ഇമാം മൗദൂദിയെക്കുറിച്ച് ശൈഖ് ഖറദാവി
ഡോ. യൂസുഫുല്‍ ഖറദാവിയുടെ പ്രായം തൊണ്ണൂറിലെത്തുമ്പോഴും അദ്ദേഹത്തിന്റെ തൂലികക്ക് വിശ്രമമില്ല. അത് നിര്‍ഗളം ചലിച്ചുകൊണ്ടിരിക്കുന്നു. പുതിയ കൃതികള്‍ അതില്‍ നിന്ന് പിറവിയെടുത്തുകൊണ്ടിരിക്കുന്നു. അവ ഇസ്‌ലാമിക വിജ്ഞാന ശാഖക്ക് മുതല്‍ക്കൂട്ടായി മാറുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി സയ്യിദ് മൗദൂദിയെക്കുറിച്ചുള്ളതാണ്. 'ഇമാം മൗദൂദിയുടെ ചിന്തയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍' (നള്‌റാത്തുന്‍ ഫീ ഫിക്‌രില്‍ ഇമാം അല്‍ മൗദൂദി) എന്നാണതിന്റെ ശീര്‍ഷകം. മൗലാനയുടെ വിയോഗത്തിന് 36 വര്‍ഷം പിന്നിടുമ്പോഴാണ് ഈ കൃതി എഴുതപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
മൗലാനാ മൗദൂദിയുടെ നായകത്വത്തിലോ പ്രതിഭയിലോ ഒരു ഗവേഷകനും സംശയമുണ്ടാകില്ല എന്ന് ഖറദാവി പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതുന്നുണ്ട്. മൗലാനാ മൗദൂദി കൈകാര്യം ചെയ്യുന്നതെല്ലാം ഇസ്‌ലാമിക വിഷയങ്ങളാണ്. ഖുര്‍ആന്‍ വ്യാഖ്യാനം മുതല്‍ സുന്നത്ത് നിഷേധികള്‍ക്കുള്ള മറുപടി വരെ അതിലുണ്ട്. മൗലാനയുടെ രചനകള്‍ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്നു. അതില്‍ വ്യക്തി ജീവിതമുണ്ട്, രാഷ്ട്രീയമുണ്ട്, അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച കാഴ്ചപ്പാടുകളുണ്ട്. വിശ്വാസപ്രമാണങ്ങളും അനുഷ്ഠാനങ്ങളും നിയമങ്ങളും രാഷ്ട്രമീമാംസയും സാമ്പത്തിക വ്യവസ്ഥയും ചരിത്രവുമെല്ലാം ആ കൃതികളില്‍ പഠന വിധേയമാവുന്നു. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ സകല വിമര്‍ശകരെയും അദ്ദേഹം അഭിമുഖീകരിക്കുകയും ചെയ്യുന്നു.
മൂന്ന് ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. 'ചിന്തകനായ മൗദൂദി', 'പരിഷ്‌കര്‍ത്താവും മാറ്റത്തിന്റെ വക്താവുമായ മൗദൂദി', 'മൗദൂദി വിമര്‍ശകര്‍' എന്നിങ്ങനെ.
ചിന്തകനായ മൗദൂദി
മനോഹരമായി എഴുതാനോ പ്രസംഗിക്കാനോ കഴിയുന്നവര്‍ ചിന്തകരുടെ ഗണത്തില്‍ ഉള്‍പ്പെടണമെന്നില്ല. ആഴത്തില്‍ മനനം ചെയ്യാനുള്ള പ്രതിഭയാണ് ഒരു ചിന്തകനെ സൃഷ്ടിക്കുന്നത്. സ്വതന്ത്രവും വ്യതിരിക്തവുമായ കാഴ്ചപ്പാട് ഓരോ ചിന്തകനുമുണ്ടായിരിക്കും. ചിന്തകന്മാര്‍ തന്നെ പലയിനമുണ്ട്. ചിലര്‍ പ്രാദേശികവും ദേശീയവുമായ പരിധികളില്‍ ഒതുങ്ങുന്നവരായിരിക്കും. ചിലര്‍ മൊത്തം മനുഷ്യകുലത്തെയും അഭിസംബോധന ചെയ്യുന്നവരായിരിക്കും. പരമ്പരാഗതമായ യാതൊരു മൂല്യസംഹിതയും അംഗീകരിക്കാത്ത സ്വതന്ത്ര ചിന്തകരായിരിക്കും മറ്റു ചിലര്‍. ലോക ഇസ്‌ലാമിക ചിന്തകന്‍ എന്നാണ് നമുക്ക് മൗലാനാ മൗദൂദിയെ വിശേഷിപ്പിക്കാനാവുക. അത്തരക്കാര്‍ വളരെ അപൂര്‍വമായേ ലോകചരിത്രത്തില്‍ തന്നെ ഉണ്ടാകാറുള്ളൂ. മൗദൂദി ചിന്തയുടെ മാറ്റ് അറിയണമെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ ചിന്താധാരകളെ അറിഞ്ഞിരിക്കണമെന്നും ഗ്രന്ഥകാരന്‍ ഉണര്‍ത്തുന്നുണ്ട്. മുഖ്യമായും അക്കാലത്ത് ഏഴ് ചിന്താധാരകളായിരുന്നു പ്രബലം. ആദ്യത്തേത്, പഴമയില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന പരമ്പരാഗത ചിന്ത. രണ്ട്, അന്ധവിശ്വാസങ്ങളെ പൊലിപ്പിക്കുന്ന 'സ്വൂഫി' ചിന്ത. യഥാര്‍ഥ തസ്വവ്വുഫുമായി ഇതിന് യാതൊരു ബന്ധവുമില്ല. മൂന്ന്, പാശ്ചാത്യ ചിന്ത. അതിനെ അന്ധമായി പിന്‍പറ്റുന്ന ഒരു വിഭാഗം. 'പാശ്ചാത്യ ദര്‍ശനത്തിന്റെ അടിമകള്‍' എന്നാണ് ഖറദാവി അവരെ വിളിക്കുന്നത്. നാല്, പാശ്ചാത്യദര്‍ശനത്തിന് മുമ്പില്‍ തലകുമ്പിട്ട് പരാജയം സമ്മതിക്കുന്ന ചിന്ത. പാശ്ചാത്യ ദര്‍ശനം അടിച്ചേല്‍പ്പിച്ച പലതിനെയും അത് ന്യായീകരിക്കുക വരെ ചെയ്യും. അഞ്ച്, പാശ്ചാത്യ ദര്‍ശനത്തിന് മുമ്പില്‍ മാപ്പുസാക്ഷിയായി നില്‍ക്കുന്ന ചിന്ത. പാശ്ചാത്യര്‍ക്ക് ദഹിക്കാത്ത ഇസ്‌ലാമിക ചിഹ്നങ്ങളെക്കുറിച്ചും സംജ്ഞകളെക്കുറിച്ചും ഇതിന്റെ വക്താക്കള്‍ ഒഴികഴിവ് പറഞ്ഞുകൊണ്ടിരിക്കും. ആറ്, സുന്നത്ത് നിഷേധികളുടെ ചിന്താധാര. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ നബിചര്യ ആവശ്യമില്ലെന്ന് വാദിക്കുന്നവരുടെ സംഘം. ഏഴ്, പുത്തന്‍ പ്രവാചകത്വം വാദിച്ചുകൊണ്ടുള്ള ഖാദിയാനി ചിന്ത. ഇങ്ങനെ മുസ്‌ലിം ലോകം വിരുദ്ധാശയങ്ങളില്‍ കലങ്ങി മറിഞ്ഞിരുന്ന കാലം. ഇവയുടെ സ്വാധീന വലയത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവുമായിരുന്നില്ല. ആ ഘട്ടത്തിലാണ് മൗദൂദി ചിന്തയുടെ ഉദയം. മതത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ പെട്ടെന്ന് പ്രചുരപ്രചാരം നേടി. മൗദൂദി ചിന്തകള്‍ക്ക് മൂന്ന് പ്രത്യേകതകള്‍ ഉണ്ടായിരുന്നു: ഇസ്‌ലാമിനോടുള്ള (സമ്പൂര്‍ണ ഇസ്‌ലാമിനോടുള്ള) പ്രതിബദ്ധത, സമകാലികത, ദര്‍ശനങ്ങളോട് എതിരിടല്‍.
പരിഷ്‌കര്‍ത്താവായ മൗദൂദി
മറ്റു പലരെയും പോലെ വെറുമൊരു ദാര്‍ശനികനായിരുന്നില്ല മൗലാനാ മൗദൂദി. മുസ്‌ലിം സമുദായത്തെ ബാധിച്ച മാരക രോഗങ്ങളെ തിരിച്ചറിഞ്ഞ് ചികിത്സ നിര്‍ദേശിക്കുന്ന 'ഡോക്ടറു'ടെ റോളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ആ മാരക രോഗങ്ങളെ മുഴുവന്‍ 'ജാഹിലിയത്ത്' എന്ന ഒറ്റ ഇനത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. ചരിത്രത്തില്‍ പ്രവാചകന്മാരുടെ കാലം മുതല്‍ക്കേ നടന്നുവരുന്ന ഒരു ധര്‍മയുദ്ധമുണ്ട്. ഒരു വശത്ത് ഇസ്‌ലാമും മറുവശത്ത് അധര്‍മങ്ങളുടെ ഒറ്റപ്പേരായ ജാഹിലിയ്യത്തും. ഒരു യഥാര്‍ഥ പരിഷ്‌കര്‍ത്താവിന്റെ ധര്‍മം, ജാഹിലിയ്യത്തിന്റെ കരങ്ങളില്‍ നിന്ന് നേതൃത്വം തിരിച്ചുപിടിക്കുക എന്നതാണ്. പലരും കരുതുന്നത് പോലെ, ജാഹിലിയ്യത്ത് എന്നാല്‍ പ്രവാചകന്റെ ആഗമനകാലത്തുണ്ടായിരുന്ന ഒരു സാമൂഹിക സാഹചര്യത്തിന്റെ മാത്രം പേരല്ല. ഒരു പ്രത്യേക കാലത്ത് മാത്രമായി അതിനെ പരിമിതപ്പെടുത്തി വെക്കാനാവുകയില്ല. നിര്‍ണിത ഗുണവിശേഷങ്ങള്‍ ഒത്ത് ചേര്‍ന്ന ഏത് കാലത്തെ ദര്‍ശനങ്ങളും ചിന്തകളും പ്രതിഭാസങ്ങളുമൊക്കെ ജാഹിലിയ്യത്തിന്റെ പരിധിയില്‍ വരും; എത്ര പകിട്ടുള്ള വേഷഭൂഷകള്‍ അവയെ അണിയിച്ചാലും ശരി. മൗദൂദി ചിന്ത ഉന്നം വെച്ചത് ഒരിക്കലും ഭാഗിക പരിഷ്‌കരണമായിരുന്നില്ല. ജാഹിലിയ്യത്തുമായി ഒരു നിലക്കും സന്ധി ചെയ്യാന്‍ അത് തയ്യാറായിരുന്നില്ല. അടിമുടി മാറണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിഷ്‌കരണ കാഴ്ചപ്പാട്. കേവല ചട്ടക്കൂടുകളും ചിഹ്നങ്ങളും മാറുന്നതിന് മുമ്പ്, ദര്‍ശനങ്ങളും തത്വചിന്തകളും മൂല്യങ്ങളും മാനദണ്ഡങ്ങളുമെല്ലാം മാറണം.
മൗദൂദിയുടെ ചിന്ത പ്രാസ്ഥാനികം (ഹറകി) ആയിരുന്നു എന്ന സവിശേഷതയുമുണ്ട്. തന്റെ പരിഷ്‌കരണ ചിന്തക്ക് ഒരു പ്രായോഗിക ഭാഷ്യവും അദ്ദേഹം നല്‍കുകയുണ്ടായി. പുസ്തക രചനക്ക് ശേഷം 'ജനസഞ്ചയ രചന' (തഅ്‌ലീഫുര്‍രിജാല്‍) കൂടി അദ്ദേഹം നിര്‍വഹിച്ചുവെന്നര്‍ഥം. ഏതൊരു ചിന്തയും അത് ശരിയാണ് എന്നതുകൊണ്ട് മാത്രം ജനത്തെ സ്വാധീനിക്കുകയില്ല. ആ ചിന്തയില്‍ വിശ്വാസമര്‍പ്പിച്ച, അതിന് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെയും ഉയര്‍ത്തിക്കൊണ്ട് വന്നാലേ ഏതൊരു ചിന്തയും വിജയത്തിലെത്തുകയുള്ളൂ. അതിനാലാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തിന് കൂടി രൂപം നല്‍കിയത്. തുടര്‍ന്ന് ഗ്രന്ഥകാരന്‍, മൗലാനയുടെ പ്രബോധന കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനങ്ങളും വിവരിക്കുന്നു. ആ അടിസ്ഥാനങ്ങളെ മൂന്നായി സംഗ്രഹിക്കാം: തൗഹീദ്, സംസ്‌കരണം, അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ നിയമവ്യവസ്ഥ തിരിച്ച്‌കൊണ്ട് വരാനുള്ള യത്‌നങ്ങള്‍. ദേഹേഛയോടുള്ള സമരം, ദൈവമാര്‍ഗത്തില്‍ എന്തും ത്യജിക്കാനുള്ള സന്നദ്ധത, ലോകസമൂഹങ്ങള്‍ക്ക് ഇസ്‌ലാം പ്രബോധനം ചെയ്യല്‍, അല്ലാഹുവുമായുള്ള സുദൃഢബന്ധം തുടങ്ങി ഒരു പ്രബോധകന്‍ ആര്‍ജ്ജിച്ചിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളും മൗലാനാ മൗദുദി വിവരിച്ചിട്ടുണ്ട്. മൗലാനയുടെ കൃതികളില്‍ നിന്നുള്ള ഉദ്ധരണികള്‍ ധാരാളമായി എടുത്ത് ചേര്‍ത്താണ് ഈ ഭാഗം വിശദീകരിച്ചിരിക്കുന്നത്.
മൗദൂദി വിമര്‍ശകര്‍
മൗദൂദി വിമര്‍ശകരില്‍ പല തരക്കാരുണ്ടെന്ന് ഖറദാവി എഴുതുന്നു. മാര്‍ക്‌സിസ്റ്റ്-സെക്യുലറിസ്റ്റ് വിമര്‍ശകരാണ് ഒരു കൂട്ടര്‍. അവര്‍ മൗദൂദി ചിന്തയെ മാത്രമല്ല, ഇസ്‌ലാമിനെ തന്നെ വെറുക്കുന്നവരാണ്. വളരെ അടിസ്ഥാനപരമാണ് ഇവരുമായുള്ള എതിരിടല്‍. ഇസ്‌ലാമിന് ഏതെങ്കിലും തരത്തില്‍ സ്വാധീനമുണ്ടാവുന്നത് അവര്‍ തടയാന്‍ ശ്രമിക്കും. 'തസ്വവ്വുഫ് കച്ചവടക്കാര്‍' എന്നാണ് മറ്റൊരു സംഘം മൗദൂദി വിമര്‍ശകരെ ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നത്. പുറത്ത് നിന്നുള്ള പലതരം വിശ്വാസാചാരങ്ങള്‍ കടത്തിക്കൂട്ടി ഇസ്‌ലാമിനെ വികൃതമാക്കുന്നവരാണ് ഇക്കൂട്ടര്‍. ഇസ്‌ലാമിന്റെ ഏകദൈവ ദര്‍ശനത്തെ ബഹുദൈവത്വപരമായ കലര്‍പ്പുകളിലും മാലിന്യങ്ങളിലും മുക്കാന്‍ ശ്രമിക്കുന്നവര്‍. തങ്ങളുടെ കള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന മൗദൂദി അവര്‍ക്ക് പ്രതിയോഗി ആകേണ്ടത് തന്നെയാണല്ലോ.
മൗദൂദിയെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവരുമുണ്ട്. അവര്‍ മറ്റൊരു സാംസ്‌കാരിക ഭൂമികയില്‍ നിലയുറപ്പിച്ചവരാണ്. അവരുടെ അടിസ്ഥാനങ്ങളും മുന്‍ഗണനകളുമൊക്കെ തീര്‍ത്തും വ്യത്യസ്തം. അത്തരക്കാര്‍ക്ക് മൗദൂദിയുടെ ചിന്താലോകം അന്യമായി തോന്നിപ്പോവുക സ്വാഭാവികം. മൗദൂദി രചനകളില്‍ ചില്ലറ പിഴവുകള്‍ കണ്ടാല്‍ മതി, അവരതിനെ പെരുപ്പിച്ച് കാണിക്കും. ചിലരുടെ വിമര്‍ശത്തിന് പ്രേരകം വെറും അസൂയയാണ്. പണ്ഡിതന്മാര്‍ വരെ അക്കൂട്ടത്തിലുണ്ട്. അവര്‍ക്കും മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളുണ്ടാവാമല്ലോ. കോപ വികാരങ്ങള്‍ക്ക് അടിപ്പെട്ട് എന്തൊക്കെയോ പുലമ്പുകയാണ് അവര്‍. അവരുടെ പ്രസ്താവങ്ങളില്‍ യാതൊരു ബാലന്‍സും ഉണ്ടാവുകയില്ല.
മറ്റൊരു കൂട്ടം വിമര്‍ശകര്‍ അബുല്‍ ഹസന്‍ അലി നദ്‌വി, മുഹമ്മദ് ഇമാറ പോലുള്ള ശ്രേഷ്ഠരായ ചിന്തകരും പണ്ഡിതന്മാരുമാണ്. അദ്ദേഹത്തിന്റെ ചില ചിന്തകളെയാണ് അവര്‍ വിമര്‍ശിക്കുന്നത്. ഇമാറയുടെത് അല്‍പ്പം കടന്ന വിമര്‍ശം തന്നെയാണ്. ഇസ്‌ലാമിക ചരിത്രത്തെയും നാഗരികതയെയുമൊക്കെ മൗദൂദി ജാഹിലിയ്യത്തില്‍ പെടുത്തി എന്ന ഇമാറയുടെ വിമര്‍ശത്തിന്, മൗദൂദിയുടെ നിരവധി ഉദ്ധരണികള്‍ ചേര്‍ത്ത് വെച്ചാണ് ഖറദാവി മറുപടി പറയുന്നത്.
മൗദൂദിയും സയ്യിദ് ഖുത്വ്ബും
വളരെയധികം പേജുകളില്ലാത്ത ഒരു പുസ്തകമാണിത്. എന്നിട്ടും, മൗദൂദി കൃതികളില്‍ നിന്നുള്ള ദീര്‍ഘമായ ഉദ്ധരണികള്‍ ഇതില്‍ ഗ്രന്ഥകര്‍ത്താവ് എടുത്ത് ചേര്‍ക്കുന്നുണ്ട്. മൗദൂദിയുടെ പ്രാസ്ഥാനിക ചിന്തയെപ്പറ്റി പറയുന്നിടത്ത് ചേര്‍ത്ത ഉദ്ധരണികള്‍ പേജ് 36 മുതല്‍ 49 വരെ നീളുന്നുണ്ട്. 53 മുതല്‍ 73 വരെയും 96 മുതല്‍ 105 വരെയും ഉദ്ധരണികള്‍ തന്നെ.
ഇവിടെ മറ്റൊരു ചിന്ത പങ്ക് വെക്കല്‍ ന്യായമാണെന്ന് തോന്നുന്നു. അലി മിയാന്‍, ഇമാറ പോലുള്ള വലിയ ചിന്തകരും പണ്ഡിതരും മൗലാനാ മൗദൂദിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട് ഖറദാവി. ആ മറുപടി നേരത്തെ ഖറദാവി സ്വീകരിച്ചുവരുന്ന ശൈലിയിലുമാണ്. അതായത്, ഒരു വാക്യമോ പാരഗ്രാഫോ ചൂണ്ടിക്കാട്ടി ആരെങ്കിലും എഴുത്തുകാരനെ വിമര്‍ശിക്കാന്‍ തുനിയുകയാണെങ്കില്‍ ആ വിഷയത്തില്‍ മറ്റു പലേടങ്ങളിലായി അദ്ദേഹം എഴുതിയ വരികള്‍ എടുത്തുദ്ധരിച്ച് ഖറദാവി വിമര്‍ശകരുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കും. അങ്ങനെ ഭാഗികമായതിനെ പൂര്‍ണതയിലേക്കും, സംശയാസ്പദമായതിനെ ദൃഢബോധ്യമുളളതിലേക്കും, ശാഖാപരങ്ങളെ അടിസ്ഥാനങ്ങളിലേക്കും, പഴയ അഭിപ്രായങ്ങളെ പുതിയതിലേക്കും ചേര്‍ത്ത് വെക്കും. ഇത് വളരെ പ്രാമാണികവും യുക്തിഭദ്രവുമായ ഖണ്ഡനമാണ്. ഇസ്‌ലാമിക ചരിത്രത്തെയും സംസ്‌കാരത്തെയും മൗദൂദി മൊത്തമായി തന്നെ ജാഹിലിയ്യത്തില്‍ ഉള്‍പ്പെടുത്തി എന്ന ഇമാറയുടെ വിമര്‍ശനത്തെ ചെറുക്കാന്‍ മൗദൂദികൃതികളില്‍ നിന്ന് ഖറദാവി എടുത്ത് ചേര്‍ത്ത ഉദ്ധരണികള്‍ പത്ത് പേജോളം വരും. ഖറദാവിയുടെ വാക്കുകള്‍: ''നിഷ്പക്ഷനായ ഒരു പഠിതാവ് ഒരു വിഷയത്തിലുള്ള മൗദൂദിയുടെ വാക്കുകള്‍ മുഴുവന്‍ ചേര്‍ത്ത് വെക്കണം. അദ്ദേഹത്തിന്റെ ഒരു പുസ്തകം മാത്രം നോക്കിയോ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ഘട്ടം മാത്രം പരിഗണിച്ചോ നിഗമനത്തിലെത്തരുത്. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങളും ലേഖനങ്ങളും യുവത്വത്തിന്റെ ആവേശത്തിളപ്പില്‍ എഴുതിയതായിരിക്കാം. പക്വതയും അനുഭവങ്ങളുടെ പാകതയും അത്തരം രചനകള്‍ക്ക് ചിലപ്പോള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.''
സയ്യിദ് മൗദൂദിയുടെ കൃതികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന ഈ നിലപാട്, സയ്യിദ് ഖുത്വ്ബിന്റെ കൃതികളുടെ കാര്യത്തില്‍ ഖറദാവി സ്വീകരിക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. സയ്യിദ് ഖുത്വ്ബ് തന്റെ 'ഫീ ളിലാല്‍' പോലുള്ള കൃതികളില്‍ ഇസ്‌ലാമിക സമൂഹങ്ങളെ കാഫിറാക്കുന്നുവെന്നും അവയെ ജാഹിലിയ്യത്തായി വിശേഷിപ്പിക്കുന്നുവെന്നും ഖറദാവി വിമര്‍ശിച്ചിരുന്നു. ഉപോദ്ബലകമായി സയ്യിദ് ഖുത്വ്ബിന്റെ ചില കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും ചേര്‍ത്തിരുന്നു. ഇത് വലിയ ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും ഖറദാവി തന്റെ വാദങ്ങളില്‍ ഉറച്ചുനിന്നു. വിവിധ ചാനലുകളിലൂടെ തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ വന്ന സയ്യിദ് ഖുത്വ്ബിന്റെ എല്ലാ പരാമര്‍ശങ്ങളും ചേര്‍ത്ത് വെക്കുക എന്ന ശൈലി ഇവിടെ കണ്ടില്ല. ഭാഗികമായതിനെ പൂര്‍ണതയിലേക്കോ ശാഖാപരങ്ങളെ അടിസ്ഥാനങ്ങളിലേക്കോ ചേര്‍ത്ത് വെച്ചതുമില്ല. ഖറദാവിയുടെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന, വളരെ വ്യക്തതയുള്ള എത്രയോ പരാമര്‍ശങ്ങള്‍ സയ്യിദ് ഖുത്വ്ബ് തന്നെ നടത്തിയിട്ടുണ്ട്. ഖറദാവി എത്തിച്ചേര്‍ന്ന നിഗമനങ്ങളെ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട് ആ പരാമര്‍ശങ്ങള്‍. ഒരേ യുഗത്തില്‍ ജീവിച്ച രണ്ട് മഹാരഥന്മാരെ വിലയിരുത്താന്‍ എന്ത് കൊണ്ടാണ് രണ്ട് തരം മാനദണ്ഡങ്ങള്‍?
('ഖറദാവി: വിപ്ലവകാരിയായ ഇമാം' തുടങ്ങി ഒട്ടനേകം കൃതികളുടെ കര്‍ത്താവാണ് ഈജിപ്തുകാരനായ ലേഖകന്‍)
Comments