ആത്മ വിചാരണയുടെ കണ്ണീര്‍ കണങ്ങള്‍
സൂര്യ ചന്ദ്രന്‍മാര്‍ ഉദിച്ചും അസ്തമിച്ചും ദിനരാത്രങ്ങള്‍ കടന്നുപോകുന്നു. പ്രപഞ്ചനാഥന്‍ പടപ്പുകള്‍ക്ക് നിശ്ചയിച്ച ആയുസ്സിന്റെ ദിനരാത്രങ്ങള്‍ കൊഴിയുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ഡയറിയുടെ പേജുകളും, തൂക്കിയിട്ടിരിക്കുന്ന കലണ്ടറിന്റെ കോളങ്ങളും മിന്നിമറയുന്നു. മഹാനായ ഹസന്‍ ബസ്വരി മനുഷ്യജീവിതത്തെ ഇപ്രകാരം വിലയിരുത്തുന്നു: ''അല്ലയോ മനുഷ്യാ, നീ ദിവസങ്ങളുടെയും മാസങ്ങളുടെയും സാക്ഷ്യമാണ്. ഓരോ ദിവസവും ആഴ്ചയും മാസവും നിന്നില്‍ നിന്ന് പോയ്മറയുന്നു. അവസാനം നീ തന്നെയും വിടപറയുന്നു.''
കഴിഞ്ഞു പോയ കാലഘട്ടത്തിലെ കിനാവും കുതിപ്പുമുള്ള ജീവിതത്തെ വിലയിരുത്തുന്നവനാണ് വിശ്വാസി. സ്വര്‍ഗ പാതയിലേക്കുള്ള സന്മാര്‍ഗ വീഥികളില്‍ ഇടറിപ്പോയ കാലടികളും പതറിപ്പോയ ചുവടുവെപ്പുകളും അവന്‍ വിലയിരുത്തും. അഴുക്കുചാലില്‍ അകപ്പെട്ടതും പാപകുണ്ടില്‍ അറിയാതെ ആപതിച്ചതും നിറകണ്ണുകളോടെ തിരിഞ്ഞ് നോക്കും. അങ്ങനെ ജീവിതത്തിന്റെ വെളുത്ത പേജുകളില്‍ വീണ കറുത്ത കുത്തുകളെ മായ്ക്കുകയും വിശുദ്ധി വരുത്തുകയും ചെയ്യും. ആത്മാര്‍ഥതയുള്ള ഒരു കച്ചവടക്കാരന്റെ മനസ്സ് വിശ്വാസിക്കുണ്ടാകണം. ഇറക്കിയ മൂലധനവും വിറ്റ് വരവുകളും ലാഭനഷ്ടങ്ങളും വിലയിരുത്തുന്നു ഒരു കച്ചവടക്കാരന്‍. ഈമാനിന്റെ അടിത്തട്ടില്‍ അല്ലാഹുവിനു ദേഹവും ധനവും കൊടുത്ത് സ്വര്‍ഗം കൊയ്യുന്ന കച്ചവടം ലാഭമോ നഷ്ടമോ? അല്ലാഹുവുമായുള്ള ഉള്ളുതുറന്ന വിശ്വാസ ബന്ധത്തില്‍ വല്ല വിള്ളലും സംഭവിച്ചുവോ? അതു വഴി അല്ലാഹുവിനോടുള്ള ബാധ്യതകളില്‍ വല്ല വീഴ്ചയും സംഭവിച്ചുവോ? ഒരു ആത്മ പരിശോധന നല്ലതാണ്.
അല്ലാഹുവിനോടുള്ള ബാധ്യതകളില്‍ വരുത്തിയ വീഴ്ചകള്‍. സല്‍കര്‍മങ്ങള്‍ എന്ന പേരില്‍ ചെയ്ത ദുഷ്‌കര്‍മങ്ങള്‍. മലീമസമായ മറിമായങ്ങള്‍. അതിരുകള്‍ ചാടിക്കടന്ന ആത്മ സുഖങ്ങള്‍. നാക്കിലും വാക്കിലും വന്ന പാകപ്പിഴവുകള്‍. ക്ഷമ ചോദിക്കേണ്ട ഇടപെടലുകള്‍. പിന്‍വലിക്കേണ്ട പ്രസ്താവനകള്‍. മനപൂര്‍വമുന്നയിച്ച ആരോപണങ്ങള്‍. കൊടുത്തു വീട്ടേണ്ട ഇടപാടുകള്‍. പാലിക്കേണ്ട വാഗ്ദാനങ്ങള്‍. ലംഘിച്ചുപോയ കരാറുകള്‍. ഒഴിവാക്കേണ്ട നിഷിദ്ധങ്ങള്‍. വിടപറയേണ്ട കൂട്ടുകെട്ടുകള്‍. തിരിച്ചുനടക്കേണ്ട അസാന്മാര്‍ഗിക പാതകള്‍. മുറിച്ചു കളഞ്ഞ കുടുംബ ബന്ധങ്ങള്‍. വിളക്കിച്ചേര്‍ക്കേണ്ട ആത്മ ബന്ധങ്ങള്‍. കഴിഞ്ഞു പോയ ജീവിതത്തിന്റെ കര്‍മപുസ്തകത്തില്‍ തിരുത്തേണ്ട തെറ്റു കുറ്റങ്ങള്‍ എത്ര? പ്രതിസന്ധി നിറഞ്ഞ മഹ്ശറിലെ പരസ്യ വിചാരണക്കു മുമ്പുള്ള ആത്മവിചാരണ ജീവിതത്തിന്റെ വഴിത്തിരിവാണ്. ലോകം കണ്ണടച്ചുറങ്ങുന്ന പാതിരാവില്‍ കണ്ണുതുറന്ന് ജീവിതത്തെ വിലയിരുത്തുമ്പോള്‍ കണ്ണീര്‍ തുള്ളികളില്‍ തെളിയുന്ന പ്രകാശം, സ്വര്‍ഗലോകത്തിന്റേതായിരിക്കും.
നെഞ്ചകങ്ങളിലെ ഹൃദയങ്ങളോളം ആളിപ്പടരുന്ന നരകത്തിന്റെ തീ നാളങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടുള്ള ആത്മവിചാരണ. നിഷ്‌കരുണം ശിക്ഷ നടപ്പാക്കുന്ന കഠിന ഹൃദയരായ മാലാഖമാരെ മനസ്സില്‍ കാണുന്ന ആത്മ വിചാരണ. പിന്നില്‍ അതിവേഗം അകലേണ്ട നരകവും മുന്നില്‍ ഓടി അണയേണ്ട സ്വര്‍ഗവും പിന്നാലെ ആത്മാവിനെ പിടികൂടുന്ന മലക്കിനെയും അകക്കണ്ണുകൊണ്ട് കാണുന്ന വിചാരണ. മഹ്ശറില്‍ അഭിമുഖീകരിക്കേണ്ട വിചാരണ എത്ര ഭയാനകം! വാചാലമായ നാവുകള്‍ മുദ്രവെക്കപ്പെടുകയും നിശ്ശബ്ദമായ അവയവങ്ങള്‍ വാചാലമാവുകയും സഹചാരിയായി നിന്ന അവയവങ്ങള്‍ പ്രതിയോഗിയെപ്പോലെ സാക്ഷി പറയുകയും ചെയ്യുന്ന പരലോക വിചാരണ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''അന്ന് നാമവരുടെ വായ അടച്ചു മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. കാലുകള്‍ സാക്ഷ്യം വഹിക്കും. അവര്‍ ചെയ്തു കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന്.'' (യാസീന്‍: 65)
മഹ്ശറിലെ വിചാരണയെപ്പറ്റി ആഇശ (റ) നബി (സ) യോട് ചേദിക്കുന്നു. കര്‍മപുസ്തകം വലതു കൈയില്‍ നല്‍കപ്പെട്ടവര്‍ ലഘുവായി വിചാരണ ചെയ്യപ്പെടുമെന്ന് അല്ലാഹു പറഞ്ഞിട്ടില്ലയോ പ്രവാചകരേ? നബി (സ) പറഞ്ഞു: ''അത് കര്‍മങ്ങള്‍ വെളിപ്പെടുത്തുക മാത്രമാകുന്നു. എന്നാല്‍ ചോദ്യത്തിന് വിധേയനാക്കപ്പെടുന്നവന്‍ നശിച്ചത് തന്നെ.'' (മുസ്‌ലിം). സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുത്തു കൊടുക്കപ്പെട്ട പ്രവാചകന്‍ നമസ്‌കാരത്തില്‍ ''അല്ലാഹുവേ, മുഹമ്മദിനെ ലഘുവായി മാത്രം വിചാരണ ചെയ്യേണമേ'' എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് ആഇശ(റ) ഉദ്ധരിക്കുന്നു (തിര്‍മിദി).
ഉമറുല്‍ ഫാറൂഖ്(റ) വ്യക്തമാക്കുന്നു: ''കാഠിന്യമുള്ള വിചാരണക്ക് മുമ്പ് നീ സ്വയം വിചാരണ നടത്തുക. അതാണ് ഉത്തമ ഭാവിക്ക് നല്ലത്. ആത്മവിചാരണക്ക് സന്നദ്ധനല്ലെങ്കില്‍ പരലോകം ദുഃഖത്തിലും നഷ്ടത്തിലുമായിരിക്കും.'' സ്വയം വിചാരണയുടെ മഹത്വമറിഞ്ഞ ഉമര്‍ ഏകാന്തനായിരുന്ന് സ്വന്തത്തോട് പറയുന്നു: ''അല്ലാഹുവില്‍ സത്യം, ഖത്താബിന്റെ പുത്രന്‍ ഉമറേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ അവന്‍ നിന്നെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും.'' 'ഒരു മരുപ്പച്ച ആയിരുന്നെങ്കില്‍, ഒരു കല്ലായിരുന്നെങ്കില്‍, അല്ല, ഒരു പുല്‍കൊടിയെങ്കിലുമായാണ് എന്നെ നീ സൃഷ്ടിച്ചിരുന്നതെങ്കില്‍ നിന്റെ വിചാരണക്ക് ഞാന്‍ വിധേയമാകേണ്ടി വരില്ലായിരുന്നല്ലോ' എന്ന് വിലപിച്ചതും ഉമര്‍ തന്നെ.
ഒറ്റക്കിരുന്ന് കരയുന്ന ആഇശ(റ)യോട് നബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''നരകത്തെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞതാണ് റസൂലേ. അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?'' നബി(സ) മറുപടി പറഞ്ഞു; ആഇശക്ക് ഒട്ടും പ്രതീക്ഷ നല്‍കാത്ത ഉത്തരം. ''ആഇശാ, മൂന്ന് സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മ തിന്മകള്‍ തൂക്കുന്ന ത്രാസിനടുത്ത് വെച്ച് തന്റെ ത്രാസിന്റെ ഭാരം കൂടുമോ കുറയുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്തകങ്ങള്‍ കൊണ്ട് വരുമ്പോള്‍ വലതു കൈയിലാണോ ഇടതു കൈയിലാണോ പിന്നിലൂടെയാണോ അത് നല്‍കപ്പെടുക എന്നറിയുന്നത് വരെ. നരകത്തിനഭിമുഖമായി പാലം വെക്കുകയും അത് മുറിച്ച് കടക്കുകയും ചെയ്യുന്നത് വരെ'' (അബൂദാവൂദ്). പരലോക വിചാരണയുടെ മൂന്ന് സന്ദര്‍ഭങ്ങള്‍ പ്രവാചകന്‍ എത്ര ഗൗരവത്തിലാണ് ആഇശയെ ഓര്‍മിപ്പിച്ചത്! കരളിന്റ കഷ്ണങ്ങളെ പോലും പ്രവാചകന്‍ മറന്നു പോകുന്ന വേളകള്‍.
ലോകം കണ്ണടച്ചുറങ്ങുന്നു. താരാപഥങ്ങള്‍ മാത്രം മിഴിതുറന്നിരിക്കുന്ന അത്യപൂര്‍വ രാത്രി. അഹ്‌നഫ് ബ്‌നു ഖൈസ് ആത്മ വിചാരണ നടത്തുന്നു. മുന്നില്‍ കത്തിച്ച് വെച്ച വിളക്കിന്റെ തീ നാളങ്ങളില്‍ കൈ ചേര്‍ത്ത് വെക്കുന്നു. അസഹ്യമായ ചൂടേറ്റ് കൈ പിന്നിലേക്ക് വലിക്കുന്നു. നിസ്സാരമായ വിളക്കിന്റെ ചൂട് സഹിക്കാന്‍ കഴിയാതെ അഹ്‌നഫ് സ്വന്തത്തോട് ചോദിക്കുന്നു: ''കഴിഞ്ഞുപോയ കാലഘട്ടത്തിലെ ദിനരാത്രങ്ങളില്‍ മഹാപാതകം ചെയ്യാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്?'' ഹൃദയത്തെ പൊള്ളിച്ച ആത്മവിചാരണ അഹ്‌നഫിനെ ഒരു വിശുദ്ധ വിശ്വാസിയാക്കി വിഹായസ്സിലേക്കുയര്‍ത്തുകയായിരുന്നു.
പരിചരിച്ച് കൊണ്ട് നടന്ന അവയവങ്ങളും സൗന്ദര്യവര്‍ദ്ധക ലേപനങ്ങള്‍ പുരട്ടി ഭംഗിവരുത്തിയ നമ്മുടെ ചര്‍മ്മങ്ങളും നമ്മെ തള്ളിപ്പറയുന്ന വിചാരണാ ഘട്ടം എത്ര ഭയാനകം!
''അവര്‍ അവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കും. അപ്പോള്‍ അവര്‍ തൊലിയോട് ചോദിക്കും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിച്ചത്? അവ പറയും: സകല വസ്തുക്കള്‍ക്കും സംസാര ശേഷി നല്‍കിയ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു. അവനാണു ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടതും അവങ്കലേക്കു തന്നെ.'' (ഫുസ്സ്വിലത്ത്: 20-21)
ജീവിതത്തിന്റെ ഒരു കണക്കെടുപ്പ് വിശ്വാസിക്ക് എപ്പോഴും ഗുണകരമാണ്. ഹ്രസ്വമായ ഈ ജീവിതത്തെ വിലയിരുത്തുമ്പോള്‍ കൊഴിഞ്ഞു പോയ കുറെ ദിന രാത്രങ്ങള്‍. മുന്നില്‍ എന്നും നിലക്കാവുന്ന ജീവിത ഘടികാരവും. ഈ ആത്മ വിചാരത്തോടെ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ ഉയരേണ്ട ഒരു ചോദ്യമുണ്ട്; ഖുര്‍ആന്‍ നമ്മോട് ചോദിക്കുന്ന ചോദ്യം: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു'' (ഹശ്ര്‍:18).
Comments