് കിടക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ നബിയുടെ അടുത്തു ചെന്ന് ആവലാതി പറഞ്ഞു: ''ഞങ്ങള്‍ക്കു വേണ്ടി താങ്കള്‍ സഹായമര്‍ഥിക്കുന്നില്ലേ?'' അവിടുന്ന് പ്രതിവചിച്ചു: ''നിങ്ങള്‍ക്കു മുമ്പ് മനുഷ്യരെ വലിയ കുഴി കുഴിച്ച് അതില്‍ കൊണ്ടു വന്നു നിര്‍ത്തിയിരുന്നു. എന്നിട്ട് ഈര്‍ച്ച വാള്‍ തലയില്‍ വെച്ച് കീറി രണ്ടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പുകൊണ്ടുള്ള ചീര്‍പ്പ് ഉപയോഗിച്ച് ചീകി വേര്‍പ്പെടുത്തിയിരുന്നു. എങ്കിലും അതൊന്നും അവരെ തങ്ങളുടെ ദീനില്‍ നിന്നകറ്റിയില്ല. അല്ലാഹുവാണ! ഈ കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. സന്‍ആ മുതല്‍ ഹളറമൗത്ത് വരെ അല്ലാഹുവിനെയും ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ ഒരു യാത്രാ സംഘത്തിന് സഞ്ചരിക്കാന്‍ സാധിക്കുന്നതുവരെ. പക്ഷെ നിങ്ങള്‍ ധൃതി കാണിക്കുകയാണ്'' (ബുഖാരി). 

ജനങ്ങള്‍ക്കു വേണ്ടി

ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളോടൊപ്പം നില്‍ക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. ജനങ്ങളില്‍ നിന്ന് അകന്നു മാറി തനിച്ചു കഴിയാനല്ല ഇസ്‌ലാം ആവശ്യപ്പെടുന്നത്. മറിച്ച് ജനങ്ങളോടു ചേര്‍ന്നുനിന്ന് അവരുടെ ഭാഗമായി മാറാനാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുമാറി ആരാധനാലയങ്ങളുടെ മൂലകളില്‍ ജപമാലകളുമായി കഴിഞ്ഞു കൂടലല്ല ഇസ്‌ലാമില്‍ പുണ്യം. ഭൗതിക സത്യത്തില്‍ നിന്ന് മുഖം തിരിച്ച് ആത്മീയ സായൂജ്യത്തില്‍ കണ്ണ് നട്ടിരിക്കുന്ന കപട സന്യാസം ഇസ്‌ലാമിലില്ല. മറിച്ച് ഭൗതികതയെയും ആത്മീയതയെയും സമന്വയിപ്പിക്കുന്ന സവിശേഷ ജീവിത രീതിയാണ് അതിലെ ഋഷിത്വം. ആത്മസുഖം എന്ന പോലെ അപരന്റെ നിര്‍വൃതിയും പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിക്കുന്നവനാണ് ഭക്തനായ വിശ്വാസി. 

സൃഷ്ടികള്‍ സ്രഷ്ടാവിലേക്ക് അടുക്കേണ്ടത് സഹജീവികളെ സേവിച്ചാണ്. പ്രവാചകന്‍ പറയുന്നു: ''സൃഷ്ടികള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അതിനാല്‍ തന്റെ ആശ്രിതര്‍ക്ക് ഉപകാരം ചെയ്യുന്നവനാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍.'' (ബൈഹഖി)                                                             

''ഒരടിമ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും'' (മുസ്‌ലിം).

''ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യനിര്‍വഹണത്തിലാണെങ്കില്‍ അല്ലാഹു അവന്റെയും ആവശ്യനിര്‍വഹണത്തിലായിരിക്കും'' (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അബ്ബാസ് പറയുന്നു: ''പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യ നിര്‍വഹണത്തിനായി ഇറങ്ങിത്തിരിച്ച് അത് പൂര്‍ത്തിയാക്കിക്കൊടുത്താല്‍ പത്തു കൊല്ലം  ഭജനമിരിക്കുന്ന(ഇഅ്തികാഫ്)തിനേക്കാള്‍ അതവന് ഉത്തമമാണ്'' (ബൈഹഖി).

നബി(സ) അറിയിക്കുന്നു: ''ആരെങ്കിലും മറ്റൊരാളുടെ പ്രയാസം ലഘൂകരിച്ചു കൊടുത്താല്‍ അല്ലാഹു ഈ ലോകത്തും പരലോകത്തും അവന്റെ പ്രയാസം ലഘൂകരിക്കും.'' (മുസ്‌ലിം) 

ജനസേവനം അല്ലാഹുവിനുള്ള സേവനമാണ്. അവനുള്ള ആരാധനയും. പ്രവാചകന്‍ പറയുന്നു: ''അന്ത്യദിനത്തില്‍ അല്ലാഹു പറയും: ''ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല.'' അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: ''എന്റെ നാഥാ, ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ?'' അന്നേരം അല്ലാഹു പറയും: ''എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ടും നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുത്ത് എന്നെ കാണാമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞുകൂടേ? ഹേ, മനുഷ്യാ, നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷെ നീയെനിക്ക് ഭക്ഷണം തന്നില്ല.'' മനുഷ്യന്‍ പറയും: ''എന്റെ നാഥാ, നീ ലോക രക്ഷിതാവല്ലേ? ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്‍കും?'' അല്ലാഹു പറയും: ''എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ? എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അവന് ആഹാരം നല്‍കിയിരുന്നുവെങ്കില്‍ അത് എന്റെയടുത്ത് കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞുകൂടേ? മനുഷ്യാ, ഞാന്‍ നിന്നോട് കുടിക്കാനാവശ്യപ്പെട്ടു. നീ എനിക്ക് വെള്ളം തന്നില്ല.'' മനുഷ്യന്‍ പറയും: ''എന്റെ നാഥാ, നീ ലോക രക്ഷിതാവ്. ഞാന്‍ എങ്ങനെ നിനക്ക് വെള്ളം തരും?'' അല്ലാഹു അറിയിക്കും: ''എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവനത് കൊടുത്തില്ല. നിനക്ക് അറിഞ്ഞു കൂടേ, നീ വെള്ളം കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന്.'' (ബുഖാരി)

സേവനത്തിന്റെയും ധര്‍മത്തിന്റെയും മേഖല വളരെ വിശാലമാണ്. പ്രവാചകന്‍ പറയുന്നു: ''നീ നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് ദാനമാണ്. നന്മ കല്‍പ്പിക്കലും തിന്മ വിലക്കലും ദാനമാണ്. വഴിയില്‍ നിന്ന് മുള്ളും എല്ലും മറ്റു ദ്രോഹങ്ങളും നീക്കം ചെയ്യലും ദാനമാണ്. നിന്റെ തൊട്ടിയില്‍ നിന്ന് നിന്റെ സഹോദരന്റെ തൊട്ടിയിലേക്ക് വെള്ളമൊഴിച്ചു കൊടുക്കലും നിനക്കുള്ള ദാനമാണ്. കാഴ്ചക്കുറവുള്ളവന് വഴികാണിച്ചു കൊടുക്കലും ദാനം തന്നെ'' (ബുഖാരി).

ജനസേവനം അല്ലാഹുവിന്റെ സഹായത്തിന് വഴിയൊരുക്കുമെന്ന വിശ്വാസം എക്കാലത്തും സമൂഹത്തില്‍ നിലനിന്നിരുന്നു. ആദ്യമായി ദിവ്യസന്ദേശം ലഭിച്ച് ദൈവദൂതനായി മാറിയ മുഹമ്മദ് നബി പ്രവാചകത്വത്തിന്റെ കഠിന ഭാരവുമായി പ്രിയപത്‌നി ഖദീജാ ബീവിയുടെ സന്നിധിയിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നത്: ''പ്രിയപ്പെട്ടവനേ, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. കഷ്ടപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. സത്യത്തിന്റെ വിജയത്തിനായി പണിയെടുക്കുന്നു.'' 

ഇസ്‌ലാമിന്റെ നന്മയും മേന്മയും ജനം എന്നും എവിടെയും അനുഭവിച്ചറിഞ്ഞത് അതിന്റെ അനുയായികളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെയാണ്. എതിരാളികളുടെ മര്‍ദനം കാരണം നാടുവിടാന്‍ തീരുമാനിച്ച് യാത്ര പുറപ്പെട്ട അബൂബക്ര്‍ സിദ്ദീഖിനോട് ശത്രുക്കളുടെ ഗോത്രത്തലവന്‍ ഇബ്‌നു ദ്ദുഗ്‌ന പറഞ്ഞു: ''താങ്കളെപ്പോലുള്ളവര്‍ നാടുവിടരുത്. നാട്ടില്‍ നിന്ന് താങ്കളെ പറഞ്ഞയക്കുകയും അരുത്. താങ്കള്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നു. കടക്കാരെ തുണക്കുന്നു. അശരണര്‍ക്ക് അഭയമേകുന്നു.'' 

ഇസ്‌ലാമിക പ്രബോധനത്തിലും അതിന്റെ പ്രതിഛായ ലോകമെങ്ങും മെച്ചപ്പെടുത്തുന്നതിലും ഖുര്‍ആനും പ്രവാചക ചര്യയും കഴിച്ചാല്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണ മാതൃകകളാണ്. അതില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി വിളങ്ങി നില്‍ക്കുന്നതോ നീതി നിര്‍വഹണവും സേവനപ്രവര്‍ത്തനങ്ങളും. അദ്ദേഹത്തിന്റെ സേവനങ്ങള്‍ എത്രയോ കോടി മനുഷ്യര്‍ അനുസ്മരിക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇന്നും അത് അവിരാമം തുടരുന്നു. ജാതി, മത, ദേശ, ഭാഷാ ഭേദങ്ങള്‍ക്കതീതമായി അതിന്റെ നന്മ ഇന്നും പ്രസരിച്ചുകൊണ്ടിരിക്കുന്നു. 

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്ത് ടി. പത്മനാഭന്റെ  കൃതികളിലൊന്ന് 'ഖലീഫാ ഉമറിന്റെ പിന്മുറക്കാര്‍' ആണ്. പതിനാറു അധ്യായങ്ങളുള്ള പ്രസ്തുത പുസ്തകത്തിലെ ആദ്യ അധ്യായത്തിന്റെ തലക്കെട്ടും അതുതന്നെ. നിറ യൗവനത്തില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഡോക്ടര്‍ സൈനുദ്ദീന്‍ അദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ മഹിത മാതൃകയായിരുന്ന ഡോക്ടര്‍ പാവപ്പെട്ട ഒരു രോഗിക്കുവേണ്ടി ചെയ്ത അത്യസാധാരണമായ സേവനങ്ങളുടെയും സഹായങ്ങളുടെയും കഥ സ്വന്തം സഹോദരിയില്‍ നിന്ന് കേള്‍ക്കാനിടയായ പത്മനാഭന്റെ മനസ്സ് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് പറന്നു പോയി; ഖലീഫാ ഉമറിലേക്ക്. അദ്ദേഹം പാവപ്പെട്ട ഒരു പെണ്ണിന് പാതിരാവില്‍ ധാന്യപ്പൊടി എത്തിച്ചു കൊടുത്ത മഹത്തായ ത്യാഗത്തിന്റെയും സേവനത്തിന്റെയും സംഭവമാണ് അദ്ദേഹം ആ അധ്യായത്തില്‍ മനോഹരമായ ഭാഷയില്‍ വിവരിക്കുന്നത്. ഉമറുല്‍ ഫാറൂഖിനെ മാസ്മരികവും വിസ്മയകരവുമായ വ്യക്തിത്വത്തിന്റെ ഉടമയാക്കിയതിലും, അദ്ദേഹത്തിന്റെ ഭരണത്തെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മഹത്തരവും മാതൃകാപരവുമാക്കിയതിലും പ്രധാന പങ്കുവഹിച്ചത് ത്യാഗ പൂര്‍ണമായ ജനസേവന പ്രവര്‍ത്തനങ്ങളാണ്. 

അതിനാല്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയിലാണ് ജീവിക്കേണ്ടത്. അവര്‍ക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. അവരിലൂടെ അല്ലാഹുവിലേക്ക് അടുക്കണം. അവരുടെ നന്മക്കും ക്ഷേമത്തിനുമായി സേവനനിരതമായ ജീവിതം നയിക്കണം. അവരിടപെടുന്ന എല്ലാ നല്ല സംരംഭങ്ങളിലും സഹകരിക്കുകയും പങ്കാളിത്തം വഹിക്കുകയും വേണം. അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തണം. ഓരോ പ്രവര്‍ത്തകനും തന്റെ കര്‍മ മണ്ഡലത്തിലുള്ളവരോടൊപ്പം അവരുടെ സുരക്ഷിതത്വവും സുഭിക്ഷതയും നന്മയും വിജയവും ഉറപ്പുവരുത്താന്‍ പരമാവധി യത്‌നിക്കണം. അങ്ങനെ ജനമനസ്സുകളില്‍ ഇടം നേടണം. അല്ലാഹുവിന്റെയടുത്ത് ഉന്നതമായ ഇടം നേടാനുള്ള ഫലപ്രദമായ മാര്‍ഗമാണത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍