Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

അന്വേഷണങ്ങള്‍ വഴിമുട്ടുമ്പോള്‍

അബ്ബാസ് എ. റോഡുവിള /പ്രതികരണം

       ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് മനുഷ്യനാണ്. അത്ഭുതകരമായ സര്‍ഗ പ്രതിഭ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവന്‍. മനുഷ്യനെ രൂപകല്‍പന ചെയ്ത ശേഷം സ്രഷ്ടാവ് തന്റെ സവിശേഷമായ ചൈതന്യത്തിന്റെ ഒരംശം അവനില്‍ സന്നിവേശിപ്പിച്ചുവെന്ന് വേദഗ്രന്ഥം പറയുന്നുണ്ട്. ഈ സവിശേഷതയാവാം മനുഷ്യനെ അനന്തമായ കണ്ടെത്തലുകള്‍ക്ക് പ്രാപ്തനാക്കുന്നത്.

എന്നാല്‍, മനുഷ്യന്റെ അനന്തമായ കണ്ടെത്തലുകളുടെ തുടര്‍ച്ചയിലും ഉത്തരം ലഭിക്കേണ്ട ചില മൗലിക ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. ആരാണ് മനുഷ്യന്‍? എന്താണ് മനുഷ്യ ജീവിതം? ജീവിതത്തിന്റെ ലക്ഷ്യവും പരിണാമവും എന്ത്? ഈ ചോദ്യങ്ങള്‍ക്ക് കണിശമായ ഉത്തരങ്ങള്‍ ഒരു ദാര്‍ശനികനില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കപ്പെട്ട വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമാണല്ലോ വ്യത്യസ്ത ദര്‍ശനങ്ങളായി നമ്മുടെ മുമ്പിലുള്ളത്. സോക്രട്ടീസ് മുതല്‍ ചാര്‍വാകന്‍ വരെയും ദക്കാര്‍ത്തെ മുതല്‍ ഫൊയര്‍ബാഹ് വരെയുള്ള തത്ത്വചിന്തകരുടെ ഒരു നീണ്ട നിരയുണ്ട്. ജീവിതമെന്ത് എന്ന മൗലിക ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ഇതുവരെ ആരും നല്‍കിയിട്ടില്ല. അത് ഒരു പ്രഹേളികയായി തുടരുന്നു.

19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമൂഹിക വിപ്ലവ ദര്‍ശനമായി അറിയപ്പെടുന്ന മാര്‍ക്‌സിസം, മനുഷ്യ വിമോചനത്തിന്റെയും സാമൂഹിക വിപ്ലവത്തിന്റെയും മാര്‍ഗമെന്ന നിലയില്‍ സമൂഹത്തില്‍ അനല്‍പമായ പ്രതീക്ഷ വളര്‍ത്തിയിരുന്നു. ഈ ദര്‍ശനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രത്യയശാസ്ത്ര വിശാരദനും ബുദ്ധിജീവിയുമായിരുന്നു എം.പി പരമേശ്വരന്‍. ബോംബെയിലെ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ആ സ്ഥാനം രാജിവെച്ച് താന്‍ വിശ്വാസം അര്‍പ്പിച്ച പ്രസ്ഥാനത്തിന് വേണ്ടി മോസ്‌കോയില്‍ പോവുകയും പി.എച്ച്.ഡി സമ്പാദിക്കുകയും ചെയ്തു. മോസ്‌കോയില്‍ ആയിരിക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിലെ പാളിച്ചകളെക്കുറിച്ച് ചില ആശങ്കകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 1960-കളില്‍ സോവിയറ്റ് റഷ്യയില്‍ പ്രകടമായിക്കൊണ്ടിരുന്ന അനഭിലഷണീയമായ പ്രവണതകളെ അദ്ദേഹം എടുത്തു കാട്ടുന്നുണ്ട്.

പഠനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി തന്റെ സകല കഴിവുകളും വിനിയോഗിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങളുടെ പോക്ക് എന്ന് മനസ്സിലായി. പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് തന്നെ ഒരു മാറ്റത്തിന് വേണ്ടി അദ്ദേഹം ശ്രമിച്ചിരുന്നു. ഇനി മുന്നോട്ട് പോകണമെങ്കില്‍ മാര്‍ക്‌സിസത്തില്‍ പുതിയ ചിന്തകളും കൂട്ടിച്ചേര്‍ക്കലുകളും അനിവാര്യമാണെന്ന് അദ്ദേഹം കണ്ടെത്തി. അത് തന്റെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും പ്രസ്ഥാനത്തിനുള്ളില്‍ ചര്‍ച്ചയാക്കുകയും ചെയ്തു. നിലവിലുള്ള ദേശീയ, സാര്‍വദേശീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് 'പുതിയൊരിന്ത്യ, പുതിയൊരു ലോകം' എന്ന ആശയം അദ്ദേഹം മുന്നോട്ടു വെച്ചു. ഈ ആശയത്തിന്റെ വിപുലീകൃത രൂപമാണ് 'നാലാം ലോകം' എന്ന അദ്ദേഹത്തിന്റെ സങ്കല്‍പം. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ:

മാര്‍ക്‌സിസം എന്ന ഭൗതിക ദര്‍ശനത്തിന് ആത്മീയ മൂല്യങ്ങളുടെ അടിത്തറ കൂടി വേണം. കേവലം ഭൗതിക ദര്‍ശനം കൊണ്ട് മാത്രം മനുഷ്യന് ഗുണപരമായ ജീവിതം സാധ്യമല്ല. ഭൗതിക ജീവിത ഗുണതയും ആത്മീയ ജീവിത ഗുണതയും സമന്വയിക്കണം. പ്രതീക്ഷിത വയസ്സ്, സാക്ഷരത, ആളോഹരി വരുമാനം, ആളോഹരി വൈദ്യുതി ഉപയോഗം, ആളോഹരി ഉരുക്ക്-കടലാസ് ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭൗതിക ജീവിത ഗുണതയെ അളക്കാം. ആത്മഹത്യാ നിരക്ക്, കൊലപാതക നിരക്ക്, പൊതു കുറ്റകൃത്യ നിരക്ക്, കലാപ നിരക്ക്, ശിശു അധ്വാന നിരക്ക്, തൊഴില്‍ വിമുഖത, ലഹരി വസ്തുക്കളുടെ ഉപയോഗ നിരക്ക്, പട്ടാളം-പോലീസ് എന്നിവയുടെ ചെലവ് തുടങ്ങിയ കാര്യങ്ങള്‍ ഏതാണ്ട് ഇല്ലാതാവുകയോ പൂജ്യത്തോടടുക്കുകയോ ചെയ്താല്‍ ആത്മീയ ജീവിത ഗുണത ഉയര്‍ന്നതാണെന്ന് പറയാം. മനുഷ്യനെ സംബന്ധിച്ചേടത്തോളം ഭൗതിക ജീവിത ഗുണത മാത്രം പോരാ, ഉയര്‍ന്ന ആത്മീയ ജീവിത ഗുണതയും വേണം. ചരക്കുകള്‍ക്ക് ഉപയോഗ മൂല്യവും വിപണന മൂല്യവും മാത്രം പോരാ, ക്ഷേമ മൂല്യവും ഉണ്ടായിരിക്കണം. ഈ അടിസ്ഥാനത്തില്‍ ഒരു പുതിയ ദര്‍ശനവും ബഹുജനാടിത്തറയുള്ള ഒരു ജ്ഞാന-വിജ്ഞാന പ്രസ്ഥാനവും വേണം. എന്നാല്‍, തന്റെ ഈ ആശയത്തിന് വേണ്ടെത്ര പിന്തുണ ലഭിച്ചില്ല. അതിനാല്‍ നാലാം ലോകം എന്ന ആശയം പൂവണിയാതെ പോയി.

മറ്റൊരു ഉദാഹരണമാണ് കെ. വേണുവിന്റേത്. യുക്തിവാദിയായ ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. മാര്‍ക്‌സിസ്റ്റ്-കമ്യൂണിസ്റ്റ് ദര്‍ശനവും പ്രയോഗവും അതിന്റെ എല്ലാ വിശദാംശങ്ങളോടെയും ആഴത്തില്‍ പഠിച്ചു. തന്റെ മാതൃകാ പ്രസ്ഥാനത്തിന് വീര്യം പോരെന്ന് പറഞ്ഞ് പുതിയ നക്‌സല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. തന്റെ കഴിവ് പരമാവധി ആ മേഖലയില്‍ വിനിയോഗിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ദര്‍ശനം മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കുള്ള ആത്യന്തിക പരിഹാരമല്ലെന്ന് മനസ്സിലാക്കി. 'വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍', 'ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പം' എന്നീ ഗ്രന്ഥങ്ങളിലൂടെ തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി, വര്‍ഗ സമരവും വിപ്ലവവും മിഥ്യയാണെന്നും ജനാധിപത്യമാണ് സത്യമെന്നും തുറന്ന് പറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ കേരളത്തിലെ ഈ രണ്ട് ബുദ്ധിജീവികളും ഇനിയെങ്ങോട്ട് എന്ന ചിന്തയിലാണ്.

മനുഷ്യരാശിക്ക് അനുയോജ്യമായ ഒരു ജീവിത ദര്‍ശനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, ജീവിതത്തിന്റെ രണ്ട് വശങ്ങളും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിനെപ്പോലുള്ള ഒരു ദര്‍ശനം കടന്നു വരുന്നില്ല എന്നത് അത്ഭുതകരമായി തോന്നാം. എന്നാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം ഇസ്‌ലാം എന്ന് കേള്‍ക്കുമ്പോള്‍ ഒരു മതത്തിന്റെ ചിത്രമാണ് അവരുടെ മനസ്സില്‍ വരുന്നത്. നേരത്തെത്തന്നെ പല കാരണങ്ങളാല്‍ മതങ്ങളെ അവര്‍ എഴുതിത്തള്ളിയിട്ടുമുണ്ട്. ഒരു മതാതീതമായ സമീപനത്തോടെ ഇസ്‌ലാമിനെ പരിശോധിക്കാന്‍ ഇവരെ പ്രേരിപ്പിക്കും വിധം ഇടപെടലുകള്‍ നടത്താന്‍ ഇസ്‌ലാമിനോട് പ്രതിബദ്ധതയുള്ള മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് ബാധ്യതയുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍