Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

സലാമത്തുബ്‌നുല്‍ അക്‌വഅ്; ധീരമുജാഹിദ്

ഖാലിദ് മുഹമ്മദ് ഖാലിദ് /വ്യക്തിചിത്രം

         'എന്റെ പിതാവ് ഒരിക്കലും കളവു പറഞ്ഞിട്ടില്ല.' സലാമതുബ്‌നുല്‍ അക്‌വഅ് (റ)എന്ന സ്വഹാബിയെപ്പറ്റിചോദിച്ചപ്പോള്‍ മകന്‍ ഇയാസ്(റ) ഒറ്റ വാചകത്തില്‍ നല്‍കിയ മറുപടിയായിരുന്നു ഇത്.

പ്രവാചകാനുചരന്‍മാരില്‍ സലാമതുബ്‌നുല്‍ അക്‌വഇന് പ്രത്യേക സ്ഥാനം നേടിക്കൊടുത്തത് സത്യസന്ധതയായിരുന്നു. 'ബൈഅത്തു രിദ്‌വാനി'ല്‍ നബി(സ)ക്ക് അനുസരണ പ്രതിജ്ഞ ചെയ്തവരില്‍ അദ്ദേഹവുമുണ്ട്. 

സലാമ പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിക്കുന്നതുവരെ പോരാടാമെന്ന് ഞാന്‍ നബിയുടെ മുമ്പില്‍ ചെന്ന് പ്രതിജ്ഞ ചെയ്തു. എന്നിട്ട് ഞാന്‍ അവിടെ അടുത്തു തന്നെ മാറി നിന്നു. എല്ലാവരും നബിയുടെ അടുക്കല്‍ വന്ന് പ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോള്‍ നബി എന്നോടു ചോദിച്ചു: ''അല്ലയോ സലാമ! താങ്കള്‍ ബൈഅത്ത് ചെയ്യുന്നില്ലേ?' ഞാന്‍ നബിയോടു പ്രതിവചിച്ചു: 'ഞാന്‍ ചെയ്തതാണ്'. എന്നാല്‍ നബി എന്നോടു ഒരു പ്രാവശ്യം കൂടി ബൈഅത്ത് ചെയ്യാന്‍ കല്‍പ്പിച്ചു. ഞാന്‍ അപ്രകാരം ചെയ്തു.'' 

നബിയുമൊന്നിച്ച് ഏഴു യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്; സൈദുബ്‌നു ഹാരിഥയോടൊപ്പം ഒമ്പതു യുദ്ധങ്ങളിലും. 

കാലാള്‍പ്പടയില്‍ മികച്ച പോരാളിയായിരുന്ന അദ്ദേഹം, ഉന്നം തെറ്റാത്ത കുന്തമേറുകാരനും  അമ്പെയ്ത്തുകാരനുമായിരുന്നു. ഇക്കാലത്തെ ഗറില്ലാ യുദ്ധമുറയോട് സാമ്യമുള്ള ഒരു പോരാട്ടരീതിയായിരുന്നു അദ്ദേഹത്തിന്റേത്. യുദ്ധത്തില്‍ ഇടക്ക് പിന്‍വലിയുന്ന അദ്ദേഹം പിന്നീട് പെട്ടെന്ന് വന്ന് ശക്തമായ ആക്രമണം നടത്തും. മദീനയെ അക്രമിക്കാന്‍ വന്ന ചിലരെ ഏകനായി പിന്തുടര്‍ന്നുചെന്ന് അദ്ദേഹം നേരിട്ടു. പിന്നീട് നബിയും സ്വഹാബാക്കളും കൂടി വന്നു ശത്രുക്കളെ തുരത്തുകയായിരുന്നു. സലാമയുടെ ധീരത കണ്ട് നബി(സ) പറഞ്ഞു: ''നമ്മുടെ കാലാള്‍പ്പടയിലെ ഏറ്റവും മികച്ച പടയാളിയാണ് സലാമ.'' 

തന്റെ സഹോദരന്‍ ആമിര്‍ ബ്‌നു അക്‌വഅ് മരണപ്പെട്ടപ്പോള്‍ സലാമ കരയുകയോ ദുഖം പ്രകടിപ്പിക്കുകയോ ചെയ്തില്ല. 

ഖൈബര്‍ യുദ്ധത്തില്‍ ശത്രു വീശിയ വാളിന്റെ ഒരു ഭാഗം തട്ടി ആമിറിന്റെ ദേഹത്ത്  ആഴത്തില്‍ മുറിവേക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തു. എന്നാല്‍ ശത്രുവിന്റെ വെട്ടേറ്റല്ല ആമിര്‍ രക്തസാക്ഷിയായതെന്നും തന്റെ സ്വന്തം വാള്‍ യാദൃഛികമായി ശരീരത്തില്‍ തുളച്ചു കയറിയാണ് ആമിര്‍ മരിച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നു. 

സഹോദരന്‍ എന്ന നിലയില്‍ സലാമ നബിയുടെ അടുക്കല്‍ വരികയും തന്റെ സഹോദരന്‍ ഇവ്വിധം മരണപ്പെട്ടതുകൊണ്ട് രക്തസാക്ഷിയുടെ പ്രതിഫലം കിട്ടാതെ പോകുമോ എന്ന് അന്വേഷിക്കുകയും ചെയ്തു. നബി പറഞ്ഞു: ''ആമിര്‍ കൊല്ലപ്പെട്ടത് ഒരു പോരാളിയായാണ്. അദ്ദേഹത്തിന് രണ്ട് പ്രതിഫലങ്ങളുണ്ട്. സ്വര്‍ഗത്തിലെ നദികളില്‍  ഇപ്പോള്‍ നീന്തിത്തുടിക്കുകയാണദ്ദേഹം.'' ഇതുകേട്ട സലാമ വല്ലാതെ സന്തോഷിച്ചു. 

ഉദാരനായിരുന്നു സലാമ. അല്ലാഹുവിന്റെ പേരില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അദ്ദേഹം അവര്‍ക്ക് ദാനം ചെയ്യുമായിരുന്നു. എന്നിട്ട് പറയും: ''ഒരാള്‍ അല്ലാഹുവിന്റെ പേരില്‍ നല്‍കുന്നില്ലെങ്കില്‍ പിന്നെ ആരുടെ പേരിലാണ് ദാനം ചെയ്യുക.''

ഉസ്മാന്‍(റ) കൊല്ലപ്പെട്ടപ്പോള്‍ ആ ധീരനായ മുജാഹീദിന് സഹിക്കാനായില്ല. മുസ്‌ലിംകള്‍ക്കിടയില്‍ ശത്രുതയും കുഴപ്പങ്ങളും തലപൊക്കിയെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ ധീരമായി പോരാടിയ അദ്ദേഹത്തിന് ഒരേ ആദര്‍ശവാക്യമുച്ചരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ  യുദ്ധം ചെയ്യാനാകുമായിരുന്നില്ല. അദ്ദേഹം തന്റെ സാധനങ്ങളുമെടുത്ത് മദീനയില്‍ നിന്ന് റാബ്ദയെന്ന ഒരു സ്ഥലത്തേക്കു മാറിത്താമസിച്ചു. ശിഷ്ട ജീവിതം കഴിച്ചുകൂട്ടിയത് അവിടെയായിരുന്നു. തന്റെ 74-ാം വയസ്സില്‍ പ്രവാചകന്റെ പട്ടണമായ മദീനയിലേക്കു തന്നെ തിരികെവരാന്‍ അദ്ദേഹത്തിന്റെ മനസ്സ് കൊതിച്ചു. മദീനയിലെത്തിയ അദ്ദേഹം മൂന്നാം ദിവസം അന്ത്യശ്വാസം വലിച്ചു. 

വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍