Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

തട്ടത്തില്‍ തട്ടി തടയുന്ന മതേതരത്വം

സി. അഹമ്മദ് ഫായിസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ന്യൂദല്‍ഹി

തട്ടത്തില്‍ തട്ടി തടയുന്ന മതേതരത്വം

''ഇന്ത്യയെന്ന മഹാ രാജ്യത്ത് പലതരം ഭാഷകളും സംസ്‌കാരങ്ങളും ഗോത്രങ്ങളും മത വിഭാഗങ്ങളും എല്ലാമായി ബന്ധപ്പെട്ട ഒട്ടനവധി ചിഹ്നങ്ങള്‍ നമുക്ക് സുപരിചിതമാണ്. പലപ്പോഴും സ്ത്രീകളിലാണ് ഈ ചിഹ്നങ്ങള്‍ കൂടുതലും. കല്യാണം കഴിച്ച സ്ത്രീ ഹിന്ദുവാണെങ്കില്‍ താലി അല്ലെങ്കില്‍ മംഗല്യസൂത്ര, സിന്ദൂരം, ക്രിസ്ത്യനിയാണെങ്കില്‍ കുരിശു തൂക്കിയ താലി, ബംഗാളിയാണെങ്കില്‍ ചുവന്ന ശംഖു വള, മറാത്തിയാണെങ്കില്‍ പച്ച കുപ്പിവള.. അങ്ങനയങ്ങനെ ഒരുപാട് ചിഹ്നങ്ങള്‍ തിരിച്ചറിയപ്പെടാനുള്ള മാധ്യമമാവുന്നു. എന്നാല്‍, ഇവയോടൊന്നും തന്നെ ഒരുതരത്തിലുള്ള അവജ്ഞയും ഉണ്ടാവാറില്ലെന്ന് മാത്രമല്ല, സമൂഹം ബഹുമാനത്തോടു കൂടി മാത്രമേ അവയെ നോക്കി കാണാറുള്ളൂ. അതേസമയം, ഈ ബഹുമാനം എന്തു കൊണ്ട് ശിരോവസ്ത്രമടക്കമുള്ള  മുസ്‌ലിം ചിഹ്നങ്ങള്‍ക്ക്  നല്‍കാന്‍ തയാറാവുന്നില്ല?'' (ഹിജാബ് എന്റെ ചോയ്‌സ് കൂടിയാണ്/കെ നൂര്‍ജഹാന്‍/മാധ്യമം ഓണ്‍ലൈന്‍). 

മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഭരണഘടന തങ്ങള്‍ക്ക് നല്‍കുന്ന  മൗലികാവകാശത്തിന് വേണ്ടി രാജ്യത്തിന്റെ ഉന്നത നീതിപീഠത്തെ സമീപിച്ചപ്പോള്‍ തിരിച്ചുണ്ടായ ചോദ്യം രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ വിശ്വാസത്തോടുള്ള വെല്ലുവിളി കൂടിയാണ്. 'നിങ്ങളുടെ ഈഗോ ആണ് പ്രശ്‌നം, മൂന്ന് മണിക്കൂര്‍ ഹിജാബ് ഊരിവെച്ചാല്‍ തകരുന്നതാണോ വിശ്വാസം' എന്ന്  നിസ്സാരമായി ചോദിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ്, മുമ്പ് സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും വന്നിട്ടുള്ള കേസുകള്‍ ഓര്‍ക്കേണ്ടതുണ്ടായിരുന്നു.

1986-ല്‍ ബിജോ ഇമ്മാനുവല്‍ കേസില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂടെ ആലപിക്കാത്തത്തിനു സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിക്കെതിരെ   തങ്ങള്‍ യഹോവയെ മാത്രമേ പ്രകീര്‍ത്തിക്കാറുള്ളൂ എന്നും ദേശീയ ഗാനം ആലപിക്കുന്നത് തങ്ങളുടെ മത വിശ്വാസത്തിനു എതിരാണ് എന്നും വാദിച്ച് ഹരജി ഫയല്‍ ചെയ്തപ്പോള്‍, 'നിങ്ങളുടെ ഈഗോയാണ് നിങ്ങളെ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്' എന്ന്  ചോദിക്കുകയല്ല സുപ്രീം  കോടതി ചെയ്തത്. മറിച്ച് അവരുടെ വിശ്വാസത്തെ മാനിക്കുകയും ദേശീയഗാനം ആലപിക്കുമ്പോള്‍ മൗനം അവലംബിക്കാന്‍ അനുമതി നല്‍കുകയുമാണ് ചെയ്തത്. 2008-ല്‍ ശനിയാഴ്ച പുണ്യ ദിവസം ആയതിനാല്‍ തങ്ങള്‍ക്ക് പകല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും സമയ മാറ്റം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  സെവന്‍ത്  ഡേ അട്വന്റിസ്റ്റ് വിഭാഗക്കാര്‍ സമര്‍പ്പിച്ച ഹരജി സ്വീകരിച്ച കേരള ഹൈക്കോടതി അവരോടും 'ശനിയാഴ്ച പകല്‍ പരീക്ഷ എഴുതിയാല്‍ വിശ്വാസം തകരാന്‍ പോകുന്നില്ല' എന്നു പറയുകയല്ല ചെയ്തത്. മറിച്ച് അവരുടെ മത വിശ്വാസത്തെ മാനിക്കുകയും പ്രത്യേക സമയം അനുവദിക്കുകയും ചെയ്യുകയാണുണ്ടായത്. ഇപ്പോഴും ആ വിധി ഉപയോഗിച്ച് ആ വിഭാഗം രാത്രി പരീക്ഷ എഴുതുന്നുണ്ട്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍/സംഘടന കേസ് കൊടുക്കുമ്പോള്‍  മാത്രം ഉയരുന്ന ഈ 'മതേതര ഈഗോ'യുടെ ഉള്ളില്‍ അടിസ്ഥാനപരമായി സവര്‍ണമായ പൊതുബോധം മറഞ്ഞിരിപ്പുണ്ട്.

ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്തിട്ടുള്ള മതേതരത്വം എന്ത് എന്ന്  ഈ സന്ദര്‍ഭത്തില്‍ ഗൗരവ പരിശോധന അര്‍ഹിക്കുന്നു. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ മൂന്നു മണിക്കൂര്‍ ഹിജാബ് അഴിച്ചുവെച്ചാല്‍ വിശ്വാസം തകരുമോയെന്ന് ചോദിച്ചുകൊണ്ട്, ഇത് ഹരജിക്കാരുടെ ഈഗോ പ്രശ്‌നമായും ചെറിയ പ്രശ്‌നമായും കാണുന്ന സുപ്രീം കോടതി പരാമര്‍ശം  ഒരു വശത്തിരിക്കെ, ഹൈന്ദവ ആചാരങ്ങള്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെനെതിരെ സമര്‍പ്പിച്ച ഹരജിയോടു ഗുജറാത്ത് ഹൈക്കോടതി പുലര്‍ത്തിയ നിലപാട് പുതിയ കാലത്ത് അത്യന്തം പ്രാധാന്യം അര്‍ഹിക്കുന്നു. 2011-ല്‍ ഗുജറാത്തിലെ  പുതിയ  ഹൈക്കോടതി കെട്ടിടം തറക്കല്ലിടും മുമ്പ്  ഭൂമിപൂജയും മറ്റു പൂജാ കര്‍മങ്ങളും നടത്തിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്ത 'രാജേഷ് സോളങ്കി വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ' കേസില്‍, ഭൂമി പൂജയെ മതേതര വിരുദ്ധമായ കാര്യമായി കാണേണ്ടതില്ലെന്നും നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്ത മതേതരത്വം മതവിരുദ്ധതയല്ലെന്നുമാണ് കോടതി പറഞ്ഞത്. ഭൂമിപൂജ പോലുള്ള നല്ല ആചാരങ്ങളെ ഏതെങ്കിലും മതത്തിന്റേതായി ബ്രാന്റ് ചെയ്യരുതെന്ന്  ഓര്‍മിപ്പിക്കുകയും ചെയ്ത കോടതി, പൊതു താല്‍പര്യ ഹരജി നല്‍കിയ പരാതിക്കാരന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദം ആണെന്ന് പറഞ്ഞ് 20000 രൂപ പിഴയൊടുക്കാന്‍ കല്‍പിക്കുകയാണ്  ചെയ്തത്. സമാനമായ വിധിയാണ്  1992- ലെ എതീസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ വേഴ്‌സസ് ഗവണ്‍മെന്റ് ഓഫ് ആന്ധ്രപ്രദേശ് കേസിലും പ്രസ്താവിക്കപ്പെട്ടത്. ഇതുപോലെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു സുപ്രധാന വിധിയാണ്  സുപ്രീം കോടതി ജസ്റ്റിസ് ജെ.എസ് വര്‍മ പുറപ്പെടുവിച്ച  1996-ലെ 'ഹിന്ദുത്വ  വിധി.' തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിന്ദുത്വത്തിന് വേണ്ടി വോട്ട് ചോദിക്കുന്നത് മത സ്പര്‍ധ വളര്‍ത്തല്‍  അല്ല എന്നും, ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും  തെറ്റായി സ്ഥാപിച്ചു കൊണ്ടുള്ള വിധി  സംഘ്പരിവാരങ്ങള്‍ ഇന്നും തങ്ങളുടെ മതേതരത്വത്തിനുള്ള തെളിവായി കൊണ്ട് നടക്കുന്നുണ്ട്. ഹിന്ദുത്വ ചായ്‌വുള്ള ഇത്തരം വിധികളെ മുന്നില്‍  വെച്ച് കൊണ്ട്  ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളെ വിലയിരുത്തുമ്പോള്‍ അത്ര കണ്ട് നിസ്സാരവത്കരിക്കേണ്ട ഒന്നല്ല ആ പരാമര്‍ശങ്ങള്‍. 'ഹിജാബ്' ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്ന സ്ത്രീകളുടെ അവകാശമാണോ, അത്തരം ഒരു നിയമം മതത്തില്‍ അനുശാസിക്കുന്നുണ്ടോ തുടങ്ങിയ നിരവധി ചര്‍ച്ചകള്‍  നടക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു വിഷയത്തെ ഇത്ര അവഹേളനപരമായ  പരാമര്‍ശങ്ങളിലൂടെ നേരിട്ട കോടതി ഇത്തരം കേസുകളില്‍ മറ്റു രാജ്യങ്ങളിലെ കോടതി വിധികളും നോക്കിയില്ല എന്നതാണ് ദുഃഖകരം. ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് ജോലി നിഷേധിച്ച കമ്പനിക്കെതിരെ യു.എസ് സുപ്രീം കോടതി  വിധി പുറപ്പെടുവിച്ചത്  ഈയടുത്ത കാലത്താണ്. മറ്റെന്തൊക്കെ വിമര്‍ശനങ്ങള്‍ ആ രാജ്യത്തിന്റെ വിദേശ നയങ്ങളോട്  ഉണ്ടെങ്കിലും 'എന്തിനാണിത്ര പിടി വാശി, ആ ഹിജാബ് മാറ്റി വെച്ച് ജോലിക്ക് കയറിക്കൂടേ' എന്ന് ചോദിക്കാന്‍ ഇസ്‌ലാമോഫോബിയ കൊടികുത്തി വാഴുന്ന അമേരിക്കയിലെ സുപ്രീം  കോടതിക്ക് പോലും തോന്നിയില്ല. ദേശക്കൂറും ആത്മാഭിമാനവും നിരന്തരം ചോദ്യം ചെയ്യപ്പെട്ടിട്ടും, നിരന്തര കലാപങ്ങളും തീവ്രവാദ ആരോപണങ്ങളും നേരിട്ടിട്ടും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിച്ച് ജീവിക്കുന്ന  ഒരു സമൂഹത്തിലെ പുതിയ തലമുറ, തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിനു വേണ്ടി ഉന്നത നീതിപീഠത്തെ സമീപിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് അവഹേളിക്കുന്നത് ആ പദവിക്ക് ചേര്‍ന്നതാണോ എന്ന്  ചീഫ് ജസ്റ്റിസ് സ്വയം ചിന്തിക്കേണ്ടതുണ്ട്.

സി. അഹമ്മദ് ഫായിസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ന്യൂദല്‍ഹി

ബഹുസ്വര സമൂഹത്തില്‍ സര്‍വ 
സമ്മതമായ ചടങ്ങുകളല്ലേ അഭികാമ്യം

നിലവിളക്ക് കൊളുത്തല്‍ ഒരു മതത്തിന്റെ ആചാരമല്ലെന്നാണ് പി.എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ സിനിമാ നടന്‍ മമ്മുട്ടി പറഞ്ഞത്. വിളക്ക് കൊളുത്തല്‍ ഹിന്ദുമതാചാരമല്ലെന്ന് മറ്റു ചിലരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം?

ഹൈന്ദവ ദര്‍ശനത്തില്‍ നിലവിളക്കിനുള്ള പ്രാധാന്യം ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. എണ്ണയൊഴിച്ച്, അതില്‍ തുണി, നൂല്‍ തുടങ്ങിയവയിട്ട് ഹിന്ദു ഭവനങ്ങളില്‍ സന്ധ്യാ സമയത്ത് നിലവിളക്ക് കത്തിച്ചുവെക്കുക പതിവാണ്. വീട്ടിലെ കുടുംബാംഗങ്ങള്‍ വിളക്കിന് ചുറ്റുമിരുന്ന് നാമം ജപിക്കുകയും ചെയ്യുന്നു. രാവിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കുന്നത്. തന്മൂലം സൂര്യന്‍ പകല്‍ സമയത്ത് പ്രകൃതിയുടെ രക്ഷകനായും നിലവിളക്കിലെ അഗ്നി രാത്രിയുടെ കാവല്‍ക്കാരനായും വാഴ്ത്തപ്പെടുന്നു. ഉമ്മറത്ത് നിലവിളക്ക് കൊളുത്തി വെക്കുന്നതിനാണ് സന്ധ്യാ ദീപം എന്ന് പറയുന്നത്. സന്ധ്യാ സമയത്ത് കൊളുത്തുന്ന ദീപത്തിന് ഹൈന്ദവ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. 'ഐശ്വര്യപ്രാപ്തിക്കും ധനസമ്പാദനത്തിനും ശത്രു ബുദ്ധി വിനാശത്തിനും ദീപജ്യോതിയെ ഞാന്‍ നമസ്‌കരിക്കുന്നു'വെന്നാണ് ഋഗ്വേദ വേദം ഉദ്‌ഘോഷിക്കുന്നത്.

നിലവിളക്ക് കൊളുത്തലിന്റെ മതകീയ മാനം കേസരി ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ''അഗ്നി മീളേ പുരോഹിതം എന്ന് ഋഗ്വേദം പുരോഹിതനായ അഗ്നിയെ സ്തുതിക്കുന്നു. ലോകത്തിന്റെ കണ്ണായ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുമ്പോഴും അനേകം വൈദ്യുതി ദീപങ്ങള്‍ തെളിഞ്ഞു നില്‍ക്കുമ്പോഴുമാണ് നാം ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. അത് ഐശ്വര്യ പൂര്‍ണമാണെന്ന് നമ്മുടെ സംസ്‌കാരം തിരിച്ചറിയുന്നു'' (കരുകോണ്‍ മുരളി, കേസരി 24-7-2015).

വിളക്കിനോടോ അഗ്നിയോടോ വെളിച്ചത്തോടോ മുസ്‌ലിംകള്‍ക്ക് യാതൊരു വിരോധവുമില്ല. തമസ്സില്‍ നിന്ന് വെളിച്ചത്തിലേക്കും അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്കും നയിക്കേണമേ എന്നുതന്നെയാണ് മുസ്‌ലിംകളുടെയും പ്രാര്‍ഥന. എന്നാല്‍, വിളക്കില്‍ ജ്വലിക്കുന്ന അഗ്നിയോ, പകല്‍ സമയത്ത് ലോകത്തിന് പ്രകാശം ചൊരിയുന്ന സൂര്യനോ, രാത്രികാലങ്ങളില്‍ പൂനിലാവ് പൊഴിക്കുന്ന ചന്ദ്രനോ, പ്രവാചകനടക്കമുള്ള വ്യക്തികളോ ആരാധ്യരാവാന്‍ പാടില്ലെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്ന മതം അവരോട് അനുശാസിക്കുന്നു. ഒരേയൊരു ആരാധ്യന്‍ പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ ദൈവം മാത്രം.

ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു പ്രത്യേക മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ വിഭാഗങ്ങളും അനുഷ്ഠിച്ചുകൊള്ളണമെന്നും, അങ്ങനെ ചെയ്യാത്തവര്‍ രാജ്യദ്രോഹികളും മത മൗലികവാദികളും മറ്റുമാണെന്നും ആക്രോശിക്കുന്നത് നമ്മുടെ രാഷ്ട്രവും ഭരണഘടനയും കാത്തുസൂക്ഷിച്ചുപോന്ന ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്കും മത സഹിഷ്ണുതക്കും കടകവിരുദ്ധമാണ്. പൊതുവേദിയിലെ ഉദ്ഘാടനങ്ങള്‍ക്ക് നാടമുറി, ശിലാ സ്ഥാപനം തുടങ്ങിയ സര്‍വസമ്മത ചടങ്ങുകളെ സന്ദര്‍ഭാനുസാരം അവലംബിക്കുന്നതാവും അഭികാമ്യം.

റഹ്മാന്‍ മധുരക്കുഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍