Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

പുതിയ പ്രഭാതങ്ങള്‍ക്ക് കാതോര്‍ത്ത് കുര്‍ദുകള്‍

അബ്ദുല്‍ ഹകീം പെരുമ്പിലാവ് /അന്താരാഷ്ട്രീയം

         ലോക ചരിത്രത്തില്‍ തികച്ചും വ്യത്യസ്തമായാണ് ഇറാഖിലെ കുര്‍ദുകളും അവര്‍ ജീവിക്കുന്ന കുര്‍ദിസ്താനും അടയാളപ്പെടുത്തിയിട്ടുള്ളത്. ജനിച്ചുവീണ മണ്ണില്‍ തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി എഴുപത്തിയേഴു തവണ ചോര ചിന്തേണ്ടിവന്ന ചരിത്രമാണ് അവരുടേത്. ഇറാഖിന്റെ തെക്കു ഭാഗത്താണ് ഭൂമിശാസ്ത്രപരമായി കുര്‍ദിസ്താന്‍.  ചോരകൊണ്ട് ചെഞ്ചായമണിഞ്ഞ ഇറാഖിന്റെ ഓരം പറ്റിനില്‍ക്കുന്നവര്‍ എന്നാണ് കുര്‍ദിസ്താനെ എളുപ്പത്തില്‍ വിശേഷിപ്പിക്കാനാവുക. സ്വതന്ത്ര കുര്‍ദിസ്താന്‍ വാദമുന്നയിക്കുന്ന ഇറാഖിലെ കുര്‍ദുകളുടെ ചരിത്രവും വര്‍ത്തമാനവും രാഷ്ട്രീയ സാമൂഹികമാറ്റങ്ങളും സംഭവബഹുലമാണ്. വംശീയ ഹത്യകളും നരകതുല്യമായ ഒട്ടേറെ പീഡനമുറകളും വിവിധ ഭരണകൂടങ്ങള്‍ അവര്‍ക്ക്  നേരെ അഴിച്ചുവിട്ടിട്ടുണ്ട്.

ഇറാഖ്, സിറിയ, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലാണ് കുര്‍ദുകള്‍ വസിക്കുന്നത്. ചരിത്രപരമായി ഈ നാലു രാജ്യങ്ങളുടെ ഭരണകൂടങ്ങളും ന്യൂനപക്ഷമായ കുര്‍ദുകളെ അടിച്ചമര്‍ത്തുകയെന്ന നയമാണ് കാലങ്ങളായി സ്വീകരിച്ചു വന്നത്. നാലു രാജ്യങ്ങളില്‍ ഒരുഭാഗത്ത് കുര്‍ദുകള്‍ക്ക് സ്വാതന്ത്യം ലഭിക്കുന്നത് മറുരാജ്യത്തുള്ള കുര്‍ദുകളുടെ ഉയര്‍ച്ചക്കും പിന്നീട് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കും കാരണമാവുമെന്നതിനാല്‍ കുര്‍ദുകളെ അടിച്ചമര്‍ത്തുന്ന വിഷയത്തില്‍ ഈ നാലു രാജ്യങ്ങള്‍ തമ്മില്‍  പ്രത്യേക കരാറുകള്‍  പോലും നിലവിലുണ്ട്. എന്നാല്‍, സദ്ദാമിനു ശേഷമുള്ള ഇറാഖില്‍ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. തങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ഇറാഖ് ഭരണകൂടത്തെ തകര്‍ക്കാന്‍ വെള്ളവും വളവും നല്‍കി പാശ്ചാത്യരെ കുര്‍ദുകള്‍ സഹായിച്ചു. അതുകൊണ്ട് തന്നെ പാശ്ചാത്യരുടെ സഹായം  കുര്‍ദിസ്താനു നിരന്തരമായി ലഭിച്ചു കൊണ്ടിരുന്നു. ഇതു സ്വതന്ത്ര കുര്‍ദിസ്താനിലേക്കുള്ള ദൂരം കുറയ്ക്കാന്‍ കാരണമാവുമെന്ന് അവര്‍ കരുതിയിരിക്കണം. 

നാലു പ്രവിശ്യകളിലായി അഞ്ചു മില്യന്‍ ജനങ്ങള്‍ വസിക്കുന്ന കുര്‍ദിസ്താന്‍ സ്വതന്ത്ര ഭരണ പ്രദേശമായിട്ടാണ് അറിയപ്പെടുന്നത്. അഞ്ചു ദശലക്ഷം വരുന്ന സ്വദേശികളെ കൂടാതെ ഇറാഖി കുര്‍ദിസ്താനില്‍ രണ്ട് ദശലക്ഷത്തോളം അഭയാര്‍ഥികളുമുണ്ട്. ഇറാഖിലും സിറിയയിലും ദുരിതമനുഭവിക്കുന്നവരാണ് ഈ അഭയാര്‍ഥി ക്യാമ്പുകളിലുള്ളത്. തെക്കന്‍ ഇറാഖില്‍ പ്രത്യേക ഭരണ മേഖലകളില്‍ സ്വതന്ത്രപദവി വഹിക്കുമ്പോഴും ഇറാഖ് ഗവണ്മെന്റിനു കീഴില്‍ നയപരമായി തുടരുകയായിരുന്നു കുര്‍ദിസ്താന്‍.  സുലൈമാനിയ, ദൊഹൂഖ്, ഹലബ്ജ, തലസ്ഥാനമായി ഗണിക്കപ്പെടുന്ന എര്‍ബില്‍ എന്നിവയാണ് കുര്‍ദിസ്താന്‍ ഭരണമേഖലയിലെ നാലു ഗവര്‍ണറേറ്റുകള്‍. അതേസമയം എണ്ണ സമൃദ്ധ പ്രദേശമായ കിര്‍കൂക് സംബന്ധിച്ച് ഇറാഖുമായി ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. സുലൈമാനിയയിലുള്ള ഹലബ്ജ ഒരു ഭരണ മേഖലയായി ഗണിക്കേണ്ടതില്ല എന്ന മറ്റൊരു ചര്‍ച്ചയും രാഷ്ട്രീയ വൃത്തങ്ങളില്‍ നടക്കുന്നുണ്ട്.

ഇറാഖിലെ എണ്ണയുടെ 35 ശതമാനവും പ്രകൃതി വാതകത്തിന്റെ 80 ശതമാനവും കൈവശമുള്ള കുര്‍ദിസ്താന്‍ സ്വതന്ത്ര രാഷ്ട്രമാവണമെന്ന് ഇപ്പോള്‍ രാജ്യത്തിനകത്തും പാശ്ചാത്യ ലോകത്തും മുറവിളികള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇറാഖിലെ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും പൊതുജന വിദ്യാഭ്യാസം, ജനാധിപത്യം, ഭരണസ്ഥിരത,  സുരക്ഷിതത്വം എന്നിവയാല്‍ മാതൃകാപരമായ സമീപനങ്ങളാണ് കുര്‍ദിസ്താന്‍ ഗവണ്മെന്റില്‍ നിന്നുണ്ടായിട്ടുള്ളത്. ഈ ഘടകങ്ങള്‍ സ്വതന്ത്ര രാഷ്ട്ര വാദത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു.  പെഷമര്‍ഗ എന്നറിയപ്പെടുന്ന കുര്‍ദിസ്താന്‍ പട്ടാളം, ഐസിസി(ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ)നെതിരായ പോരാട്ടത്തില്‍ വഹിക്കുന്ന പങ്ക്  അന്താരാഷ്ട്ര പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. കുര്‍ദിസ്താന്‍ സ്വതന്ത്ര രാഷ്ട്രവാദത്തോട് മുപ്പത്തിയഞ്ചു ലോക രാജ്യങ്ങള്‍ ഇതിനകം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇറാഖിനകത്ത് തന്നെ മറ്റൊരു യുദ്ധമൊരുക്കാനുള്ള തന്ത്രമായും, ഇറാനിലും തുര്‍ക്കിയിലുമുള്ള കുര്‍ദുകള്‍ സമാനമായ സ്വാതന്ത്ര്യ മുറവിളിയുയര്‍ത്തി അതത് രാജ്യങ്ങള്‍ക്ക്  തലവേദന സൃഷ്ടിച്ചുകൊള്ളട്ടെ എന്ന അടവ് നയമായും പാശ്ചാത്യരുടെ പിന്തുണയെ വ്യാഖ്യാനിക്കാവുന്നതാണ്.

ചരിത്രത്തിലെ ഇരുണ്ട ഇടങ്ങള്‍ 

അല്‍അന്‍ഫാല്‍ എന്ന് പേരിട്ട് സദ്ദാം ഹുസൈന്‍ നടത്തിയ വംശഹത്യ കാമ്പയിനുകളാണ് കുര്‍ദിസ്താനെ ചരിത്രത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് തള്ളിവിട്ടത്.  ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനസമയത്ത് (1986-1988 കാലഘട്ടം) ഏതാണ്ട്  രണ്ടു ലക്ഷത്തോളം കുര്‍ദുകളെയാണ് സദ്ദാം കൊന്നൊടുക്കിയത്. സുലൈമാനിയക്കടുത്ത ഹലബ്ജയില്‍ 1988-ല്‍ അണുബോംബ് വര്‍ഷിച്ച് ആയിരങ്ങളെ ഒറ്റയടിക്കു കൂട്ടക്കുരുതി നടത്തി. ഏതാണ്ട് 2000-ത്തോളം ഗ്രാമങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാക്കി. അവിടെയുള്ള കെട്ടിടങ്ങള്‍ തകര്‍ത്തു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ഒട്ടേറെ നരമേധ പരമ്പരകള്‍ക്ക് കുര്‍ദിസ്താന്‍ സാക്ഷിയായി.

1991 വരെയും കുര്‍ദ് ജനതയോടുള്ള സദ്ദാമിന്റെ ക്രൂരതകള്‍ തുടര്‍ന്നു. വൈദ്യ സഹായമോ സാമ്പത്തിക സഹായമോ ലഭ്യമാവാത്തതിനാല്‍ മരണ സംഖ്യ കൂടി കൊണ്ടിരുന്നു. ഇന്ന് അധിനിവേശത്തിന്റെ ആനുകൂല്യങ്ങള്‍  ആസ്വദിക്കുന്ന പാശ്ചാത്യശക്തികളൊന്നും അക്കാലത്ത് സദ്ദാമിനെതിരെ യാതൊന്നും പ്രതികരിക്കുകയുണ്ടായില്ല. അന്നവര്‍ സദ്ദാമിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള  തിരക്കിലായിരുന്നു. പക്ഷേ ഇന്ന് സുരക്ഷിത കേന്ദ്രവും സുസ്ഥിര താവളവുമായാണ് കുര്‍ദിസ്താനെ അമേരിക്ക കാണുന്നത്.   കുര്‍ദുകള്‍ നിസ്വാര്‍ഥരാണ് എന്ന് ഇന്ന് അമേരിക്ക ഇടക്കിടെ  പ്രസ്താവനകള്‍ ഇറക്കുന്നു. എന്നാല്‍ 1975-ലും 1988-ലും വംശഹത്യകള്‍ അരങ്ങേറുമ്പോള്‍ മൗനം പാലിച്ച യു.എസ് പ്രസിഡന്റിന്റെ നിലപാടിന് എന്നെങ്കിലും തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്ക ഭയക്കുന്നുണ്ടാവാം. കുര്‍ദിസ്താന്റെ ഇറാനുമായുള്ള ചങ്ങാത്തവും അവരെ അസ്വസ്ഥപ്പെടുത്തുന്നു. സദ്ദാം ഹുസൈനും അദ്ദേഹത്തിന്റെ ബന്ധു കൂടിയായ കെമിക്കല്‍ അലിയും ചേര്‍ന്നു  നടത്തിയ ക്രൂരമായ  വംശഹത്യയോടെയാണ്  കുര്‍ദിസ്താന്‍ മാറ്റിപ്പണിയാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

1991-ല്‍ പ്രഥമ കുര്‍ദിസ്താന്‍ പാര്‍ലമെന്റും പ്രത്യേക ഭരണകൂടവും നിലവില്‍ വന്നു. നിര്‍ദിഷ്ട മേഖലകളില്‍ പരിമിതമായ അധികാരം കുര്‍ദുകള്‍ക്ക് നല്‍കാമെന്നു അന്ന് ഇറാഖ് ഗവന്മെന്റ് ആദ്യമായി സമ്മതിക്കുകയായിരുന്നു. നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് ഇറാഖിന് ഇങ്ങനെ സമ്മതിക്കേണ്ടിവന്നത്. അതേസമയം കുര്‍ദിസ്താനകത്തെ സമാധാനം കെടുത്താന്‍ ചില സമ്മര്‍ദശക്തികളെ വളര്‍ത്തിയെടുക്കാനും സദ്ദാം ഭരണകൂടം ശ്രമിച്ചു. സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ തലപൊക്കാന്‍ അനുവദിക്കാതിരുന്ന ഇറാഖ് ഭരണകൂട തന്ത്രങ്ങളെ കുര്‍ദിസ്താന്‍ പ്രസിഡന്റ് മുസ്ത്വഫ മസ്ഊദ് ബര്‍സാനി കൃത്യമായി മനസ്സിലാക്കി. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ ഇരുകൈയോടെ സ്വീകരിച്ചതിന്റെയും സൗകര്യമൊരുക്കിയതിന്റെയും പ്രത്യുപകാരങ്ങള്‍ കുര്‍ദിസ്താനു ലഭിച്ചുകൊണ്ടിരുന്നു.

ശീഈകള്‍ താരതമ്യന കുറവായിരുന്നതിനാല്‍, ശീഈ-സുന്നി വിഭജനങ്ങള്‍ക്കുള്ള ശ്രമങ്ങളും കുര്‍ദിസ്താനില്‍ അത്രകണ്ട് വിജയിക്കുകയുണ്ടായില്ല. കുര്‍ദുകള്‍ സുന്നികളായാണ് ഇവിടെ ജീവിക്കുന്നത്. എന്നാല്‍, ഇത്തരം വിഭാഗീയകലഹങ്ങളെ ഇറക്കുമതി ചെയ്യാന്‍ അന്താരാഷ്ട്ര ശക്തികളെ ഇറാഖ് കൂട്ടുപിടിച്ചിരുന്നു. ശീഈ ശക്തിസ്രോതസ്സായ ഇറാനെ ഒരു ഭാഗത്തും സുന്നി ശക്തികേന്ദ്രമായ തുര്‍ക്കിയെ മറുഭാഗത്തും കൊണ്ടുവരാനായിരുന്നു ശ്രമം. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ സദ്ദാമിനെതിരെ കുര്‍ദുകള്‍ ഇറാനെയും സിറിയന്‍ ബാത്തിസ്റ്റുകളെയും കൂട്ടുപിടിച്ചിരുന്നു. ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കിയെടുക്കുന്ന പഴയ തന്ത്രമാണ് ഇവര്‍ പയറ്റിപ്പോന്നത്. യുദ്ധസമയത്ത് ഇറാഖിലും ഇറാനിലുമുള്ള കുര്‍ദുകള്‍ അതത് ഗവണ്‍മെന്റുകള്‍ക്കെതിരെ പരസ്പര സഹായം ഉറപ്പു വരുത്തി. തുര്‍ക്കിയിലെ സുന്നികള്‍ക്കെതിരെ ഒരേസമയം ഇറാനും സിറിയയും കുര്‍ദുകളെ സഹായിച്ചു. ബഗ്ദാദിലെ ശീഈ വിഭാഗങ്ങള്‍ക്കെതിരെ പട നയിക്കാന്‍ തുര്‍ക്കിയിലെ കുര്‍ദുവംശജര്‍ സഹായം നല്‍കിയിരുന്നുവെന്നതും ചരിത്രമാണ്.

ഇറാഖുമായുള്ള തര്‍ക്കം

പ്രത്യക്ഷത്തില്‍ രാഷ്ട്രീയവും അതിര്‍ത്തി സംബന്ധവുമായ അധികാര വടംവലികളാണ് ഇറാഖിനും കുര്‍ദിസ്താനുമിടയിലുള്ളത്. എന്നാല്‍ വംശീയവും സാമൂഹികവുമായ മറ്റൊരു ഘടകവുമുണ്ട്. മൊത്തം ഇറാഖിന്റെ ബജറ്റില്‍ നിന്ന് 17 ശതമാനം കുര്‍ദിസ്താനു നല്‍കണം എന്നാണു ഇറാഖിനും കുര്‍ദിസ്താനുമിടയിലുള്ള നിലവിലുള്ള കരാര്‍. എണ്ണ വിപണനം നടത്തുന്നത് കേന്ദ്ര ഏജന്‍സികള്‍ മുഖേനയായിരിക്കണം എന്നും  വ്യവസ്ഥയുണ്ട്. തങ്ങളുടെ എണ്ണ നേര്‍ക്കു നേരെ അയല്‍രാജ്യമായ തുര്‍ക്കിയിലേക്കു കയറ്റുമതി ചെയ്യാന്‍ കുര്‍ദിസ്താനു എളുപ്പത്തില്‍ കഴിയുന്നുവെന്നതിനാല്‍ അവര്‍ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിക്കുന്നില്ലെന്നും, ഇറാഖ് വഴിയായിരിക്കണം പുറം രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യേണ്ടത് എന്ന കേന്ദ്രകല്‍പ്പന കുര്‍ദിസ്താന്‍ പാലിക്കാറില്ലെന്നും, അവര്‍ക്ക് സ്വന്തം വിപണന ശൃംഖലകളുണ്ട് എന്നും ഇറാഖ് ആരോപിക്കുന്നു. ഇതാണ് പ്രധാന തര്‍ക്കം. അതിര്‍ത്തി പ്രശ്‌നമുള്ള കിര്‍ക്കൂക്കിന്റെ എണ്ണയുടെ നിയന്ത്രണവും  തര്‍ക്ക വിഷയത്തില്‍  ഉള്‍പ്പെടുന്നു. ഇറാഖ് അധിനിവേശാനന്തരം  കിര്‍ക്കൂക്കിന്റെ അധികാരം പൂര്‍ണമായും കുര്‍ദുകള്‍ കൈക്കലാക്കി.

ഐസിസ് ആക്രമണം രൂക്ഷമായപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് അതിരു തര്‍ക്കങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. ഐസിസ് ആക്രമണങ്ങള്‍ തന്നെയാണ് കുര്‍ദിസ്താന്  സമ്പൂര്‍ണ സ്വാതന്ത്യം നല്‍കണം എന്ന് മുറവിളി ഉയരാനുള്ള  പ്രധാന കാരണവും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അമേരിക്ക കുര്‍ദിസ്താനില്‍ നിന്ന് നേരിട്ട് എണ്ണ കയറ്റുമതി നടത്തിയിരുന്നു.  ഇത് ബഗ്ദാദിനെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. എന്നാല്‍ ഇറാഖിന്റെ ഏത് ഭാഗത്തു നിന്നും എണ്ണ കൊണ്ടുപോകാന്‍ അമേരിക്കക്കു നിയമപരമായ ഒരു തടസ്സവുമില്ല എന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി മെരിഹാഫിന്റെ പ്രസ്താവന വന്നതോടെ ഇറാഖി ഭരണകൂടത്തിനു മൗനം പാലിക്കേണ്ടിവന്നു.

വര്‍ഷങ്ങളായി തങ്ങളെ അടിച്ചമര്‍ത്തുന്ന, വംശീയമായി ഉന്മൂലനം നടത്താന്‍ ശ്രമിക്കുന്ന അറബ് വംശജരോടുള്ള അടങ്ങാത്ത അമര്‍ഷമാണ് കുര്‍ദുകളെ ഇറാഖുമായി ഇടയാന്‍ ഇടയാക്കുന്ന മറ്റൊരു ഘടകം. രാജ്യം ഒന്നാണെങ്കിലും ഇരു കൂട്ടരുടെയും പ്രദേശങ്ങളിലേക്ക് കടക്കാന്‍ വിസയും മറ്റു രേഖകളും വേണം. ബഗ്ദാദില്‍ കുര്‍ദുകള്‍ക്കും  കുര്‍ദിസ്താനില്‍ അറബികള്‍ക്കും ഏര്‍പ്പെടുത്തിയ  കര്‍ശന പരിശോധനകള്‍ ഇരു കൂട്ടര്‍ക്കുമിടയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. എല്ലാ രേഖകളുമുള്ള ഒരാള്‍ക്ക്  ഇറാഖിലോ കുര്‍ദിസ്താനിലോ ജോലിയെടുക്കുന്നതിനു ഔദ്യോഗികമായ തടസ്സങ്ങള്‍ ഇല്ലതാനും. 

വംശീയവും സാമൂഹികവുമായ ഘടകങ്ങളില്‍ പ്രധാനം ശീഈ-സുന്നി സംഘര്‍ഷങ്ങളാണ്. കുര്‍ദിസ്താനില്‍ സുന്നീ ആധിപത്യമുള്ള ഭരണകൂടവും  ഇറാഖില്‍ ശീഈകളുടെ ആധിപത്യമുള്ള ഭരണകൂടവുമാണ് ഭരണ ചക്രം നിയന്തിക്കുന്നത്. എന്നാല്‍ ധ്രുവീകരണം ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് അധിനിവേശ ശക്തികളാണ്. ഇറാഖിലെ അന്‍ബാര്‍, മൂസില്‍, സലാഹുദ്ദീന്‍ മേഖലകള്‍ സുന്നി ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളിലാണ് ഇന്ന് ഐസിസ് വിളയാട്ടം. ഇവിടങ്ങളില്‍ ഐസിസിനെതിരായ പോരാട്ടങ്ങള്‍ക്ക്  ശക്തിയില്ലെന്ന ആരോപണമുണ്ട്.  

സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍

കുര്‍ദുകള്‍ പരമ്പരാഗതമായി ഇടയന്മാരുടെ സമൂഹമായിരുന്നു. ഇന്നവരില്‍ ചെറിയ ശതമാനമെങ്കിലും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ന്നിരിക്കുന്നു. ''ഇത്രയുമെത്തുമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നില്ല. പക്ഷേ ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ ഇതാ എത്തി കഴിഞ്ഞു.'' കുര്‍ദുകളുടെ  അവകാശവാദമാണിത്. ഇറാഖി കുര്‍ദിസ്താന്റെ അയല്‍രാജ്യങ്ങളിലുള്ള കുര്‍ദുകളും സ്വാതന്ത്ര്യം വേണമെന്ന്  മുറവിളി കൂട്ടുമെന്നു ഇറാനും സിറിയയും തുര്‍ക്കിയും ഭയപ്പെടുന്നു. ചുറ്റുമുള്ള നാലു രാജ്യങ്ങളും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യം ആരാണ് തീരുമാനിക്കേണ്ടത് എന്ന സംശയം നിലനില്‍ക്കുന്നു. ഇറാഖ് ഈ സ്വാതന്ത്ര്യത്തിനു ഒരിക്കലും സമ്മതം നല്‍കുകയില്ല. മുപ്പത് ശതമാനം വരുന്ന എണ്ണ വരുമാനം മാത്രമല്ല അവരെ ഭയപ്പെടുത്തുന്നത്. യമനിലെ ഹൂഥികളുടേതിനു സമാനമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്ന് ഇറാഖ് കരുതുന്നു. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ അസ്ഥിരതയും പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയല്‍പക്ക ബന്ധങ്ങള്‍ അത്ര സജീവമല്ലെന്നിരിക്കെ തന്നെയും കുര്‍ദിസ്താന്‍ നടത്തുന്ന ചെറിയ ജനാധിപത്യ ശ്രമങ്ങള്‍ മാതൃകയാണ്. 

അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ചേര്‍ന്നുകൊണ്ട് സ്വാതന്ത്ര്യം നേടിയെടുക്കുകയാണ് ഇനി കുര്‍ദിസ്താനു മുന്നിലുള്ള ഏക പോംവഴി. ആ വഴിക്കാണ് ഇപ്പോള്‍ ഭരണകൂടം മുന്നോട്ടു പോകുന്നത്. അതിനു വേണ്ടി അമേരിക്ക യു.എന്നിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ കുറെ മുന്നോട്ട് പോയിട്ടുമുണ്ട്. അതിനാലാണ് 2015 മേയ് മാസത്തില്‍ അമേരിക്ക സന്ദര്‍ശിച്ച കുര്‍ദിസ്താന്‍ പ്രസിഡന്റ് മസ്ഊദ് ബര്‍സാനി തന്റെ നാട് സ്വാതന്ത്ര്യത്തിനു പാകമായി എന്നു വൈറ്റ് ഹൗസില്‍ വെച്ച് പ്രസംഗിച്ചത്. 

(കുര്‍ദിസ്താനിലെ എര്‍ബിലില്‍ നിന്നെഴുതിയ കുറിപ്പ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍