സമരം തുടങ്ങിയ അന്നു തന്നെ അവരെന്റെ മരണ തീയതിയും നിശ്ചയിച്ചു
ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി പങ്കിടുന്ന മൊറെ (Moreah) യിലേക്ക് മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് 110 കി മീ ദൂരമുണ്ട്. മൊറെയില്‍ നിന്ന് രാജ്യാതിര്‍ത്തി നിര്‍ണ്ണയിക്കുന്ന 'താമു' പുഴയും കടന്ന് മൂന്ന് കിലോ മീറ്റര്‍ ദൂരം താണ്ടിയാല്‍ മ്യാന്‍മാറിലെ താമു പട്ടണത്തിലെത്താം. മൊറെയില്‍ നിന്ന് നിരവധി പരിശോധനകള്‍ക്ക് ശേഷം മാത്രമേ മ്യാന്‍മാര്‍ പട്ടാളം ഇന്ത്യയില്‍ നിന്നുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ. രണ്ടോ മൂന്നോ മണിക്കൂര്‍ നേരം താമു പട്ടണം കണ്ട് തിരിച്ചു പോരുന്നതു വരെ അയല്‍രാജ്യത്തെ പട്ടാളക്കാരന്റെ നോട്ടം നമ്മളെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. വിശാലമായി പരന്നൊഴുകുന്ന താമു പുഴയുടെ പകുതി ഭാഗം ഇന്ത്യക്കും, പകുതി ഭാഗം മ്യാന്‍മാറിനും അവകാശപ്പെട്ടതാണ്. അതു കൊണ്ടു തന്നെ പാലത്തിന് ഇന്ത്യയുടെ ഭാഗത്ത് വെള്ള നിറവും, മ്യാന്‍മാറിന്റെ ഭാഗത്ത് മഞ്ഞ നിറവുമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പട്ടാളത്തിന്റെ അതീവ ജാഗ്രതാ പ്രദേശമായ ഇവിടെ തന്നെയാണ് മണിപ്പൂര്‍, നാഗാലാന്റ് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയും നിശ്ചയിച്ചിരിക്കുന്നത്.
നാഗാ തീവ്രവാദികളുടെ ഏറ്റവും വലിയ കേന്ദ്രവും കൂടിയായ ഈ പ്രദേശത്തു കൂടിയുള്ള യാത്ര തികച്ചും ദുഷ്‌കരവും ഭയപ്പെടുത്തുന്നതുമാണ്. കുന്നുകളും, മലകളും, ഒറ്റപ്പെട്ട ഗ്രാമങ്ങളും നിറഞ്ഞ പ്രദേശത്തു കൂടിയുള്ള മൊറെയിലേക്കുള്ള യാത്ര പട്ടാള ബാരക്കുകള്‍ക്കിടയിലൂടെയാണ്. അസം റൈഫിള്‍സിന്റെ നിരവധി ക്യാമ്പുകളും, വളവുകളില്‍ മണല്‍ ചാക്കുകള്‍ നിറച്ച് അതിനിടയില്‍ ജാഗ്രതയോടെ തോക്കേന്തി നില്‍ക്കുന്ന സൈനികരെയും അടുത്ത് കാണാം. ക്യാമറയും മൊബൈല്‍ ഫോണും കണ്ടാല്‍ പട്ടാളം അത് ഉപയോഗിക്കുന്നത് വിലക്കും. ഇംഫാലില്‍ നിന്ന് രാവിലെ പുറപ്പെട്ട് ഒരു മണിക്കൂറിലധികം യാത്ര ചെയ്തപ്പോഴാണ് മുന്നില്‍ വലിയൊരു വാഹന വ്യൂഹം പ്രത്യക്ഷപ്പെട്ടത്. ഏറെനേരത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ നാഗാ തീവ്രവാദികള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു എന്ന വിവരമാണ് കിട്ടിയത്.
അപ്പോള്‍ തൗബാല്‍ എന്ന സ്ഥലത്താണ് എത്തിയിരുന്നത്. ചെറിയ ടൗണാണ്. എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. തൗബാലില്‍ ഹോട്ടലുകള്‍ നടത്തുന്നത് മണിപ്പൂരി മുസ്‌ലിം സ്ത്രീകളാണ്. നീണ്ട വാഹന വ്യൂഹത്തില്‍ നിന്നിറങ്ങി തൗബാലിലെ പകുതി തുറന്ന ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടയിലെ സംഭാഷണത്തിലാണ് ബന്ദിന് ആസ്പദമായ കാര്യത്തെ കുറിച്ച് അറിഞ്ഞത്. മണിപ്പൂരിലെ അസം റൈഫിള്‍സുകാരുടെ പട്ടാള ഭരണം എന്നും വിവാദമാണ്. കുറച്ച് ദിവസമായി ഈ പ്രദേശം സംഘര്‍ഷഭരിതമാണ്. മൂന്ന് ദിവസം മുമ്പ് പട്ടാളം രണ്ടു യുവാക്കളെ വെടി വെച്ചിരുന്നു. അതിന് രണ്ടു ദിവസം മുമ്പ് ഒരു മുസ്‌ലിം യുവതിയെ അവര്‍ ബലാത്സംഗം ചെയ്തിരുന്നു. അന്നൊക്കെ ശക്തമായ പ്രതിഷേധവും ബന്ദും നടന്നിരുന്നു. എന്നാല്‍ ഇന്നലെ ഒരു നാഗാ സ്ത്രീയെ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത് കൊന്നതായി അറിയുന്നു. അതിനാണ് ഇപ്പോള്‍ ബന്ദ്. ഇനി എന്തൊക്കെ സംഭവിക്കുമെന്നറിയില്ല.
ഹോട്ടലിലെ സ്വപ്‌ന ബീഗവും, ഷീലാ ബീഗവുമൊക്കെ ഇത് പറയുമ്പോള്‍ നാഗാ തീവ്രവാദികളുടെ തിരിച്ചടി എപ്പോഴും പ്രതീക്ഷിക്കാമെന്ന നിഗമനത്തിലായിരുന്നു. ഞാനുള്‍പ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തക സംഘം മണിപ്പൂര്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ ആതിഥേയത്വം സ്വീകരിച്ചാണ് ഇംഫാലില്‍ എത്തിയിരുന്നത്. അതു കൊണ്ട് തന്നെ മൊറെയിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് കനത്ത പോലീസ് കാവലും ഉണ്ടായിരുന്നു. മുമ്പിലുള്ള വാഹന വ്യൂഹത്തെ കടന്ന് പോലീസിന്റെ കാവലോടെ ഞങ്ങളുടെ വാഹനം തൗബാല്‍ പിന്നിട്ടപ്പോഴും റോഡുകളില്‍ ടയര്‍ കത്തിച്ചും, മരങ്ങള്‍ മുറിച്ചിട്ടും നാഗാ കലാപകാരികള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു. അതിര്‍ത്തിയായ മൊറെയിലെത്തി രേഖകള്‍ പരിശോധിച്ച് താമു പുഴയും കടന്ന് താമു പട്ടണത്തിലെ വഴിയോര കാഴ്ചകളും മ്യാന്‍മറിലെ പട്ടാളച്ചിട്ടയും, സ്ത്രീകള്‍ കച്ചവടം നടത്തുന്ന ചന്തയും കണ്ട് കൃത്യം നാലു മണിക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്ന മ്യാന്‍മര്‍ പട്ടാളക്കാരെ അഭിവാദ്യം ചെയ്ത് തിരിച്ചു പോരുമ്പോള്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്ന മണിപ്പൂരി പോലീസുകാരോട് അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു.
മൊറെയില്‍ നിന്ന് മൂന്നു മണിക്കൂര്‍ യാത്രയുണ്ട് ഇംഫാലിലേക്ക്. നാലു മണി ആകുമ്പോഴേക്കും സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരുന്നു. ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോഴേക്കും യാത്ര ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. പെട്ടെന്നതാ മലഞ്ചെരുവിലൊരിടത്ത് അന്താരാഷ്ട്ര പാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നു, അന്‍പതിലധികം വരുന്ന യുവാക്കള്‍ ഞങ്ങള്‍ക്കു നേരെ ആയുധവും വടികളുമായി ഓടി വരുന്നു. മുമ്പില്‍ പോലീസ് വാഹനം അടിച്ചു തകര്‍ക്കുന്നു, മൊബൈലുകള്‍ പിടിച്ചു വാങ്ങുന്നു, എല്ലാവരെയും ഭീഷണിപ്പെടുത്തുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. മണിപ്പൂരിലെ പത്രപ്രവര്‍ത്തകര്‍ ഞങ്ങളോട് 'ഭയപ്പെടണ്ട' എന്നു പറയുന്നുണ്ടെങ്കിലും തോക്കുധാരികളായ യുവാക്കള്‍ എന്തിനും തയാറായി മുന്നില്‍ ആക്രോശിച്ചു കൊണ്ടിരുന്നു. നാഗാ കലാപകാരികളായിരുന്നു അവര്‍. എല്ലാ ആധുനിക ആയുധങ്ങളും ഏന്തിയ അവര്‍ പട്ടാളക്കാര്‍ക്കെതിരെ കഠിനമായ ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. നോക്കിയാല്‍ കാണുന്ന ദൂരത്ത് മലഞ്ചെരുവകളില്‍ മറ്റ് നിരവധി പേരെയും കണ്ടു.
ഒരു മണിക്കൂറിലധികം നാഗാ യുവാക്കളുടെ ഭീഷണിക്കു മുമ്പില്‍ ഭയന്നു വിറച്ചു. മണിപ്പൂരി പോലീസുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും, പ്രത്യേകിച്ച് മണിപ്പൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റും നാലു വര്‍ഷം മുമ്പ് തീവ്രവാദികളുടെ വെടിയേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ട പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റും ആയ രത്തന്‍ ലുവാങിന്റെ അപേക്ഷയും മാനിച്ചാണ് ഞങ്ങളുടെ സംഘത്തെ നാഗാ കലാപകാരികള്‍ വിട്ടയച്ചത്. രാത്രി ഏറെ വൈകി ഇംഫാലില്‍ തിരിച്ചെത്തിയപ്പോഴും പട്ടണത്തില്‍ പട്ടാളക്കാരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
നേരത്തേ ഉറങ്ങുകയും, നേരത്തേ ഉണരുകയും ചെയ്യുന്ന കിഴക്കിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മണിപ്പൂര്‍. രാവിലെ ഇംഫാലിലെ 'ഇമാ' മാര്‍ക്കറ്റിലെത്തി പത്രങ്ങള്‍ വായിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍ മണിപ്പൂരിലെ പത്രങ്ങളിലൊന്നും കാണാനുണ്ടായിരുന്നില്ല. ബന്ദും വെടിവെപ്പും അക്രമങ്ങളും നിത്യ സംഭവമായി മാറിക്കഴിഞ്ഞ മണിപ്പൂരില്‍ നിന്ന് യഥാര്‍ഥ വാര്‍ത്തകള്‍ ഒന്നും പുറത്തേക്ക് വരാറില്ല. പതിനൊന്ന് മണിയോടെയാണ് നാട്ടില്‍ നിന്ന് (കേരളം) സുഹൃത്തുക്കളുടെ ഫോണ്‍ സന്ദേശം എത്തിയത്; മണിപ്പൂരില്‍ നിരവധി പട്ടാളക്കാരെ തീവ്രവാദികള്‍ വെടി വെച്ചു കൊന്നുവെന്ന്. വൈകുന്നേരത്തോടെ എവിടെ, എന്താണ് സംഭവിച്ചതെന്ന് രത്തന്‍ ലുവാങ് വിശദീകരിച്ചു തന്നു. എന്നാല്‍ ഇതൊന്നും മണിപ്പൂരിലെ പത്രങ്ങള്‍ക്ക് വാര്‍ത്തയല്ല. മണിപ്പൂരികള്‍ക്ക് ഇതിലൊന്നും പുതുമയില്ല. ഇനി ചിലപ്പോള്‍ ഒരു തിരിച്ചടിയുണ്ടാവാം, കുറേ നിരപരാധികള്‍ വെടിയേറ്റു മരിക്കും. അത്ര തന്നെ.
തലേദിവസം തങ്ങളെ തടഞ്ഞു നിര്‍ത്തിയ അതേ പ്രദേശത്തു കൂടെ കടന്നു വരികയായിരുന്ന ഇന്ത്യന്‍ പട്ടാളത്തിന് നേരെ, മറഞ്ഞിരുന്ന് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് നാഗാ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാധ്യമ സുഹൃത്തുക്കള്‍ പറഞ്ഞു. നാഗാ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പ്രതികാരമാണിതെന്നും അവര്‍ വിശദീകരിച്ചു. പട്ടാളത്തിനു നേരെ നടന്ന അക്രമത്തിന്റെ ഒരു പ്രതി പ്രകടനമോ, കാര്യമായ ചര്‍ച്ചകളോ, സംഭാഷണങ്ങളോ ഇംഫാലില്‍ കണ്ടില്ല. എന്തായാലും പട്ടാളത്തിന് കാര്യമായ ക്ഷതമേറ്റ സംഭവമായതു കൊണ്ട് ഒരു തിരിച്ചടി ചിലപ്പോള്‍ നാഗാ കലാപകാരികള്‍ (നാഗാലാന്റില്‍ സ്വയംഭരണം ആവശ്യപ്പെടുന്നവര്‍, ഇപ്പോള്‍ അതിന് കൂടുതല്‍ വിശാലത കൈവന്നിരിക്കുന്നു) പ്രതീക്ഷിച്ചിരിക്കും.
വിചിത്രമായ സംഭവങ്ങള്‍ നിത്യ സംഭവങ്ങളാവുകയും നിത്യസംഭവങ്ങള്‍ വാര്‍ത്തകളാവുകയും ചെയ്യുന്ന വിചിത്ര ദേശമാണ് ഇന്നും മണിപ്പൂര്‍. ദിനപത്രങ്ങളുടെ ഒന്നാം പേജ് വെണ്ടക്കകള്‍ പലപ്പോഴും ആര്‍ക്കും വേണ്ടാത്തതാവും. ഇരുപതിലധികം ഇന്ത്യന്‍ പട്ടാളക്കാരെ തീവ്രവാദികള്‍ വെടി വെച്ച് കൊന്നിട്ടും മണിപ്പൂരിലെ പത്രങ്ങള്‍ക്ക് അത് വാര്‍ത്ത ആയില്ല.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇറോം ഷര്‍മിളയെ അവര്‍ താമസിക്കുന്ന ജയിലില്‍ ചെന്ന് കണ്ട് വളരെ അധിക നേരം സംസാരിച്ചത്. ഇത്തവണ മണിപ്പൂരിലെത്തിയപ്പോഴും അവരെ കാണാന്‍ താല്‍പര്യം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത ജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നതു കൊണ്ട് ഇറോം ഷര്‍മിളയെ കാണാന്‍ ഒട്ടേറെ കടമ്പകള്‍ താണ്ടേണ്ടി വന്നു. ഇത്തവണ ഇറോം ഷര്‍മിളയെ കാണണമെന്ന ആഗ്രഹവുമായി അവര്‍ താമസിക്കുന്ന ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജയില്‍ മുറിക്ക് മുന്നിലേക്ക് കടന്നപ്പോള്‍ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. അവര്‍ താമസിക്കുന്ന മുറിയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് വനിതാ പോലീസുകാരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയതോടെ ഇറോം ഷര്‍മ്മിള അടുത്തെത്തി എന്നെ അവരുടെ മുറിയിലേക്ക് ക്ഷണിച്ചു. അവര്‍ക്ക് നല്‍കാനായി കരുതിയിരുന്ന, അവരുമായി കഴിഞ്ഞ തവണ കണ്ടപ്പോള്‍ നടത്തിയ ഇന്റര്‍വ്യൂ അച്ചടിച്ചു വന്ന പത്രങ്ങളുടെയും വീക്കിലിയുടെയും ഒരു മാസികയുടെയും കോപ്പികള്‍ കൊടുത്തു. എല്ലാം മറിച്ച് നോക്കി സന്തോഷം പങ്കു വെച്ച അവര്‍ മലയാളികളോടുള്ള, കേരളത്തോടുള്ള അവരുടെ ഐക്യദാര്‍ഢ്യം തുറന്നു പറഞ്ഞു. കേരളത്തിലേക്ക് വരണമെന്നുണ്ടെന്നും, എന്നെങ്കിലും ജയില്‍ മോചിതയായാല്‍ കേരളത്തിലെത്തുമെന്നും അവര്‍ സൂചിപ്പിച്ചു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ പ്രസന്നമായിരുന്നു അവരുടെ മുഖ ഭാവങ്ങള്‍. ഒരവയവം പോലെ അവരുടെ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക് പൈപ്പിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം പട്ടാളക്കാര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ അവര്‍ അപലപിച്ചു. എന്നാല്‍ എന്തു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു:
ഇറോം ഷര്‍മിള എന്ന കവി ഒരു തുള്ളി വെള്ളം ചുണ്ടില്‍ തൊടാതെ, പ്ലാസ്റ്റിക് ട്യൂബിലൂടെ നല്‍കുന്ന ദ്രാവകങ്ങളുടെ ശേഷിയില്‍ പള്‍സ് റേറ്റ് താഴാതെ, ആന്തരികാവയവങ്ങള്‍ തകരാതെ നിരാഹാര സമരത്തിന്റെ പതിനഞ്ചാം വര്‍ഷം പിന്നിടാറായിരിക്കുന്നു. എന്തു തോന്നുന്നു?
ഈ ചോദ്യം കഴിഞ്ഞ നവംബറില്‍ നിങ്ങള്‍ ചോദിച്ചതാണ്. അന്നു നല്‍കിയ മറുപടി ഞാന്‍ ആവര്‍ത്തിക്കട്ടെ. സമരം തുടങ്ങിയപ്പോള്‍ എനിക്ക് മരണ തീയതി നിശ്ചയിച്ചവര്‍ ഉണ്ടായിരുന്നു. ഇതു വരെയും എനിക്കൊന്നും സംഭവിച്ചിട്ടില്ല. എന്റെ ഉദ്ദേശ്യം നിറവേറുന്നതു വരെ സമരം തുടരും. അവസാനം വരെ പൊരുതാന്‍ തന്നെയാണ് തീരുമാനം. AFSPA (Armed Forces Special Protection Act, 1958) പിന്‍വലിക്കുന്നതു വരെ ഈ നില തുടരും. പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം കൊണ്ടാണ് ഇപ്പോഴും ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. ഒരു ചെറിയ സംശയത്തിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ പോലും ഏതു സമയത്തും പട്ടാളത്തിന് കാഞ്ചി വലിക്കാം. ഒരു പ്രത്യേക ജനവിഭാഗത്തിനും പ്രദേശത്തിനും മാത്രമായി ഒരു സാധാരണ നിയമം പോലെ തുടരുന്ന ഈ അസാധാരണ നിയമം പിന്‍വലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിയമ പ്രശ്‌നമാണെങ്കിലും ഇതിനകത്ത് ഒരു നിയമരാഹിത്യം ഒളിഞ്ഞിരിക്കുന്നു. അതായത് സാഹചര്യം അസാധാരണമായതിനാല്‍ പിന്നെ മനസ്സമാധാനത്തിന് ആരെയും എപ്പോഴും വെടി വെക്കാമെന്ന്. ഇതാണ് അനേകം വര്‍ഷങ്ങളായി മണിപ്പൂരില്‍ നടക്കുന്നത്.
ത്രിപുരയില്‍ ഈ നിയമം പിന്‍വലിച്ചിരിക്കുന്നുവല്ലോ?
നല്ല തീരുമാനമാണത്. രാജ്യത്തെ വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ പിന്തുണ ത്രിപുര സര്‍ക്കാരിനുണ്ടെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അവിടത്തെ സര്‍ക്കാരിനായിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 84 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയത് ജനങ്ങള്‍ വിഘടന വാദത്തെ തള്ളിയതിന്റെ ഉദാഹരണമായി ഞാന്‍ കാണുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഇച്ഛാശക്തിയുള്ള കേന്ദ്രസംസ്ഥാനനേതൃത്വവും ഉണ്ടെങ്കില്‍ ഇത്തരം നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രയാസമില്ല. പക്ഷെ മണിപ്പൂരിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ഇവിടെ സര്‍ക്കാറും തീവ്രവാദികളും വിഘടന വാദികളുമൊക്കെ ഒരേ തട്ടിലാണ്. ജമ്മു കശ്മീരിലും നാഗാലാന്റ്, മണിപ്പൂര്‍, അസം എന്നിവടങ്ങളിലും മാത്രമാണ് ഇപ്പോള്‍ AFSPA നില നില്‍ക്കുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്റ് ആത്മഹത്യാ ശ്രമം കുറ്റകരമല്ലെന്ന നിയമം പാസാക്കിയതിന് ശേഷം നിങ്ങളെ ജയില്‍ മോചിതയാക്കിയിരുന്നു. ഇപ്പോള്‍ എന്തിന്റെ പേരിലാണ് നിങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്?
അതാണ് എനിക്കും അറിയാത്തത്. ഇപ്പോള്‍ എന്തിനാണ് എന്നെ തടവിലിട്ടിരിക്കുന്നത് എന്ന് ഞാന്‍ എല്ലാവരോടും ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ എനിക്കുത്തരം ആരും നല്‍കുന്നില്ല. ആത്മഹത്യാ കുറ്റം ചുമത്തിയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ പതിനാലു വര്‍ഷക്കാലവും എന്നെ തടവിലിട്ടത്. ഓരോ വര്‍ഷവും നവംബറില്‍ എന്നെ കോടതിയില്‍ ഹാജരാക്കും. വീണ്ടും ആത്മഹത്യാ കുറ്റം ചുമത്തി ജയിലിലടക്കും. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആത്മഹത്യാ ശ്രമം കുറ്റകരമല്ലെന്ന് നിയമം പാസ്സാക്കിയിരിക്കുന്നു. ഇനിയെങ്കിലും എന്നെ ഇവര്‍ക്ക് തുറന്നു വിട്ടു കൂടേ?
ഇടയ്ക്ക് നിങ്ങളെ ജയില്‍ മോചിതയാക്കിയല്ലോ?
ഒരു ദിവസം കോടതിയില്‍ ഹാജാരാക്കിയ എന്നോട് ജഡ്ജി താങ്കള്‍ സ്വതന്ത്രയാണെന്ന് പറഞ്ഞു. കേസുകള്‍ എല്ലാം പിന്‍വലിച്ച് സ്വതന്ത്രയായ ഞാന്‍ വീട്ടില്‍ സ്വസ്ഥമായി കഴിഞ്ഞു കൂടുമെന്ന് അവര്‍ കരുതി. എന്നാല്‍ ഞാന്‍ എന്തിനു വേണ്ടിയാണോ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ശ്രമിക്കുന്നത്, അതിന് ഉത്തരം കിട്ടാതെ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് കോടതിക്കു മുമ്പിലും ഞാന്‍ വ്യക്തമാക്കി. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ എന്നെ ആയിരക്കണക്കിന് വരുന്ന മണിപ്പൂരി സമൂഹം നേരെ കൊണ്ടു പോയത് 'ഇമാ' മാര്‍ക്കറ്റില്‍ സജ്ജീകരിച്ച സമരപ്പന്തലിലേക്കായിരുന്നു. രാജ്യത്തെ സ്ത്രീകള്‍ മാത്രം കച്ചവടം നടത്തുന്ന കേന്ദ്രമായ 'ഇമാ' മാര്‍ക്കറ്റിലെ സമരപ്പന്തലില്‍ എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ആയിരക്കണക്കിന് വരുന്നവരെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് ട്യൂബിലൂടെ മാത്രം ലഭിക്കുന്ന ദ്രാവക രൂപത്തിലുള്ള ആഹാരം കഴിച്ച് ജയിലിന് പുറത്ത് സമരം തുടര്‍ന്ന എന്നെ ഒരു ദിവസത്തെ ഇടവേളക്കു ശേഷം പോലീസ് പിടികൂടി ജയിലിലടച്ചു. ഇപ്പോള്‍ എനിക്കെതിരെ എന്തു കുറ്റമാണ് ഭരണകൂടം ചാര്‍ത്തിയിരിക്കുന്നതെന്ന് അറിയില്ല.
* * * * * * * *
ഇറോം ഷര്‍മിളയെ കുറിച്ച് നാം മലയാളികള്‍ ഏറെ വായിച്ചു കഴിഞ്ഞു. ഇവരുടെ സമര പശ്ചാത്തലം അറിയാത്തവരും കുറവായിരിക്കും. 2000 നവമ്പര്‍ 2-ന് ഇംഫാലിലെ മാലോം എന്ന സ്ഥലത്ത് പട്ടാളം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ആക്രമണങ്ങളുണ്ടായി. കലി കയറി തിരിച്ചു വന്ന പട്ടാളക്കാര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെച്ചു തള്ളി. ബസ്സ് കാത്തു നിന്നവരും അങ്ങാടിയില്‍ പോയവരുമായ പത്തു പേര്‍ വധിക്കപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അന്നു മുതല്‍ തുടങ്ങിയതാണ് ഇറോം ഷര്‍മിളയുടെ സമരം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഏറ്റവും അടിസ്ഥാന അവകാശമായ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട മണിപ്പൂരില്‍, 1958ല്‍കൊണ്ടു വന്ന AFSPA പിന്‍വലിക്കുന്നതു വരെയാണ് സമരം. ആത്മഹത്യാ ശ്രമത്തിന് അറസ്റ്റ് ചെയ്ത് മൂക്കില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കി എല്ലാ വര്‍ഷവും നവംബര്‍ 5-ന് വിട്ടയക്കും. വീണ്ടും ആത്മഹത്യാ കുറ്റത്തിന് അറസ്റ്റ് ചെയ്യും. 14 വര്‍ഷമായി തുടരുന്ന ഈ നാടകത്തിന് തിരശ്ശീല വീഴേണ്ടതായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. ഭരണകൂടം വീണ്ടും അവരെ ജയിലിലടക്കുകയാണ് ചെയ്തത്.
ഇരകളോട്, അവര്‍ ഇരകളാണെന്ന് നാം പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. നമുക്ക് ഇതെല്ലാം കാണാനല്ലാതെ മറ്റെന്താണ് ചെയ്യാന്‍ കഴിയുക? മണിപ്പുരിന്റെ ദൈനംദിന യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ ഭാവനയേക്കാള്‍ വിചിത്രവും വേഗം കൂടിയതുമാണ് എന്നതാണ് യാഥാര്‍ഥ്യം. ഇറോം ഷര്‍മിളയുടെ മൂക്കിലൂടെ കയറ്റിയിരിക്കുന്ന പ്ലാസ്റ്റിക് ട്യൂബ് കാണുന്ന നമുക്ക് അത് ഒരവയവം പോലെ തോന്നിക്കുമെങ്കിലും ഇത്രയും കാലം അവര്‍ വൈദ്യശാസ്ത്രത്തെ തോല്‍പിച്ചു മുന്നേറുക തന്നെയാണ്. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ അവര്‍ക്ക് ആറു മാസമാണ് ആയുസ്സ് വിധിച്ചത്. പിന്നെ ഒന്നായി, രണ്ടായി, മൂന്നായി. അങ്ങനെ വര്‍ഷങ്ങള്‍ ഇപ്പോള്‍ 15-ല്‍ എത്തി നില്‍ക്കുന്നു. വെള്ളം തൊടില്ലെന്ന് ശപഥം ചെയ്തതിനാല്‍ പല്ല് തേക്കുന്നതിന് പകരം പഞ്ഞി മുക്കി പല്ല് വൃത്തിയാക്കുകയാണ് പതിവ്. എന്നെങ്കിലും ഒരിക്കല്‍ തന്റെ സമരം വിജയിക്കുമെന്നും താനും വിവാഹിതയായി കുട്ടികളുമായി കഴിയുമെന്നും അവര്‍ കരുതുന്നു. കഴിഞ്ഞ 14 വര്‍ഷമായി പട്ടാളക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇറോം ഷര്‍മിള ആരുടെയോ കയ്യിലെ പാവ മാത്രമാണെന്നാണ്. ഇവരുടെ സമരങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും. എന്നാല്‍ മണിപ്പൂരികള്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. മണിപ്പൂരികള്‍ക്ക് വേണ്ടി മാത്രം ജീവന്‍ കൊണ്ട് പന്താടുന്ന ഇറോം ഷര്‍മ്മിള ഇന്ന് അവരുടെ എല്ലാമാണ്. ഇറോം ഷര്‍മ്മിള എന്നാല്‍ ഉരുക്ക് വനിതയാണ് എന്ന മന്ത്രം ഇവിടത്തെ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും നീണ്ട നിരാഹാര സമരത്തിന്റെ അണയാത്ത വിളക്കാണവര്‍. അതു കൊണ്ടു തന്നെ ഷര്‍മിളയുടെ ഇഷ്ടത്തിന് എതിര് നില്‍ക്കാന്‍ മണിപ്പൂരില്‍ ഇന്നാരുമില്ല; ചില നിയമങ്ങളല്ലാതെ. രക്തസാക്ഷിയാവാന്‍ വിധിക്കപ്പെട്ട ഒരു 42-കാരിയുടെഹൃദയമിടിപ്പ് ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്രു ആശുപത്രി വാര്‍ഡിലെ ജയിലില്‍ അനന്തമായി നിലച്ചാല്‍ മണിപ്പുരില്‍ സംഭവിച്ചേക്കാവുന്ന ഭയാനകതകളെ കുറിച്ചോര്‍ത്തു. അവരുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരുന്നു.
Comments