Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

മതനിന്ദാ കുറ്റവിചാരണയുടെ ഭീകരവാഴ്ചകള്‍

എന്‍.പി മുഹമ്മദ് ബഷീര്‍ /ചരിത്രം

         ''ഒരു ചരിത്രകാരന്റെ പരിമിതിക്കുള്ളിലും  ഒരു  ക്രൈസ്തവന് അനുവദനീയമായ സാതന്ത്ര്യത്തിന്റെ ചട്ടക്കൂടിലും നിന്ന് പറഞ്ഞാല്‍, അറിയപ്പെടുന്ന ഏത് യുദ്ധത്തേക്കാളും പീഡനങ്ങളേക്കാളും ഒരു മൃഗത്തിലും കാണാത്ത ക്രൂരതയും നിര്‍ദയത്വവും അനാവരണം ചെയ്യുന്ന ഏറ്റവും കറുത്ത അധ്യായമായാണ് ഇന്‍ക്യുസിഷന്‍ (മത നിന്ദ/ദ്രോഹ കുറ്റ വിചാരണ) മനുഷ്യ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്'' (വില്‍ ഡ്യൂറാന്റ് - The Age of Faith page 784). മതനിന്ദയുടെ (Heresy) വ്യാഖ്യാനമായി ഹോള്‍മാന്‍ ബൈബിള്‍ ഡിക്ഷണറി നല്‍കുന്ന നിര്‍വചനം ഇങ്ങനെ: ''ചര്‍ച്ചിന്റെ അംഗീകരിക്കപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ക്ക് എതിരായ അഭിപ്രായങ്ങള്‍, സിദ്ധാന്തങ്ങള്‍, യാഥാസ്ഥിതികത്വത്തിന് വിരുദ്ധമായത്.''

''നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയാണെങ്കില്‍, അത് മാത്രം മതി നിങ്ങള്‍ എന്റെ ശിഷ്യരാണെന്ന് തിരിച്ചറിയപ്പെടാന്‍'' (ജോണ്‍ 13:35). ''പ്രിയ  സ്‌നേഹിതരേ, ദൈവം നമ്മെ സ്‌നേഹിക്കുന്നത് പോലെ നാം പരസ്പരം സ്‌നേഹിക്കേണ്ടവരാണ്'' (ജോണ്‍ 4:11). സ്‌നേഹം/സ്‌നേഹിക്കുക (Love) എന്ന വാക്ക് പഴയ വേദത്തില്‍ 425 തവണയും, പുതിയ വേദത്തില്‍ 261 തവണയും ആവര്‍ത്തിക്കുന്നുണ്ട്. ''തോറയില്‍, (പഴയ വേദം) മോശെ പറയുന്നു: ഒരു പ്രവാചകന്‍ അല്ലെങ്കില്‍ സ്വപ്ന സന്ദേശം ലഭിക്കുന്നവന്‍ നിങ്ങള്‍ക്കിടയിലേക്ക് വരികയും 2) എന്തെങ്കിലും ദൃഷ്ടാന്തങ്ങള്‍ കാണിക്കുകയോ അത്ഭുത സംഭവങ്ങള്‍ പ്രവചിക്കുകയോ, അത് പുലരട്ടെ പുലരാതിരിക്കട്ടെ... 3) അവന്‍ പറയുന്നത് കേള്‍ക്കരുത്, ദൈവം നിങ്ങളെ പരീക്ഷിക്കുകയാണ്... 5) അയാളെ കൊല്ലുക...6) അത് നിങ്ങളുടെ സഹോദരരോ, ഇണകളോ, സന്താനമോ ആത്മസുഹൃത്തോ ആയാലും.... 8) അനുസരിക്കരുത്, ചെവികൊടുക്കരുത്, ദയ കാണിക്കരുത്,  9) അയാളെ നിര്‍ബന്ധമായും കൊല്ലുക തന്നെ വേണം. നീ ആയിരിക്കണം ആദ്യത്തെ കല്ലെറിയേണ്ടത്, പിന്നെ ഓരോരുത്തരും കല്ലെറിഞ്ഞ് കൊല്ലുക, 11) അത് എല്ലാവരും അറിയട്ടെ, മറ്റുള്ളവര്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, 12) ഏതെങ്കിലും പട്ടണത്തില്‍ അങ്ങനെയുള്ള കുഴപ്പക്കാര്‍ ഉണ്ടെന്ന് കേട്ടാല്‍ അന്വേഷിക്കുക...15) നിങ്ങള്‍ തീര്‍ച്ചയായും ആ പട്ടണത്തിലെ മുഴുവന്‍ പേരെയും വാളിന്നിരയാക്കുക. പട്ടണം പൂര്‍ണമായും നശിപ്പിക്കുക,  അവിടത്തെ മനുഷ്യരെയും കന്നുകാലികളെയും അടക്കം. 16) ജംഗമ വസ്തുക്കളെല്ലാം കൂട്ടിയിട്ട്  പട്ടണമടക്കം ചാമ്പലാക്കുക, നിങ്ങളുടെ ദൈവത്തിനുള്ള കുരുതിയായി. ആ പട്ടണം അങ്ങിനെ തന്നെ വിട്ടേക്കുക. ഒരിക്കലും പുനര്‍ നിര്‍മിക്കരുത് 17). ആ പട്ടണത്തിലേതൊന്നും നിങ്ങളുടെ കൈയില്‍ കണ്ട് പോകരുത്. അപ്പോള്‍ നിങ്ങളുടെ ദൈവത്തിന്റെ കലിയടങ്ങും, അവന്‍ നിങ്ങളില്‍ പ്രസാദിക്കും. നിങ്ങളുടെ അംഗ സംഖ്യ വര്‍ധിപ്പിക്കും'' (ഡ്യൂട്ടറോണമി 13). കുരുതി (Burnt offering) എന്ന പദത്തിന്റെ അര്‍ഥം തിരിച്ചെടുക്കാന്‍ പറ്റാത്ത വിധത്തില്‍, ഒരു വസ്തുവിനെയോ ജീവിയെയോ നശിപ്പിച്ച് (ചാരമാക്കി) ദൈവത്തിന് സമര്‍പ്പിക്കുക എന്നാണ്. 

രണ്ടാം നൂറ്റാണ്ടോടെ മോശെയുടെ പഴയ നിയമങ്ങള്‍ ഉപേക്ഷിച്ച്, ജൂത മതത്തില്‍ നിന്ന് വ്യതിരിക്തമായിത്തീര്‍ന്ന ക്രിസ്തു മതത്തിന് 13-ാം നൂറ്റാണ്ടില്‍ നവോത്ഥാനക്കാരെയും  മൗലിക വാദികളെയും കൊന്നൊടുക്കാന്‍ തുണയായത് മോശെയുടെ നിയമമായിരുന്നു. ന്യായീകരണത്തിന് കൂട്ടായി യേശുവിന്റെ വചനവും: ''നീ എന്നില്‍ നില നില്‍ക്കുന്നില്ലെങ്കില്‍, നീ ഒടിഞ്ഞ് വീണ് ഉണങ്ങിയ മരക്കമ്പ് പോലെയാണ്, അത്തരം കമ്പുകള്‍ എടുത്ത് തീയിലെറിഞ്ഞ് ചാമ്പലാക്കപ്പെടും'' (ജോണ്‍ 15:6). ചോദ്യങ്ങളുടെയും ശിക്ഷയുടെയും കാഠിന്യവും വിചാരണ നേരിടുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള അവകാശങ്ങളും ഉണ്ടായിരുന്നില്ലെന്നതും ഈ സംവിധാനത്തെ ക്രൂരതയുടെ കൊടുമുടിയിലേറ്റി. 1252-ല്‍ കുറ്റം സമ്മതിപ്പിക്കാന്‍ ദണ്ഡനം അനുവദിച്ച പോപ്പ് ഇന്നസെന്റ് നാലാമന്‍ ന്യായാധിപരെ  പാപമുക്തരായും പ്രഖ്യാപിച്ചു. കുറ്റസമ്മതം നേടാനുള്ള ദണ്ഡനമുറകള്‍ അതീവ ക്രൂരതയാര്‍ന്നതായിരുന്നു. ഒരു വണ്ടിച്ചക്രത്തിന്റെ വിളുമ്പ് ശരീരത്തിന്റെ പിന്‍ഭാഗത്ത് വരത്തക്ക വിധം ചക്രത്തോട് കെട്ടിയിടുക, തല പിന്നിലോട്ട് പിടിച്ച് താഴ്ത്തി വായില്‍ വെള്ളമൊഴിച്ചുകൊണ്ടിരിക്കുക, കൈ പിന്നില്‍ കെട്ടി കണങ്കയ്യില്‍ കയറ് കെട്ടി ശരീരം ഉയര്‍ത്തിക്കെട്ടുക, കാലില്‍ തീക്കനല്‍ കോരിയിടുക എന്നിവയായിരുന്നു പ്രധാന മുറകള്‍. വിചാരണത്തടവിലായിരിക്കുമ്പോള്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല എന്ന് മാത്രമല്ല തടവുകാരെ പാര്‍പ്പിക്കുന്നതിന്റെയും ഭക്ഷണത്തിന്റെയും- കാവല്‍ക്കാരുടെ പോലും - ചെലവ്  വഹിക്കേണ്ടത് തടവുകാര്‍. ശിക്ഷിക്കപ്പെട്ടാല്‍ പ്രതിഭാഗം അഭിഭാഷകനും അതേ ശിക്ഷ ലഭിക്കുമെന്നതിനാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത ദുരവസ്ഥ.  പ്രതിഭാഗം സാക്ഷികളും അനുവദിക്കപ്പെട്ടിരുന്നില്ല.

ആദ്യകാലങ്ങളിലെ സാത്വികരായ വിശ്വാസികള്‍, ചര്‍ച്ച് നിയമിക്കുന്ന രാജാക്കന്മാര്‍ ദൈവത്തിന്റെ കഴിവും അധികാരവുമുള്ളവരാണെന്ന് അംഗീകരിക്കാത്തതിന്റെ പേരില്‍ അഗ്നിയില്‍ എറിഞ്ഞ് കൊല്ലപ്പെട്ടിരുന്നുവെങ്കിലും, ചര്‍ച്ചിന്റെ നിലപാടുകളെ എതിര്‍ക്കുന്നവരെ വക വരുത്താനുള്ള ഔദ്യോഗിക സംവിധാനങ്ങളായിരുന്നില്ല അത്തരം കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ചര്‍ച്ച് ആരെയെങ്കിലും മത നിന്ദകരായി പ്രഖ്യാപിച്ചാല്‍ വിശ്വാസികള്‍ അവരെ, ജയിലിലായിരുന്നാലും, തേടിപ്പിടിച്ച് അഗ്‌നി കുണ്ഡത്തില്‍ എറിയുകയായിരുന്നു പതിവ്. 1022-ല്‍ ഫ്രഞ്ച് രാജാവ് മത നിന്ദകരെ തീയിലെറിഞ്ഞ് കൊല്ലാന്‍ കല്‍പിച്ചതാണ് അറിയപ്പെടുന്ന ആദ്യ ഔദ്യോഗിക നടപടി. മിലാന്‍(1028) സായിസണ്‍സ്(1114), കൊളോഞ്ഞ്(1134) എന്നിവിടങ്ങളിലും ഇത് നടപ്പാക്കി.

13-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കുരിശ് യുദ്ധത്തിന്റെ  ലക്ഷ്യം നേടാനാവാതെ പരാജയപ്പെട്ടതും എന്നാല്‍ പോപ്പടക്കം സാമ്പത്തിക  നേട്ടമുണ്ടാക്കിയതും അവലോകനം ചെയ്ത പോപ്പ് ഇന്നസെന്റ് രണ്ട് അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നു. ഒന്ന്, മുസ്‌ലിംകള്‍ക്കെതിരായ യുദ്ധം കൊണ്ട് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സൈനിക നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ കുരിശ് യുദ്ധങ്ങള്‍ പരാജയപ്പെട്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയമെന്ന് വിലയിരുത്തിയ പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ മുന്‍ അബദ്ധങ്ങളൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ നേരിട്ട് ആസൂത്രണത്തിനും സംഘാടനത്തിനും നേതൃത്വം നല്‍കിയ അഞ്ചാം കുരിശ് യുദ്ധം (1217-1221)  സാമ്രാജ്യങ്ങളുടെയും രാജ്യങ്ങളുടെയും പ്രഭുക്കളുടെയും സൈന്യങ്ങളടങ്ങുന്ന 19 അംഗസഖ്യ കക്ഷി ആയിരുന്നിട്ടും, പ്രതിരോധിക്കാന്‍  ഈജിപ്തിന്റെ സുല്‍ത്താന്‍ അല്‍ കാമില്‍ അയ്യൂബി മാത്രമായിരുന്നിട്ടും യുദ്ധം പോലും ചെയ്യാനാവാതെ സുല്‍ത്താന് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. മറ്റൊന്ന് മുസ്‌ലിംകളെയും ജറൂസലേമിനെയും ലക്ഷ്യമിട്ട് പുറപ്പെട്ട കുരിശുകാര്‍ നാലാം കുരിശ് യുദ്ധത്തില്‍ (1203-ല്‍) കത്തോലിക്കാ രാജ്യമായ ഹംഗറിയിലെ സറ നഗരവും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് നഗരമായ കോണ്‍സ്റ്റാന്റിനോപ്പിളും മാത്രം നിശ്ശേഷം തൂത്തുവാരി, ഏഷ്യയിലേക്ക് കടക്കുക പോലും ചെയ്യാതെ തിരിച്ചു പോയപ്പോള്‍ ഉണ്ടാക്കിയ സാമ്പത്തിക നേട്ടം. കുരിശ് യുദ്ധത്തിന്റെ ആവേശം  സഹ ക്രൈസ്തവര്‍ക്കെതിരെ തിരിച്ച് വിടുന്നതാണ് കൂടുതല്‍ പ്രയോജനപ്രദം എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.

1209-ല്‍ കാത്താര്‍, വാള്‍ഡെന്‍സിയന്‍ വിഭാഗങ്ങള്‍ക്ക് എതിരായി ഫ്രാന്‍സില്‍ ആരംഭിച്ച വംശീയ ഉന്മൂലനമായിരുന്നു ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് മുന്നോടി ആയത്. ആദ്യത്തെ ലക്ഷ്യം ഫ്രാന്‍സിലെ കാത്താര്‍ എന്ന ക്രൈസ്തവ മൗലികവാദികളായിരുന്നു. കാത്താര്‍ വൈദികര്‍ കഠിന വ്രതക്കാരും ബ്രഹ്മചാരികളുമായിരുന്നു. ഇവരുടെ പക്കല്‍ അവസാനത്തെ അത്താഴത്തില്‍ ഉപയോഗിച്ചിരുന്ന പാന പാത്രം (Holy Grail) ഉണ്ടെന്നും വിശ്വസിക്കപ്പെട്ടിരുന്നു.   അവര്‍ ചെയ്ത കുറ്റം ക്രൈസ്തവതയുടെ പൂര്‍ണത, അരിഷ്ടിച്ചുള്ള ജീവിതം,  സുവിശേഷം തുടര്‍ന്നുകൊണ്ടേയിരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എന്നതായിരുന്നു. പോപ്പ് ഇന്നസെന്റ്, ഫ്രഞ്ച് രാജാവ് സൈമണ്‍ ഡി മേണ്‍ട്‌ഫോര്‍ട്ടിനെ ഉപയോഗിച്ച് തുടങ്ങിയ അല്‍ബിന്‍ജെന്‍സിയന്‍ ക്രൂസേഡ് എന്ന് വിളിക്കപ്പെട്ട ഈ കുരിശ് യുദ്ധം പോപ്പിന്റെ പ്രതിനിധി ആര്‍നോഡ് അമോറിയുടെ സാന്നിധ്യത്തിലായിരുന്നു. 21/07/1209-ല്‍  ഫ്രാന്‍സിലെ ബേസിയേര്‍സ് എന്ന പട്ടണം ആക്രമിച്ച് കത്തോലിക്കരടക്കം 20,000 വരുന്ന മുഴുവന്‍ പേരെയും വധിച്ച സൈന്യം പട്ടണം ചാമ്പലാക്കുകയും ചെയ്തു. മോശെയുടെ നിയമം (15) പട്ടണത്തിലെ കത്തോലിക്കരുടെ കാര്യത്തിലും നടപ്പാക്കണോ എന്ന് സംശയിച്ച സൈനികരോട് പോപ്പിന്റെ പ്രതിനിധി പറഞ്ഞത് 'മുഴുവന്‍ പേരെയും കൊല്ലുക ദൈവത്തിന്റെ ആള്‍ക്കാരെ  ദൈവം തിരിച്ചറിയും' എന്നാണ്. പ്രതിനിധി പോപ്പിനയച്ച റിപ്പോര്‍ട്ടില്‍ ഇത് വിവരിക്കുന്നതോടൊപ്പം ദൈവിക പ്രതികാരമാണ് നടപ്പിലാക്കിയത് എന്ന് കൂട്ടിച്ചേര്‍ക്കുന്നു. ഇരകളുടെ ചെറുത്ത് നില്‍പ്പും സമൂല ഉന്മൂലനമെന്ന പോപ്പിന്റെ ധാര്‍ഷ്ട്യവും ആയിരുന്നു യുദ്ധം 20 വര്‍ഷം നീണ്ടുനില്‍ക്കാന്‍ കാരണം. ചര്‍ച്ചിന് സ്വന്തക്കാരോട് കാട്ടാവുന്ന ക്രൂരതയുടെ മാനദണ്ഡവും പ്രായോഗിക പരിശീലനവുമായി കാത്താറുകളുടെ ഉന്മൂലനം. 

അടുത്ത ലക്ഷ്യം വാള്‍ഡേസിയന്‍കാരായിരുന്നു. നിനക്കുള്ളതെല്ലാം വിറ്റ് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്ത് എന്റെ കൂടെ വരൂ, നിനക്ക് സ്വര്‍ഗത്തില്‍ വന്‍ നിധി ഒരുക്കിവെച്ചിട്ടുണ്ട്”(മാത്യു 19:21),  ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല”(മാത്യു 6:26) എന്നീ ക്രിസ്തു വചനങ്ങള്‍ പ്രകാരം, ഭിക്ഷ യാചിച്ച് ജീവിക്കുന്നവരായിരുന്നു ഇവര്‍. തുടക്കത്തില്‍ ചര്‍ച്ചുമായി പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും ചിലര്‍ ചര്‍ച്ചിന്റെ സാമ്പത്തിക സ്രോതസ്സിനെയും വൈദികരുടെ ആഡംബര ജീവിതത്തെയും ചോദ്യം ചെയ്തതോടെ മത നിന്ദകരായി പ്രഖ്യാപിക്കപ്പെട്ടു. ഇവരും, പലായനം ചെയ്ത കാത്താറുകളുമായിരുന്നു ഇന്‍ക്യുസിഷന്റെ ആദ്യ ഇരകള്‍. ഇവര്‍ പലേടത്തുമായി ചിതറിക്കിടക്കുകയായിരുന്നത് കൊണ്ട് യുദ്ധം പ്രായോഗികമായിരുന്നില്ല. അതുകൊണ്ട് മതദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ പോപ്പ് ഗ്രിഗോറി 1129-ല്‍ പാപല്‍ ഇന്‍ക്യുസിഷന് വേണ്ടി ട്രൈബ്യൂണല്‍ സ്ഥാപിച്ചു. 1233-ല്‍ ഡൊമിനിക്കന്‍ സന്യാസിമാരായിരുന്നു ട്രൈബ്യൂണല്‍ നടത്തിപ്പുകാര്‍. അല്‍പ കാലത്തിനുള്ളില്‍ ഫ്രാന്‍സിസ്‌കാരും ട്രൈബ്യൂണല്‍ അംഗങ്ങളായി നിയമിക്കപ്പെട്ടു. രണ്ട് വിഭാഗക്കാരും ഇരകളെപ്പോലെ മൗലിക വാദികളായിരുന്നുവെങ്കിലും ചര്‍ച്ചുമായി ഏറ്റുമുട്ടിയിരുന്നില്ല. 

ട്രൈബ്യൂണല്‍ ഓരോ ഇടവകകളിലും ചെന്ന്, മതത്തെ നിന്ദിക്കുന്നവരെ ശിക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രസംഗിക്കും. ദൈവനിഷേധികളുടെ നിര്‍വചനവും, അവരെ ഉന്മൂലനം ചെയ്യാതെ ദൈവരാജ്യം സ്ഥാപിക്കപ്പെടുകയില്ലെന്നതിനാല്‍ ദൈവരാജ്യം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ നിഷേധികളെ ചര്‍ച്ചിന് കാണിച്ച് കൊടുക്കണമെന്നും ഉദ്‌ഘോഷിക്കും. മോശെയുടെ കല്‍പന വിവരിച്ച്, അത്തരക്കാരെ  ചൂണ്ടിക്കാട്ടുന്ന കുടുംബാംഗങ്ങള്‍ക്ക്  രക്തസാക്ഷികളുടെ പ്രതിഫലം ഉണ്ടെന്ന സുവിശേഷം അറിയിക്കും. ഒരാഴ്ചത്തെ കാത്തിരിപ്പിനു ശേഷവും തണുപ്പന്‍ പ്രതികരണമാണെങ്കില്‍ ഇടവകയിലെ ഓരോരുത്തരെയും വിളിപ്പിച്ച് ചോദ്യം ചെയ്യും. ശത്രുക്കളെയും വിരോധമുള്ളവരെയും കടം നല്‍കിയവരെയും കച്ചവട പങ്കാളികളെയും ഇഷ്ടമില്ലാത്ത ജീവിത പങ്കാളികളെയും ഇവ്വിധം ഒറ്റിക്കൊടുക്കാനും ധാരാളം പേര്‍ മുന്നോട്ടു വന്നു. ശിക്ഷിക്കപ്പെടുന്നവരുടെ ആസ്തി കണ്ടു കെട്ടുമെന്നത് കൊണ്ട് ധനികരെ, ആരോപണമൊന്നുമില്ലെങ്കിലും ഇന്‍ക്യുസിഷന് വിധേയമാക്കുമായിരുന്നു.

ഒരു അധ്യക്ഷന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന  ഒരു ട്രൈബ്യൂണല്‍ ആണ് വിചാരണ നടത്തുക. ട്രൈബ്യൂണലിന്റെ  ഔദ്യോഗിക നാമം 'കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ഒഫീസ്' എന്നായിരുന്നു. തുടക്കത്തില്‍ അപ്പീലിന് വകുപ്പില്ലായിരുന്നുവെങ്കിലും സ്പാനിഷ് ഇന്‍ക്യുസിഷനില്‍  ധാരാളം സത്യ ക്രിസ്ത്യാനികളും ശിക്ഷിക്കപ്പെട്ടതോടെ പോപ്പ് അപ്പീല്‍ നല്‍കാനുള്ള അനുമതി നല്‍കി. സ്വത്തുക്കള്‍ കണ്ട് കെട്ടല്‍, മരണം വരെ തടവ്, അല്ലെങ്കില്‍ ചുട്ട് കൊല്ലല്‍ എന്നിവ മാത്രമായിരുന്നു ശിക്ഷ. പ്രതികളുടെ കുടുംബാംഗങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്നതു കൊണ്ട് ഏറ്റവും ക്രൂരമായ ശിക്ഷ സ്വത്തുക്കള്‍ കണ്ട് കെട്ടുക എന്നതായി. ദൈവ നിഷേധിയെ കണ്ടെത്തുന്നത് ചര്‍ച്ചാണ്. പ്രതിയെ പിടികൂടുക, ചോദ്യം ചെയ്യുക, കുറ്റ സമ്മതം വാങ്ങുക, വിചാരണ ചെയ്യുക, വിധിക്കുക എന്നിവയെല്ലാം വൈദികരാണ് ചെയ്തിരുന്നത്.  വധ ശിക്ഷ നടപ്പാക്കുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തവും.

ചര്‍ച്ച് ദൈവത്തിന്റെ പ്രതിനിധികളായി രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും വാഴിക്കുകയും അവര്‍ ചര്‍ച്ചിനെ സംരക്ഷിക്കുകയുമെന്ന പരസ്പര പൂരകമായ ക്രമമായിരുന്നു മധ്യ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നത്. രണ്ടിന്റെയും അതിരുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ഒന്നിനെതിരായ നീക്കങ്ങള്‍ രണ്ടിനെയും പ്രകോപിപ്പിക്കും. രണ്ടിന്റെയും വേര്‍പിരിയാന്‍ പറ്റാത്ത ബന്ധത്തിലെ സന്തതിയായിരുന്നു ഇന്‍ക്യുസിഷന്‍. ബഹു ദൈവവിശ്വാസികളായിരുന്ന റോമന്‍ ചക്രവര്‍ത്തിമാര്‍, രാജ്യദ്രോഹം മത നിന്ദയാണ്; മത നിന്ദ രാജ്യദ്രോഹമാണ് എന്ന വിചിത്ര സമീകരണമാണ് ക്രൈസ്തവരെ വേട്ടയാടാന്‍  ഉപയോഗിച്ചത്. സാമ്രാജ്യം ക്രൈസ്തവമായി പരിവര്‍ത്തനം ചെയ്തപ്പോള്‍, ചര്‍ച്ച് തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തവര്‍ക്കെതിരെ പ്രയോഗിച്ചത് ഇതേ നിയമം.  ജസ്റ്റീനിയന്‍ ചക്രവര്‍ത്തി (483-565) ഇത് നിയമാവലിയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. 

1184-ല്‍ പോപ്പ് ലൂഷ്യസ് മൂന്നാമന്‍ മത നിന്ദകര്‍ക്കെതിരായുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചു. മത നിന്ദകരെ സംരക്ഷിക്കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും വിചാരണയെ എതിര്‍ക്കുന്നവര്‍ക്കും തടയുന്നവര്‍ക്കും അവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്കും പ്രതിക്ക് കൊടുക്കുന്ന ശിക്ഷ തന്നെ ഇദ്ദേഹം വ്യവസ്ഥ ചെയ്തു. ഖേദം പ്രകടിപ്പിച്ച് ലഘു ശിക്ഷ വിധിക്കപ്പെട്ടവര്‍ പഴയ ആശയങ്ങളിലേക്ക് തിരിഞ്ഞാല്‍ വധശിക്ഷ മാത്രം എന്നതും അദ്ദേഹം വ്യവസ്ഥ ചെയ്തതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ചര്‍ച്ച് കൗണ്‍സിലായ 1215-ലെ നാലാം ലാറ്ററന്‍ കൗണ്‍സില്‍ ഇതും, പ്രതികളായവരെ മത ഭ്രഷ്ടരാക്കുക, അവരുടെ സ്വത്തുക്കള്‍ കണ്ട് കെട്ടുക എന്നീ വ്യവസ്ഥകളും കാനാന്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചിന് രക്തത്തോട് അറപ്പാണ് (The Church shrinks from blood / ecclesia abhorret a sanguine) എന്ന  ആപ്ത വാക്യം കാരണം, ശിക്ഷിക്കപ്പെടുന്നവന്റെ രക്തം ചര്‍ച്ചിന്റെ മേല്‍ വീഴാതിരിക്കാന്‍ ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ അത് നടപ്പാക്കാന്‍ സ്റ്റേറ്റിന് കൈമാറും. സ്വത്ത് കണ്ടെടുക്കുക എന്ന ഭാഗം ചര്‍ച്ച് തന്നെ നിറവേറ്റിക്കൊള്ളും.  എന്നിരുന്നാലും ചോര ചിന്തുന്നതിന്റെ ഉത്തരവാദിത്തം ചര്‍ച്ചിനാവരുതെന്ന നിലക്കാണ് രക്തം പുറത്ത് വരാത്ത വിധത്തില്‍ കൊല്ലാനുള്ള വഴിയായി ചുട്ട് കൊല്ലല്‍ തെരഞ്ഞെടുത്തത്. യേശുവിന്റെ നിയമവും അതാണ് (ജോണ്‍ 15:6). ''രക്തം ചിന്തുന്നവന്റെ രക്തവും ചീന്തപ്പെടും'' (ജനസിസ് 9:6) എന്നത് മറ്റൊരു തടസ്സവും. എന്നാല്‍ പ്രായോഗിക പരിഗണനയനുസരിച്ച് രണ്ടും മാറി മാറി പ്രയോഗിച്ചു. 

വിചാരണ വേളയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അതെയെന്നോ അല്ലെന്നോ പറഞ്ഞാലും കുറ്റവാളിയായി വിധിക്കപ്പെടുമായിരുന്നു. ഫ്രഞ്ച് ഇന്‍ക്യുസിഷന് വിധേയയായ ജോആന്‍ ഓഫ് ആര്‍ക്കിനോട് വിചാരണ വേളയില്‍  ഉന്നയിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു. നീ ദൈവത്തിന്റെ പ്രീതിയിലാണോ?”അതെ എന്നോ അല്ല എന്നോ പറഞ്ഞാല്‍ അത് അറിയുക അസാധ്യമെന്ന ക്രൈസ്തവ വിശ്വാസത്തിന് എതിരാവും. മത നിന്ദ തെളിയുകയും ചെയ്യും. സാധരണക്കാര്‍ ഇതില്‍ ഏതെങ്കിലുമൊന്ന് പറയും. അതോടെ വിചാരണ തീര്‍ത്ത് ശിക്ഷ പ്രഖ്യാപിക്കും. എന്നാല്‍, ആ മഹതി പറഞ്ഞ ഉത്തരം തന്ത്രപരമായതായിരുന്നു: ''ഞാന്‍ ദൈവത്തിന്റെ പ്രീതിയുള്ളവളാണെങ്കില്‍ എന്നെ അങ്ങനെ തന്നെ നില നിര്‍ത്താന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എനിക്ക് ദൈവത്തിന്റെ പ്രീതി ഇല്ലെങ്കില്‍ എന്നില്‍ പ്രീതിപ്പെടാന്‍  ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.''

ഒരു മരത്തടി കൊണ്ടുള്ള തൂണ്‍ നാട്ടി ചുറ്റും ശവദാഹത്തിനെന്ന പോലെ വിറക് അടുക്കിവെച്ച് അതിന് മുകളില്‍ പ്രതിയെ കയറ്റി നിര്‍ത്തി തൂണിനോട് ബന്ധിച്ച് ഏറ്റവും അടിയിലുള്ള വിറകിന് തീകൊളുത്തും.  തീ സാവധാനം മുകളിലോട്ട് പടര്‍ന്ന് തൂണടക്കം ചാരമാവും. ഇതാണ് വധശിക്ഷയുടെ രീതി. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ മുമ്പ് വധിച്ചവരുടെ അവശിഷ്ടങ്ങളില്‍ നിര്‍ത്തും. അപ്പോഴാണ് കുറ്റം സമ്മതിക്കുന്നതെങ്കില്‍ കഴുത്തില്‍ കുരുക്കിട്ട് അതില്‍ ഒരു ദണ്ഡ് തിരുകി തിരിച്ചുകൊണ്ടിരിക്കും. മരിച്ചു കഴിഞ്ഞാല്‍ തീയിലേക്ക് വലിച്ചെറിയും. ശിക്ഷിക്കപ്പെടുന്നത് കുറ്റവാളികളുടെ  മനഃപരിവര്‍ത്തനത്തിനായിരിക്കണം എന്ന സാധാരണ നീതിശാസ്ത്രത്തിലെ വകുപ്പ് കുറ്റവിചാരണക്ക് ബാധകമല്ല. കുറ്റവാളിയെ ശിക്ഷിക്കുന്നത് മറ്റുള്ളവരില്‍ ഭീതി നിറക്കാനാണ് (മോശെ 11).  അതുകൊണ്ട് വിചാരണ രഹസ്യമായിരിക്കുമെങ്കിലും  ശിക്ഷ പരസ്യമായാണ്.

ഇന്‍ക്യുസിഷന്റെ ഇരകള്‍

നൈറ്റ് ടെമ്പ്‌ളേര്‍സ് (Knight Templars): പോപ്പിനോട് മാത്രം ഉത്തരവാദിത്തമുണ്ടായിരുന്ന, തീര്‍ഥാടകര്‍ക്ക് അകമ്പടി പോയിരുന്ന സൈനികരായിരുന്നു ഇവര്‍. കുരിശ് യുദ്ധത്തില്‍ പങ്കെടുത്ത് 20,000 അംഗങ്ങളെ നഷ്ടപ്പെട്ട ഇവര്‍ യുദ്ധാനന്തരം മറ്റു സേവന മേഖലകളിലേക്ക് മാറി. ഇവര്‍ സ്ഥാപിച്ച പണമിടപാട് സ്ഥാപനം യൂറോപ്പിലെ ബാങ്കുകള്‍ക്ക് മുന്നോടി ആയെങ്കിലും സ്വന്തം നാശത്തിനും ഇടയാക്കി . 1300 കളുടെ ആദ്യം ഫ്രഞ്ച് രാജാവ് ഫിലിപ്പ് നാലാമന്‍ ഇവരില്‍ നിന്ന് വന്‍ തുക കടമെടുക്കുകയും, തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ മത നിന്ദകരായി മുദ്ര ചാര്‍ത്തുകയുമായിരുന്നു. ഇവര്‍ ഇടപാടുകാരോട് യേശുവിനെ തള്ളിപ്പറയാനും കുരിശില്‍ തുപ്പാനും ആവശ്യപ്പെടുന്നു, ബാഫൊമെറ്റ് എന്നൊരാളെ ആരാധിക്കുന്നു എന്നിവയായിരുന്നു ആരോപണങ്ങള്‍. പോപ്പിന്റെ ഉത്തരവാദിത്തത്തില്‍ ഉള്ളവരായിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ അനുവാദത്തോടെ ആയിരുന്നു ഇന്‍ക്യുസിഷന്‍. ഇവരുടെ നേതാവായിരുന്ന ജാക്വസ് ഡി മോലെ 1314-ല്‍  ചുട്ട് കരിക്കപ്പെട്ടതോടെ ആ വിഭാഗവും ഉന്മൂലനം ചെയ്യപ്പെട്ടു. ഇവരുടെ സമ്പത്ത് മുഴുവന്‍ രാജാവ് കണ്ടുകെട്ടി.

ജൊആന്‍ ഓഫ് ആര്‍ക്ക് (1412-1431): ഫ്രാന്‍സിലെ ഗ്രാമീണ കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്ന ജൊആന് 13-ാം വയസ്സില്‍ മിഖായേല്‍ മാലാഖയുടെയും വിശുദ്ധരായ കാതറൈന്‍, മാര്‍ഗരറ്റ് എന്നിവരുടെയും ദര്‍ശനമുണ്ടാവുകയും അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫ്രാന്‍സിനെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ഫ്രഞ്ച് സൈന്യത്തോടൊപ്പം ചേരുകയും ചെയ്തു. ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നീങ്ങിയ സൈന്യത്തിന് പല നിര്‍ണായക വിജയങ്ങളും നേടാനായി. നിര്‍ദേശത്തിന് വിരുദ്ധമായി, ബ്രിട്ടീഷുകാരുടെ ആവശ്യപ്രകാരം താല്‍ക്കാലിക യുദ്ധ വിരാമത്തിന് ഫ്രഞ്ച് സൈന്യം  തയാറായി. യുദ്ധ വിരാമം മുതലെടുത്ത് വിഭവങ്ങള്‍ ശേഖരിച്ച ബ്രിട്ടീഷ് സൈന്യം കുറെ പ്രദേശങ്ങള്‍ വീണ്ടെടുത്തു. പാരീസ്  മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ ബര്‍ഗന്റി സൈന്യം 1430-ല്‍ ജൊആനെ  പിടികൂടുകയും  വന്‍  തുകക്ക്,  ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയും ചെയ്തു. തടവിലായിരുന്നപ്പോഴും ആത്മ രക്ഷാര്‍ഥം, കെട്ടിവരിഞ്ഞ പട്ടാള വേഷം ധരിച്ചതിനും ദിവ്യ ദര്‍ശനം ഉണ്ടായി എന്ന് പറഞ്ഞതിന്റെ പേരിലും ഇവരെ 1431 മേയ് 30-ന്,  19-ാം വയസ്സില്‍ ചുട്ട് കൊന്നു. ഇവര്‍ അഗ്നിയില്‍ നിന്ന് ദിവ്യശക്തിയാല്‍ രക്ഷപ്പെട്ടിട്ടില്ലെന്ന് കാണിക്കാന്‍ അവരുടെ കരിഞ്ഞ ശരീരഭാഗങ്ങള്‍ ചാരത്തില്‍ നിന്ന് പുറത്തെടുത്ത് ദൃക്‌സാക്ഷികളെ ബോധ്യപ്പെടുത്തി. പിന്നെ മുഴുവന്‍ ചാരമാവുന്നത് വരെ കത്തിച്ചു. ആരും അവശിഷ്ടങ്ങളൊന്നും കൈക്കലാക്കാതിരിക്കാനും ഇവരുടെ ശവകുടീരം തീര്‍ഥാടന കേന്ദ്രമാവാതിരിക്കാനും ചാരം മുഴുവന്‍ വാരിയെടുത്ത് സൈന്‍ നദിയില്‍ ഒഴുക്കി.  1452-ല്‍ പുനര്‍ വിചാരണ വേളയില്‍ അവര്‍ നിരപരാധിയെന്ന് തെളിഞ്ഞു. നിരപരാധിയെ ചുട്ടു കൊന്ന പാപത്തില്‍ നിന്ന് മോചനം നേടാന്‍ അതില്‍ ഉള്‍പ്പെട്ടവരോടും, ജീവിച്ചിരിപ്പില്ലാത്തവരുടെ ബന്ധുക്കളോടും തീര്‍ഥാടനത്തിന് പോകാന്‍ നിദേശിച്ചു. അവരുടെ ബഹുമാനാര്‍ഥം ഒരു ഭക്തി നാടകം അരങ്ങേറുന്നിടത്തേക്കായിരുന്നു തീര്‍ഥാടനം. ഫ്രാന്‍സിന്റെ ഔപചാരിക അപ്പീലില്‍ അവര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തുകയും വധ ശിക്ഷ റദ്ദാക്കുകയും ചെയ്തു.  1909 ഏപ്രില്‍ 18-ന് അവര്‍ വാഴ്ത്തപ്പെട്ടവരായി.  ചുട്ടു കൊന്ന് 501 വര്‍ഷങ്ങള്‍ക്ക് ശേഷം 1921 മേയ് 16-ല്‍ അവര്‍ വിശുദ്ധയാക്കപ്പെട്ടു.

ജോണ്‍ ഹസ് (1369-1415): നവോത്ഥാന ആശയങ്ങള്‍ മുന്നോട്ട് വെച്ച ഇദ്ദേഹം മരണത്തിന് ശേഷം ആത്മാവ് പാപമോചനത്തിനായി കാത്ത് കിടക്കുന്ന അവസ്ഥ, കുമ്പസാരം, അപ്പവും വീഞ്ഞും യേശുവിന്റെ മാംസത്തിന്റെയും രക്തത്തിന്റെയും  പ്രതീകമല്ല, യഥാര്‍ഥ വസ്തുവാണെന്നുള്ള വിശ്വാസം എന്നിവയെ തള്ളിക്കളഞ്ഞതിന്റെ പേരില്‍ ചുട്ടു കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ അനുയായികളുടെ ഗതിയും അതു തന്നെയായിരുന്നു.

ഫ്രാറ്റിസെല്ലി: ആത്മീയവാദികളായ ഇവര്‍ യേശുവും ശിഷ്യരും ഭൗതിക സമ്പാദ്യങ്ങള്‍ ഉണ്ടാക്കാത്തവരാണെന്ന വിശ്വാസത്തിലൂന്നി ജീവിക്കുന്നവരായിരുന്നു. ചര്‍ച്ചിന്റെയും വൈദികരുടെയും ഭൗതികാസക്തിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇവരും ഉന്മൂലനം ചെയ്യപ്പെട്ടു.

മന്ത്രവാദിനികള്‍ (witches): മറ്റൊരു പ്രധാന ഇര മന്ത്രവാദിനികളായിരുന്നു. 1346  മുതല്‍ 7 വര്‍ഷം നീണ്ടതും 75 ലക്ഷം മുതല്‍ 20 ദശലക്ഷം വരെ  യൂറോപ്യര്‍ കൊല്ലപ്പെട്ടതുമായ പ്ലേഗ് (Black Death), 1337 മുതല്‍ 1453 വരെ നീണ്ട ഇംഗ്ലീഷ്-ഫ്രഞ്ച് യുദ്ധം (Hundred Years War), 1645 മുതല്‍ 1715 വരെ നീണ്ട അതിശൈത്യം(Mini Ice Age), കാട് വളര്‍ന്നത്, വിള നാശം, ജനസംഖ്യ കുറഞ്ഞത്,  ഗ്രഹണങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍, പ്രതിഭാസങ്ങള്‍ എന്നു വേണ്ട വേദ പുസ്തകങ്ങളില്‍ പരാമര്‍ശിക്കാത്ത ഏതു സംഭവമുണ്ടായാലും അത് മന്ത്രവാദികളുടെ വേലയാണെന്നായിരുന്നു കത്തോലിക്കാ വിശ്വാസം. അതിനാല്‍ മന്ത്രവാദിനികളെ കൂട്ടം കൂട്ടമായി കത്തിക്കുകയായിരുന്നു. 'മന്ത്രവാദികളെ ജീവിക്കാന്‍ അനുവദിക്കരുത്'(എക്‌സോഡസ് 22:18) എന്ന പ്രമാണമനുസരിച്ച് തെളിവോ ആരോപണമോ ആവശ്യമില്ലായിരുന്നു. സംശയം മാത്രം മതി വധിക്കപ്പെടാന്‍. ഇവര്‍ക്ക് ചുട്ടു ചാരമാക്കല്‍ മാത്രമായിരുന്നു ശിക്ഷ. ചാരം നദികളില്‍ ഒഴുക്കലും നിര്‍ബന്ധം.

രണ്ടാം ഘട്ടം (റോമന്‍ ഇന്‍ക്യുസിഷന്‍)

1542-ല്‍ പോപ്പ് പോള്‍ മൂന്നാമന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ഒഫീസ് ഓഫ് ഇന്‍ക്യുസിഷന്‍ എന്ന പേരില്‍ കര്‍ദിനാള്‍മാരുടെ അധ്യക്ഷതയില്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ചു. ഈ സംവിധാനം കത്തോലിക്കാ രാജ്യങ്ങള്‍ക്ക് ആകമാനം ബാധകമായിരുന്നെങ്കിലും ഇറ്റലിയിലെ മത ദ്രോഹികളെ ശിക്ഷിക്കാനായിരുന്നു ഉപയോഗിക്കപ്പെട്ടത്. സ്‌പെയിന്‍, പോര്‍ച്ചുഗീസ് എന്നീ രാജ്യങ്ങള്‍ മുന്‍ സംവിധാനങ്ങള്‍ തന്നെ തുടര്‍ന്നു.  മുഖ്യ ന്യായാധിപര്‍ പോപ്പുമാരായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇത് രൂക്ഷമാവും. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ രാജ്യങ്ങളിലെല്ലാം ഒരു പ്രൊട്ടസ്റ്റന്റുകാരനും അവശേഷിക്കാത്ത വിധത്തില്‍ 'അഗ്നി ശുദ്ധി' വരുത്തി.

പ്രൊട്ടസ്റ്റന്റ് വിഭാഗം: 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മത നിന്ദകരെ മുഴുവന്‍ കത്തിച്ച് തീര്‍ന്നതോടെ ആ തീ അണഞ്ഞു. പക്ഷേ 16-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജര്‍മനി, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ മുഴുവനായും കത്തോലിക്കാ ചര്‍ച്ചില്‍ നിന്ന് വേര്‍പെട്ട് പ്രൊട്ടസ്റ്റന്റ് വിഭാഗമായി മാറി. ഫ്രാന്‍സും എന്തിന് ഇറ്റലി പോലും കൈവിട്ട് പോകുമെന്ന അവസ്ഥ സംജാതമായപ്പോള്‍ യുദ്ധമോ ഇന്‍ക്യുസിഷനോ പോംവഴി അല്ലാതായി. ഈ മൂന്ന് രാജ്യങ്ങളും ബാക്കിയുള്ള രാജ്യങ്ങളിലെ പ്രൊട്ടസ്റ്റന്റുകാരും തിരിച്ചടിച്ചാല്‍ ഉന്മൂലനം ചെയ്യപ്പെട്ടവരുടെ ഗതിയാവും ഉന്മൂലനം ചെയ്തവര്‍ക്കും എന്ന് തിരിച്ചറിഞ്ഞ പോപ്പ് സ്വയം ചില  നാമമാത്ര മാറ്റങ്ങള്‍ക്ക് തയാറായി.  അതോടൊപ്പം ലോകത്തിലെ ആദ്യ ഭീകര സംഘടനയായ ജസ്യൂട്‌സിന്( Jesuits) രൂപം കൊടുത്തു. നേരിട്ടുള്ള യുദ്ധത്തിന് ശേഷിയില്ലാത്തതുകൊണ്ട് ഒളിയുദ്ധം. സംഘടനയെയല്ലാതെ പോപ്പിനെ പഴിക്കാനോ തിരിച്ചടിക്കാനോ കഴിയില്ല. ജസ്യൂട്ട്കാര്‍ 30 വര്‍ഷം ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തി. എന്നാല്‍ ഇറ്റലിയിലും സ്‌പെയിന്‍, പോര്‍ചുഗല്‍, അതുവഴി ഇന്ത്യയിലെ ഗോവ എന്നിവിടങ്ങളില്‍ ഇന്‍ക്യുസിഷന്‍ പൂര്‍വാധികം ശക്തമാക്കി. പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഇന്ത്യയിലെ ഗോവയിലും കത്തോലിക്കര്‍ ഒഴികെയുള്ളവര്‍ക്ക് ആചാരങ്ങളോ ആരാധനകളോ നടത്താന്‍ അനുവാദമുണ്ടായിരുന്നില്ല. ഗോവയിലെ ഇന്‍ക്യുസിഷനും ചുട്ട് കൊല്ലലും തടയാന്‍ ശ്രമിച്ച അന്യമതസ്ഥരെയും അതിന് വിധേയമാക്കി. രണ്ടാം ഘട്ടത്തിലെ ഇന്‍ക്യുസിഷന് വിധേയരായവരില്‍ ഏറ്റവും പ്രശസ്തന്‍ ഗലീലിയൊ ഗലീലിയായിരുന്നു. അദ്ദേഹം, ഭൂമി ചലിക്കുന്നുവെന്നും സൂര്യന് ചുറ്റും കറങ്ങുകയാണെന്നും സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയല്ല സൂര്യനാണെന്നുമുള്ള കോപ്പര്‍ നിക്കസിന്റെ ഹീലിയൊ സെന്ററിക്ക് സിദ്ധാന്തത്തെ പിന്തുണച്ചു എന്നതായിരുന്നു കുറ്റം.  എന്നാല്‍ ചര്‍ച്ചിന്റെ ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തത്തില്‍ ഭൂമി ഒരു തറയുടെ മേല്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കയാണെന്നും സൂര്യനാണ് ഭൂമിക്ക് ചുറ്റം കറങ്ങുന്നത് എന്നുമായിരുന്നു (സാം 9:1). ഭൂമി  സുസ്ഥിരമായും സുരക്ഷിതമായും ഉറപ്പിച്ചു നിര്‍ത്തപ്പെട്ടിരിക്കുന്നു (സാം 96:10).  അതിന് ചലിക്കാന്‍ കഴിയില്ല(104:5). ഭൂമിയെ അതിന്റെ അടിത്തറയില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നു, അതിന് ചലിക്കാന്‍ പറ്റില്ല (ക്രോണിക്ക്ള്‍സ് 16:30). സൂര്യന്‍ പൊങ്ങുന്നു താഴുന്നു, പിന്നെ പൊങ്ങേണ്ടിടത്തേക്ക് തിരക്കിട്ട്  പോകുന്നു (എക്‌ളസിയാസ്റ്റ്‌സ് 1:5). ഗലീലിയോക്ക് മരണം വരെ തടവായിരുന്നു ശിക്ഷ. 1643-ല്‍ തടവില്‍ കിടന്ന് മരിച്ച അദ്ദേഹത്തിന്റെ ശിക്ഷ 1992 ഒക്‌ടോബറില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ റദ്ദ് ചെയ്തു. 

സ്പാനിഷ് ഇന്‍ക്യുസിഷന്‍: മറ്റ് ഇന്‍ക്യുസിഷനേക്കാള്‍ (പാപ്പല്‍, ക്രിസ്ത്യന്‍, റോമന്‍, ബ്രിട്ടീഷ്,  ഫ്രഞ്ച്,  പോര്‍ചുഗീസ്) സ്ഥിരതയുണ്ടായിരുന്നതും (356 വര്‍ഷം നീണ്ട് നിന്നു)  പ്രധാനപ്പെട്ടതുമാണ് സ്പാനിഷ് ഇന്‍ക്യുസിഷന്‍.  മറ്റ് ഇന്‍ക്യുസിഷനും കുരിശ് യുദ്ധവും ഉള്‍പ്പെടെയുള്ള കത്തോലിക്കാ ക്രൂരതയുടെ ആകത്തുകയേയും കവച്ച് വെക്കുന്നതാണ് ഇത്. ക്രൈസ്തവരല്ലാത്തവരും, തലമുറകള്‍ക്ക് മുമ്പ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിലൂടെ കൈസ്ര്തവരായ ജൂതരും ഇതര മതസ്ഥരായ സ്പാനിഷ് വംശജരും പ്രൊട്ടസ്റ്റന്റ്കാരും ഉന്മൂലനം ചെയ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ ഏഴ് പേരില്‍ ഒരാളായ തോമസ് ഡി ടോര്‍ക്യുമാട ആയിരുന്നു സംഘാടകനും 1498-ല്‍ മരിക്കുന്നത് വരെ അധ്യക്ഷനായിരുന്നതും. ഇദ്ദേഹം ഒരു ലക്ഷം പേരെ കുറ്റവാളികളായി കണ്ടെത്തുകയും ശിക്ഷിക്കുകയുമുണ്ടായി. 

1229-ല്‍ തുടങ്ങിയ ഇന്‍ക്യുസിഷന്‍ 1908-ലും 1965-ലും ഔദ്യോഗിക നാമം മാറ്റി,  ദ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്ത്  എന്ന പേരില്‍ ഇപ്പോഴും നിലവിലുണ്ട്.  അത്യന്തം ബീഭത്സവും അന്യായവും അക്രൈസ്തവവുമായ  അക്രമങ്ങളിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും വസ്തു വകകളും ജീവിതവും നഷ്ടപ്പെടുത്തിയ, പല ജനതതികളേയും പാടേ തുടച്ച് നീക്കിയ  സൈദ്ധാന്തിക സ്വേഛാധിപത്യം മനുഷ്യ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമായി,  എന്നും ഒരു തീരാ പ്രകമ്പനമായി നിലനില്‍ക്കും. ''തിന്മയെ നന്മ എന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവര്‍ക്കും, പ്രകാശത്തിന് പകരം ഇരുട്ടിനെയും ഇരുട്ടിന് പകരം പ്രകാശത്തെയും വെക്കുന്നവര്‍ക്കും നാശം'' (ഇസയ്യ 5:20).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍