ഐസിസ് ആരുടെ സൃഷ്ടി
ഐസിസ് ആരുടെ സൃഷ്ടി
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാകെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഐസിസിനെക്കുറിച്ച് അശ്‌റഫ് കീഴുപറമ്പ് ഏഴു ലക്കങ്ങളിലായി എഴുതിയ പഠന പരമ്പര വായിച്ചപ്പോള്‍ തോന്നിയ ചില വിചാരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന പേരുവെച്ച് ഇക്കൂട്ടര്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നു. അറബ് സമൂഹത്തില്‍ ദാഇശ് എന്നും പേരുള്ള ഈ സംഘത്തിന്റെ കിരാത കൃത്യങ്ങള്‍ക്കു മുമ്പില്‍ ലോകം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര, ഇവ്വിഷയകമായുള്ള തെറ്റിദ്ധാരണകളും ആശയ കാലുഷ്യങ്ങളും ഒട്ടൊക്കെ മാറിക്കിട്ടാന്‍ പര്യാപ്തം തന്നെ.
ഐസിസ് ആരുടെ സൃഷ്ടി എന്നത് വ്യക്തമാകാന്‍, അവരുടെ ദുഷ്‌ചെയ്തികളുടെ ഗുണഭോക്താക്കള്‍ ആര് എന്നു നോക്കിയാല്‍ മതിയാകും. ഏതായാലും ഇസ്‌ലാമിക ലോകത്തിന് ഇവരുടെ പ്രവൃത്തികള്‍കൊണ്ട് മെച്ചമൊന്നുമില്ല. സഹിക്കേണ്ടിവരുന്ന പഴികളും നഷ്ടങ്ങളും ഒട്ടേറെയുണ്ട്താനും. പേര് ഇസ്‌ലാമിന്റേത്. അതിന്റെ പേരില്‍, പക്ഷേ ഇവര്‍ കൊന്നുതള്ളുന്നതൊക്കെയും മുസ്‌ലിംകളെ. ആക്രമിക്കുന്നതോ, മുസ്‌ലിംകള്‍ പ്രാര്‍ഥനക്കെത്തുന്ന മസ്ജിദുകള്‍ തെരഞ്ഞുപിടിച്ചും! മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുടനീളം ആയിരക്കണക്കിന് മുസ്‌ലിം പുരുഷന്മാര്‍, ഉമ്മ പെങ്ങന്മാര്‍, പിഞ്ചു പൈതങ്ങള്‍ ദാരുണമായി കൊല്ലപ്പെടുന്നു, മുസ്‌ലിം പാര്‍പ്പിടങ്ങള്‍, വസ്തുവഹകള്‍, വ്യാപാരകേന്ദ്രങ്ങള്‍, ആന്തര ഘടനകള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു, കൊള്ളയടിക്കപ്പെടുന്നു, പൈതൃകങ്ങള്‍ നശിപ്പിക്കപ്പെടുന്നു. സര്‍വോപരി, ഇന്ന് ലോകം ഏറെ വ്യാകുലമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം കൂട്ട പലായനങ്ങള്‍, വിഹ്വലമായ അഭയാര്‍ഥി വിലാപങ്ങള്‍... ശാന്തി ദൂതുമായിവന്ന പുണ്യ പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ വിശുദ്ധ ഭൂമികളില്‍നിന്നാണ്, രക്ഷയില്ലാതെ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീജനങ്ങള്‍ക്കു പോലും ജീവനുംകൊണ്ട് ഓടിപ്പോകേണ്ടിവരുന്നതെന്നോര്‍ക്കണം.
ഈ നെട്ടോട്ടത്തിനിടയില്‍, കടലില്‍ മുങ്ങിയ ഐലാന്‍ കുര്‍ദി എന്ന സിറിയന്‍ അഭയാര്‍ഥിക്കുരുന്നിന്റെ ചേതനയറ്റ പിഞ്ചുടല്‍ തുര്‍ക്കി തീരത്തടിഞ്ഞത് ഈയിടെ ലോകത്തെ കണ്ണീരിലാഴ്ത്തി. അരുമ മക്കളെ നഷ്ടപ്പെട്ട പിതാവ് അബ്ദുല്ല കുര്‍ദിയുടെ വിതുമ്പുന്ന വാക്കുകള്‍: ''എനിക്കിനി ലോകത്ത് യാതൊന്നും വേണ്ട. സിറിയയില്‍ ഐസിസും കുര്‍ദ് പോരാളികളും വിതയ്ക്കുന്ന ഈ കൊടിയ ദുരന്തം ഒന്നവസാനിച്ചുകിട്ടിയാല്‍ മാത്രം മതി'' (Saudi Gazette, September, 05-2015). ഏറെ ദുരിതം സഹിച്ച്, കടലും കരയും താണ്ടി യൂറോപ്യന്‍ രാജ്യങ്ങളിലെത്തിപ്പെടുന്ന ഈ അഭയാര്‍ഥികളില്‍ പലരും ഇസ്‌ലാം ഉപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേരാന്‍ ചര്‍ച്ചുകള്‍ക്കുമുമ്പില്‍ ക്യൂ നില്‍ക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ (05-09-2015 ഓണ്‍ ലൈന്‍ എഡിഷന്‍) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ചുരുക്കത്തില്‍, അറബ് മുസ്‌ലിം രാജ്യങ്ങളിലെങ്ങും കൂട്ട നരഹത്യകളും കുഴപ്പങ്ങളും ആഭ്യന്തര കലാപങ്ങളും സര്‍വത്ര വിനാശവും മാത്രമാണ് 'ഇസ്‌ലാമിക് സ്റ്റേറ്റ്' വിതച്ചുകൊണ്ടിരിക്കുന്നത്. ഈ ഭീകര യാഥാര്‍ഥ്യം തിരിച്ചറിയുന്ന ആരെങ്കിലും ഇസ്രയേലിന്റെ സന്തതിയാണ് ഈ 'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്നു പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല.
മിഡില്‍ ഈസ്റ്റിലെ പ്രസിദ്ധ കോളമിസ്റ്റ് ഐജാസ് സാകാ സെയ്ദ് സുഊദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസില്‍ 'ദാഇശ് ആരുടെ സന്തതി?' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം ഐസിസിന്റെ പല പിന്നാമ്പുറ രഹസ്യങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഐസിസിന്റെ കടന്നുവരവ്. അബൂബക്കര്‍ ബഗ്ദാദി സയണിസ്റ്റാണ് എന്ന് അറബ് ലോകത്ത് പലരും സംശയിക്കുന്നു. അങ്ങനെയല്ല എന്നുവന്നാലും മൊസാദിന്റെ മുദ്രകള്‍ ഈ സന്തതിയില്‍ പ്രകടമാണ് എന്ന് ലേഖകന്‍ വിലയിരുത്തുന്നു.
അശ്‌റഫ് കീഴുപറമ്പ് നിരീക്ഷിക്കുന്നതുപോലെ, തങ്ങളല്ലാത്ത മുസ്‌ലിം കൂട്ടായ്മകളെയും ഭരണകൂടങ്ങളെയുമൊക്കെ 'കുഫ്ര്‍' മുദ്ര ചാര്‍ത്തി ആദ്യം വകവരുത്തുക എന്ന പദ്ധതിയുടെ ഭാഗവുമാകാം, മിഡില്‍ ഈസ്റ്റില്‍ ഐസിസിന്റെ ഈ നരനായാട്ട്. ഏതായാലും ക്രൂരമായ കൂട്ടക്കൊലകളിലൂടെയും കാട്ടുനീതികളിലൂടെയും പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലമായ യൂഫ്രട്ടീസിന്റെ തീരങ്ങളെ കാട്ടാനക്കൂട്ടമിറങ്ങിയ കരിമ്പിന്‍തോട്ടംപോലെ ചവിട്ടിമെതിച്ച് ചണ്ടിയാക്കി ചവച്ചുതുപ്പുകയാണ് ഈ കിരാത വര്‍ഗം. ഓര്‍ത്തു നോക്കൂ, ഇസ്‌ലാമിന്റെ പുണ്യഭൂമികളിലെ ഈ ഭീകര താണ്ഡവംകൊണ്ട് ആര്‍ക്കാണു നേട്ടം?
മതപരമല്ല, രാഷ്ട്രീയ മാനങ്ങളാണ് ഐസിസിന്റെ പിറവിക്കു പിന്നിലുള്ളതെന്ന അശ്‌റഫ് കീഴുപറമ്പിന്റെ വിലയിരുത്തല്‍ ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. ഐസിസിന്റെ കടന്നുവരവിന് പശ്ചാത്തലമായ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും നൂറുക്കണക്കിന് പോരാട്ട വിഭാഗങ്ങളുടെ അണിയറ രഹസ്യങ്ങളിലേക്കും നേതാക്കളുടെ ജീവിതത്തിലേക്കുമൊക്കെ വെളിച്ചം വീശുന്ന സൂക്ഷ്മ നിരീക്ഷണമാണ് ലേഖന പരമ്പര വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
മുഹമ്മദ് കുട്ടി എളമ്പിലാക്കോട് ജിദ്ദ
പരസ്പര സ്‌നേഹംകൊണ്ട് ആകര്‍ഷകമാകട്ടെ ജീവിതം
ഡോ. ജാസിമുല്‍ മുത്വവ്വയുടെ 'ജീവിതം എന്തുകൊണ്ട് ആകര്‍ഷകമാക്കിക്കൂടാ' എന്ന ലേഖനം (ലക്കം 2917) വായിച്ചു. അന്യോന്യം ആകര്‍ഷണം തോന്നുന്ന ജീവിതം ദാമ്പത്യ ജീവിതമാണ്. ദാമ്പത്യ ജീവിതം മധുരോദാരമായ അനുഭവവും അനുഭൂതിയുമാക്കി മാറ്റാന്‍ ദമ്പതികള്‍ ഒരുമിച്ചു പരിശ്രമിക്കേണ്ടതുണ്ട്. പരസ്പരം സ്‌നേഹവും സഹകരണവും ഒപ്പം ആകര്‍ഷണവും ഇരുവരിലും ഉണ്ടായിരിക്കണം. ലജ്ജയും കുറച്ചിലുമൊന്നും ഇണകളില്‍ പരസ്പരം ഉണ്ടാവേണ്ടതില്ലല്ലോ. ഏതൊരവസ്ഥയിലും തന്റെ ഇണയുടെ ഇംഗിതത്തിനു വഴങ്ങുന്നവളാണല്ലോ ഇണ. 'നിങ്ങള്‍ അവരുടെയും അവര്‍ നിങ്ങളുടെയും വസ്ത്രങ്ങളാണെ'ന്ന് പറഞ്ഞതിന്റെ സാരം വസ്ത്രത്തിന്റെയും ശരീരത്തിന്റെയും ഇടയില്‍ മറ്റൊരു മറയില്ല എന്നത് കൊണ്ടാണ്. പക്ഷേ, ചിലരുണ്ട്; എത്ര ആത്മാര്‍ഥമായി സ്‌നേഹിച്ചാലും അവരുടെ ഹൃദയങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഒരു നിശ്ചിത അകലം പാലിക്കുന്നവര്‍. അതിനിപ്പുറത്തേ ഇണകള്‍ക്ക് പോലും സ്ഥാനമുണ്ടാവുകയുള്ളൂ. പൊരുത്തപ്പെടാന്‍ കഴിയാത്ത പല കാര്യങ്ങളും ഇണകള്‍ക്കിടയില്‍ ഉണ്ടാവാം. അതെല്ലാം പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ടായിരിക്കാം. എന്നിട്ടും അവര്‍ തമ്മിലെ പരാതികള്‍ തീരുന്നില്ലല്ലോ. ഇണകള്‍ തങ്ങളുടെ ആനന്ദവേളകള്‍ ആഘോഷമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ദാമ്പത്യ ജീവിതം വിജയകരവും സന്തോഷപ്രദവുമാവുക.
ഫൗസിയ ശരീഫ് വരോട്, ഒറ്റപ്പാലം
ഗ്രാമസഭകളുടെ പ്രസക്തി
ലക്ഷ്യം നഷ്ടപ്പെടുന്ന ഗ്രാമസഭകളെക്കുറിച്ചുള്ള ലേഖനം (ലക്കം 2920) ശ്രദ്ധേയമായി. രാജ്യത്തിന്റെ പുരോഗതിയും വികസനവും ഗ്രാമാന്തരങ്ങളിലൂടെയാകണമെന്നത് ഗാന്ധിജിയുടെ ഒരു സ്വപ്നമായിരുന്നു. എന്നാല്‍, ആ സ്വപ്നം ഇന്നും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങളില്‍ ഭൂരിഭാഗം പേരും ഇന്നും കിടപ്പാടം പോലും ഇല്ലാത്തവരാണ്.
മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ഗ്രാമസഭകള്‍ക്ക് കഴിയുമോ? ഒരുപാട് നീറുന്ന പ്രശ്‌നങ്ങള്‍ ഓരോ മേഖലയിലും നടമാടുന്നുണ്ട്. എല്ലാം പൊതുജനങ്ങളെ ബാധിക്കുന്നവ തന്നെയാണ്; പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ജനങ്ങളെ.
വികസനം ജനനന്മക്കുതകുന്നതാകണം. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ വികസനം പുറകോട്ടായിരിക്കും സഞ്ചരിക്കുക. സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് വികസനത്തിന്റെ അടിത്തറ. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നിന്ന് പല പദ്ധതികളും ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും അവ പ്രയോജനപ്രദമായ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അവ കിട്ടേണ്ടവര്‍ക്ക് കിട്ടുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണം. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ പ്രത്യേകം പരിഗണിക്കുകയും വേണം. ഗ്രാമങ്ങളുടെ വികസനം പൊതുജന കൂട്ടായ്മയിലൂടെ മാത്രമേ യാഥാര്‍ഥ്യമാക്കാനാവുകയുള്ളൂ.
ആചാരി തിരുവത്ര ചാവക്കാട്
നിര്‍ഭാഗ്യവാന്മാര്‍ അധിവസിക്കുന്ന
ആധുനികഇന്ത്യ
ജെയിംസ് ഫ്രീമാന്‍ ക്ലര്‍ക്കിന്റെ പ്രശസ്തമായ ഒരു വാക്യം ഇങ്ങനെയാണ്: ''രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ്; എന്നാല്‍ രാജ്യഭരണ തന്ത്രജ്ഞര്‍ ചിന്തിക്കുന്നത് വരും തലമുറയെക്കുറിച്ചുമാണ്.'' ഇന്ത്യയിലിന്ന് കേവലം രാഷ്ട്രീയക്കാരാണുള്ളത്. രാജ്യഭരണ തന്ത്രജ്ഞര്‍ ഇല്ലതന്നെ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മന്ത്രിസഭയും അതിന് നേതൃത്വം നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവും ചിന്തിച്ചത് ഭാവി തലമുറയുടെ നിലനില്‍പിനും രാജ്യ പുരോഗതിക്കും വേണ്ടിയായിരുന്നു. എന്നാല്‍ ഇന്നത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ ജയിക്കാം എന്നു മാത്രമാണ് ചിന്തിക്കുന്നത്. അതിനുള്ള അന്തരീക്ഷം അവര്‍ സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നു. അത് ഒരാളെയോ ഒരു സമൂഹത്തെയോ ഒരു പ്രദേശത്തെയോ ഇല്ലായ്മ ചെയ്തിട്ടാണെങ്കിലും ശരി.
ഒരു അക്രമം നടക്കുന്നത് തെറ്റോ ശരിയോ എന്ന് പോലീസിനും കോടതിക്കും മുമ്പ് ചില ആള്‍ക്കൂട്ടങ്ങള്‍ 'മതം' നോക്കി വിധികല്‍പിക്കുന്ന അവസ്ഥ നീതിപീഠത്തിന് വെല്ലുവിളിയുയര്‍ത്തുന്നതും അവയെ കൊഞ്ഞനം കുത്തുന്നതുമായ പ്രവര്‍ത്തനങ്ങളാണ്. ഇത് ഒരിക്കലും ഹിന്ദുമത സംസ്‌കാരമല്ല. കാരണം ഹിംസയെ ഹിന്ദുമതമെന്നല്ല ഒരു മതവും അംഗീകരിക്കുന്നില്ല. മാത്രവുമല്ല, ഹിംസയെ നഖശിഖാന്തം എതിര്‍ക്കുകയെന്നതാണ് എല്ലാ മതങ്ങളുടെയും കാതല്‍. പിന്നെ നാമെങ്ങനെ അക്രമത്തെ ന്യായീകരിക്കും, പ്രോത്സാഹിപ്പിക്കും? അതും ഹിന്ദുമതത്തിന്റെ അക്കൗണ്ടില്‍!
ഇവിടെ ജനങ്ങളില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുപാകി മുളപ്പിക്കുന്നത് ഹിന്ദുമതത്തിന്റെ സന്യാസിമാരോ ആചാര്യന്മാരോ അല്ലെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അധികാരത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ ചെയ്യുന്ന സൂത്രപ്പണികളാണ് ഇതെല്ലാം. മതത്തിന്റെ ചില ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തി മതത്തിന്റെ പേരില്‍ കാര്യങ്ങള്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഈ കെണിയില്‍ കുറെ ജനങ്ങളെയും ആസൂത്രിതമായി തള്ളിയിടും. തുടക്കമിടുന്നത് രാഷ്ട്രീയക്കാരാണെങ്കിലും അതേറ്റുപിടിക്കുന്നതും പ്രചാരണം കൊടുക്കുന്നതും മതത്തിന്റെ പേരില്‍ ഒരു ജനക്കൂട്ടമായിരിക്കും.
ഒരു മതത്തില്‍ ചെയ്യാന്‍ പറ്റുന്നത് ചിലപ്പോള്‍ മറ്റു മതങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്തതായിരിക്കും. ഇന്ത്യയില്‍ എത്രയോ ആളുകള്‍ പന്നി മാംസം ഭക്ഷിക്കുന്നു. പന്നി മാംസം മുസ്‌ലിംകള്‍ക്ക് നിഷിദ്ധമായതുകൊണ്ട് ഇന്ത്യയില്‍ ആരും തന്നെ പന്നി മാംസം ഭക്ഷിക്കരുതെന്ന് ഇന്ത്യന്‍ ഭരണകൂടത്തിന് പറയാന്‍ പറ്റുമോ?
വിദേശികളായ വെള്ളക്കാരുടെ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രം ഒരു പടി കൂടി കടന്ന് 'ഭിന്നിപ്പിച്ചും ആക്രമിച്ചും ഭരിക്കുക' എന്നാക്കി മാറ്റിയ സ്വദേശി ഭരണകൂടമാണ് നമുക്കുള്ളതെന്ന് ഓരോ ഭാരതീയന്റെ മനസ്സിനെയും വേദനിപ്പിക്കുന്നതാണ്. ഈ ഗൂഢതന്ത്രത്തിന് കുറച്ചാളുകളുടെ പിന്തുണ ഉണ്ടാകുമെങ്കിലും ഇന്ത്യക്കാരില്‍ ഭൂരിപക്ഷം പേരും എതിരാണെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ ആസൂത്രിതമായി എതിര്‍ത്ത് തോല്‍പിച്ചാണ് ഇന്ത്യയെ അന്നത്തെ ഭരണതന്ത്രജ്ഞര്‍ മുന്നോട്ട് നയിച്ചത്. പക്ഷേ, ഇന്നത്തെ രാഷ്ട്രീയ നേതൃത്വം അധികാരം നേടാന്‍ തീ കൊണ്ട് കളിക്കുകയാണ്. ഈ തീ ആളിപ്പടര്‍ന്നാല്‍ ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥിക്കൂട്ടം നമ്മുടേതാകും.
നാസര്‍ വലമ്പൂര്‍
Comments