Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

പ്രശ്‌നവും വീക്ഷണവും

ഇല്‍യാസ് മൗലവി

കസേരയില്‍ ഇരുന്നുള്ള നമസ്‌കാരവും 
ഫര്‍ദായ നിറുത്തവും

ഫര്‍ള് നമസ്‌കാരത്തില്‍ ഖിയാമി(നിറുത്തം)ന്റെ സ്ഥാനമെന്താണ്? നില്‍ക്കാന്‍ പറ്റുന്നവര്‍ക്കും ഇരുന്ന് നമസ്‌കരിക്കാന്‍ പറ്റുമോ? കാല്‍മുട്ടു രോഗികള്‍ക്ക് നില്‍ക്കുന്നതിന് പ്രയാസമില്ലെങ്കിലും സുജൂദിലും തശഹ്ഹുദിലും അവര്‍ക്ക് കസേരയുടെ സഹായമാവശ്യമുള്ളതിനാല്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ സ്വഫ്ഫില്‍ കൃത്യമായി അണിചേര്‍ന്നു നില്‍ക്കാന്‍ പറ്റുകയില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഇരുന്ന് നമസ്‌കരിച്ചു കൂടേ? ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടോ?

ഖിയാം (നിറുത്തം) എന്നത് ഫര്‍ദ് നമസ്‌കാരങ്ങളില്‍ അടിസ്ഥാന ഘടകം (റുക്ന്‍) ആണെന്നതില്‍ സംശയമില്ല. റസൂല്‍ (സ) അക്കാര്യം വളരെ സ്പഷ്ടമായി തന്നെ പഠിപ്പിച്ചിരിക്കുന്നു. ഇംറാനുബ്‌നു ഹുസൈന്‍ പറയുന്നു: എനിക്ക് പൈല്‍സിന്റെ അസുഖമുണ്ടായിരുന്നു. നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഞാന്‍ നബി (സ) യോട് സംശയം ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ നിന്ന് തന്നെ നമസ്‌കരിക്കണം. അതിന് പറ്റിയില്ലെങ്കില്‍ ഇരുന്നും അതിനും പറ്റിയില്ലെങ്കില്‍ ചരിഞ്ഞു കിടന്നും നമസ്‌കരിക്കുക (ബുഖാരി: 1066). ഇമാം ഇബ്‌നുഖുദാമ പറഞ്ഞു: നിന്നു നമസ്‌കരിക്കാന്‍ പറ്റാത്തവര്‍ക്ക് ഇരുന്ന് നമസ്‌കരിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു (മുഗ്‌നി: 1/444). ഇതേ കാര്യം ഇമാം നവവിയും വ്യക്തമാക്കിയിട്ടുണ്ട്. ഫര്‍ദ് നമസ്‌കാരത്തില്‍ പോലും നില്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇരുന്ന് നമസ്‌കരിക്കാമെന്നും അത് പിന്നീട് മടക്കി നമസ്‌കരിക്കേണ്ട കാര്യമില്ലെന്നും ന്യായമായ കാരണമുള്ളതിനാല്‍ അതിന്റെ പേരില്‍ പ്രതിഫലം കുറയുമോ എന്ന ആശങ്ക വേണ്ടതില്ലെന്നുമൊക്കെ അദ്ദേഹം തെളിവു സഹിതം പ്രതിപാദിച്ചിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ്: 4/226).

എന്നാല്‍ നില്‍ക്കാന്‍ പ്രത്യേകിച്ച് പ്രതിബന്ധങ്ങളൊന്നും ഇല്ല, എന്നാല്‍ റുകൂഅ്, സുജൂദ്, തശഹ്ഹുദിന്റെ ഇരുത്തം തുടങ്ങിയവക്ക് പ്രയാസമുണ്ടുതാനും, ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം നില്‍ക്കുക തന്നെ വേണമെന്നതാണ് നിയമം. അക്കാര്യം ഇമാം ഇബ്‌നു ഖുദാമ വ്യക്തമാക്കുന്നത് കാണുക: ഒരാള്‍ക്ക് നില്‍ക്കാന്‍ കഴിയുകയും എന്നാല്‍ റുകൂഓ സുജൂദോ ചെയ്യാന്‍ സാധിക്കാതിരിക്കുകയുമാണെങ്കില്‍ നില്‍ക്കുക എന്ന ബാധ്യത അദ്ദേഹത്തില്‍ നിന്ന് ഒഴിവാകുന്നില്ല. പ്രത്യുത അദ്ദേഹം നിന്നുകൊണ്ടുതന്നെ നമസ്‌കരിക്കേണ്ടതാണ്. എന്നിട്ട് റുകൂഉം സുജൂദും ആംഗ്യ രൂപേണ ചെയ്യണം. ഇമാം ശാഫിഈയും ഇങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നില്‍ക്കുവിന്‍ (അല്‍ ബഖറ: 238), നീ നിന്നുതന്നെ നമസ്‌കരിക്കുക (ബുഖാരി: 1117) തുടങ്ങിയ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. എന്തുകൊണ്ടെന്നാല്‍ നിറുത്തം ഖുര്‍ആന്‍ പാരായണം പോലെത്തന്നെ നമസ്‌കാരത്തിന്റെ റുക്ന്‍ (അനിവാര്യമായും പാലിച്ചിരിക്കേണ്ട ഘടകം) ആണ്. മറ്റു കാര്യങ്ങള്‍ക്കുള്ള തടസ്സം നിറുത്തമെന്ന റുക്‌നിനെ ഒഴിവാക്കാന്‍ ന്യായമാവുകയില്ല (മുഗ്‌നി: 1/444). 

കസേരയിടുന്നതിന്റെ രൂപം

രിപ്പിടം സ്വഫ്ഫിന് ഒപ്പിച്ചിടുകയാണ് വേണ്ടതെന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് (തുഹ്ഫ:2/157). ഒരു പറ്റം പ്രഗത്ഭ പണ്ഡിതന്മാര്‍ തയാറാക്കിയ ഫിഖ്ഹ് വിജ്ഞാനകോശത്തില്‍, ആസനസ്ഥനാകുന്ന സ്ഥലമാണ് സ്വഫ്ഫ് ഒപ്പിക്കുമ്പോള്‍ പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു (അല്‍ മൗസൂഅതുല്‍ ഫിഖ്ഹിയ്യ: 6/21). മാത്രമല്ല, കസേര പിന്നോട്ടിട്ട് നമസ്‌കരിക്കുന്നവര്‍ തൊട്ടുപിന്നിലുള്ളവര്‍ക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലം കൂടി എടുക്കുമെന്നതിനാല്‍ അവര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്; സ്വഫ്ഫുകള്‍ കൃത്യമായി നിര്‍ണയിക്കും വിധം പായയോ കാര്‍പ്പെറ്റോ വിരിച്ച പള്ളികളില്‍ വിശേഷിച്ചും. അതിനാല്‍ നമസ്‌കാരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരിക്കുന്നവരാണെങ്കില്‍ കസേര സ്വഫ്ഫിന് ഒപ്പിച്ചിടുകയും സ്വഫ്ഫില്‍ നിന്ന് തെറ്റാതെ ഇരിക്കുകയുമാണ് വേണ്ടത്. എന്നാല്‍ നിന്നുകൊണ്ട് നമസ്‌കരിക്കുകയും കുനിയാനും സുജൂദ്, തശഹുദ് തുടങ്ങിയവക്കും കഴിയാത്തതിനാല്‍ അപ്പോള്‍ മാത്രം ഇരിക്കുകയും ചെയ്യുന്നവര്‍ കസേര അല്‍പം പിന്നോട്ട് മാറ്റിയിട്ട് പിന്നിലുള്ളവര്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത വിധം സ്വഫ്ഫ് ഒപ്പിച്ചുതന്നെ നിന്ന് നമസ്‌കരിക്കുകയാണ് കരണീയം. ഇതേക്കുറിച്ച് പ്രമാണങ്ങളോ മുന്‍കാല ഇമാമുമാരുടെ പരാമര്‍ശങ്ങളോ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ചില ആധുനിക പണ്ഡിതന്മാര്‍ ഫത്‌വ നല്‍കിയിട്ടുമുണ്ട്.

കസേരയിട്ട് നമസ്‌കരിക്കുന്ന ഒന്നിലധികം പേരുണ്ടെങ്കില്‍ സ്വഫ്ഫുകളുടെ ഏതെങ്കിലും ഒരറ്റത്തോ, മൂലയിലോ ഇടം കണ്ടെത്തിയാല്‍ ഇടയില്‍വെച്ച് വരി മുറിയുന്ന അവസ്ഥ ഒഴിവാക്കാം. ആനുകൂല്യത്തിനര്‍ഹരായവരെ മറ്റുള്ളവര്‍ സഹായിക്കുകയാണ് വേണ്ടത്. തങ്ങള്‍ മറ്റുള്ളവരുടെ സുഗമമായ ആരാധനാനുഷ്ഠാനങ്ങള്‍ക്ക് തടസ്സവും പ്രയാസവും സൃഷ്ടിക്കുന്ന ശല്ല്യക്കാരാവാതിരിക്കാന്‍ ഇത്തരക്കാരും ശ്രദ്ധിക്കേണ്ടതാണ്. വാശിയും ദുര്‍വാശിയുമല്ല, ഈമാനും തഖ്‌വയുമാണ് ലക്ഷ്യം. അതാകട്ടെ വിട്ടുവീഴ്ചാ മനസ്സുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതുമാണല്ലോ. 

മഅ്മൂമിന്റെ ഫാതിഹ

ജഹ്ര്‍ (ശബ്ദമുയര്‍ത്തി ഓതുന്ന) നമസ്‌കാരങ്ങളില്‍ മഅ്മൂമിന് ഫാത്തിഹ ഓതല്‍ നിര്‍ബന്ധമില്ലേ? നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് ഇമാമിന്റെ ഫാത്തിഹ പാരായണത്തിനിടയില്‍ സ്വയം ഓതാന്‍ പറ്റുമോ? 

മഗ്‌രിബ്, ഇശാ, സുബ്ഹ് പോലെ ശബ്ദം കേള്‍പ്പിച്ച് ഓതുന്ന നമസ്‌കാരമാവട്ടെ, ദുഹ്ര്‍, അസ്വ്ര്‍ പോലെ ശബ്ദം താഴ്ത്തി ഓതുന്ന നമസ്‌കാരമാവട്ടെ, ഇമാമാകട്ടെ, മഅ്മൂമാകട്ടെ, ഒറ്റക്കാവട്ടെ സുറതുല്‍ ഫാതിഹ ഓതേണ്ടത് നിര്‍ബന്ധമാണെന്നും അതുകൂടാതെ നമസ്‌കാരം ശരിയാവുകയില്ലെന്നുമാണ് ശാഫിഈ മദ്ഹബിന്റെ വീക്ഷണം. ഹനഫികള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും ശാഫിഈ മദ്ഹബിന്റെ നിലപാടാണ് കൂടുതല്‍ പ്രബലമെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഉബാദതുബ്‌നു സ്വാമിതില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ അല്ലാഹുവിന്റെ റസൂല്‍ സുബ്ഹി നമസ്‌കരിച്ചപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പ്രയാസമുണ്ടായി. നമസ്‌കാരം കഴിഞ്ഞശേഷം അവിടുന്ന് ചോദിച്ചു: നിങ്ങള്‍ ഇമാമിന്റെ പിന്നില്‍ നിന്ന് ഓതുന്നതായി ഞാന്‍ അറിഞ്ഞു.'' ''അതേ റസൂലേ''- ഞങ്ങള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു: ''ഫാതിഹ ഓതാനല്ലാതെ നിങ്ങളങ്ങനെ ചെയ്യരുത്. എന്തുകൊണ്ടെന്നാല്‍ അത് ഓതാത്തവന് നമസ്‌കാരം ഇല്ലതന്നെ'' (തിര്‍മിദി: 311). ഇതുദ്ധരിച്ചശേഷം ഇമാം തിര്‍മിദി ഇങ്ങനെ രേഖപ്പെടുത്തി: ഇതാണ് ഏറ്റവും ശരിയായത്. ഇമാമിന്റെ പിന്നില്‍ നിന്ന് ഓതുന്ന വിഷയത്തില്‍ വന്ന ഈ ഹദീസിനെ അടിസ്ഥാനമാക്കി ഇമാമിന്റെ പിന്നില്‍ ഓതാമെന്ന വീക്ഷണമാണ് സ്വഹാബിമാരും താബിഉകളും ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം പണ്ഡിതന്മാരും സ്വീകരിച്ചിട്ടുള്ളത് (തിര്‍മിദി: ഇമാമിന്റെ പിന്നില്‍ നിന്നുള്ള പാരായണം എന്ന അധ്യായം).

മേല്‍ ഹദീസില്‍, ഇമാമിന്റെ പിന്നില്‍ മഅ്മൂമുകള്‍ ശബ്ദത്തില്‍ ഓതി ഇമാമിന്റെ പാരായണത്തിന് പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് തിരുമേനി ആവശ്യപ്പെടുന്നത്. മാത്രമല്ല, ഫാതിഹയുടെ കാര്യം ഇതിനപവാദമാണെന്നും വ്യക്തമാക്കിയിരിക്കുന്നു. അതിന്റെ കാരണവും അവിടുന്ന് തന്നെ വ്യക്തമാക്കുകയുണ്ടായി. അതായത് ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല എന്നതാണ് ആ കാരണം.

മറ്റൊരു ഹദീസ് കൂടി കാണുക: അനസ് (റ) പറയുകയാണ്: തിരുമേനി (സ) ഒരിക്കല്‍ സ്വഹാബിമാരോടൊപ്പം നമസ്‌കരിച്ചു. നമസ്‌കാരം നിര്‍വഹിച്ച ശേഷം അവരെ അഭിമുഖീരിച്ച് ഇങ്ങനെ ചോദിച്ചു: ''ഇമാം പാരായണം ചെയ്തുകൊണ്ടിരിക്കെ നിങ്ങളും നമസ്‌കാരത്തില്‍ ഓതാറുണ്ടോ?'' ആരും ഒന്നും മിണ്ടിയില്ല. തിരുമേനി വീണ്ടും മൂന്ന് പ്രാവശ്യം അതുതന്നെ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ''തീര്‍ച്ചയായും ഞങ്ങള്‍ അങ്ങനെ ചെയ്യാറുണ്ട്.'' അപ്പോള്‍ നബി പറഞ്ഞു: ''എങ്കില്‍ നിങ്ങളങ്ങനെ ചെയ്യരുത്, എന്നാല്‍ ഫാതിഹ അവനവന്‍ സ്വന്തം നിലക്ക് ഓതേണ്ടതാണ്'' (ബുഖാരി: ഇമാമിന്റെ പിന്നിലുള്ള പാരായണം എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചത്, ബൈഹഖി: 3040, ദാറഖുത്വ്‌നി: 1303). സ്വന്തം നിലക്ക് ഓതുക എന്നതിന്റെ താല്‍പര്യം ശബ്ദമില്ലാതെ ഓതുക എന്നതാണ് (ഇമാം നവവി, ശറഹു മുസ്‌ലിം: 2/128).

ഇമാമിന്റെ പാരായണം തന്നെ മഅ്മൂമിനും മതിയാകുന്നതാണ് എന്ന് കുറിക്കുന്ന ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയൊന്നും തെളിവിന് മതിയാകുന്നവയല്ലെന്നാണ് പണ്ഡിത മതം. അതുപോലെ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ മൗനം ദീക്ഷിക്കുകയും, ശ്രദ്ധിച്ച് ശ്രവിക്കുകയും ചെയ്യണമെന്ന ആശയം കുറിക്കുന്ന ആയത്താകട്ടെ ഫാതിഹക്ക് ബാധകവുമല്ല. അതുകൊണ്ടാണല്ലോ ഉപരിസൂചിത ഹദീസില്‍ ഫാതിഹ ഒഴികെ എന്ന് പ്രത്യേകം നബിതിരുമേനി(സ) ഉണര്‍ത്തിയത്.  

ചുരുക്കത്തില്‍ ഇമാം ഉറക്കെ ഓതുന്ന വേളകളില്‍ മഅ്മൂമുകള്‍ ഒന്നുകില്‍ ഇമാമിനോടൊപ്പം ശബ്ദമില്ലാതെ, ഇമാമിനെ മുന്‍കടക്കാതെ ഫാതിഹ ഓതുക; അല്ലെങ്കില്‍ ഇമാം ഫാതിഹ ഓതിക്കഴിഞ്ഞ ഉടനെ ഓതുക. അപ്പോഴേക്കും ഇമാം സൂറത്ത് ഓതി തുടങ്ങിയെന്ന് വെച്ച് കുഴപ്പമില്ല. കാരണം ഫാതിഹ ഓതാന്‍ അത്രയൊന്നും നേരം വേണ്ടതില്ല. ഏതായാലും ഫാതിഹ ഓതുക എന്നതിന് തന്നെയാണ് മുന്‍ഗണന. ഇമാം ഖത്വാബിയും അക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട് (ഇതുസംബന്ധമായി കൂടുതല്‍ വിശദീകരണത്തിന് തുഹ്ഫതുല്‍ അഹ്‌വദി: 1/340,341 നോക്കുക).

സ്വുബ്ഹി കഴിഞ്ഞ് ഉറങ്ങുന്നതിന് എന്തെങ്കിലും വിലക്കുണ്ടോ? ചില രാജ്യങ്ങളിലെ ഉദയാസ്തമയ സമയമനുസരിച്ച് വളരെ നേരത്തെ സ്വുബ്ഹി ആവുമ്പോള്‍ ആവശ്യമായ വിശ്രമം കിട്ടാന്‍ വീണ്ടും ഉറങ്ങേണ്ടി വരുമല്ലോ?

മറ്റൊരു ചോദ്യം കൂടി: അസ്വ്ര്‍ നമസ്‌കാരശേഷം ഉറങ്ങുന്നതിന് എന്തെങ്കിലും വിലക്കുണ്ടോ? ഈ ഉറക്കവും ശാരീരികാവശ്യമായി കാണാമോ? 

സ്വുബ്ഹി നമസ്‌കരിച്ച ശേഷം ഉറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഒരു നിര്‍ദ്ദേശവും ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നിട്ടില്ല. ചില ഹദീസുകള്‍ അത് വിലക്കിക്കൊണ്ട് വന്നതായി ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും അവയൊന്നും തന്നെ തെളിവിന് കൊള്ളുന്നവയല്ല. വ്യാജ നിര്‍മിതമോ, പറ്റെ ദുര്‍ബലമോ ആയതാണ് അതെല്ലാം തന്നെ. 

എന്നാല്‍ പുലര്‍ക്കാലം ഏറ്റവും അനുഗ്രഹീത സമയങ്ങളില്‍ പെട്ടതാണെന്നതില്‍ തര്‍ക്കമില്ല. പുലര്‍ക്കാലം ബറക്കത്തുള്ളതാക്കി കൊടുക്കേണമേ എന്ന് നബി(സ) പ്രാര്‍ഥിച്ചതായി സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. 

സഖ്ര്‍ അല്‍ ഗാമിദിയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ പറയുകയുണ്ടായി: അല്ലാഹുവേ, എന്റെ സമുദായത്തിന് അവരുടെ പുലര്‍ക്കാലത്ത് അനുഗ്രഹം ചൊരിയേണമേ.'' നബി സൈന്യത്തെയോ മറ്റോ അയക്കുകയാണെങ്കില്‍ നേരത്തേ കാലത്തേ അയക്കുകയായിരുന്നു പതിവ്. ഇത് നിവേദനം ചെയ്ത സഖ്ര്‍ ഒരു വ്യാപാരിയായിരുന്നു. അദ്ദേഹം പ്രഭാതത്തില്‍ തന്നെ തന്റെ കച്ചവടം ആരംഭിക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന് അഭിവൃദ്ധി ഉണ്ടാവുകയും സമ്പന്നനായി തീരുകയും ചെയ്തു (അഹ്മദ്: 15443, അബൂ ദാവൂദ്: 2606, തിര്‍മിദി: 1212).

സ്വഹാബിയായ സുബൈര്‍ (റ) സ്വുബ്ഹിക്ക് ശേഷം ഉറങ്ങുന്നതില്‍ നിന്ന് മക്കളെ തടയുമായിരുന്നു. അത് ശീലമാക്കിയ ഞങ്ങള്‍ക്ക് ആരെങ്കിലും സ്വുബ്ഹി കഴിഞ്ഞ് ഉറങ്ങുന്നു എന്ന് കേള്‍ക്കുന്നത് അരോചകമായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ ഉര്‍വതുബ്‌നു സുബൈര്‍ പറയുന്നു (മുസ്വന്നഫ് അബീ ശൈബ: 2/222).

എന്നാല്‍ സ്വുബ്ഹിക്ക് ശേഷം മയങ്ങുന്ന സ്വഹാബിമാരും ഉണ്ടായിരുന്നു. അലി യസീദില്‍ മദീനി പറയുന്നു: ഒരു ദിവസം പ്രഭാതത്തില്‍ ഉമര്‍ (റ) സുഹൈബിന്റെ അടുത്ത് ചെന്നു. നോക്കുമ്പോള്‍ അദ്ദേഹം സ്വുബ്ഹിക്ക് ശേഷം ഉറങ്ങുകയായിരുന്നു. അദ്ദേഹം ഉണരുവോളം ഉമര്‍ അവിടെ കാത്തിരുന്നു. എണീറ്റപ്പോള്‍ സുഹൈബ് അതിശയത്തോടെ പറഞ്ഞു: ''അമീറുല്‍ മുഅ്മിനീന്‍ കുത്തിയിരിക്കുക, സുഹൈബ് ഉറങ്ങുക!'' അന്നേരം ഉമര്‍ (റ) പറഞ്ഞു: ''താങ്കള്‍ സുഖ സുഷുപ്തിയിലായിരിക്കെ താങ്കളുടെ ഉറക്കം കെടുത്താന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു'' (മുസ്വന്നഫ് അബീ ശൈബ: 5/223).

സമ്മാക്കില്‍ നിന്ന് നിവേദനം. അദ്ദേഹം ജാബിറുബ്‌നു സമുറയോട് ചോദിച്ചു: സ്വുബ്ഹി നമസ്‌കരിച്ചാല്‍ പിന്നെ നബി എന്താണ് ചെയ്തിരുന്നത്? അദ്ദേഹം പറഞ്ഞു: സൂര്യനുദിക്കുവോളം നമസ്‌കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു (മുസ്‌ലിം: 1557, ഇബ്‌നു ഖുസൈമ: 757).

ഇതായിരുന്ന നബി ചര്യ. അതുപക്ഷെ അങ്ങനെ എല്ലാവരും ചെയ്യണമെന്നോ, അങ്ങനെയല്ലാതെ ചെയ്യാന്‍ പാടില്ല എന്നോ കുറിക്കുന്നില്ല; പിന്‍പറ്റാന്‍ ഏറ്റവും ഉത്തമ മാതൃക നബി ചര്യയാണെന്നതില്‍ സംശയമില്ലെങ്കിലും.

ഉറക്കവും വിശ്രമവുമെല്ലാം കഴിഞ്ഞ് എഴുന്നേറ്റ് നമസ്‌കാരവും പ്രാര്‍ഥനകളുമെല്ലാം നിര്‍വഹിച്ച് ഉന്മേഷത്തോടെ ഒരു ദിവസം ആരംഭിക്കുന്നതും ആ ഉന്മേഷത്തോടെ പഠനത്തിനായാലും ജോലിക്കായാലും ഇറങ്ങിത്തിരിക്കുന്നതും തന്നെയാണ് ഉത്തമമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല.

ഇവിടെ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. വളരെ വൈകി ഉറങ്ങുകയും വളരെ നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യുന്നവര്‍ക്ക് ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ ഉന്മേഷത്തിന് പകരം ക്ഷീണമായിരിക്കും അനുഭവപ്പെടുക. അത്തരക്കാര്‍ അല്‍പം ഉറങ്ങുന്നത് ഗുണകരമായിരിക്കും. വിശിഷ്യ മൂന്നുമണിക്കൊക്കെ സ്വുബ്ഹി ബാങ്ക് കൊടുക്കുന്ന ചില ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം പ്രവൃത്തി സമയമാരംഭിക്കുകയുള്ളൂ. രാത്രി നേരത്തേ കിടക്കുകയും ആവശ്യത്തിന് ഉറക്കം കിട്ടുകയും ചെയ്തവര്‍ വീണ്ടും ഉറങ്ങുന്നത് ആലസ്യത്തിലേക്ക് നയിക്കും. രാത്രി ഭക്ഷണം നേരത്തേ കഴിച്ച്, ഇശാ നമസ്‌കാരം കഴിഞ്ഞയുടനെ ഉറങ്ങുക എന്നതായിരുന്നു നബിയുടെ ശീലം. അതുപക്ഷേ, എല്ലാവരും നിര്‍ബന്ധമായും കണിശതയോടെ അങ്ങനെ തന്നെ ചെയ്യണം എന്ന് വാദിക്കാനാവില്ല. ശ്രേഷ്ഠമായ ശീലം അതാണ് എന്നേയുള്ളൂ. 

അസ്വ്‌റിന് ശേഷം ഉറങ്ങുന്നത് വിലക്കുന്ന പ്രാമാണികമായ തെളിവുകളൊന്നും തന്നെയില്ല. 'ഒരാള്‍ അസ്വ്‌റിന് ശേഷം ഉറങ്ങുകയും തത്ഫലമായി തന്റെ ബുദ്ധിക്ക് ഭ്രമം സംഭവിക്കുകയും ചെയ്‌തെങ്കില്‍ അവര്‍ അവനെത്തന്നെയല്ലാതെ മറ്റാരെയും പഴിക്കേണ്ടതില്ല' എന്ന ഹദീസ് വ്യാജനിര്‍മിതമാണ്. കള്ള ഹദീസുകളുടെ കൂട്ടത്തിലാണ് ഇത് ഉള്‍പ്പെടുക ( അല്‍ മൗളൂആത്ത്: ഇബ്‌നുല്‍ ജൗസി: 3/69). സില്‍സിലതുല്‍ അഹാദീസുദ്ദഈഫ എന്ന അല്‍ബാനിയുടെ ഗ്രന്ഥത്തിലും ഇത് ദുര്‍ബലമായ ഹദീസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (1/112,നമ്പര്‍: 39).  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍