Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

ബഹ്‌റൈന്‍ കത്ത്

ജമാല്‍ ഇരിങ്ങല്‍

 

മനം കുളിര്‍പ്പിച്ച് ഹയ്യ ബയ്യാ ആഘോഷം

ല്ലാ നാടുകള്‍ക്കും അവരവരുടേതായ പൈതൃകങ്ങളും സ്വന്തമായ ആഘോഷങ്ങളും ഉണ്ടാവും. തങ്ങളുടെ സ്വത്വത്തെ പ്രതിനിധാനം ചെയ്യലും പൈതൃകങ്ങളെ കൊണ്ടാടലുമാണ് പല ആഘോഷങ്ങളും. ആഘോഷങ്ങള്‍ക്ക് പിറകില്‍ ഐതിഹ്യങ്ങളോടൊപ്പം യാഥാര്‍ത്ഥ്യങ്ങളുമുണ്ടാകും. തങ്ങള്‍ക്ക് സന്തോഷം പകരുന്നതോടൊപ്പം പരസ്പരസ്‌നേഹവും സൗഹൃദവും ഇത്തരം ചടങ്ങുകളിലൂടെ രൂഢമൂലമാവും. എല്ലാ വര്‍ഷവുമെന്ന പോലെ ഇത്തവണയും ബഹ്‌റൈനില്‍ വിപുലമായ രീതിയില്‍ ഹയ്യ ബയ്യാ ആഘോഷിച്ചു. ബഹ്‌റൈന്റെ പരമ്പരാഗത ആഘോഷങ്ങളില്‍ ഒന്നാണ് ഹയ്യ ബയ്യ. മിത്തും ചരിത്രവും കാര്‍ഷിക വൃത്തിക്കുള്ള പ്രോല്‍സാഹനവും ഇടകലരുന്ന ഈ ആഘോഷം പഴയ തലമുറയിലെ ബഹ്‌റൈനികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. മാലികിയയിലെയും മുഹറഖിലെയും കടല്‍ത്തീരങ്ങളില്‍ സതേണ്‍ ഗവര്‍ണറേററിന്റെയും മുഹറഖ് ഗവര്‍ണറേറ്റിന്റെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഇതര ഗവര്‍ണറേറ്റുകളും ഇതില്‍ പങ്കാളികളായിരുന്നു. 

ഹജ്ജ് മാസമായ ദുല്‍ഹജ്ജ് ഒന്നിന് തന്നെ തങ്ങളുടെ വീട്ടുപരിസരങ്ങളില്‍ കുട്ടികള്‍ പ്രത്യേകം തയ്യാറാക്കിയ ചെടിച്ചട്ടികളില്‍ ചെറിയ ചെടികള്‍ നട്ട് പിടിപ്പിക്കും. രാവിലെ എഴുന്നേറ്റ ഉടനെ കുട്ടികള്‍ വളരെ ഉല്‍സാഹത്തോടെയാണ് തങ്ങള്‍ നട്ട് പിടിപ്പിച്ച ആ കുഞ്ഞു ചെടികളുടെ സമീപത്തണയുക. അവ വളരുന്നത് കാണുന്നത് അവരുടെ ആവേശമാണ്. അവര്‍ ഓരോ ദിവസവും ഇതിന് വെള്ളവും വളവും നല്‍കി പരിചരിക്കുകയും താലോലിക്കുകയും ചെയ്യും. ചെടികളുമായി കുട്ടികള്‍ പത്ത് ദിവസത്തിനുള്ളില്‍ വല്ലാത്തൊരു ആത്മബന്ധം സ്ഥാപിച്ചിരിക്കും. 

അറഫാ ദിനത്തിന്റെ വൈകുന്നേരം ഈ ചെടികളുമായി കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള മനോഹരമായ വസ്ത്രങ്ങള്‍ അണിഞ്ഞ് കടല്‍ത്തീരത്തേക്ക് ഘോഷയാത്രയായി പുറപ്പെടും. കൂടെ മുതിര്‍ന്നവരും അവരുടെ സഹായികളായി ഉണ്ടാവും. കടല്‍ത്തീരത്തുള്ള ഉയര്‍ന്ന പ്രദേശത്ത് കയറി നിന്ന് അവിടെ നിന്നും 'ഹയ്യ ബയ്യ റാഹത് ഹയ്യ ബയ്യാത് ഹയ്യ...' എന്ന് തുടങ്ങുന്ന ഗാനം ഇവര്‍ സംഘമായി ആലപിക്കും. പാട്ട് പാടുന്നതിനിടയില്‍ തന്നെ തങ്ങളുടെ കൈയിലുള്ള ഈ ചെടികള്‍ ഇവര്‍ ഓരോരുത്തരായി കടലിലേക്കൊഴുക്കും. വലത് വശത്ത് നിന്നാരംഭിച്ച് ഇടത് വശത്ത് അവസാനിക്കുന്ന ക്രമത്തിലാണ് ഈ ഒഴുക്കലുകള്‍. ശേഷം ഇവര്‍ ഹജജ് കര്‍മ്മത്തിന് പോയ തങ്ങളുടെ ബന്ധുമിത്രാദികള്‍ സുരക്ഷിതരായി തിരിച്ച് വരാനും പെരുന്നാള്‍ ദിനം സന്തോഷകരമാവാനും വേണ്ടി അവിടെ നിന്ന് പ്രാര്‍ത്ഥിക്കും. പിന്നെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ച് പോകും. ഇതാണ് ഹയ്യ ബയ്യ ആഘോഷത്തിന്റെ രീതി. 

ഇത്തവണ വിവിധ മല്‍സരങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള കുതിരയോട്ടമായിരുന്നു ആകര്‍ഷകമായ ഒരിനം. തലമുറകള്‍ കൈമാറി വരുന്ന ഈ ആഘോഷം ബഹ്‌റൈന്റെ തനിമ വിളിച്ചോതുന്നതാണെന്ന് പരിപാടിയില്‍ പങ്കെടുത്ത സതേണ്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ അലി ബിന്‍ അല്‍ ശൈഖ് അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫൂര്‍ പറഞ്ഞു.

ആ സൂര്യ തേജസ്സ് ഇനി ഓര്‍മകളില്‍ മാത്രം

ഹ്‌റൈനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ശൈഖ് ഈസ ബിന്‍ മുഹമ്മദ് ആല്‍ഖലീഫ ഓര്‍മയായി. കഴിഞ്ഞ ആഗസ്റ്റ് 14ന് സന്ദര്‍ശനത്തിനിടെ ഫ്രാന്‍സില്‍ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈനിലെ വിവിധ സാമൂഹിക സൊസൈറ്റികളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകനും മുന്‍ മന്ത്രിയുമായിരുന്നു. 1938ല്‍ മുഹറഖിലായിരുന്നു ജനനം. 1911 ല്‍ ബഹ്‌റൈനില്‍ സ്ഥാപിതമായ ആദ്യത്തെ വ്യവസ്ഥാപിത സ്‌കൂളായ അല്‍ ഹിദായ അല്‍ ഖല്‍ഫിയയില്‍ നിന്ന് 1950ല്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇതിന് ശേഷം തുടര്‍ വിദ്യാഭ്യാസത്തിനായി ഈജിപ്തിലേക്ക് പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. അവിടെ വെച്ചാണ് ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളുമായി ബന്ധപ്പെടുന്നതും ബഹ്‌റൈനിലേക്ക് തിരിച്ച് വന്നതിന് ശേഷം പ്രസ്ഥാനരൂപീകരണത്തിന് മുന്‍കൈയെടുക്കുന്നതും. 

ഈജിപ്തിലെ വിദ്യാഭ്യാസകാലത്ത് ഇദ്ദേഹം താമസിച്ചത് സയ്യിദ് ഖുതുബിന്റെ കുടുംബവീടിനടുത്തായിരുന്നു. ഈ വീടുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. ഇവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശൈഖ്. വളരെ സൗമ്യനായ അദ്ദേഹം മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയും നല്ല പണ്ഡിതനുമായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള വിദേശികളോട് ഉദാരമായ സമീപനമായിരുന്നു. തൊഴില്‍ മേഖലയില്‍ വിദേശ തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദവും സൗകര്യപ്രദവുമായ നിരവധി തൊഴില്‍ പരിഷ്‌കാരങ്ങളുണ്ടായത് അദ്ദേഹം തൊഴില്‍ മന്ത്രിയായിരുന്ന കാലത്താണ്. ബഹ്‌റൈന്‍ ജനതയുടെ വളര്‍ച്ചക്കും പുരോഗതിക്കും ഏറെ പ്രചോദനം നല്‍കാനും ആ മാര്‍ഗത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ അര്‍പ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അല്‍ ഇസ്‌ലാഹ് സൊസൈറ്റിയാണ് അതില്‍ ഏറ്റവും വലിയ സംഭാവന. ബഹ്‌റൈനിലും ലോകത്തിന്റെ പലയിടങ്ങളിലും അല്‍ ഇസ്‌ലാഹിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പൗരന്മാരില്‍ ഇസ്‌ലാമികാശയങ്ങളുടെ സാക്ഷാല്‍ക്കാരത്തിനും സമൂഹത്തില്‍ ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനും അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. 

1963 മുതല്‍ 1968 വരെ ബഹ്‌റൈനിലെ കോടതികളില്‍ ജഡ്ജിയായും 1968മുതല്‍ 1973 വരെ ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിവിഷന്‍ ഹൈകോര്‍ട്ട് അംഗമായും നീതിന്യായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഒരു വര്‍ഷക്കാലം നീതിന്യായ മന്ത്രിയായും 1975 മുതല്‍ 80 വരെ തൊഴില്‍ മന്ത്രിയായും നിയമിക്കപ്പെട്ടു. ബഹ്‌റൈനില്‍ ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് വ്യവസ്ഥാപിത രീതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അല്‍ ഇസ്‌ലാഹ് സൊസൈറ്റിക്ക് കീഴില്‍ 'വാഹാത്തുല്‍ ഖുര്‍ആന്‍' എന്ന സ്ഥാപനം ആരംഭിച്ചത് അദ്ദേഹമാണ്. രാജ്യത്ത് ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ 'അല്‍ മിമ്പര്‍ ഇസ്‌ലാമിക് സൊസൈററി' എന്ന പേരില്‍ ഇസ്‌ലാമിക രാഷ്ട്രീയ കൂട്ടായ്മക്ക് അദ്ദേഹം രൂപം നല്‍കി. ആദ്യത്തെയും രണ്ടാമത്തെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ 'അല്‍ മിമ്പറിന്' സാധിച്ചു. 

ഇബ്‌നു ഖല്‍ദൂന്‍ നാഷണല്‍ സ്‌കൂള്‍ സൊസൈറ്റി, ബഹ്‌റൈന്‍ അഭിഭാഷക യൂനിയന്‍, ലഹരി വിരുദ്ധ സൊസൈറ്റി, ഇബ്‌നുല്‍ ഹൈഥം ഇസ്‌ലാമിക് സ്‌കൂള്‍, അല്‍ ഫലാഹ് സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. അന്താരാഷ്ട്ര അഭിഭാഷക യൂനിയന്‍, ഗള്‍ഫ് കണ്‍സള്‍ട്ടന്‍സ് യൂനിയന്‍, കുവൈത്ത് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ചാരിറ്റി അസോസിയേഷന്‍, സുഡാനിലെ ഇസ്‌ലാമിക് ദഅ്‌വ ഓര്‍ഗനൈസേഷന്‍, ജോര്‍ദാന്‍ കേന്ദ്രമായുള്ള അല്‍ബൈത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവയില്‍ അംഗമായിരുന്നു. പരേതന്റെ നിര്യാണം ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയില്‍ നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്്. റിഫയില്‍ ഹുനൈനിയ്യ ഖബ്ര്‍സ്ഥാനില്‍ നടന്ന ഖബ്‌റടക്ക ചടങ്ങില്‍ ഭരണാധികാരികളും വിവിധ രംഗങ്ങളിലെ പ്രമുഖരും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. 

മാംസ സബ്‌സിഡി നിര്‍ത്തലാക്കല്‍
പ്രവാസികള്‍ക്ക് തിരിച്ചടി

ക്‌ടോബര്‍ ഒന്ന് മുതല്‍ ബഹ്‌റൈനില്‍ നിലവില്‍ വന്ന മാംസ സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. ആസ്‌ട്രേലിയന്‍ ആട്ടിറച്ചി ഒരു ദീനാറിനും മാട്ടിറച്ചി ഒരു ദീനാര്‍ 200 ഫില്‍സിനും ഫ്രഷ് ചിക്കന്‍ ഒരു ദീനാറിനുമാണ് വിപണിയില്‍ ലഭ്യമായിക്കൊണ്ടിരുന്നത്. കുറഞ്ഞ വിലയ്ക്ക് ഇത് മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചത് സബ്‌സിഡിയിലൂടെയായിരുന്നു. ആട്ടിറച്ചിയും മാട്ടിറച്ചിയും മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്യുന്നത് ബഹ്‌റൈന്‍ ലൈവ് സ്‌റ്റോക്ക് കമ്പനിയാണ്. മുഹറഖ്, റിഫ, മനാമ എന്നീ കേന്ദ്രങ്ങളിലാണ് കമ്പനിയുടെ വാഹനം എത്തുന്നത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ചില്ലറ വ്യാപാരികള്‍ താല്‍ക്കാലികമായി തങ്ങളുടെ വില്‍പന നിര്‍ത്തിവെച്ചിരിക്കുകയാണ്. വളരെ ചുരുങ്ങിയ വ്യാപാരികള്‍ മാത്രമാണ് പുതുക്കിയ വിലയ്ക്ക് വില്‍പന നടത്താന്‍ തയ്യാറായിരിക്കുന്നത്. ബഹ്‌റൈനില്‍ നിന്ന് അറുക്കുന്ന ആസ്‌ട്രേലിയന്‍ ആട്ടിറച്ചിക്ക് ഹോള്‍സെയില്‍ വില രണ്ട് ദീനാറും 850 ഫില്‍സും പുറത്ത് നിന്ന് അറുത്ത് വരുന്നതിന് രണ്ട് ദീനാര്‍ 450 ഫില്‍സുമായിരിക്കും. പാക്കിസ്താന്‍ ആട്ടിറച്ചിക്ക് മൂന്ന് ദിനാര്‍ അമ്പത് ഫില്‍സും പാക്കിസ്താന്‍ ബീഫിന് ഒരു ദീനാര്‍ 900 ഫില്‍സുമായിരിക്കും പുതുക്കിയ വില. 

ആട്ടിറച്ചിയുടെയും ബീഫിന്റെയും റീട്ടെയില്‍ വില നിര്‍ണിതമല്ല. മാര്‍ക്കറ്റിലുള്ള ഡിമാന്‍ഡ് അനുസരിച്ച് കച്ചവടക്കാര്‍ നിശ്ചയിക്കുന്ന വിലയായിരിക്കും. പുതിയ സാഹചര്യത്തില്‍ പുതുക്കിയ ചില്ലറ വിലവിവരപ്പട്ടിക സര്‍ക്കാറും നിശ്ചയിച്ചിട്ടില്ല. ഡെല്‍മണ്‍ ഫ്രഷ് ചിക്കന് നിലവിലുള്ള ഒരു ദീനാറില്‍ നിന്ന് കിലോക്ക് ഒരു ദീനാര്‍ നാനൂറ് ഫില്‍സോ ഒരു ദിനാര്‍ അഞ്ഞൂറ് ഫില്‍സോ ആയി മാറിയിരിക്കുകയാണ്. ഹോള്‍സെയില്‍ വില ഒരു ദീനാര്‍ മുന്നൂറ് ഫില്‍സായിരിക്കും. ചിക്കന് ഒരു ദീനാര്‍ 500 ഫില്‍സും ഒരു ദീനാര്‍ 600 ഫില്‍സുമാണ് വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ആട്, മാട് എന്നിവക്ക് മൂന്നര ദീനാറിന് മുകളിലുമാണ് ഈടാക്കുന്നത്.  റീട്ടെയില്‍ വില ചിലപ്പോള്‍ ഡിമാന്‍ഡ് അനുസരിച്ച് വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് ഡെല്‍മണ്‍ പൗള്‍ട്രി ഫാം, ബഹ്‌റൈന്‍ ലൈവ് സ്‌റ്റോക്ക് കമ്പനി എന്നിവയുടെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും കഫ്റ്റീരിയകളിലും ഉപഭോക്താക്കള്‍ തങ്ങളുടെ മെനുവില്‍ നിന്ന് മട്ടന്‍ വിഭവങ്ങളുടെ എണ്ണം ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുകയാണ്. ഇത് കാരണം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് ചില്ലറ വില്‍പനക്കാരാണ്. ഇത് എഴുതുന്നത് വരെയും പല വില്‍പനക്കാരും തങ്ങളുടെ വില്‍പന പുനരാരംഭിച്ചിട്ടില്ല. എത്ര ദിവസം ഇവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്നറിയില്ല. നിരവധി കുടുംബങ്ങളാണ് ഇവിടെയും നാട്ടിലും ഈ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. ഇവരുടെ മുന്നില്‍ ഭാവി ഒരു വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ച് പോവാന്‍ വരെ പുതിയ സാഹചര്യം കാരണമായിരിക്കുകയാണെന്ന് പ്രബോധനത്തോട് ചില മാംസവ്യാപാരികള്‍ പറയുകയുണ്ടായി. 

ഇതര ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ സ്വാതന്ത്ര്യവും സൗകര്യങ്ങളും അനുഭവിക്കുന്നവരാണ് ബഹ്‌റൈന്‍ പ്രവാസികള്‍. ജീവിതച്ചെലവ് ഇവിടെ താരതമ്യേന കുറവാണ്. മാംസം ഇത്രയും വിലക്കുറവില്‍ മറ്റൊരു ജി.സി.സി രാജ്യത്തും ലഭ്യമല്ല. സാധാരണക്കാരായ സ്വദേശി വിദേശി-കുടുംബങ്ങളിലെയും ബാച്ചിലര്‍ തൊഴിലാളികളുടെയും തീന്‍മേശയിലെ പ്രധാന ഭക്ഷ്യവിഭവങ്ങളില്‍ പെട്ടതായിരുന്നു ആസ്‌ട്രേലിയന്‍ മാംസവും ഡെല്‍മണ്‍ ഫ്രഷ് ചിക്കനും. സബ്‌സിഡി എടുത്ത് കളഞ്ഞതോടെ പ്രവാസികളും തദ്ദേശീയരും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യം മുതലെടുത്ത് മാര്‍ക്കററില്‍ കൃത്രിമമായി ഭക്ഷ്യവില വര്‍ധനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലതിനും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മല്‍സ്യം, പച്ചക്കറികള്‍ എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ തക്കാളിക്ക് കിലോക്ക് ഒരു ദീനാര്‍ വരെ കഴിഞ്ഞ ദിവസം ഈടാക്കുകയുണ്ടായി. ദീനാറിന് മൂന്നും നാലും കിലോ മത്തി ലഭിച്ചിരുന്നത് ഇപ്പോള്‍ കിലോക്ക് എണ്ണൂറ്്് ഫില്‍സായി ഉയര്‍ന്നിട്ടുണ്ട്. 

അതേ സമയം മാംസ സബ്‌സിഡി പിന്‍വലിച്ചതില്‍ പല എം.പിമാരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുമ്പ് പാര്‍ലമെന്റില്‍ ഈ കാര്യം അവതരിപ്പിച്ച അബ്ദുല്‍ വാഹിദ് ഖറാത്തയും മറ്റുമാണ് ഇപ്പോഴും ഈ വിഷയം സര്‍ക്കാറിന്റെ മുമ്പില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സ്വദേശികള്‍ക്ക് റേഷന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നാലംഗമുള്ള ഒരു കുടുംബത്തിന് 15 ദീനാറില്‍ താഴെയാണ് പ്രതിമാസം റേഷന്‍കാര്‍ഡ് വഴി ലഭിക്കുക. ശരാശരി നാല് കിലോ ആട്ടിറച്ചിയാണ് ഈ കാശ് ഉപയോഗിച്ച് അവര്‍ക്ക് വാങ്ങാന്‍ കഴിയുക. ഇത് ജനങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. വിഷയത്തില്‍ പുന:പരിശോധന നടത്താന്‍ സര്‍ക്കാറിനോടഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍