Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

ഓര്‍മയില്‍ ഒരു സമ്മേളനം

അബൂബക്കര്‍ മാടാശ്ശേരി, ദോഹ /ഓര്‍മ

         നാളെ മലപ്പുറം ദഅവത്ത് നഗറില്‍ സംസ്ഥാന സമ്മേളനം ഉണ്ടെന്നും നീ പങ്കെടുക്കണമെന്നും പറഞ്ഞത് അബൂബക്കര്‍ മാഷ് ആണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉപ്പ രണ്ടു ദിവസം ദൂര യാത്രയിലാണ്. മലപ്പുറം ഇത്രയും ദൂരെയുള്ള സ്ഥലത്ത്  പോകേണ്ടെന്നു ഉമ്മയുടെ അഭിപ്രായം. ഉമ്മ ആയിശു ഇച്ചയോടു വിവരം പറഞ്ഞു. അവരും അത് തന്നെ ആവര്‍ത്തിച്ചു. മൂന്നു ദിവസം മലപ്പുറത്ത് സമ്മേളന പന്തലില്‍ പോയി കിടന്നുറങ്ങാന്‍ കുഞ്ഞന്‍ വലുതായിട്ടില്ല. ആയിശു ഇച്ച പറഞ്ഞു. ഞാന്‍ പോയേ അടങ്ങൂ എന്ന പിടി വാശിയില്‍. അങ്ങനെ ഉള്ള  വസ്ത്രങ്ങളും മറ്റും ഒരു ബാഗിലാക്കി ഞാന്‍ കമ്പനിയിലേക്ക് നടന്നു. അവിടെ സ്രാമ്പിക്ക് മുമ്പില്‍ മൈത്രി ബസ് ഞങ്ങളെ കാത്തു കിടക്കുന്നു. ബസിനു മുമ്പില്‍ 'ജമാഅത്തെ ഇസ്‌ലാമി സമ്മേളനം മലപ്പുറം ദഅവത്ത് നഗര്‍' എന്ന് എഴുതി  വെച്ചിരിക്കുന്നു. ഇബ്‌റാഹീം മാഷും ബസില്‍ ഉണ്ട്. ഇബ്‌റാഹീം മാഷെ കണ്ടപ്പോള്‍ എനിക്ക് അതിശയമായി. അദ്ദേഹം അതുവരെയും ജമാഅത്തുകാരന്‍ അല്ല എന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്. മൊട്ടമ്മല്‍ അമ്മദിക്കയും, ദോഹയില്‍ നിന്ന് ലീവിന് വന്ന പി.കെ അബ്ദുല്ല ഇക്കയും ഒക്കെ ബസില്‍ ഉണ്ട്. എന്റെ കൂട്ടുകാര്‍ നരിക്കോട്ട് ബഷീറും ഒതയോത്ത് അലിയും  വന്നു ചേര്‍ന്നപ്പോള്‍, അതുവരെ  വീട്ടില്‍ നിന്ന് വാശി പിടിച്ചു പോന്ന മനഃപ്രയാസങ്ങളൊക്കെ പമ്പ കടന്നു. ബസ് പൈങ്ങോട്ടായില്‍ എത്തിയപ്പോള്‍ കുറച്ചു പേര്‍ അവിടെ നിന്ന് കയറി. കോഴിക്കോട് എത്തിയപ്പോള്‍ അവിടെ ഒരു ഹോട്ടലിനു മുമ്പില്‍ ബസ് നിര്‍ത്തി. നല്ല ഒരു കോഴിക്കോടന്‍ രാത്രി ഭക്ഷണം കഴിച്ചു. അല്‍പം വിശ്രമിച്ചതിനു ശേഷം മൈത്രി ബസ് മലപ്പുറത്തേക്ക് കുതിച്ചു ഓടുകയാണ്.

പുഴയ്ക്കു മുകളിലൂടെയുള്ള ഫറോക്ക് പാലവുമൊക്കെ കടന്നു. എത്രയോ അങ്ങാടികള്‍ പിന്നിട്ട് കോഴിക്കോട് ജില്ലക്ക് പുറത്തേക്കുള്ള ആദ്യത്തെ യാത്ര ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഞങ്ങള്‍ സമ്മേളന നഗരി സ്ഥിതി ചെയ്യുന്ന മക്കരപറമ്പിലേക്ക് പ്രവേശിക്കുകയാണ്. അടുത്തെത്തിയപ്പോള്‍ ട്യൂബ് ലൈറ്റുകള്‍. വെളിച്ചം വിതറുന്ന ദഅ്‌വത്ത് നഗര്‍ അതി മനോഹരമായി അനുഭവപ്പെട്ടു. മനോഹരമായ പ്രവേശന കവാടം. മുന്‍ഭാഗത്ത് തന്നെ  ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പുസ്തക പവലിയന്‍. ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍ അടക്കമുള്ള പ്രദര്‍ശന വസ്തുക്കളുള്ള പ്രദര്‍ശന ഹാള്‍. സമ്മേളനം വകയുള്ള കാന്റീന്‍. അവിടെ എനിക്ക് വളരെ രസകരമായി തോന്നിയത് കാരംസ് സ്‌ട്രൈക്കര്‍ മാതിരിയുള്ള വെളുത്ത കൂപ്പണുകള്‍. ചില്ലറ ക്ഷാമം ഉണ്ടാവുമ്പോള്‍ ഈ കൂപ്പണുകള്‍ കൊടുക്കും. ഞങ്ങള്‍ ബാഗുകളും മറ്റും വെക്കുന്ന  സ്ഥലത്തേക്ക് പോയി. ഓരോ ജില്ലക്കാര്‍ക്കും വസ്ത്രങ്ങളും  ബാഗുകളും ഒക്കെ വെക്കാന്‍ പ്രത്യേക സ്ഥലം തയാറാക്കി വെച്ചിരിക്കുന്നു. അവിടെ വെച്ച് ചുരുളമുടിയും പ്രസന്ന വദനനുമായ ഒരാളെ അലി എനിക്ക് പരിചയപ്പെടുത്തി. അലി പറഞ്ഞു: ഇത് ഞങ്ങളുടെ റഹ്മാനിയയിലെ മാഷാണ്. പുഞ്ചിരിച്ചു കൊണ്ട് മാഷ് ഞങ്ങളെ ഹസ്തദാനം ചെയ്തു. അത് കവിയും ഗാന രചയിതാവുമായ, പിന്നീട് എന്റെ ഗുരുവുമായ പൈങ്ങോട്ടായി ദാമോദരന്‍ മാഷ് ആയിരുന്നു. ജമാഅത്തെ ഇസ്‌ലാമി സമ്മേളനം ഉണ്ടാവുമ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ നാട്ടിലെ എല്ലാവരെയും ക്ഷണിക്കും. ക്ഷണം സ്വീകരിച്ച് സഹൃദയരായ ഒരുപാട് പേര്‍ ആദ്യാവസാനം പങ്കെടുക്കും. മാഷ് കൂട്ടുകാരോടോപ്പം സമ്മേളന നഗരിയിലേക്ക് ശയ്യോപകരണങ്ങളുമായി ഉറങ്ങാന്‍ പോയി. പിറ്റേ ദിവസം മാതൃഭൂമിയിലും മനോരമയിലും പെട്ടിക്കോളം വാര്‍ത്ത ഉണ്ടായിരുന്നു. ദേശീയ നേതാക്കളടക്കമുള്ള  പണ്ഡിതന്മാരും സാധാരണ പ്രവര്‍ത്തകരും എല്ലാം ഒന്നിച്ചുറങ്ങുന്ന സമ്മേളന നഗരി, പത്രക്കാര്‍ക്ക് അതിശയമായിരുന്നു.

സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു വളരെ മുമ്പ് തന്നെ  എല്ലാവരും ഉണര്‍ന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള താല്‍ക്കാലിക ലാട്രിനുകളും കുളിമുറികളും നൂറുക്കണക്കിന് അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാം അണുനാശിനികള്‍ ഉപയോഗിച്ച് അപ്പപ്പോള്‍ തന്നെ വൃത്തിയാക്കുന്നുമുണ്ട്. നിസ്വാര്‍ഥ സേവകരായ വളണ്ടിയര്‍മാര്‍ ജാഗ്രതയോടെയും എളിമയോടെയും സമ്മേളന നഗരിയില്‍ എല്ലായിടത്തും ഉണ്ട്. സുബ്ഹി നമസ്‌കാരത്തിന് ശേഷം അബ്ദുര്‍റഹ്മാന്‍ തറുവായി സാഹിബിന്റെ ഖുര്‍ആന്‍ ക്ലാസ്. അത് കഴിഞ്ഞതിനു ശേഷം പ്രാതല്‍. അതും കഴിഞ്ഞ് ഉദ്ഘാടന സമ്മേളനം തുടങ്ങാന്‍ പോവുകയാണ്. ഞാനും അലിയും ബഷീറും സ്റ്റേജിന്റെ ഏറ്റവും അടുത്ത വരിയില്‍ ഉദ്ഘാടനം കാണാന്‍ പോയിരുന്നു.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വി ഉദ്ഘാടന പ്രഭാഷണം നിര്‍വഹിക്കാന്‍ പോവുകയാണ്. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് ആണെന്ന് തോന്നുന്നു, ഉര്‍ദുവിലുള്ള പ്രഭാഷണത്തിന്റെ പരിഭാഷകന്‍ കേരളത്തിന്റെ പ്രകൃതി രമണീയതയെക്കാളേറെ മലയാളിയുടെ ഉദ്ബുദ്ധതയാണ് തന്നെ ഇവിടേക്ക് ആകര്‍ഷിച്ചത് എന്ന് അബുല്ലൈസ് സാഹിബ് ആമുഖമായി പറഞ്ഞു. പിന്നെ കേരള അമീര്‍ ടി.കെ അബ്ദുല്ല സാഹിബിന്റെ അധ്യക്ഷ പ്രഭാഷണമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം മുസ്‌ലിംകളുടെ മാത്രം അല്ലാഹുവല്ല, ഹിന്ദുക്കളുടെ മാത്രം ഈശ്വരനല്ല, ക്രിസ്ത്യാനികളുടെ മാത്രം കര്‍ത്താവല്ല. പ്രപഞ്ചത്തിന്റെ അതിനായകനാണ്. പതിനായിരക്കണക്കിനു പേര്‍ അപ്പോള്‍ അത് കേട്ടതും പിറ്റേ ദിവസം പത്രങ്ങളില്‍ അച്ചടിച്ച് വന്നതുമാണ്. എന്നാല്‍ ചില സുന്നി പ്രസിദ്ധീകരണങ്ങളില്‍ ടി.കെ 'ജമാഅത്ത് ഇസ്‌ലാമിയുടെ ദൈവം മുസ്‌ലിംകളുടെ അല്ലാഹുവല്ല എന്ന് പ്രസംഗിച്ചു' എന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു.  യഥാര്‍ഥത്തില്‍ പറഞ്ഞത് അവര്‍ മറച്ചു വെച്ചു. എങ്ങനെയാണ് ഉല്‍പതിഷ്ണുക്കളുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുന്നത് എന്ന് അപ്പോള്‍ മനസ്സിലായി.

അലകളില്ലാത്ത സമുദ്രമാണ് ഈ ജനസഞ്ചയം. ശബ്ദ ബഹളങ്ങളില്ലാത്ത, അച്ചടക്കമുള്ള സദസ്സിനെ നോക്കി കേരളത്തിന്റെ സാഗരഗര്‍ജനം പ്രഫസര്‍ സുകുമാര്‍ അഴീക്കോട് വേദിയില്‍ പ്രസംഗിക്കുകയാണ്. മലയാളത്തിന്റെ മഹാ പ്രഭാഷകനെ ഞാന്‍ ആദ്യമായി  കാണുന്നതും ശ്രവിക്കുന്നതും ദഅ്‌വത്ത് നഗറില്‍ വെച്ചാണ്. കേരള മദ്യ നിരോധന സമിതി പ്രസിഡന്റും പ്രമുഖ ഗാന്ധിയനുമായ പ്രഫസര്‍ മന്‍മഥന്‍ സാറും ആവേശകരമായ പ്രഭാഷണമാണ് അവിടെ നടത്തിയത്. ജമാഅത്തെ ഇസ്‌ലാമി, മദ്യ നിരോധന സമിതിക്ക് നല്‍കുന്ന സഹകരണം അദ്ദേഹം എടുത്തു പറഞ്ഞു. ആയഞ്ചേരി, കടമേരിയില്‍, കുണ്ട്യാലില്‍ കുഞ്ഞിരാമന്‍ എന്ന മദ്യ നിരോധന സമിതി പ്രവര്‍ത്തകന്‍ തന്റെ പ്രവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ടപ്പോള്‍, ടി.കെ അബ്ദുല്ല സാഹിബ് സ്ഥലം സന്ദര്‍ശിക്കുകയും ആ നിര്‍ധന കുടുംബത്തിന് ജമാഅത്തിന്റെ സഹായധനം  നല്‍കുകയും ചെയ്തിരുന്നത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. തമിഴ്‌നാട്ടിലെ നീരോട്ടം പത്രാധിപരും സിനിമ തിരക്കഥാ രചയിതാവുമായിരുന്ന അടിയാറും അവിടെ പ്രഭാഷണം നടത്തി. അടിയാര്‍ പ്രബോധനത്തില്‍ 'ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം' എഴുതുന്ന കാലമായിരുന്നു അത്. അദ്ദേഹം അബ്ദുല്ല അടിയാര്‍ ആയി മാറിയിട്ടില്ല അപ്പോള്‍. കേരള ഉപ മുഖ്യ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ, സമ്മേളനത്തിനുള്ള സന്ദേശവും ഉച്ച സമയത്ത് അവിടെ വായിച്ചു. കറുത്ത സുന്ദരമായ താടിയുള്ള, ഉര്‍ദുവിലും ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും വേദിയില്‍ വെച്ച് അറിയിപ്പുകള്‍ മൈക്കിലൂടെ വിളിച്ചു പറയുന്ന ഒരു യുവാവിന്റെ ഭാഷാ നൈപുണ്യം എന്നെ വളരെ ആകര്‍ഷിച്ചു. വി.കെ ഹംസ സാഹിബ് ആയിരുന്നു അത്. എന്റെ ഓര്‍മയിലുള്ള കാര്യങ്ങളാണ് ഞാന്‍ എഴുതിയത്. ഡയറിയിലോ മാറ്റോ കുറിച്ച് വെക്കാത്ത കാര്യങ്ങള്‍.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍