Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

മറ്റുള്ളവര്‍ മാറണമെങ്കില്‍...

താജ് ആലുവ /ലേഖനം

         നമ്മുടെ ഇടയിലെ ബന്ധങ്ങള്‍ ഉലയുന്നതിന്റെ ഒരു പ്രധാന കാരണം അപരന്റെ പെരുമാറ്റത്തെക്കുറിച്ച് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള വര്‍ധിച്ച പരാതികളാണെന്ന് കാണാം. മറ്റുള്ളവരെക്കുറിച്ച ആവലാതികളാണ് നമ്മെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത്. വീട്ടില്‍ ഭര്‍ത്താവിന് ഭാര്യയുടെ സ്വഭാവം പിടിക്കുന്നില്ല, ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ച് വേറെയും ആവലാതികള്‍. മാതാപിതാക്കള്‍ക്ക് അനുസരണയില്ലാത്ത മക്കളെപ്പറ്റി പരാതി, മക്കള്‍ക്ക് ഒപ്പം നടക്കാത്ത മാതാപിതാക്കളെക്കുറിച്ച് പരിഭവം. ജോലി സ്ഥലത്ത് കണ്ണില്‍ചോരയില്ലാത്ത ബോസിനെക്കുറിച്ച് അടക്കം പറച്ചില്‍, തീരെ ആത്മാര്‍ഥതയില്ലാത്ത ജോലിക്കാരെക്കുറിച്ച് തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകള്‍. റോഡില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്ത െ്രെഡവര്‍മാരെക്കുറിച്ച് കാല്‍നടക്കാരുടെ പിറുപിറുപ്പ്, തിരിച്ച് തീരെ ശ്രദ്ധയില്ലാത്ത കാല്‍നടക്കാരെക്കുറിച്ച്  െ്രെഡവര്‍മാരുടെ മുറുമുറുപ്പ്. ഒപ്പം വാഹനമെന്നത് പത്രാസ് കാണിക്കാനുള്ളതാണെന്ന് കരുതുന്നവരെക്കുറിച്ച് സഹെ്രെഡവര്‍മാരുടെ കമന്റ്. അയല്‍പക്കത്ത്, ദരിദ്രവാസിയായ അയല്‍ക്കാരന്‍ കടം ചോദിക്കുന്നതിലെ അസ്‌കിത, മറുവശത്ത് പൊങ്ങച്ചക്കാരന്റെ അഹന്തയെക്കുറിച്ച കുശുമ്പ്. അങ്ങനെ നോക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം അപരന്‍മാരാകുന്നു. 

വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സമൂഹങ്ങളും രാജ്യങ്ങളുമൊക്കെ മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്തിയാണ് പലപ്പോഴും സ്വന്തം പ്രശ്‌നങ്ങളില്‍ നിന്ന് തടിയൂരുന്നതും അവരവരുടെ കുറവുകള്‍ മറച്ചുവയ്ക്കുന്നതും. എന്നല്ല, പലതിന്റെയും നിലനില്‍പുതന്നെ മറ്റുള്ളവരെ നിരന്തരം അപഹസിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടുമാണെന്ന് കാണാം. മറ്റുള്ളവര്‍ നന്നാകാത്തതില്‍ ആശങ്കപ്പെടുന്നവര്‍, സ്വന്തം പോരായ്മകളിലേക്ക് തിരിഞ്ഞുനോക്കുന്നതേയില്ല. തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണം മറ്റേതോ രാജ്യത്തിന്റെ ഗൂഢപ്രവര്‍ത്തനങ്ങളാണെന്ന് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിലാണ് ചില രാജ്യങ്ങള്‍ക്ക് താല്‍പര്യം. അതുമുഖേന സ്വന്തം പൗരന്‍മാരുടെ കണ്ണില്‍ പൊടിയിടാനും സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിച്ചെടുക്കാനും ഭരണത്തിലിരിക്കുന്നവര്‍ക്ക് സാധിക്കുന്നു. 

ഒരാള്‍ക്ക് മറ്റൊരാളെ സ്വാധീനിക്കാനും അയാളുടെ സ്വഭാവത്തെ മാറ്റാനും ഏറ്റവും പ്രായോഗികമായ ഒരേയൊരു വഴിയേയുള്ളൂ. താനാരെയാണോ മാറ്റാനുദ്ദേശിക്കുന്നത് അയാളോടുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും സ്വയം തന്നെ മാറ്റം വരുത്തുക. എന്നു പറഞ്ഞാല്‍ എനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു മാറ്റം എന്റെതുമാത്രമാണ്. അപരനെ അതാരായാലും സ്വാധീനിക്കുന്നതിന് പരിധിയുണ്ടെന്ന് മനസ്സിലാക്കുന്നിടത്ത് നാം സ്വന്തത്തിലേക്ക് തിരിയുന്നു. നമ്മോടൊരാള്‍ എങ്ങനെ പെരുമാറുന്നുവെന്നത് നമ്മുടെ നിയന്ത്രണത്തിലല്ല, പക്ഷെ അയാളോടുള്ള നമ്മുടെ പ്രതികരണം തീര്‍ച്ചയായും നമ്മുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്. ആ പ്രതികരണം എങ്ങനെ നമ്മള്‍ നടത്തുന്നുവെന്നിടത്ത് നമ്മുടെ മഹത്വം വെളിപ്പെടുന്നു. 

മറ്റുള്ളവരെ സ്വാധീനിക്കാന്‍ നമുക്ക് ചിലപ്പോള്‍ ചില ഇടപെടലുകള്‍ നടത്തേണ്ടതായി വന്നേക്കാം. അവിടെ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു വിഷയമുണ്ട്. അതായത്, അപരന്റെ മാറ്റം നാമാഗ്രഹിക്കുന്നത് ആത്യന്തികമായി അയാളുടെ തന്നെ നന്മക്ക് വേണ്ടിയാണെന്നും അയാളോടുള്ള ഗുണകാംക്ഷയുടെ അടിസ്ഥാനത്തിലാണെന്നും പ്രായോഗികമായി ബോധ്യപ്പെടുത്തുന്ന  രൂപത്തിലായിരിക്കണം ഈ ഇടപെടല്‍. അയാളുടെ മേല്‍ ചെലുത്തുന്ന മറ്റേതൊരു സമ്മര്‍ദ്ദത്തിനും അല്‍പായുസ്സോ വിപരീതഫലമോ ആണ് ഉണ്ടാവുക. ഉദാഹരണത്തിന്, നമ്മുടെ സന്താനങ്ങള്‍ ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ വേണമെങ്കില്‍ നമുക്ക് അവരെ എങ്ങനെ വേണമെങ്കിലും അനുസരിപ്പിക്കാം. കാരണം, അവര്‍ നമ്മെ ആശ്രയിച്ചും നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലുമാണുള്ളത്. ഈ ഘട്ടത്തില്‍ അവര്‍ നമ്മെ അനുസരിക്കുന്നത് നമ്മുടെ അച്ചടക്ക നടപടികള്‍ പേടിച്ച് മാത്രമാണെങ്കില്‍ അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന മാത്രയില്‍ അവര്‍ അനുസരണവൃത്തത്തില്‍ നിന്ന് പുറത്ത് പോകുന്നത് നമുക്ക് കാണാം. മറിച്ച്, അവരോടുള്ള നമ്മുടെ സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അവരുടെ പൂര്‍ണ ഇഷ്ടത്തിനനുസരിച്ചാണ് ആ അനുസരണമെങ്കില്‍ എത്ര വലുതായാലും അവര്‍ നല്ല സന്താനങ്ങളായിത്തന്നെ തുടരും.  

ഇവ്വിഷയകമായി ഏറ്റവും പ്രധാനമായ സംഗതി, നാം മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുകയെന്നതാണ്. പലപ്പോഴും നാം ആളുകളെ കേള്‍ക്കലാണ് പ്രധാനമെന്ന് പറയാറുണ്ട്. എന്നാല്‍ മനസ്സിലാക്കുകയെന്ന ഉദ്ദേശ്യത്തോടെ കേള്‍ക്കലാണ് യഥാര്‍ഥത്തില്‍ വേണ്ടത്. നല്ല രൂപത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനുമൊക്കെ ഇന്ന് പരിശീലന പരിപാടികളുണ്ട്. ശ്രദ്ധയോടെ കേള്‍ക്കാന്‍ പക്ഷെ ആരും പരിശീലിക്കാറില്ല. വ്യക്തികള്‍ക്കിടയില്‍, പ്രത്യേകിച്ച് കുടുംബത്തിനകത്ത്, ഉടലെടുക്കുന്ന പ്രശ്‌നങ്ങളില്‍ നല്ലൊരു ശതമാനവും പരസ്പരം മനസ്സിലാകായ്മയില്‍ നിന്നാണെന്ന് കാണാം. അതിനാല്‍ത്തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടതും ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനസ്സുവെക്കുകയെന്നതാണ്. മറ്റൊരാള്‍ നമ്മെ അനുസരിക്കുകയോ ശ്രവിക്കുകയോ വേണമെന്നുണ്ടെങ്കില്‍ നാം അയാളെ നന്നായി മനസ്സിലാക്കിയിരിക്കണം. നമ്മുടെ പരാതികളില്‍ മുഖ്യം കുട്ടികള്‍ അല്ലെങ്കില്‍ ഇണകള്‍ നാം പറയുന്നത് മനസ്സിലാക്കുന്നില്ലെന്നതാണ്. പക്ഷെ, അതിനുമുമ്പുയര്‍ത്തേണ്ട ചോദ്യം നാമവരെ മനസ്സിലാക്കാന്‍ ശ്രമിച്ചുവോ എന്നതാണ്. ഒരല്‍പം ക്ഷമയും പരിശീലനവും ഉണ്ടെങ്കില്‍ മറ്റുള്ളവരെ മനസ്സിലാകുന്ന വിധത്തില്‍ അവരെ കേള്‍ക്കാന്‍ നമുക്ക് സാധിക്കും. പ്രമുഖ വ്യക്തിത്വ പരിശീലകനും ഗ്രന്ഥകാരനുമായ സ്റ്റീഫന്‍ കവി അതിനെ വിളിച്ചത് 'ഹൃദയം കൊണ്ട് കേള്‍ക്കുക'യെന്നാണ്. അതെ, ചെവി കൊണ്ടല്ല നാം കേള്‍ക്കേണ്ടത്, വാക്കുകളുമല്ല കേള്‍ക്കേണ്ടത്. മറിച്ച് നമ്മുടെ ഹൃദയം കൊണ്ട് മറ്റൊരാളുടെ ഹൃദയം കേള്‍ക്കാന്‍ കഴിയുന്നിടത്ത് നമുക്കപരനെ സ്വാധീനിക്കാന്‍ സാധിക്കും. 

പ്രവാചകന്‍ (സ) ഹൃദയം കൊണ്ട് കേട്ടപ്പോഴാണ് വ്യഭിചാരത്തിന് അനുവാദം ചോദിച്ചുവന്ന വ്യക്തിയില്‍ നിമിഷങ്ങള്‍ കൊണ്ട് സമൂലമായ മാറ്റം ഉണ്ടായത്. ഇന്ന് നമ്മുടെയടുത്താണ് അയാള്‍ വന്നതെങ്കില്‍ നാമയാളുടെ വാക്കുകള്‍ മാത്രം കേള്‍ക്കുകയും നീണ്ട ഒരു സുവിശേഷ പ്രഭാഷണം കൊണ്ടയാളെ ബോറടിപ്പിക്കുകയും അയാളുടെ 'വിനോദം'അയാള്‍ തുടരുകയും ചെയ്യുമായിരുന്നു. അടുക്കളപ്പാത്രം തട്ടിത്തെറിപ്പിച്ച പത്‌നിയുടെ പ്രവൃത്തിയുടെ പിന്നില്‍ തുടിച്ച ഹൃദയത്തെ മനസ്സിലാക്കിയപ്പോഴാണ് സ്വയം തന്നെ കുനിഞ്ഞിരുന്ന് പാത്രക്കഷ്ണങ്ങള്‍ പെറുക്കാന്‍ നബി തുനിഞ്ഞത്. ചിതറിത്തെറിച്ച പാത്രത്തിന്റെ ശബ്ദം മാത്രമാണ് ഒരു ഭര്‍ത്താവ് കേള്‍ക്കുന്നതെങ്കില്‍, ഇനിയുമുടയാന്‍ ആ വീട്ടില്‍ പാത്രങ്ങള്‍ ബാക്കിയുണ്ടാകുമോ എന്ന് സംശയമാണ്. തന്റെ വീട്ടില്‍ പരിചാരകനായി പത്തുവര്‍ഷത്തിലധികം താമസിച്ച അനസ്ബ്‌നു മാലികി(റ)നെ ദിനേന ഹൃദയം കൊണ്ട് ശ്രവിച്ചപ്പോഴാണ്, ആ തിരുനാവില്‍ നിന്ന് 'എന്തുകൊണ്ടിതു ചെയ്തു', അല്ലെങ്കില്‍ 'ചെയ്തില്ല' എന്ന സാമാന്യ യജമാനത്തവാക്കുകള്‍ പോലും ഉതിര്‍ന്നുവീഴാതിരുന്നത്. 

മറ്റുള്ളവരിലെ നന്‍മയെ കാണാന്‍ ശ്രമിക്കുകയെന്നതാണ് അവരെ മാറ്റാനുള്ള പ്രായോഗികമായ മറ്റൊരു രീതി. എത്ര മോശക്കാരനായ ഒരാളിലും എന്തെങ്കിലും നന്മ കുടികൊള്ളാതിരിക്കില്ല. അതിപ്പോള്‍ ആളിക്കത്തുന്നില്ലെങ്കിലും കെടാത്ത കനലായി ഒളിഞ്ഞുകിടപ്പുണ്ടാകാം. അത് ഊതിക്കാച്ചിയെടുക്കുന്നത് ശ്രമകരമാണെങ്കിലും നിരന്തരമായ ഇടപെടലും ക്ഷമാപൂര്‍ണമായ കാത്തിരിപ്പും തീര്‍ച്ചയായും സദ്ഫലമുണ്ടാക്കാതിരിക്കില്ല. പക്ഷെ, നമ്മില്‍ പലരുടെയും പ്രശ്‌നം എല്ലാറ്റിലും നാം അക്ഷമ കാണിക്കുന്നുവെന്നുള്ളതാണ്. നാമെന്താണോ ആഗ്രഹിക്കുന്നത് അത് നമുക്കിപ്പോള്‍ത്തന്നെ കിട്ടണം. അതിനാല്‍ത്തന്നെ എളുപ്പവഴികളിലാണ് നമുക്ക് താല്‍പര്യം. നാമാഗ്രഹിക്കുന്നത് ലഭിക്കാന്‍ എന്താണോ നാം ചെയ്യേണ്ടത് അതിന് പകരം എത്രയും പെട്ടെന്ന് മാറ്റമുണ്ടാക്കാനെന്ത് ചെയ്യാന്‍ പറ്റുമെന്നാണ് നാമാലോചിക്കുന്നത്. അതിനാല്‍, കുട്ടികള്‍ അനുസരിച്ച് കിട്ടാന്‍ നാമവരെ ശിക്ഷിക്കുന്നു, ഇണയെ പരിവര്‍ത്തിപ്പിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നു, കീഴിലുള്ള ജോലിക്കാരെ ആത്മാര്‍ഥതയുള്ളവരാക്കാന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നു. അങ്ങനെയങ്ങനെ. നീണ്ടകാലം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതാനും സെക്കന്റുകള്‍ നീണ്ടുനില്‍ക്കുന്ന പരിഹാരമാണ് പലപ്പോഴും നമ്മുടെ പക്കലുള്ളത്.  

സ്വഫ്‌വാനുബ്‌നു മുഅത്തല്‍ എന്ന സ്വഹാബിയെ അറിയില്ലേ? സൂറഃ അന്നൂറില്‍ പരാമര്‍ശിക്കുന്ന വ്യാജാരോപണ (ഇഫ്ക്) സംഭവത്തില്‍ കപട വിശ്വാസികള്‍ ആഇശ(റ)യോടൊപ്പം ആരോപണ വിധേയനാക്കിയ സ്വഹാബി. തന്റെ ഉറക്കമാണ് അദ്ദേഹത്തിന് വിനയായത്. ഫജ്ര്‍ (പ്രഭാത നമസ്‌കാരം) സ്ഥിരം വൈകിയേ അദ്ദേഹം നമസ്‌കരിക്കൂ. സൂര്യന്‍ ഉദിച്ചുയരുന്നത് വരെ കിടന്നുറങ്ങും. വിളിച്ചുണര്‍ത്തിയാല്‍ ഭാര്യക്കിട്ട് രണ്ട്‌കൊടുക്കാനും മടിക്കില്ല. ഒന്നാന്തരം കുംഭകര്‍ണ്ണന്‍. ഭാര്യ പ്രവാചകനോട് ഈ വിഷയത്തില്‍ പരാതി പറയുന്നത് കാണാം. പ്രവാചകന്‍ സ്വഫ്‌വാനെ വിളിച്ച് കാര്യമന്വേഷിച്ചു. ''എന്താ ചെയ്യുക നബിയേ! ഞങ്ങള്‍ കാക്കക്കാരണവന്മാരായി അങ്ങനെയാ. പെരും ഉറക്കം-'' സ്വഫ്‌വാന്റെ മറുപടി. ''ശരി, ഉണര്‍ന്നാല്‍ ഉടനെ ഫജ്ര്‍ നമസ്‌ക്കരിക്കുക.'' നബി (സ) പറഞ്ഞു. അയാളെ നരകത്തിന്റെ അടിത്തട്ടിലേക്കൊന്നും തിരുമേനി പറഞ്ഞയച്ചില്ല. നമസ്‌കാരത്തില്‍ ഇങ്ങനെ ഒരു ഇളവ് കിട്ടിയ ഇദ്ദേഹത്തിനു പക്ഷെ, യുദ്ധത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇളവു നല്‍കപ്പെട്ടില്ല. അദ്ദേഹത്തിന്റെ ദൗര്‍ബല്യം, മികച്ച സംഘാടകനായ പ്രവാചകന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ''നീ ഉറങ്ങിക്കോളൂ. അവസാനം ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ സൈന്യം മറന്നു വെച്ച സാധന സാമഗ്രികള്‍ പെറുക്കിക്കൂട്ടി അടുത്ത ക്യാമ്പില്‍ എത്തിക്കുക.'' ഇതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. 

ഇത് ഒരു സ്വഫ്‌വാന്റെ മാത്രം കഥയല്ല. ഓരോരുത്തരുടെയും ശക്തി-ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടായിരുന്നു പ്രവാചകന്‍ തന്റെ അണികളോട് ഇടപെട്ടിരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനസ്സിനുടമയാവുകയെന്നത് വലിയ സംഗതിയാണ്. അപ്പോള്‍ത്തന്നെയാണ് മറ്റുള്ളവരെ സ്വാധീനിക്കാനുമാവുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍