ആരെയാണ് കൊല്ലേണ്ടത് എന്ന് തീരുമാനിക്കുന്ന പൊതു മനസ്സാക്ഷി
ഇന്ത്യയിലെ 1.2 ബില്യന്‍ ജനങ്ങളില്‍ 477 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇതില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തൂക്കിലേറ്റിയത് മൂന്ന് പേരെ. എണ്ണം കൊണ്ട് വളരെ നിസ്സാരമെന്ന് തോന്നും. മിക്ക വായനക്കാര്‍ക്കും അതൊരു എണ്ണം മാത്രമാണ്. മൂന്ന് എന്ന ഈ 'ചെറിയ എണ്ണ'ത്തില്‍ വരുന്നത് കസബ്, ഗുരു, മേമന്‍ എന്നിവരാണ്. 'അപൂര്‍വങ്ങളില്‍ അപൂര്‍വ'മായിരുന്നു അവരുടെ കേസ്. തെളിവുകള്‍, വിചാരണ നടന്ന രീതികള്‍ എന്നിവയെക്കുറിച്ച് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ നമുക്ക് മാറ്റിവെക്കാം. ഈ മൂന്ന് കേസുകളിലും വളരെ ലളിതമായ ഒരു പാറ്റേണ്‍ ആര്‍ക്കും കണ്ടെത്താവുന്നതല്ലേ? മൂന്ന് പേരും പ്രതികളാക്കപ്പെട്ടത് ഭീകര പ്രവര്‍ത്തന കേസുകളിലാണ്. മൂന്ന് പേരും മുസ്‌ലിംകളുമാണ്. വര്‍ഗീയ ധ്രുവീകരണമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇവരുടെ ജീവന്റെ കാര്യത്തിലുള്ള ഏത് തീരുമാനവും രാഷ്ട്രീയ മുക്തമായിരിക്കില്ല. എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ അവിടെ ഉണ്ടാവും. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ്സോ ബി.ജെ.പിയോ എന്നത് ഇക്കാര്യത്തില്‍ വല്ല വ്യത്യാസവും ഉണ്ടാക്കുന്നുണ്ടോ? സംശയമാണ്. ഈ മൂന്ന് പേരില്‍ രണ്ട് പേരെ തൂക്കിലേറ്റിയത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നല്ലോ.
ഈ ചെറിയ കണക്കുകള്‍ക്കപ്പുറം വേറെ ചില വലിയ കണക്കുകളുമില്ലേ? കോടതിയില്‍ വിചാരണക്ക് പോലും എത്താതെ എത്ര കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്? ഗവണ്‍മെന്റ് കണക്ക് പ്രകാരം തന്നെ, 2010-2012 കാലയളവില്‍ 429 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2005-2010 കാലയളവില്‍ മണിപ്പൂരില്‍ നിന്ന് മാത്രം 44 വ്യാജ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 2006-2010 കാലയളവില്‍ 'നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിക്കല്‍', 'വ്യാജ ഏറ്റുമുട്ടല്‍', 'പീഡിപ്പിക്കല്‍' തുടങ്ങിയ ഇനങ്ങളിലായി പോലീസിനെതിരെ 276839 പരാതികള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അന്വേഷണമുണ്ടായത് 35 ശതമാനത്തില്‍ മാത്രം. ഇതൊക്കെ വളരെ ന്യൂനീകരിച്ച കണക്കുകളാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിളിച്ചു പറയും.
429 വ്യാജ ഏറ്റുമുട്ടലുകള്‍ എന്നതും നമുക്കൊരു കണക്കാണ്. ഇതുമായി മറ്റു ചില കണക്കുകളെ ഒത്തു നോക്കാം. 1992-'93 മുംബൈ കലാപത്തില്‍ കൊല്ലപ്പെട്ടത് 900-ത്തിലധികം പേര്‍. മുംബൈ സ്‌ഫോടനങ്ങളില്‍ 257. 1984-ലെ ദല്‍ഹി കലാപത്തില്‍ 2800, 2002-ല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിംകള്‍ 790... കോടതി വ്യവഹാരങ്ങളെക്കുറിച്ച് സൂക്ഷ്മ വിചാരണകള്‍ നടത്തുന്ന നമ്മള്‍ ഈ കലാപങ്ങളിലും സ്‌ഫോടനങ്ങളിലും അങ്ങനെയൊരു അന്വേഷണത്തിന് മുതിരാറുണ്ടോ? ഒരു കലാപമോ വ്യാജ ഏറ്റുമുട്ടലോ ഉണ്ടാവുന്നത് ആരെയൊക്കെ കൊല്ലണം എന്ന കൃത്യമായ ആസൂത്രണത്തോടെയാണ്. ഇതും ഒരിനം ഭീകരത തന്നെയല്ലേ? കൊന്നതും കൊല്ലപ്പെട്ടതും ആരെന്ന് നോക്കാതെ, ഇരകളുടെ എണ്ണം എത്രയെന്ന് നോക്കാതെ ഈ ഓരോ സംഭവത്തിലും നാം ശബ്ദമുയര്‍ത്തേണ്ടതില്ലേ? നമ്മുടെ പ്രതിഷേധം ചില സംഭവങ്ങളില്‍ മാത്രവും പക്ഷപാതപരവും ആയിത്തീരുന്നത് എന്തുകൊണ്ട്? ചില സംഭവങ്ങളില്‍ മാത്രം നാം അതികഠിനമായ ശിക്ഷ ആവശ്യപ്പെടുന്നു. സമാന സ്വഭാവമുള്ള മറ്റു സംഭവങ്ങളില്‍ കുറ്റാരോപിതര്‍ 'അവരുടെ ചുമതലകള്‍ നിര്‍വഹിക്കുകയായിരുന്നു' എന്നും 'ഇരകള്‍ അത് ചോദിച്ച് വാങ്ങിയതാണ്' എന്നും പറഞ്ഞൊഴിയുന്നു. ചില സംഭവങ്ങള്‍ മാത്രം തെരഞ്ഞ് പിടിച്ച് നാം രോഷാകുലരാവുമ്പോള്‍ അതിനനുസരിച്ച് ഒരു പൊതു മനസ്സാക്ഷി നാം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഭരണകൂടം ആരെയൊക്കെയാണ് കൊല്ലേണ്ടത് എന്ന് തീരുമാനിക്കുക ആ പൊതുബോധമായിരിക്കും. അവരുടെ മതവും ജാതിയും വര്‍ഗവും രാഷ്ട്രീയ പിന്‍ബലവുമൊക്കെ അപ്പോള്‍ നിര്‍ണായകമാവും. പ്രമുഖരായ അഭിഭാഷകരെ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കിട്ടുന്നുണ്ടോ എന്നതും പ്രധാനമാണ്. ആരെ ജീവിക്കാന്‍ അനുവദിക്കും, ആരെ തൂക്കിക്കൊല്ലും എന്നതൊക്കെ തീരുമാനിക്കുന്നത് ഈ ഘടകങ്ങളായിരിക്കും.
പ്രകാശ് കദം/രാം പ്രസാദ് വിശ്വനാഥ് ഗുപ്ത കേസില്‍ (2011) ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയും ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: ''വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണയില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിച്ച് അവര്‍ക്ക് വധശിക്ഷ നല്‍കണം. 'ഏറ്റുമുട്ടല്‍' എന്നത് നേര്‍ക്കു നേരെയുള്ള, മൃഗീയമായ കൊലപാതകമാണ്. അത് ചെയ്യുന്നതോ നിയമം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ വ്യക്തികളും. ഞങ്ങളുടെ അഭിപ്രായത്തില്‍, സാധാരണക്കാരാണ് കുറ്റം ചെയ്യുന്നതെങ്കില്‍ സാധാരണ ശിക്ഷ നല്‍കണം. പോലീസുകാരനാണ് അത് ചെയ്യുന്നതെങ്കില്‍ കടുത്ത ശിക്ഷ തന്നെ നല്‍കണം. കാരണം അവരുടെ ചുമതലകള്‍ക്ക് കടകവിരുദ്ധമായ പ്രവൃത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്.''
വളരെ എളുപ്പത്തിലും നിയമത്തെ പേടിക്കാതെയും ചെയ്യാവുന്നതാണ് ഏറ്റുമുട്ടല്‍ കൊലകളെന്നതിന് എത്ര വേണമെങ്കിലും തെളിവുകളും സാക്ഷ്യങ്ങളും നമുക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭ്യമാണ്. ഇത്തരം നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്ക് തടയിടുന്ന യാതൊന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ഭീകരതയെക്കുറിച്ച നമ്മുടെ ബോധ്യങ്ങളെയും ഭാഷ്യങ്ങളെയും വെല്ലുവിളിക്കുന്നതാണ് ഈ കൊലപാതകങ്ങള്‍.
നേരത്തെ പറഞ്ഞ സംഭവങ്ങളുമായി നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെ ചേര്‍ത്തുവെക്കുക. മനഃപൂര്‍വം തന്നെ ദരിദ്രരെ അവഗണിക്കുകയാണ് ഭരണകൂടങ്ങള്‍. വീടില്ലാത്ത പാവങ്ങള്‍ ഫുട്പാത്തില്‍ കയറിക്കിടന്നാല്‍ രാത്രി അവരെ ചതച്ചരക്കാന്‍ പണക്കാരന്റെ മരണവണ്ടികള്‍ ചീറിയെത്തും. ആ പണക്കാരനെ നമ്മുടെ നാട്ടിലെ നിയമം സംരക്ഷിച്ചുകൊള്ളും. മരണവണ്ടികള്‍ എത്തിയില്ലെങ്കില്‍ വിശന്നും മരുന്ന് കിട്ടാതെയും ഈ പാവങ്ങള്‍ മരിച്ചൊടുങ്ങും. ഈ നിസ്വവര്‍ഗത്തെ തുടച്ചു നീക്കണമെന്നാണ് ഭരണകൂടങ്ങളുടെ ഉള്ളിലിരിപ്പ്. 'ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍' അവരുടെ വോട്ട് തട്ടാനുള്ള ഉപായങ്ങള്‍ മാത്രം. മൂവായിരം പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വിഷവാതക ദുരന്തം ഓര്‍മിക്കുക. ഈ ഇരകള്‍ക്ക് വേണ്ടി നമ്മുടെ ഹൃദയം പിടച്ചുവോ? ഇതിന് കാരണക്കാരായ, പണവും അധികാരവും വേണ്ടത്രയുള്ള ആളുകളെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നമ്മുടെ രക്തം തിളച്ചുവോ? ഇല്ല, ഒരിക്കലുമില്ല. അവരൊക്കെ സംസ്‌കൃതചിത്തരായ ആളുകളല്ലേ. നിയമം അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. അവര്‍ക്ക് മാനസാന്തരം ഉണ്ടായേക്കും. മറ്റേ കൂട്ടര്‍ ഏതാ വര്‍ഗം? ഭീകരന്മാര്‍. കൂടുതല്‍ ചര്‍ച്ച ചെയ്യാനൊന്നും നില്‍ക്കാതെ അവരെ കൊലമരത്തിലേക്ക് പറഞ്ഞക്കണം. ന്യായമായ വിചാരണ, ന്യായമായ ശിക്ഷ എന്നൊക്കെ എന്തിന് വ്യാകുലപ്പെടണം!
(countercurrents.org, 2015 August 1)
Comments