Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

പശു രാഷ്ട്രീയം സംഘ്പരിവാര്‍ ഇന്ത്യയിലെ സ്റ്റോം ട്രൂപ്പറുകളാവുകയാണ്

അബ്ദുല്‍ ഹകീം നദ്‌വി /കവര്‍‌സ്റ്റോറി

          ഡോ. ലോറെന്‍സ് ബ്രിട്ട് (Dr. Lawrence Britt) ഹിറ്റ്‌ലറുടെ ജര്‍മനി, മുസോളിനിയുടെ ഇറ്റലി, ഫ്രാങ്കോയുടെ സ്‌പെയിന്‍, സുഹാര്‍തോയുടെ ഇന്തോനേഷ്യ, പിനോഷെയുടെ ചിലി എന്നിവയെ അടിസ്ഥാനമാക്കി ഫാഷിസത്തിന് 14 നിര്‍വചനങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ഇപ്രകാരമാണ്: Powerful and Continuing Nationalism - Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia. ഇന്ത്യന്‍ ഫാഷിസത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച നിര്‍വചനം ഇത് തന്നെയായിരിക്കും. ഫാഷിസ്റ്റ് ചിന്താ പദ്ധതികള്‍ക്ക് അടിസ്ഥാനപരമായ ചില പൊതു രൂപകങ്ങളുണ്ട്. മൗലികമായ വാക്യങ്ങള്‍, ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ ദേശീയവത്കരിക്കുക എന്നത് അതില്‍ ഏറ്റവും പ്രധാനം. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ നാസി ദേശീയത ഫണം വിടര്‍ത്തിയ കാലത്ത് അതിന്റെ പ്രധാന ബൗദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു. ഫാഷിസം അധികാരം കൈപ്പിടിയിലൊതുക്കിയ ഇന്ത്യന്‍ ഭൂമികയില്‍ കൃത്യമായും പരീക്ഷിക്കപ്പെടുന്നത് ഇതുതന്നെയാണ്.

സെമിറ്റിക് മതങ്ങളെ പോലെ ഏകീകരിക്കപ്പെട്ട മതചിഹ്നങ്ങളില്ലെന്ന അപകര്‍ഷ ബോധം ഹിന്ദു ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായി പ്രസരിപ്പിച്ചുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ ഹൈന്ദവതയെ രാഷ്ട്രീയ പ്രയോഗമായി രൂപപ്പെടുത്തിയിരിക്കുന്നത്. രാമക്ഷേത്രം, ഗംഗാ ജലം, ഗണേശോത്സവം, രക്ഷാബന്ധന്‍ മുതല്‍ ഭഗവദ്ഗീതയും മനുസ്മൃതിയും വരെ ആ വിധം ഉപയോഗപ്പെടുത്തുന്നതില്‍ ഫാഷിസം വിജയിച്ചിരിക്കുന്നു. ദലിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ എരുമ ദേശീയത (Buffalo Nationalism: A Critique Of Spiritual Fascism) എന്ന പുസ്തകത്തില്‍ സവര്‍ണ ഹൈന്ദവതയുടെ ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി സൂക്ഷ്മമായി പ്രതിപാദിക്കുന്നുണ്ട്. 

നാസി ദേശീയതയുടെ ചിഹ്നമായ 'സ്വസ്തിക്' തന്നെയാണ് ഹിന്ദുത്വ ഫാഷിസത്തിന്റെയും ചിഹ്നമെന്നത് യാദൃഛികമായി സംഭവിച്ചതാകാന്‍ ഇടയില്ല. ഗോള്‍വാള്‍ക്കറുടെ കൃതികള്‍ ഹിറ്റ്‌ലറോടും നാസി ദേശീയതയുടെ അടിസ്ഥാനമായ വംശ ശുദ്ധി രാഷ്ട്രീയത്തോടും ആഭിമുഖ്യം പുലര്‍ത്തുന്നതും ഇതോട് ചേര്‍ത്ത് വായിക്കണം. ഹൈന്ദവതയുടെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നങ്ങളിലൊന്ന് ത്രിശൂലമാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുന്‍ കൈയെടുത്ത് സൃഷ്ടിക്കുന്ന ഏതൊരു കലാപത്തിനും അക്രമത്തിനും ത്രിശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വമോ അല്ലാതെയോ ഉണ്ടാക്കുന്നുണ്ട്. ഗുജറാത്ത് കലാപവേളയില്‍ ത്രിശൂലമേന്തി ആര്‍ത്തട്ടഹസിക്കുന്ന ചിത്രം ഓര്‍മയില്‍ നിന്നും മായാത്തതാണ്. ശിവന്റെ സവിശേഷ ആയുധമെന്നതാണ് തൃശൂലത്തെ മഹത്വവത്കരിക്കാനുള്ള ന്യായം. ഇത്തരത്തില്‍ വിശുദ്ധവത്കരിച്ച ചിഹ്നങ്ങളും ആശയങ്ങളും പ്രതീകങ്ങളും ദേശീയവത്കരിക്കുക എന്നതും ഫാഷിസത്തിന്റെ മുഖ്യ അജണ്ടയാണ്. ഒരുപക്ഷേ, ഇക്കൂട്ടത്തില്‍ താരതമ്യേന നിരുപദ്രവകരമെന്നും നിഷ്‌കളങ്കമെന്നും കരുതുന്നതും എന്നാല്‍ ഏറ്റവും അപകടകരവുമായ ഒന്നാണ് പശു രാഷ്ട്രീയമായി വളര്‍ന്ന ഗോമാതാവും അനുബന്ധ ഐകണുകളും.

പ്രശസ്ത മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സാമൂഹിക നിരീക്ഷകനായ നിക്കോസ് പോളന്റ്‌സാസ് (Nicos Poulantzas)  'പ്രതികരണത്തിലൂടെ പ്രചാരണം' എന്ന ഫാഷിസ്റ്റ് തന്ത്രത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. എതിര്‍ പ്രചാരണങ്ങളുടെ സാന്ദര്‍ഭികതകളെ ചൂഷണം ചെയ്ത് തങ്ങളുടെ അജണ്ട കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇന്ത്യയില്‍ പ്രയോഗിക്കാവുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണിതെന്ന് ഫാഷിസ്റ്റുകള്‍ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവാണ് സംഘ്പരിവാറുകളുടെ രാഷ്ട്രീയ സൂത്രവാക്യമായി ഇന്നിവിടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് ധ്വംസനം മുതല്‍ ഗോവധ നിരോധം വരെയുള്ള എല്ലാ ഫാഷിസ്റ്റ് അജണ്ടകളിലും ഇതിന്റെ പ്രയോഗവത്കരണത്തിനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാനവിക സങ്കല്‍പങ്ങളുടെ അതിരും വേലിയും തകര്‍ത്ത് രൗദ്രഭാവം പൂണ്ട ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ മര്‍മം തിരയേണ്ടത് ഈ ഫോര്‍മുല മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഫാഷിസ്റ്റ് മനോഘടനയെ പ്രശ്‌നവത്കരിച്ചുകൊണ്ടായിരിക്കണം.

ഗോസംരക്ഷണ ഫാഷിസം മാനവികതയുടെ സകലവിധ അതിര്‍വരമ്പുകളും ഭേദിച്ച്, സാംസ്‌കാരിക വിമര്‍ശനത്തിന്റെ മുഴുവന്‍ സാധ്യതകളെയും തുറുങ്കിലടച്ച് മൃഗങ്ങള്‍ക്ക് വേണ്ടി മനുഷ്യരെ പച്ചക്ക് കൊല്ലുന്നത് വരെ ന്യായീകരിച്ച് മുന്നേറുകയാണ്. ഇന്ന് ഗോവധ നിരോധം ഹിന്ദുത്വ അജണ്ടയിലെ നിര്‍ണായക ഇനമായി മാറിയിരിക്കുന്നു. വൈദിക കാലം മുതല്‍ ഹൈന്ദവ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പശുപൂജയെന്നും പശു മാംസം ഭക്ഷിക്കുന്നത് എക്കാലത്തും ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായിരുന്നെന്നും തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഹൈന്ദവ വികാരം ഊതിവീര്‍പ്പിക്കാന്‍ സംഘ്പരിവാര്‍ പാളയം ശ്രമിച്ചുകൊണ്ടിരുന്നത്. മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് അധിനിവേശകരായി കടന്നുവന്നതിന് ശേഷമാണ് ഗോവധവും പശു മാംസ ഭക്ഷണവും നടപ്പായതെന്നുമുള്ള വിദ്വേഷ പ്രചാരണം കൂടിയായപ്പോള്‍ ഫാഷിസ്റ്റ് അജണ്ട അനായാസം നടപ്പാക്കാനാകുന്നു എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്.

സനാതന ഹൈന്ദവ പാരമ്പര്യ പ്രകാരം പശു വിശുദ്ധ മൃഗമാണെന്നും ആയതിനാല്‍ അതിനെ വധിക്കുന്നതും അതിന്റെ മാംസം ഭക്ഷിക്കുന്നതും നിരോധിക്കണമെന്നും ആവശ്യപ്പെടുന്ന ഗോവധ നിരോധന രാഷ്ട്രീയ മുദ്രാവാക്യം ആദ്യമായി ഉയരുന്നത് 1800-കളുടെ അവസാനത്തിലാണ്. പിന്നീടത് ഏറ്റുപിടിച്ചത് ഹിന്ദു മഹാ സഭയും. ഗോവധ നിരോധത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് ലാലാ ലാല്‍ ചന്ദിന്റെ Self Abnegation in Politics.  1800-കളുടെ അവസാനത്തില്‍ രചിക്കപ്പെട്ടതാണ് ഈ പുസ്തകം. സവര്‍ക്കര്‍ക്കും മുന്നേ, ഹിന്ദു-മുസ്‌ലിം സമുദായ ധ്രുവീകരണം രാഷ്ട്ര നിര്‍മിതിയുടെ അടിത്തറയാവണമെന്ന വാദവുമായി രംഗത്ത് വന്നയാളാണ് ലാലാ ലാല്‍ ചന്ദ്. ഗോക്കളുടെ ഘാതകരായ മുസ്‌ലിംകള്‍ക്കെതിരെ സമരം ചെയ്യേണ്ട ഹിന്ദുക്കള്‍ നല്ലവരായ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന വിചിത്ര വാദവുമായി ഹിന്ദു സംഘാടനം നടത്താന്‍ ശ്രമിക്കുകയായിരുന്നുìഇദ്ദേഹം. 

ഇന്ത്യാ രാജ്യത്ത് ഇന്ന് പശു വെറും ഒരു മൃഗമല്ല. പവിത്രതയും വിശുദ്ധിയും കല്‍പിക്കേണ്ട, മനുഷ്യ ജീവനേക്കാള്‍ വിലയും നിലയുമുള്ള ദൈവിക പരിവേഷത്താല്‍ നിര്‍മിക്കപ്പെട്ട വിഗ്രഹമാണ്. ഗോമാതാവെന്ന സങ്കല്‍പത്തില്‍ നിര്‍മിക്കപ്പെട്ട വിഗ്രഹത്തിന് വലിയ തോതിലുള്ള രാഷ്ട്രീയ മാനം കൈവന്നിരിക്കുന്നു. പശുമാംസം കഴിച്ചെന്നും ബാക്കിയുള്ളത് വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന ദാദ്രിയിലെ മുസ്‌ലിമായ മധ്യവയസ്‌കനെ നടുറോട്ടിലിട്ട് തല്ലിക്കൊന്നതിന് പിന്നാലെ പശുവിനെ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യു.പിക്കാരനായ നുഅ്മാന്‍ എന്ന ചെറുപ്പക്കാരനെ ഹിമാചല്‍ പ്രദേശിലെ സിര്‍മൂരില്‍ വെച്ച് അതിക്രൂരമായി വധിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവുമൊടുവില്‍ കശ്മീരിലെ ഉദ്ദംപൂരില്‍ മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സാഹിദ് റസൂല്‍ ഭട്ട് എന്ന 22കാരന്‍ ദല്‍ഹിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു. ഇതിന് മുമ്പ്, ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് അഞ്ച് ദലിതരെ ഹരിയാനയില്‍ ചുട്ടുകൊന്നതും പശു പൂജയുടെ പേരിലായിരുന്നു. 

തല്ലിക്കൊന്നവരെ പിടികൂടി നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ ബാധ്യസ്ഥരായ നിയമപാലകര്‍, സൂക്ഷിച്ച മാംസം പശുവിന്റെതോ ആടിന്റെതോ എന്ന പരിശോധന നടത്താന്‍ ഫോറന്‍സിക് വിദഗ്ധരെ തേടി ഓടുന്ന കാഴ്ചയാണ് കാണാനുണ്ടായിരുന്നത്. കൊല്ലപ്പെട്ട നുഅ്മാന്റെ കൂടെ ലോറിയിലുണ്ടായിരുന്ന നാല് പേരെ പശുവിന്റെ കടത്ത് തടയല്‍, മൃഗങ്ങള്‍ക്കെതിരായ അക്രമം തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരിക്കുന്നു. കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ ഒരുêമകന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ്. രാജ്യ സേവനം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി പിതാവിനെ തല്ലിക്കൊല്ലുകയും സഹോദരനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടും ഈ കൊടും പാതകത്തില്‍ ഒറ്റവരി പ്രതിഷേധം രേഖപ്പെടുത്താന്‍ പോലും ഉത്തരവാദപ്പെട്ടവര്‍ ഇതുവരെയും രംഗത്ത് വന്നിട്ടില്ല. കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കാനും അക്രമകാരികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാനും ഭരണ കേന്ദ്രങ്ങള്‍ തന്നെ രംഗത്ത് വരുന്നത് എന്തുമാത്രം ഭീഷണമല്ല? 

ഗോമാതാവും പശു പൂജയും രൂപപ്പെടുത്തുന്ന രാഷ്ട്രീയം ഒരു ജനതയെ എത്ര മാത്രം അക്രമോത്സുകരും ഭീകരരുമാക്കുന്നു എന്നതിന്റെ പച്ചയായ തെളിവുകളാണ് നടക്കുന്ന സംഭവങ്ങളെല്ലാം. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഇബ്‌റാഹീം എന്ന കാലിക്കച്ചവടക്കാരനെ ഇരുമ്പ് ദണ്ഡും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിംഗ് മുഖ്യമന്ത്രിയായ ഹിമാചലിലും എസ്പി നേതാവ് മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് ഭരിക്കുന്ന യുപിയിലും കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഭരണം കൈയാളുന്ന  കര്‍ണാടകയിലും മുഫ്തി മുഹമ്മദ് സഈദിന്റെ കശ്മീരിലും ഇതാണ് സ്ഥിതിയെങ്കില്‍, സാക്ഷാല്‍ സംഘ്പരിവാര്‍ അധികാരം കൈയാളുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാലികളുമായി വരുന്ന ലോറി തടഞ്ഞ് ആക്രമിച്ച സംഭവം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പശു രാഷ്ട്രീയം സംഘ് പാളയത്തിന്റെ മാത്രം അജണ്ടയായിരുന്നില്ല. ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ നിരോധമേര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലേതുള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധം പ്രാബല്യത്തിലുണ്ട്. 1950 മുതല്‍ പല ന്യായീകരണങ്ങള്‍ ഉന്നയിച്ച് ബീഫ് നിരോധം നടപ്പിലാക്കിയത് മൃദു ഹിന്ദുത്വം രാഷ്ട്രീയ നയമായി സ്വീകരിച്ച കോണ്‍ഗ്രസ് തന്നെയായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. ഗോവധ നിരോധം 1934-ല്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ചതാണെന്നും 24 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധം നടപ്പിലാക്കിയത് തങ്ങളാണെന്നും കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിംഗ് തന്നെ ഈയിടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി ഗോവധ നിരോധം ദേശീയ രാഷ്ട്രീയത്തിന്റെ മര്‍മമായി മാറിയിരിക്കുകയാണ് ഇന്ന്. ഗോവധത്തിന് രാഷ്ട്രീയമുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ ഏറ്റവും അര്‍ഹര്‍ തങ്ങളാണെന്ന നിലപാടിലാണ് സംഘ്പരിവാര്‍ ദേശീയ വിഷയമായി ഇതിനെ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്.

പശുവും ഹൈന്ദവതയും

ഗോവധ നിരോധം എന്ന അജണ്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റേത് മാത്രമാണ്. സനാതന ഹൈന്ദവ പാരമ്പര്യങ്ങളുമായി അതിന് അകന്ന ബന്ധങ്ങള്‍ പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉല്‍പന്നമായ സംഘ്പരിവാര്‍ അതൊരു ദേശീയ അജണ്ടയായി ഏറ്റെടുത്തിരിക്കുകയാണ്. സംഘ്പരിവാര്‍ രാഷ്ട്രീയ പ്രതിനിധാനമില്ലാത്ത കേരളത്തിലേക്ക് പോലും പല വിധത്തില്‍ പശു രാഷ്ട്രീയത്തെ ഒളിച്ച് കടത്താനുള്ള തീവ്ര ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

പശു രാഷ്ട്രീയത്തിന് ബദലായി എരുമ ദേശീയത എന്തുകൊണ്ട് ഫാഷിസ്റ്റുകള്‍ സ്വീകരിക്കുന്നില്ലെന്ന് കാഞ്ച ഐലയ്യ ചോദിക്കുന്നുണ്ട്. കര്‍ഷക പക്ഷത്ത് നിന്നുìകൊണ്ട് കന്നുകാലി സംരക്ഷണമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന മതേതര നാട്യം ചമയുന്ന ചില സംഘ്ബുദ്ധിജീവികള്‍ പറയുന്നത് ആത്മാര്‍ഥമായിരുന്നെങ്കില്‍ അവര്‍ എരുമ സംരക്ഷണത്തിനാണ് മുതിരേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ആര്യന്‍ അധിനിവേശ കാലത്തുതന്നെ വെളുപ്പ് ഉല്‍കൃഷ്ടവും കറുപ്പ് അധമവുമാണെന്ന വികല സങ്കല്‍പം രൂപീകരിക്കപ്പെട്ടിരുന്നു. അതിനാലാണ് എരുമ അവഗണിക്കപ്പെടുകയും പശു ആരാധിക്കപ്പെടുകയും ചെയ്യുന്നത്.

കാലിവളര്‍ത്തല്‍ തൊഴിലായി മനുഷ്യന്‍ സ്വീകരിച്ചു പോന്ന കാലം മുതല്‍ തന്നെ കാലികളുടെ മാംസം ഭക്ഷണമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. യാഗവും യജ്ഞവും തുടങ്ങിയ കാലം മുതല്‍ അവയെ ബലിയര്‍പ്പിക്കകയും ചെയ്തുവരുന്നു. ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും ഐ.സി.എച്ച്.ആര്‍ അംഗവുമായിരുന്ന ഡി.എന്‍ ഝാ എഴുതിയ 'വിശുദ്ധ പശു എന്ന കെട്ടുകഥ' (The Myth of the Holy Cow) എന്ന പുസ്തകം പശു വിശുദ്ധിയെ പറ്റിയും ഗോമാംസ നിരോധത്തെ പറ്റിയും സംഘ്പരിവാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സകല ന്യായവാദങ്ങളെയും പൊളിക്കുന്നതും ഇതുയര്‍ത്തുന്നവരുടെ രാഷ്ട്രീയ പാപ്പരത്തം വെളിച്ചത്തുകൊണ്ടു വരുന്നതുമാണ്. 

1881-ല്‍ രാജാ രാജേന്ദ്രലാല്‍ മിത്രയെഴുതിയ ഇന്‍ഡോ ആര്യന്‍സ് (Indo Aryans) എന്ന ഗ്രന്ഥത്തിലും പശു രാഷ്ട്രീയത്തെ പ്രശ്‌നവത്കരിച്ചിട്ടുണ്ട്. 'മാംസം പ്രാചീന ഇന്ത്യയില്‍' (Beef in Ancient India) എന്ന അധ്യായം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പശു രാഷ്ട്രീയം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോ. വര്‍ഗീസ് കുര്യന്റെ I Too Had a Dream എന്ന ആത്മകഥ പശു രാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റ് മനോഭാവങ്ങളും ഉള്ളറ രഹസ്യങ്ങളും തുറന്ന് കാണിക്കുന്നതാണ്. 1967-ല്‍ ദല്‍ഹിയില്‍ ഗോവധ നിരോധം ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്നപ്പോള്‍ ജസ്റ്റിസ് എ.കെ സര്‍കാറിന്റെ നേതൃത്വത്തില്‍ നിയമിച്ച കമ്മീഷനില്‍ ഗോള്‍വാള്‍ക്കര്‍ക്കും പുരി ശങ്കരാചാര്യര്‍ക്കും അശോക് മിത്രക്കുമൊപ്പം അംഗമായിരുന്നുêഡോ. വര്‍ഗീസ് കുര്യന്‍. 'രാജ്യത്തെ ഹിന്ദുക്കളെ ഏകോപിപ്പിക്കാന്‍ അനുയോജ്യമായ ഏറ്റവും നല്ല അവസരമാണിത്. ഇന്ത്യയില്‍ എല്ലായിടത്തും ഹിന്ദുക്കളും പശുക്കളുമുണ്ട്. പശു ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണ്. ആയതിനാല്‍ താങ്കള്‍ ഗോവധ നിരോധനത്തിന് അനുകൂലമായി സമിതിയില്‍ അഭിപ്രായം രേഖപ്പെടുത്തണം' എന്ന് സമിതി അംഗമായിരുന്ന ഗോള്‍വാള്‍ക്കര്‍ ഡോ. വര്‍ഗീസ് കുര്യനോട് ആവശ്യപ്പെട്ടിരുന്നതായി ഈ ആത്മകഥയില്‍ അദ്ദേഹം എഴുതുന്നുണ്ട്. 

ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി നടത്തുന്ന രാജ്യമാണ് നമ്മുടേത്. ബീഫ് കയറ്റുമതിയിലൂടെ കിട്ടുന്ന ലാഭവിഹിതം വരുമാനമായി സ്വീകരിക്കുന്നവര്‍ തന്നെയാണ് ബീഫ് തിന്നെന്നും സൂക്ഷിച്ചെന്നും കടത്തിക്കൊണ്ടു പോയെന്നും ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്നതെന്നതാണ് വിരോധാഭാസം. ഇന്ത്യയില്‍ മാംസക്കയറ്റുമതി നടത്തുന്ന വന്‍ കമ്പനികളില്‍ ഭൂരിഭാഗവും സവര്‍ണ ഹിന്ദുക്കളായ ബിസിനസുകാര്‍ നടത്തുന്നവയാണ്. 40 വര്‍ഷം മുമ്പ് സ്ഥാപിതമായ അല്‍ കബീര്‍ ഗ്രൂപ്പിന്റെ ഉടമയായ സുരേഷ് സുബ്ബര്‍വാള്‍ ഗള്‍ഫ് മേഖലയിലെ പ്രമുഖ ബിസിനസ് സംരംഭകരില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്തുള്ളയാളാണെന്ന് ഔട്ട്‌ലുക്ക് ബിസിനസ് പുറത്തിറക്കിയ പട്ടികയില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ സാമ്പത്തിക സ്രോതസ്സുകളിലൊന്ന് അല്‍ കബീര്‍ ഗ്രൂപ്പ് ആണെന്നത് അനിഷേധ്യമാണ്. അറേബ്യന്‍ എക്‌സ്‌പോര്‍ട്ട്‌സ്, എം.കെ.ആര്‍ ഫ്രോസെന്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്‌സ്, പി.എം.എല്‍ ഇന്റസ്ട്രീസ് തുടങ്ങിയ മാംസക്കയറ്റുമതി ഭീമന്മാരെല്ലാം ഇന്ത്യയിലെ അറിയപ്പെട്ട സവര്‍ണ ഹിന്ദു മുതലാളിമാര്‍ നടത്തുന്ന സ്ഥാപനങ്ങളാണ്.

ഇന്ത്യയിലെ സ്റ്റോം ട്രൂപ്പറുകള്‍

ഭരണകൂട പിന്തുണയോടെ സംഘ്പരിവാര്‍ രാഷ്ട്രീയം അതിന്റെ ഏറ്റവും രൗദ്രമായ ഭാവവും ശൈലിയും ഭാഷയും പുറത്തെടുത്ത് രാജ്യത്തിന്റെ പാരമ്പര്യങ്ങളെ വെല്ലുവിളിച്ച് സംഹാരതാണ്ഡവമാടുന്നതിന്റെ നേര്‍ചിത്രങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഹിറ്റ്‌ലറുടെ സ്റ്റോം ട്രൂപ്പേഴ്‌സ് എന്ന പേരിലറിയപ്പെട്ടിരുന്ന നാസി പക്ഷപാതികള്‍ തെരുവുകളില്‍ സംഹാരതാണ്ഡവമാടിയതിനെ ഓര്‍മപ്പെടുത്തുന്ന അക്രമോത്സുകമായ അഴിഞ്ഞാട്ടങ്ങളാണ് രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്തു പറയണം, എന്തെഴുതണം, എന്തു കഴിക്കണം എന്നതിന്റെ ഉത്തരം ഞങ്ങള്‍ പറയുമെന്നും അല്ലാത്തതെല്ലാം വധാര്‍ഹമായ അപരാധമാണെന്നുമുള്ള പൊതുബോധം വളരെ ആസൂത്രിതമായി നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗോഹത്യക്കാരെ കൊല്ലണമെന്ന് ആര്‍.എസ്.എസ് മുഖപത്രം പരസ്യമായി പറയുന്നു.

സംഘ്പരിവാറിന്റെ വര്‍ഗീയവും വംശീയവുമായ ചിഹ്നങ്ങളെയും അടയാളങ്ങളെയും അന്ധവിശ്വാസത്തിലധിഷ്ഠിതമായ തത്ത്വസംഹിതകളെയും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും, ചോദ്യം ചെയ്യുന്നവരെ വെടിവെച്ചും വെട്ടിയും കുത്തിയും ചവിട്ടിയും കൊല്ലുമെന്നും പരസ്യമായി പറയാന്‍ ഒരു മടിയുമില്ലാത്ത വിധം കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. നരേന്ദ്ര ധഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ മുതല്‍ എം.എം കല്‍ബുര്‍ഗി വരെയുള്ള എഴുത്തുകാരെ വെടിവെച്ചു കൊന്ന സംഘ്പരിവാര്‍ ഭീകരത ഓര്‍മപ്പെടുത്തുന്നത് നാസി ജര്‍മനിയിലെ സ്റ്റോം ട്രൂപ്പറുകളെ തന്നെയാണ്. മുഹമ്മദ് അഖ്‌ലാഖും ëനുഅ്മാനും സാഹിദ് റസൂല്‍ ഭട്ടും കൊല്ലപ്പെടുക മാത്രമല്ല കൊലയാളികളും അവരുടെ പ്രത്യയ ശാസ്ത്രങ്ങളും പ്രശംസിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. 

മുഹമ്മദ് അഖ്‌ലാഖിനെ പരസ്യമായി തല്ലിക്കൊന്ന ശേഷം, ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്  ദാദ്രിയിലെ പ്രധാന റോഡ് ഉപരോധിച്ച് സമരം നടത്താനും അക്രമികള്‍ മറന്നില്ല. നുഅ്മാന്‍ എന്ന ഇരുപത്തിയെട്ടുകാരനെ പോലീസുകാരുടെ മുന്നിലിട്ടാണ് വിശ്വഹിന്ദു പരിഷത്തിന്റെ സായുധ സേനയായ ബജ്‌റംഗ്ദള്‍ തല്ലിക്കൊല്ലുന്നത്. മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും വധം ആഘോഷിക്കുകയും ചെയ്തവരുടെ പിന്മുറക്കാര്‍ ക്രൂരതയുടെ കൊടുമുടി കയറുമ്പോള്‍ അവരെ ഉപമിക്കാവുന്നത് ജര്‍മനിയിലെ സ്റ്റോം ട്രൂപ്പറുകളോട് തന്നെയാണ്.

പശു രാഷ്ട്രീയവും കേരളവും 

ഫാഷിസ്റ്റുകള്‍ അധികാരമേറിയ നാളുകള്‍ തൊട്ട് ഉയര്‍ന്ന് കേട്ട ഗോവധ നിരോധം ദേശീയ രൂപം പ്രാപിച്ച നാളുകള്‍ തൊട്ടേ കേരളത്തില്‍ അതിനെതിരെ പ്രതിഷേധങ്ങള്‍ ചെറിയ തോതില്‍ രൂപപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഗോവധ നിരോധം കൊണ്ടുവരികയും  രാജ്യമൊട്ടാകെ ഗോവധ നിരോധം നടപ്പിലാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവനയിറക്കുകയും ചെയ്ത  സാഹചര്യത്തിലാണ് ഇതിനെതിരെ വ്യത്യസ്ത കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഹൈദരാബാദിലെ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലും ഇഫ്‌ളു കാമ്പസിലും തുടക്കം കുറിച്ച ബീഫ് ഫെസ്റ്റ് എന്ന പ്രതിഷേധ സമരം കേരളത്തില്‍ ഡി.വൈ.എഫ്.ഐ ആണ് ആദ്യമായി പ്രയോഗിച്ചത്. ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐയും എസ്.ഐ.ഒവും ഈ സമര മാര്‍ഗം ഏറ്റെടുക്കുകയുണ്ടായി. 

ഇത്തരം സമരമുറകള്‍ സവര്‍ണ പാളയങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിന്റെ അനുരണനങ്ങളാണ് എസ്.എഫ്.ഐ തൃശൂര്‍ കേരള വര്‍മ കോളേജിലും കോട്ടയം സി.എം.എസ് കോളേജിലും എസ്.ഐ.ഒ തിരുവനന്തപുരം ശംഖുമുഖത്തും ബീഫ് ഫെസ്റ്റ് നടത്തിയപ്പോള്‍ പുറത്തുവന്നത്. കലാലയ സമരങ്ങളില്‍ നാളിത് വരെ കേള്‍ക്കാത്ത ന്യായവാദങ്ങളാണ് കേരള വര്‍മ കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റിനെതിരെ രംഗത്ത് വന്നവര്‍ ഉന്നയിച്ചിരിക്കുന്നത്. കലാലയങ്ങള്‍ സരസ്വതീ ക്ഷേത്രങ്ങളാണെന്നും എന്നല്ല സാക്ഷാല്‍ അമ്പലമുള്ള കോളേജ് കാമ്പസിലേക്ക് ബീഫ് കയറ്റുന്നതിലൂടെ ക്ഷേത്ര വിശുദ്ധി നഷ്ടപ്പെടുമെന്നും അശുദ്ധമാവുമെന്നുമാണ് സംഘ്പരിവാര്‍ വിദ്യാര്‍ഥി വിഭാഗം ഉന്നയിച്ച വാദം. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്ത് എന്ന അധ്യാപികക്കെതിരെ കോളേജ് അധികൃതര്‍ തന്നെ രംഗത്ത് വന്നിരിന്നു. വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച അവര്‍, കലാലയങ്ങളെ ക്ഷേത്രങ്ങളോട് ഉപമിക്കുന്നവര്‍ നാളെ 'കലാ' ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുതെന്ന് പറയുമെന്നും പരിഹസിച്ചാണ് പോസ്റ്റിട്ടത്.

കോട്ടയം സി.എം.എസ് കോളേജില്‍ നടത്തിയ ബീഫ് ഫെസ്റ്റ് തടയാന്‍ രംഗത്തെത്തിയത് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ തന്നെയായിരുന്നു. തിരുവനന്തപുരം ശംഖുമുഖത്ത് എസ്.ഐ.ഒ നടത്താന്‍ തീരുമാനിച്ച ബീഫ് ഫെസ്റ്റും പ്രതിഷേധ സംഗമവും പോലീസ് തടയുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബീഫ് വിതരണം ചെയ്തതില്‍ പ്രകോപിതരായ പോലീസുകാര്‍ ബീഫ് പിടിച്ചെടുത്ത് വലിച്ചെറിയുകയാണുണ്ടായത്. ബീഫ് കേരളത്തില്‍ പോലും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സാംസ്‌കാരിക പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉറക്കെ ചോദിക്കേണ്ട സാഹചര്യമാണുള്ളത്. 

ഫാഷിസത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍

രാജ്യത്ത് വളര്‍ന്ന് വരുന്ന ഭീതിപ്പെടുത്തുന്ന പ്രവണകള്‍ക്കെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും പ്രതിഷേധവുമായി രംഗത്ത് വരുന്നു എന്നത്  ആശ്വാസകരമാണ്. സാഹിത്യകാരന്മാരായ നയന്‍ താര സെഗാളും സച്ചിദാനന്ദനുമാണ് ഈ പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കിയും സാഹിത്യ അക്കാദമി അംഗത്വത്തില്‍ നിന്ന് രാജിവെച്ചും പ്രതിഷേധിക്കുന്നവരുടെ പട്ടിക നീളുകയാണ്. ഹിന്ദി കവി അശോക് വാജ്‌പേയ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഉര്‍ദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസ് മഹാരാഷ്ട്ര ഉര്‍ദു അക്കാദമി പുരസ്‌കാരവും തിരിച്ചു കൊടുത്തു. പത്മശ്രീ ശശി ദേശ്പാണ്ഡെ, പി.കെ പാറക്കടവ്, ഡോ. കെ.എസ് രവികുമാര്‍, കന്നട എഴുത്തുകാരന്‍ ഡോ. അരവിന്ദ് മലഗട്ടി എന്നിവരും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജി വെച്ചു. സാറാ ജോസഫ് അക്കാദമി പുരസ്‌കാരം തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചു. പഞ്ചാബിലെ പ്രഗല്‍ഭ എഴുത്തുകാരായ ഗുര്‍ബച്ചന്‍ ഭുള്ളര്‍, അജ്മീര്‍ സിംഗ് ഔലാക്, അതാംജിത് സിംഗ് എന്നിവരും ഗുജറാത്ത് സാഹിത്യകാരന്‍ ഗണേശ് ദേവി എന്നിവരും അക്കാദമി അവാര്‍ഡുകള്‍ തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചവരാണ്. പ്രമുഖ എഴുത്തുകാരന്‍ ആനന്ദ്, സി.ആര്‍ പ്രസാദ്, ടി.എം കൃഷ്ണ മുതല്‍ ഏറ്റവും ഒടുവില്‍ തെലുങ്ക് എഴുത്തുകാരി കത്യാണിയും ഉര്‍ദു കവി മുനവ്വര്‍ റാണയും വരെ  പ്രതിഷേധവുമായി രംഗത്തുണ്ട്.

എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും നീതിബോധം തളര്‍ന്നിട്ടില്ലെന്നും ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്നും അവര്‍ പ്രഖ്യാപിക്കുന്നത് പ്രതീക്ഷ കൈവെടിയേണ്ടതില്ലെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ ഇന്ത്യയുടെ നിലവിലെ ഭീതിജനകമായ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു. ഫാഷിസം അഴിഞ്ഞാടുന്ന പുതിയ കാലത്ത് അതിനെതിരെ ധീരവും ആര്‍ജവമുള്ളതുമായ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് കരുത്ത് പകരുന്ന സമീപനം എല്ലാ കോണുകളില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. പശു രാഷ്ട്രീയവും എഴുത്തുകാര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളും രാജ്യത്തെ തകര്‍ക്കാന്‍ മാത്രമേ നിമിത്തമാകൂ എന്ന് തിരിച്ചറിഞ്ഞവരുടെ ഐക്യപ്പെടല്‍ ഫാഷിസത്തെ ഭീതിപ്പെടുത്താതിരിക്കില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍