Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

കെ. ബദീഉസ്സമാന്‍

പി. അബൂബക്കര്‍ കോടൂര്‍

കെ. ബദീഉസ്സമാന്‍

ലപ്പുറം ജമാഅത്തെ ഇസ്‌ലാമി അംഗവും ശാന്തപുരം ഇസ്‌ലാമിയ കോളേജ് പൂര്‍വ വിദ്യാര്‍ഥിയുമായിരുന്ന ബദീഉസ്സമാന്‍ സാഹിബിന്റെ വിയോഗം സ്വകുടുംബാംഗങ്ങളെ മാത്രമല്ല, കേരളത്തിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പരശ്ശതം സ്‌നേഹജനങ്ങളെയും വല്ലാതെ വേദനിപ്പിച്ചു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1964 ലാണ് ബദീഉസ്സമാന്‍ ശാന്തപുരത്ത് ചേരുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥി ആയിരിക്കെത്തെന്നെ ജമാഅത്തെ ഇസ്‌ലാമിയില്‍ അത്യധികം ആകൃഷ്ടനായിരുന്ന ജേഷ്ഠസഹോദരന്‍ മുഹമ്മദ് മൊഹിയുദ്ദീന്‍ സാഹിബിന്റെ താല്‍പര്യമായിരുന്നു ഇതിന് പിന്നില്‍ (1990-ല്‍ മരണപ്പെട്ട ഡോ.മുഹമ്മദ് മുഹ്‌യിദ്ദീന്‍ ഇസ്‌ലാമിക സാഹിത്യങ്ങളില്‍ ആകൃഷ്ടനായി വൈദ്യപഠനം വേണ്ടെന്ന് വെച്ച് ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ മുഴുകുവാന്‍ തീരുമാനമെടുത്തിരുന്നുവത്രെ. വിവരമറിഞ്ഞ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അധ്യക്ഷന്‍ വി.പി മുഹമ്മദലി സാഹിബ്, മുഹമ്മദ് മൊയ്തീന്‍ സാഹിബിനെ നേരില്‍ കണ്ട് പഠനം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു). സ്‌കൂള്‍ വിഷയങ്ങളില്‍ സതീര്‍ഥ്യരെക്കാള്‍ മുന്നിലായിരുന്ന ബദീഉസ്സമാന്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അദ്ദേഹത്തിന് ഒരു പ്രാവശ്യം ഇരട്ട പ്രമോഷന്‍ നല്‍കി.

ശാന്തപുരത്തെ ആദ്യകാല വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കാനും, പ്രസ്ഥാനത്തെക്കുറിച്ച ഉറച്ച ധാരണ രൂപപ്പെടുത്താനും ഈ കാലയളവില്‍ അദ്ദേഹത്തിന് സാധിച്ചു. ഏകദേശം നാലു വര്‍ഷത്തോളം നീണ്ട ഈ പഠനം അവസാനിപ്പിച്ച്, ബാക്കി വെച്ച ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സ്‌കൂളിലേക്ക് മടങ്ങി. ഈ കാലയളവില്‍ പുലര്‍ത്തിയ ആദര്‍ശബോധം പ്രോജ്ജ്വലമായി പ്രകടമായ ഒരു സംഭവം പങ്കുവെക്കട്ടെ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയെ ഉദ്ധരിച്ച് മുസാഫിര്‍ ഏലംകുളം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്‌കൂള്‍ യുവജനമേളയില്‍ പ്രസംഗമത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ സദസ്സിലുണ്ടായിരുന്ന ഫാഷന്‍ വസ്ത്രധാരിണിയായ അധ്യാപികയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആ 'ഒന്നാന്തരം' പ്രസംഗത്തിന് സമ്മാനം ലഭിക്കുകയുണ്ടായില്ല. എന്നാല്‍ ആ അധ്യാപിക പിന്നീട് മാന്യമായി വസ്ത്രം ധരിച്ചേ സ്‌കൂളില്‍ വന്നിരുന്നുള്ളൂ. തുടര്‍പഠനം അലീഗറിലായിരുന്നു. ഈ കാലയളവില്‍ പ്രശസ്ത എഴുത്തുകാരനായ എം.മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരുമായി സൗഹൃദത്തിലായി. ലൈബ്രറി സയന്‍സ് ബിരുദധാരിയായ അദ്ദേഹത്തിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ലൈബ്രറിയനായി നിയമനം ലഭിച്ചെങ്കിലും ജിദ്ദയില്‍ ജോലി ശരിയായതിനെ തുടര്‍ന്ന് അങ്ങോട്ട് പോയി. പ്രമുഖരായ ആദ്യകാല ജിദ്ദാ മലയാളികളില്‍ ഒരാളായി അംഗീകാരം നേടി. ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന സൗദി ഗസറ്റിയര്‍ പരിഭാഷകനായി അല്‍പകാലം ജോലി ചെയ്തു. തുടര്‍ന്ന് 2000 ല്‍ നാട്ടിലേക്ക് തിരിക്കുന്നത് വരെ നേഷനല്‍ കൊമേഴ്‌സ്യല്‍ ബാങ്കിലായിരുന്നു ഉദ്യോഗം. ജിദ്ദാ ജീവിത കാലത്ത് പ്രാസ്ഥാനിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചു. കാല്‍പന്ത് കളി അദ്ദേഹത്തിന്റെ ഹരമായിരുന്നു. ജിദ്ദയിലെ ഏറ്റവും വലിയ കളികൂട്ടായ്മയായ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്ഫ്) സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം മുന്‍ നിരയിലുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗമായ ടി.കെ ജമീലയാണ് ഭാര്യ. സന്താനങ്ങളും പ്രസ്ഥാന രീതിയില്‍ വളര്‍ത്തപ്പെട്ടവരാണ്. പത്താം വയസ്സില്‍ ചേന്ദമംഗലൂര്‍ കെ.സി ഫൗണ്ടേഷനില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദിനെ കൂടാതെ രണ്ട് പുത്രന്മാരും, നേരത്തെ നിര്യാതയായ നജ്‌ലയടക്കം മൂന്ന് പുത്രിമാരുമാണ് അദ്ദേഹത്തിനുള്ളത്.

പി. അബൂബക്കര്‍ കോടൂര്‍

മുഹ്‌യിദ്ദീന്‍ പെരുമുക്ക്

ലപ്പുറം ജില്ലയില്‍ പെരുമുക്ക് പ്രാദേശിക ജമാഅത്തിലെ കാര്‍കൂനായിരുന്നു പുലാക്കല്‍ മുഹ്‌യിദ്ദീന്‍ (64). സൗമ്യമായ പെരുമാറ്റം കൊണ്ടും നിരന്തരമായ അധ്വാനത്താലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അദ്ദേഹം. മടിയോ അലസതയോ കൂടാതെ ഏരിയയുടെയും ഹല്‍ഖയുടെയും പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു നടത്തി. പെരുമുക്ക് മസ്ജിദുല്‍ മര്‍വയുടെ നിര്‍മാണത്തിലും യൂനിറ്റി ട്രസ്റ്റ് രൂപീകരണത്തിലും നേതൃത്വപരമായ പങ്ക് വഹിച്ച മുഹ്‌യിദ്ദീന്‍ സാഹിബ് ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി പെരുമുക്ക് യൂനിറ്റ് പ്രസിഡന്റായിരുന്നു. അസുഖ ബാധിതനായ ശേഷവും പള്ളിയുടെയും പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്ന അദ്ദേഹം ഇടക്കാലത്തുവെച്ചാണ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ അദ്ദേഹം പ്രസ്ഥാന രംഗത്ത് സജീവമായി. 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാതയിലേക്ക് വന്നതോടെ യാഥാസ്ഥിതിക മഹല്ലില്‍ നിന്ന് അദ്ദേഹത്തിന് പല പ്രയാസങ്ങളും നേരിടേണ്ടി വന്നിരുന്നു. പെണ്‍മക്കളുടെ നിക്കാഹിന് മലയാള ഖുത്വ്ബ നടത്തിയെന്ന 'കുറ്റ'ത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്‌കരണ സമയത്ത് മഹല്ലിന്റെ നിസ്സഹകരണം ഉണ്ടായി. ഈ വിവാദവുമായി ബന്ധപ്പെട്ട് ഡോ. ഹുസൈന്‍ മടവൂര്‍ മാധ്യമം പത്രത്തില്‍ ലേഖനമെഴുതിയിരുന്നു. അല്‍പം പ്രയാസം നേരിടേണ്ടി വന്നെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍  ഖബ്‌റടക്കം ഭംഗിയായി നിര്‍വഹിക്കപ്പെട്ടു. കുടുംബത്തെ ഇസ്‌ലാമിക മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു.  മൂക്കുതല ഗവ: ഹൈസ്‌കൂള്‍ അറബിക് അധ്യാപിക ഫാത്വിമ ടീച്ചറാണ് അദ്ദേഹത്തിന്റെ ഭാര്യ. ഫഹീ അബ്ദുല്ല, അസ്‌ന, ശബ്‌ന, ലുബ്‌ന, മുഹമ്മദ് വാഫി മക്കളാണ്. 

വി.വി മുഹമ്മദ് ഫസലുര്‍റഹ്മാന്‍

എ. അബ്ദുല്‍ ഖാദിര്‍ കുട്ടി മാസ്റ്റര്‍ 

റുപതുകളില്‍ വടകരയുടെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച മര്‍ഹൂം പി.പി. അബ്ദുല്‍ ഖാദിര്‍ സാഹിബിന്റെ കൂടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എ. അബ്ദുല്‍ ഖാദിര്‍ കുട്ടി മാസ്റ്റര്‍ (81).

1969 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും കെ.എന്‍.എം-ന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച 'ഇസ്‌ലാമിനെ പരിചയപ്പെടല്‍' എന്ന കാമ്പയിന്റെ ഭാഗമായി ഒരു പൊതുയോഗം വടകരയില്‍ വെച്ചുനടന്നു. വടകരയിലെ യാഥാസ്ഥിതിക വിഭാഗം ആ യോഗത്തിന് നേരെ കല്ലെറിയുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു (ആ സംഭവത്തെ അന്ന് പ്രബോധനം മുഖപ്രസംഗത്തിലൂടെ അപലപിച്ചിരുന്നു). അന്ന് ജമാഅത്തിന്റെ ഭാഗത്ത് പി.പി.യുടെയും കെ.വി. മമ്മു മാസ്റ്ററുടെയും കൂടെ ഉറച്ച് നിന്നു ഖാദിര്‍ കുട്ടി മാസ്റ്റര്‍. മൂന്നു നാലു വ്യക്തികള്‍ മാത്രമേ അന്ന് വടകര താഴങ്ങാടിയില്‍ ജമാഅത്ത് അനുഭാവികളായി ഉണ്ടായിരുന്നുള്ളൂ. 1986 ല്‍ മസ്ജിദുസ്സലാമിന്റെ ആരംഭം മുതല്‍ ആദ്യത്തെ ഇമാമും മദ്രസ സദ്‌റും അദ്ദേഹമായിരുന്നു. ആകര്‍ഷകമായ ഖുര്‍ആന്‍ പാരായണവും ബാങ്കും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. മികച്ച അധ്യാപകനും ഖുര്‍ആന്‍ തജ്‌വീദ് ശാസ്ത്രത്തില്‍ കേരളത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒരാളുമായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസ്ഥാനപ്രവര്‍ത്തനവും ആദര്‍ശവും മുറുകെ പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ശിഷ്യഗണം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യകാലത്ത് അദ്ദേഹം സമസ്തയുടെ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. വടകര ബുസ്താനുല്‍ ഉലൂം മദ്‌റസ തിരുവള്ളൂര്‍, തലശ്ശേരി, വടക്കുമ്പാട്, പൈങ്ങോട്ടായി തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. സ്വതസ്സിദ്ധമായ പ്രബോധന ശൈലി, പെരുമാറ്റം, ലാളിത്യം എന്നിവ കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ വടകരയുടെ മണ്ണില്‍ വേരുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ഭാര്യ: മൈമു ഹജ്ജുമ്മ, മക്കള്‍: സഈദ് (ശാന്തി നികേതന്‍ വിദ്യാര്‍ഥി ഭവന്‍), മുനീറ, സാബിര്‍ (ഖത്തര്‍), സ്വാലിഹ, മാജിദ, ജാസിര്‍ (ബഹ്‌റൈന്‍).

ടി.കെ ഇബ്‌റാഹീം വടകര

ജിന്നാസാഹിബ്

ഴുപതുകളിലാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ജിന്നാസാഹിബ് കടന്നുവന്നത്. തിരുവനന്തപുരം വള്ളക്കടവില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ വ്യാപിക്കുകയും, ഖുര്‍ആന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കന്നത് തടയുകയും, മഹല്ലുകളില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്ന അക്കാലത്ത് കണ്ണൂര്‍ യുസുഫ് മൗലവിയുടെ തുടര്‍ച്ചയായുള്ള ഖുര്‍ആന്‍ ക്ലാസ്സില്‍ ജിന്നാസാഹിബ് ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. ഒരിക്കല്‍ എതിര്‍പ്പുകളെ അവഗണിച്ച്, എന്താണ് ക്ലാസ്സില്‍ പറയുന്നതെന്നറിയുവാന്‍  അദ്ദേഹവും പങ്കെടുത്തു. ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം എതിര്‍ത്തവരോടും മഹല്ല് ഭാരവാഹികളോടുമായി പറഞ്ഞു. ''ജമാഅത്തെ ഇസ്‌ലാമിയുടെ ക്ലാസ്സില്‍ ഖുര്‍ആനും ഇസ്‌ലാമുമല്ലാതെ മറ്റൊന്നും ഞാന്‍ കേട്ടിട്ടില്ല.'' അന്നുമുതല്‍ മരണം വരെ ജമാഅത്തുകാരനായി ജിന്നാ സാഹിബ്  ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നു. നര്‍മ്മരസം തുളുമ്പുന്ന സംഭാഷണത്തോടൊപ്പം കണിശതയും കാര്‍ക്കശ്യവും ജീവിതത്തില്‍ പുലര്‍ത്തിയിരുന്നു. ചില നിലപാടുകള്‍ കര്‍ക്കശമായി തുടക്കത്തില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും അത് നല്ലതിനായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം കൃത്യതയും കണിശതയും പുലര്‍ത്തിയിരുന്നതോടൊപ്പം ശമ്പളം കുടുംബത്തിനും ബന്ധുക്കള്‍ക്കും സേവനമാര്‍ഗ്ഗങ്ങളിലുമായി ചിലവഴിച്ചതല്ലാതെ സമ്പാദ്യമായി ഒന്നും കരുതി വെച്ചില്ല. സ്വന്തമായി വീടും ഉണ്ടായിരുന്നില്ല. ഉദ്യോഗത്തില്‍നിന്ന് പിരിയുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ പലിശ ഒഴിവാക്കിയാണ് അദ്ദേഹം സ്വീകരിച്ചത്. വീട്ടിലെത്തുന്ന ആരെയും ഭക്ഷണം കൊടുത്ത് സല്‍ക്കരിക്കാതെ വിടുമായിരുന്നില്ല. ഒ.എം കുഞ്ഞു സാഹിബ് തുടങ്ങിവെച്ച പല സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും വള്ളക്കടവ് പ്രദേശത്ത് തുടര്‍ച്ചയും വ്യാപനവും ഉണ്ടാക്കുന്നതിന് ജിന്നാസഹിബ് നേതൃത്വം നല്‍കി. പ്രദേശത്ത് സകാത്ത്, ഫിത്വ്ര്‍ സക്കാത്ത് സംവിധാനങ്ങള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം ഇസ്‌ലാമിക് സെന്ററിന്റെ നിര്‍മ്മാണത്തിലും കാര്യമായ പങ്കുവഹിച്ചു. അഴിക്കോട് ഇസ്‌ലാമിക് എജുക്കേഷണല്‍ കോംപ്ലക്‌സില്‍ റെസിഡന്റ് മാനേജറായി സേവനമനുഷ്ഠിക്കുമ്പോള്‍ ശുചീകരണജോലി പോലും സ്വയം ചെയ്തു മാതൃക കാട്ടിയിരുന്നു. തിരുവനന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ അക്കൗണ്ടന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ മരണപ്പെട്ടു. കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കാനും അദ്ദേഹത്തിന് സാധിച്ചു.  

മെഹബൂബ് എം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍