ഡോ. എം.എ അബ്ദുല്ല സാമൂഹിക സേവനത്തിന്റെ മഹനീയ മാതൃക
കേരള മുസ്‌ലിംകളെ ആധുനിക വിദ്യാഭ്യാസ ധാരയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റിയുടെ സ്ഥാപക ഭാരവാഹികളില്‍ അവസാനത്തെ ദേഹവും ഡോ. എം.എ അബ്ദുല്ല(92)യുടെ വിയോഗത്തോടെ ചരിത്രത്തിന്റെ ഭാഗമായി. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കം വരെ അറബിക് കോളേജുകളും ഇസ്‌ലാമിക സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിലേ സമുദായം പൊതുവെ താല്‍പര്യമെടുത്തിരുന്നുള്ളൂ. ഫാറൂഖ് കോളേജ് അടക്കമുള്ള ഏതാനും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ഇതിനപവാദമായിരുന്നു. അവയില്‍ തന്നെ പെണ്‍കുട്ടികളുടെ സംഖ്യ തുലോം കുറവായിരുന്നു. പിന്നാക്കാവസ്ഥ അവസാനിപ്പിക്കുന്നതിലും ദേശീയ മുഖ്യധാരയില്‍ മുസ്‌ലിംകളെ ഉള്‍ച്ചേര്‍ക്കുന്നതിലും ആധുനിക വിദ്യാഭ്യാസത്തിന്റെ അനിഷേധ്യ പങ്ക് മനസ്സിലാക്കിയ ഡോ. പി.കെ അബ്ദുല്‍ ഗഫൂറും ഡോ. എം.എ അബ്ദുല്ലയും വാഴക്കാട്ടെ ഡോ. മുഹമ്മദ് കുട്ടിയും മുന്‍കൈയെടുത്താണ് എം.ഇ.എസ് സ്ഥാപിച്ചത്. വിദ്യാസമ്പന്നരും പുരോഗമനവാദികളുമായ ഒരു വിഭാഗത്തിന്റെ സഹകരണവും അവര്‍ക്ക് ലഭിച്ചു. മുസ്‌ലിം മുതലാളിമാരില്‍ ചിലരുടെ പൂത്ത പണപ്പെട്ടി തുറപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. അങ്ങനെയാണ് മമ്പാട്, മണ്ണാര്‍ക്കാട്, വളാഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ സ്ഥാപിതമാവുന്നത്. പില്‍ക്കാലത്ത് ഉയര്‍ന്ന നിലവാരമുള്ള പ്രഫഷണല്‍ കോളേജുകളും എം.ഇ.എസ്സിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ വന്നു. വിദ്യാഭ്യാസപരമായ ഈ നവജാഗരണത്തില്‍ അവിസ്മരണീയ സംഭാവനകള്‍ അര്‍പ്പിച്ചവരില്‍ ഡോ. എം.എ അബ്ദുല്ലയും ഉള്‍പ്പെടുന്നു.
ഉല്‍പതിഷ്ണു ചിന്താഗതിക്കാരനായിരിക്കെ, സമുദായത്തിലെ വിഭാഗീയതയെ അദ്ദേഹം പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. പ്രത്യുത സമുദായ ഐക്യ ശ്രമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. അതോടൊപ്പം ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിക്കാനുള്ള ഗൂഢ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ നിശ്ശബ്ദനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തു. 1965-ലെ ഒരു സംഭവം ഓര്‍മവരുന്നു. കോഴിക്കോട് പാളയം മുഹ്‌യിദ്ദീന്‍ പള്ളിയുടെ മേല്‍ മത യാഥാസ്ഥിതിക വിഭാഗം ഏറെക്കാലം അവകാശവാദമുന്നയിച്ചിരുന്നു. ആയിടക്കാണ് പഴയ പള്ളി പൊളിച്ചു പണിയാന്‍ ഡോ. എം.എ അബ്ദുല്ല പ്രസിഡന്റായ ഭരണ സമിതി തീരുമാനിക്കുന്നതും നിര്‍മാണജോലി ആരംഭിക്കുന്നതും. തറ കെട്ടാന്‍ വേണ്ടി നിലം കുഴിച്ചുകൊണ്ടിരിക്കെ ഒരു തലയോടും മറ്റു ചില ശാരീരികാവശിഷ്ടങ്ങളും ജോലിക്കാരുടെ കണ്ണില്‍ പെട്ട വാര്‍ത്ത നൊടിയിടക്കുള്ളില്‍ പ്രചരിച്ചു. അവരത് മറ്റൊരിടത്ത് കുഴിച്ചിട്ടെങ്കിലും സന്ദര്‍ശകരുടെ വരവായി. മണ്‍മറഞ്ഞത് ഔലിയാ ആണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമേയില്ല. വെള്ളത്തുണി കൊണ്ട് സംഭവസ്ഥലം മൂടലും കഴിഞ്ഞു. സമസ്ത നേതൃത്വം അവസരത്തിനൊത്ത് ഉയര്‍ന്നു. അന്ന് പ്രബോധനത്തിലായിരുന്ന ഞാന്‍ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രാര്‍ഥനയിലാണ്. പിറ്റേ ദിവസം പള്ളിക്കമ്മിറ്റി പത്രസമ്മേളനം വിളിച്ചു. പള്ളിയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചതല്ലാതെ 'ഔലിയായുടെ തിരുശേഷിപ്പുകള്‍' കണ്ടെത്തിയതിനെക്കുറിച്ച് ഡോ. എം.എ അബ്ദുല്ല ഒന്നും പറഞ്ഞില്ല. പ്രബോധനത്തെ പ്രതിനിധീകരിച്ച് പത്രസമ്മേളനത്തില്‍ സംബന്ധിച്ച എനിക്ക് ക്ഷോഭം വന്നു. 'കണ്ടെത്തിയ തലയോടും എല്ലിന്‍ കഷ്ണവും അപ്പോള്‍ തന്നെ ആരും കാണാതെ എടുത്ത് മാറ്റിയിരുന്നെങ്കില്‍ പിന്നീടുണ്ടായ പൊല്ലാപ്പുകള്‍ ഒഴിവാക്കാമായിരുന്നില്ലേ? വെള്ളത്തുണി പുതപ്പിക്കാന്‍ എന്തിന് അനുവദിച്ചു?' എന്റെ ചോദ്യങ്ങള്‍ക്ക് 'എല്ലാം പരിഹരിക്കാം' എന്ന ശാന്തമായ മറുപടിയാണ് അബ്ദുല്ല ഡോക്ടറില്‍ നിന്നുണ്ടായത്. പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴേക്ക് തുണിയും അവശിഷ്ടങ്ങളുമെല്ലാം എടുത്തു മാറ്റി സ്ഥലമാകെ മറകെട്ടി ഉയര്‍ത്തി പ്രശ്‌നം അദ്ദേഹം പരിഹരിച്ചുകഴിഞ്ഞിരുന്നു!
അന്ന് തുടങ്ങിയ ബന്ധം ജീവിതാവസാനം വരെ തുടര്‍ന്നു. പ്രശ്‌നങ്ങളും സംഭവങ്ങളും ഉണ്ടാവുമ്പോഴൊക്കെ അദ്ദേഹം ചെറിയ കുറിപ്പുകളെഴുതി മാധ്യമത്തിന് അയച്ചുതരും. ഞങ്ങളത് പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി രൂപീകരിക്കപ്പെട്ടപ്പോള്‍ ഡോ. ഗഫൂര്‍ ഉള്‍പ്പെടെ എം.ഇ.എസ്സിന്റെ ഭാരവാഹികള്‍ ചിലരതില്‍ ചേര്‍ന്നുവെങ്കിലും അബ്ദുല്ല ഡോക്ടര്‍ വിട്ടുനിന്നു. മൗലിക തത്ത്വങ്ങളെ ചോദ്യം ചെയ്തുള്ള സമുദായത്തിന്റെ നവീകരണത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നതാവാം കാരണം. അതേസമയം ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കൊളേജസും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ചെയര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചും ആരംഭിക്കുക വഴി വിദ്യാഭ്യാസ രംഗത്തും ഇസ്‌ലാമിക പഠന ഗവേഷണ മേഖലകളിലും തനിക്കുള്ള അഗാധ താല്‍പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. മലബാറിന്റെ സിരാ കേന്ദ്രമായ കോഴിക്കോട് മുസ്‌ലിം ഭിഷഗ്വരന്മാര്‍ തീരെ കുറവായിരുന്ന കാലത്ത് ഡോക്ടറായി രംഗപ്രവേശം ചെയ്യുക മാത്രമല്ല നെഞ്ച് രോഗങ്ങളില്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. ഒരു കാലഘട്ടത്തിലെ പേടിസ്വപ്നമായിരുന്ന ടി.ബി നിര്‍മാര്‍ജനത്തില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഞാന്‍ വിദ്യാര്‍ഥി ജീവിതകാലത്ത് നിരന്തര നെഞ്ച് വേദനയുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍, സൂക്ഷ്മ പരിശോധനക്ക് ശേഷം ടി.ബിയുടെ ഒരടയാളവും ഇല്ലെന്ന് വിധിച്ചത് അദ്ദേഹമാണ്. വേദനക്ക് പ്രതിവിധി കുറിച്ചു തരികയും ചെയ്തു. സര്‍വശക്തനായ അല്ലാഹു ആ കര്‍മയോഗിയുടെ നിസ്വാര്‍ഥ സേവനങ്ങള്‍ സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തു കൊടുക്കുകയും ചെയ്യുമാറാകട്ടെ.
Comments