Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

അറബ് വസന്തത്തിന്റെ പാഠങ്ങള്‍

         അറബ് വസന്തത്തിന് തുടക്കം കുറിച്ചിട്ട് അഞ്ചു വര്‍ഷമാവുകയാണ്. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു അതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ല. പക്ഷേ, പ്രതീക്ഷകള്‍ പാതിവഴിയില്‍ കരിഞ്ഞുവീണു. വസന്തം ശൈത്യത്തിന് വഴിമാറി. കാരണങ്ങള്‍ പലതുണ്ട്. സ്ഥാപിത താല്‍പര്യക്കാരായ വന്‍ശക്തികളുടെ ഇടപെടല്‍ മുതല്‍ ഏതൊരു അറബ് രാഷ്ട്ര ഗാത്രത്തെയും വരിഞ്ഞുമുറുക്കുന്ന 'ഡീപ് സ്റ്റേറ്റി'ന്റെ ഗൂഢാലോചനകള്‍ വരെ. അറബ് വസന്തത്തെക്കുറിച്ച വിശകലനങ്ങള്‍ പരിശോധിച്ചാല്‍ പൊതുവെ അവ നിരാശ പടര്‍ത്തുന്നവയാണെന്ന് കാണാം. എല്ലാം പഴയ നിലയില്‍ തന്നെ ആയില്ലേ, ആയതിനാല്‍ അതിനെയൊരു താല്‍ക്കാലിക പ്രതിഭാസമായി കണ്ടാല്‍ മതി എന്ന മട്ടിലാണ് വിശകലനങ്ങളുടെ പോക്ക്.

ഈയൊരു വിശകലന രീതിയോട് ശക്തമായി വിയോജിക്കുകയാണ് തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവ് അബ്ദുല്‍ ഫത്താഹ് മോറോ. കുവൈത്തില്‍ നിന്നിറങ്ങുന്ന അല്‍ മുജ്തമഅ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ കുറഞ്ഞ വാക്കുകളില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെക്കുന്നുണ്ട്. പിന്നിട്ട നാല് വര്‍ഷം ഈ പ്രതിഭാസത്തെ സത്യസന്ധമായും നീതിപൂര്‍വകമായും വിലയിരുത്താന്‍ മതിയായ കാലയളവല്ല. കാരണം സാമൂഹിക മാറ്റങ്ങളുടെ ഫലം ജനതതികള്‍ക്ക് ലഭ്യമാവണമെങ്കില്‍ കുറെയധികം കാലമെടുക്കും. പ്രത്യേകിച്ച് ആ മാറ്റങ്ങള്‍ വേരോളം ചെന്നെത്തുന്നതാണെങ്കില്‍. പഴയതും പുതിയതും തമ്മിലുള്ള ഉരസലും സംഘട്ടനവും അവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ആദ്യ ഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളത്. ഏകാധിപത്യത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ട ഭരണ സാമൂഹിക വ്യവസ്ഥിതിയാണ് പഴയത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതൊരു മാറ്റത്തെയും സര്‍വശക്തിയുമെടുത്ത് തടയാനും സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനും അത് ശ്രമിച്ചുകൊണ്ടിരിക്കും. മാറ്റം കൊതിക്കുന്ന എല്ലാ തരത്തിലുമുള്ള ജനാധിപത്യ ശക്തികളാണ് മറുവശത്ത്. മറ്റു സമൂഹങ്ങളെപ്പോലെ തങ്ങള്‍ക്കും ജനാധിപത്യവും സ്വാതന്ത്ര്യവും മറ്റു മൗലികാവകാശങ്ങളും ലഭ്യമാവണമെന്നും വ്യവസ്ഥകള്‍ ഭരണഘടനാനുസൃതമാവണമെന്നും അവര്‍ വാദിക്കുന്നു. ഇരു ശക്തികളും തമ്മിലുള്ള പോരില്‍ വിജയവും തിരിച്ചടിയുമൊക്കെ തികച്ചും സ്വാഭാവികം.

ഈ സംഘട്ടനത്തില്‍ ഇതുവരെ സ്വേഛാധിപത്യത്തിന് വ്യക്തമായും മേല്‍ക്കൈ ലഭിച്ചു എന്നതും സ്വാഭാവികമായി തന്നെ കണ്ടാല്‍ മതി. കാരണം അറബ് വസന്ത വിപ്ലവത്തിന് ഭരണാധികാരികളെ കടപുഴക്കാനേ കഴിഞ്ഞിട്ടുള്ളൂ. രാഷ്ട്രത്തെയാകമാനം അള്ളിപ്പിടിച്ച് നില്‍ക്കുന്ന ഏകാധിപത്യത്തിന്റെ അടിവേരുകള്‍ അറുക്കാനായിട്ടില്ല. സമൂഹങ്ങള്‍ക്ക് ആ നീരാളിപ്പിടിത്തത്തില്‍ നിന്ന് വിടുതല്‍ ലഭിക്കണമെങ്കില്‍ ഇനിയും കുറച്ചധികം സമയമെടുക്കും. എന്നു മാത്രമല്ല, ജനാധിപത്യത്തിന് വേണ്ടി തെരുവിലിറങ്ങിയ ഗ്രൂപ്പുകള്‍ക്കും പ്രശ്‌നങ്ങളുണ്ട്. ഇവയുടെ സംഘാടനവും പ്രവര്‍ത്തനവുമെല്ലാം ഏകാധിപത്യം അരങ്ങ് വാഴുന്ന ഒരു സാമൂഹിക ഘടനക്കകത്തായതുകൊണ്ട്, ഭാഗികമായി ഇപ്പോഴും അവ ഏകാധിപത്യ മനോഘടനയില്‍ തന്നെയാണുള്ളത്. മറ്റു നാടുകളിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി അവയെ താരതമ്യം ചെയ്യുന്നതില്‍ ശരികേടുണ്ട്. അതിനാല്‍ ഈ പോരായ്മകളിലൂടെയൊക്കെ കടന്നുപോകേണ്ട വിപ്ലവം അതിന്റെ ഫലപ്രാപ്തിയിലെത്തുന്നത് ഒരു പക്ഷേ രണ്ടും മൂന്നും തലമുറ കഴിഞ്ഞായിരിക്കും. ഫ്രഞ്ച് വിപ്ലവമാണ് മോറോ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഏറ്റവും വലിയ സംഭാവന നീതിയും സമഭാവനയും ഉദ്‌ഘോഷിക്കുന്ന ഫ്രഞ്ച് ഭരണഘടനയാണല്ലോ. ഫ്രഞ്ച് വിപ്ലവം കഴിഞ്ഞ് 116 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ ഭരണഘടന നിലവില്‍ വന്നത് എന്നോര്‍ക്കണം.

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ജനകീയ കൂട്ടായ്മകളുടെ മുന്‍ഗണനാക്രമങ്ങള്‍ അറബ് വസന്തം പോലുള്ള വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് സഹായകമായിരുന്നില്ല എന്നും മോറോ അഭിപ്രായപ്പെടുന്നു. മുസ്‌ലിം ലോകം, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമൂഹിക പ്രശ്‌നങ്ങള്‍ പ്രധാനമായും മൂന്നാണ്. ഇതില്‍ ഒന്നാമത്തേത് നിരക്ഷരതയാണ്. ഇസ്‌ലാമിസവും സോഷ്യലിസവും കമ്യൂണിസവും അറബ് ദേശീയതയുമൊക്കെ ആദര്‍ശമായി കൊണ്ടു നടക്കുന്ന സംഘടനകള്‍ അറബ് ലോകത്തുണ്ട്. അവക്കൊന്നിനും നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിന് കൃത്യമായ പ്രവര്‍ത്തന പരിപാടികളില്ല. ദാരിദ്ര്യമാണ് രണ്ടാമത്തെ അടിസ്ഥാന പ്രശ്‌നം; മതകീയവും വംശീയവുമായ ചേരിതിരിവ് മൂന്നാമത്തേതും. ഈ രണ്ട് പ്രശ്‌നങ്ങളും ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ സ്വാഭാവിക ഫലങ്ങളായി കാണാവുന്നതാണ്. അറബ് പൊതു സമൂഹവും അവരുടെ ജനകീയ പ്രസ്ഥാനങ്ങളും ഒരു സാമൂഹിക-രാഷ്ട്രീയ മാറ്റത്തെ വിജയിപ്പിച്ചെടുക്കാനാവശ്യമായ പക്വതയും ഐക്യബോധവും പ്രകടിപ്പിക്കാത്തതിന്റെ കാരണങ്ങള്‍ നാം ഇവിടെയാണ് ചികയേണ്ടത്.

അറബ് വസന്തത്തിനേറ്റ തിരിച്ചടി ലോകത്തെ മുഴുവന്‍ ഇസ്‌ലാമിക കൂട്ടായ്മകള്‍ക്കും ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. ആദര്‍ശ പ്രബോധനത്തോടൊപ്പം നടക്കേണ്ട ഒന്നാണ് സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള യത്‌നങ്ങളും എന്നതാണ് അതിലൊന്ന്. ആദര്‍ശ പ്രബോധനത്തിന്റെ തന്നെ ഭാഗമാണ് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലും എന്നും പറയാം. ഒന്ന് കഴിഞ്ഞിട്ടാകട്ടെ മറ്റേത് എന്നു വെക്കരുത്. ജനസേവനത്തിന്റെ നിസ്തുല മാതൃകകള്‍ സമര്‍പ്പിക്കുന്ന സംഘങ്ങളുടെ ആദര്‍ശ പ്രബോധനത്തിന് മാത്രമേ പൊതുസമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനാവുകയുള്ളൂ. ഇതിന് എത്രയും ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാവും. മക്ക അതിരൂക്ഷമായ വറുതിയുടെയും പട്ടിണിയുടെയും പിടിയിലകപ്പെട്ടപ്പോള്‍ ആവശ്യമായത്ര ധാന്യച്ചാക്കുകള്‍ അയച്ചുകൊടുത്ത് മക്കാ നിവാസികളെ രക്ഷപ്പെടുത്തുകയാണ് പ്രവാചകന്‍ ചെയ്തത്. മക്ക ജയിച്ചടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. അവസരം മുതലെടുത്ത് പ്രവാചകന് മക്കയിലേക്ക് സൈനിക നീക്കം നടത്താമായിരുന്നു. അത് ചെയ്യാതെ പ്രവാചകന്‍ പ്രതിസന്ധി ഘട്ടത്തില്‍ മക്കക്കാരുടെ ഒപ്പം നിന്നത് അവരുടെ അനുഭാവം പിടിച്ചുപറ്റാന്‍ സഹായകമായെന്നും ഏറ്റുമുട്ടലില്ലാതെ മക്കാ വിജയം സാധ്യമായതിന് ഇതുകൂടി കാരണമാണെന്നും ഗവേഷകനും പണ്ഡിതനുമായ മുഹമ്മദ് ഹമീദുല്ല നിരീക്ഷിച്ചിട്ടുണ്ട്. ഇസ്‌ലാമിക കൂട്ടായ്മകളുടെ ഊന്നലുകളില്‍ ഇനിയും പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് തന്നെയാണ് പ്രവാചക ചരിത്രം സൂക്ഷ്മമായി പഠിച്ചാല്‍ ബോധ്യമാവുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍